Wednesday, April 08, 2009

വിചിത്ര സിഗ്നലുകള്‍; ശ്യാമദ്രവ്യത്തിന്‌ തെളിവോ?

'പമേല'യെന്ന ബഹിരാകാശ പേടകം പിടിച്ചെടുത്ത പ്രതിദ്രവ്യ സിഗ്നലുകള്‍ നിഗൂഢമായ ശ്യാമദ്രവ്യത്തില്‍ നിന്നെന്ന്‌ സൂചന.


ശാസ്‌ത്രലോകത്തിന്‌ ഇനിയും പിടികൊടുക്കാത്ത ഒന്നാണ്‌ ശ്യാമദ്രവ്യം (Dark Matter). പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തില്‍ 22 ശമാനം വരുമെന്ന്‌ കരുതുന്ന ശ്യാമദ്രവ്യം എങ്ങനെയിരിക്കുമെന്ന്‌ ഇന്നും അറിയില്ല. വൈദ്യുതകാന്തിക തരംഗങ്ങള്‍ പ്രതിഫലിപ്പിക്കുകയോ, സാധാരണ ദ്രവ്യവുമായി ഇടപഴകുകയോ ചെയ്യാത്ത ദ്രവ്യരൂപമാണത്‌. ആ നിലയ്‌ക്ക്‌ 'പമേല'യെന്ന ബഹിരാകാശ പേടകം പിടിച്ചെടുത്തിരിക്കുന്ന വിചിത്ര സിഗ്നലുകള്‍, ശ്യാമദ്രവ്യത്തെ സംബന്ധിച്ച ആകാംക്ഷ വര്‍ധിപ്പിക്കുന്നു. അജ്ഞാതമായ പൊസിട്രോണ്‍ സ്രോതസ്സില്‍നിന്നുള്ള ആ സിഗ്നലുകള്‍ ശ്യാമദ്രവ്യത്തിന്റെ സൂചനയാകാമെന്ന്‌ ഗവേഷകര്‍ സംശയിക്കുന്നു.


ഗാലക്‌സികളെ നിലനിര്‍ത്തുന്ന അദൃശ്യദ്രവ്യരൂപമാണ്‌ ശ്യാമദ്രവ്യം. ഈ ദ്രവ്യരൂപം സംബന്ധിച്ച പരോക്ഷ തെളിവുകളേ ഇതുവരെ ലഭിച്ചിട്ടുള്ളു. പ്രതിദ്രവ്യ (antimatter) കണങ്ങളായ പൊസിട്രോണുകളുടെ രൂപത്തില്‍ ലഭിച്ച സിഗ്നലുകള്‍ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണെങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭൗതീകശാസ്‌ത്ര മുന്നേറ്റമാണ്‌ സംഭവിച്ചിരിക്കുന്നത്‌. പക്ഷേ, പൊസിട്രോണ്‍ സിഗ്നലുകള്‍ ശ്യാമദ്രവ്യത്തില്‍ നിന്നാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ ഗവേഷകര്‍ തയ്യാറല്ല. കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്‌. മാത്രമല്ല, ജനീവയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ (LHC) നിന്നുള്ള പരീക്ഷണഫലം പുറത്തുവരികയും വേണം. 'നേച്ചര്‍' ഗവേഷണ വാരികയാണ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.

ഇപ്പോള്‍ ലഭിച്ചിട്ടുള്ള സിഗ്നല്‍ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണെങ്കില്‍, ആ വിചിത്ര ദ്രവ്യരൂപത്തെ സംബന്ധിച്ച്‌ മനുഷ്യന്‌ നേരിട്ടുള്ള തെളിവ്‌ ആദ്യമായി ലഭിച്ചിരിക്കുകയാണ്‌. 'പേലോഡ്‌ ഫോര്‍ ആന്റിമാറ്റര്‍ മാറ്റര്‍ എപ്ലൊറേഷന്‍ ആന്‍ഡ്‌ ലൈറ്റ്‌ ന്യൂക്ലിയയ്‌ അസ്‌ട്രോഫിസിക്‌സ്‌' എന്നതിന്റെ ചുരുക്കപ്പേരാണ്‌ 'പമേല'. 2006 ജൂണില്‍ ഭ്രമണപഥത്തിലെത്തിച്ച ഈ പേടകം റഷ്യ, ഇറ്റലി, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ സംയുക്തസംരംഭമാണ്‌. ശ്യാമദ്രവ്യകണങ്ങളെ കണ്ടെത്താന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ള ഉപകരണങ്ങള്‍ പമേല പേടകത്തിലുണ്ട്‌. മൂന്ന്‌ വര്‍ഷമാണ്‌ ഈ ദൗത്യത്തിന്റെ കാലാവധി.

പ്രതീക്ഷിക്കാത്ത ഒരു സ്ഥലത്ത്‌ ഇലക്ട്രോണുകളുടെ പ്രതികണമായ പൊസിട്രോണുകളുടെ ആധിക്യം കണ്ടതാണ്‌ ഗവേഷകരെ ആകര്‍ഷിച്ചത്‌. പമേലയില്‍ പൊസിട്രോണുകളുടെ അനുപാതം അളക്കുന്ന ഉപകരണമാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌. ഉയര്‍ന്ന ഊര്‍ജനിലയില്‍ പൊസിട്രോണുകളുടെ ആധിക്യം വര്‍ധിച്ചിരിക്കുന്നു. "ഊര്‍ജനില ഏറുന്നതിനനുസരിച്ച്‌ പൊസിട്രോണുകളുടെ അനുപാതം കുറയുകയാണ്‌ ചെയ്യേണ്ടത്‌"-റോം ടോര്‍ വെര്‍ഗറ്റ സര്‍വകലാശാലയിലെ പ്രൊഫസര്‍ പിയര്‍ഗിയോര്‍ഗിയോ പിക്കോസ പറഞ്ഞു. "എന്നാല്‍ ഒരു പ്രത്യേക ഊര്‍ജപരിധിയില്‍ ഇതിന്‌ വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണ്‌ പമേല കണ്ടെത്തിയത്‌"-അദ്ദേഹം അറിയിച്ചു.

ആ പ്രതിദ്രവ്യ സിഗ്നലുകള്‍ പക്ഷേ, ശ്യാമദ്രവ്യത്തില്‍ നിന്ന്‌ തന്നെയാകണം എന്നില്ല. അന്ത്യം സംഭവിച്ച നക്ഷത്രത്തിന്റെ അതിസാന്ദ്രരൂപമായ പള്‍സറുകളുമാകാം പൊസിട്രോണ്‍ സിഗ്നലുകളുടെ ഉറവിടം. 2008-ല്‍ വിക്ഷേപിച്ച നാസയുടെ 'ഫെര്‍മി ഗാമാറേ സ്‌പേസ്‌ ടെലലസ്‌കോപ്പ്‌' പള്‍സറുകളെ ഇതിനകം നിരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്‌. ആ സ്‌പേസ്‌ ടെലസ്‌കോ്‌പ്പില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരുമ്പോള്‍, ഇപ്പോള്‍ കണ്ടെത്തിയ നിഗൂഢ സിഗ്നലുകള്‍ പള്‍സറുകളില്‍ നിന്നുള്ളതാണോ എന്ന്‌ വ്യക്തമാകും.

"പല പ്രമുഖ ഗവേഷകരും ഇത്‌ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണ്‌ എന്ന ചിന്താഗതിക്കാരാണ്‌"-്‌പ്രൊഫ. പിക്കോസ പറഞ്ഞു. ഫെര്‍മി ടെലസ്‌കോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഈ സിഗ്നലുകള്‍ പള്‍സറുകളില്‍ നിന്നുള്ളതല്ലെങ്കില്‍,..... ശ്യാമദ്രവ്യകണങ്ങള്‍ എന്താണെന്ന്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ കാട്ടിത്തരുകയും ചെയ്‌താല്‍ ഉറപ്പിക്കാം, പമേല കണ്ടെത്തിയിരിക്കുന്നത്‌ ശ്യാമദ്രവ്യമാണ്‌. ഒരുപക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തവും ഇതാകാം!

അനുബന്ധം: ആധുനിക പ്രപഞ്ചശാസ്‌ത്രം പറയുന്നത്‌, വൈദ്യുത കാന്തിക തരംഗങ്ങള്‍ പ്രതിഫലിപ്പിക്കുന്ന, നമുക്ക്‌ സുപരിചിതമായ സാധാരണ ദ്രവ്യം പ്രപഞ്ചത്തില്‍ വെറും നാല്‌ ശതമാനം മാത്രമേയുള്ളു എന്നാണ്‌. ബാക്കിയുള്ള 96 ശതമാനവും എന്താണെന്ന്‌ ഇപ്പോഴും വ്യക്തമാല്ല. അതില്‍ 22 ശതമാനം ശ്യാമദ്രവ്യവും അവശേഷിക്കുന്ന 74 ശതമാനം ശ്യാമോര്‍ജവും (dark energy) ആണെന്ന്‌, പ്രപഞ്ചത്തിലെ സൂക്ഷ്‌മതരംഗ പശ്ചാത്തലത്തെക്കുറിച്ച്‌ നടന്ന പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. എന്നാല്‍, എന്താണ്‌ ശ്യാമദ്രവ്യമെന്നും ശ്യാമോര്‍ജമെന്നും ഇനിയും വ്യക്തമല്ല. ഗാലക്‌സികളെ കൂട്ടിനിര്‍ത്തുന്ന അദൃശ്യ ദ്രവ്യരൂപമാണ്‌ ശ്യാമദ്രവ്യമെന്ന്‌ പരോക്ഷമായി വ്യക്തമായിട്ടുണ്ട്‌. അതേസമയം, പ്രപഞ്ചത്തെ തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വിപരീതസമ്മര്‍ദ്ദമായാണ്‌ ശ്യാമോര്‍ജം വിവക്ഷിക്കപ്പെടുന്നത്‌. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക)

2 comments:

Joseph Antony said...

`പല പ്രമുഖ ഗവേഷകരും ഇത്‌ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണ്‌ എന്ന ചിന്താഗതിക്കാരാണ്‌`-്‌പ്രൊഫ. പിക്കോസ പറഞ്ഞു. ഫെര്‍മി ടെലസ്‌കോപ്പില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, ഈ സിഗ്നലുകള്‍ പള്‍സറുകളില്‍ നിന്നുള്ളതല്ലെങ്കില്‍,..... ശ്യാമദ്രവ്യകണങ്ങള്‍ എന്താണെന്ന്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ കാട്ടിത്തരുകയും ചെയ്‌താല്‍ ഉറപ്പിക്കാം, പമേല കണ്ടെത്തിയിരിക്കുന്നത്‌ ശ്യാമദ്രവ്യമാണ്‌. ഒരുപക്ഷേ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തവും ഇതാകാം!

പാവപ്പെട്ടവൻ said...

ഇപ്പോള്‍ ലഭിച്ചിട്ടുള്ള സിഗ്നല്‍ ശ്യാമദ്രവ്യത്തില്‍ നിന്നുള്ളതാണെങ്കില്‍, ആ വിചിത്ര ദ്രവ്യരൂപത്തെ സംബന്ധിച്ച്‌ മനുഷ്യന്‌ നേരിട്ടുള്ള തെളിവ്‌ ആദ്യമായി ലഭിച്ചിരിക്കുകയാണ്‌.

പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് നന്ദി
ആശംസകള്‍