Saturday, August 02, 2008

ചൊവ്വയില്‍ മഞ്ഞ്‌, ടൈറ്റനില്‍ ദ്രാവകം

ചൊവ്വായില്‍ മഞ്ഞിന്റെ രൂപത്തില്‍ ജലമുണ്ട്‌ എന്നത്‌ ഇനി വെറും അഭ്യൂഹമല്ല. ചൊവ്വാപ്രതലത്തിലുള്ള 'ഫീനിക്‌സ്‌' വാഹനം, മഞ്ഞ്‌ 'രുചിച്ചുനോക്കി' അവിടുത്തെ ജലസാന്നിധ്യം സ്ഥിരീകരിച്ചിരിച്ചെന്ന്‌ നാസ. ഒപ്പം മറ്റൊരു വാര്‍ത്ത; ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ദ്രാവകസാന്നിധ്യം തിരിച്ചറിയാന്‍ 'കാസിനി' പേടകത്തിന്‌ കഴിഞ്ഞിരിക്കുന്നു. സൗരയൂഥത്തില്‍ ഭൂമിയെക്കൂടാതെ ദ്രാവകസാന്നിധ്യമുണ്ടെന്നു കണ്ടെത്തുന്ന രണ്ടാമത്തെ ആകാശഗോളമാണ്‌ ടൈറ്റന്‍.

ഭൂമിയുടെ അപരന്‍
ക്രിസ്‌ത്യന്‍ ഹൈജന്‍സ്‌ എന്ന ഡച്ച്‌ ശാസ്‌ത്രജ്ഞന്‍ 1655-ല്‍ ശനിയുടെ ഉപഗ്രഹമായ 'ടൈറ്റന്‍'(Titan) കണ്ടുപിടിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ്‌, ആ വിചിത്ര ചന്ദ്രനെക്കുറിച്ചുള്ള പ്രവചനങ്ങളും അഭ്യൂഹങ്ങളും. 'ഭൂമിയുടെ അപരന്‍' എന്നാണ്‌ ശനിയുടെ ഏറ്റവും വലിയ ഈ ഉപഗ്രഹം വിശേഷിപ്പിക്കപ്പെടാറ്‌. അവിടെ സമുദ്രങ്ങളും തടാകങ്ങളുമുണ്ടെന്നും, സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‌ ഏറ്റവും അനുകൂല സാഹചര്യം ടൈറ്റനിലാണെന്നും പ്രവചിക്കപ്പെട്ടു. അവയിലൊരു പ്രവചനം ശരിയെന്നു സ്ഥിരീകരിച്ചതിന്റെ ആവേശത്തിലാണ്‌ ഇപ്പോള്‍ ഗവേഷകലോകം. ടൈറ്റനില്‍ ദ്രാവകസാന്നിധ്യം ഉണ്ടത്രേ. സൗരയൂഥത്തില്‍ ഭൂമിയെക്കൂടാതെ ദ്രാവകസാന്നിധ്യമുണ്ടെന്നു കണ്ടെത്തുന്ന രണ്ടാമത്തെ ആകാശഗോളമാണ്‌ ടൈറ്റന്‍.

2004 മുതല്‍ ശനിഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും ചുറ്റിസഞ്ചരിച്ച്‌ നിരീക്ഷിക്കുന്ന 'കാസിനി' പേടകത്തിന്റെ സഹായത്തോടെയാണ്‌, ടൈറ്റനിലെ ദ്രാവകസാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചത്‌. വെള്ളമല്ല അവിടെയുള്ളത്‌; ദ്രാവകരൂപത്തിലുള്ള ഹൈഡ്രോകാര്‍ബണുകളുടെയും ഈഥയ്‌നിന്റെയും തടാകങ്ങളാണ്‌. `ദ്രാവകം നിറഞ്ഞ തടാകങ്ങള്‍ ടൈറ്റന്റെ പ്രതലത്തിലുണ്ടെന്ന വസ്‌തുതയ്‌ക്കു തെളിവു ലഭിക്കുന്നത്‌ ആദ്യമാണ്‌`-കാസിനിയിലെ ദൃശ്യ മാപ്പിങ്‌ ഉപകരണം നിയന്ത്രിക്കുന്ന സംഘത്തിന്റെ തലവനും, അരിസോണ സര്‍വകലാശാലയിലെ ഗവേഷകനുമായ ബോബ്‌ ബ്രൗണ്‍ അറിയിക്കുന്നു. നാസയുടെയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെയും സംയുക്തസംരംഭമായ കാസിനി പേടകം, 350 കോടി കിലോമീറ്റര്‍ യാത്ര ചെയ്‌താണ്‌ 2004-ല്‍ ശനിയുടെ സമീപം എത്തിയത്‌.

ടൈറ്റാനു സമീപത്തുകൂടി കടന്നു പോകുമ്പോള്‍, അതിന്റെ പ്രതലത്തില്‍ ഇരുണ്ട മേഖലകള്‍ ഉള്ളതായി ഒട്ടേറെ തവണ കാസിനി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ആ പാടുകള്‍ ദ്രാവകമാണോ ഖരാവസ്ഥയിലുള്ള എന്തെങ്കിലുമാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കാസിനിയിലെ ദൃശ്യമാപ്പിങ്‌ ഉപകരണത്തിന്റെ സഹായത്തോടെ, ഇന്‍ഫ്രാറെഡ്‌ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ രീതി മനസിലാക്കിയാണ്‌, ദ്രാവകസാന്നിധ്യം സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞതെന്ന്‌ നാസ അറിയിപ്പില്‍ പറയുന്നു. 95 ശതമാനവും നൈട്രജന്‍ വാതകം നിറഞ്ഞതാണ്‌ ടൈറ്റന്റെ അന്തീരീക്ഷം. ബാക്കി മീഥെയ്‌നും ഈഥെയ്‌നും ഹൈഡ്രോകാര്‍ബണുകളും. ആ അന്തരീക്ഷത്തിലൂടെ ചന്ദ്രപ്രതലത്തിലെ തടാകങ്ങള്‍ നിരീക്ഷിക്കുക എളുപ്പമല്ല.

ടൈറ്റന്റെ ദക്ഷിണധ്രുവപ്രദേശത്തെ 'ഒന്റാരിയോ ലാക്കസ്‌' (Ontario Lacus) എന്ന തടാകമാണ്‌ കാസിനിയിലെ ഉപകരണം വിശദമായി പരിശോധിച്ചത്‌. 7,800 ചതുരശ്രമൈല്‍ വിസ്‌താരമുള്ള ആ തടാകത്തില്‍നിന്ന്‌ ദ്രാവക ഈഥയ്‌നിന്റെയും മറ്റും രാസമുദ്രകള്‍ വ്യക്തമായി ലഭിച്ചു. എന്നാല്‍, മഞ്ഞുകട്ടയുടെയോ അമോണിയ, അമോണിയ ഹൈഡ്രേറ്റ്‌, കാര്‍ബണ്‍ഡയോക്‌സയിഡ്‌ തുടങ്ങിയവയുടെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. തടാകം ബാഷ്‌പീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്‌ നിരീക്ഷണഫലം പറയുന്നത്‌. തടാകം ഇരുണ്ടതാണെങ്കില്‍ തീരം വെണ്‍മയാര്‍ന്നതാണെന്നും ഗവേഷകര്‍ മനസിലാക്കി.

ചൊവ്വയിലെ മഞ്ഞുമാന്തല്‍
മണ്ണുമാന്തിയ 'ഫീനിക്‌സ്‌' മഞ്ഞു കണ്ടെടുത്തു. ചൊവ്വയില്‍ ഈ സംഭവം നടന്നിട്ട്‌ കുറെ നാളായി (ഇതു കാണുക). എന്നാല്‍, ഇപ്പോള്‍ സംഭവിച്ചത്‌ കുറെക്കൂടി താത്‌പര്യജനകമായ സംഗതിയാണ്‌. മാന്തിയെടുത്ത സാധനം 'രുചിച്ചു'നോക്കി അത്‌ മഞ്ഞ്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചിരിക്കുന്നു ആ റോബോട്ടിക്‌ വാഹനം. ചൊവ്വയില്‍ മഞ്ഞുണ്ടേ, മഞ്ഞുണ്ടേ എന്നു ഇത്രകാലവും പറഞ്ഞതിന്‌ ഗവേഷകലോകത്തിന്റെ പക്കല്‍ നേരിട്ടുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതായി നാസ പറയുന്നു. ചൊവ്വയില്‍ മഞ്ഞുകട്ടയുടെ രൂപത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണത്രേ.

ചൊവ്വാപ്രതലത്തില്‍ നിന്ന്‌ യന്ത്രക്കരം കൊണ്ട്‌ മാന്തിയെടുത്ത മണ്ണ്‌, ഫീനിക്‌സ്‌ അതിന്റെ പരീക്ഷണശാലയില്‍ ചൂടാക്കിയപ്പോള്‍ അതില്‍നിന്ന്‌ നീരാവി പൊങ്ങി. അങ്ങനെയാണ്‌ ചൊവ്വയിലെ വെള്ളം ഫീനിക്‌സ്‌ 'രുചിച്ചത്‌'. ചൊവ്വയിലെ ജലസാന്നിധ്യം സ്ഥിരീകരിച്ച ദിവസമായി 2008 ആഗസ്‌ത്‌ ഒന്ന്‌ അങ്ങനെ ചരിത്രത്തില്‍ ഇടംനേടിയേക്കും. എത്രയോ കാലമായി മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ രൂപത്തില്‍ വിജയത്തില്‍ എത്തിയിരിക്കുന്നത്‌. അവസാനം ചൊവ്വയിലെ മഞ്ഞില്‍ തൊടാനും അത്‌ രുചിച്ചു നോക്കാനും നമുക്ക്‌ കഴിഞ്ഞിരിക്കുന്നു-ട്യൂക്‌സണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, അരിസോണ സര്‍വകലാശാലയിലെ വില്യം ബോയിന്‍ടണ്‍ പറഞ്ഞു.

2008 മെയ്‌ 25-ന്‌ ചെവ്വയുടെ ഉത്തരധ്രുവ മേഖലയില്‍ ഇറങ്ങിയ ഫീനിക്‌സ്‌ വാഹനം, മൂന്നു മാസം നീണ്ട ശ്രമത്തിലാണ്‌ ജീവന്റെ അടിസ്ഥാനഘടകങ്ങളിലൊന്നായ ജലം അവിടെയുണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌. ഇത്രകാലവും ഇതുസംബന്ധിച്ച്‌ ലഭിച്ചതെല്ലാം പരോക്ഷ തെളിവുകളായിരുന്നു. ആ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നു. ഫീനിക്‌സിലെ ലബോറട്ടറിയില്‍ എട്ട്‌ പരീക്ഷണപാത്രങ്ങളുണ്ട്‌. അവയില്‍ മഞ്ഞടങ്ങിയ മണ്ണിടാന്‍ രണ്ട്‌ തവണ ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍, വെറും മണ്ണിട്ട്‌ പരീക്ഷണം നടത്തുകയായിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, ആ മണ്ണിലും ചെറിയൊരളവ്‌ മഞ്ഞുണ്ടായിരുന്നു. അതാണ്‌ നീരാവിയായി പൊങ്ങിയത്‌. ചൊവ്വായില്‍ ഓര്‍ഗാനിക്‌ രാസസംയുക്തങ്ങളുണ്ടോ എന്നും ഫീനിക്‌സ്‌ അന്വേഷിക്കുന്നുണ്ട്‌. പുതിയ വിജയത്തിന്റെ വെളിച്ചത്തില്‍ ഫീനിക്‌സ്‌ ദൗത്യം അഞ്ചാഴ്‌ച കൂടി നീട്ടുന്നതായി നാസ പ്രഖ്യാപിച്ചു. (കടപ്പാട്‌: നാസ, അസോസിയേറ്റഡ്‌ പ്രസ്സ്‌).

5 comments:

Joseph Antony said...

ടൈറ്റന്റെ ദക്ഷിണധ്രുവപ്രദേശത്തെ 'ഒന്റാരിയോ ലാക്കസ്‌' എന്ന തടാകമാണ്‌ കാസിനിയിലെ ഉപകരണം വിശദമായി പരിശോധിച്ചത്‌. 7,800 ചതുരശ്രമൈല്‍ വിസ്‌താരമുള്ള ആ തടാകത്തില്‍നിന്ന്‌ ദ്രാവക ഈഥയ്‌നിന്റെയും മറ്റും രാസമുദ്രകള്‍ വ്യക്തമായി ലഭിച്ചു. എന്നാല്‍, മഞ്ഞുകട്ടയുടെയോ അമോണിയ, അമോണിയ ഹൈഡ്രേറ്റ്‌, കാര്‍ബണ്‍ഡയോക്‌സയിഡ്‌ തുടങ്ങിയവയുടെയോ സാന്നിധ്യം അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. മറ്റൊരു വാര്‍ത്തകൂടി, ശനിയില്‍ മഞ്ഞിന്റെ രൂപത്തില്‍ ജലമുള്ളതായി ഫീനിക്‌സ്‌ വാഹനം സ്ഥിരീകരിച്ചു.

ടോട്ടോചാന്‍ said...

ശാസ്ത്രം വളരുന്നു. സാങ്കേതികവിദ്യകള്‍ വളരുന്നു..
അതിപ്പോള്‍ ചൊവ്വയിലെ ജലസാന്നിദ്ധ്യവും തെളിയിച്ചു കഴിഞ്ഞു...
പക്ഷേ നമ്മള്‍ ഇനിയും പറയും ചൊവ്വാദോഷം ചൊവ്വാദോഷം എന്ന്...

ശാസ്ത്രമുണ്ട് പക്ഷേ ശാസ്ത്രബോധമില്ല..
അല്ലെങ്കില്‍ എന്താണ് ശാസ്ത്രം എന്ന് അറിയില്ല..
അറിഞ്ഞിട്ടും തിരിച്ചറിയാന്‍ ശ്രമിക്കാത്തവര്‍..!

നല്ല ലേഖനം. പത്രങ്ങള്‍ കൊടുക്കാത്ത പ്രാധാന്യം ബൂലോകത്ത് ലഭിക്കും...

Joseph Antony said...

ടോട്ടോചാന്‍,
അര്‍ഥവത്തായ ഈ അഭിപ്രായ പ്രകടനത്തില്‍ വളരെ സന്തോഷം, സ്വാഗതം.

Manoj മനോജ് said...

"ചൊവ്വയില്‍ മഞ്ഞുണ്ടേ, മഞ്ഞുണ്ടേ എന്നു ഇത്രകാലവും പറഞ്ഞതിന്‌ ഗവേഷകലോകത്തിന്റെ പക്കല്‍ നേരിട്ടുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല."
യൂറോപ്പിയന്‍ സ്പേയ്സ് ഏജന്‍സിയും, നാസയും തമ്മില്‍ ഇതിനെ കുറിച്ച് അടിതുടങ്ങിയിട്ട് കാലം കുറച്ചായി. ഒരാള്‍ വടക്കും മറ്റൊരാള്‍ തെക്കുമാണ് പരീക്ഷണങ്ങള്‍ നടത്തുന്നത്.

വെള്ളത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന് തെളിയിക്കുന്ന സ്പെക്ട്രോസ്കോപ്പിക്ക് ചിത്രം ആദ്യം എടുത്തത് യൂറോപ്പിന്റെ പ്രോബ് ആണ്. അത് ഇപ്പോള്‍ നാസ സ്ഥിരീകരിച്ചു എന്നേ ഉള്ളൂ.

പണ്ട് റഷ്യയും അമേരിക്കയും തമ്മിലായിരുന്നു സ്പേയ്സ് യുദ്ധമെങ്കില്‍ ഇന്ന് യൂറോപ്പും അമേരിക്കയും തമ്മിലാണ്. ഇവര്‍ക്കിടയിലേയ്യ്ക്കാണ് ചൈനയും, ഇന്ത്യയും വന്ന് വീഴുവാന്‍ പോകുന്നത്. ചന്ദ്രനിലേയ്ക്ക് ചൈന ഉപഗ്രഹം അഴച്ചു കഴിഞ്ഞു. ഇന്ത്യ 2009ല്‍ അഴയ്ക്കുമായിരിക്കും. അത് കണ്ട് നാസയും കൂടെ കൂടിയിട്ട്റ്റുണ്ട്! നമ്മള്‍ ചന്ദ്രന്റെ മറുവശത്തേയ്ക്കാണ് പോകുന്നത് എന്നതിനാല്‍ അമേരിക്കകാര്‍ യഥാര്‍ത്ഥത്തില്‍ ചന്ദ്രനില്‍ ഇറങ്ങിയിരുന്നോ എന്ന വിവാദത്തിന് തെളിവ് നമുക്കും നല്‍കാനാവില്ല!

അഞ്ചല്‍ക്കാരന്‍ said...

നന്ദി സര്‍.