Friday, August 22, 2008

പുതിയ ജീവിവര്‍ഗം ഇ-ബേ വഴി

ഇന്റര്‍നെറ്റ്‌ വഴി പുതിയ ജീവിവര്‍ഗം ഗവേഷകലോകത്തെത്തുക എന്ന അപൂര്‍വത സംഭവിച്ചിരിക്കുന്നു.

പുതിയൊരു ജീവിവര്‍ഗത്തിന്‌ ശാസ്‌ത്രസരണിയിലേക്ക്‌ കടന്നു വരാന്‍ ഏറ്റവും പറ്റിയ മാര്‍ഗമേതാണ്‌? കൊടുംവനാന്തരത്തിലെ പര്യവേക്ഷണവേളയില്‍ ഏതെങ്കിലും വിദഗ്‌ധന്റെ മുന്നില്‍ ചെന്നുപെടുക, അത്രതന്നെ. ബാക്കി അയാള്‍ ആയിക്കൊള്ളും. അല്ലെങ്കില്‍ ഫോസിലിന്റെ രൂപത്തില്‍ ഒരു ഉത്‌ഖനനത്തിനായി ഭൂമിക്കടിയില്‍ ക്ഷമയോടെ കാത്തിരിക്കുക. ഇതൊക്കെ പരമ്പരാഗത രീതി. എന്നാല്‍, പുത്തന്‍കാലം എല്ലാറ്റിനും പകരം മാര്‍ഗം മുന്നോട്ടു വെയ്‌ക്കുന്നുണ്ട്‌. ഇന്റര്‍നെറ്റിലെ ഒരു ലേലസൈറ്റിലൂടെ വേണെങ്കിലും ഇന്ന്‌ പുതിയൊരു ജീവിവര്‍ഗം ഗവേഷകലോകത്തിന്റെ ശ്രദ്ധയില്‍പെട്ടെന്നു വരാം.

ബ്രിട്ടീഷ്‌ ഗവേഷകനായ ഡോ.റിച്ചാര്‍ഡ്‌ ഹാരിങ്‌ടണ്‍, പ്രശസ്‌ത ഇന്റര്‍നെറ്റ്‌ ലേലസൈറ്റായ 'ഇ-ബേ' (eBay)യില്‍നിന്ന്‌ സംഘടിപ്പിച്ച ഫോസില്‍ തന്നെ ഇതിന്‌ പറ്റിയ ഉദാഹരണം. കോടിക്കണക്കിന്‌ വര്‍ഷംമുമ്പ്‌ ആമ്പര്‍പശയില്‍ കുടുങ്ങിയ പ്രാണിയുടെ ഫോസിലായിരുന്നു അത്‌. ആ പ്രാണി പുതിയൊരു സ്‌പീഷിസാണെന്ന കൗതുകകരമായ കണ്ടെത്തലിന്‌ മുന്നില്‍ ഡോ. ഹാരിങ്‌ടണ്‍ അമ്പരന്നിരിക്കുകയാണ്‌. ബ്രിട്ടനിലെ 'റോയല്‍ എന്റെമോളജിക്കല്‍ സൊസൈറ്റി'(Royal Entomological Socitey)യുടെ ഉപാധ്യക്ഷനാണ്‌ ഡോ. ഹാരിങ്‌ടണ്‍.

ഒരു ലിത്വാനിയക്കാരനില്‍നിന്നാണ്‌ 20 പൗണ്ടിന്‌ ആ പ്രാണിയുടെ ഫോസില്‍ ഡോ.ഹാരിങ്‌ടണ്‍ ലേലം വിളിച്ചെടുത്തത്‌. 'ആഫിഡ്‌' (aphid) വര്‍ഗത്തില്‍പെട്ട ചെറുപ്രാണിയുടേതായിരുന്നു ഫോസില്‍. പ്രാണിഫോസിലുകളില്‍ വിദഗ്‌ധനായ ഡെന്‍മാര്‍ക്കിലെ പ്രൊഫ. ഒലി ഹീയിക്ക്‌ വിദഗ്‌ധപരിശോധനയ്‌ക്കായി അത്‌ അയച്ചുകൊടുത്തു. ശാസ്‌ത്രലോകത്തിന്‌ ഇതുവരെ പരിചയമില്ലാത്ത ഒരു ആഫിഡ്‌ സ്‌പീഷിസിന്റേതാണ്‌ ആ ഫോസിലെന്നും, അന്യംനിന്നു കഴിഞ്ഞ വര്‍ഗമാണതെന്നും പ്രൊഫ. ഒലി കണ്ടെത്തി. അതിന്‌ അദ്ദേഹം ഡോ.ഹാരിങ്‌ടണിന്റെ പേര്‌ ചേര്‍ത്ത്‌ 'മിന്‍ഡാരസ്‌ ഹാരിങ്‌ടോണി'(Mindarus harringtoni) എന്ന്‌ പേരും നല്‍കി.

`ഇത്തരം പ്രാണികളെക്കുറിച്ച്‌ പഠിക്കുകയും അവയെക്കുറിച്ച്‌ പ്രവചനം നടത്തുകയും ചെയ്യുന്ന ഒരു സംഘത്തോടൊപ്പമാണ്‌ എന്റെ പ്രവര്‍ത്തനം. അതുകൊണ്ടാണ്‌ ആമ്പറില്‍ കുടുങ്ങിയ പ്രാണിയെക്കുറിച്ച്‌ അറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്‌`-ഡോ.ഹാരിങ്‌ടണ്‍ പറയുന്നു. നാലു മില്ലിമീറ്ററോളം നീളമുള്ള ആ പ്രാണി, ഏതാണ്ട്‌ അഞ്ചുകോടി വര്‍ഷം പഴക്കവും ഒരു വലിയ ഗുളികയോളം വലിപ്പവുമുള്ള ആമ്പറിനുള്ളിലാണ്‌ കുടുങ്ങിക്കിടന്നത്‌. `അതിനെ 'മിന്‍ഡാരസ്‌ ഇ-ബേയി'(Mindarus ebayi) എന്ന്‌ വിളിക്കുന്നതാകും ഉചിതമെന്ന്‌ ഞാന്‍ കരുതി`-അദ്ദേഹം പറയുന്നു. എന്നാല്‍, പ്രൊഫ. ഒലി അതിന്‌ ഹാരിങ്‌ടണിന്റെ പേരിടുകയായിരുന്നു.

സാധാരണഗതിയില്‍ പ്രാണികള്‍ ആമ്പറില്‍ കുടുങ്ങുക പ്രയാസമാണ്‌. അതിലും പ്രയാസമാണ്‌ പുതിയൊരു ജീവിവര്‍ഗം ഇ-ബേ വഴി ലേലത്തിനെത്തുകയെന്നത്‌. രണ്ടു നിലയ്‌ക്കും അസാധാരണമാണ്‌ ഈ ഫോസില്‍ കടന്നുവന്ന വഴിയെന്ന്‌ ഡോ. ഹാരിങ്‌ടണ്‍ കരുതുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌)

1 comment:

Joseph Antony said...

പ്രശസ്‌ത ഇന്റര്‍നെറ്റ്‌ ലേലസൈറ്റായ 'ഇ-ബേ' യില്‍നിന്ന്‌ താന്‍ സംഘടിപ്പിച്ച ഫോസില്‍ പുതിയൊരു സ്‌പീഷിസാണെന്ന കൗതുകകരമായ കണ്ടെത്തലിന്‌ മുന്നില്‍ അമ്പരന്നിരിക്കുകയാണ്‌ ബ്രിട്ടീഷ്‌ ഗവേഷകനായ ഡോ.റിച്ചാര്‍ഡ്‌ ഹാരിങ്‌ടണ്‍. സാധാരണഗതിയില്‍ പ്രാണികള്‍ ആമ്പറില്‍ കുടുങ്ങുക പ്രയാസമാണ്‌. അതിലും പ്രയാസമാണ്‌ പുതിയൊരു ജീവിവര്‍ഗം ഇ-ബേ വഴി ലേലത്തിനെത്തുകയെന്നത്‌. രണ്ടു നിലയ്‌ക്കും അസാധാരണമാണ്‌ ഈ ഫോസില്‍ കടന്നുവന്ന വഴിയെന്ന്‌ ഡോ. ഹാരിങ്‌ടണ്‍ കരുതുന്നു.