Saturday, July 19, 2008

എട്ട്‌ അത്ഭുതങ്ങള്‍ കൂടി ലോകപൈതൃക പട്ടികയില്‍

ഭൂമുഖത്തെ അമൂല്യമായ എട്ട്‌ അത്ഭുതങ്ങള്‍ കൂടി യു.എന്നിന്റെ ലോകപൈതൃക പട്ടികയില്‍ (UN Heritage List) ഉള്‍പ്പെടുത്തി. യു.എന്നിന്‌ കീഴിലുള്ള വിദ്യാഭ്യാസ-ശാസ്‌ത്ര-സാംസ്‌കാരിക സംഘടനയായ യുണെസ്‌കോയ്‌ക്ക്‌ വേണ്ടി ലോക പൈതൃക കമ്മറ്റിയാണ്‌ ജൂലായില്‍ ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്‌. സംരക്ഷിച്ചു പരിപാലിക്കാന്‍ തക്ക മഹത്വവും പ്രാധാന്യവുമുള്ള സ്ഥലങ്ങളും സ്‌മാരകങ്ങളും കെട്ടിടങ്ങളുമൊക്കെയാണ്‌ പൈതൃക പട്ടികയില്‍ സ്ഥാനം നേടുക. അവയുടെ സാര്‍വലൗകികമൂല്യം കണക്കിലെടുത്താണ്‌ തിരഞ്ഞെടുപ്പ്‌. യുണെസ്‌കോ പട്ടികയില്‍ ഇത്തരം 878 കേന്ദ്രങ്ങള്‍ ഇപ്പോഴുണ്ട്‌. അതില്‍ 679 എണ്ണം സാംസ്‌കാരിക കേന്ദ്രങ്ങളാണ്‌.
ലോകപൈതൃക പട്ടികയില്‍ എത്തിയ പുതിയ സ്ഥലങ്ങള്‍
1. സുര്‍റ്റ്‌സേ ദ്വീപ്‌, ഐസ്‌ലന്‍ഡ്‌: 1960-കളിലെ ലാവാപ്രവാഹത്തിന്റെ ഫലമായാണ്‌ ഐസ്‌ലന്‍ഡിന്റെ തെക്കന്‍ തീരത്തുനിന്ന്‌ 32 കിലോമീറ്റര്‍ അകലെ സുര്‍റ്റ്‌സേ ദ്വീപ്‌ (island of Surtsey) രൂപപ്പെട്ടത്‌. പുതിയതായുണ്ടാകുന്ന പ്രദേശങ്ങളില്‍ എങ്ങനെ സസ്യങ്ങളും ജീവജാലങ്ങളും ചുവടുറപ്പിക്കുന്നു എന്ന്‌ പഠിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ ലഭിച്ച അമൂല്യമായ ഒരു പരീക്ഷണശാലയാണ്‌ ഈ ദ്വീപ്‌. കടലൊഴുക്കില്‍പെട്ട്‌ ഇവിടെ ആദ്യവിത്തുകള്‍ 1964-ലെത്തി. അതിനടുത്ത വര്‍ഷം ബാക്ടീരിയ, ഫംഗസുകള്‍ മുതലായവയും. ഇപ്പോള്‍ ഒട്ടേറെ സസ്യയിനങ്ങളും പ്രാണികളുമൊക്കെ ഇവിടെയുണ്ട്‌, പക്ഷിയിനങ്ങളും. അവയുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌.

2. സൊകോട്ര ദ്വീപസമൂഹം, യെമന്‍: ഹോണ്‍ ഓഫ്‌ ആഫ്രിക്കയ്‌ക്ക്‌ 250 കിലോമീറ്റര്‍ അകലെ കടലില്‍ സ്ഥിതിചെയ്യുന്ന നാല്‌ ദ്വീപുകളും പാറകള്‍ നിറഞ്ഞ രണ്ട്‌ ചെറുദ്വീപുകളും ഉള്‍പ്പെടുന്നതാണ്‌ സൊക്രോട്ര(Socotra Archipelago). 'ഡ്രാഗണ്‍ രക്തവൃക്ഷങ്ങള്‍' (Dragon's blood trees) എന്നറിയപ്പെടുന്ന വിചിത്രസസ്യങ്ങളുടെ നാടാണിത്‌. അമൂല്യ ജൈവവൈവിധ്യമാണ്‌ സൊക്രോട്രയെ വ്യത്യസ്‌തമാക്കുന്നത്‌. ഇവിടെയുള്ള 825 സസ്യയിനങ്ങളില്‍ 37 ശതമാനവും, ഇഴജന്തുക്കളില്‍ 90 ശതമാനവും, ഒച്ചിനങ്ങളില്‍ 95 ശതമാനവും ലോകത്ത്‌ വേറെയൊരിടത്തും കാണാനാവില്ല-ലോക പൈതൃക കമ്മറ്റി പ്രസ്‌താവനയില്‍ പറഞ്ഞു.

3. ജോഗ്ഗിന്‍സ്‌ ഫോസില്‍ ക്ലിഫ്‌സ്‌, കാനഡ: 35.4 കോടി വര്‍ഷം മുമ്പു മുതലുള്ള പ്രാചീന ഫോസിലുകളുടെ അക്ഷയഖനിയാണ്‌ നോവ സ്‌കോട്ടിയയുടെ തീരദേശത്തുള്ള ഈ പാറക്കെട്ടുകള്‍(Joggins Fossil Cliffs). ഒരു കാലത്ത്‌ ഉഷ്‌ണമേഖലാ വനപ്രദേശമായിരുന്ന ഈ സ്ഥലത്ത്‌, 148 പ്രാചീനജീവികളുടെ ഫോസിലുകള്‍ ഉണ്ട്‌. 14.7 കിലോമീറ്റര്‍ ദൂരം വ്യാപിച്ചു കിടക്കുന്ന ഇവിടെ പ്രാചീന കാല്‍പ്പാടുകളുടെ 20 ഗ്രൂപ്പുകളും കണ്ടെത്തിയിട്ടുണ്ട്‌.

4. ന്യു കലേഡോനിയയിലെ കായലുകള്‍, ഫ്രാന്‍സ്‌: ഓസ്‌ട്രേലിയയ്‌ക്ക്‌ 1200 കിലോമീറ്റര്‍ കിഴക്ക്‌, ശാന്തസമുദ്രത്തില്‍ ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ള ദീപുശൃംഗലകള്‍ ഉള്‍പ്പെടുന്ന കായല്‍ പ്രദേശമാണ്‌ ന്യു കലേഡോനിയ(Lagoons of New Caledonia). ഭൂമുഖത്തെ ഏറ്റവും വലിയ മൂന്നാമത്തെ കടല്‍പ്പാരുകളുടെ (coral reef) കേന്ദ്രമാണിത്‌. വംശനാശം നേരിടുന്ന മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ള അസംഖ്യം കടല്‍ജീവികളുടെയും സമുദ്രസസ്യയിനങ്ങളുടെയും ഒടുവിലത്തെ സങ്കേതമാണിത്‌.

5. മൊണാര്‍ക്ക്‌ ചിത്രശലഭ സങ്കേതം, മെക്‌സിക്കോ: മെക്‌സിക്കോ സിറ്റിക്ക്‌ 100 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ്‌ സ്ഥിതിചെയ്യുന്ന വനനിബിഡമായ പര്‍വതപ്രദേശത്ത്‌ (Monarch Butterfly Biosphere Reserve), എല്ലാ ശൈത്യകാലത്തും കോടിക്കണക്കിന്‌ മൊണാര്‍ക്ക്‌ ചിത്രശലഭങ്ങള്‍ ദേശാടനം നടത്തിയെത്തി ക്യാമ്പുചെയ്യുന്നു. വസന്തകാലത്ത്‌ ഇവ എട്ടുമാസം നീളുന്ന ദേശാടനം ആരംഭിക്കുന്നു. കിഴക്കന്‍കാനഡ വരെ നീളുന്ന ആ വിചിത്ര ദേശാടനത്തിനിടെ, ചിത്രശലഭങ്ങളുടെ നാല്‌ തലമുറ ജനിക്കുകയും മരിക്കുകയും ചെയ്‌തിട്ടുണ്ടാകും-യുനെസ്‌കോയുടെ അറിയിപ്പ്‌ പറയുന്നു.

6. മൗണ്ട്‌ സാങ്ക്വിംഗ്‌ഷാന്‍ നാഷണല്‍ പാര്‍ക്ക്‌, ചൈന: അത്ഭുതകരമായ ആകൃതിയില്‍ കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന കുന്നിന്‍ തലപ്പുകളും ശിലാഗോപുരങ്ങളും വിചിത്രവനങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെ നിറഞ്ഞ അപൂര്‍വതയാണ്‌ മൗണ്ട്‌ സാങ്ക്വിംഗ്‌ഷാന്‍ നാഷണല്‍ പാര്‍ക്ക്‌ (Mount Sanqingshan National Park). ചൈനയില്‍ ജിയാങ്‌ഷി പ്രവിശ്യയിലെ ഹുയായിയു പര്‍വതനിരകളിലെ 22,950 ഹെക്ടര്‍ പ്രദേശത്താണ്‌ ഈ പാര്‍ക്ക്‌ വ്യാപിച്ചു കിടക്കുന്നത്‌.

7. സര്‍യാര്‍ക സ്റ്റെപ്പിയും തടാകങ്ങളും, കസാഖ്‌സ്‌താന്‍: വടക്കന്‍ കസാഖ്‌സ്‌താനിലെ നൗര്‍സും, ഖോര്‍ഗാല്‍ഷിന്‍ നാച്ചുറല്‍ റിസര്‍വുകളിലായി വ്യാപിച്ചു കിടക്കുന്ന 450,344 ഹെക്ടര്‍ വിസ്‌തൃതിയുള്ള നീര്‍പ്രദേശമാണിത്‌ (Saryarka Steppe and Lakes). ആഫ്രിക്ക, യൂറോപ്പ്‌, ദക്ഷിണേഷ്യ തുടങ്ങിയ പ്രദേശത്തുനിന്നുള്ള ദേശാടനപക്ഷികളുടെ മധ്യേക്ഷ്യയിലെ പ്രധാന വിശ്രമസങ്കേതമാണിത്‌.


8. സ്വിസ്‌ ടെക്ടോണിക്‌ പര്‍വത മേഖല, സ്വിറ്റ്‌സ്വര്‍ലന്‍ഡ്‌:
ഭൗമശാസ്‌ത്ര ഗവേഷകരുടെ ഇഷ്ടസങ്കേതമാണ്‌ വടക്കുകിഴക്കന്‍ സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ ഈ പര്‍വത മേഖല (Swiss Tectonic Arena Sardona). 1700കള്‍ മുതല്‍ പഠനം നടത്താനായി ഇവിടെ ഗവേഷകര്‍ എത്തുന്നു.
(കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌, യുണെസ്‌കോ).

3 comments:

Joseph Antony said...

സംരക്ഷിച്ചു പരിപാലിക്കാന്‍ തക്ക മഹത്വവും പ്രാധാന്യവുമുള്ള സ്ഥലങ്ങളും സ്‌മാരകങ്ങളും കെട്ടിടങ്ങളുമൊക്കെയാണ്‌ യുണെസ്‌കോയുടെ പൈതൃക പട്ടികയില്‍ സ്ഥാനം നേടുക. ജൈവവൈവിധ്യം കൊണ്ടും ഭൗമശാസ്‌ത്രപരമായ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായ എട്ടു കേന്ദ്രങ്ങള്‍കൂടി ആ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു.

siva // ശിവ said...

ഈ വിവരങ്ങള്‍ക്ക് നന്ദി...ലോകപൈതൃക പട്ടികയില്‍ എത്തിയ ഈ പുതിയ സ്ഥലങ്ങള്‍ എത്ര മനോഹരം...ഒരു സ്വപ്നത്തിലെങ്കിലും ഇവിടെയൊക്കെ ഒന്ന് പോകാന്‍ കഴിഞ്ഞെങ്കില്‍...

സസ്നേഹം,

ശിവ.

sunilfaizal@gmail.com said...

പുതു വാര്‍ത്തകള്‍ക്ക് നന്ദി . JA സാന്നിധ്യം അക്കദമി ശില്പ ശാലയില്‍ ഇതുവരെ ഉണ്ടായില്ലല്ലോ..