Monday, July 14, 2008

കോശമാറ്റത്തിലൂടെ അന്ധതയകറ്റാന്‍ സാധ്യത

ഗുരുതരമായ നേത്രരോഗങ്ങള്‍ ബാധിച്ച്‌ കാഴ്‌ച നശിച്ചവര്‍ക്ക്‌ നൂതനമായ കോശമാറ്റചികിത്സ ഭാവിയില്‍ വെളിച്ചമേകിയേക്കും.

റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ (ആര്‍.പി), പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്യുലാര്‍ റിജനറേഷന്‍ (എ.എം.ഡി) എന്നീ രോഗങ്ങളാല്‍ അന്ധരായ പത്തുപേരില്‍ റെറ്റിനകോശങ്ങള്‍ മാറ്റിവെച്ചു നടത്തിയ പരീക്ഷണം പ്രതീക്ഷയേറുന്ന ഫലമാണ്‌ നല്‍കിയത്‌. കോശമാറ്റ ശസ്‌ത്രക്രിയയ്‌ക്കു വിധേയരായ ഏഴുപേരില്‍ പൂര്‍ണ അന്ധത മാറുകയും, ചെറിയൊരളവുവരെ കാഴ്‌ച തിരിച്ചു കിട്ടുകയും ചെയ്‌തു.
ജനതിക കാരണങ്ങളാല്‍ ഏത്‌ പ്രായക്കാരെയും ബാധിക്കാവുന്ന രോഗമാണ്‌ ആര്‍.പി. റെറ്റിനയിലെ പ്രകാശാഗിരണകോശങ്ങളുടെ അപചയം മൂലം രോഗിയെ പൂര്‍ണ അന്ധതയിലെത്തികുന്ന ഈ രോഗത്തിന്‌ ഒരു ചികിത്സയും ആധുനികവൈദ്യശാസ്‌ത്രത്തിലില്ല. ലോകത്താകമാനം ലക്ഷക്കണക്കിനാളുകളെ ഈ രോഗം ഇരുട്ടില്‍ തള്ളിയിട്ടുണ്ട്‌. പ്രായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന എ.എം.ഡി.യും ഇതേരീതിയില്‍ രോഗിയെ പൂര്‍ണ അന്ധതയിലേക്ക്‌ നയിക്കുന്ന പ്രശ്‌നമാണ്‌. ഇതിനും ചികിത്സയില്ല.
ആര്‍.പി.ബാധിച്ച ആറുപേരിലും, എ.എം.ഡി.ബാധിച്ച നാലുപേരിലുമാണ്‌, ലൂയിവില്ലി സര്‍വകലാശാലയിലെ ഡോ.നോര്‍മാന്‍ ഡി. രാഡ്‌ത്‌കെയുടെ നേതൃത്വത്തിലുള്ള സംഘം കോശമാറ്റ ശാസ്‌ത്രക്രിയ നടത്തിയത്‌. ഗര്‍ഭസ്ഥശിശുക്കളില്‍ നിന്നുള്ള റെറ്റിനാകോശങ്ങളാണ്‌ എല്ലാ രോഗികളിലും മാറ്റിവെച്ചതെന്ന്‌, ''അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ഓഫ്‌താല്‍മേളജി' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. നേത്രത്തില്‍ പ്രകാശാഗിരണകോശങ്ങള്‍ (photoreceptor cells) പുഷ്ടിപ്പെടുത്താന്‍ സഹായിക്കുന്ന 'എപ്പിഥെലിയ'(epithelium)വും ഒപ്പം മാറ്റിവെച്ചു.
കേടുവന്ന പ്രകാശാഗിരണകോശങ്ങള്‍ക്കു പകരം പുതിയവ വളര്‍ന്നു വരാന്‍ കോശമാറ്റം സഹായിക്കുമെന്ന നിഗമനമാണ്‌, പരീക്ഷണ ശസ്‌ത്രക്രിയയ്‌ക്ക്‌ അടിസ്ഥാനമായത്‌. പരീക്ഷണവിധേയമായവരില്‍ ഏഴുപേര്‍ക്ക്‌ കാഴ്‌ചശക്തിയില്‍ പ്രകടമായ പുരോഗതിയുണ്ടായെന്ന്‌ ഗവേഷകര്‍ പറയുന്നു. അവരില്‍ ഒരാള്‍ക്ക്‌ ശസ്‌ത്രക്രിയ നടന്ന്‌ ആറ്‌ വര്‍ഷത്തിന്‌ ശേഷവും കാഴ്‌ചയിലുണ്ടായ പുരോഗതിക്ക്‌ കോട്ടം തട്ടിയില്ല. ഏതാനും രോഗികളില്‍ പ്രകാശസംവേദന ശേഷി 27 ശതമാനംവരെ വര്‍ധിച്ചതായി തെളിഞ്ഞു.
മറ്റ്‌ ശരീരഭാഗങ്ങള്‍ മാറ്റിവെയ്‌ക്കുമ്പോഴുണ്ടാകുന്ന തിരസ്‌ക്കരണമെന്ന പ്രശ്‌നം ഈ ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം ഒരു രോഗിയിലും ഉണ്ടായില്ലെന്നത്‌ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നേത്രത്തിനകത്തുള്ള കോശഭാഗങ്ങള്‍ക്ക്‌ ശരീരപ്രതിരോധ സംവിധാനത്തിന്റെ സവിശേഷ സംരക്ഷണം ലഭിക്കുന്നതാവാം ഇതിന്‌ കാരണമെന്ന്‌ ഗവേഷകര്‍ കരുതുന്നു. പരീക്ഷണവിധേയരായ രണ്ടു രോഗികളില്‍ ശസ്‌ത്രക്രിയ നടത്താത്ത കണ്ണിന്റെ ശേഷിയും വര്‍ധിച്ചതായി കണ്ടു. ഇതിന്‌ കാരണം എന്തെന്ന്‌ വ്യക്തമല്ല. കോശമാറ്റത്തിന്‌ ശേഷം പ്രതിരോധസംവിധാനത്തില്‍ വന്ന എന്തെങ്കിലും ഗുണഫലമാകാം ഇതിന്‌ കാരണമെന്ന്‌ കരുതുന്നു.
മൃഗങ്ങളില്‍ കോശമാറ്റ പരീക്ഷണത്തില്‍ നല്ല ഫലം കണ്ടതിന്‌ ശേഷം, രണ്ടാംഘട്ടം എന്ന നിലയ്‌ക്കാണ്‌ ഡോ. രാഡ്‌ത്‌കെയും സംഘവും മനുഷ്യരില്‍ ഈ രീതി പരീക്ഷിച്ചത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ സുരക്ഷാപ്രശ്‌നമൊന്നും ഇല്ലെന്ന്‌ ആദ്യഘട്ടത്തില്‍ തെളിഞ്ഞിരുന്നു. ആര്‍.പി., എ.എം.ഡി. എന്നീ ഗുരുതരമായ നേത്രരോഗം ബാധിച്ച്‌ കാഴ്‌ച നശിച്ചവരില്‍, കാഴ്‌ച വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായുള്ള ആദ്യതെളിവാണ്‌ ഈ പരീക്ഷണമെന്ന്‌ ഗവേഷകര്‍ അവകാശപ്പെടുന്നു. ഇതൊരു ചികിത്സയായി മാറാന്‍ ഇനിയും ഏറെ പരീക്ഷണങ്ങളും പഠനങ്ങളും വേണം. (അവലംബം: ലൂയിവില്ലി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

1 comment:

Joseph Antony said...

കേടുവന്ന പ്രകാശാഗിരണകോശങ്ങള്‍ക്കു പകരം പുതിയവ വളര്‍ന്നു വരാന്‍ കോശമാറ്റം സഹായിക്കുമെന്ന നിഗമനമാണ്‌, പരീക്ഷണ ശസ്‌ത്രക്രിയയ്‌ക്ക്‌ അടിസ്ഥാനമായത്‌. പരീക്ഷണവിധേയമായവരില്‍ ഏഴുപേര്‍ക്ക്‌ കാഴ്‌ചശക്തിയില്‍ പ്രകടമായ പുരോഗതിയുണ്ടായെന്ന്‌ ഗവേഷകര്‍ പറയുന്നു. അവരില്‍ ഒരാള്‍ക്ക്‌ ശസ്‌ത്രക്രിയ നടന്ന്‌ ആറ്‌ വര്‍ഷത്തിന്‌ ശേഷവും കാഴ്‌ചയിലുണ്ടായ പുരോഗതിക്ക്‌ കോട്ടം തട്ടിയില്ല. ഏതാനും രോഗികളില്‍ പ്രകാശസംവേദന ശേഷി 27 ശതമാനംവരെ വര്‍ധിച്ചതായി തെളിഞ്ഞു. അന്ധതയകറ്റാന്‍ പുതിയ പ്രതീക്ഷയായി കോശമാറ്റ ശസ്‌ത്രക്രിയ.