ബഹിരാകാശ ഗവേഷണരംഗത്ത് പുതിയൊരു വിജയക്കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ; 'ചന്ദ്രയാന്‍' ദൗത്യത്തിലൂടെ. ഈയവസരത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ വിജയഗാഥ രചിച്ച എസ്.ആര്‍.ഇ-1 എന്ന പുനരുപയോഗപേടക വിക്ഷേപണത്തെപ്പറ്റി ഒരു അനുസ്‌മരണം.
'ഫെര്‍മിലാബ് ' എന്ന പടുകൂറ്റന്‍ അമേരിക്കന്‍ കണികാആക്‌സലറേറ്ററിന്റെ ആദ്യമേധാവിയായിരുന്നു റോബര്‍ട്ട് വില്‍സന്‍. ആ പരീക്ഷണശാല കൊണ്ടുള്ള പ്രയോജനമെന്തെന്നും അമേരിക്കയെ രക്ഷിക്കുന്നതില്‍ അതിന് എന്തുപങ്കുവഹിക്കാനാകുമെന്നും യു.എസ്.കോണ്‍ഗ്രസ് 1969-ല്‍ വില്‍സനോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഫെര്‍മിലാബ് നല്‍കുന്ന പുതിയ അറിവ് രാജ്യരക്ഷയില്‍ നേരിട്ട് പങ്കുവഹിക്കില്ലായിരിക്കാം, രക്ഷിക്കാന്‍ പോന്നത്ര മഹത്വമുള്ള ഒന്നായി രാജ്യത്തെ മാറ്റുന്നതിന് സഹായിക്കുന്നതിലൊഴിച്ച്.
കോഹിന്നൂര്‍ രത്‌നം വീണ്ടെടുത്താല്‍ പോലും ഇന്ത്യയ്‌ക്കിനി ഇത്രയും അഭിമാനം തോന്നുമോ എന്നു സംശയം. അത്രയ്‌ക്കുണ്ടായിരുന്നു ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ നിന്ന് വീണ്ടെടുത്ത് ഭൂമിയിലെത്തിച്ചപ്പോഴത്തെ ആവേശം. ശരിക്കുമൊരു നിധിപേടകം കിട്ടിയാലത്തെ അവസ്ഥ. ഒരര്‍ത്ഥത്തില്‍ ശാസ്‌ത്രസാങ്കേതിരംഗത്ത് ഇന്ത്യയ്‌ക്കു ലഭിച്ച അമൂല്യമായൊരു നിധിപേടകം തന്നെയാണ് 'സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ് '(എസ്.ആര്‍.ഇ-1) എന്ന ഉപഗ്രഹം. ഭാവിസാധ്യകളുടെ വാതായനം തുറക്കുന്ന നിധിപേടകം. ഗുരുത്വാകര്‍ഷണരഹിത പരീക്ഷണങ്ങള്‍ നടത്താനും, ഒരു പതിറ്റാണ്ടിനകം മനുഷ്യനെ ബഹിരാകാശത്തയയ്‌ക്കുകയെന്ന ലക്ഷ്യം സാക്ഷാത്‌ക്കരിക്കാനുമുള്ള സാങ്കേതികപേടകം.
ഭ്രമണപഥത്തില്‍നിന്ന് ഉപഗ്രത്തെ തിരികെ ഭൂമിയിലെത്തിക്കാന്‍ കഴിയുകയെന്നത് അസൂയാര്‍ഹമായ നേട്ടമാണ്. ലോകത്ത് ഇതുവരെ മൂന്നു രാജ്യങ്ങള്‍ക്കേ (അമേരിക്ക, റഷ്യ, ചൈന) അത് കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ള രാജ്യങ്ങള്‍ക്കെല്ലാം സ്വപ്‌നം മാത്രമായിരുന്നു. ആ സ്വപ്‌നമാണിപ്പോള്‍ ഇന്ത്യയും 'ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും'(ഐ.എസ്.ആര്‍.ഒ) കുറ്റമറ്റ രീതിയില്‍ സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. യുദ്ധത്തിലൂടെയും അധിനിവേശത്തിലൂടെയുമല്ല ഒരു രാജ്യത്തിന് മഹത്വമുണ്ടാവുകയെന്ന് ഇതിലൂടെ ഇന്ത്യ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു; ലോകത്തെ ഏത് ശക്തിയോടും ശാസ്‌ത്രസാങ്കേതികരംഗത്ത് മാറ്റുരയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നും.
ഇന്ത്യ ബഹിരാകാശഗവേഷണ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചിട്ട് 45 വര്‍ഷം തികയുന്ന സമയമാണിത്. ആണവോര്‍ജ്ജവകുപ്പിന് കീഴില്‍ 'ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ചി'ന് 1962-ല്‍ രൂപം നല്‍കിയതോടെയായിരുന്നു ബഹിരാകാശഗവേഷണത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് 'തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷന്‍'(ടി.ഇ.എല്‍.എസ്) എന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചുകൊണ്ട് ഇന്ത്യ ആദ്യചുവടു വെച്ചു. തുമ്പയില്‍നിന്ന് തൊടുത്തുവിടുന്ന റോക്കറ്റുകള്‍ ആകാശത്തുവെച്ച് പൊട്ടി അതിലെ കട്ടിയേറിയ ബലൂണുകളും മറ്റു ഭാഗങ്ങളും തിരുവന്തപുരം ജില്ലയിലെ ഗ്രാമങ്ങളില്‍ വീഴുക ആന്നൊക്കെ സാധാരണമായിരുന്നു. അതായിരുന്നു നാട്ടുകാര്‍ക്കിടയില്‍ അന്ന് തുമ്പയിലെ റോക്കറ്റുപരീക്ഷണങ്ങള്‍ ഉണര്‍ത്തിയ കൗതുകവും ജിജ്ഞാസയും.
അത്ര ലളിതമായ രീതിയിലായിരുന്നു തുടക്കം. അതിന്ന് ചന്ദ്രനിലേക്ക് സ്വന്തമായി വാഹനമയ്‌ക്കാന്‍ ('ചന്ദ്രയാന്‍-1') തയ്യാറെടുക്കുന്ന നിലയിലേക്ക് പുരോഗമിച്ചിരിക്കുന്നു. ഈ കാലത്തിനിടയില്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണ മേഖല ഒട്ടേറെ വിജയഗാഥകള്‍ രചിച്ചു (തീര്‍ച്ചയായും പരാജയങ്ങളും). വിക്ഷേപിച്ച ഉപഗ്രഹം തിരികെ ഭൂമിയിലെത്തിച്ചുകൊണ്ട് ആ വിജയഗാഥകള്‍ക്കെല്ലാം മാറ്റുകൂട്ടുകയാണ് ഐ.എസ്.ആര്‍.ഒ. ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച (2007 ജനവരി 22) എസ്.ആര്‍.ഇ.ഉപഗ്രഹത്തെ തിരികെ ഭൂമിയിലെത്തിക്കുമ്പോള്‍, ഐ.എസ്.ആര്‍.ഒ.ചെയര്‍മാനും മലയാളിയുമായ ജി. മാധവന്‍നായര്‍ പറഞ്ഞു: `ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ആവശ്യമായ സര്‍വകാര്യങ്ങളും നമുക്കറിയാം. എന്നാല്‍, വിക്ഷേപിച്ച ഉപഗ്രഹം വീണ്ടെടുത്ത് തിരികെ കൊണ്ടുവരുന്നതില്‍ മുഴുവന്‍ കാര്യങ്ങളും അജ്ഞാതം'. ആ അജ്ഞതയുടെ ഇരുട്ടാണ് എസ്.ആര്‍.ഇ.യുടെ മുന്നില്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നത്.
'ഒരര്‍ത്ഥത്തില്‍ തന്റെ സ്വന്തം മകനെ'ന്ന് മാധവന്‍നായര്‍ വിശേഷിപ്പിച്ചിട്ടുള്ള റോക്കറ്റാണ് പിഎസ്‌എല്‍വി (പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍). 44 മീറ്റര്‍ നീളവും 295 ടണ്‍ ഭാരവുമുള്ള നാലുഘട്ടറോക്കറ്റ്. അതിന്റെ വിജയകരമായ ഒന്‍പതാം വിക്ഷേപണമായിരുന്നു ജനവരി പത്തിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് നടന്നത്. എസ്.ആര്‍.ഇ.ഉള്‍പ്പടെ നാല് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ വിക്ഷേപണം ആശങ്കയുടെ നിഴലിലാണ് നടന്നത്. 2006 ജൂലായ് പത്തിനുണ്ടായ ജിഎസ്‌എല്‍വി (ജിയോസിങ്ക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിക്ഷേപണം പരാജയപ്പെട്ടതിന്റെ ആശങ്ക ഐ.എസ്.ആര്‍.ഒ.അധികൃതരില്‍ നിന്ന് നീങ്ങിയിരുന്നില്ല. പക്ഷേ, നാല് ഉപഗ്രഹങ്ങളും കുറ്റമറ്റ രീതിയില്‍ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്‌എല്‍വി അതിന്റെ റോള്‍ ഭംഗിയാക്കി. എസ്.ആര്‍.ഇ പേടകം കൂടാതെ, ഇന്ത്യയുടെ തന്നെ 'കാര്‍ട്ടോസാറ്റ്-2' (ഭാരം 680 കിലോഗ്രാം) എന്ന മാപ്പിങ് ഉപഗ്രഹവും, വിദേശത്തുനിന്നുള്ള 'ലാപാന്‍-ട്യൂബ്‌സാറ്റ് '(56 കിലോഗ്രാം), 'പെഹ്യൂവെന്‍സാറ്റ്-1'(ആറ് കിലോഗ്രാം) എന്നീ ഉപഗ്രങ്ങളുമാണ് പി.എസ്.എല്‍.വി.അന്ന് ഭ്രമണപഥത്തിലെത്തിച്ചത്.
ഉരുക്കില്‍ തീര്‍ത്ത 550 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകമാണ് എസ്.ആര്‍.ഇ. നിര്‍മാണച്ചെലവ് 30 കോടി രൂപ. ഗുരുത്വാകര്‍ഷണരഹിത സാഹചര്യത്തില്‍ രണ്ടു പരീക്ഷണങ്ങള്‍ക്കാവശ്യമായ സജ്ജീകരണങ്ങളും, ഡിബൂസ്റ്റിങിന് വേണ്ട റോക്കറ്റുകളും, എയ്‌റോഡൈനാമിക് ബ്രേക്കും, അന്തരീക്ഷത്തിലേക്ക് പുനപ്രവേശിക്കുമ്പോഴുണ്ടാകുന്ന കഠിനമായ ചൂടില്‍ ഉരുകാതെ കാക്കാനുള്ള താപപ്രതിരോധ കവചവും (കാര്‍ബണ്‍ ഫീനോളിക്കും സിലിക്ക കട്ടകളും ഉപയോഗിച്ചുള്ള), മൂന്ന് പാരച്യൂട്ടുകളും, കടലില്‍ വീഴുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന പൊങ്ങിക്കിടക്കാനുള്ള സംവിധാനവുമടങ്ങിയതാണ് എസ്.ആര്‍.ഇ പേടകം. ഭൂമിയില്‍ നിന്ന് 637 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്തധ്രുവഭ്രമണപഥത്തിലാണ് പേടകത്തെ സ്ഥാപിച്ചത്.
ഭൂമിയെ ചുറ്റിസഞ്ചരിക്കുമ്പോള്‍ 12 ദിവസത്തിനിടെ പേടകത്തില്‍ രണ്ട് പരീക്ഷണങ്ങള്‍ നടന്നു. ഗുരുത്വാകര്‍ഷണരഹിത സാഹചര്യത്തില്‍ ലോഹങ്ങള്‍ ഉരുകുന്നതും പരലാകുന്നതും സംബന്ധിച്ചതായിരുന്നു ഒന്ന്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സി (ഐഐഎസ്)ന്റെയും തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പേസ് സെന്ററി (വിഎസ്‌എസ്‌സി)ന്റെയും സംയുക്താഭിമുഖ്യത്തില്‍ രൂപകല്‍പ്പന ചെയ്‌ത പരീക്ഷണം. ഗുരുത്വാകര്‍ഷണരഹിത സാഹചര്യത്തില്‍ നാനോപരലുകള്‍ രൂപപ്പെടുത്തുക വഴി, സ്വാഭാവിക ജൈവഉത്‌പന്നങ്ങളോട് സാദൃശ്യമുള്ള ബയോവസ്‌തുക്കള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിക്കുന്ന പരീക്ഷണമായിരുന്നു രണ്ടാമത്തേത്. ജാംഷെഡ്‌പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി (എന്‍.എം.എല്‍)യാണ് ആ പരീക്ഷണം രൂപകല്‍പ്പന ചെയ്‌തത്.
കേടുപറ്റാതെ പേടകത്തെ ഭൂമിയിലെത്തിക്കുക എന്നതായിരുന്നു ഐ.എസ്.ആര്‍.ഒ.യ്‌ക്കു മുന്നിലുണ്ടായിരുന്ന യഥാര്‍ത്ഥ വെല്ലുവിളി. അമേരിക്കന്‍ ബഹിരാകാശഏജന്‍സിയായ 'നാസ'യ്‌ക്കു പോലും ഇക്കാര്യത്തില്‍ കാലിടറുന്നതിന് ലോകം പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൊളംബിയദുരന്തം. 637 കിലോമീറ്റര്‍ മുകളിലുള്ള വൃത്തഭ്രമണപഥത്തില്‍ നിന്ന് ശരിയായ ദിശയില്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിപ്പിക്കാന്‍, പേടകത്തെ വാര്‍ത്തുളഭ്രമണപഥത്തിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. ജനവരി 19-ന് ആ ഭ്രമണപഥംമാറ്റല്‍ വിജയകരമായി നടത്തി. ശരിക്കുള്ള പരീക്ഷണം ജനവരി 22-നായിരുന്നു. അന്ന് രാവിലെ 8.42-ന് പേടകത്തെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചു. ഡിബൂസ്റ്റിനായി പേടകത്തിലെ റോക്കറ്റ് ഒന്‍പതുമണിക്ക് പ്രവര്‍ത്തിപ്പിച്ചു.
ശാന്തസമുദ്രത്തിന് മുകളില്‍ വെച്ചാണ് പേടകത്തെ അതിന്റെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്. ശാന്തസമുദ്രം കടന്ന്, ധ്രുവപ്രദേശം താണ്ടി, ലഖ്‌നൗവും ശ്രീഹരിക്കോട്ടയും പിന്നിട്ട, പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങണമായിരുന്നു. നൂറുകിലോമീറ്റര്‍ മുകളില്‍ വെച്ച് അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ പേടകത്തിന്റെ വേഗം മണിക്കൂറില്‍ 29,000 കിലോമീറ്റര്‍. വായുവുമായുള്ള ഘര്‍ഷണം മൂലം പേടകത്തിന്റെ പ്രതല ഊഷ്‌മാവ് 1400 മുതല്‍ 2000 ഡിഗ്രിസെല്‍സിയസ് വരെ! പേടകത്തിന്റെ താപപ്രതിരോധകവചം ഈ കൊടുംചൂടിനെ തടുക്കുമോ? പലര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ, ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല. നിശ്ചയിച്ചപോലെ പേടകം താഴെയെത്തി. അതിനിടയില്‍ എയ്‌റോഡൈനാമിക് ബ്രേക്കും മൂന്നു പാരച്യൂട്ടുകളും കൃത്യമായി പ്രവര്‍ത്തിച്ചു. വേഗം കാര്യമായി കുറഞ്ഞു. 9.46-ന് കടലില്‍ വീഴുമ്പോള്‍ ഒരു സാധാരണ യാത്രാബസ്സിന്റെ കുറഞ്ഞ വേഗമായി പേടകത്തിന്റേത്, മണിക്കൂറില്‍ വെറും 43 കിലോമീറ്റര്‍. കടലില്‍ വീണയുടന്‍ പൊങ്ങുസംവിധാനം സജ്ജമായി. തീരദേശസേനയും നാവികസേനയും ചേര്‍ന്ന് പേടകം 'സാരംഗ്' കപ്പലില്‍ ചെന്നൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ എന്നൂര്‍ തുറമുഖത്തെത്തിച്ചു. അവിടെ നിന്ന് ശ്രീഹരിക്കോട്ടയിലേക്ക്.
ഉപഗ്രഹങ്ങളെ വീണ്ടെടുക്കുന്ന സങ്കേതം അമേരിക്കയും റഷ്യയും ചൈനയും പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വികസിപ്പിച്ചിരുന്നു. റഷ്യയും അമേരിക്കയും എണ്‍പതുകളുടെ തുടക്കം വരെ ചാരപ്രവര്‍ത്തനത്തിനാണ് ഇതുപയോഗിച്ചത്; ചാരഉപഗ്രഹങ്ങള്‍ എടുക്കുന്ന ശത്രുമേഖലയിലെ ഫോട്ടകളുടെ ഫിലംറോളുകള്‍ വീണ്ടെടുക്കാന്‍. 1975-ന് ശേഷം കുറഞ്ഞത് നൂറുതവണയെങ്കിലും ചൈന ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയിലിറക്കിയിട്ടുണ്ട്.ഗുരുത്വാകര്‍ഷണം മൂലം ഭൂമിയില്‍ വെച്ച് നടത്തിയാല്‍ ഫലം കാണാത്ത ഒട്ടേറെ പരീക്ഷണങ്ങളുണ്ട്. അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ചെലവുകുറഞ്ഞ മാര്‍ഗ്ഗമാണ്, ഉപഗ്രഹപേടകങ്ങളില്‍ പരീക്ഷണം നടത്തി അവയെ ഭൂമിയില്‍ തിരികെയെത്തിക്കുകയെന്നത്. ഔഷധഗവേഷണം മുതല്‍ കാര്‍ഷികരംഗം വരെ ഒട്ടേറെ മേഖലകളില്‍ പുത്തന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം വഴിയൊരുക്കും.
ബഹിരാകാശയാത്രികര്‍ക്ക് തിരികെയെത്താനും, ബഹിരാകാശപേടകങ്ങളെ ഭൂമിയില്‍ തിരിച്ചിറക്കുന്ന സങ്കേതം കുറ്റമറ്റതാക്കിയേ തീരൂ. നിലവില്‍ മനുഷ്യനെ ബഹിരാകാശത്തയയ്‌ക്കാന്‍ ഇന്ത്യയ്‌ക്കു പദ്ധതിയില്ല. എട്ടുവര്‍ഷം കഴിഞ്ഞേ അതു നടക്കൂ എന്നാണ് ഐ.എസ്.ആര്‍.ഒ. മേധാവി മാധവന്‍നായര്‍ പറയുന്നത്. എസ്.ആര്‍.ഇ.പേടകത്തിന്റെ തിരിച്ചുവരവ്, ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. കടലില്‍ ഇറക്കുന്നതിലും വളരെ ബുദ്ധിമുട്ടാണ് കരയില്‍ റണ്‍വെയില്‍ ബഹിരാകാശപേടകമിറക്കുകയെന്നത്. അതിന് ഇന്ത്യ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. പക്ഷേ, ആരുടെയും സഹായമില്ലാതെ സ്വന്തം സാങ്കേതിവിദ്യയും ആത്മവിശ്വാസവും കൊണ്ട് ഇത്രയും നേടാമെങ്കില്‍, ഏത് ദുരം താണ്ടാനും ഇന്ത്യയ്‌ക്കു കഴിയും എന്നതില്‍ സംശയമില്ല.
അമരക്കാരന്‍
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍നിന്നു വീണ്ടെടുക്കാനുള്ള പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ. ആരംഭിക്കുന്നത് 1966-ലാണ്. ഉപഗ്രഹമാതൃകളുണ്ടാക്കി ഹെലികോപ്‌ടറുകളില്‍ നിന്നും വിമാനങ്ങളില്‍ നിന്നുമൊക്കെ കടലിലിട്ടാണ് ആദ്യകാലത്ത് പരീക്ഷണങ്ങള്‍ നടത്തിയത്. ഡോ.എ.പി.ജെ.അബ്ദുള്‍കലാം തുമ്പയില്‍ ജോലിചെയ്‌തിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ പ്രോത്സാഹനവും ഇത്തരം പരീക്ഷണങ്ങള്‍ക്കുണ്ടായിരുന്നു. ഒട്ടേറെ തവണ ഇത്തരമൊരു പ്രോജക്ടിന് അനുമതി കിട്ടാന്‍ ശ്രമം നടന്നെങ്കിലും അതൊക്കെ അവഗണിക്കപ്പെട്ടു.
ഒടുവില്‍ ജി. മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ.യുടെ മേധാവിയായി വരേണ്ടിവന്നു പദ്ധതിക്ക് അനുമതി ലഭിക്കാന്‍. 2000-ല്‍ അനുമതി ലഭിച്ച പദ്ധതിയാണ്, എസ്.ആര്‍.ഇ.പേടകത്തിന്റെ വീണ്ടെടുക്കലോടെ സാക്ഷാത്‌ക്കരിക്കപ്പെടുന്നത്. 2005 സപ്‌തംബറില്‍ 'മാതൃഭൂമി'ക്കനുവദിച്ച അഭിമുഖത്തില്‍ മാധവന്‍നായര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു,`ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തിരിച്ചിറക്കാവുന്ന ഉപഗ്രങ്ങളിലാണ്`. ആ ആത്മവിശ്വാസം ലക്ഷ്യം കണ്ടുവെന്നാണ് ഇപ്പോഴത്തെ വിജയം വ്യക്തമാക്കുന്നത്.
മുഖ്യശില്‌പി
നൂറിലേറെ ശാസ്‌ത്രജ്ഞരുടെ നാലരവര്‍ഷത്തെ കഠിനാധ്വാനമാണ്, എസ്.ആര്‍.ഇ.ഉപഗ്രഹം വീണ്ടെടുത്തതിലൂടെ സാഫല്യമാകുന്നത്. അതില്‍ ഏറ്റവും അഭിമാനിക്കാവുന്നത് പക്ഷേ, മലയാളിയായ എ.സുബ്രഹ്മണ്യത്തിനാണ്. അദ്ദേഹമാണ് പേടകത്തിന്റെ മുഖ്യശില്‌പി. ജനവരി പത്തിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പേടകത്തെയും വഹിച്ച് പിഎസ്‌എല്‍വി കുതിച്ചുയരുമ്പോള്‍ സുബ്രഹ്മണ്യം പറഞ്ഞു; `എന്റെ ജോലിയിപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്ന ചിന്തയാണെനിക്ക്. ജനവരി 22-ന്റെ പ്രഭാതത്തെയാണ് ഞാന്‍ ഉറ്റുനോക്കുന്നത്, എസ്.ആര്‍.ഇ.പേടകം തിരിച്ചിറങ്ങുന്ന നിമിഷത്തെ`. പക്ഷേ, ആ നിമിഷം അദ്ദേഹത്തിന് ശ്രീഹരിക്കോട്ടയില്‍ ഉണ്ടാവാന്‍ കഴിഞ്ഞില്ല. അച്ഛന്‍ അറുമുഖംപിള്ളയുടെ മരണവാര്‍ത്തയറിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടി വന്നു.
(2007 ജനവരി 28-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ഐ.എസ്.ആര്‍.ഒ).
കാണുക: ബഹിരാകാശ ദൗത്യങ്ങള്‍-1
1 comment:
ബഹിരാകാശ ഗവേഷണരംഗത്ത് പുതിയൊരു വിജയക്കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ; 'ചന്ദ്രയാന്‍' ദൗത്യത്തിലൂടെ. ഈയവസരത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ വിജയഗാഥ രചിച്ച എസ്.ആര്‍.ഇ-1 എന്ന പുനരുപയോഗപേടക വിക്ഷേപണത്തെപ്പറ്റി ഒരു അനുസ്‌മരണം.
Post a Comment