Saturday, March 01, 2008

പ്രാചീനഭീമന്‍മാര്‍

കുട്ടിദിനോസറുകളെ തിന്നിരുന്ന 'ചെകുത്താന്‍തവള', മനുഷ്യനെക്കാള്‍ വലിയ തേള്‍, കാളയോളം വലിപ്പമുള്ള തൊരപ്പന്‍, പിന്നെ കടല്‍ രാക്ഷസനും

യോദര്‍ ദോസ്‌തോവിസ്‌ക്കിയുടെ 'ഭൂതാവിഷ്ടര്‍' എന്ന വിഖ്യാത നോവലില്‍, നിഹിലിസമെന്ന അരാഷ്ട്രീയ-അരക്ഷിത ദര്‍ശനത്തില്‍ അഭിരമിക്കുന്ന നായകനോടൊപ്പമുള്ള ജീവിതത്തെ അയാളുടെ കാമുകി ഉപമിക്കുന്നത്‌ ഇങ്ങനെയാണ്‌: `എപ്പോള്‍ വേണമെങ്കിലും മേലേക്ക്‌ ചാടി വീഴാവുന്ന, വലിയപാറയോളം വലിപ്പമുള്ള പടുകൂറ്റന്‍ ചിലന്തിക്കു കീഴില്‍ കഴിയുന്നതു പോലെയാണ്‌ എന്റെ അവസ്ഥ'. ആ കഥാപാത്രം അനുഭവിക്കുന്ന അതിസങ്കീര്‍ണവും ഭീതിജനകവുമായ മാനസികാവസ്ഥ അവതരിപ്പിക്കാനാണ്‌ നോവലിസ്‌റ്റ്‌ ഇത്തരമൊരു ഉപമയെ കൂട്ടുപിടിക്കുന്നത്‌. യഥാര്‍ഥ ജീവിതത്തില്‍ പക്ഷേ, ഇത്തരം ഭീമന്‍ ചിലന്തികള്‍ക്കോ തേളുകള്‍ക്കോ തവളകള്‍ക്കോ സ്ഥാനമില്ല.

എന്നാല്‍, നമ്മള്‍ കോടിക്കണക്കിന്‌ വര്‍ഷം മുമ്പാണ്‌ ഭൂമിയില്‍ ജീവിച്ചതെന്ന്‌ കരുതുക. എങ്കില്‍ കഥ മറിച്ചായേനെ. മനുഷ്യരെക്കാള്‍ വലിയ തേളുകളെ നമുക്കു ഭയപ്പെടേണ്ടി വരുമായിരുന്നു, കുട്ടിദിനോസറുകളെ തിന്നുന്ന ഭീമന്‍തവളകള്‍ ഉറക്കം കെടുത്തിയേനെ, കാളയോളം വലിപ്പമുള്ള തൊരപ്പന്‍മാരെ പേടിക്കാതെ പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. രാക്ഷസരൂപമാര്‍ന്ന കടല്‍ജീവികള്‍ നിങ്ങളുടെ യഥാര്‍ഥ അനുഭവങ്ങളില്‍ നിറഞ്ഞേനെ. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണിവ. പക്ഷേ, ശാസ്‌ത്രഭാവനകളെ വെല്ലുന്ന വിസ്‌മയങ്ങളാണ്‌ പ്രകൃതി നമുക്കായി ഒളിച്ചുവെച്ചിരിക്കുന്നത്‌. പുരാവസ്‌തു ഗവേഷകര്‍ അടുത്തയിടെ നടത്തിയ നാല്‌ കണ്ടെത്തലുകള്‍ പരിശോധിച്ചാല്‍ മതി ഇക്കാര്യം വ്യക്തമാകാന്‍. പ്രാചീനലോകത്തെക്കുറിച്ച്‌ മനുഷ്യന്‍ ഇനിയും അറിയാനിരിക്കുന്നതേയുള്ളു എന്നാണ്‌ ഈ കണ്ടെത്തലുകള്‍ ഓര്‍മിപ്പിക്കുന്നത്‌.

ചെകുത്താന്‍തവള ഭൂമുഖത്ത്‌ ഇന്നുവരെ ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ തവളയുടെ ഫോസില്‍ അടുത്തയിടെ കണ്ടെത്തിയത്‌ മഡഗാസ്‌കറില്‍ നിന്നാണ്‌. 'ചെകുത്താന്‍തവള' (ശാസ്‌ത്രീയ നാമം-Beelzebufo ampinga) എന്നു പേരുള്ള ഈ നിഗൂഢജീവിയുടെ ജനിതകബന്ധുക്കള്‍ ഭൂഗോളത്തിന്റെ മറുവശത്ത്‌ തെക്കേഅമേരിക്കയില്‍ ആണ്‌ കാണപ്പെടുന്നത്‌. ന്യൂയോര്‍ക്കില്‍ സ്‌റ്റോണി ബ്രൂക്ക്‌ സര്‍വകലാശാലയിലെ പുരാവസ്‌തുഗവേഷകന്‍ ഡേവിഡ്‌ ക്രൗസും സംഘവുമാണ്‌, ചെകുത്താന്‍തവളയുടെ ഏഴുകോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയത്‌.

ക്രിറ്റേഷ്യസ്‌ യുഗത്തില്‍ ദിനോസറുകളുടെ സഹചാരിയായിരുന്ന ഈ തവളയ്‌ക്ക്‌ 41 സെന്റീമീറ്റര്‍ നീളവും നാലര കിലോഗ്രാം ഭാരവുമുണ്ടായിരുന്നു. ഡേവിഡും സംഘവും പത്തുവര്‍ഷം മുമ്പ്‌ ആരംഭിച്ച ഉത്‌ഖനനത്തില്‍ ലഭിച്ച 75 ഫോസില്‍ കഷണങ്ങള്‍ കൂട്ടിയിണക്കിയാണ്‌ ചെകുത്താന്റെ പൂര്‍ണരൂപം ചികഞ്ഞെടുത്തത്‌. യൂണിവേഴ്‌സിറ്റി കോളേജ്‌ ലണ്ടനിലെ തവള-ഫോസില്‍ വിദഗ്‌ധയായ സൂസണ്‍ ഇവാന്‍സ്‌ ഫോസില്‍ കഷണങ്ങള്‍ കൂട്ടിയിണക്കാന്‍ സഹായിച്ചു. കാട്ടിനുള്ളിലും പൊന്തയിലും പതുങ്ങിയിരുന്ന്‌ മുന്നിലൂടെ പോകുന്ന ഇഴജന്തുക്കളെയും മറ്റ്‌ തവളകളെയും പിടിച്ചു ശാപ്പിടുകയാണ്‌ ചെകുത്താന്‍ ചെയ്‌തിരുന്നത്‌. നവജാത ദിനോസറുകളും ഇവയുടെ ഇരകളായിരുന്നിരിക്കാമെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. ചെകുത്താന്റെ ഉറപ്പുള്ള താടിയെല്ലും പെരുവായയും ഇതിന്‌ സഹായകമായിരിക്കാമെന്ന്‌ കരുതുന്നു.

ചെകുത്താന്റെ അടുത്ത ജനിതകബന്ധുക്കള്‍ തെക്കേഅമേരിക്കയില്‍ കാണപ്പെടുന്ന 'പെരുവായന്‍തവളകള്‍'('Pac-Man' frogs) ആണ്‌ എന്ന വസ്‌തുത ഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. പെരുവായന്‍തവളകളില്‍ ചിലയിനത്തിന്‌ ചെറിയ രണ്ട്‌ കൊമ്പുകളുമുണ്ട്‌. പേരിനെ അന്വര്‍ഥമാക്കുംവിധം ചെകുത്താന്‍തവളയ്‌ക്കും കൊമ്പുണ്ടായിരുന്നു എന്നാണ്‌ കരുതേണ്ടതെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ഇന്ന്‌ ഭൂമുഖത്തുള്ളതില്‍ ഏറ്റവും വലിയ തവളകള്‍ പശ്ചിമ ആഫ്രിക്കയിലാണ്‌ കാണപ്പെടുന്നത്‌; ആ ഗോലിയാത്ത്‌ തവളകള്‍ക്ക്‌ പരമാവധി 32 സെന്റീമീറ്റര്‍ നീളവും 3.3 കിലോഗ്രാം ഭാരവുമുണ്ട്‌.

മഡഗാസ്‌കറിലെ അത്യപൂര്‍വമായ ജൈവവൈവിധ്യം സംബന്ധിച്ച ചര്‍ച്ചകളില്‍ പുതിയൊരു അധ്യായമാകുകയാണ്‌ ചെകുത്താന്‍തവള. ആഫ്രിക്കയും മഡഗാസ്‌കറും ഇന്ത്യയും പൗരാണിക ഗോണ്ട്വാന (Gondwana) ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നെന്നും, ഏതാണ്ട്‌ 16 കോടി വര്‍ഷം മുമ്പ്‌ മഡഗാസ്‌കര്‍ ആഫ്രിക്കയില്‍നിന്ന്‌ വേര്‍പെട്ടുവെന്നും 'ഫലകചലനസിദ്ധാന്തം' പറയുന്നു (കാണുക: സമുദ്രജനനം). ഇന്ത്യ അക്കാലത്ത്‌ മഡഗാസ്‌കറുമായി ബന്ധിക്കപ്പെട്ടിരുന്നു. 8.8 കോടിവര്‍ഷം മുമ്പ്‌ മഡഗാസ്‌കറില്‍നിന്ന്‌ വേര്‍പെട്ട ഇന്ത്യന്‍ ഉപഭൂഖണ്ഡം വടക്കുകിഴക്കന്‍ ദിശയിലേക്ക്‌ അകന്ന്‌ മാറി ഏഷ്യയുമായി ചേര്‍ന്നു. (വന്‍കരകളുടെ ആ കൂട്ടിമുട്ടലിന്റെ സമ്മര്‍ദത്തിലാണ്‌ ഹിമാലയം ഉയര്‍ന്നു വന്നത്‌). മഡഗാസ്‌കര്‍ അതോടെ സമുദ്രത്തില്‍ ഒറ്റപ്പെട്ട പ്രദേശമായി എന്നാണ്‌ കരുതുന്നത്‌.

എന്നാല്‍, ചില ഗവേഷകര്‍ ഈ മാതൃക അംഗീകരിക്കുന്നില്ല. ഇന്ത്യയും മഡഗാസ്‌കറും ഉള്‍പ്പെടുന്ന കരഭാഗം തെക്കേഅമേരിക്കയുമായി അന്റാര്‍ട്ടിക്ക വഴി (അന്റാര്‍ട്ടിക്ക അന്ന്‌ ചൂടേറിയ പ്രദേശമായിരുന്നു) ബന്ധപ്പെട്ടിരുന്നു എന്നാണ്‌ അവര്‍ വാദിക്കുന്നത്‌. അവ പൊട്ടിപ്പിളര്‍ന്ന്‌ അകന്ന്‌ മാറിയാണ്‌ ഇന്ന്‌ വ്യത്യസ്‌ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതെന്നാണ്‌ വാദം. ആ വാദഗതിക്ക്‌ ശക്തിപകരുന്നതാണ്‌ മഡഗാസ്‌കറിലെ ചെകുത്താന്‍തവളയ്‌ക്ക്‌ തെക്കേഅമേരിക്കയില്‍ മാത്രമേ ജനിതകബന്ധുക്കള്‍ ഉള്ളു എന്ന വസ്‌തുത. മഡഗാസ്‌കര്‍-അന്റാര്‍ട്ടിക്ക-തെക്കേഅമേരിക്ക ബന്ധത്തെ പിന്തുണയ്‌ക്കുന്നതാണ്‌ പുതിയ കണ്ടെത്തലെന്ന്‌ സൂസണ്‍ ഇവാന്‍സ്‌ പറയുന്നു.

ദിനോസറുകളുടെ കാര്യത്തിലായാലും ചീങ്കണ്ണികള്‍, പക്ഷികള്‍, സസ്‌തനികള്‍ തുടങ്ങിയവയുടെ കാര്യത്തിലായാലും, മഡഗാസ്‌കറിലുള്ളവയ്‌ക്കും തെക്കേഅമേരിക്കയിലുള്ളവയ്‌ക്കും വളരയേറെ പരിണാമബന്ധം തുടര്‍ച്ചയായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്ന്‌, സെന്റ്‌ പോളിലെ മകലെസ്‌റ്റര്‍ കോളേജിലെ ക്രിസ്റ്റി കുറി റോജേഴ്‌സ്‌ ചൂണ്ടിക്കാട്ടുന്നു. മഡഗാസ്‌കറിലെ പല ജീവികളുടെയും അടുത്ത ബന്ധുക്കളെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും കണ്ടെത്തിയിട്ടുണ്ട്‌. അത്‌ സ്വാഭാവികം മാത്രമാണെന്ന്‌ ഡേവിഡ്‌ ക്രൗസ്‌ സൂചിപ്പിക്കുന്നു.

മനുഷ്യനെക്കാള്‍ വലിയ തേള്‍
എത്രയാണ്‌ സാധാരണ തേളിന്റെ വലിപ്പം; പരമാവധി 30 സെന്റീമീറ്റര്‍ നീളം. എന്നാല്‍, നഖത്തിന്‌ മാത്രം 46 സെന്റീമീറ്റര്‍ നീളമുള്ള തേളിനെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. എത്ര ഭീമനായിരിക്കും അത്‌. കുറഞ്ഞത്‌ എട്ടടി നീളമെങ്കിലും അതിനുണ്ടാകും. മനുഷ്യരെക്കാള്‍ വലുത്‌. കഥകളില്‍ മാത്രമുള്ള സാങ്കല്‍പ്പിക ജീവികള്‍ എന്നാകും ഇതെപ്പറ്റി തോന്നുക. അങ്ങനെയല്ല. ഭൂമുഖത്ത്‌ ഒരു കാലത്ത്‌ ഇത്തരം വിചിത്രജീവികള്‍ പാര്‍ത്തിരുന്നു എന്നതിന്‌ പുരാവസ്‌തു ഗവേഷകര്‍ തെളിവ്‌ ഹാജരാക്കിയിരിക്കുകയാണ്‌.

ജര്‍മനിയില്‍ നിന്നു കണ്ടെത്തിയ ഒരു തേള്‍നഖത്തിന്റെ വലിപ്പം 46 സെന്റീമീറ്ററാണ്‌!. 39 കോടി വര്‍ഷം മുമ്പ്‌ ഭൂമുഖത്തുണ്ടായിരുന്ന ജീവി എന്നാണ്‌ ഗവേഷകര്‍ എത്തിയിട്ടുള്ള നിഗമനം. ജലത്തിലായിരുന്നു അവയുടെ വാസം. ആര്‍ത്രോപ്പോഡ്‌ (arthropod) വര്‍ഗത്തില്‍ പെട്ട ഭീമന്‍തേളുകളും, കൂറ്റന്‍വണ്ടുകളും, പാറ്റകളും, ഞണ്ടുകളും, ജംബോ വലിപ്പമുള്ള തുമ്പികളുമൊക്കെ ഒരു കാലത്ത്‌ ഭൂമിയിലുണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌ ഈ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ പറയുന്നു. 'ബയോളജി ലറ്റേഴ്‌സ്‌' എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ്‌ ഭീമന്‍തേളിനെക്കുറിച്ചുള്ള വിവരമുള്ളത്‌.
'ജേക്കെലോപ്‌റ്റെറസ്‌ റിനാനിയേ' (Jaekelopterus rhenaniae) എന്ന്‌ ശാസ്‌ത്രീയ നാമം നല്‍കിയിട്ടിട്ടുള്ള ഭീമന്‍ തേളിന്റെ അവശിഷ്ടം കണ്ടെത്തിയത്‌ യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ മര്‍ക്കസ്‌ പോഷ്‌മാനാണ്‌. പടിഞ്ഞാറന്‍ ജര്‍മനിയില്‍ പ്രൂമിലെ ഒരു പാറമടയില്‍, ഉത്‌ഖനനത്തിന്റെ ഭാഗമായി ശിലാപാളികള്‍ ഇളക്കി മാറ്റുന്ന വേളയില്‍ ആ വിചിത്ര ജൈവാവശിഷ്ടം പോഷ്‌മാന്റെ ശ്രദ്ധയില്‍ പെട്ടു. `എന്താണെന്ന്‌ ആദ്യം മനസിലായില്ലെങ്കിലും, വലിയൊരു നഖത്തിന്റെ ഭാഗമാണതെന്ന്‌ സൂക്ഷ്‌മ നിരീക്ഷണത്തില്‍ മനസിലായി. അതുപ്രകാരം മുഴുവന്‍ അവശിഷ്ടവും ചികഞ്ഞെടുത്ത്‌ വൃത്തിയാക്കി, പശ വെച്ച്‌ ഒട്ടിച്ചു ചേര്‍ത്തപ്പോള്‍ നഖത്തിന്റെ വലിപ്പം 46 സെന്റീമീറ്റര്‍'- അദ്ദേഹം പറയുന്നു.

പ്രാചീനകാലത്തെ ഭീമന്‍ ആര്‍ത്രോപോഡുകള്‍ പില്‍ക്കാലത്ത്‌ കരയില്‍ കയറിയെന്നും, അവയുടെ പിന്‍ഗാമികളാണ്‌ ഇന്ന്‌ കാണുന്ന തേളുകളും പാറ്റകളും മറ്റുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭൗമാന്തരീക്ഷത്തില്‍ ഇന്നത്തെക്കാള്‍ വളരെ ഉയര്‍ന്ന തോതില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്ന കാലത്താണ്‌ ഭീമന്‍ തേളുകളും മറ്റും ഉടലെടുത്തത്‌. അന്തരീക്ഷത്തിലെ ഉയര്‍ന്ന ഓക്‌സിജന്‍ തോതാവണം അന്നത്തെ ജീവികളുടെ വലിപ്പക്കൂടുതലിന്‌ കാരണമെന്ന്‌, ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനുമായ സിമൊണ്‍ ബ്രാഡി അഭിപ്രായപ്പെടുന്നു.

കാളയോളം വലിയ തൊരപ്പന്‍

തെക്കെഅമേരിക്കയില്‍ യുറൂഗ്വേയുടെയും അര്‍ജന്റീനയുടെയും അതിര്‍ത്തിയില്‍ തെക്കന്‍ അത്‌ലാന്റിക്കില്‍ എത്തുന്ന വിശാലമായ ഒരു ചതുപ്പുണ്ട്‌; റിവര്‍ പ്ലേറ്റ്‌ നദീമുഖം. ആ ചതുപ്പില്‍, യുറൂഗ്വന്‍ തലസ്ഥാനമായ മോന്റെവീഡിയോയ്‌ക്ക്‌ 104 കിലോമീറ്റര്‍ പടിഞ്ഞാറുനിന്ന്‌ സെര്‍ജിയോ വിയെര എന്ന ഫോസില്‍ വേട്ടക്കാരന്‌ 1987-ല്‍ ഒരു വിചിത്ര തലയോട്ടി കിട്ടി. അയാളത്‌ യുറൂഗ്വേയിലെ നാഷണല്‍ ഹിസ്‌റ്ററി ആന്‍ഡ്‌ ആന്‍ഡ്രോപ്പോളജി മ്യൂസിയത്തിന്‌ കൈമാറി.

രണ്ടുപതിറ്റാണ്ടായി മ്യൂസിയത്തിലെ ഒരു പെട്ടിയില്‍ ആരുമറിയാതെ കിടന്ന ആ വിചിത്ര ഫോസില്‍, ക്യൂറേറ്ററായ ആന്‍ഡ്രിസ്‌ റിന്‍ഡര്‍നെച്ചും സഹപ്രവര്‍ത്തകന്‍ ഏര്‍ണസ്റ്റോ ബ്ലാന്‍കോയും ചേര്‍ന്ന്‌ അടുത്തയിടെ വീണ്ടും കണ്ടെത്തി. ഫോസില്‍ ആദ്യം കണ്ടപ്പോള്‍ തങ്ങള്‍ നടുങ്ങിപ്പോയെന്ന്‌ ബ്ലാന്‍കോ പറയുന്നു. `പ്രകൃതിയുടെ രമണീയമായ ഒരു തുണ്ടായിരുന്നു അത്‌. കാളയുടെ തലയോട്ടിയേക്കാള്‍ വലുത്‌. ആ തലയോട്ടിയുടെ ഉടമസ്ഥന്‍ എത്ര ഭീമനായിരിക്കണം എന്നോര്‍ത്താണ്‌ ഞങ്ങള്‍ നടുങ്ങിയത്‌'-അദ്ദേഹം അറിയിക്കുന്നു.
ഫോസിലിനെക്കുറിച്ച്‌ പഠിച്ചപ്പോള്‍ അമ്പരപ്പ്‌ വര്‍ധിച്ചു. എലിയുടെയും അണ്ണാന്റെയുമൊക്കെ ഗണത്തില്‍ പെടുത്താവുന്ന കരണ്ടുതിന്നുന്ന ഒരു തൊരപ്പന്റെ ഫോസിലാണ്‌ തങ്ങള്‍ക്ക്‌ മുന്നില്‍ എത്തിയിരിക്കുന്നതെന്ന്‌ ഗവേഷകര്‍ക്ക്‌ ബോധ്യമായി. ഏതാണ്ട്‌ ഒരു ടണ്‍ ഭാരമുള്ള അതിന്‌ കാളയോളം വലിപ്പം ഉണ്ടായിരുന്നിരിക്കണം! അത്രയും ഭീമാകാരമാര്‍ന്ന തൊരപ്പന്‍മാര്‍ ഭൂമുഖത്തുണ്ടായിരുന്നു എന്നത്‌ അവിശ്വസനീയമായിത്തോന്നി. പക്ഷേ, മുന്നിലുള്ള തെളിവ്‌ എങ്ങനെ അവിശ്വസിക്കും. വടക്കേഅമേരിക്കയുമായി തെക്കേഅമേരിക്ക കൂട്ടുചേരുന്നതിന്‌ മുമ്പ്‌, ഏതാണ്ട്‌ 40 ലക്ഷം വര്‍ഷം മുമ്പാണ്‌ ആ ജിവി നിലനിന്നിരുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നു.
'ജോസെഫോയാട്ടിഗാസി മൊനേസി' (Josephoartigasi monesi) എന്ന്‌ ശാസ്‌ത്രീയനാമമിട്ട ആ ജീവിയുടെ തലോട്ടിക്ക്‌ 20 ഇഞ്ചിലേറെ നീളമുണ്ട്‌. അതനുസരിച്ച്‌ ജീവിക്ക്‌ കുറഞ്ഞത്‌ എട്ടടി നീളവും 772 മുതല്‍ 1362 കിലോഗ്രാം വരെ ഭാരവുമുണ്ടായിരുന്നിരിക്കണം എന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ റോയല്‍ സൊസൈറ്റി-ബി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. കരണ്ടു തിന്നുന്ന ജീവിയായിരുന്നു അതെങ്കിലും, അതിന്‌ എലിയോടുള്ളതിലും സാമ്യം ഗിനിപ്പന്നികളോടാണെന്ന്‌ ഗവേഷകര്‍ പറയുന്നു. തലയോട്ടിയുടെ രൂപം വെച്ച്‌ ചിത്രകാരന്‍ സൃഷ്ടിച്ച രൂപം ഗിനിപ്പന്നിക്കും നീര്‍ക്കുതിരയ്‌ക്കും മധ്യേയുള്ളതാണ്‌.

ബീവര്‍ പോലുള്ള തൊരപ്പന്‍മാരുടെ ജീവിതരീതിയാകണം ആ പ്രാചീനജീവികള്‍ക്കും ഉണ്ടായിരുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു. വെള്ളത്തിലും കരയിലുമായാണ്‌ ബീവറുകള്‍ കഴിയുന്നത്‌. അതേപോലെ വനവും പൊന്തക്കാടുകളുമുള്ള നദീതീരങ്ങളിലാകണം പ്രാചീനജീവികളും കഴിഞ്ഞിരുന്നത്‌. ജലസസ്യങ്ങളായിരുന്നു അവയുടെ മുഖ്യഭക്ഷണം എന്ന്‌, അവയുടെ ദന്തനിരകള്‍ സൂചിപ്പിക്കുന്നതായും ഗവേഷകര്‍ അറിയിക്കുന്നു.

കടല്‍ രാക്ഷസന്‍
കടലില്‍നിന്ന്‌ ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ ഉരഗത്തിന്റെ ഫോസില്‍ തിരിച്ചറിഞ്ഞത്‌ നോര്‍വീജയന്‍ ശാസ്‌ത്രജ്ഞരാണ്‌. ആര്‍ക്‌ടിക്‌ ദ്വീപ്‌ ശൃംഗലയായ സ്വാല്‍ബാഡില്‍നിന്ന്‌ 15 കോടി വര്‍ഷം മുമ്പ്‌ ദിനോസറുകള്‍ക്കൊപ്പം ഭൂമുഖത്തുണ്ടായിരുന്ന ഈ ഭീമന്റെ ഫോസിലുകള്‍ 2007 ആഗസ്‌തിലാണ്‌ ഉത്‌ഖനനം ചെയ്‌തെടുത്തത്‌. കടലില്‍നിന്ന്‌ കണ്ടെത്തിയിട്ടുള്ള ഏത്‌ ഉരഗത്തെക്കാളും 20 ശതമാനം വലുതാണ്‌ 'കടല്‍ രാക്ഷസനെ'ന്ന്‌, പര്യവേക്ഷണത്തിന്‌ നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ്‌ ഓസ്ലോ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഡോ.ജോര്‍ന്‍ ഹുരും അറിയിക്കുന്നു.
മൂക്കു മുതല്‍ വാലറ്റം വരെ അളന്നാല്‍ 15 മീറ്റര്‍ (50 അടി) നീളം വരും രക്ഷസന്‌. ഒരു ചെറിയ കാറിനെ കടിച്ചെടുത്ത്‌ രണ്ടായി മുറിക്കാന്‍ പോന്നത്ര വലുതും ഉറപ്പുള്ളതുമായ താടിയെല്ലുകളും വായയുമാണ്‌ അതിന്റേതെന്ന്‌ ഗവേഷകര്‍ പറയുന്നു. 'പ്ലിയോസര്‍' (pliosaur) എന്ന്‌ വിളിക്കുന്ന, ദിനോസര്‍ കാലത്തെ കടലുരഗ ഗണത്തില്‍ പെടുത്താവുന്നതാണ്‌ 'രാക്ഷസന്‍'. വംശനാശം നേരിട്ട വര്‍ഗം.
രാക്ഷസന്റെ ഫോസില്‍ കണ്ടെത്തിയ സ്വാല്‍ബാഡ്‌ ദ്വീപിന്റെ സ്ഥാനം 15 കോടിവര്‍ഷം മുമ്പ്‌ ആര്‍ക്‌ടിക്കിലായിരുന്നില്ല. അന്നത്‌ ചൂടേറിയ ഒരു മേഖലയിലായിരുന്നു. പിന്നീട്‌ ഫലകചലനങ്ങളുടെ ഫലമായി ആര്‍ക്‌ടിക്കിലെത്തപ്പെട്ടതാണ്‌. ആ വിചിത്രദ്വീപ്‌ ശൃംഗല ഇതിനകം തന്നെ ഫോസില്‍വേട്ടക്കാരുടെ ഇഷ്ടസങ്കേതമായിക്കഴിഞ്ഞിട്ടുണ്ട്‌. ഏതാണ്‌ നാല്‌പതോളം കടലുരഗങ്ങളുടെ ഫോസിലുകള്‍ ആ ഒറ്റ മേഖലയില്‍നിന്ന്‌ കണ്ടെടുക്കാന്‍ പുരാവസ്‌തു ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. അതില്‍ ഒട്ടേറെ ഭീമന്‍മാരും ഉള്‍പ്പെടുന്നു. എന്നാല്‍, അവയെയൊക്കെ അതിലംഘിക്കുന്നതാണ്‌ പുതിയ കണ്ടെത്തല്‍. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, ബയോളജി ലറ്റേഴ്‌സ്‌, പ്രൊസീഡിങ്‌സ്‌ ഓഫ്‌ റോയല്‍ സൊസൈറ്റി-ബി, ബി.ബി.സി).

10 comments:

Joseph Antony said...

കോടിക്കണക്കിന്‌ വര്‍ഷം മുമ്പാണ്‌ നമ്മള്‍ ഭൂമിയില്‍ ജീവിച്ചതെന്ന്‌ കരുതുക. എങ്കില്‍ മനുഷ്യരെക്കാള്‍ വലിയ തേളുകളെ നമുക്കു ഭയപ്പെടേണ്ടി വരുമായിരുന്നു, കുട്ടിദിനോസറുകളെ തിന്നുന്ന ഭീമന്‍തവളകള്‍ ഉറക്കം കെടുത്തിയേനെ, കാളയോളം വലിപ്പമുള്ള തൊരപ്പന്‍മാരെ പേടിക്കാതെ പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല, പേടിസ്വപ്‌നങ്ങളില്‍ പോലും കാണാന്‍ ആഗ്രഹിക്കാത്ത തരം രാക്ഷസരൂപമാര്‍ന്ന കടല്‍ജീവികള്‍ നിങ്ങളുടെ യഥാര്‍ഥ അനുഭവങ്ങളില്‍ നിറഞ്ഞേനെ. വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങളാണിവ. പക്ഷേ, ശാസ്‌ത്രഭാവനകളെ വെല്ലുന്ന വിസ്‌മയങ്ങളാണ്‌ പ്രകൃതി നമുക്കായി ഒളിച്ചുവെച്ചിരിക്കുന്നത്‌. പ്രാചീനലോകത്ത്‌ ജീവിച്ചിരുന്ന നാല്‌ വിചിത്രജിവികളെക്കുറിച്ച്‌.

ഏ.ആര്‍. നജീം said...

ഹോ.. കേട്ടിട്ട് തന്നെ പേടിയാകുന്നു..

അല്ല മറ്റൊരു കാര്യം ചിലപ്പോള്‍ അന്ന് ജീവിച്ചിരുന്ന മനുഷ്യരും ഇത്തരത്തില്‍ നമ്മുക്ക് സങ്കല്പിക്കാന്‍ പോലുമാവാത്തവണ്ണം വലുതായിരുന്നിരിക്കാം. പണ്ട് മുത്തശ്ശിക്കഥകളിലെ രാക്ഷസന്മാരെ കുറിച്ച് പറയാറില്ലെ അതൊരുപക്ഷെ ഈ യുഗങ്ങളില്‍ ജീവിച്ചിരുന്നവരാകാം...

Muneer Koliyat said...

പല സ്ഥലങ്ങളില്‍ നിന്നും പണ്ടുകാലത്ത്‌ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍ ഈ അടുത്ത കാലത്ത്‌ കൂടുതലായി കിട്ടിക്കൊണ്ടിരിക്കുന്നുവെന്നാണ്‌ കേള്‍ക്കുന്നത്‌.

This is very informative blogging

Muneer K Mattanur
http://www.koliyat.com/

ശല്യക്കാരന്‍ said...

മാഷേ

നന്ദി, ഈ വിജ്ഞാനശകലം പങ്കു വച്ചതിന്
ആദ്യ ഖണ്ഡികയില്‍ പറയുന്ന ‘നിഖിലിസം’ അല്ലല്ലോ ‘നിഹിലിസം’ (Nihilism)അല്ലെ. ശരിക്കും രണ്ടിണ്ടേ അര്‍ഥം വേറേ അല്ലേ.
നിഖിലം = അഖിലം = എല്ലായിടത്തും
നിഹിലിസം = ഒന്നുമില്ലായ്മ

ചെറിയ സംശയം

ഭൂലോകം said...

നല്ല പോസ്റ്റ്‌.... നന്ദി
പക്ഷെ...
ആ തവളയെ ചെകുത്താന്‍ തവള എന്നു വിളിച്ചതില്‍ ഞാന്‍ പ്രധിക്ഷേതിക്കുന്നു... (മലയാളം അറിയാത്ത എല്ലാ തവളകള്‍ക്കും വേണ്ടി).

ja അതു പിന്‌വലിച്ച്‌ മാപ്പു പറയണം...

....അന്നും ചെകുത്താന്‍ ഉണ്ടായിരുന്നോ???

Unknown said...

മാഷേ... ആദ്യമായാ ഞാന്‍ കുറിഞ്ഞി ഓണ്‍ലൈനിലെത്തുന്നത്.. തികച്ചും വിജ്ഞാനപ്രദം..
ആശംസകള്‍...

Joseph Antony said...

ഏ.ആര്‍.നജീം,
മുനീര്‍,
ശല്യക്കാരന്‍,
ഭൂലോകം,
പുടയൂര്‍,
ഇവിടെയെത്തിയതിലും വായിച്ച്‌ അഭിപ്രായം പറയാന്‍ തോന്നിയതിലും സന്തോഷം.

ശല്യക്കാരന്‍,
ആ പിശക്‌ ചൂണ്ടിക്കാട്ടിയതിന്‌ നന്ദി, ശരിയാക്കിയിട്ടുണ്ട്‌.

Anonymous said...
This comment has been removed by a blog administrator.
ശ്രീ said...

ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ തന്നെ മാഷേ... പങ്കു വച്ചതിനു നന്ദി.
:)

അപ്പു ആദ്യാക്ഷരി said...

പതിവുതെറ്റിയീല്ല ജോസഫ് മാഷേ...ഒരുപാട് പുതിയ അറിവുകള്‍. ഒരുപക്ഷേ ആ കാലഘട്ടങ്ങള്‍ക്കു ശേഷം മനുഷ്യര്‍ക്ക് വളര്‍ന്നുവരുവാനാവാം, പ്രകൃതിതന്നെ ഈ ഭീമാ‍കാരന്മാരെ ഇല്ലായ്മ ചെയ്തത്.