Sunday, November 25, 2007

വരവായി, വായനയുടെ ഇ-വസന്തം

നൂറുകണക്കിന്‌ പുസ്‌തകങ്ങള്‍ വെറും മുന്നൂറു ഗ്രാം ഭാരമുള്ള 'കിന്‍ഡില്‍' ഇ-ബുക്ക്‌ റീഡറില്‍ കൊണ്ടുനടക്കാം. പുസ്‌തകങ്ങള്‍ വയര്‍ലെസ്സായി ഡൗണ്‍ലോഡ്‌ ചെയ്യാം, പത്രങ്ങളും ബ്ലോഗുകളും ഓട്ടോമാറ്റിക്കായി റീഡറിലെത്തും. വായനയുടെ ലോകത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ്‌ ആമസോണിന്റേതെന്ന്‌ വിലയിരുത്തല്‍.

പുസ്‌തക വില്‍പ്പനയുടെ ശിരോലിഖിതം മാറ്റിവരച്ച ഓണ്‍ലൈന്‍ സംരംഭമാണ്‌ 'ആമസോണ്‍'. ഉപഭോക്താവ്‌ ലോകത്തിന്റെ ഏത്‌ കോണിലായാലും ഇന്റര്‍നെറ്റിലൂടെ ആവശ്യപ്പെട്ടാല്‍ പുസ്‌തകം ആമസോണ്‍ പടിക്കലെത്തിക്കും. പുസ്‌തകം മാത്രമല്ല, മിക്ക കണ്‍സ്യൂമര്‍ ഉത്‌പന്നവും ഇന്ന്‌ ആമസോണ്‍ വഴി വാങ്ങാം. ഇത്രകാലവും ഒരു ഇ-ബിസിനസ്‌ കമ്പനി മാത്രമായിരുന്ന ആമസോണ്‍ ഇപ്പോഴിതാ, ഹാര്‍ഡ്‌വേര്‍ രംഗത്തേക്കും കടന്നിരിക്കുന്നു. 'കിന്‍ഡില്‍'(Kindle) എന്ന വയര്‍ലെസ്സ്‌ 'ഇലക്ട്രോണിക്‌ ബുക്ക്‌ റീഡറു'മായാണ്‌ കമ്പനിയുടെ രംഗപ്രവേശം. പുസ്‌തക വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ, വായനയുടെ രീതിശാസ്‌ത്രവും ആമസോണ്‍ 'കിന്‍ഡിലി'ലൂടെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആദ്യമായല്ല ഒരു കമ്പനി ഇ-ബുക്ക്‌ റീഡര്‍ പുറത്തിറക്കുന്നത്‌. പക്ഷേ, വിപണിയില്‍ ഇതുവരെ വിജയിക്കാന്‍ ഒരു ഇ-ബുക്ക്‌ റിഡറിനും കഴിഞ്ഞിട്ടില്ല. കിന്‍ഡിലിന്റെ കഥ പക്ഷേ, മറ്റൊന്നാണെന്ന്‌ വിപണിയില്‍ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റോറുകളിലെത്തിയ കിന്‍ഡിലുകള്‍ മുഴുവന്‍ ഒറ്റയടിക്ക്‌ വിറ്റു പോയതിനാല്‍, ഡിസംബര്‍ ഏഴ്‌ വരെ ആമസോണ്‍ ഇപ്പോള്‍ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ ആമസോണ്‍ ഡോട്ട്‌ കോം വഴി ബുക്കുചെയ്യാം, മുന്‍ഗണന ഉറപ്പാക്കാം. 'ആപ്പിള്‍' കമ്പനിയുടെ എം.പി-3 പ്ലെയറായ 'ഐപ്പോഡി' (iPod) നെ എങ്ങനെയാണോ സംഗീതാസ്വാദകര്‍ സ്വാഗതം ചെയ്‌തത്‌, അതേ പോലെ പുസ്‌തകപ്രേമികള്‍ 'കിന്‍ഡിലി'നെ സ്വാഗതം ചെയ്യുന്നുവെന്നാണ്‌ സൂചന.

"ഡിജിറ്റലീകരണത്തെ ഏറ്റവുമധികം പ്രതിരോധിച്ചിട്ടുള്ള ഉത്‌പന്നം പുസ്‌തകമാണ്‌. അത്യുജ്ജലമായി പരിണമിച്ച ഉത്‌പന്നമാണത്‌. അതിന്‌ പകരം ഒന്ന്‌ മുന്നോട്ടുവെയ്‌ക്കുക അത്യന്തം ദുഷ്‌ക്കരം"-ആമസോണിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ്‌ ബെസോസ്‌ പറയുന്നു. വായിക്കുന്നതോടെ 'അപ്രത്യക്ഷമാകുന്നു' എന്നതാണ്‌ ബുക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. അവശേഷിക്കുന്നത്‌ എഴുത്തുകാരന്റെ ആശയങ്ങളും വാക്കുകളും മാത്രം. പുസ്‌തകങ്ങളുടെ ഈ പ്രത്യേകത കൊണ്ടാണ്‌ വായന നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്നത്‌-അദ്ദേഹം അഭിപ്രായപ്പെടുന്നു. പുസ്‌തകങ്ങളും വായനയും വായനാരീതികളുമൊക്കെ സൂക്ഷ്‌മമായി പഠനവിധേയമാക്കിയിട്ടാണ്‌, ആമസോണ്‍ അതിന്റെ പുതിയ ഉത്‌പന്നം രംഗത്തിറക്കിയിരിക്കുന്നത്‌.

ആഗോള കണ്‍സ്യൂമര്‍ ഭീമനായ 'സോണി' കമ്പനി അതിന്റെ ഇ-ബുക്ക്‌ റീഡറായ 'സോണി റീഡര്‍ഏര്‍ലിയര്‍' (Sony Readerearlier) ഈ വര്‍ഷം തന്നെയാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍, 350 ഡോളര്‍ (14,000 രൂപ) വിലയുള്ള ആ ഇ-റീഡറിന്‌ വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ്‌ 399 ഡോളര്‍ (16,000 രൂപ) വിലയുള്ള 'കിന്‍ഡിലു'മായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്‌. വെറും മുന്നൂറ്‌ ഗ്രാം ഭാരമേയുള്ളൂ ആമസോണിന്റെ ഇ-ബുക്ക്‌ റീഡറിന്‌. കീബോര്‍ഡും ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലെയുമുള്ള കിന്‍ഡിലില്‍ 200 പുസ്‌തകങ്ങള്‍ കൊള്ളും. ഇ-റീഡറില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ 90,000 ഗ്രന്ഥങ്ങളെ ആമസോണ്‍ ഇതിനകം ഡിജിറ്റലീകരണം നടത്തിയിട്ടുണ്ട്‌. ആ ഗ്രന്ഥങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ബ്ലോഗുകളുമെല്ലാം വയര്‍ലെസ്സായി കിന്‍ഡിലിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും.പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി ഘടിപ്പിക്കേണ്ടതില്ല എന്നതാണ്‌ കിന്‍ഡിലിന്റെ സവിശേഷത.

അമേരിക്കയിലുള്ളവര്‍ക്ക്‌ ആമസോണിന്റെ 'വിസ്‌പെര്‍നെറ്റ്‌'(Whispernet) സര്‍വീസ്‌ വഴി, കിന്‍ഡിലിലുള്ള EvDO റേഡിയോ കണക്ഷന്‍ ഉപയോഗിച്ച്‌ പുസ്‌തകങ്ങളും മാസികകളും ഡൗണ്‍ലോഡ്‌ ചെയ്യാം; ഒരു ബാഹ്യഉപകരണത്തിന്റെയും സഹായം വേണ്ട. ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഒരു മിനിറ്റ്‌ സമയമേ വേണ്ടൂ. 'ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ ബെസ്‌റ്റ്‌ സെല്ലര്‍ പട്ടികയിലുള്ള ഒരു പുസ്‌തകം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ 9.99 ഡോളര്‍ (400 രൂപ) ചെലവ്‌ വരും. ആപ്പിളിന്റെ 'ഐഫോണി' (iPhone)ന്റെ കാര്യത്തിലെന്നതു പോലെ, EvDO നെറ്റ്‌വര്‍ക്ക്‌ സര്‍വീസിന്‌ എന്തെങ്കിലും സര്‍വീസ്‌ ചാര്‍ജോ കോണ്‍ട്രാക്ട്‌ ഫീസോ ഇല്ല.

പത്രങ്ങളും ബ്ലോഗുകളും കിന്‍ഡിലില്‍ തനിയോ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും.'ന്യൂയോര്‍ക്ക്‌ ടൈംസ്‌' ഉള്‍പ്പടെയുള്ള പത്രങ്ങളും, ഏറ്റവും ജനപ്രീതിയാര്‍ജിച്ച 300 ബ്ലോഗുകളിലെ മുഴുവന്‍ ഉള്ളടക്കവും ഇത്തരത്തില്‍ ലഭ്യമാണ്‌. മാത്രമല്ല, അനായാസം ഉപയോഗിക്കാന്‍ പാകത്തിലൊരു നിഘണ്ഡുവും കിന്‍ഡലിലുണ്ട്‌. വിക്കിപീഡിയ ഉപയോഗിക്കാനും അതിലുള്ള ബ്രൗസര്‍ അവസരമൊരുക്കുന്നു. ഇ-റീഡറിലെ ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലേയ്‌ക്ക്‌ ബാക്ക്‌ലൈറ്റ്‌ ഇല്ല. അതിനാല്‍ ബാറ്ററിയുടെ ആയുസ്സ്‌ കൂടുതലാണ്‌. വയര്‍ലെസ്സ്‌ കണക്ഷനുള്ളപ്പോള്‍ രണ്ടുദിവസം ബാറ്ററിചാര്‍ജ്‌ ഉണ്ടാകും; കണക്ഷനില്ലെങ്കില്‍ ഒരാഴ്‌ചയും.

കിന്‍ഡിലിന്റെ മെമ്മറി 256 MB യാണ്‌. അതിലുള്ള എസ്‌.ഡി.കാര്‍ഡിലും പുസ്‌തകങ്ങള്‍ സൂക്ഷിക്കാനാകും. മാത്രമല്ല, കാര്‍ഡില്‍ എം.പി-3 ഫയലുകളും ഓഡിയോ ബുക്കുകളും സംഭരിച്ചുവെയ്‌ക്കാം. സാധാരണഗതിയില്‍ ഒരു കിന്‍ഡില്‍ ഗ്രന്ഥത്തിന്‌ 500 KB മുതല്‍ 700 KB വരെയാണ്‌ വലിപ്പം. പുസ്‌തകത്തിന്റെ വായിച്ചു വെച്ച അവസാന പേജാണ്‌, കിന്‍ഡിലില്‍ പിന്നീട്‌ ആ പുസ്‌തകം വായനയ്‌ക്കെടുക്കുമ്പോള്‍ ആദ്യം മുന്നിലെത്തുക. വായിക്കുന്ന പേജില്‍ ഒരു ഭാഗം ഹൈലൈറ്റ്‌ ചെയ്യണമെങ്കില്‍ അതിനും കഴിയും. ആ ഭാഗം സുഹൃത്തിന്‌ ഇ-മെയില്‍ ചെയ്യാനും കിന്‍ഡിലില്‍ സംവിധാനമുണ്ട്‌.

വായിക്കുന്ന പുസ്‌തകത്തില്‍ നിന്ന്‌ കുറിപ്പുകള്‍ തയ്യാറാക്കണമെങ്കിലും പ്രശ്‌നമില്ല. ടെക്‌സ്റ്റ്‌ ഫയലായിത്തെന്ന അത്‌ സൂക്ഷിക്കാനാകും. കിന്‍ഡില്‍ സ്‌റ്റോറില്‍ നിന്ന്‌ പുതിയൊരു പുസ്‌തകം വാങ്ങാനും വളരെ എളുപ്പമാണ്‌. ആമസോണ്‍ ഡോട്ട്‌ കോമില്‍ നിന്ന്‌ എങ്ങനെ ഓണ്‍ലൈനില്‍ പുസ്‌തകം വാങ്ങുന്നുവോ അതേമാതിരി, കിന്‍ഡില്‍ പുസ്‌തകങ്ങളും വാങ്ങാം. കാശുകൊടുത്തു വില്‍പ്പന നടത്തിക്കഴിഞ്ഞാല്‍, പുസ്‌തകം ഓട്ടോമാറ്റിക്കായി കിന്‍ഡിലില്‍ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി വേണമെങ്കിലും കിന്‍ഡിലിലേക്ക്‌ പുസ്‌തകം വാങ്ങാം. കിന്‍ഡില്‍ കൈയിലുണ്ടെങ്കില്‍, നിങ്ങളുടെ ഇഷ്ടഗ്രന്ഥങ്ങള്‍ അടങ്ങിയ ചെറു ലൈബ്രറി എപ്പോഴും ഒപ്പമുണ്ടെന്ന്‌ ഓര്‍ക്കാം.(അവലംബം: വാഷിങ്‌ടണ്‍ പോസ്‌റ്റ്‌, ദി എക്കണോമിസ്‌റ്റ്‌).

7 comments:

Joseph Antony said...

വെറും മുന്നൂറ്‌ ഗ്രാം ഭാരമേയുള്ളൂ ആമസോണിന്റെ ഇ-ബുക്ക്‌ റീഡറായ 'കിന്‍ഡിലി'ന്‌. കീബോര്‍ഡും ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലെയുമുള്ള കിന്‍ഡിലില്‍ 200 പുസ്‌തകങ്ങള്‍ കൊള്ളും. കിന്‍ഡില്‍ കൈയിലുണ്ടെങ്കില്‍, നിങ്ങളുടെ ഇഷ്ടഗ്രന്ഥങ്ങള്‍ അടങ്ങിയ ചെറു ലൈബ്രറി ഒപ്പമുണ്ടെന്ന്‌ ഓര്‍ക്കാം. വായനയില്‍ ഇ-വസന്തം സൃഷ്ടിക്കാനുള്ള പുറപ്പാടാണ്‌ ആമസോണിന്റേതെന്ന്‌ വിലയിരുത്തപ്പെടുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ദൃശ്യ ശ്രവണ മാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും വായനയെ മരണമില്ലാതെ നില നിര്‍ത്തുവാന്‍ സാങ്കേതിക വിദ്യകള്‍ക്കു കഴിയുന്നു എന്നത് വളരെ ആശ്വാസകരമാണ്. ഇനി മുതല്‍ കിന്‍ഡിലിലൂടെയും വായന തന്റെ ജൈത്രയാത്ര തുടരുമെന്ന് നമുക്ക് പ്രത്യാശിക്കാം. കിന്‍ഡിലിനെ പരിചയപ്പെടുത്തിയതിന് നന്ദി.

ഏ.ആര്‍. നജീം said...

പുതിയ ഈ അറിവിന് വളരെ നന്ദി

Anoop Technologist (അനൂപ് തിരുവല്ല) said...

നന്ദി

ശ്രീ said...

നല്ല വിജ്ഞാനപ്രദമായ പോസ്റ്റ്.

:)

Joseph Antony said...

മോഹന്‍ പുത്തന്‍ചിറ,
ഏ.ആര്‍.നജീം,
അനൂപ്‌ തിരുവല്ല,
ശ്രീ,
ഇ-റീഡറിനെക്കുറിച്ച്‌ വായിച്ച്‌ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

chithrakaran:ചിത്രകാരന്‍ said...

പുതിയ അറിവുകള്‍ ചൂടോടെ ബ്ലൊഗിലെത്തിക്കുന്ന താങ്കളുടെ നല്ല മനസ്സിനു നന്ദി.