Wednesday, November 21, 2007

ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍

ചര്‍മത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍. 'ജീവന്‍വെച്ചുള്ള കളി'യെന്ന പഴിയേല്‍ക്കാതെ ഇനി വിത്തുകോശ ഗവേഷണം സാധ്യം.

ണ്ഡങ്ങളോ ഭ്രൂണങ്ങളോ നശിപ്പിക്കാതെ, ജീവന്‍ വെച്ചുള്ള കളിയെന്ന പഴിയേല്‍ക്കാതെ, 'ഭ്രൂണവിത്തുകോശങ്ങള്‍' (embryonic stem cells) സൃഷ്ടിക്കാമെന്ന്‌ തെളിഞ്ഞിരിക്കുന്നു. മനുഷ്യരുടെ സാധാരണ ചര്‍മകോശത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍ സൃഷ്ടിക്കാമെന്നാണ്‌ കണ്ടെത്തല്‍. വിത്തുകോശ ഗവേഷണരംഗത്തും തെറാപ്യൂട്ടിക്‌ ക്ലോണിങിലും മുതല്‍ക്കൂട്ടായേക്കാവുന്ന ഈ കണ്ടെത്തലിന്‌ പിന്നില്‍ അമേരിക്കയിലെയും ജപ്പാനിലെയും ഗവേഷകരാണ്‌. വിത്തുകോശ ഗവേഷണത്തില്‍ വന്‍മുന്നേറ്റം എന്ന്‌ ശാസ്‌ത്രലോകവും മാധ്യമലോകവും ഇതിനെ വിശേഷിപ്പിക്കുന്നു. ധാര്‍മികതമൂല്യങ്ങളുടെ പേരില്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നവരും, പുതിയ ഗവേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നതാണ്‌ പ്രത്യേകത.

ജപ്പാനില്‍ ക്യോട്ടോ സര്‍വകലാശാലയിലെ പ്രൊഫ. ഷിനിയ യമനക നേതൃത്വം നല്‍കിയ സംഘവും, അമേരിക്കയില്‍ വിസ്‌കോസിന്‍ സര്‍വകലാശാലയിലെ ഡോ.ജയിംസ്‌ തോംസന്റെ കീഴിലുള്ള സംഘവുമാണ്‌ വെവ്വേറെ നിലകളില്‍ വിത്തുകോശ മുന്നേറ്റം നടത്തിയത്‌. (മനുഷ്യരിലെ ഭ്രൂണവിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്‌ത്രജ്ഞനാണ്‌ ഡോ.തോംസണ്‍). ജാപ്പനീസ്‌ സംഘം അവരുടെ കണ്ടെത്തല്‍ 'സെല്‍' ഗവേഷണ വാരികയിലും, യു.എസ്‌.സംഘം 'സയന്‍സ്‌' വാരികയിലും പ്രിസിദ്ധീകരിച്ചു. ചര്‍മകോശങ്ങളിലേക്ക്‌ നാല്‌ ജീനുകള്‍ വീതം സന്നിവേശിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ആ ജീനുകള്‍ ചര്‍മകോശങ്ങളില്‍ നടത്തിയ പുനര്‍പ്രോഗ്രാമിങിന്റെ ഫലമായി, അവ വിത്തുകോശങ്ങളായി പരിണമിച്ചു. മനുഷ്യ ശരീരത്തില്‍ ആകെയുള്ള 220 ഇനം കോശങ്ങളായും വളര്‍ന്നു വരാന്‍ കെല്‍പ്പുള്ള അടിസ്ഥാനകോശങ്ങള്‍ക്കാണ്‌ വിത്തുകോശങ്ങള്‍ എന്നു പറയുന്നത്‌.

സങ്കലനം നടന്ന്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഭ്രൂണത്തില്‍ നിന്നാണ്‌ വിത്തുകോശം എടുത്തിരുന്നത്‌. അതിന്റെ ഫലമായി ഭ്രൂണങ്ങള്‍ നശിക്കും. ഭ്രൂണത്തെ നശിപ്പിക്കുന്നത്‌, മനുഷ്യജീവന്‍ നശിപ്പിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ വാദം. വിവിധ മതവിഭാഗങ്ങള്‍, പ്രത്യേകിച്ചും ക്രിസ്‌ത്യന്‍സഭകള്‍ വിത്തുകോശ ഗവേഷണത്തെ ശക്തമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യജീവന്‍ നശിപ്പിക്കുന്ന വിത്തുകോശ ഗവേഷണത്തെ വിമര്‍ശിക്കുന്നു. ഇവാഞ്ചലിസ്‌റ്റുകളുടെ സമ്മര്‍ദഫലമായി യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ വിത്തുകോശ ഗവേഷണബില്‍ വീറ്റോ ചെയ്യുകയും ചെയ്‌തിരുന്നു. അതിനാല്‍, അമേരിക്കയില്‍ വിത്തുകോശ ഗവേഷണത്തിന്‌ ഫെഡറല്‍ ഫണ്ട്‌ ലഭിക്കുന്നില്ല. അത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ സങ്കേതം വിരാമമിടുന്നു. പുതിയ ഗവേഷണത്തെ പ്രകീര്‍ത്തിക്കുന്നവരില്‍ 'യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്ക്‌ ബിഷപ്പ്‌സി'ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഡോര്‍ഫ്‌ളിംഗറും ഉണ്ട്‌. "ശാസ്‌ത്രത്തിന്റെയും ധാര്‍മികതയുടെയും വിജയമാണ്‌ ഇതെന്ന്‌" അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഭ്രൂണങ്ങളില്‍ നിന്ന്‌ നേരിട്ട്‌ വിത്തുകോശങ്ങള്‍ ശേഖരിക്കും പോലെ സുരക്ഷിതമല്ല പുതിയ സങ്കേതം. കാന്‍സര്‍ ജീന്‍ പോലും കോശങ്ങളെ പുനര്‍പ്രോഗ്രാമിങ്‌ നടത്താനായി ഗവേഷകര്‍ ഉപയോഗിച്ചു. എന്നാല്‍, ഇത്‌ പുതിയൊരു ചുവടുവെപ്പ്‌ മാത്രമാണെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സങ്കേതം കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ജാപ്പനീസ്‌ ഗ്രൂപ്പ്‌ ഉപയോഗിച്ച നാലു ജീനുകളില്‍ രണ്ടെണ്ണം, അമേരിക്കന്‍ സംഘം ഉപയോഗിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. ചര്‍മകോശങ്ങളിലെ ചില ജീനുകളെ കെടുത്തുകയും തെളിക്കുകയും ചെയ്യുകയെന്ന പൊതുധര്‍മമാണ്‌ രണ്ട്‌ ഗ്രൂപ്പുകളും ഉപയോഗിച്ച ജീനുകള്‍ നിര്‍വഹിച്ചത്‌. അത്തരത്തില്‍ പുനര്‍പ്രോഗ്രാമിങ്‌ നടത്തി ലഭിച്ചവ ശരിക്കും ഭ്രൂണവിത്തുകോശങ്ങളുടെ തനിപ്പകര്‍പ്പായിരുന്നുവെന്ന്‌ ഡോ.തോംസണ്‍ അറിയിക്കുന്നു.

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ കോശങ്ങള്‍ക്ക്‌ അപചയം സംഭവിക്കുമ്പോഴാണ്‌ ഒരാള്‍ പ്രമേഹരോഗിയായി മാറുന്നത്‌. മസ്‌തിഷ്‌ക കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന നാശം ഒരാളെ പാര്‍ക്കിന്‍സണ്‍സ്‌ രോഗിയോ, അല്‍ഷൈമേഴ്‌സ്‌ രോഗിയോ ആക്കിമാറ്റാം. ഹൃദയപേശീകോശങ്ങള്‍ നശിക്കുകയാണ്‌ ഹൃദയാഘാത വേളയില്‍ സംഭവിക്കുന്നത്‌. ഇത്തരത്തില്‍ നാശം നേരിട്ട കോശഭാഗങ്ങള്‍ പുനസൃഷ്ടിക്കാനായാല്‍, മേല്‍പ്പറഞ്ഞ മാരകരോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയും. ഇത്തരം കോശഭാഗങ്ങള്‍ മാറ്റിവെയ്‌ക്കാന്‍ കഴിയാത്തത്‌, രോഗിയുടെ ശരീരം അന്യകോശഭാഗങ്ങള്‍ തിരസ്‌കരിക്കും എന്നതിനാലാണ്‌. എന്നാല്‍, രോഗിയുടെ വിത്തുകോശം തന്നെ ഉപയോഗിച്ച്‌ അയാളുടെ ശരീരത്തിലെ കോശഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍, തിരസ്‌കരണം എന്ന പ്രശ്‌നം ഉദിക്കുന്നില്ല. വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും മെരുങ്ങാത്ത ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുമത്‌. ആ നിലയ്‌ക്ക്‌ വന്‍പ്രധാന്യം അര്‍ഹിക്കുന്നതാണ്‌ പുതിയ ഗവേഷണം.

ഭ്രൂണവിത്തുകോശം സൃഷ്ടിക്കാന്‍ ഇത്രകാലവും അനുവര്‍ത്തിച്ചു വന്ന മാര്‍ഗ്ഗം, 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാല്‍ വില്‍മുട്ടും സംഘവും വികസിപ്പിച്ച മാര്‍ഗ്ഗമാണ്‌. ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ഭ്രൂണത്തില്‍ നിന്ന്‌ വിത്തുകോശങ്ങള്‍ ശേഖരിക്കുകയായിരുന്നു പതിവ്‌. എന്നാല്‍, പ്രൊഫ. ഷിനിയ യമനക കണ്ടെത്തിയ സങ്കേതം താന്‍ രൂപപ്പെടുത്തിയതിലും മികച്ചതാണെന്നും, അതിനാല്‍ ഭ്രൂണവിത്തുകോശ ഗവേഷണം താന്‍ ഉപേക്ഷിക്കുകയാണെന്നും ഡോളിയുടെ സൃഷ്ടാവ്‌ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിക്കുകയുണ്ടായി. (കാണുക: കുരങ്ങിന്റെ ഭ്രൂണം ക്ലോണിങിലൂടെ. അവലംബം: സെല്‍, സയന്‍സ്‌).

10 comments:

Joseph Antony said...

ഭ്രൂണങ്ങളെ നശിപ്പിക്കുന്നത്‌, മനുഷ്യജീവന്‍ നശിപ്പിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ വാദം. വിവിധ മതവിഭാഗങ്ങള്‍, പ്രത്യേകിച്ചും ക്രിസ്‌ത്യന്‍ സഭകള്‍ വിത്തുകോശ ഗവേഷണത്തെ ശക്തമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യജീവന്‍ നശിപ്പിക്കുന്ന വിത്തുകോശ ഗവേഷണത്തെ വിമര്‍ശിച്ചിരുന്നു. അത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ മാര്‍ഗം വിരാമമിടുന്നു. പുതിയ ഗവേഷണത്തെ പ്രകീര്‍ത്തിക്കുന്നവരില്‍ 'യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്ക്‌ ബിഷപ്പ്‌സി'ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഡോര്‍ഫ്‌ളിംഗറും ഉണ്ട്‌. `ശാസ്‌ത്രത്തിന്റെയും ധാര്‍മികതയുടെയും വിജയമാണ്‌ ഇതെന്ന്‌` അദ്ദേഹം അഭിപ്രായപ്പെട്ടു. ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശം വികസിപ്പിക്കാനുള്ള സങ്കേതം വികസിപ്പിച്ചതിനെക്കുറിച്ച്‌....

Mr. K# said...

കൊള്ളാം. ഒരിക്കലും മരിക്കാത്ത മനുഷ്യനെ സൃഷ്ടിക്കാനാണ് ഈ പോക്ക്. ഏതെങ്കിലും അവയവം കേടായാല്‍ അതങ്ങ് മാറ്റി വച്ചാല്‍ മതിയല്ലോ. ശരീരം അതു പുറം തള്ളുകയുമില്ല.

അപ്പു ആദ്യാക്ഷരി said...

ജോസഫ് മാഷേ. നല്ല വാര്‍ത്ത.
നല്ല പോസ്റ്റ്. ഇതിലെ കുറച്ചു ടെക്സ്ക്റ്റ് മലയാളം വിക്കിയില്‍ ഈ വിഷയം എഴുതുവാനായി എടുത്തോട്ടേ?

Joseph Antony said...

കുതിരവട്ടന്‍,
അപ്പു,
രണ്ടാള്‍ക്കും അഭിവാദ്യങ്ങള്‍.
അപ്പൂ, തീര്‍ച്ചയായും എടുത്തുകൊള്ളു.

vadavosky said...

എന്റെ പുതിയ പോസ്റ്റില്‍ താങ്കളോട്‌ ഒരു സംശയം ചോദിച്ചിട്ടുണ്ട്‌. ഉത്തരം പറയാമോ മാഷേ.

oru blogger said...

എനിക്കുമൊരു ചോദ്യമുണ്ട്..ചോദ്യം ഇവിടെത്തന്നെയാകട്ട്:)

ആദ്യത്തെ ക്ലോണിങ്ങില്‍ ഒരു ചെമ്മരിയാടിന്റെ അതുപോലത്തെ മറ്റൊരു രൂപമല്ലെ ക്ലോണ്‍ ചെയ്തെടുത്തത്.

പക്ഷെ, ക്ലോണിങ്ങിനു മുന്‍പ് മാഷിനു രണ്ട് ചെമ്മരിയാടുകളെ തമ്മില്‍ തിരിച്ചറിയാന്‍ പറ്റുമായിരുന്നൊ? :)

Suraj said...

ഭ്രൂണേതര വിത്തു കോശങ്ങള്‍ : ചില വഴിമുടക്കിപ്രശ്നങ്ങള്‍ -

1. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോശങ്ങളിലേയ്ക്ക് ഏതാനും ചില ജീനുകളെ സന്നിവേശിപ്പിച്ച് ആ കോശങ്ങളെ ഭ്രൂണത്തിലെ “വിത്തു” കോശത്തിനു ‘സമാനമായ‘ ചില കോശങ്ങള്‍ ആക്കുന്ന പ്രക്രിയ മാത്രമേ ഈ ഗവേഷണത്തില്‍ വിജയിച്ചിട്ടുള്ളൂ.... പുനര്‍ജന്മം കിട്ടിയ കോശങ്ങള്‍ക്കു വിത്തുകോശങ്ങളുടെ മിക്ക സ്വഭാവവും ഉണ്ടെങ്കിലും അവ പൂര്‍ണ്ണമായും വിത്തു കോശങ്ങള്‍ ആയി രൂപന്തരപ്പെട്ടിട്ടുണ്ടോ എന്നു ഈ പരീക്ഷണ ഫലങ്ങള്‍ തെളിയിച്ചിട്ടില്ല.

2. വിത്തുകോശങ്ങള്‍ സാധാ‍രണയായി വൈവിധ്യമാര്‍ന്ന കോശങ്ങളായി സ്വയം തരംതിരിയാന്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിനു വരുന്ന ജീനുകളില്‍ എല്ലാ ജീനുകളും ഈ “പുനര്‍-പ്രോഗ്രാമിങ്“ ചെയ്യപ്പെട്ട കോശങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതു കൊണ്ടുതന്നെ അവയെ നാം ഉദ്ദേശിക്കുന്ന രീതിയില്‍ രോഗ ചികിത്സകള്‍ക്കും മറ്റും ഉപയോഗിക്കാന്‍ പറ്റുമോയെന്നും അറിയില്ല.

3. ഈ സാങ്കേതികതയില്‍ ജീനുകളെ കോശത്തിനുള്ളിലേയ്ക്കു കടത്തി കോശകേന്ദ്രമായ ന്യൂക്ലിയസിലെ മറ്റ് ജീനുകളുടെ ഇടയ്യ്ക്കു തിരുകികായറ്റാന്‍ നാമുപയോഗിക്കുന്നത് വൈറസുകളെയാണ്. അവന്മാരെ അങ്ങനെയങ്ങ് നമ്പാന്‍ പറ്റില്ല. എപ്പോഴാണ് ഈ വൈറസുകള്‍ രോഗകാരകമായ സ്വന്തം ജീനുകളെക്കൂടി നമ്മുടെ കോശങ്ങളിലേയ്ക്ക് ഇടിച്ചു കയറ്റുക എന്നു പറയാനാവില്ല. ഏതാണ്ട് എല്ല ക്യാന്‍സറും ഇങ്ങനെ വൈറസുകള്‍ സൂത്രത്തില്‍ കയറ്റിവിടുന്ന ജീനുകള്‍ മൂലം ഉണ്ടാകുന്നതാണെന്നിപ്പോള്‍ തന്നെ നമുക്കറിയാം... വെളുക്കാന്‍ തേച്ചതു പാണ്ടായാല്‍ ??

4. ഡോളിയെന്ന ചെമ്മരിയാടിനെ സ്യഷ്ടിച്ചപ്പോള്‍ ‍ശാസ്ത്രത്തിനു ഒരു അക്കിടി പറ്റി - പുര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു തന്ത-കോശവും, ജനിതകവസ്തുവില്ലത്ത ഒരു തള്ള-കോശവും ചേര്‍ത്താണല്ലോ ഡോളിയെ സ്യഷ്ടിച്ചത് . (വിശദാംശങ്ങള്‍, ജോസഫ് മാഷിന്റെ പോസ്റ്റില്‍ )അങ്ങനെയാവുമ്പോള്‍ ഡോളിയ്ക്ക് എത്രയാവും പ്രായം? പൂര്‍ണ്ണ വളര്‍ച്ചയെത്തിയ തന്ത-കോശത്തിന്റെ പ്രായം തന്നെ..!

ബാഹ്യവളര്‍ച്ചയില്‍ ഡോളി മറ്റേതൊരു ആടിനെയും പോലെയായിരുന്നുവെങ്കിലും ആന്തരികമായി ഡോളി കിഴവിയായിരുന്നു എന്നു സാരം...!
കോശത്തിന്റെ പ്രായം എന്ന ഘടികാരം പിറകോട്ടുതിരിക്കാന്‍ ഏതു ജീനുകളാണ് സഹായിക്കുകയെന്നു ക്യത്യമായി ഇന്നും ശാ‍സ്ത്രത്തിനറിയില്ല. ഇതേ പ്രശ്നം പുതിയ ഗവേഷണത്തിലും ഉണ്ട്...പുനര്‍ പ്രോഗ്രാം ചെയ്യപ്പെട്ട കോശങ്ങള്‍ യഥാര്‍ഥത്തില്‍ പ്രായം കുറഞ്ഞവയായി മാറിയിട്ടുണ്ടോ ? അതറിയാന്‍ ഒരുപാട് കാത്തിരിക്കണം.

അതുവരെ മെഡിക്കല്‍ സയന്‍സ് ക്ഷമിക്കാന്‍ സാധ്യതയില്ല..രോഗങ്ങളുമായാണു നമ്മുടെ പോരാട്ടം. അതിനാല്‍ ഭ്രൂണത്തില്‍ നിന്നും എടുക്കുന്ന “ഇളം” വിത്തുകോശങ്ങള്‍ തന്നെയാണ് നമുക്ക് വീണ്ടും ആശ്രയം .

‘ബയൊ എത്തിക്സു‘കാരും ദൈവവിശ്വാസികളും പോയി തുലയട്ടെ! ശാസ്ത്രം അതിന്റെ മുന്നേറ്റം തുടരട്ടെ!...ഹ ഹ ഹ ഹ...!

Joseph Antony said...

സൂരജ്‌,
വിത്തുകോശ ഗവേഷണ രംഗം നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും താങ്കള്‍ സമഗ്രതയോടെ, ഫലപ്രദമായി വിവരിച്ചിരിക്കുന്നു. വളരെ നന്ദി. വിത്തുകോശ ഗവേഷണം നേരിടുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന്‌ ചോദിച്ചാല്‍, താങ്കളുടെ കമന്റ്‌ ഇനി അതിനുള്ള വിശദീകരണമായി ചൂണ്ടിക്കാട്ടാന്‍ പറ്റും.
എന്നാല്‍, അണ്ഡം നശിപ്പിക്കാതെ, ഭ്രൂണം നശിപ്പിക്കാതെ ഭ്രൂണവിത്തുകോശങ്ങളുടെ പ്രാഥമികരൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിന്റെ പ്രാധാന്യം ഇതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല. ഏത്‌ ഗവേഷണവും തുടക്കത്തില്‍ താങ്കള്‍ ഉന്നയിച്ചതു പോലുള്ള അസംഖ്യം വെല്ലുവിളികള്‍ നേരിട്ടാണ്‌, പിന്നീട്‌ കുറ്റമറ്റ ഒന്നായി മറുകയും മനുഷ്യര്‍ക്ക്‌ സഹായത്തിനെത്തുകയും ചെയ്‌തതെന്ന്‌ ചരിത്രം വ്യക്തമാക്കുന്നു. അതിനാല്‍, ശുഭാപ്‌തി വിശ്വാസിയാവുക എന്നേ ഇതേക്കുറിച്ച്‌ പറയാനാകൂ.

Suraj said...

ഭ്രൂണം കഷ്ടിച്ചു ഒരാഴ്ച്ചയോ രണ്ടാഴ്ചയോ പ്രായമുള്ള അവസ്ഥയിലാണ് വിത്തുകോശങ്ങള്‍ക്കായി നശിപ്പിക്കപ്പെടുന്നത്. ആ സമയത്ത് ഒരു നാഡീവ്യൂഹം പോലുമില്ലത്ത ഭ്രൂണത്തിനെ ഒരുകൂട്ടം കോശങ്ങളെന്നേ വിളിക്കാന്‍ പറ്റൂ...അതിനാല്‍ത്തന്നെ ഏതു ശാസ്ത്രീയ തട്ടില്‍ വച്ചളന്നാലും ആ ഭ്രൂണത്തെ നശിപ്പിക്കുന്നതില്‍ ഒരു കോഴിമുട്ട വേവിക്കുന്നതിന്റെയത്ര പോലും ധാര്‍മ്മിക പ്രശ്നമില്ല.
എന്നിട്ടും മനുഷ്യകുലത്തിനെന്നല്ല വംശനാശം സംഭവിക്കാനിടയുള്ള സകല ജീവികള്‍ക്കും പ്രതീക്ഷ നല്‍കുന്ന, വിത്തുകോശ ഗവേഷണത്തിനിട്ട് പാര പണിഞ്ഞുകൊണ്ടിരിക്കുന്നത് മതമൌലിക വാദികളാണ്. ഗര്‍ഭനിരോധനത്തിനെതിരെ - വിശിഷ്യാ അബോര്‍ഷനെതിരേ- ഉന്നയിക്കുന്ന അതേ വാദങ്ങള്‍ തന്നെയാണ് വിത്തുകോശ ഗവേഷണത്തിനെതിരേയും പ്രയോഗിക്കുന്നത്. അതിന്റെ താളത്തിനു കൂത്താടാന്‍ കടലും കടലാടിയുമ്ം തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത ചില രാഷ്ട്ര നേതാക്കളും അവരുടെ ചില ഇവാഞ്ചലിസ്റ്റ് ശാസ്ത്ര ഉപദേഷ്ടാകളും!

യൂറോപ്പിനെക്കാള്‍ സാങ്കേതികമായി എത്രയൊ മുന്നിലെത്തിയിട്ടും അമേരിക്കയില്‍ വിത്തുകോശ ഗവേഷണം ഇന്നും ഞൊണ്ടി ഞൊണ്ടി നടക്കുന്നതിനു കാരണം ഭരണകൂടത്തിന്റെ - പ്രത്യേകിച്ച് ബുഷങ്കിളിന്റെ - നിര്‍ബന്ദ്ധ ബുദ്ധി തന്നെ.
ഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങളുടെ പഠനങ്ങള്‍ ഏറെ മുന്നിലെത്തിയിട്ടും അതിന്റെ പ്രയോജനം രോഗചികിത്സാരംഗത്ത് ലഭ്യമാകാത്തതിനു കാരണവും സാമ്പത്തിക സഹാ‍യത്തിന്റെ അഭാവം തന്നെ.

“ഭ്രൂണവിത്തുകോശങ്ങളുടെ പ്രാഥമികരൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതിന്റെ പ്രാധാന്യം ഇതുകൊണ്ടൊന്നും ഇല്ലാതാകുന്നില്ല.“

തീര്‍ച്ചയായും!
എന്നാല്‍, ഭ്രൂണത്തില്‍ നിന്നുള്ള വിത്തുകോശങ്ങളുടെ പഠനങ്ങള്‍ പുതിയ “ഭ്രൂണേതര വിത്തുകോശ സങ്കേതത്തേകാള്‍ വളരെ വളരെ പ്രതീക്ഷ നല്‍കുന്നുവെന്നതിനാലാണ് ഈയുള്ളവന്‍ അതിനെപ്രതി അക്ഷമനാകുന്നതു. ക്ഷമിക്കുക.

കാക്കത്തൊള്ളായിരം രക്താര്‍ബുദങ്ങള്‍, ആയിരത്തോളം വരുന്ന ജനിതക രോഗങ്ങള്‍, ജന്മവൈകല്യങ്ങള്‍,പ്രമേഹം,പാര്‍ക്കിന്‍സണ്‍സ്,ഹ്യദയ വാ‍ല്‍വ്കളുടെ തകരാറുകള്‍ ...
നമുക്കു രോഗങ്ങളില്‍ നിന്ന് ഏതാനും ചിലരെയല്ല മറിച്ച്, തലമുറകളെത്തന്നെ രക്ഷിക്കെണ്ടതുണ്ട്.

ahamkaram said...

hai ja.... i have a doubt, stem cellinte apt malayalam vithukosham ennu thanneyaano? venamenkil namukkavaye moolakoshangal ennu vilichukoode? plz give mr a reply.
my id: binu@asianetworld.tv