Sunday, November 18, 2007

മീനെണ്ണ ഇനി കൃഷിയിടത്തില്‍ വിളയും

ജനിതക സങ്കേതം തുണയ്‌ക്കെത്തുന്നു. ഓമേഗ-3 കൊഴുപ്പുകള്‍ അടങ്ങിയ സസ്യയെണ്ണകള്‍ രംഗത്തെത്തും. കടലിലെ മത്സ്യസമ്പത്ത്‌ ക്ഷയിക്കുന്നതിന്‌ ഒരു ബദല്‍

ത്സ്യം കഴിക്കാതെ തന്നെ മീനെണ്ണയുടെ ഗുണം ലഭിക്കാന്‍ വഴി തെളിയുന്നു. ജനിതകമാറ്റത്തിലൂടെ മീനെണ്ണ ഉത്‌പാദിപ്പിക്കുന്ന വിളകള്‍ക്ക്‌ രൂപംനല്‍കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഒരുസംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍. ഭക്ഷ്യവസ്‌തുക്കളുടെ പോഷക നിലവാരവും ആരോഗ്യദായകത്വവും പതിന്മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ പുതിയ ഗവേഷണം സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍; കടലില്‍ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷിയിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളിലാണ്‌ 'ഒമേഗ 3-ഫാറ്റി ആസിഡുകള്‍' എന്ന ആരോഗ്യദായക കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്‌. ഹൃദ്രോഗം, പൊണ്ണത്തടി എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന കൊഴുപ്പാണ്‌ 'ഒമേഗാ-3'. ഈ കൊഴുപ്പ്‌ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉള്‍പ്പെടുത്തിയാല്‍, ഒമേഗ-3 കൊഴുപ്പടങ്ങിയ പാലും മാംസവും മുട്ടയും ഉത്‌പാദിപ്പിക്കാന്‍ കഴിയും.മത്സ്യങ്ങള്‍ ഒമേഗാ-3 കൊഴുപ്പുകള്‍ ശരീരത്തില്‍ സ്വയം ഉത്‌പാദിപ്പിക്കുകയല്ല ചെയ്യുന്നത്‌, കടലില്‍ അവ ഭക്ഷണമാക്കുന്ന സൂക്ഷ്‌മജീവികളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. ഇത്തരം സൂക്ഷ്‌മജീവികളില്‍ ഒമേഗ-3 നിര്‍മിക്കാന്‍ പ്രേരകമായ ജീന്‍ വേര്‍തിരിച്ചെടുത്ത്‌ ചെടികളില്‍ സന്നിവേശിപ്പിക്കുയാണ്‌, ഹെര്‍ട്ട്‌സിലെ ഹാര്‍പെന്‍ഡെനില്‍ 'റോഥാംസ്‌റ്റഡ്‌ റിസര്‍ച്ചി'ലെ പ്രൊഫ. ജോനാതന്‍ നാപ്പിയറുടെ നേതൃത്വത്തിലുള്ള സംഘം ചെയ്‌തത്‌. 'താലാസ്സിയോസിറ സ്യൂഡോനാണ' (Thalassiosira pseudonana) എന്ന ഏകകോശ സമുദ്രആല്‍ഗെയില്‍ നിന്നുള്ള ജീനാണ്‌ ഉപയോഗിച്ചത്‌.

ഭക്ഷ്യയെണ്ണയ്‌ക്കായി കൃഷിചെയ്യുന്ന 'ലിന്‍സീഡ്‌' (linseed) പോലുള്ള ചെടികളില്‍ ഈ 'ഒമേഗ-3 ജീന്‍' സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. അത്തരത്തില്‍ ജനിതകസംക്രമണം നടത്തിയ സസ്യങ്ങളില്‍നിന്ന്‌ ഉത്‌പാദിപ്പിച്ച എണ്ണയില്‍ ഒമേഗ-3 കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിരുന്നു. എന്നാല്‍, ഗവേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്‌ തങ്ങളെന്ന്‌, പ്രൊഫ.നാപ്പിയര്‍ അറിയിക്കുന്നു. കുറഞ്ഞത്‌ മൂന്നോ നാലോ വര്‍ഷം കൂടിയെങ്കിലും ഗവേഷണം തുടര്‍ന്നാലേ ഇത്‌ വ്യാപകമായി പരീക്ഷിക്കാനാകൂ-അദ്ദേഹം പറഞ്ഞു.


മത്സ്യം കഴിക്കാത്തവര്‍ക്കും ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുമെന്നതാണ്‌ ഈ ഗവേഷണം വഴിയുള്ള ഒരു ഗുണം. അമിതചൂഷണവും സമുദ്രമലിനീകരണവും വഴി ഭൂമുഖത്തെ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ പല മത്സ്യയിനങ്ങളും കടലില്‍നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ആ നിലയ്‌ക്ക്‌ നാളെ ഒരുപക്ഷേ, ആവശ്യത്തിന്‌ മത്സ്യം ഭക്ഷിക്കാനുണ്ടാകുമോ എന്നകാര്യം സംശയമാണ്‌. അങ്ങനെയാകുമ്പോള്‍, ആരോഗ്യദായകമായ ഒമേഗ-3 കൊഴുപ്പുകള്‍ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗം നല്ലതാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

ജനിതകപരിഷ്‌കരണം നടത്തിയ ഭക്ഷ്യവസ്‌തുക്കള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ്‌ ലോകത്ത്‌ നിലനില്‍ക്കുന്നത്‌. 'ഫ്രാന്‍കെന്‍സ്റ്റൈന്‍ ഫുഡ്‌' എന്നാണ്‌ ഇത്തരം ഭക്ഷ്യവസ്‌തുക്കളെ പലരും വിളിക്കുന്നത്‌. എന്നാല്‍, ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ ജനിതക പരിഷ്‌കരണംവഴി സൃഷ്ടിച്ചതാണെങ്കില്‍ കൂടി ഗുണം ചെയ്യുമെന്ന്‌, റീഡിങ്‌ സര്‍വകലാശാലയില്‍ 'ന്യുട്രീഷ്യണല്‍ സയന്‍സസ്‌ റിസര്‍ച്ച്‌ യൂണിറ്റി'ലെ പ്രൊഫ. ഇയാന്‍ ഗിവണ്‍സ്‌ അഭിപ്രായപ്പെടുന്നു.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി)

15 comments:

JA said...

മത്സ്യം കഴിക്കാത്തവര്‍ക്കും ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുമെന്നതാണ്‌ ഈ ഗവേഷണം വഴിയുള്ള ഒരു ഗുണം. അമിതചൂഷണവും സമുദ്രമലിനീകരണവും വഴി ഭൂമുഖത്തെ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ പല മത്സ്യയിനങ്ങളും കടലില്‍നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ആ നിലയ്‌ക്ക്‌ നാളെ ഒരുപക്ഷേ, ആവശ്യത്തിന്‌ മത്സ്യം ഭക്ഷിക്കാനുണ്ടാകുമോ എന്നകാര്യം സംശയമാണ്‌. അങ്ങനെയാകുമ്പോള്‍, ആരോഗ്യദായകമായ ഒമേഗ-3 കൊഴുപ്പുകള്‍ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗം നല്ലതാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

ക്ലോണിംഗിന്റെ ഒരു നല്ല വശം.

ആഗ്നേയ said...

veri informative

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വളരെ വിജ്ഞാനപ്രദം മാഷേ ... സസ്യാഹാര പ്രിയര്‍ക്ക് സന്തോഷ വാര്‍ത്ത തന്നെ ..!

JA said...

കുതിരവട്ടന്‍,
ആഗ്നേയ,
കെ.പി.സുകുമാരന്‍ മാഷ്‌,
'കുറിഞ്ഞി ഓണ്‍ലൈനി'ലെത്തിയതിലും, പുതിയ പോസ്‌റ്റ്‌ വായിച്ച്‌ അഭിപ്രായം പറഞ്ഞതിലും സന്തോഷം, സ്വാഗതം.

Sebin Abraham Jacob said...

പതിയെ പതിയെ നമ്മുടെ ജൈവാഹാരവും അസ്വാഭാവികമായി മാറുകയാണല്ലേ? അയലത്തല അളിയനും കൊടുക്കില്ലെന്നായിരുന്നു പഴയ ചൊല്ല്. ഇന്നിതാ അയലയില്ലാതെയും പച്ചക്കറിയിലൂടെ അയലരസം നുണയാമെന്ന് വന്നിരിക്കുന്നു. സിന്തറ്റിക് ഫുഡിന്‍റെ കാലം അത്ര വിദൂരമല്ല എന്നാണോ?

ഏ.ആര്‍. നജീം said...

ഇത് കൊള്ളാല്ലോ...
പുതിയ അറിവായിരുന്നു , നന്ദി

JA said...

ഏ.ആര്‍. നജിം,
വായിച്ച്‌ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം.

സെബിന്‍,
ഞങ്ങള്‍ നെയ്യാര്‍ഡാം തടാകത്തിന്റെ തീരത്താണ്‌ വളര്‍ന്നത്‌. ചെറുപ്പകാലത്ത്‌ ആ തടാകത്തില്‍ നിന്ന്‌ രുചികരമായ എത്രയിനം മത്സ്യങ്ങളാണ്‌ സുലഭമായി കിട്ടിയിരുന്നത്‌. അവയില്‍ പലതിന്റെയും രുചി ഇപ്പോഴും നാവിന്‍തുമ്പത്തും സ്‌മരണയിലും മാത്ര്‌ം അവശേഷിക്കുന്നു. അമിതചൂഷണവും, കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളുമാണ്‌, ഈ അവസ്ഥയ്‌ക്ക്‌ കാരണമെന്നു തോന്നുന്നു. കടലിലും പല മത്സ്യങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്‌. അയലത്തലയുടെ ചൊല്ല്‌ ഇക്കാര്യവും ഓര്‍മിപ്പിക്കുന്നു.

vadavosky said...

അയലയിലും സാല്‍മണിലും മാത്രമല്ല നമ്മുടെ ചാളയിലും താങ്കള്‍ക്കിഷ്ടപെട്ട ചൂരയിലും ഒമേഗ-3 കൊഴുപ്പ്‌ കൂടുതല്‍ ഉണ്ട്‌ എന്നാണ്‌ വായിച്ചിട്ടുള്ളത്‌. ഒന്നു വേരിഫൈ ചെയ്യാമോ.

JA said...

പ്രിയപ്പെട്ട വടവോസ്‌കി,
തീര്‍ച്ചയായും ചൂരയിലും ചാളയിലുമെല്ലാം ഒമേഗ-3 കൊഴുപ്പുകള്‍ ഉണ്ട്‌. അയല, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങളിലാണ്‌ കൂടുതലായി അടങ്ങിയിട്ടുള്ളത്‌ എന്നേ അര്‍ഥമാക്കിയുള്ളു. വായിച്ച്‌ അഭിപ്രായം രേഖപ്പെടുത്തിയതില്‍ അതിയായ സന്തോഷം.

മയൂര said...

വിജ്ഞാനപ്രദമായ ലേഖനത്തിനു നന്ദി:)

സസ്യാഹാര പ്രിയര്‍ക്ക് വാല്‍നട്ട്(walnut), ഫ്ലാക്സ്സീഡ് ഓയില്‍(flaxseed oil), കനോലാ ഓയില്‍(canola oil), സ്പിനച്ച്(spinach) എന്നിവയില്‍ നിന്നും ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കും എന്നു കേട്ടിട്ടുണ്ട്.

JA said...

മയൂര,
'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ വന്നതില്‍ സന്തോഷം, വായിച്ച്‌ അഭിപ്രായം പറഞ്ഞിതില്‍ പ്രത്യേകിച്ചും. താങ്കള്‍ സൂചിപ്പിച്ച സസ്യ ഉത്‌പന്നങ്ങളില്‍ നിന്നും ഒമേഗ-3 ലഭിക്കും. പക്ഷേ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അമൂല്യമായ ആ കൊഴുപ്പിന്റെ ഏറ്റവും ചെലവു കുറഞ്ഞ സ്രോതസ്സ്‌ മത്സ്യം തന്നെയാണ്‌.

കൃഷ്‌ | krish said...

നല്ല വിജ്ഞാനപ്രദമായ ലേഖനം. ഇനി നമുക്ക് വെജിറ്റേറിയന്‍ മീനെണ്ണയും ലഭിക്കുമല്ലോ.

തമ്പിയളിയന്‍ said...

അയല അയ്യര്‍ :)

Dr. Andrew Weil - ന്റെ വര്‍ക്ക് താങ്കള്‍ക്കിഷ്ടപ്പെടും.

JA said...

കൃഷ്‌,
തമ്പിയളിയന്‍,
അഭിപ്രായങ്ങള്‍ക്ക്‌ എപ്പോഴും സ്വാഗതം