Saturday, September 15, 2007

അയല്‍പക്കത്ത്‌ ഒരു 'നക്ഷത്രപ്രേതം'

മരിച്ചു കഴിഞ്ഞ ഒരു നക്ഷത്രം ന്യൂട്രോണ്‍ താരമായി ആകാശഗംഗയ്‌ക്കരികില്‍ ഉണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നു. 'കാല്‍വെര'യെന്നു പേരിരിട്ടിട്ടുള്ള ആ 'നക്ഷത്രപ്രേതം' ഒരു ഒറ്റയാന്‍ ന്യൂട്രോണ്‍ താരമാണ്‌. ന്യൂട്രോണ്‍ താരങ്ങളെക്കുറിച്ച്‌ നിലവിലുള്ള ധാരണകള്‍ തിരുത്തിയെഴുതാന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം എന്ന്‌ ഗവേഷകര്‍ കരുതുന്നു.

പ്രേതങ്ങളില്‍ വിശ്വസിക്കാത്ത ആളാവാം നിങ്ങള്‍. എങ്കിലും അയല്‍പക്കത്ത്‌ ഒരു പ്രേതം കഴിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കുക രസമായിരിക്കും. ഒരുപക്ഷേ, വല്ലാത്ത അമ്പരപ്പായിരിക്കും അതുണ്ടാക്കുക. അത്തരമൊരു അവസ്ഥയിലാണ്‌ വാനശാസ്‌ത്രലോകം ഇപ്പോള്‍. കാരണം, നമ്മുടെ പരിസരത്ത്‌ ഒരു മരിച്ച നക്ഷത്രം 'പ്രേത'മായി കഴിയുന്ന കാര്യം തികച്ചും അപ്രതീക്ഷിതമായി അവര്‍ കണ്ടെത്തിയിരിക്കുന്നു; ഒരു ന്യൂട്രോണ്‍ താരത്തിന്റെ (neutron star) രൂപത്തില്‍! സൂര്യന്‍ ഉള്‍പ്പെടുന്ന ആകാശഗംഗ (ക്ഷീരപഥം) യ്‌ക്ക്‌ അരികിലാണ്‌ 'നക്ഷത്രപ്രേതം' നിലയുറപ്പിച്ചിട്ടുള്ളത്‌; 250 മുതല്‍ ആയിരം പ്രകാശവര്‍ഷം വരെ അരികെ. 'കാല്‍വെര' (Calvera) എന്നാണ്‌ അതിനു നല്‍കിയിട്ടുള്ള പേര്‌.

ഇന്ധനം എരിഞ്ഞു തീരുമ്പോള്‍ നക്ഷത്രങ്ങള്‍ മരിക്കും. നക്ഷത്രത്തിന്റെ പിണ്ഡം (mass) എത്രയുണ്ടെന്ന കാര്യം ആശ്രയിച്ചാണ്‌ അന്ത്യത്തില്‍ അവ എന്താകും എന്ന്‌ നിശ്ചയിക്കപ്പെടുക. സൂര്യനെക്കാള്‍ നാലു മുതല്‍ എട്ടു മടങ്ങു വരെ പിണ്ഡമുള്ള നക്ഷത്രങ്ങളാണ്‌ അവയുടെ അന്ത്യത്തില്‍ സൂപ്പര്‍നോവ (supernova) സ്‌ഫോടനത്തിന്‌ വിധേയി ന്യൂട്രോണ്‍ താരങ്ങളാകുക. അതിഭീമമായ സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ഫലമായി നക്ഷത്രത്തിന്റെ പുറംപാളികള്‍ പൊട്ടിത്തെറിക്കുമ്പോള്‍, അതിന്റെ അകക്കാമ്പ്‌ (core) അതിശക്തമായ ഗുരുത്വാകര്‍ഷണത്താല്‍ ഞെരിഞ്ഞമരുന്നു.

അതിഭീമമായ ആ സമ്മര്‍ദം അതിജീവിക്കാന്‍ ആറ്റങ്ങള്‍ക്കു പോലും കഴിയാതെ വരും. ഇലക്ട്രോണുകള്‍ പ്രോട്ടോണുകളുമായി ചേര്‍ന്ന്‌ ന്യൂട്രോണുകളായി മാറുന്നു. എന്നുവെച്ചാല്‍, നക്ഷത്രം പൂര്‍ണമായും ന്യൂട്രോണ്‍ മാത്രമാകും. ആറ്റത്തിന്റെ ന്യൂക്ലിയസ്‌ പോലെ, ഒരു അതിഭീമന്‍ ന്യൂക്ലിയസ്സായി നക്ഷത്രം മൊത്തത്തില്‍ പരണമിക്കുന്നു.

ന്യൂട്രോണ്‍ താരമെന്ന സാധ്യത ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്‌ 1933-ലാണ്‌; ഫ്രിറ്റ്‌സ്‌ സ്വിക്കി, വാള്‍ട്ടര്‍ ബേഡ്‌ എന്നീ ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന്‌. ഒരു ന്യൂട്രോണ്‍ താരത്തിന്‌ ഏതാണ്ട്‌ 16 കിലോമീറ്റര്‍ വ്യാസവും, സൂര്യന്റെ 1.4 മടങ്ങ്‌ പിണ്ഡവും ഉണ്ടാകും. അസാധാരണമാം വിധം സാന്ദ്രതയേറിയതാവും അതിലെ ദ്രവ്യം. ന്യൂട്രോണ്‍ താരത്തില്‍ നിന്നെടുക്കുന്ന ഒരു സ്‌പൂണ്‍ ദ്രവ്യത്തിന്‌ ഭൂമിയില്‍ നൂറ്‌ കോടി ടണ്‍ ഭാരമുണ്ടാകും.

സാധാരണ ഗതിയില്‍ ന്യൂട്രോണ്‍ താരത്തിനൊപ്പം സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളോ, അല്ലെങ്കില്‍ ഒരു പങ്കാളി നക്ഷത്രമോ കാണാറുണ്ട്‌. ചില ന്യൂട്രോണ്‍ താരങ്ങള്‍ റേഡിയോ സ്‌പന്ദനങ്ങള്‍ പുറപ്പെടുവിക്കും. എന്നാല്‍, 'ഉര്‍സ മൈനര്‍' (Ursa Minor) എന്ന നക്ഷത്രസമൂഹത്തില്‍ കണ്ടെത്തിയ പുതിയ ന്യൂട്രോണ്‍ താരത്തിന്‌, ഈ പ്രത്യേകതകളൊന്നുമില്ല. 'ഒറ്റയാന്‍ ന്യൂട്രോണ്‍ താരം' എന്ന്‌ വാനശാസ്‌ത്രജ്ഞര്‍ പേരിട്ടിട്ടുള്ള ഒരു വിചിത്ര ഗണത്തിലാണ്‌ കാല്‍വെര ഉള്‍പ്പെടുന്നത്‌. ഇതുവരെ കണ്ടെത്തിയിട്ടുള്ള എട്ടാമത്തെ ഒറ്റയാന്‍ ന്യൂട്രോണ്‍ താരമാണ്‌ കാല്‍വെര.

അമേരിക്കന്‍, കാനേഡിയന്‍ ഗവേഷകര്‍ ഉള്‍പ്പെട്ട സംഘം നടത്തിയ ഈ കണ്ടെത്തലിന്റെ വിവരം 'അസ്‌ട്രോഫിസിക്കല്‍ ജേണല്‍' ആണ്‌ പ്രസിദ്ധീകരിച്ചത്‌. 1960 -കളില്‍ പുറത്തു വന്ന 'ദി മാഗ്നിഫിഷ്യന്റ്‌ സെവന്‍' എന്ന സിനിമയിലെ വില്ലന്റെ പേരാണ്‌ കാല്‍വെര. മുമ്പ്‌ കണ്ടെത്തിയ ഏഴ്‌ ഒറ്റയാന്‍ ന്യൂട്രോണ്‍ താരങ്ങള്‍ക്ക്‌ ആ സിനിമയിലെ ഏഴ്‌ നായകരുടെ പേരാണ്‌ നല്‍കിയത്‌. എട്ടാമന്‌ വില്ലന്റെ പേര്‌ നല്‍കിയെന്നു മാത്രം.

കാനഡയിലെ മോണ്‍ട്രിയലില്‍ മക്‌ഗില്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. റോബര്‍ട്ട്‌ റുട്ട്‌ലെഡ്‌ജ്‌ ആണ്‌ കാല്‍വെരയെ ആദ്യം നിരീക്ഷിച്ചത്‌. ജര്‍മന്‍-അമേരിക്കന്‍ നിരീക്ഷണ ഉപഗ്രഹമായ 'റോസാറ്റ്‌' (Rosat) നിരീക്ഷിച്ച 18,000 എക്‌സ്‌റേ ഉറവിടങ്ങളുടെ കാറ്റലോഗുകള്‍ താരതമ്യം ചെയ്യുന്ന വേളയിലായിരുന്നു അത്‌. 1990-1999 കാലഘട്ടത്തില്‍ നടത്തിയ നിരീക്ഷണ വിവരങ്ങളായിരുന്നു അത്‌. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ്‌ രൂപത്തിലും റേഡിയോ കിരണങ്ങളാലും ഉപഗ്രഹം നിരീക്ഷിച്ച പ്രാപഞ്ചിക വസ്‌തുക്കളുടെ കാറ്റലോഗുകളാണ്‌ റുട്ട്‌ലെഡ്‌ജ്‌ താരതമ്യം ചെയ്‌തത്‌.

1RXS J141256.0+792204 എന്ന റേഡിയോ ഉറവിടത്തിന്‌ സമീപം മറ്റ്‌ തരംഗദൈര്‍ഘ്യമുള്ള റേഡിയോ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അന്യവസ്‌തുക്കളൊന്നും ഇല്ലെന്ന്‌ അദ്ദേഹത്തിന്‌ സൂചന ലഭിച്ചു. നാസയുടെ 'സിഫ്‌ട്‌ '(Swift) ഉപഗ്രഹത്തിന്റെ സഹായത്തോടെ ഒരു സംഘം വാനശാസ്‌ത്രജ്ഞര്‍ 2006 ആഗസ്‌തില്‍ ആ വിചിത്ര വസ്‌തുവിനെ സൂക്ഷ്‌മമായി പഠിച്ചു. സിഫ്‌ടിലെ എക്‌സ്‌റേ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍, റോസാറ്റ്‌ നിരീക്ഷിച്ചപ്പോഴത്തെ അതേ അളവില്‍ ഇപ്പോഴും അത്‌ എക്‌സ്‌റേ രൂപത്തില്‍ ഊര്‍ജവികിരണങ്ങള്‍ പുറപ്പെടുവിക്കുന്നതായി കണ്ടു. അറിയപ്പെടുന്ന ഒരു വാനശാസ്‌ത്രവസ്‌തുവും അതിനൊപ്പമില്ലെന്നും വ്യക്തമായി. ആ ഒറ്റയാന്‍ ന്യൂട്രോണ്‍ താരത്തിന്റെ സ്ഥാനം കുറെക്കൂടി കൃത്യമായി നിര്‍ണയിക്കാനും കഴിഞ്ഞു.

ഹാവായില്‍ സ്ഥാപിച്ചിട്ടുള്ള ജെമിനി നോര്‍ത്ത്‌ ടെലിസ്‌കോപ്പിന്റെയും, നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററിയുടെയും സഹായത്തോടെ നടത്തിയ കൂടുതല്‍ നിരീക്ഷണങ്ങളില്‍ കാല്‍വെരയെന്ന ആ ന്യൂട്രോണ്‍ താരത്തിന്റെ പ്രത്യേകതകള്‍ ഒന്നുകൂടി സ്ഥിരീകരിക്കപ്പെട്ടു. ശക്തമായി എക്‌സ്‌റേ കിരണങ്ങള്‍ പുറപ്പെടുവിക്കുകയും എന്നാല്‍ വളരെ മങ്ങിയ രൂപത്തില്‍ മാത്രം ദൃശ്യപ്രകാശം പുറത്തു വിടുകയും ചെയ്യുന്ന ഒന്നാണ്‌ കാല്‍വെര. അത്‌ ഏതുതരം ന്യൂട്രോണ്‍ താരമാണെന്ന കാര്യം ഇപ്പോഴും നിഗൂഢതയായി തുടരുകയാണ്‌.

ന്യൂട്രോണ്‍ താരങ്ങളെക്കുറിച്ച്‌ നിലവിലുള്ള സിദ്ധാന്തങ്ങളൊന്നും ഒറ്റയാന്‍ ന്യൂട്രോണ്‍ താരങ്ങളുടെ കാര്യത്തില്‍ ശരിയാകുന്നില്ലെന്ന്‌, പ്രൊഫ. റുട്ട്‌ലെഡ്‌ജ്‌ പറയുന്നു. "ഒന്നുകില്‍ അറിയപ്പെടുന്നവയില്‍ ഒരു അസാധാരണ അംഗമാണത്‌, അല്ലെങ്കില്‍ പുതിയൊരിനം ന്യൂട്രോണ്‍ താരമാണത്‌"-അദ്ദേഹം അഭിപ്രായപ്പെടുന്നു.ആകാശഗംഗയുടെ പരപ്പിന്‌ മുകളിലാണ്‌ കാല്‍വെരയുടെ സ്ഥാനം. നമ്മുടെ മാതൃനക്ഷത്ര ഗണമായ ആകാശഗംഗയുടെ അതിരിലെവിടെയോ കഴിഞ്ഞിരുന്ന ഒരു നക്ഷത്രം, സൂപ്പര്‍നോവയായി പൊട്ടിത്തെറിച്ച ശേഷം ഇപ്പോഴത്തെ സ്ഥാനത്തേക്ക്‌ നീങ്ങിപ്പോയതാകണം എന്ന്‌ ഗവേഷകര്‍ കരുതുന്നു. അറിയപ്പെടുന്നവയില്‍ ഭൂമിക്ക്‌ ഏറ്റവുമടുത്ത്‌ സ്ഥിതിചെയ്യുന്ന ന്യൂട്രോണ്‍ താരം ഇതാണെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: അസ്‌ട്രോഫിസിക്കല്‍ ജേണല്‍)

3 comments:

JA said...

അയല്‍പക്കത്ത്‌ ഒരു പ്രേതം കഴിയുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ഒരുപക്ഷേ, വല്ലാത്ത അമ്പരപ്പായിരിക്കും അതുണ്ടാക്കുക. അത്തരമൊരു അവസ്ഥയിലാണ്‌ വാനശാസ്‌ത്രലോകം ഇപ്പോള്‍. കാരണം, നമ്മുടെ പരിസരത്ത്‌ ഒരു മരിച്ച നക്ഷത്രം 'പ്രേത'മായി കഴിയുന്ന കാര്യം തികച്ചും അപ്രതീക്ഷിതമായി അവര്‍ കണ്ടെത്തിയിരിക്കുന്നു; ഒരു ന്യൂട്രോണ്‍ താരത്തിന്റെ രൂപത്തില്‍!

കുതിരവട്ടന്‍ :: kuthiravattan said...

നല്ല വിവരണം

..വീണ.. said...

വിജ്ഞാനപ്രദം.
നന്ദി..