Sunday, November 25, 2007

വരവായി, വായനയുടെ ഇ-വസന്തം

നൂറുകണക്കിന്‌ പുസ്‌തകങ്ങള്‍ വെറും മുന്നൂറു ഗ്രാം ഭാരമുള്ള 'കിന്‍ഡില്‍' ഇ-ബുക്ക്‌ റീഡറില്‍ കൊണ്ടുനടക്കാം. പുസ്‌തകങ്ങള്‍ വയര്‍ലെസ്സായി ഡൗണ്‍ലോഡ്‌ ചെയ്യാം, പത്രങ്ങളും ബ്ലോഗുകളും ഓട്ടോമാറ്റിക്കായി റീഡറിലെത്തും. വായനയുടെ ലോകത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ്‌ ആമസോണിന്റേതെന്ന്‌ വിലയിരുത്തല്‍.

പുസ്‌തക വില്‍പ്പനയുടെ ശിരോലിഖിതം മാറ്റിവരച്ച ഓണ്‍ലൈന്‍ സംരംഭമാണ്‌ 'ആമസോണ്‍'. ഉപഭോക്താവ്‌ ലോകത്തിന്റെ ഏത്‌ കോണിലായാലും ഇന്റര്‍നെറ്റിലൂടെ ആവശ്യപ്പെട്ടാല്‍ പുസ്‌തകം ആമസോണ്‍ പടിക്കലെത്തിക്കും. പുസ്‌തകം മാത്രമല്ല, മിക്ക കണ്‍സ്യൂമര്‍ ഉത്‌പന്നവും ഇന്ന്‌ ആമസോണ്‍ വഴി വാങ്ങാം. ഇത്രകാലവും ഒരു ഇ-ബിസിനസ്‌ കമ്പനി മാത്രമായിരുന്ന ആമസോണ്‍ ഇപ്പോഴിതാ, ഹാര്‍ഡ്‌വേര്‍ രംഗത്തേക്കും കടന്നിരിക്കുന്നു. 'കിന്‍ഡില്‍'(Kindle) എന്ന വയര്‍ലെസ്സ്‌ 'ഇലക്ട്രോണിക്‌ ബുക്ക്‌ റീഡറു'മായാണ്‌ കമ്പനിയുടെ രംഗപ്രവേശം. പുസ്‌തക വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ, വായനയുടെ രീതിശാസ്‌ത്രവും ആമസോണ്‍ 'കിന്‍ഡിലി'ലൂടെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആദ്യമായല്ല ഒരു കമ്പനി ഇ-ബുക്ക്‌ റീഡര്‍ പുറത്തിറക്കുന്നത്‌. പക്ഷേ, വിപണിയില്‍ ഇതുവരെ വിജയിക്കാന്‍ ഒരു ഇ-ബുക്ക്‌ റിഡറിനും കഴിഞ്ഞിട്ടില്ല. കിന്‍ഡിലിന്റെ കഥ പക്ഷേ, മറ്റൊന്നാണെന്ന്‌ വിപണിയില്‍ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റോറുകളിലെത്തിയ കിന്‍ഡിലുകള്‍ മുഴുവന്‍ ഒറ്റയടിക്ക്‌ വിറ്റു പോയതിനാല്‍, ഡിസംബര്‍ ഏഴ്‌ വരെ ആമസോണ്‍ ഇപ്പോള്‍ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ ആമസോണ്‍ ഡോട്ട്‌ കോം വഴി ബുക്കുചെയ്യാം, മുന്‍ഗണന ഉറപ്പാക്കാം. 'ആപ്പിള്‍' കമ്പനിയുടെ എം.പി-3 പ്ലെയറായ 'ഐപ്പോഡി' (iPod) നെ എങ്ങനെയാണോ സംഗീതാസ്വാദകര്‍ സ്വാഗതം ചെയ്‌തത്‌, അതേ പോലെ പുസ്‌തകപ്രേമികള്‍ 'കിന്‍ഡിലി'നെ സ്വാഗതം ചെയ്യുന്നുവെന്നാണ്‌ സൂചന.

"ഡിജിറ്റലീകരണത്തെ ഏറ്റവുമധികം പ്രതിരോധിച്ചിട്ടുള്ള ഉത്‌പന്നം പുസ്‌തകമാണ്‌. അത്യുജ്ജലമായി പരിണമിച്ച ഉത്‌പന്നമാണത്‌. അതിന്‌ പകരം ഒന്ന്‌ മുന്നോട്ടുവെയ്‌ക്കുക അത്യന്തം ദുഷ്‌ക്കരം"-ആമസോണിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ്‌ ബെസോസ്‌ പറയുന്നു. വായിക്കുന്നതോടെ 'അപ്രത്യക്ഷമാകുന്നു' എന്നതാണ്‌ ബുക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. അവശേഷിക്കുന്നത്‌ എഴുത്തുകാരന്റെ ആശയങ്ങളും വാക്കുകളും മാത്രം. പുസ്‌തകങ്ങളുടെ ഈ പ്രത്യേകത കൊണ്ടാണ്‌ വായന നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്നത്‌-അദ്ദേഹം അഭിപ്രായപ്പെടുന്നു. പുസ്‌തകങ്ങളും വായനയും വായനാരീതികളുമൊക്കെ സൂക്ഷ്‌മമായി പഠനവിധേയമാക്കിയിട്ടാണ്‌, ആമസോണ്‍ അതിന്റെ പുതിയ ഉത്‌പന്നം രംഗത്തിറക്കിയിരിക്കുന്നത്‌.

ആഗോള കണ്‍സ്യൂമര്‍ ഭീമനായ 'സോണി' കമ്പനി അതിന്റെ ഇ-ബുക്ക്‌ റീഡറായ 'സോണി റീഡര്‍ഏര്‍ലിയര്‍' (Sony Readerearlier) ഈ വര്‍ഷം തന്നെയാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍, 350 ഡോളര്‍ (14,000 രൂപ) വിലയുള്ള ആ ഇ-റീഡറിന്‌ വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ്‌ 399 ഡോളര്‍ (16,000 രൂപ) വിലയുള്ള 'കിന്‍ഡിലു'മായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്‌. വെറും മുന്നൂറ്‌ ഗ്രാം ഭാരമേയുള്ളൂ ആമസോണിന്റെ ഇ-ബുക്ക്‌ റീഡറിന്‌. കീബോര്‍ഡും ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലെയുമുള്ള കിന്‍ഡിലില്‍ 200 പുസ്‌തകങ്ങള്‍ കൊള്ളും. ഇ-റീഡറില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ 90,000 ഗ്രന്ഥങ്ങളെ ആമസോണ്‍ ഇതിനകം ഡിജിറ്റലീകരണം നടത്തിയിട്ടുണ്ട്‌. ആ ഗ്രന്ഥങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ബ്ലോഗുകളുമെല്ലാം വയര്‍ലെസ്സായി കിന്‍ഡിലിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും.പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി ഘടിപ്പിക്കേണ്ടതില്ല എന്നതാണ്‌ കിന്‍ഡിലിന്റെ സവിശേഷത.

അമേരിക്കയിലുള്ളവര്‍ക്ക്‌ ആമസോണിന്റെ 'വിസ്‌പെര്‍നെറ്റ്‌'(Whispernet) സര്‍വീസ്‌ വഴി, കിന്‍ഡിലിലുള്ള EvDO റേഡിയോ കണക്ഷന്‍ ഉപയോഗിച്ച്‌ പുസ്‌തകങ്ങളും മാസികകളും ഡൗണ്‍ലോഡ്‌ ചെയ്യാം; ഒരു ബാഹ്യഉപകരണത്തിന്റെയും സഹായം വേണ്ട. ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഒരു മിനിറ്റ്‌ സമയമേ വേണ്ടൂ. 'ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ ബെസ്‌റ്റ്‌ സെല്ലര്‍ പട്ടികയിലുള്ള ഒരു പുസ്‌തകം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ 9.99 ഡോളര്‍ (400 രൂപ) ചെലവ്‌ വരും. ആപ്പിളിന്റെ 'ഐഫോണി' (iPhone)ന്റെ കാര്യത്തിലെന്നതു പോലെ, EvDO നെറ്റ്‌വര്‍ക്ക്‌ സര്‍വീസിന്‌ എന്തെങ്കിലും സര്‍വീസ്‌ ചാര്‍ജോ കോണ്‍ട്രാക്ട്‌ ഫീസോ ഇല്ല.

പത്രങ്ങളും ബ്ലോഗുകളും കിന്‍ഡിലില്‍ തനിയോ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും.'ന്യൂയോര്‍ക്ക്‌ ടൈംസ്‌' ഉള്‍പ്പടെയുള്ള പത്രങ്ങളും, ഏറ്റവും ജനപ്രീതിയാര്‍ജിച്ച 300 ബ്ലോഗുകളിലെ മുഴുവന്‍ ഉള്ളടക്കവും ഇത്തരത്തില്‍ ലഭ്യമാണ്‌. മാത്രമല്ല, അനായാസം ഉപയോഗിക്കാന്‍ പാകത്തിലൊരു നിഘണ്ഡുവും കിന്‍ഡലിലുണ്ട്‌. വിക്കിപീഡിയ ഉപയോഗിക്കാനും അതിലുള്ള ബ്രൗസര്‍ അവസരമൊരുക്കുന്നു. ഇ-റീഡറിലെ ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലേയ്‌ക്ക്‌ ബാക്ക്‌ലൈറ്റ്‌ ഇല്ല. അതിനാല്‍ ബാറ്ററിയുടെ ആയുസ്സ്‌ കൂടുതലാണ്‌. വയര്‍ലെസ്സ്‌ കണക്ഷനുള്ളപ്പോള്‍ രണ്ടുദിവസം ബാറ്ററിചാര്‍ജ്‌ ഉണ്ടാകും; കണക്ഷനില്ലെങ്കില്‍ ഒരാഴ്‌ചയും.

കിന്‍ഡിലിന്റെ മെമ്മറി 256 MB യാണ്‌. അതിലുള്ള എസ്‌.ഡി.കാര്‍ഡിലും പുസ്‌തകങ്ങള്‍ സൂക്ഷിക്കാനാകും. മാത്രമല്ല, കാര്‍ഡില്‍ എം.പി-3 ഫയലുകളും ഓഡിയോ ബുക്കുകളും സംഭരിച്ചുവെയ്‌ക്കാം. സാധാരണഗതിയില്‍ ഒരു കിന്‍ഡില്‍ ഗ്രന്ഥത്തിന്‌ 500 KB മുതല്‍ 700 KB വരെയാണ്‌ വലിപ്പം. പുസ്‌തകത്തിന്റെ വായിച്ചു വെച്ച അവസാന പേജാണ്‌, കിന്‍ഡിലില്‍ പിന്നീട്‌ ആ പുസ്‌തകം വായനയ്‌ക്കെടുക്കുമ്പോള്‍ ആദ്യം മുന്നിലെത്തുക. വായിക്കുന്ന പേജില്‍ ഒരു ഭാഗം ഹൈലൈറ്റ്‌ ചെയ്യണമെങ്കില്‍ അതിനും കഴിയും. ആ ഭാഗം സുഹൃത്തിന്‌ ഇ-മെയില്‍ ചെയ്യാനും കിന്‍ഡിലില്‍ സംവിധാനമുണ്ട്‌.

വായിക്കുന്ന പുസ്‌തകത്തില്‍ നിന്ന്‌ കുറിപ്പുകള്‍ തയ്യാറാക്കണമെങ്കിലും പ്രശ്‌നമില്ല. ടെക്‌സ്റ്റ്‌ ഫയലായിത്തെന്ന അത്‌ സൂക്ഷിക്കാനാകും. കിന്‍ഡില്‍ സ്‌റ്റോറില്‍ നിന്ന്‌ പുതിയൊരു പുസ്‌തകം വാങ്ങാനും വളരെ എളുപ്പമാണ്‌. ആമസോണ്‍ ഡോട്ട്‌ കോമില്‍ നിന്ന്‌ എങ്ങനെ ഓണ്‍ലൈനില്‍ പുസ്‌തകം വാങ്ങുന്നുവോ അതേമാതിരി, കിന്‍ഡില്‍ പുസ്‌തകങ്ങളും വാങ്ങാം. കാശുകൊടുത്തു വില്‍പ്പന നടത്തിക്കഴിഞ്ഞാല്‍, പുസ്‌തകം ഓട്ടോമാറ്റിക്കായി കിന്‍ഡിലില്‍ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി വേണമെങ്കിലും കിന്‍ഡിലിലേക്ക്‌ പുസ്‌തകം വാങ്ങാം. കിന്‍ഡില്‍ കൈയിലുണ്ടെങ്കില്‍, നിങ്ങളുടെ ഇഷ്ടഗ്രന്ഥങ്ങള്‍ അടങ്ങിയ ചെറു ലൈബ്രറി എപ്പോഴും ഒപ്പമുണ്ടെന്ന്‌ ഓര്‍ക്കാം.(അവലംബം: വാഷിങ്‌ടണ്‍ പോസ്‌റ്റ്‌, ദി എക്കണോമിസ്‌റ്റ്‌).

Wednesday, November 21, 2007

ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍

ചര്‍മത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍. 'ജീവന്‍വെച്ചുള്ള കളി'യെന്ന പഴിയേല്‍ക്കാതെ ഇനി വിത്തുകോശ ഗവേഷണം സാധ്യം.

ണ്ഡങ്ങളോ ഭ്രൂണങ്ങളോ നശിപ്പിക്കാതെ, ജീവന്‍ വെച്ചുള്ള കളിയെന്ന പഴിയേല്‍ക്കാതെ, 'ഭ്രൂണവിത്തുകോശങ്ങള്‍' (embryonic stem cells) സൃഷ്ടിക്കാമെന്ന്‌ തെളിഞ്ഞിരിക്കുന്നു. മനുഷ്യരുടെ സാധാരണ ചര്‍മകോശത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍ സൃഷ്ടിക്കാമെന്നാണ്‌ കണ്ടെത്തല്‍. വിത്തുകോശ ഗവേഷണരംഗത്തും തെറാപ്യൂട്ടിക്‌ ക്ലോണിങിലും മുതല്‍ക്കൂട്ടായേക്കാവുന്ന ഈ കണ്ടെത്തലിന്‌ പിന്നില്‍ അമേരിക്കയിലെയും ജപ്പാനിലെയും ഗവേഷകരാണ്‌. വിത്തുകോശ ഗവേഷണത്തില്‍ വന്‍മുന്നേറ്റം എന്ന്‌ ശാസ്‌ത്രലോകവും മാധ്യമലോകവും ഇതിനെ വിശേഷിപ്പിക്കുന്നു. ധാര്‍മികതമൂല്യങ്ങളുടെ പേരില്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നവരും, പുതിയ ഗവേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നതാണ്‌ പ്രത്യേകത.

ജപ്പാനില്‍ ക്യോട്ടോ സര്‍വകലാശാലയിലെ പ്രൊഫ. ഷിനിയ യമനക നേതൃത്വം നല്‍കിയ സംഘവും, അമേരിക്കയില്‍ വിസ്‌കോസിന്‍ സര്‍വകലാശാലയിലെ ഡോ.ജയിംസ്‌ തോംസന്റെ കീഴിലുള്ള സംഘവുമാണ്‌ വെവ്വേറെ നിലകളില്‍ വിത്തുകോശ മുന്നേറ്റം നടത്തിയത്‌. (മനുഷ്യരിലെ ഭ്രൂണവിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്‌ത്രജ്ഞനാണ്‌ ഡോ.തോംസണ്‍). ജാപ്പനീസ്‌ സംഘം അവരുടെ കണ്ടെത്തല്‍ 'സെല്‍' ഗവേഷണ വാരികയിലും, യു.എസ്‌.സംഘം 'സയന്‍സ്‌' വാരികയിലും പ്രിസിദ്ധീകരിച്ചു. ചര്‍മകോശങ്ങളിലേക്ക്‌ നാല്‌ ജീനുകള്‍ വീതം സന്നിവേശിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ആ ജീനുകള്‍ ചര്‍മകോശങ്ങളില്‍ നടത്തിയ പുനര്‍പ്രോഗ്രാമിങിന്റെ ഫലമായി, അവ വിത്തുകോശങ്ങളായി പരിണമിച്ചു. മനുഷ്യ ശരീരത്തില്‍ ആകെയുള്ള 220 ഇനം കോശങ്ങളായും വളര്‍ന്നു വരാന്‍ കെല്‍പ്പുള്ള അടിസ്ഥാനകോശങ്ങള്‍ക്കാണ്‌ വിത്തുകോശങ്ങള്‍ എന്നു പറയുന്നത്‌.

സങ്കലനം നടന്ന്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഭ്രൂണത്തില്‍ നിന്നാണ്‌ വിത്തുകോശം എടുത്തിരുന്നത്‌. അതിന്റെ ഫലമായി ഭ്രൂണങ്ങള്‍ നശിക്കും. ഭ്രൂണത്തെ നശിപ്പിക്കുന്നത്‌, മനുഷ്യജീവന്‍ നശിപ്പിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ വാദം. വിവിധ മതവിഭാഗങ്ങള്‍, പ്രത്യേകിച്ചും ക്രിസ്‌ത്യന്‍സഭകള്‍ വിത്തുകോശ ഗവേഷണത്തെ ശക്തമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യജീവന്‍ നശിപ്പിക്കുന്ന വിത്തുകോശ ഗവേഷണത്തെ വിമര്‍ശിക്കുന്നു. ഇവാഞ്ചലിസ്‌റ്റുകളുടെ സമ്മര്‍ദഫലമായി യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ വിത്തുകോശ ഗവേഷണബില്‍ വീറ്റോ ചെയ്യുകയും ചെയ്‌തിരുന്നു. അതിനാല്‍, അമേരിക്കയില്‍ വിത്തുകോശ ഗവേഷണത്തിന്‌ ഫെഡറല്‍ ഫണ്ട്‌ ലഭിക്കുന്നില്ല. അത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ സങ്കേതം വിരാമമിടുന്നു. പുതിയ ഗവേഷണത്തെ പ്രകീര്‍ത്തിക്കുന്നവരില്‍ 'യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്ക്‌ ബിഷപ്പ്‌സി'ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഡോര്‍ഫ്‌ളിംഗറും ഉണ്ട്‌. "ശാസ്‌ത്രത്തിന്റെയും ധാര്‍മികതയുടെയും വിജയമാണ്‌ ഇതെന്ന്‌" അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഭ്രൂണങ്ങളില്‍ നിന്ന്‌ നേരിട്ട്‌ വിത്തുകോശങ്ങള്‍ ശേഖരിക്കും പോലെ സുരക്ഷിതമല്ല പുതിയ സങ്കേതം. കാന്‍സര്‍ ജീന്‍ പോലും കോശങ്ങളെ പുനര്‍പ്രോഗ്രാമിങ്‌ നടത്താനായി ഗവേഷകര്‍ ഉപയോഗിച്ചു. എന്നാല്‍, ഇത്‌ പുതിയൊരു ചുവടുവെപ്പ്‌ മാത്രമാണെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സങ്കേതം കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ജാപ്പനീസ്‌ ഗ്രൂപ്പ്‌ ഉപയോഗിച്ച നാലു ജീനുകളില്‍ രണ്ടെണ്ണം, അമേരിക്കന്‍ സംഘം ഉപയോഗിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. ചര്‍മകോശങ്ങളിലെ ചില ജീനുകളെ കെടുത്തുകയും തെളിക്കുകയും ചെയ്യുകയെന്ന പൊതുധര്‍മമാണ്‌ രണ്ട്‌ ഗ്രൂപ്പുകളും ഉപയോഗിച്ച ജീനുകള്‍ നിര്‍വഹിച്ചത്‌. അത്തരത്തില്‍ പുനര്‍പ്രോഗ്രാമിങ്‌ നടത്തി ലഭിച്ചവ ശരിക്കും ഭ്രൂണവിത്തുകോശങ്ങളുടെ തനിപ്പകര്‍പ്പായിരുന്നുവെന്ന്‌ ഡോ.തോംസണ്‍ അറിയിക്കുന്നു.

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ കോശങ്ങള്‍ക്ക്‌ അപചയം സംഭവിക്കുമ്പോഴാണ്‌ ഒരാള്‍ പ്രമേഹരോഗിയായി മാറുന്നത്‌. മസ്‌തിഷ്‌ക കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന നാശം ഒരാളെ പാര്‍ക്കിന്‍സണ്‍സ്‌ രോഗിയോ, അല്‍ഷൈമേഴ്‌സ്‌ രോഗിയോ ആക്കിമാറ്റാം. ഹൃദയപേശീകോശങ്ങള്‍ നശിക്കുകയാണ്‌ ഹൃദയാഘാത വേളയില്‍ സംഭവിക്കുന്നത്‌. ഇത്തരത്തില്‍ നാശം നേരിട്ട കോശഭാഗങ്ങള്‍ പുനസൃഷ്ടിക്കാനായാല്‍, മേല്‍പ്പറഞ്ഞ മാരകരോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയും. ഇത്തരം കോശഭാഗങ്ങള്‍ മാറ്റിവെയ്‌ക്കാന്‍ കഴിയാത്തത്‌, രോഗിയുടെ ശരീരം അന്യകോശഭാഗങ്ങള്‍ തിരസ്‌കരിക്കും എന്നതിനാലാണ്‌. എന്നാല്‍, രോഗിയുടെ വിത്തുകോശം തന്നെ ഉപയോഗിച്ച്‌ അയാളുടെ ശരീരത്തിലെ കോശഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍, തിരസ്‌കരണം എന്ന പ്രശ്‌നം ഉദിക്കുന്നില്ല. വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും മെരുങ്ങാത്ത ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുമത്‌. ആ നിലയ്‌ക്ക്‌ വന്‍പ്രധാന്യം അര്‍ഹിക്കുന്നതാണ്‌ പുതിയ ഗവേഷണം.

ഭ്രൂണവിത്തുകോശം സൃഷ്ടിക്കാന്‍ ഇത്രകാലവും അനുവര്‍ത്തിച്ചു വന്ന മാര്‍ഗ്ഗം, 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാല്‍ വില്‍മുട്ടും സംഘവും വികസിപ്പിച്ച മാര്‍ഗ്ഗമാണ്‌. ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ഭ്രൂണത്തില്‍ നിന്ന്‌ വിത്തുകോശങ്ങള്‍ ശേഖരിക്കുകയായിരുന്നു പതിവ്‌. എന്നാല്‍, പ്രൊഫ. ഷിനിയ യമനക കണ്ടെത്തിയ സങ്കേതം താന്‍ രൂപപ്പെടുത്തിയതിലും മികച്ചതാണെന്നും, അതിനാല്‍ ഭ്രൂണവിത്തുകോശ ഗവേഷണം താന്‍ ഉപേക്ഷിക്കുകയാണെന്നും ഡോളിയുടെ സൃഷ്ടാവ്‌ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിക്കുകയുണ്ടായി. (കാണുക: കുരങ്ങിന്റെ ഭ്രൂണം ക്ലോണിങിലൂടെ. അവലംബം: സെല്‍, സയന്‍സ്‌).

Monday, November 19, 2007

ആകാശവാണി, രോഗങ്ങള്‍ വായിക്കുന്നത്‌....

ശരീരത്തില്‍ കുത്തിവെയ്‌ക്കാം. രോഗങ്ങള്‍ പ്രക്ഷേപണം ചെയ്യും. ലോകത്തെ ഏറ്റവും ചെറിയ റേഡിയോ കാണമെങ്കില്‍ മൈക്രോസ്‌കോപ്പ്‌ തന്നെ വേണം.

ഗ്ലൂഗ്ലിയെല്‍മോ മാര്‍കോണി ഈ റേഡിയോ കണ്ടിരുന്നെങ്കില്‍ മോഹാലസ്യപ്പെട്ടു വീഴുമായിരുന്നു, തീര്‍ച്ച. അത്രയ്‌ക്കുണ്ട്‌ അമേരിക്കന്‍ ഗവേഷകനായ അലെക്‌സ്‌ സെറ്റ്‌ലും സംഘവും രൂപപ്പെടുത്തിയ റേഡിയോയുടെ വലിപ്പക്കുറവ്‌. വെറുമൊരു 'കാര്‍ബണ്‍ നാനോട്യൂബ്‌' അവര്‍ റേഡിയോ ആക്കി മാറ്റിയിരിക്കുന്നു. നാനോട്യൂബിന്‌ ഒരു നാനോമീറ്ററാണ്‌ കനം. എന്നുവെച്ചാല്‍, ഒരു മില്ലിമീറ്ററിന്റെ പത്തുലക്ഷത്തിലൊന്ന്‌! അത്‌ കാണാന്‍ സൂക്ഷ്‌മദര്‍ശിനി തന്നെ വേണം. ലോകത്തെ ഏറ്റവും ചെറിയ റേഡിയോയാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ സാരം.

രണ്ട്‌ ഇലക്ട്രോഡുകള്‍ക്കു നടുവില്‍ കാര്‍ബണ്‍ നാനോട്യൂബ്‌ സ്ഥാപിച്ചാണ്‌ ആ സൂക്ഷ്‌മ റേഡിയോ നിര്‍മിച്ചിരിക്കുന്നത്‌. ട്യൂണര്‍, ആംപ്ലിഫയര്‍ എന്നിവ ഉള്‍പ്പടെ റേഡിയോയിലെ എല്ലാം ഘടകങ്ങളും ഈ സംവിധാനത്തിനകത്ത്‌ സജ്ജമാക്കാന്‍, ബെര്‍ക്കിലിയില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ അലെക്‌സ്‌ സെറ്റ്‌ലിനും സംഘത്തിലും കഴിഞ്ഞു. സൂക്ഷ്‌മ റേഡിയോയെ ട്യൂണ്‍ ചെയ്‌ത്‌, ബാഹ്യസ്‌പീക്കര്‍ വഴി ശബ്ദം കേള്‍പ്പിക്കാനും അവര്‍ക്കായി.

സാധാരണഗതിയില്‍ റേഡിയോ ആയി ഈ കണ്ടുപിടിത്തം ഉപയോഗിക്കുക പ്രായോഗികമാവില്ല. എന്നാല്‍, ചികിത്സാരംഗത്തും പരിസ്ഥിതി പഠനത്തിലും ഇത്തരം നാനോട്യൂബ്‌ റേഡിയോകള്‍ സെന്‍സറുകളായി ഉപയോഗിക്കാനാകുമെന്ന്‌ കരുതുന്നു. ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ നില വ്യത്യാസപ്പെടുന്നത്‌ മനസിലാക്കാനും, അര്‍ബുദബാധയ്‌ക്കു കാരണമായ ജൈവസൂചകങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും സഹായിക്കുന്ന 'മൈക്രോഇലക്ട്രോമെക്കാനിക്കല്‍ സെന്‍സറുകള്‍' (MEMS) രൂപപ്പെടുത്താന്‍ ഗവേഷകര്‍ ശ്രമിച്ചു വരികയാണ്‌. ആ രംഗത്ത്‌ നാനോട്യൂബ്‌ റേഡിയുടെ കണ്ടുപിടിത്തം സഹായകമാകും.

സ്‌റ്റാമ്പിന്റെ വലിപ്പമുള്ള 'റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗ്‌' ആണ്‌, MEMS-ല്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നത്‌. അതിന്‌ പകരം, MEMS അടിസ്ഥാനമാക്കിയുള്ള സെന്‍സര്‍ ഒരു നാനോട്യൂബ്‌ റേഡിയോയുമായി സമ്മേളിപ്പിച്ച്‌, അത്‌ രക്തത്തിലേക്ക്‌ നേരിട്ട്‌ കുത്തിവെയ്‌ക്കാനാകുമെന്ന്‌ അലക്‌സ്‌ സെറ്റ്‌ല്‍ പറയുന്നു. ശരീരത്തിനുള്ളിലെത്തുന്ന സെന്‍സര്‍, നാനോട്യൂബ്‌ റേഡിയോയുമായി വയര്‍ലെസ്സായി നേരിട്ട്‌ വിവരങ്ങള്‍ കൈമാറുന്നു. അങ്ങനെ ലഭിക്കുന്ന സിഗ്നലുകള്‍ നാനോട്യൂബ്‌ റേഡിയോയ്‌ക്ക്‌ പുറത്തുള്ള മോണിറ്ററിലേക്ക്‌ വിനിമയം ചെയ്യാനാകും. ആകാശവാണിയുടെ സ്‌റ്റൈലില്‍ ചിന്തിച്ചാല്‍, ഇങ്ങനെയാകും പ്രേക്ഷേപണം: "ആകാശവാണി, രോഗങ്ങള്‍ വായിക്കുന്നത്‌....!"

നാനോട്യൂബ്‌ റേഡിയോയുടെ പ്രവര്‍ത്തനം

ഒരു പരമ്പരാഗത റേഡിയോ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്‌, അതിന്‌ സമാനമായ രീതിയിലാണ്‌ നാനോട്യൂബ്‌ റേഡിയോയുടെയും പ്രവര്‍ത്തനം. സാധാരണ റേഡിയോയില്‍ നാലു മുഖ്യഭാഗങ്ങളാണുള്ളത്‌: ആന്റിന, ട്യൂണര്‍, ആംപ്ലിഫയര്‍, ഡിമോഡുലേറ്റര്‍. വിവിധ സ്റ്റേഷനുകള്‍ പ്രക്ഷേപണം ചെയ്യുന്ന വ്യത്യസ്‌ത ആവര്‍ത്തി (frequency)യിലുള്ള റേഡിയോ സിഗ്നലുകള്‍ ആന്റിന സ്വീകരിക്കുന്നു. ട്യൂണര്‍ അതില്‍ നിന്ന്‌ ഏതെങ്കിലും ഒരു ആവര്‍ത്തിയിലുള്ള സിഗ്നലുകള്‍ മാത്രം അരിച്ചെടുക്കുന്നു. ആംപ്ലിഫയറിലെ ട്രാന്‍സിസ്റ്ററുകള്‍ ആ വൈദ്യുതകാന്തിക തരംഗങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നു. സിഗ്നലിലെ വാഹക തരംഗത്തില്‍ (carrier wave) നിന്ന്‌ യഥാര്‍ഥ ഡേറ്റ അഴിച്ചെടുക്കേണ്ട ജോലി ഡിമോഡുലേറ്ററിന്റേതാണ്‌. അങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പാട്ടും, സംഭാഷണവുമെല്ലാം ബാഹ്യസ്‌പീക്കര്‍ ഉപയോഗിച്ച്‌ ശ്രോതാക്കള്‍ക്ക്‌ ആസ്വദിക്കുകയുമാവാം.

ഈ ജോലികളെല്ലാം ഒറ്റ കാര്‍ബണ്‍ നാനോട്യൂബില്‍ സാധ്യമാക്കുകയാണ്‌ സെറ്റ്‌ലും സംഘവും ചെയ്‌തത്‌. സവിശേഷമായ ചില ഇലക്ട്രിക്കല്‍ ഗുണങ്ങളുള്ളതിനാല്‍, നാനോട്യൂബുകളെ ഡയോഡുകള്‍, ട്രാന്‍സിസ്‌റ്ററുകള്‍, റെക്ടിഫയറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌ ഘടകങ്ങളാക്കി മാറ്റാന്‍ ഇതിനകം തന്നെ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. "എന്നാല്‍, ഈ ഘടകങ്ങളെല്ലാം ഒറ്റ നാനോട്യൂബില്‍ സൃഷ്ടിക്കാമെന്നത്‌ പുതിയൊരു അറിവാണ്‌"-സെറ്റ്‌ല്‍ പറയുന്നു.

ടങ്‌സ്‌റ്റണ്‍ പ്രതലത്തില്‍ പറ്റിയിരിക്കുന്ന രൂപത്തിലാണ്‌ കാര്‍ബണ്‍ നാനോട്യൂബിനെ വളര്‍ത്തിയെടുത്തത്‌. ടങ്‌സ്‌റ്റണ്‍ പ്രതലം നെഗറ്റീവ്‌ (ഋണ) ഇലക്ട്രോഡായി പ്രവര്‍ത്തിക്കും. നാനോട്യൂബിന്റെ അഗ്രവും നെഗറ്റീവ്‌ ചാര്‍ജുള്ളതായിരിക്കും. പോസിറ്റീവ്‌ (ധന) ചെമ്പ്‌ ഇലക്ട്രോഡും നാനോട്യൂബും ശൂന്യസ്ഥലം (vacuum) കൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കും. നാനോട്യൂബിന്റെ നെഗറ്റീവ്‌ അഗ്രത്ത്‌ നിന്ന്‌ ഇലക്ട്രോണുകള്‍ പോസിറ്റീവ്‌ ഇലക്ട്രോഡിലേക്ക്‌ പതിക്കുക വഴി ഒരു 'ഫീല്‍ഡ്‌ എമിഷന്‍ കറണ്ട്‌' (field emission current) രൂപപ്പെടുന്നു.

എന്നാല്‍, പരമ്പരാഗത രീതിയിലുള്ള ഒരു ആന്റിനയായി നാനോട്യൂബ്‌ പ്രവര്‍ത്തിക്കില്ലെന്ന്‌ സെറ്റ്‌ല്‍ അറിയിക്കുന്നു. വൈദ്യുതകാന്തിക തരംഗങ്ങളെ വൈദ്യുതപരമായി സ്വീകരിക്കുന്നതിന്‌ പകരം, യാന്ത്രികമായാണ്‌ നാനോട്യൂബ്‌ സ്വീകരിക്കുക. നാനോട്യൂബിന്റെ സ്വാഭാവിക അനുനാദ ആവര്‍ത്തി (resonance frequency) യാണ്‌ ഇവിടെ തുണയ്‌ക്കെത്തുക. നാനോട്യൂബിന്റെ സ്വാഭാവിക ആവര്‍ത്തിയോട്‌ യോജിക്കുന്ന വൈദ്യുതകാന്തിക തരംഗത്തില്‍ പെടുമ്പോള്‍ അത്‌ കമ്പനം ചെയ്യാനാരംഭിക്കും. അങ്ങനെ ആ റേഡിയോ സിഗ്നലിന്‌ പാകത്തില്‍ നാനോട്യൂബ്‌ ട്യൂണ്‍ ചെയ്യപ്പെടും.

നാനോട്യൂബിന്റെ കമ്പനം അനുസരിച്ച്‌ ഫീല്‍ഡ്‌ എമിഷന്‍ കറണ്ടിന്‌ വ്യതിയാനമുണ്ടാകും. അതുകൊണ്ട്‌, നാനോട്യൂബിന്റെ യാന്ത്രിക കമ്പനം വൈദ്യുത സിഗ്നലുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഫീല്‍ഡ്‌ എമിഷന്‍ കറണ്ട്‌ നിലനിര്‍ത്തുന്നത്‌ ബാഹ്യബാറ്ററിയാണ്‌. നാനോട്യൂബ്‌ കമ്പനത്തില്‍ നിന്നുണ്ടാകുന്ന വൈദ്യുത സിഗ്നലുകളെ ആ ബാഹ്യബാറ്ററിയില്‍ നിന്നുള്ള വൈദ്യുത പ്രവാഹം ശക്തിപ്പെടുത്തും (ആംപ്ലിഫൈ ചെയ്യും). അതുവഴിയുണ്ടാകുന്ന വൈദ്യുത സിഗ്നലുകള്‍ സമതുലനാവസ്ഥയില്‍ ഉള്ളവയാകില്ല. അതിനാല്‍, ഒരേ ദിശയിലേക്കേ സിഗ്നലുകള്‍ പ്രവഹിക്കൂ. നാനോട്യൂബ്‌ ഡിമോഡുലേറ്ററായി പ്രവര്‍ത്തിക്കുന്നത്‌ അങ്ങനെയാണ്‌. വാഹകതരംഗം ഒഴിവാക്കപ്പെടുകയും ഡേറ്റാ വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു.

നാനോട്യൂബിന്റെ അനുനാദ ആവര്‍ത്തിയില്‍ വ്യത്യാസം വരുത്തിയാണ്‌, വ്യത്യസ്‌ത റേഡിയോ സ്‌റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുന്നത്‌. ഇലക്ട്രോഡുകള്‍ക്കിടയിലെ വോള്‍ട്ടേജില്‍ വ്യതിയാനം വരുത്തി ഇത്‌ സാധിക്കാനാവും. "ഒരു ഗിത്താര്‍ ട്യൂണ്‍ ചെയ്യും പോലെയാണത്‌"-സെറ്റ്‌ല്‍ അറിയിക്കുന്നു. വൈദ്യുതമണ്ഡലം വിത്യാസപ്പെടുത്തി നാനോട്യൂബിനെ വലിച്ചടുപ്പിച്ച്‌, അതിന്റെ അനുനാദ ആവര്‍ത്തിയില്‍ വ്യത്യാസം വരുത്താന്‍ കഴിയും. ഇത്തരത്തില്‍, ഒരു എഫ്‌.എം.റേഡിയോ ബാന്‍ഡ്‌ മുഴുവന്‍ നാനോട്യൂബ്‌ റേഡിയോയില്‍ ട്യൂണ്‍ ചെയ്യാന്‍ ഗവേഷകര്‍ക്കായി. (അവലംബം: ടെക്‌നോളജി റിവ്യു).

Sunday, November 18, 2007

മീനെണ്ണ ഇനി കൃഷിയിടത്തില്‍ വിളയും

ജനിതക സങ്കേതം തുണയ്‌ക്കെത്തുന്നു. ഓമേഗ-3 കൊഴുപ്പുകള്‍ അടങ്ങിയ സസ്യയെണ്ണകള്‍ രംഗത്തെത്തും. കടലിലെ മത്സ്യസമ്പത്ത്‌ ക്ഷയിക്കുന്നതിന്‌ ഒരു ബദല്‍

ത്സ്യം കഴിക്കാതെ തന്നെ മീനെണ്ണയുടെ ഗുണം ലഭിക്കാന്‍ വഴി തെളിയുന്നു. ജനിതകമാറ്റത്തിലൂടെ മീനെണ്ണ ഉത്‌പാദിപ്പിക്കുന്ന വിളകള്‍ക്ക്‌ രൂപംനല്‍കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഒരുസംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍. ഭക്ഷ്യവസ്‌തുക്കളുടെ പോഷക നിലവാരവും ആരോഗ്യദായകത്വവും പതിന്മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ പുതിയ ഗവേഷണം സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍; കടലില്‍ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷിയിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളിലാണ്‌ 'ഒമേഗ 3-ഫാറ്റി ആസിഡുകള്‍' എന്ന ആരോഗ്യദായക കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്‌. ഹൃദ്രോഗം, പൊണ്ണത്തടി എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന കൊഴുപ്പാണ്‌ 'ഒമേഗാ-3'. ഈ കൊഴുപ്പ്‌ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉള്‍പ്പെടുത്തിയാല്‍, ഒമേഗ-3 കൊഴുപ്പടങ്ങിയ പാലും മാംസവും മുട്ടയും ഉത്‌പാദിപ്പിക്കാന്‍ കഴിയും.മത്സ്യങ്ങള്‍ ഒമേഗാ-3 കൊഴുപ്പുകള്‍ ശരീരത്തില്‍ സ്വയം ഉത്‌പാദിപ്പിക്കുകയല്ല ചെയ്യുന്നത്‌, കടലില്‍ അവ ഭക്ഷണമാക്കുന്ന സൂക്ഷ്‌മജീവികളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. ഇത്തരം സൂക്ഷ്‌മജീവികളില്‍ ഒമേഗ-3 നിര്‍മിക്കാന്‍ പ്രേരകമായ ജീന്‍ വേര്‍തിരിച്ചെടുത്ത്‌ ചെടികളില്‍ സന്നിവേശിപ്പിക്കുയാണ്‌, ഹെര്‍ട്ട്‌സിലെ ഹാര്‍പെന്‍ഡെനില്‍ 'റോഥാംസ്‌റ്റഡ്‌ റിസര്‍ച്ചി'ലെ പ്രൊഫ. ജോനാതന്‍ നാപ്പിയറുടെ നേതൃത്വത്തിലുള്ള സംഘം ചെയ്‌തത്‌. 'താലാസ്സിയോസിറ സ്യൂഡോനാണ' (Thalassiosira pseudonana) എന്ന ഏകകോശ സമുദ്രആല്‍ഗെയില്‍ നിന്നുള്ള ജീനാണ്‌ ഉപയോഗിച്ചത്‌.

ഭക്ഷ്യയെണ്ണയ്‌ക്കായി കൃഷിചെയ്യുന്ന 'ലിന്‍സീഡ്‌' (linseed) പോലുള്ള ചെടികളില്‍ ഈ 'ഒമേഗ-3 ജീന്‍' സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. അത്തരത്തില്‍ ജനിതകസംക്രമണം നടത്തിയ സസ്യങ്ങളില്‍നിന്ന്‌ ഉത്‌പാദിപ്പിച്ച എണ്ണയില്‍ ഒമേഗ-3 കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിരുന്നു. എന്നാല്‍, ഗവേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്‌ തങ്ങളെന്ന്‌, പ്രൊഫ.നാപ്പിയര്‍ അറിയിക്കുന്നു. കുറഞ്ഞത്‌ മൂന്നോ നാലോ വര്‍ഷം കൂടിയെങ്കിലും ഗവേഷണം തുടര്‍ന്നാലേ ഇത്‌ വ്യാപകമായി പരീക്ഷിക്കാനാകൂ-അദ്ദേഹം പറഞ്ഞു.


മത്സ്യം കഴിക്കാത്തവര്‍ക്കും ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുമെന്നതാണ്‌ ഈ ഗവേഷണം വഴിയുള്ള ഒരു ഗുണം. അമിതചൂഷണവും സമുദ്രമലിനീകരണവും വഴി ഭൂമുഖത്തെ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ പല മത്സ്യയിനങ്ങളും കടലില്‍നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ആ നിലയ്‌ക്ക്‌ നാളെ ഒരുപക്ഷേ, ആവശ്യത്തിന്‌ മത്സ്യം ഭക്ഷിക്കാനുണ്ടാകുമോ എന്നകാര്യം സംശയമാണ്‌. അങ്ങനെയാകുമ്പോള്‍, ആരോഗ്യദായകമായ ഒമേഗ-3 കൊഴുപ്പുകള്‍ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗം നല്ലതാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

ജനിതകപരിഷ്‌കരണം നടത്തിയ ഭക്ഷ്യവസ്‌തുക്കള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ്‌ ലോകത്ത്‌ നിലനില്‍ക്കുന്നത്‌. 'ഫ്രാന്‍കെന്‍സ്റ്റൈന്‍ ഫുഡ്‌' എന്നാണ്‌ ഇത്തരം ഭക്ഷ്യവസ്‌തുക്കളെ പലരും വിളിക്കുന്നത്‌. എന്നാല്‍, ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ ജനിതക പരിഷ്‌കരണംവഴി സൃഷ്ടിച്ചതാണെങ്കില്‍ കൂടി ഗുണം ചെയ്യുമെന്ന്‌, റീഡിങ്‌ സര്‍വകലാശാലയില്‍ 'ന്യുട്രീഷ്യണല്‍ സയന്‍സസ്‌ റിസര്‍ച്ച്‌ യൂണിറ്റി'ലെ പ്രൊഫ. ഇയാന്‍ ഗിവണ്‍സ്‌ അഭിപ്രായപ്പെടുന്നു.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി)

Thursday, November 15, 2007

കുരങ്ങിന്റെ ഭ്രൂണം ആദ്യമായി ക്ലോണിങിലൂടെ


മനുഷ്യക്ലോണിങിലേക്ക്‌ ശാസ്‌ത്രലോകം ഒരുപടി കൂടി അടുത്തു എന്ന്‌ വിലയിരുത്തല്‍

പ്രായപൂര്‍ത്തിയായ കുരങ്ങന്റെ ഭ്രൂണം ക്ലോണിങിലൂടെ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മനുഷ്യക്ലേണിങ്‌ യാഥാര്‍ഥമാകുന്നതിലേക്ക്‌ ശാസ്‌ത്രലോകത്തെ ഒരുപടി കൂടി അടുപ്പിക്കുന്ന സുപ്രധാന മുന്നേറ്റമായി ഇത്‌ വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഈ മുന്നേറ്റം 'നേച്ചര്‍' ഗവേഷണവാരികയാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌.

ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ക്ലോണിങില്‍ ചെയ്യുന്നത്‌. ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാന്‍ വില്‍മുട്ടും സംഘവും 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌.

ബീവര്‍ട്ടോണിലെ ഒറിഗോണ്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സയന്‍സ്‌ സര്‍വകലാശാലിയിലെ ഡോ.ഷൗക്രറ്റ്‌ മിറ്റാലിപ്പോവും സംഘവും പത്തുവര്‍ഷം പ്രായമുള്ള, റീസസ്‌ മകാക്‌ വര്‍ഗത്തില്‍പെട്ട ആണ്‍കുരങ്ങിന്റെ ഭ്രൂണം, അലൈംഗിക രീതിയില്‍ സൃഷ്ടിച്ചത്‌ മേല്‍പ്പറഞ്ഞ രീതി ഉപയോഗിച്ചാണ്‌. നിലവിലുള്ള സങ്കേതങ്ങളിലൂടെ ജനിതകദ്രവ്യം നീക്കം ചെയ്യുമ്പോള്‍, അണ്ഡകോശത്തിന്‌ തകരാര്‍ പറ്റാറുണ്ട്‌. അതിനാല്‍, മനുഷ്യന്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളുടെ (primates) ക്ലോണിങ്‌ വൈഷമ്യമേറിയതായി കണക്കാക്കുന്നു.

എന്നാല്‍, അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്യാന്‍ നൂതനമായ ഒരു സങ്കേതം ഉപയോഗിച്ചിടത്താണ്‌ ഡോ. മിറ്റാലിപ്പോവിന്റെ വിജയം. ധ്രുവീകൃത (polarised) പ്രകാശത്തിന്റെ സഹായത്തോടെ കോശങ്ങളെ തത്സമയം ദൃശ്യവത്‌ക്കരിക്കാന്‍ സഹായിക്കുന്ന 'ഊസൈറ്റ്‌' (Oosight) എന്ന സങ്കേതമാണ്‌ കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യാന്‍ ഉപയോഗിച്ചത്‌. കൂടുതല്‍ മികച്ച ഫലം നല്‍കാന്‍ അത്‌ സഹായിച്ചു.

14 പെണ്‍കുരങ്ങുകളില്‍ നിന്നായി ശേഖരിച്ച 304 അണ്ഡങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ക്ലോണിങിനുള്ള ഡി.എന്‍.എ.ശേഖരിച്ചത്‌ ഒറിഗോണ്‍ നാഷണല്‍ പ്രൈമേറ്റ്‌ റിസര്‍ച്ച്‌ സെന്ററിലുള്ള ആണ്‍കുരങ്ങിന്റെ തൊലിയില്‍ നിന്നാണ്‌. അവയുപയോഗിച്ച്‌ എസ്‌.സി.എന്‍.ടി. വിദ്യയിലൂടെ 35 'ബ്ലോസ്‌റ്റോസിസ്‌റ്റുകള്‍' (blastosysts-പ്രാഥമികാവസ്ഥയിലുള്ള ഭ്രൂണങ്ങള്‍) സൃഷ്ടിക്കാന്‍ ഡോ.മിറ്റാലിപ്പോവിനും സംഘത്തിനും കഴിഞ്ഞു. ഉപയോഗിച്ച അണ്ഡങ്ങളുടെ സംഖ്യയുമായി തരതമ്യം ചെയ്‌താല്‍ വിജയത്തിന്റെ അനുപാതം വെറും 0.7 ശതമാനം മാത്രം.

അവയില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങളുടെ രണ്ട്‌ തായ്‌വഴികള്‍ രൂപപ്പെടുത്താനുമായി. ശരീരത്തിലെ ഏതിനം കോശങ്ങളായും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന അടിസ്ഥാന കേശങ്ങളാണ്‌ വിത്തുകോശങ്ങള്‍ (stem cells). കേടുവന്ന ഹൃദയപേശിയോ, നാഢീകോശങ്ങളോ, പാന്‍ക്രിയാസ്‌ കോശങ്ങളോ ഒക്കെയായി ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. വിത്തുകോശങ്ങള്‍ ഉപയോഗിച്ച്‌ ഒരാളുടെ കോശഭാഗങ്ങള്‍ നിര്‍മിക്കുമ്പോള്‍, ശരീരം അത്‌ തിരസ്‌ക്കരിക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ ഇത്‌ യാഥാര്‍ഥ്യമായാല്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാന്‍ കഴിയും.

മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്‌തതായും അതില്‍നിന്ന്‌ വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുത്തതായും 2004-ല്‍ ദക്ഷിണകൊറിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.ഹ്വാങ്‌ വൂ സുക്കും സംഘവും അവകാശപ്പെട്ടെങ്കിലും, ആ ഗവേഷണം തട്ടിപ്പായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞു. മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ പരിമിതമായ തോതിലെങ്കിലും വിജയം അവകാശപ്പെടാവുന്നത്‌ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ക്കാണ്‌. അവര്‍ ക്ലോണിങിലൂടെ സൃഷ്ടിച്ച മനുഷ്യഭ്രൂണം ഏതാനും ദിവസമേ ജീവിച്ചുള്ളു. അതില്‍നിന്ന്‌ വിത്തുകോശങ്ങള്‍ സൃഷ്ടിക്കാന്‍ പക്ഷേ, കഴിഞ്ഞില്ല.

ഇപ്പോള്‍, കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ വിജയിച്ചതിനെ അത്ര ഉത്സാഹത്തോടെ വീക്ഷിക്കാത്തവരും ഉണ്ട്‌. മനുഷ്യക്ലോണിങിലേക്കു നയിക്കുന്ന ഏത്‌ ഗവേഷണവും ധാര്‍മികതയ്‌ക്കു നിരക്കാത്തതാണെന്ന്‌ അത്തരക്കാര്‍ വാദിക്കുന്നു. ഡോ.മിറ്റാലിപ്പോവും സംഘവും നടത്തിയ മുന്നേറ്റം ശരിക്കും 'അസ്വസ്ഥതയുളവാക്കുന്നതാണെ'ന്ന്‌, ക്ലോണിങ്‌ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടീഷ്‌ ഗ്രൂപ്പായ 'ഗ്രീന്‍വാച്ച്‌ യു.കെ'യിലെ ഹെലെന്‍ വാലസ്‌ അഭിപ്രായപ്പെട്ടു. ക്ലോണ്‍ ചെയ്‌ത മനുഷ്യക്കുഞ്ഞിനെ സൃഷ്ടിക്കുന്നതിലേക്ക്‌ ഇത്‌ നയിച്ചേക്കാമെന്ന്‌ അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

എന്നാല്‍, 'മനുഷ്യക്ലോണിങി'നെ രണ്ടായി കാണണം എന്ന്‌ വാദിക്കുന്ന വിദഗ്‌ധരാണ്‌ അധികവും. മനുഷ്യനെ ക്ലോണിങിലൂടെ സൃഷ്ടിക്കാനുള്ള നീക്കമാണ്‌ അതിലൊന്ന്‌. മനുഷ്യശരീരത്തിലെ കേടായ ഭാഗങ്ങള്‍ മാറ്റി വെയ്‌ക്കാനും ചികിത്സിക്കാനും സഹായിക്കുന്ന 'തെറാപ്യൂട്ടിക്‌ ക്ലോണിങ്‌' (therapeutic cloning) ആണ്‌ മറ്റൊരു വിഭാഗം. ഇതില്‍ ആദ്യത്തേത്‌ എതിര്‍ക്കപ്പെടുക തന്നെ വേണം. എന്നാല്‍, പ്രമേഹവും ഹൃദ്രോഗവും അല്‍ഷൈമേഴ്‌സും പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സഹായിച്ചേക്കുമെന്ന്‌ കരുതുന്ന തെറാപ്യൂട്ടിക്‌ ക്ലോണിങിന്റെ കാര്യം അങ്ങനെയാകരുതെന്ന്‌ അവര്‍ പറയുന്നു.(അവലംബം: നേച്ചര്‍)