Friday, February 28, 2014

റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകം

ഇന്ത്യന്‍ പക്ഷിനിരീക്ഷകരുടെ ആചാര്യനായ സാലിം അലി, പക്ഷികളുടെ ശാസ്ത്രീയനാമം ഓര്‍ത്തുവെയ്ക്കാന്‍ കഷ്ടപ്പെടുന്ന ശിഷ്യര്‍ക്ക് ഉപദേശിച്ചിരുന്ന ഒരു വിദ്യയുണ്ട്. ബസിലോ തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍, അല്ലെങ്കില്‍ എവിടെയെങ്കിലും നടക്കുന്ന വേളയില്‍ ഒരു കാക്ക കണ്ണില്‍പെട്ടെന്നിരിക്കട്ടെ. ഉടന്‍ 'ഇതാ ഒരു കാക്ക' എന്ന് ചിന്തിക്കുന്നതിന് പകരം അതിന്റെ ശാസ്ത്രീയനാമം ഓര്‍ക്കുക. കാക്കയെ കാണുമ്പോള്‍, അത് ബലിക്കാക്കയാണെങ്കില്‍ 'ഇതാ ഒരു കോര്‍വസ് മാക്രോറൈന്‍കസ് (Corvus macrorhynchos)' എന്ന് ചിന്തിക്കുക!

'മറ്റ് സാധാരണ പക്ഷികളെ കാണുമ്പോഴും ഇതേ രീതി പിന്തുടര്‍ന്നാല്‍, പക്ഷികളുടെ ശാസ്ത്രീയനാമം എന്നത് കീറാമുട്ടിപ്രശ്‌നം അല്ലാതാകുമെന്ന് സാലിം അലി പറഞ്ഞിരുന്നു'' - സാലിം അലിയുടെ ശിഷ്യനും തട്ടേക്കാട് 'സാലിം അലി പക്ഷി സങ്കേതത്തി'ലെ ശാസ്ത്രജ്ഞനുമായ ഡോ.ആര്‍.സുഗതന്‍ അടുത്തിയിടെ ഈ ലേഖകനോട് ഒരു അഭിമുഖവേളയില്‍ പറഞ്ഞു. പക്ഷിനിരീക്ഷകരെ സംബന്ധിച്ച് തീര്‍ച്ചയായും ഇതൊരു വിലപ്പെട്ട ഉപദേശം തന്നെയാണ്.

ഈ പ്രശ്‌നത്തെ ആധുനികസാങ്കേതികവിദ്യയുടെ വശത്തുനിന്ന് ഒന്ന് പരിഗണിച്ചാലോ. 'ഗൂഗിള്‍ ഗ്ലാസ്' പോലുള്ള പുത്തന്‍ സങ്കേതത്തിന്റെ സഹായത്തോടെ ഇക്കാര്യത്തിന് പരിഹാരം താരതമ്യേന എളുപ്പമാണ്.

കണ്ണടപോലെ ധരിച്ചുകൊണ്ട് ഓണ്‍ലൈന്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്. അതിലെ ക്യാമറയും വലത് കണ്ണിന് മുകളില്‍ ചതുരാകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന സുതാര്യ പ്രൊജക്ഷനും അത് ധരിക്കുന്നയാളെ ഓണ്‍ലൈന്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്നു.

പക്ഷിനിരീക്ഷകരെ സഹായിക്കാനൊരു ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഗ്ലാസിലുണ്ടായാല്‍ മതി...കണ്‍മുന്നിലൊരു പക്ഷി പ്രത്യക്ഷപ്പെട്ടാല്‍, ക്യാമറ സെന്‍സര്‍ അത് കാണുകയും, ഓണ്‍ലൈന്‍ സ്രോതസ്സുകളുടെ സഹായത്തോടെ ഏത് പക്ഷിയാണത്, അതിന്റെ ശാസ്ത്രീയനാമമെന്ത് തുടങ്ങിയ കാര്യങ്ങളൊക്കെ നൊടിയിടയില്‍ കണ്ണിന് മുന്നില്‍ തെളിയുകയും ചെയ്യും. സംഭവം റിക്കോര്‍ഡ് ചെയ്താല്‍ പിന്നീടത് പരിശോധിച്ച് സംശയനിവാരണം വരുത്തുകയുമാകാം.

ഭാവിയിലെ ഒരു സാധ്യതയാണ് മുകളില്‍ വിവരിച്ചത്. സാലിം അലി പറഞ്ഞ ഉപായം, സാങ്കേതികവിദ്യയുടെ കാചത്തിലൂടെ കടത്തിവിട്ടെത്താവുന്ന ഒരു പരിഹാരം.

ഇത് അപ്രതീക്ഷിതമായി കണ്‍മുന്നിലെത്തുന്ന പക്ഷിയെ തിരിച്ചറിയാനുള്ള ഭാവിസാധ്യത. ഇനി മറ്റൊരു സംഭവം പരിഗണിക്കുക. രണ്ടുവര്‍ഷംമുമ്പ് ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ തത്സമയം കണ്ട ഒരു പക്ഷികുടുംബമുണ്ട്; ഒരു പരുന്ത് കുടുംബം. അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ ഒരു പരുത്തിമരത്തില്‍ 80 അടി മുകളില്‍ കൂടുകെട്ടി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളെ പോറ്റിയിരുന്ന ആ പരുന്ത് കുടുംബം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായത്, ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് വഴിയാണ്.

'റാപ്ടര്‍ റിസോഴ്‌സ് പ്രോജക്ട്' എന്ന പരിസ്ഥിതി ഗ്രൂപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള വീഡിയോ സ്ട്രീമിങ് കമ്പനിയായ 'യുസ്ട്രീമി' (UStream) ന്റെ സഹായത്തോടെ പരുന്ത് കൂട്ടില്‍ വെബ്ബ്ക്യാം സ്ഥാപിച്ച് 24 മണിക്കൂറും അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. കൂട്ടില്‍ മുട്ടവിരിയുന്നതും കുഞ്ഞുങ്ങളുണ്ടാകുന്നതും ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേര്‍ന്ന് കുഞ്ഞുങ്ങളെ പോറ്റുന്നതും, ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ ഉറക്കമിളച്ചിരുന്ന് ലൈവായി നിരീക്ഷിച്ചു!

പക്ഷികള്‍ക്കേ ആരാധകരുള്ളൂ എന്ന് കരുതരുത്. അമേരിക്കയില്‍ മിഷിഗണിലെ ഗ്രോസ് പോയന്റ് വുഡ്‌സില്‍ 'ലൂസ് പെറ്റ് ഷോപ്പി'ല്‍ ഫ്രാങ്കിയെന്ന ആമയാണ് താരം! 17 വയസ്സ് പ്രായമുള്ള ഫ്രാങ്കിയുടെ തോടിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 'ഡ്രോപ്പ്ക്യാം' ക്യാമറ വഴി, 'ആമക്കണ്ണിലൂടെയുള്ള ലോകം' ഇടതടവില്ലാതെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുകയാണ് (കാണുക : http://www.louspetshop.com/franky-cam).

ഫ്രാങ്കിയുടെ സംപ്രേക്ഷപണം പ്രതിമാസം പതിനായിരം പേരെ ആകര്‍ഷിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പോലും ഫ്രാങ്കിക്ക് ആരാധകരുണ്ട്.

ആമയ്ക്കാകാമെങ്കില്‍ മനുഷ്യനായിക്കൂടേ! അയര്‍ലന്‍ഡില്‍ ഡബ്ലിന്‍ സിറ്റി സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ഗവേഷകനായ കാഥല്‍ ഗുരിന്‍ ഏഴ് വര്‍ഷമായി തന്റെ ജീവിതം റിക്കോര്‍ഡ് ചെയ്തുന്ന വ്യക്തിയാണ്. കഴുത്തില്‍ ധരിക്കാവുന്ന ഒരു വൈഡ് ആംഗിള്‍ ക്യാമറയുപയോഗിച്ച് തന്റെ ദൃഷ്ടിപഥത്തിലെ ദൃശ്യങ്ങള്‍ ഓരോ മിനിറ്റിലും അദ്ദേഹം പകര്‍ത്തുന്നു. ഓരോ ചിത്രത്തിന്റെയും ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ അതിനൊപ്പം സൂക്ഷിക്കപ്പെടുന്നു.

ഇതിനകം ഗുരിന്‍ സ്വന്തം ജീവിതത്തിലെ 120 ലക്ഷം ദൃശ്യങ്ങളുടെ ശേഖരം ഉണ്ടാക്കിക്കഴിഞ്ഞു. ഒരോ വര്‍ഷവും ഓരോ ടെറാബൈറ്റ് (teradbyte) ഡേറ്റ വീതമാണ് ഇതുവഴി സൃഷ്ടിക്കുന്നത് (50 വര്‍ഷംമുമ്പ് ലോകത്താകെ ലഭ്യമായിരുന്ന മൊത്തം കമ്പ്യൂട്ടര്‍ മെമ്മറിക്ക് തുല്യമാണിത്!). ഒരു ഇമേജ് സ്‌കാനിങ് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ, ആ ആര്‍ക്കൈവ് സെര്‍ച്ച് ചെയ്യാവുന്ന 70,000 'സംഭവങ്ങള്‍' ആയി മാറ്റാന്‍ ഗുരിനും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞു.

സ്വജീവിതം റിക്കോര്‍ഡ് ചെയ്യുക മാത്രമല്ല, സെര്‍ച്ച് ചെയ്യാനും പറ്റുന്ന രൂപത്തിലാക്കിയിരിക്കുകയാണ് ആ കമ്പ്യൂട്ടര്‍ ഗവേഷകന്‍! രണ്ടുവര്‍ഷംമുമ്പ് ഒരു സ്ഥലത്ത് പോയപ്പോള്‍ താന്‍ എന്തുതരം വീഞ്ഞാണ് കഴിച്ചതെന്നറിയാന്‍, സ്വന്തം ജീവിതത്തിന്റെ ആര്‍ക്കൈവില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ മാത്രം മതി (ഏതായാലും അദ്ദേഹം ടോയ്‌ലറ്റ് റിക്കോര്‍ഡ് ചെയ്യുന്നില്ല!!).

മേല്‍സൂചിപ്പിച്ച ഉദാഹരണങ്ങളിലെല്ലാം പൊതുവായിട്ടുള്ള സംഗതി റിക്കോര്‍ഡിങ് ആണ്. മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ സംഗതികളും (ജീവിതം പോലും) റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകമാണിപ്പോള്‍. അടുത്തകാലംവരെ ഊഹിക്കാന്‍പോലും കഴിയാതിരുന്ന തരത്തിലാണ് ഇപ്പോള്‍ ആ ട്രെന്‍ഡ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.

മനുഷ്യജീവിതവും പ്രകൃതിയും വീടുകളും ഓഫീസ് മുറികളും ട്രാഫിക് സംവിധാനങ്ങളും ഭൂപ്രതലവുമെല്ലാം ക്യാമറകള്‍ക്ക് മുന്നിലാണ്. മൊബൈല്‍ ക്യാമറകളും പോലീസിന്റെ സുരക്ഷാക്യാമറകളും മുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ വരെ അതിനുപയോഗിക്കപ്പെടുന്നു.

ക്യാമറകളുടെ വലിപ്പം അസാധാരണമായി കുറഞ്ഞതും, ഡിജിറ്റല്‍ സ്‌റ്റോറേജിന്റെ ചെലവുകുറഞ്ഞതുമാണ് കാര്യങ്ങള്‍ ഇന്നത്തെ നിലയ്ക്ക് എത്തിച്ചത്. യുട്യൂബിലിപ്പോല്‍ ഓരോ മിനിറ്റിലും അപ്‌ലോഡ് ചെയ്യപ്പെടുന്നത് 100 മണിക്കൂര്‍ പ്ലേ ചെയ്യാവുന്ന വീഡിയോ ആണ്. ഫ്രാങ്കി എന്ന ആമയുടെ പുറത്തെ വെബ്ബ്ക്യാം നിര്‍മിച്ച 'ഡ്രോപ്പ്ക്യാം' കമ്പനി ഓരോ മിനിറ്റിലും ആയിരം മണിക്കൂര്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. ഒരുവര്‍ഷം മുമ്പത്തെ കണക്കുവെച്ച് 500 ശതമാനം കൂടുതലാണിതെന്ന് കമ്പനി അറയിക്കുന്നു. ഇതുകൂടാതെ ഓരോ മിനിറ്റിലും 1500 മണിക്കൂര്‍ വീഡിയോ ലൈവായി പ്രേക്ഷകര്‍ കാണുന്നു, അത് റിക്കോര്‍ഡ് ചെയ്യുന്നില്ല.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള അനാവശ്യ വീഡിയോ റിക്കോഡിങിന്റെയും ഫോട്ടോഗ്രാഫിയുടെയും പോല്ലാപ്പ് ഒരുവശത്ത് വര്‍ധിക്കുമ്പോള്‍ തന്നെ, സാങ്കേതികവിദ്യ തുറന്നുതരുന്ന പുതിയ സാധ്യതകള്‍ ഉപേക്ഷിക്കാന്‍ ലോകം തയ്യാറാകുന്നുമില്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.അമേരിക്കയില്‍ 150 ലക്ഷം ഭവനങ്ങളില്‍ സ്വകാര്യസുരക്ഷാക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതായി, ഗവേഷണസ്ഥാപനമായ 'പാര്‍ക്ക്‌സ് അസോസിയേറ്റ്‌സ്' പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 50 ലക്ഷം ഭവനങ്ങളിലാണ് പുതിയതായി ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ഇത്തരം ക്യാമറകളുടെ ലക്ഷ്യം മോഷണം തടയല്‍ മാത്രമല്ല. തങ്ങളുടെ ഓമനമൃഗങ്ങളെ ഓഫീസിലിരുന്ന് നിരീക്ഷിക്കാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു. കുഞ്ഞുങ്ങളെ നോക്കാനും പ്രായമായവര്‍ എന്തുചെയ്യുന്നു എന്ന് നിരീക്ഷിക്കാനുമൊക്കെ പലര്‍ക്കും ക്യാമറകള്‍ തുണയ്‌ക്കെത്തുന്നു. വീടുകളില്‍ സ്ഥാപിക്കുന്നവയെ ഇപ്പോള്‍ വെറും സുരക്ഷാക്യാമറ എന്ന് വിളിക്കാമോ എന്നാണ് സംശയം.

ഗൂഗിള്‍ മാപ്‌സ് സര്‍വീസിന്റെ ഭാഗമായ 'സ്ട്രീറ്റ് വ്യൂ' (Google Street View) റോഡുകളും നഗരങ്ങളും കാടും മേടും മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. 2012 ജൂണിലെ കണക്കുവെച്ച് 80 ലക്ഷം കിലോമീറ്റര്‍ ദൂരം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ ക്യാമറാവാഹനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 39 രാജ്യങ്ങളിലായി 3000 നഗരങ്ങള്‍ ഓണ്‍ലൈനിലെത്തിക്കാനും കഴിഞ്ഞു.

റിസര്‍ച്ച് സ്ഥാപനമായ എ.ബി.ഐ (ABI) യുടെ കണക്ക് പ്രകാരം, 2012 ല്‍ മാത്രം മൊബൈല്‍ ഫോണുകളിലൂടെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വഴിയും ലോകമെങ്ങുമെത്തിയത് 100 കോടി ക്യാമറകളാണ്. ഫെയ്‌സ്ബുക്കില്‍ മാത്രം ഓരോ ദിവസവും ചേര്‍ക്കപ്പെടുന്ന 30 കോടി ഫോട്ടോകളില്‍ നല്ലൊരുപങ്കും ഇത്തരം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്നതാണ്.

ഇതിനെയൊക്കെ കടത്തിവെട്ടുന്ന സാധ്യതയാണ് ഗൂഗിള്‍ ഗ്ലാസ് മുന്നോട്ടുവെയ്ക്കുന്നത്. വീഡിയോ പിടിത്തവും ഫോട്ടോയെടുക്കലും ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കുവെയ്ക്കലും എല്ലാം കൈയുടെ സഹായമില്ലാതെ ഗൂഗിള്‍ ഗ്ലാസില്‍ സാധ്യമാകും, ശബ്ദനിര്‍ദേശം മതി. പുതിയ സാധ്യതകള്‍പോലെ, സങ്കീര്‍ണമായ സ്വകാര്യതാപ്രശ്‌നങ്ങള്‍ക്കും ഇത്തരം ഉപകരണങ്ങളുടെ വരവ് കാരണമാകും.

ക്യാമറകളും വീഡിയോ സ്ട്രീമിങും ഓണ്‍ലൈനിലെത്തിയത്, സൈബര്‍ ക്രിമിനലുകള്‍ക്ക് പുതിയ വേദികളൊരുക്കുകയാണ്. ഹാക്കിങ് വഴി ഇത്തരം ഓണ്‍ലൈന്‍ സംവിധാനത്തെ തകിടംമറിക്കാന്‍ എളുപ്പമാണെന്നോര്‍ക്കുക.

മൊബൈല്‍ ക്യാമറകളുടെ ദുരുപയോഗം ഇപ്പോള്‍ തന്നെ വലിയൊരു സാമൂഹിക പ്രശ്‌നമായിരിക്കുന്ന നമ്മുടെ നാട്ടില്‍, പുതിയ സാങ്കേതികസംവിധാനങ്ങള്‍ ഏതൊക്കെ പരിധികളാണ് ലംഘിക്കുക എന്ന് പറയാനാകില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് കാര്യമായ ബോധവത്ക്കരണവും, സാങ്കേതികവിദ്യകളെ ശരിയായ വിധത്തിലുപയോഗിക്കാനുള്ള സാമൂഹിക പ്രേരണയും ഉണ്ടായേ തീരൂ.

ഓര്‍ക്കുക, ജോര്‍ജ് ഓര്‍വെല്‍ എല്ലാം നിരീക്ഷിക്കുന്ന ഒരു 'വല്യേട്ടനെ'ക്കുറിച്ചാണ് പറഞ്ഞത്. ലോകത്തിപ്പോള്‍ അതിന് പകരം നൂറുകോടി 'ചെറിയേട്ടന്‍മാര്‍' എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു!

(കടപ്പാട് : 1. The People's Panopticon, The Economist, Nov 16, 2013; 2. Webcams See All (Tortoise, Watch Your Back), by Quentin Hardy, The New York Timesd, Jan 7, 2014;  3. ഗൂഗിള്‍ ഗ്ലാസ് അത്ഭുതലോകം ഒരുക്കുമ്പോള്‍, by ഉണ്ണികൃഷ്ണന്‍ എസ്, മാതൃഭൂമി് ഓണ്‍ലൈന്‍, May 26, 2013; 4. Wikipedia)

-കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' മാര്‍ച്ച് 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. 

1 comment:

Joseph Antony said...

മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ സംഗതികളും (ജീവിതം പോലും) റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകമാണിപ്പോള്‍. അടുത്തകാലംവരെ ഊഹിക്കാന്‍പോലും കഴിയാതിരുന്ന തരത്തിലാണ് ഇപ്പോള്‍ ആ ട്രെന്‍ഡ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. മനുഷ്യജീവിതവും പ്രകൃതിയും വീടുകളും ഓഫീസ് മുറികളും ട്രാഫിക് സംവിധാനങ്ങളും ഭൂപ്രതലവുമെല്ലാം ക്യാമറകള്‍ക്ക് മുന്നിലാണ്. മൊബൈല്‍ ക്യാമറകളും പോലീസിന്റെ സുരക്ഷാക്യാമറകളും മുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ വരെ അതിനുപയോഗിക്കപ്പെടുന്നു.