Friday, February 28, 2014

വിടവാങ്ങുന്ന 'ഗൂഗിളും'; ചിറകടിക്കുന്ന ഗൂഗിളും

പതിനേഴ് വര്‍ഷവും ആറുമാസവും 23 ദിവസവും നിലനിന്ന ആള്‍ട്ടവിസ്ത (AltaVista) എന്ന സെര്‍ച്ച് എഞ്ചിന്‍, ഉയര്‍ച്ചതാഴ്ച്ചകളുടെയും കിടമത്സരങ്ങളുടെയും കലുഷിതമായ ചരിത്രം ബാക്കിവെച്ച് 2013 ജൂലായ് എട്ടിന് വിടവാങ്ങി. പത്തുവര്‍ഷംമുമ്പ് തങ്ങള്‍ സ്വന്തമാക്കിയ ആള്‍ട്ടവിസ്ത പൂട്ടുന്നവിവരം യാഹൂ കമ്പനി പ്രഖ്യാപിച്ചു. 1990 കളുടെ മധ്യേ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പഴയ തലമുറ ഒട്ടൊരു ഗൃഹാതുരത്വത്തോടെയാണ് ആ പ്രഖ്യാപനം കേട്ടത്.

'ദി സെര്‍ച്ച്' എന്ന ഗ്രന്ഥത്തില്‍ 1990 കളിലെ സെര്‍ച്ചിന്റെ ചരിത്രം വിവരിക്കുന്നിടത്ത് ജോണ്‍ ബാറ്റില്‍ ആള്‍ട്ടവിസ്തയെ വിശേഷിപ്പിക്കുന്നത് 'അന്നത്തെ ഗൂഗിള്‍' എന്നാണ്. സെര്‍ച്ചില്‍ ഇപ്പോള്‍ ഗൂഗിള്‍ എന്താണോ, തൊണ്ണൂറുകളുടെ മധ്യേ അതായിരുന്നു ആള്‍ട്ടവിസ്ത. ആ നിലയ്ക്ക് കഴിഞ്ഞ ജൂലായ് എട്ടിന് വിടവാങ്ങിയത് 'അന്നത്തെ ഗൂഗിളാ'ണ്.

വളരുന്ന സെര്‍ച്ച് ബിസിനസിലും മുറുകുന്ന മത്സരത്തിലും പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത അവസാനിക്കുന്ന സമയത്ത്, യഥാര്‍ഥ ഗൂഗിള്‍ തങ്ങളുടെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചിന് ഇനി 'ഹമ്മിങ് ബേര്‍ഡി'ന്റെ ചിറകടിയാണുണ്ടാവുകയെന്ന് 2013 സപ്തംബര്‍ 26 ന് പ്രഖ്യാപിക്കപ്പെട്ടു. ഗൂഗിള്‍ ഉപയോഗിക്കുന്ന പരിഷ്‌ക്കരിച്ച സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പേരാണ് 'ഹമ്മിങ് ബേര്‍ഡ്'.

നിലവില്‍ മുന്നൂറ് കോടിയിലേറെ അന്വേഷണങ്ങള്‍ക്ക് (ക്വെറികള്‍ക്ക്) ഗൂഗിള്‍ ദിവസവും മറുപടി നല്‍കുന്നു എന്നാണ് കണക്ക്. ഇതുവരെ പിന്തുടര്‍ന്ന സെര്‍ച്ച് വിദ്യയില്‍നിന്ന് വ്യത്യസ്തമായി, ഉപയോക്താവിന്റെ അന്വേഷണങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വം ഉത്തരം നല്‍കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ഗൂഗിള്‍ സെര്‍ച്ച്. മൊബൈലുകളില്‍ ശബ്ദനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടി ഇതോടെ ഗൂഗിള്‍ സെര്‍ച്ച് പാകമാവുകയാണ്.

മൊബൈല്‍ യുഗം മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ക്കൂടി നിറവേറ്റാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ചെന്ന് അവകാശപ്പെടുമ്പോള്‍, ഗൂഗിള്‍ പറയാതെ പറയുന്ന ഒരു സംഗതിയുണ്ട് - ഐഫോണിലെ സിരിക്കുള്ള മറുപടിയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ തങ്ങള്‍ നല്‍കുന്നത്.

2011 ഒക്ടോബര്‍ അവസാനമാണ് 'ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിരി ( Siri ) ഐഫോണിലെത്തിയത്. ശരിക്കുള്ള സഹായിയോട് വിവരങ്ങള്‍ തേടുന്നതുപോലെ, ഐഫോണ്‍ ഉപയോക്താവിന് സിരിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) യില്‍ അധിഷ്ഠിതമായ ആപ്ലിക്കേഷനാണ് സിരി. സിരിയുടെ വരവോടെ സെര്‍ച്ച് രംഗത്ത് ആപ്പിള്‍ ഒറ്റയടിക്ക് അഞ്ചുവര്‍ഷം മുന്നിലെത്തിയെന്ന് പല വിദഗ്ധരും വിലയിരുത്തി. സിരി ഭീഷണിയാണെന്ന് ഗൂഗിളിന്റെ ഉന്നതരും സമ്മതിച്ചു.

ആ ഭീഷണിക്കുള്ള മറുപടിയാണ് പുതിയ ഗൂഗിള്‍ സെര്‍ച്ച്. എന്നുവെച്ചാല്‍, കാലപ്രവാഹത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത വിടവാങ്ങിയപ്പോള്‍, ഗൂഗിള്‍ പുതിയ ഉയരങ്ങള്‍ തേടി ചിറകടിക്കുകയാണ്. സെര്‍ച്ച് എന്ന പ്രവൃത്തിയെ വെബ്ബ് ബിസിനസിന്റെ നട്ടെല്ലാക്കി മാറ്റിയ ഗൂഗിള്‍, തങ്ങള്‍ക്ക് കാലഹരണപ്പെടാന്‍ മനസില്ല എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ !

ലിങ്കുകളുടെ മാന്ത്രികത തലയ്ക്കുപിടിച്ച രണ്ട് സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളുടെ -ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ - ഒടുങ്ങാത്ത തര്‍ക്കങ്ങളില്‍നിന്നാണ് ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത്. പക്ഷേ, ഇന്റര്‍നെറ്റില്‍ സെര്‍ച്ചിന്റെ ചരിത്രം അതിനുംമുമ്പ് ആരംഭിച്ചിരുന്നു.

ആദിയില്‍ സെര്‍ച്ച് ഉണ്ടായത്
വെബ്ബോ ബ്രൗസറുകളോ സെര്‍ച്ചോ ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് സങ്കല്‍പ്പിച്ചുനോക്കൂ. അക്കാര്യം സങ്കല്‍പ്പിക്കാന്‍ പോലും പലരും ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്റര്‍നെറ്റിന് അങ്ങനെയൊരു കാലമുണ്ടായിരുന്നു. കുറെ കമ്പ്യൂട്ടറുകളുടെയും നെറ്റ്‌വര്‍ക്കുകളുടെയും ജീവനില്ലാത്ത ശൃംഖല മാത്രമായിരുന്നു അന്നത്തെ ഇന്റര്‍നെറ്റ്. ഹൈപ്പര്‍ലിങ്കുകള്‍ വഴി ഡോക്യുമെന്റുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഡോക്യുമെന്റിന്റെ പേര്, അത് സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ നോഡ് ഒക്കെ കൃത്യമായി അറിയില്ലെങ്കില്‍ ഒരു വിവരവും ഇന്റര്‍നെറ്റില്‍ തേടിപ്പിടിക്കാന്‍ കഴിയാത്ത 'ശിലായുഗ'മായിരുന്നു അത്.

ആ 'ശിലായുഗ'ത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്റര്‍നെറ്റില്‍ ആദ്യ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത്. 1990 ല്‍ പ്രത്യക്ഷപ്പെട്ട 'ആര്‍ച്ചി' ( Archie ) ആയിരുന്നു അത്; മാക്ഗില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി അലന്‍ ഇംടേജ് രൂപംനല്‍കിയത്.

ഇന്റര്‍നെറ്റില്‍ പൊതുലഭ്യതയിലുള്ള കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ള പ്രബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍ അക്കാദമിക് രംഗത്തുള്ളവരെ സഹായിക്കുക എന്നതായിരുന്നു ആര്‍ച്ചിയുടെ ലക്ഷ്യം. അത്തരം ഡോക്യുമെന്റുകളുടെ ഇന്‍ഡെക്‌സ് തയ്യാറാക്കിയാണ് ആര്‍ച്ചി പ്രവര്‍ത്തിച്ചത്. ഇന്റര്‍നെറ്റിന്റെ 'ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍' ( FTP ) സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാമാക്കിയുള്ള ആര്‍ച്ചി പക്ഷേ, അത്ര യൂസര്‍-ഫ്രണ്ട്‌ലി ആയിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ വെബ്ബ് ആവിര്‍ഭവിച്ചതോടെ, ആര്‍ച്ചിയുടെ പരിമിതി ബോധ്യമായി. അതെത്തുടര്‍ന്ന് 1993 ല്‍ നെവേദ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ സെര്‍ച്ച് എഞ്ചിനാണ് 'വെറോനിക്ക' ( Veronica ). ആര്‍ച്ചി പോലെ തന്നെയായിരുന്നു അതിന്റെയും പ്രവര്‍ത്തനം. എഫ്.ടി.പിക്ക് പകരം, ജനപ്രിയ 'ഗോഫര്‍' ( Gopher ) സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം.

അന്വേഷിക്കുന്ന ഡോക്യുമെന്റിന്റെ തലക്കെട്ട് മാത്രമേ ഇന്‍ഡെക്‌സ് ചെയ്യൂ, ഉള്ളടക്കം ഇന്‍ഡെക്‌സ് ചെയ്യില്ല എന്നതായിരുന്നു ആര്‍ച്ചിയുടെയും വെറോനിക്കയുടെയും പ്രശ്‌നം. ഡോക്യുമെന്റ് തപ്പിയെടുക്കാന്‍ യഥാര്‍ഥ തലക്കെട്ട് തന്നെ നല്‍കേണ്ടിയിരുന്നു.

മിന്നല്‍പ്പോലെയായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിന്റെ വളര്‍ച്ച. ഇന്റര്‍നെറ്റില്‍ വെബ്ബ്‌സൈറ്റുകളുടെ എണ്ണം 1993 ല്‍ വെറും 130 ആയിരുന്നത്, 1996 എത്തിയപ്പോഴേക്കും ആറുലക്ഷമായി. മനുഷ്യന്റെ പരിധിക്കപ്പുറത്തേക്ക് വെബ്ബ് വളരുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചവരില്‍ ഒരാളായിരുന്നു അമേരിക്കയില്‍ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകന്‍ മാത്യു ഗ്രേ. അദ്ദേഹം രൂപംനല്‍കിയാതാണ് WWW Wanderer എന്ന വെബ്ബ് സെര്‍ച്ച്. വെബ്ബ്‌സൈറ്റുകളുടെ ഇന്‍ഡെക്‌സ് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു റോബോട്ട് പ്രോഗ്രാമായിരുന്നു അത്.

ആ സെര്‍ച്ച് എഞ്ചിന്റെ പ്രതാപവും അധികം നീണ്ടുനിന്നില്ല. കൂടുതല്‍ മികവാര്‍ന്ന സെര്‍ച്ച് സര്‍വീസുകള്‍ രംഗപ്രവേശം ചെയ്തു. 'വെബ്ബ്ക്രാളര്‍' ( WebCrawler ) ആയിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഗവേഷകനായിരുന്ന ബ്രിന്‍ പിന്‍കെര്‍ട്ടന്‍ 1994 ഏപ്രിലില്‍ ഓണ്‍ലൈനിലെത്തിച്ച ആ സര്‍വീസിന്റെ പ്രത്യേകത, വെബ്ബ്‌സൈറ്റുകളെ ഇന്‍ഡെക്‌സ് ചെയ്യാന്‍ ഒരു ക്രാളര്‍ അതില്‍ ഉപയോഗിച്ചു എന്നതാണ്. വെബ്ബ് ഡോക്യുമെന്റുകളിലെ മുഴുവന്‍ ടെക്‌സ്റ്റും ഇന്‍ഡെക്‌സ് ചെയ്യാന്‍ ശേഷിയുള്ള ആദ്യത്തെ സെര്‍ച്ച് എഞ്ചിനായിരുന്നു അത്. പുറത്തിറങ്ങി ഏഴുമാസംകൊണ്ട് പത്തുലക്ഷം സെര്‍ച്ചുകള്‍ വെബ്ബ്ക്രാളര്‍ വഴിയുണ്ടായി. 1995 ജൂണില്‍ ഏതാണ്ട് പത്തുലക്ഷം ഡോളറിന് അമേരിക്ക ഓണ്‍ലൈന്‍ ( AOL ) വെബ്ബ്ക്രാളറിനെ സ്വന്തമാക്കി.

എന്നാല്‍, വെബ്ബില്‍ ഒരു യഥാര്‍ഥ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത് 1995 ഡിസംബര്‍ 15 നാണ് - 'ആള്‍ട്ടവിസ്ത' ( AltaVista ) എന്ന പേരില്‍.

ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന് കീഴിലെ നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് ലബോററ്റിയിലെയും വെസ്‌റ്റേണ്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും ഗവേഷകരാണ് ആള്‍ട്ടവിസ്ത (AltaVista) യ്ക്ക് രൂപംനല്‍കിയത്. ലൂയിസ് മോനിയര്‍, പോള്‍ ഫ് ളാഹര്‍ട്ടി, മൈക്കല്‍ ബറോസ് എന്നിവരായിരുന്നു അതില്‍ മുഖ്യശില്പ്പികള്‍. '1996 ല്‍ ഒരുപക്ഷെ വെബ്ബിലെ ഏറ്റവും ഇഷ്ട ബ്രാന്‍ഡായിരുന്നു ആള്‍ട്ടവിസ്ത. ഇന്നത്തെ കണക്കിന്, അന്നത്തെ 'ഗൂഗിള്‍'' - ജോണ്‍ ബാറ്റില്‍ രേഖപ്പെടുത്തുന്നു.

പ്രത്യേകിച്ച് പ്രഖ്യാപനമൊന്നുമില്ലാതെയാണ് തുടങ്ങിയതെങ്കിലും, ആദ്യദിവസം തന്നെ മൂന്നുലക്ഷംപേര്‍ ആള്‍ട്ടവിസ്ത സന്ദര്‍ശിച്ചു. ഒരുവര്‍ഷത്തിനകം 400 കോടി സെര്‍ച്ചുകള്‍. ദിനംപ്രതി 250 ലക്ഷം സെര്‍ച്ചുകളുമായി 1997 ആയപ്പോഴേക്കും ആള്‍ട്ടവിസ്ത സെര്‍ച്ചിലെ രാജാവായി. സ്‌പോണ്‍സര്‍മാരില്‍നിന്ന് 500 ലക്ഷം ഡോളര്‍ വരുമാനം. യാഹൂവിനും എ.ഒ.എല്ലിനുമൊപ്പം വെബ്ബില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ള സൈറ്റ് - അതായി ആള്‍ട്ടവിസ്ത.

ഗൂഗിളിനെപ്പോലെ ഒരു വെബ്ബ്‌പേജിലേക്കുള്ള ലിങ്കുകളെ, ആ സൈറ്റിന്റെ പ്രസക്തി മനസിലാക്കാന്‍ പ്രയോജനപ്പെടുത്തിയ ആദ്യ സെര്‍ച്ച് എഞ്ചിന്‍ 1994 ല്‍ രംഗത്തെത്തിയ ലൈക്കസ് (Lycos) ആയിരുന്നു . കാര്‍നജീ മെലോണ്‍ സര്‍വകലാശാലയിലെ ഡോ.മൈക്കല്‍ മൗള്‍ഡിന്‍ രൂപംനല്‍കിയ ആ സെര്‍ച്ച് എഞ്ചിനില്‍ ഗണിത ആല്‍ഗരിതമാണ് ഉപയോഗിക്കപ്പെട്ടത്. 1999 ല്‍ ഒരു ചെറുകാലയളവില്‍, ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റായി ലൈക്കസ് മാറി. 2000 ല്‍ ഡോട്ട്‌കോം കുമിളയുടെ പാരമ്യത്തില്‍ സ്പാനിഷ് ടെലകോം ഭീമനായ ടെറ ( Terra ) ലൈക്കസിനെ സ്വന്തമാക്കി. നാലുവര്‍ഷത്തിന് ശേഷം ടെറ, അത് ദക്ഷിണകൊറിയന്‍ കമ്പനിക്ക് 10 കോടി ഡോളറിന് കൈമാറി. ഗൂഗിള്‍ ശക്തിപ്രാപിച്ചതോടെ, ആള്‍ട്ടവിസ്തയെപ്പോലെ ലൈക്കസിന്റെയും പ്രതാപകാലം അസ്തമിച്ചു.

1990 കളില്‍ പ്രാധാന്യം നേടിയ മറ്റൊരു സെര്‍ച്ച് എഞ്ചിനായിരുന്നു 'എക്‌സൈറ്റ്' ( Exite ) - 1994 ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ആറ് പൂര്‍വ്വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപംനല്‍കിയത്.

സ്റ്റാന്‍ഫഡിലെ തന്നെ രണ്ട് വിദ്യാര്‍ഥികളായ ജെറി യാങ്, ഡേവിഡി ഫിലോ എന്നിവര്‍ ചേര്‍ന്ന് 1994 ജനവരിയില്‍ സൃഷ്ടിച്ച 'ജെറി ആന്‍ഡ് ഡേവിഡ്‌സ് ഗൈഡ് ടു ദി വേള്‍ഡ് വൈഡ് വെബ്ബ്' എന്ന വെബ്ബ്‌സൈറ്റാണ്, ഏതാനും മാസം കഴിഞ്ഞ് പേരുമാറ്റി 'യാഹൂ' ( Yahoo! ) ആയത്. വെബ്ബ്‌സൈറ്റകളുടെ പ്രാധാന്യക്രമം അനുസരിച്ച് രൂപപ്പെടുത്തിയ ഒരു ഡയറക്ടറി ആയിട്ടാണ് യാഹൂ തുടങ്ങിയത്. സെര്‍ച്ച് അടക്കമുള്ള സര്‍വീസുകള്‍ ലഭ്യമാക്കുന്ന ഒരു വെബ്ബ് പോര്‍ട്ടലായി പിന്നീടത് പരിണമിച്ചു.

ഗൂഗിളിന്റെ ഉദയം 
1990 കളുടെ രണ്ടാംപകുതിയില്‍ ആള്‍ട്ടവിസ്തയും ലൈക്കസുമൊക്കെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വേളയിലാണ് സെര്‍ജി ബ്രിന്നും ലാറി പേജും സ്റ്റാന്‍ഫഡില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിക്ക് ചേരുന്നത്. ഒരു തര്‍ക്കത്തിനിടെ 1995 ല്‍ ഇരുവരും പരിചയപ്പെട്ടു. രണ്ടുപേരും തര്‍ക്കം തുടര്‍ന്നു. അവസാനമില്ലാത്ത ആ തര്‍ക്കങ്ങളില്‍നിന്ന് ഗൂഗിള്‍ പിറന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ രാജീവ് മോട്ട്‌വാനിക്ക് കീഴിലായിരുന്നു സെര്‍ജിയുടെ ഗവേഷണം. വിഷയം ഡേറ്റാമൈനിങ്. മറ്റൊരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ടെറി എ. വിനോഗ്രാഡിനെ ലാറി തന്റെ ഉപദേഷ്ടാവായി സ്വീകരിച്ചു.

ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടര്‍ നോഡുകളും, വേള്‍ഡ് വൈഡ് വെബ്ബിലെ ലിങ്കുകളുമാണ് ലാറിയെ വ്യാമോഹിപ്പിച്ചത്. ലിങ്കുകളെ വിശകലനം ചെയ്യാന്‍ മുഴുവന്‍ വെബ്ബും ഒരു സ്റ്റാന്‍ഫഡ് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ആ വിദ്യാര്‍ഥി തീരുമാനിച്ചു. ആ പ്രവര്‍ത്തനത്തിനിടെയാണ്, അക്കാദമിക് പ്രബന്ധങ്ങളുടെ സൈറ്റേഷനുകളും ഒരു വെബ്ബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ക്കും തമ്മില്‍ ശരിക്കും സമാന്തരമില്ലേ എന്ന സംശയം ലാറിയുടെ മനസില്‍ ഉയരുന്നത്.

കൂടുതല്‍ സൈറ്റേഷനുകള്‍ ലഭിക്കുന്ന പ്രബന്ധം തീര്‍ച്ചയായും കൂടുതല്‍ സ്വീകാര്യതയും അംഗീകാരവുമുള്ളതായിരിക്കും. അതുപോലെ ഒരു സൈറ്റിലേക്കുള്ള ലിങ്കുകളും, ലിങ്കുകളുടെ ഉത്ഭവസ്ഥാനമായ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഒരു സൈറ്റിന്റെ ജനപ്രിയതയെയും സ്വീകാര്യതയെയുമല്ലേ കുറിക്കുന്നത്. ഈ ആശയം സെര്‍ജിയെയും ആവേശഭരിതനാക്കി.

അങ്ങനെയെങ്കില്‍, ഒരു സൈറ്റ് വെബ്ബില്‍ പ്രധാനപ്പെട്ടതാണോ എന്ന് മനസിലാക്കാനുള്ള മാര്‍ഗമല്ലേ ഇത്. ഈയൊരു കാഴ്ച്ചപ്പാടോടെ ഒരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തിയാല്‍, അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തമായ മറുപടി കിട്ടില്ലേ. ഇരുവരും അക്കാദമിക് ജോലികള്‍ നിര്‍ത്തിവെച്ച്, ആ പ്രശ്‌നത്തില്‍ മുഴുകി.

ലിങ്കുകളെ വിശകലനം ചെയ്യുക വഴി ഒരു സൈറ്റിന്റെ പ്രധാന്യം മനസിലാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതം രൂപപ്പെടുത്തലായിരുന്നു ആദ്യപടി. ഗണിതപ്രതിഭയെന്ന് അതിനകം ഖ്യാതിനേടിയിരുന്ന സെര്‍ജി അതില്‍ ഊളിയിട്ടു. അങ്ങനെയാണ്, ലാറിയുടെ പേരിലറിയപ്പെടുന്ന, ഗൂഗിളിന്റെ തുറുപ്പുശീട്ടായിമാറിയ 'പേജ്‌റാങ്ക്' ( PageRank ) എന്ന സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പിറവി.

പേജ്‌റാങ്ക് ആല്‍ഗരിതം ഉപയോഗിച്ചുള്ള സെര്‍ച്ച്എഞ്ചിന്റെ ആദ്യപേര് 'ബാക്ക്‌റബ്ബ്' ( BackRub ) എന്നായിരുന്നു. സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളും അധ്യാപകരും ആദ്യം ഉപയോഗിച്ച അതിന്റെ പേര് പിന്നീട് 'ഗൂഗിള്‍' എന്നായി. മറ്റൊരു പേരും ലാറിയുടെയും സെര്‍ജിയുടെയും പരിഗണനയിലുണ്ടായിരുന്നുവെന്ന് കെന്‍ ഔലേറ്റ പറയുന്നു. 'വാട്ട്‌ബോക്‌സ്' ( Whatbox ) എന്നായിരുന്നു അത്. പക്ഷേ, What box എന്നത് Wetbox ആയി കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം, അതൊരു അശ്ലീലസൈറ്റായി കരുതപ്പെടാം എന്ന ഭയം മൂലം ആ ശ്രമം ഉപേക്ഷിച്ചു.

അതുവരെ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനുകളൊക്കെ വെറും 'കീവേര്‍ഡു'കളെ മാത്രം ആശ്രയിച്ച് സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നവയായിരുന്നു. പ്രസക്തവും അപ്രസക്തവുമായ ഫലങ്ങള്‍ കൂടിക്കുഴഞ്ഞ നിലയ്ക്കുള്ള ഫലമാണ് കിട്ടിയിരുന്നത്. എന്നാല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രസക്തമായ സെര്‍ച്ച്ഫലങ്ങള്‍ ആദ്യം കിട്ടുമെന്നതായിരുന്നു ഗൂഗിളിന്റെ പ്രത്യേകത. ലിങ്കുകളെയും ഒരു സൈറ്റിന്റെ ജനപ്രിയതയെയും 'പേജ്‌റാങ്ക്' വഴി വിശകലനം ചെയ്താണ് അത് സാധ്യമാക്കിയത്.

സെര്‍ച്ചിനെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരുന്നു. ഗൂഗിളിന് ശേഷം ഒരിക്കലും സെര്‍ച്ച് പഴയതുപോലെ ആയില്ല. തങ്ങള്‍ രൂപപ്പെടുത്തിയ ആ സാങ്കേതികവിദ്യയ്ക്ക് ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ടെന്ന് ലാറിക്കും സെര്‍ജിക്കും ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഗൂഗിള്‍ ഒരു കമ്പനിയായി. കോടിക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുന്ന, ആയിരക്കണക്കിന് ബിസിനസ് സംരംഭകര്‍ക്കും മറ്റ് മേഖലയിലുള്ളവര്‍ക്കും അനുഗ്രഹമാകുന്ന തരത്തില്‍ ഗൂഗിള്‍ വളര്‍ന്നു.

ഗൂഗിളിന്റെ ഈമെയില്‍ സര്‍വീസ് മുതല്‍ ഭൂപട സര്‍വീസും പരസ്യങ്ങളുംവരെ ഇന്ന് പ്രവര്‍ത്തിക്കുന്നത് സെര്‍ച്ച് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്. ലോകത്തിന്റെ ഗതിമാറ്റുന്നതായിരുന്നു ഗൂഗിള്‍ സെര്‍ച്ചെന്ന് സാരം. തിരയല്‍ അഥവാ സെര്‍ച്ച് എന്ന പ്രവൃത്തിക്ക് അതിര്‍ത്തികളില്ലെന്നാണ് ഗൂഗിളിന്റെ ചരിത്രം തെളിയിക്കുന്നത്.

ഹമ്മിങ് ബേര്‍ഡ് എത്തുമ്പോള്‍ 
ഗൂഗിളിന്റെ സെര്‍ച്ചില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം പ്രഖ്യാപിക്കപ്പെട്ടത് 2009 ആഗസ്തിലാണ്. ഗൂഗിളിന്റെ സെര്‍ച്ച് ആല്‍ഗരിതത്തിന്റെ 'കഫീന്‍' ( Caffeine ) വെര്‍ഷന്‍ അവതരിപ്പിക്കപ്പെട്ടു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷല്‍ സര്‍വീസുകളിലും മറ്റും നിമിഷംപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ക്കൂടി സെര്‍ച്ച്ഫലത്തില്‍ പ്രതിഫലിക്കാന്‍ പാകത്തിലുള്ളതായിരുന്നു ആ അപ്‌ഡേറ്റ്. മികച്ച രീതിയില്‍ വിവരങ്ങള്‍ തേടാന്‍ (അഥവാ ഇന്‍ടെക്‌സ് ചെയ്യാന്‍) ഗൂഗിളിനെ സഹായിക്കുക എന്നതായിരുന്നു മുഖ്യമായും കഫീന്റെ ഉദ്ദേശം. മൈക്രോസോഫ്റ്റ് അതിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനില്‍ വരുത്തിയ പരിഷ്‌ക്കരണത്തിനുള്ള മറുപടി കൂടിയായിരുന്നു 'കഫീന്‍' എന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള 'ഹമ്മിങ് ബേര്‍ഡ്' ആല്‍ഗരിതം വ്യത്യസ്തമാണ്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ച് ആല്‍ഗരിതമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ സെര്‍ച്ചിന്റെ മാറ്റം ഏത് തരത്തില്‍ പ്രതിഫലിക്കുമെന്ന് ഗൂഗിളിലെ അമിത് സിംഘാല്‍ വിവരിച്ചത് ഇങ്ങനെ : 'സെര്‍ച്ചിന്റെ പ്രാഥമിക ധര്‍മം 'ഉത്തരം നല്‍കുക, സംസാരത്തിന് മറുപടി പറയുക, കാര്യങ്ങള്‍ ഊഹിച്ചെടുക്കുക' എന്ന നിലയ്ക്ക് മാറ്റുകയാണ് ഹമ്മിങ്‌ബേര്‍ഡ് ചെയ്യുക'.

മാത്രമല്ല, ഒരു കമ്പ്യൂട്ടറിനോട് നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ പരിണമിക്കുകകൂടിയാണ് ഇതിലൂടെ. ഇതുവരെ തുടര്‍ന്നുവന്ന സെര്‍ച്ച് സമീപനത്തിന് പകരം, അര്‍ഥങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുന്ന രീതിയാണ് പുതിയ സെര്‍ച്ചില്‍ ഗൂഗിള്‍ സ്വീകരിച്ചിട്ടുള്ളത്.

ഗൂഗിളിന്റെ നട്ടെല്ലായിരുന്ന 'പേജ്‌റാങ്ക്' ഹമ്മിങ്‌ബേര്‍ഡില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ലിങ്കുകളെ വിശകലനംചെയ്ത് പേജിന്റെ പ്രാധാന്യം നിശ്ചയിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക് ഇനിമുതല്‍ ഹമ്മിങ്‌ബേര്‍ഡിന്റെ ഇരുന്നൂറിലേറ മുഖ്യചേരുവകയില്‍ ഒന്നായിരിക്കുമെന്ന് 'സെര്‍ച്ച് എഞ്ചിന്‍ ലാന്‍ഡ്' എന്ന സെര്‍ച്ച് നിരീക്ഷണ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തു.

വാക്കുകള്‍പ്പറുത്ത് പ്രയോഗങ്ങളുടെയും ബന്ധങ്ങളുടെയും അര്‍ഥം മനസിലാക്കാന്‍ സഹായിക്കുകയാണ് ഹമ്മിങ്‌ബേര്‍ഡ് ആല്‍ഗരിതം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച 'നോളേജ് ഗ്രാഫി' ( Knowledge Graph ) ന്റെ തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ പുതിയ സെര്‍ച്ച് ആല്‍ഗരിതം. മാത്രമല്ല, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി വിശകലനം ചെയ്ത് ഉത്തരം നല്‍കാനും അതിന് കഴിവുണ്ട്.

മൊബൈല്‍ യുഗത്തിന് ചേരുംവിധം ഗൂഗിള്‍ സെര്‍ച്ച് മാറുന്നു എന്നര്‍ഥം. മറ്റൊരു ആള്‍ട്ടാവിസ്തയാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപനമാണ് ഒരര്‍ഥത്തില്‍ ഗൂഗിളിന്റെ പുതിയ നീക്കം.

(അവലംബം : 1. Googled (2009), by Ken Auletta (Virgin Books, London); 2. The Search (2005), John Battelle (Nicholas Brealey Publishing, London); 3. Google Tweaks Search to Challenge Apple's Siri, by Tom Simonite, Technology Review (website) September 26, 2013)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

1 comment:

Joseph Antony said...

വളരുന്ന സെര്‍ച്ച് ബിസിനസിലും മുറുകുന്ന മത്സരത്തിലും പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത അവസാനിക്കുന്ന സമയത്ത്, യഥാര്‍ഥ ഗൂഗിള്‍ തങ്ങളുടെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചിന് ഇനി 'ഹമ്മിങ് ബേര്‍ഡി'ന്റെ ചിറകടിയാണുണ്ടാവുകയെന്ന് 2013 സപ്തംബര്‍ 26 ന് പ്രഖ്യാപിക്കപ്പെട്ടു. ഗൂഗിള്‍ ഉപയോഗിക്കുന്ന പരിഷ്‌ക്കരിച്ച സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പേരാണ് 'ഹമ്മിങ് ബേര്‍ഡ്'.