Friday, February 28, 2014

'ആപ്പു'കള്‍ വാഴും കാലം

'നിങ്ങളുടെ ഏറ്റവും അടുത്ത പബ്ലിക് ടോയ്‌ലറ്റ് 5141 കിലോമീറ്റര്‍ അകലെയാണ്!' ലണ്ടനിലെ പബ്ലിക് ടോയ്‌ലറ്റ് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഐഫോണ്‍ ആപ്പില്‍, ഐവറി കോസ്റ്റിലെ അബിജാനില്‍വെച്ച് തന്റെ സുഹൃത്ത് ടാപ്പ് ചെയ്‌പ്പോള്‍ കിട്ടിയ ഉത്തരമാണിതെന്ന് 'അപ്പിക്കും ഒരു ആപ്പ്' എന്ന ലേഖനത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു.

ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം മേധാവിയായ തുമ്മാരുകുടി 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ എഴുതിയ ആ ലേഖനത്തില്‍ വളരെ ഗൗരവമാര്‍ന്ന ഒരു സംഗതിയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. കേരളത്തിലെ പബ്ലിക് ടോയ്‌ലറ്റുകള്‍ എവിടെയാണെന്ന് ഒരു വിരല്‍സ്പര്‍ശത്തില്‍ അറിയാന്‍ സഹായിക്കുന്ന ഒരു ആപ്പ് ആവശ്യമില്ലേ എന്നതാണ് ചര്‍ച്ചാവിഷയം.

സ്മാര്‍ട്ട്‌ഫോണ്‍, വിക്കി മാപ്പിയ, ക്രൗഡ് സോഴ്‌സിംഗ് എന്നിങ്ങനെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൊതുകക്കൂസുകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ പാകത്തിന് ഒരു മലയാളം 'അപ്പി ആപ്പ്' ഉണ്ടാക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കാന്‍ താന്‍ തയ്യാറാണെന്നും തുമ്മാരുകുടി പ്രഖ്യാപിക്കുന്നു. താല്പര്യമുള്ളവര്‍ thummarukudy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

തുമ്മാരുകുടിയുടെ മനസില്‍ ഇത്തരമൊരു ചിന്ത നേരത്തെ ഉണ്ടായിരുന്നെങ്കിലും, മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് രംഗത്തെത്തിയ വിവരം അറിഞ്ഞപ്പോഴാണ് 'അപ്പി ആപ്പി'ന് മത്സരമേര്‍പ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചതത്രേ. തുമ്മാരുകുടിക്ക് പ്രചോദനമോ പ്രകോപനമോ ആയത് അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞ 'കുപ്പി ആപ്പ്' ആണ്. കേരളത്തില്‍ 'കുപ്പിതേടുന്നവര്‍ക്കൊരു വഴികാട്ടി'യാണ് കുപ്പി ആപ്പ്. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ എവിടെ, ഏതൊക്കെ ബ്രാന്‍ഡുകള്‍, വിലനിലവാരം, കുടി സംബന്ധിച്ച പഴഞ്ചൊല്ലുകള്‍, കൈയില്ലുള്ള കാശിന് കിട്ടുന്ന സാധനം - ഇങ്ങനെ കുപ്പി തേടുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സംഗതികളുമടങ്ങിയ ആപ്പാണത്!

'കുപ്പി'ക്കും 'അപ്പി'ക്കും ആകാമെങ്കില്‍ പിന്നെ എന്തിന് ആപ്പ് ആയിക്കൂടാ എന്ന് ഒരാള്‍ അത്ഭുതപ്പെട്ടാന്‍ അതിശയിക്കാനില്ല. 'ദൈവം സര്‍വവ്യാപി'യെന്ന് പറയുംപോലെ, 'സര്‍വകാര്യത്തിനും ആപ്' എന്ന് പറയുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ലക്ഷക്കണക്കിന് ആപ്പുകളാണ് സ്മാര്‍ട്ട്‌ഫോണ്‍/ടാബ്‌ലറ്റ് ഉപയോയോക്താക്കളുടെ വിരല്‍സ്പര്‍ശത്തനരികെ ഉത്തരവ് കാത്ത് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നത്.

പത്രങ്ങള്‍ വായിക്കാനും, സിനിമടിക്കറ്റ് ബുക്ക് ചെയ്യാനും, ഓഹരിനിലവാരം സൂക്ഷ്മായി പിന്തുടരാനും, വാര്‍ത്തകളറിയാനും, പുസ്തകവായനയ്ക്കും, ഭക്ഷണത്തിലെ കലോറി അളക്കാനും, ഹൃദയമിടിപ്പിന്റെ താളമറിയാനും, ഗെയിം കഴിക്കാനും എന്നുവേണ്ട, സൂര്യനുതാഴെയുള്ള എന്തിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി!

ഒരുപക്ഷേ, ഇത്രവേഗം വ്യാപകമായ അംഗീകാരം നേടുകയും, നിത്യജീവിതത്തില്‍ അനിവാര്യഘടകമാവുകയും ചെയ്ത സംഗതികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പോലെ വേറെ അധികം ഉണ്ടാവില്ല. എത്രവേഗമാണ് ആപ്പുകള്‍ സര്‍വ്വവ്യാപിയായതെന്ന് മനസിലാക്കാന്‍ 2007 ല്‍ ആപ്പിളിന്റെ ഐഫോണ്‍ ആദ്യമായി രംഗത്തെത്തിയപ്പോഴത്തെ കാര്യം പരിഗണിച്ചാല്‍ മതി. ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, പുറത്തുള്ള ഡെവലപ്പര്‍മാരുടെ പക്കല്‍നിന്ന് വിലയ്ക്ക് കിട്ടുന്ന ഒറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പോലുമുണ്ടായിരുന്നില്ല. ഇന്ന് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മാത്രം പത്തുലക്ഷത്തിലേറെ ആപ്പുകള്‍ ലഭ്യമാണ്. 2013 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം 6000 കോടി ഡൗണ്‍ലോഡാണ് ആപ്പ് സ്റ്റോറില്‍നിന്ന് മാത്രം നടന്നു! ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഉണ്ട് പത്തുലക്ഷത്തിലേറെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട്് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി 20 ലക്ഷം ആപ്പുകള്‍ റെഡിയെന്ന് സാരം! അതില്‍ വലിയൊരു പങ്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അല്ലാത്തവയ്ക്ക് കാശ് നല്‍കണം.

'ആപ്പ്' എന്നത് മലയാളികള്‍ക്ക് മുമ്പേ പരിചയമുള്ള വാക്കാണ്! ഇപ്പോഴത്തെ അര്‍ഥത്തില്‍ ഇംഗ്ലീഷ്ഭാഷയില്‍ 'ആപ്പ്' എന്ന പദം അംഗീകരിക്കപ്പെട്ടിട്ട് പക്ഷേ, അധികകാലമായിട്ടില്ല. 'സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷന്‍' എന്നതിന്റെ ചുരുക്കപ്പേരാണ് 'ആപ്പ്'. 2010 ല്‍ ആ വര്‍ഷത്തെ വാക്കായി 'അമേരിക്കന്‍ ഡയലെക്ട് സൊസൈറ്റി' തിരഞ്ഞെടുത്തത് 'അുു' എന്ന വാക്കായിരുന്നു.

സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നവര്‍ക്ക് ഒരു വില്‍സ്പര്‍ശം കൊണ്ട് തങ്ങളുടെ ഏതാവശ്യവും നിര്‍വ്വഹിക്കാനാണ് ആപ്പുകള്‍ അവസരമൊരുക്കുന്നത്. അതേസമയം ആപ്പ് നിര്‍മാണം ഒരു പുത്തന്‍ തൊഴില്‍മേഖലയുമാണ്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും (ഐഒഎസ്) ആന്‍ഡ്രോയ്ഡിനും കൂടി 20 ലക്ഷം ആപ്പുകള്‍ ലഭ്യമാണെന്ന് പറഞ്ഞാല്‍, അസംഖ്യം ഡവലപ്പര്‍മാരുടെ കഴിവും സര്‍ഗാത്മകതയുമാണ് അതില്‍ പ്രതിഫലിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്ന ഒന്നായി ആപ്പ് നിര്‍മാണം മാറിയിരിക്കുന്നു. ആപ്പിന്റെ ആപ്പ് സ്റ്റോറും, ഗൂഗിള്‍ പ്ലേ സ്റ്റോറുമൊക്കെ ആപ്പ് വിറ്റുകിട്ടുന്ന വരുമാനത്തില്‍ ഏതാണ്ട് 70 ശതമാനവും ആപ്പ് ഡെവലപ്പ് ചെയ്തവര്‍ക്കാണ് നല്‍കുന്നത്.

2007 ജനവരി 9 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിക്കുന്ന വേളയില്‍, അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അവകാശപ്പെട്ടത് ഇങ്ങനെയാണ് : 'ഒന്നല്ല മൂന്ന് ഉപകരണങ്ങളാണ് ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്നത് - ഒരു ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഐപോഡ് (മ്യൂസിക് പ്ലെയര്‍)'. സ്റ്റീവ് പറഞ്ഞ ആ മൂന്ന് ഉപകരണങ്ങള്‍ ഐഫോണിലെ വെറും മൂന്ന് ആപ്പുകള്‍ മാത്രമാണെന്ന് ഇപ്പോള്‍ നമുക്കറിയാം. മൂന്നല്ല മൂവായിരം ഉപകരണങ്ങളായി സ്മാര്‍ട്ട്‌ഫോണിനെ മാറ്റാന്‍ ഇപ്പോള്‍ ആപ്പുകള്‍ സഹായിക്കുന്നു!

മൊബൈല്‍ ഫോണ്‍ ആദ്യമായി (അമേരിക്കന്‍) വിപണിയിലെത്തിയത് 1983 ലാണ്. 'മോട്ടറോള ഡൈന ടി.എ.സി 8000എക്‌സ്' (Motorola Dyna TAC 8000x) ആയിരുന്നു ഉപഭോക്താക്കളുടെ കൈയിലെത്തിയ ആദ്യ മൊബൈല്‍ ഫോണ്‍ (കാണുക: 'മൊബൈല്‍ അധിനിവേശം', മീഡിയ, 2012 ആഗസ്ത് ലക്കം). അതിനാകെ ഒരു ഉപയോഗമേ ഉണ്ടായിരുന്നുള്ളൂ; ഫോണ്‍ വിളിക്കുക എന്നത് മാത്രം.

മൊബൈല്‍ ഫോണിന്റെ സാധ്യത ചെറിയതോതിലാണെങ്കിലും ഉപയോക്താക്കള്‍ മനസിലാക്കി തുടങ്ങിയത് ഗെയിമുകള്‍ എത്തിയതോടെയാണ്. 1970 കളിലെ വീഡിയോ ഗെയിമായ 'സ്‌നേക്കി' (Snake) നെ മൊബൈല്‍ ഫോണില്‍ കുടിയിരുത്തിയ നോക്കിയ ആണ് ഇക്കാര്യത്തില്‍ മുമ്പേ നടന്ന കമ്പനി. Pong, Tetris, Tic-Tac-Toe തുടങ്ങിയ ഗെയിമുകളും താമസിയാതെ മൊബൈല്‍ ഫോണുകളില്‍ ഇടംപിടിച്ചു. വിളിക്കാന്‍ മാത്രമുള്ളതല്ല മൊബൈലെന്ന കാര്യം അങ്ങനെയാണ് ബോധ്യമാകുന്നത്.

ക്രമേണ ഹാന്‍ഡ്‌സെറ്റുകളുടെ വിലയും വലിപ്പവും കുറഞ്ഞു, ആയുസ്സ് കൂടിയ ബാറ്ററികളെത്തി....കൂടുതലാളുകളുടെ കൈകളില്‍ മൊബൈലെത്തി. 1990 കളുടെ അവസാനമായപ്പോഴേക്കും മൊബൈല്‍ കമ്പനികളുടെ ആലോചനയില്‍ ഒരു സംഗതികൂടി സ്ഥാനം പിടിച്ചു. വേള്‍ഡ് വൈഡ് വെബ്ബി (WWW) ന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ മൊബൈലില്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നതായിരുന്നു ആ ചിന്ത. പക്ഷെ, കുറഞ്ഞ റെസല്യൂഷനുള്ള, ചെറിയ മൊണോക്രോം സ്‌ക്രീനുകളുള്ള മൊബൈലുകളില്‍ അതത്ര എളുപ്പമായിരുന്നില്ല. ജാവാ സ്‌ക്രിപ്റ്റിന്റെയും ഫ് ളാഷിന്റെയുമൊക്കെ അകമ്പടിയോടെ രംഗത്തെത്തിയ വര്‍ണാഭമായ വെബ്ബ്‌സൈറ്റുകളെ മൊബൈലിലേക്ക് കുടിയിരുത്തുക അസാധ്യമായിരുന്നു.

ഇക്കാര്യത്തില്‍ ശരിക്കുമൊരു മുന്നേറ്റം വരുന്നത് 'വയര്‍ലെസ്സ് ആപ്ലിക്കേഷന്‍ പ്രോട്ടോക്കോളി' (വാപ് - WAP) ന്റെ രംഗപ്രവേശത്തോടെയാണ്. വെബ്ബിന്റെ നിയമാവലിയായ 'ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോളി' (HTTP)ന്റെ ചെത്തിയൊതുക്കിയ രൂപമായിരുന്നു 'വാപ്'. അതോടെ, വെബ്ബ് ബ്രൗസറുകള്‍ പോലെ, വാപ് ബ്രൗസറുകളും രംഗത്തെത്തി. മൊബൈല്‍ ഫോണിന്റെ മെമ്മറിയ്ക്കും, ബാന്‍ഡ്‌വിഡ്ത് പോലുള്ള പരിമിതികള്‍ക്കും അനുസൃതമായി രൂപപ്പെടുത്തിയതായിരുന്നു വാപ് ബ്രൗസറുകള്‍.

വാപ് സ്റ്റാന്‍ഡേര്‍ഡിന്റെ സാധ്യതകളുപയോഗിച്ച് ചില മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രംഗത്തെത്തി. 'പാം ഒഎസ്' (Palm OS), സണ്‍ മൈക്രോസിസ്റ്റംസിന്റെ 'ജാവ മൈക്രോ എഡിഷന്‍' (Java ME), മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍, നോക്കിയ, സോണി എറിക്‌സണ്‍, മോട്ടറോള, സാംസങ് എന്നിവ ചേര്‍ന്ന് രൂപംനല്‍കിയ 'സിമ്പിയന്‍ ഒഎസ്' ( Symbian OS), ബ്ലാക്ക്ബറി ഒഎസ് - ഇതൊക്കെ അതില്‍ പെടും.

അതില്‍ ബ്ലാക്ക്ബറിയാണ് ഈമെയില്‍ പോലുള്ള ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ബിസിനസ് ക്ലാസിന്റെ മനംകവര്‍ന്നത്. എങ്കിലും, ദൈര്‍ഘ്യമേറിയ യുആര്‍എല്ലുകള്‍ മൊബൈലില്‍ നല്‍കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. അതിന് മാറ്റം വന്നത് 2007 ലാണ്, സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ അവതരിപ്പിച്ചതോടെ.

മൊബൈല്‍ ബ്രൗസര്‍ ഐഫോണില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ഒരാളുടെ സാധാരണ ഉപയോഗത്തിനുള്ള സംഗതികളെല്ലാം വ്യത്യസ്ത ആപ്പുകളായി ഐഫോണില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 'ഗൂഗിള്‍ മാപ്‌സി'ന്റ കാര്യം പരിഗണിക്കുക. വെബ്ബ്ബ്രൗസറില്‍ ഗൂഗിള്‍ സൈറ്റില്‍ പോയി മാപ്‌സിലെത്തേണ്ട കാര്യം ഐഫോണിലില്ല. പകരം, അതിലുള്ള ഗൂഗിള്‍ മാപ്‌സിന്റെ ആപ്പിലൊന്ന് ടാപ്പ് ചെയ്താല്‍ മതി, ഗൂഗിള്‍ മാപ്‌സിലേക്ക് ഉപയോക്താവ് നേരിട്ടെത്തും. അതുപോലെ, ബിബിസി ന്യൂസ് വായിക്കാന്‍, ബ്രൗസര്‍ തുറന്ന് അഡ്രസ്സ് ബാറില്‍ ബിബിസിയുടെ യുആര്‍എല്‍ നല്‍കേണ്ട ആവശ്യമേയില്ല; ബിബിസി ന്യൂസിന്റെ ആപ്പില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്താല്‍ സംഭവം മുന്നിലെത്തും. അങ്ങേയറ്റം അനായാസമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വഴി തുറക്കുകയാണ് ആപ്പുകള്‍ ചെയ്തത്.

എല്ലാ സംഗതികളും കര്‍ക്കശ നിയന്ത്രണത്തില്‍ വേണമെന്ന വാശിയുള്ള വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്‌സ്. അതിനാല്‍ 2007 ല്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, അതില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ അനുവദിക്കേണ്ടതില്ല എന്ന് അദ്ദേഹം വാദിച്ചു. ആപ്പിള്‍ കമ്പനിയിലെ തന്നെ ബോര്‍ഡ് അംഗങ്ങളുടെ സമ്മര്‍ദ്ദം ഒടുവില്‍ സ്റ്റീവിന്റെ നിലപാടില്‍ മാറ്റമുണ്ടാക്കിയതായി, സ്റ്റീവിന്റെ ജീവചരിത്രത്തില്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ പറയുന്നു. 2008 ജൂലായില്‍ ആപ്പിള്‍ ഐട്യൂണ്‍സില്‍ ആപ്പ് സ്റ്റോര്‍ ആരംഭിച്ചു. 2010 ഏപ്രില്‍ ആയപ്പോഴേക്കും ആപ്പ് സ്റ്റോറില്‍ 1.85 ലക്ഷം ഐഫോണ്‍ ആപ്പുകള്‍ ലഭ്യമായി. ഇപ്പോഴത് പത്തുലക്ഷം കവിയുന്നു!

ഐഫോണിന് പിന്നാലെ  2008 ല്‍ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ (എച്ച്.ടി.സി.ഡ്രീം) രംഗത്തെത്തി. നിലവില്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി, ഐഫോണിനുള്ളത്ര ആപ്പുകള്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ആണ് ഈ രംഗത്ത് പയറ്റാനെത്തിയ മറ്റൊരു പ്ലാറ്റ്‌ഫോം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സ്‌റ്റോറില്‍ 1.75 ലക്ഷം ആപ്പുകള്‍ ഇപ്പോഴുണ്ട്. മൊബൈല്‍ പ്ലാറ്റ്‌ഫോം സ്വന്തമായില്ലെങ്കിലും, മൊബൈല്‍ ആപ്പുകള്‍ വില്‍ക്കുന്ന മറ്റിടങ്ങളുമുണ്ട്. ഉദാഹരണം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായുള്ള ആമസോണ്‍ ആപ്പ് സ്റ്റോര്‍.

ആപ്പുകളുടെ പുതിയ ലോകം വലിയ വരുമാന സാധ്യകളാണ് ഡെവലപ്പര്‍മാര്‍ക്കും കമ്പനികള്‍ക്കും നല്‍കുന്നത്. 'ഗാര്‍ട്ട്‌നര്‍' എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പ് അടുത്തയിടെ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് അതാണ്. ഈ വര്‍ഷം 103 ബില്യണ്‍ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുമെന്നാണ് ഗാര്‍ട്ടനറുടെ പ്രവചനം. 2012 നെ അപേക്ഷിച്ച് ഏതാണ്ട് 60 ശതമാനം കൂടുതലാണിത്.

ആപ്പ് ബിസിനസില്‍നിന്നുള്ള ആഗോളവരുമാനം ഈവര്‍ഷം 2600 കോടി ഡോളര്‍ (1.6 ലക്ഷം കോടി രൂപ) ആകുമെന്നും ഗര്‍ട്ട്‌നറുടെ റിപ്പോര്‍ട്ട് പറയുന്നു. 2012 ല്‍ ഇത് 1800 കോടി ഡോളര്‍ (1.1 ലക്ഷം കോടി രൂപ) ആയിരുന്നു. എന്നുവെച്ചാല്‍, പോയ വര്‍ഷത്തെ അപേക്ഷിച്ച് 44.4 ശതമാനം വരുമാനവര്‍ധനയാണ് 2013 ല്‍ ഉണ്ടാവുക. ശരിക്കുമൊരു സ്വര്‍ണ്ണവേട്ട തന്നെയാണ് ആപ്പ് രംഗം തുറന്നിടുന്നതെന്ന് സാരം.

ആപ്പുകളുടെ സ്വീകാര്യതയും പ്രചാരവും വര്‍ധിക്കുമ്പോള്‍ മറ്റൊരു അപകടം ഉപയോക്താക്കളെ വേട്ടയാടുന്നുണ്ട്. ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) വൈറസുകളും പടച്ചുവിട്ട് തട്ടിപ്പ് നടത്തുന്ന സൈബര്‍ ക്രിമിനലുകളുടെ ശ്രദ്ധ ആപ്പുകളിലേക്ക് തിരിയുന്നു എന്നതാണത്. സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ മാത്രമല്ല, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലെ ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെ ആപ്പുകളില്‍ പോലും കെണികളുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കണ്ണില്‍കണ്ട എല്ലാ ആപ്പും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. നിലവാരമുള്ള, വിശ്വസനീയമായ കമ്പനികളുടെ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകളാണ് കുബുദ്ധികളുടെ പിടിയില്‍പെടാതെ കഴിയാനുള്ള പോംവഴി.

(കടപ്പാട് : 1. Steve Jobs (2011), by Walter Isaacson; 2. Mobile apps revenues tipped to reach $26bn in 2013, by Stuart Dredge - The Guardian, Sept 19, 2013; 3. അപ്പിക്കും ഒരു ആപ്പ്, by മുരളി തുമ്മാരുകുടി - മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 22, 2013; 4. Wikipedia)

-കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജനുവരി 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. 

2 comments:

Joseph Antony said...

'കുപ്പി'ക്കും 'അപ്പി'ക്കും ആകാമെങ്കില്‍ പിന്നെ എന്തിന് ആപ്പ് ആയിക്കൂടാ എന്ന് ഒരാള്‍ അത്ഭുതപ്പെട്ടാന്‍ അതിശയിക്കാനില്ല. 'ദൈവം സര്‍വവ്യാപി'യെന്ന് പറയുംപോലെ, 'സര്‍വകാര്യത്തിനും ആപ്' എന്ന് പറയുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ലക്ഷക്കണക്കിന് ആപ്പുകളാണ് സ്മാര്‍ട്ട്‌ഫോണ്‍/ടാബ്‌ലറ്റ് ഉപയോയോക്താക്കളുടെ വിരല്‍സ്പര്‍ശത്തനരികെ ഉത്തരവ് കാത്ത് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നത്.

Unknown said...

സർ, പ്രസ്തുത "കുപ്പി ആപ് " ലേഖനത്തിനു താഴെ എന്റെ ഒരു കമന്റ്‌ ആയി "അപ്പി ആപിനെ" പരാമർശിചിട്ടുണ്ടായിരുന്നു. അതിൽ നിന്ന് പ്രചോദനം ഉണ്ടായിട്ടല്ലേ "അപ്പി ആപ്" എന്ന പേര് അദ്ദേഹം സെലക്ട്‌ ചെയ്തത് എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടായിരുന്നു. അതിനു അദ്ദേഹം ഇത് വരെ മറുപടി പറയാത്തതിനാൽ പേരിന്റെ പേരിലുള്ള " പൈനായിരം രൂപ " മണി ഓർഡർ ആയി അയച്ചു തരുവാൻ അദ്ദേഹത്തോട് ഒന്ന് പറഞ്ഞേക്കണേ. "കിട്ടുന്നതിൽ പാതി താങ്കള്ക്കും തരുന്നതാണ്.