Wednesday, July 04, 2012

ദൈവകണം 'പിടിയില്‍' !


സംഭവം പിടിയിലായിരിക്കുന്നു. 'ദൈവകണം' എന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണിന്റെ ഒളിത്താവളം ശാസ്ത്രജ്ഞര്‍ റെയ്ഡ് ചെയ്ത് അവിടെ നിന്ന് ഒരു ബോസോണിനെ കൈയോടെ പൊക്കിയിരിക്കുന്നു. പിടിയിലായത് ഹിഗ്ഗ്‌സ് ബോസോണ്‍ ആകാതെ തരമില്ല. പക്ഷേ, അത് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിന് ഇനി തിരിച്ചറിയല്‍ പരേഡ് വേണം..!

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമായത് എന്നു കരുതുന്ന സൈദ്ധാന്തിക കണമാണ് ഹിഗ്ഗ്‌സ് ബോസോണ്‍. 48 വര്‍ഷമായി ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ കഴിയുകയായിരുന്നു ആ കണം. പ്രപഞ്ചത്തിന്റെ മൗലികഘടന വിവരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജിന് നിലനില്‍പ്പ് വേണമെങ്കില്‍ ഹിഗ്ഗ്‌സ് ബോസോണ്‍ കൂടിയേ തീരൂ.

എന്നാല്‍, ഇതുവരെ അത് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അങ്ങനെയൊന്നുണ്ടോ ഇല്ലയോ എന്നുവരെ സംശയമുണ്ടായി. അത്തരം സംശയങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാവുന്നതാണ് ഇന്ന് ജനീവയില്‍ ഗവേഷകര്‍ അവതരിപ്പിച്ച ഫലം.

ജനീവയ്ക്കു സമീപം ഫ്രഞ്ച്-സ്വിറ്റ്‌സ്വര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) എന്ന കണികാത്വകരത്തില്‍ 2011 ലും, 2012 ആദ്യവും നടന്ന കണികാകൂട്ടിയിടികളുടെ ഫലമാണ് അവതരിപ്പിക്കപ്പെട്ടത്.

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണ്‍ ചുക്കാന്‍ പിടിക്കുന്ന കണികാപരീക്ഷണത്തില്‍, ഹിഗ്ഗ്‌സ് ബോസോണ്‍ എന്നുതന്നെ കരുതാവുന്ന ഒരു കണത്തെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്. എല്‍.എച്ച്.സി.യില്‍ ഹിഗ്സ്സ് ബോസോണുകളുടെ സാന്നിധ്യം മനസിലാക്കാന്‍ നടക്കുന്ന സി.എം.എസ്. അത്‌ലസ് എന്നീ രണ്ടു പരീക്ഷണങ്ങളിലും സമാനമായ ഫലമാണ് ലഭിച്ചതെന്ന് ഗവേഷര്‍ അറിയിച്ചു.

ഹിഗ്ഗ്‌സ് ബോസോണ്‍ ഉണ്ടെന്ന് കരുതുന്ന പിണ്ഡപരിധിയിലാണ് പുതിയ ബോസോണിനെ കണ്ടെത്തിയത്. ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയ ഏത് കണത്തെക്കാളും പിണ്ഡം കൂടിയതാണ് പുതിയ ബോസോണ്‍. പ്രോട്ടോണിനെക്കാളും 133 മടങ്ങ് ഭാരമേറിയതാണ് പുതിയ കണം. 125-126 GeV പിണ്ഡപരിധിയില്‍, അഞ്ച് സിഗ്മ തലത്തില്‍ (Sigma level) ഉള്ള സ്ഥിരീകരണമാണ് പുതിയ ബോസോണിന്റെ സാന്നിധ്യത്തിന് ലഭിച്ചത്.

പ്രാഥമികഫലം എന്നാണ് സേണ്‍ ഇപ്പോഴത്തെ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയത് ഹിഗ്ഗ്‌സ് ബോസോണ്‍ തന്നെയാണെന്ന് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഡേറ്റയും വിശകലനവും ആവശ്യമുണ്ട്. കൂടുതല്‍ ഡേറ്റ ലഭിക്കുന്നതോടെ, 2012 അവസാനത്തോടെ കുറെക്കൂടി വ്യത്യമായ ചിത്രം ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇപ്പോള്‍ കണ്ടെത്തിയ കണത്തിന്റെ സവിശേഷകള്‍ മനിസിലാക്കുകയാണ് ഇനി വേണ്ടത്. ഹിഗ്ഗ്‌സ് ബോസോണിനുണ്ടെന്ന് സൈദ്ധാന്തികമായി പ്രവചിക്കപ്പെടുന്ന പ്രത്യേകതകള്‍ പുതിയ കണത്തിനുണ്ടോ എന്നറിയണം-സേണിന്റെ വാര്‍ത്താക്കുറിപ്പ് പറഞ്ഞു.

എന്താണ് ഹിഗ്ഗ്‌സ് ബോസോണ്‍

2011 ഡിസംബര്‍ 13 ന് സേണില്‍ നടന്ന സെമിനാറില്‍, ഹിഗ്ഗ്‌സ് ബോസോണുകളുടെ ആദ്യ മിന്നലാട്ടം തങ്ങള്‍ കണ്ടതായി, കണികാപരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. 2012 ഓടെ ഇക്കാര്യത്തില്‍ നെല്ലുംപതിരും തിരിയുമെന്നായിരുന്നു അവര്‍ പ്രവചിക്കുകയും ചെയ്തിരുന്നു.

'പ്രകൃതിനിര്‍ധാരണം വഴിയുള്ള പരിണാമം' എന്നത് ജീവശാസ്ത്രത്തെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണോ, അത്രതന്നെ പ്രധാനപ്പെട്ടതാണ് ഭൗതികശാസ്ത്രത്തെ സംബന്ധിച്ച് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ (Standard Model)  പ്രചഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ലെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഏക സംഗതിയാണ് ഹിഗ്ഗ്‌സ് ബോസോണ്‍.

പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചമെന്നത് പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെ അവയ്ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം ഉണ്ടാവുകയും, ഇന്നത്തെ നിലയ്ക്ക് പ്രപഞ്ചം പരിണമിക്കുകയും ചെയ്തു എന്നാണ് കരുതുന്നത്.

സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്ന സംവിധാനം എന്താണെന്ന് 1964 ലാണ് വിശദീകരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളില്‍ അത് അവതരിപ്പിച്ചു. ഫ്രാന്‍കോയിസ് ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പാണ് പിണ്ഡസംവിധാനം അവതരിപ്പിച്ച മറ്റൊരു ഗ്രൂപ്പ്.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ് (Higgs mechanism) അറിയപ്പെട്ടത്. ഏതായാലും ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥിരീകരിക്കപ്പെട്ടാല്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുക പീറ്റര്‍ ഹിഗ്‌സിന് മാത്രമാകില്ല.

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്ഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന ഒരു പ്രത്യേക ബലത്തെ (electoweak force) രണ്ടായി വേര്‍തിരിച്ചത് ഹിഗ്ഗ്‌സ് മണ്ഡലമാണ്. ആ ആദിമബലം വൈദ്യുതകാന്തികബലം (eletcromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു.

ഇങ്ങനെ ബലങ്ങളെ വേര്‍തരിച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W & Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു. ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടം കണത്തിന് പറയുന്ന പേരാണ് ഹിഗ്ഗ്‌സ് ബോസോണ്‍.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. എന്നുവെച്ചാല്‍, ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല.

ചെളിനിറഞ്ഞ ഒരു സ്ഥലം സങ്കല്‍പ്പിക്കുക. അതിലൂടെ നടക്കുന്നവര്‍ക്ക് കാല് ചെളിയില്‍ പുതയുന്നതിനാല്‍ നടത്തത്തിന്റെ വേഗം കുറയും. കാല് എത്രകൂടുതല്‍ പുതയുന്നോ അതിനനുസരിച്ച് വേഗം കുറഞ്ഞുവരും. എന്നതുപോലെയാണ് ഹിഗ്‌സ് മണ്ഡലം. കണങ്ങള്‍ ആ മണ്ഡലവുമായി എത്ര കൂടുതല്‍ ഇടപഴകുന്നുവോ അത്രയും പിണ്ഡം കൂടും. ഹിഗ്ഗ്‌സ് മണ്ഡലവുമായി മറ്റ് കണങ്ങളെ ഇടപഴകാന്‍ സഹായിക്കുന്നത് ഹിഗ്ഗ്‌സ് ബോസോണ്‍ ആണ്. ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കാനായാല്‍, അത് ഹിഗ്ഗ്‌സ് സംവിധാനവും ഹിഗ്ഗ്‌സ് മണ്ഡലവും യാഥാര്‍ഥ്യമാണ് എന്നതിന്റെ തെളിവാകും.

ഇവിടെ ഒരുകാര്യം ഓര്‍ക്കണം. ഹിഗ്‌സ് മണ്ഡലം പ്രപഞ്ചത്തിലെ പാദാര്‍ഥങ്ങളുടെ പിണ്ഡത്തില്‍ ചെറിയൊരു ഭാഗത്തിന് മാത്രമേ അത് കാരണമാകൂ. കാരണം, ആറ്റത്തിന്റെ കേന്ദ്രത്തിലും മറ്റും 98 ശതമാനം പിണ്ഡവും ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ആറ്റങ്ങളിലെ ക്വാര്‍ക്കുകള്‍ക്കും ഇലക്ട്രോണുകള്‍ക്കും പിണ്ഡം നല്‍കുന്നത് ഹിഗ്‌സ് മണ്ഡലമാണെന്ന് കരുതുന്നു. പക്ഷേ, അത് മൊത്തം പിണ്ഡത്തിന്റെ ഒന്നോ രണ്ടോ ശതമാനമേ വരൂ. ബാക്കി പിണ്ഡം ക്വാര്‍ക്കുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഗ്ലുവോണുകളില്‍ ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത് (ഊര്‍ജമെന്നത് പിണ്ടത്തെ പ്രകാശവേഗത്തിന്റെ വര്‍ഗവുമായി ഗുണിച്ചാല്‍ കിട്ടുന്നതിന് തുല്യമാണെന്ന ഐന്‍സ്‌റ്റൈന്റെ കണ്ടെത്തല്‍ ഓര്‍ക്കുക)

1964 ല്‍ പ്രവചിക്കപ്പെട്ട ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം ഇതുവരെ തെളിയിക്കപ്പെടാത്തതിന് കാരണം, ആ കണങ്ങളെ കണ്ടെത്താന്‍ പോന്നത്ര കരുത്തുള്ള ഉപകരണങ്ങള്‍ ഇത്രകാലവും ഇല്ലായിരുന്നു എന്നതാണ്. ഹിഗ്ഗ്‌സ് ബോസോണുകള്‍ക്ക് ഉണ്ടെന്ന് കരുതുന്ന ഒരു സൈദ്ധാന്തിക പിണ്ഡപരിധിയുണ്ട്. ആ പിണ്ഡപരിധി പരിശോധിക്കാന്‍ പാകത്തിലാണ് എല്‍എച്ച്‌സിയില്‍ നടക്കുന്ന കണികാപരീക്ഷണം.

എന്താണ് അഞ്ച് സിഗ്മ തലം 

125-126 GeV പിണ്ഡപരിധിയില്‍, അഞ്ച് സിഗ്മ തലത്തില്‍ (Sigma level) ഉള്ള സ്ഥിരീകരണമാണ് പുതിയ ബോസോണിന്റെ സാന്നിധ്യത്തിന് ലഭിച്ചതെന്നാണ് സേണിലെ ഗവേഷകര്‍ ഇന്ന് പ്രഖ്യാപിച്ചത്.

എന്താണ് അഞ്ച് സിഗ്മ തലം? കണികാശാസ്ത്രത്തില്‍ ഒരു കണ്ടുപിടിത്തം സ്വീകരിക്കപ്പെടാന്‍ വേണ്ട അളവുകോല്‍ എന്ന് ഇതിനെ പറയാം.

വിവിധ സിഗ്മ തലങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു കണ്ടെത്തലിന്റെ ആകസ്മികത എത്രയെന്നാണ്. ആകസ്മികത കുറയുന്തോറും കണ്ടുപിടിത്തത്തിന്റെ ബലം വര്‍ധിക്കും.

രണ്ട് നാണയങ്ങള്‍ ടോസ് ചെയ്യുന്ന കാര്യം സങ്കല്‍പ്പിക്കുക. രണ്ട് തല തുടര്‍ച്ചയായി വരാന്‍ സാധ്യതയേയുള്ളൂ, അല്ലാതെ അങ്ങനെ വരുമെന്ന് ഉറപ്പിക്കാനാവില്ല.

തുടര്‍ച്ചയായി എട്ടു തവണ തല മാത്രം വന്നാല്‍ അത് 'മൂന്ന് സിഗ്മ തലം' എന്ന് പറയാം. 20 തവണ തുടര്‍ച്ചയായി തല മാത്രം വരുന്നതാണ് 'അഞ്ച് സിഗ്മ തലം'.

കണികാശാസ്ത്രത്തില്‍ 'കണ്ടുപിടിത്തം' എന്ന് ഒരു സംഗതിയെ വിശേഷിപ്പിക്കാന്‍ അഞ്ച് സിഗ്മ തലം മാത്രം പോര, സ്വതന്ത്രമായി ആ കണ്ടുപടിത്തം മറ്റ് പരീക്ഷണങ്ങള്‍ ശരിവെക്കുകയും വേണം.

കാണുക4 comments:

JA said...

സംഭവം പിടിയിലായിരിക്കുന്നു. 'ദൈവകണം' എന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണിന്റെ ഒളിത്താവളം ശാസ്ത്രജ്ഞര്‍ റെയ്ഡ് ചെയ്ത് അവിടെ നിന്ന് ഒരു ബോസോണിനെ കൈയോടെ പൊക്കിയിരിക്കുന്നു. പിടിയിലായത് ഹിഗ്ഗ്‌സ് ബോസോണ്‍ ആകാതെ തരമില്ല. പക്ഷേ, അത് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിന് ഇനി തിരിച്ചറിയല്‍ പരേഡ് വേണം..!

Unknown said...

വളരെ മികച്ച ലേഖനം മാഷെ ... നന്ദി ... പക്ഷെ ഹിഗ്ഗ്സ് ബോസൊണിനെ ദൈവ കണം എന്ന് തുടര്‍ച്ചയായി വിശേഷിപ്പിക്കുമ്പോള്‍ അത് വെറും ആലങ്കരികം ആണ് എന്നാ വസ്തുത, വാര്‍ത്ത മസാല മാത്രം കണക്കില്‍ എടുക്കുന്ന മാധ്യമങ്ങള്‍ മറന്നു പോകുന്നുണ്ടോ എന്ന് ഒരു സംശയം .... മാതൃഭൂമിയില്‍ വന്ന വാര്‍ത്ത ദൈവകണ തെ കണ്ടെത്തി എന്നാണു ...! ഈ സംഭവത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസ്സില്‍ ആകാത്ത ഒരു സാധാരണ വായനക്കാരന്‍ ഈ കണ്ടെത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് തെറ്റായി ഉള്‍ക്കൊള്ളാന്‍ ഇത്തരം അശാസ്ത്രീയ വിളിപ്പേരുകള്‍ ഇടയാക്കും .... ഭൗതികത്തിലെ അതിമനോഹരം ആയ ഒരു കണ്ടെത്തല്‍ ആണെങ്കിലും ഇത് ഭൗതികത്തിലെ മുഴുവന്‍ സമസ്യകളുടെയും ഉത്തരമോ ഏതെങ്കിലും തരത്തില്‍ ദൈവ അസ്തിത്വ /അസ്തിത്വ മില്ലായ്മ യെ കുറിച്ചുള്ള മറുപടിയോ അല്ല എന്നത് ശ്രദ്ധിക്കണം ... ശാസ്ത്രീയ വിവരങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ അവ്യക്തത സൃഷ്ടിക്കുന്ന ആലങ്കാരിക പദപ്രയോഗങ്ങള്‍ ഒഴിവാകുന്നത് ആണ് ഉചിതം എന്ന് തോന്നുന്നു ...

Manoj

എസ്സ്.അഭിലാഷ് said...

കാര്യങ്ങള്‍ കൂടുതല്‍ വ്യക്ത്മാകുന്ന തരത്തില്‍ എഴുതിയിട്ടുണ്ട് .വളരെ നല്ല ലേഖനം. ബോസോണ്‍ കണത്തിന് പ്രോട്ടോണിനെക്കാളും 133 മടങ്ങ് ഭാരമേറിയതായതിന്റെ വിശദീകരണമെന്ത് ?

JA said...

അഭിലാഷ്,
അതാണ് ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കിയ വലിയ ഘടകം. കണികാശാസ്ത്രത്തിലെ പരിചതമായ കണങ്ങളെക്കാളൊക്കെ പരശതം മടങ്ങ് പിണ്ഡമേറിയ കണമായാണ് ഹിഗ്ഗ്‌സ് ബോസോണ്‍ സൈദ്ധാന്തികമായി പ്രവചിക്കപ്പെട്ടത്. അത്രയും പിണ്ഡമേറിയ കണങ്ങള്‍ കണികാകൂട്ടിയിടികളില്‍ സൃഷ്ടിക്കപ്പെടാന്‍, അത്ര ശക്തമേറിയ കൂട്ടിയിടി തന്നെ വേണ്ടിയിരുന്നു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ രൂപകല്‍പ്പന ചെയ്തത് തന്നെ അത്രയും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണികാകൂട്ടിയിടി നടക്കാന്‍ പാകത്തിലാണ്. ഹിഗ്ഗ്‌സ് ബോസോണിന്റെ അസ്തിത്വം തെളിയിക്കുകയാണ് അതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്.