Wednesday, December 15, 2010

സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്ന വൊയേജര്‍-1

1977 ല്‍ വിക്ഷേപിച്ച രണ്ട് ബഹിരാകാശപേടകങ്ങള്‍. 1981 ല്‍ ദൗത്യകാലാവധി തീരേണ്ടിയിരുന്ന അവ, വിക്ഷേപിച്ച് 33 വര്‍ഷമായിട്ടും ബാഹ്യാകാശമേഖലയിലൂടെ പ്രയാണം തുടരുക. അങ്ങനെ സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുക. ഐതിഹാസികം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. സംശയം വേണ്ട, ശരിക്കും ഇതിഹാസം രചിക്കുകയാണ് നാസയുടെ 'വൊയേജര്‍' പേടകങ്ങള്‍.

ഇപ്പോഴിതാ, വൊയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുന്നതായി ഭൂമിയില്‍ സൂചന ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 1740 കോടി കിലോമീറ്റര്‍ അകലെയുള്ള അതിന്റെ ഇനിയുള്ള യാത്ര, സൗരയൂഥത്തിന് സമീപത്തെ നക്ഷത്രാന്തര മേഖലയിലൂടെയാകും! നിലവില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത പേടകമാണ് വൊയേജര്‍-1.

സൗരകണങ്ങളുടെ പ്രവാഹത്തിന് വ്യത്യാസം വന്നിരിക്കുന്നതായി വൊയേജര്‍-1 നിരീക്ഷിച്ചതാണ്, ആ പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. സൂര്യനില്‍ നിന്നുള്ള കണങ്ങള്‍ ഇപ്പോള്‍ ആ പേടകത്തെ കടന്ന് മുന്നോട്ട് സഞ്ചരിക്കുന്നില്ല. പകരം, സൗരകണങ്ങള്‍ വശങ്ങളിലെക്ക് ചിതറിപ്പോവുകയാണ്. ഇതിനര്‍ഥം, സൗരയൂഥത്തിന്റെ അതിര്‍ത്തി വൊയേജര്‍-1 കടക്കുന്നു എന്നാണ്.

സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം അവസാനിക്കുന്നിടം വരെയുള്ള മേഖലയാണ് ഹിലിയോസ്ഫിയര്‍ (heliosphere). ആ ഭാഗത്ത് സൗരവാതകങ്ങള്‍ (solar wind) ഒരു കുമിളപോലെ സൗരയൂഥമേഖലയെ പൊതിഞ്ഞിട്ടുണ്ടാകും. അതിനപ്പുറത്ത് ആകാശഗംഗയുടെ ഇതര ഭാഗങ്ങളാണ് സ്വാധീനം ചെലുത്തുക. സൂര്യന്റെ സ്വാധീനം അവസാനിക്കുയും, ബാഹ്യലോകത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്ന അതിര്‍ത്തിക്ക് 'ടെര്‍മിനേഷന്‍ ഷോക്ക്' (termination shock) എന്നാണ് പേര്.

ടെര്‍മിനേഷന്‍ ഷോക്ക് എന്ന അതിര്‍ത്തിരേഖക്കും, നക്ഷത്രാന്തരലോകത്തിന്റെ പൂര്‍ണ സ്വാധീനമുള്ള മേഖലയ്ക്കുമിടിയില്‍ ഹിലിയോഷീത്ത് (heliosheath) എന്നൊരു പ്രദേശമുണ്ട്. വൊയേജര്‍-1 ഇപ്പോള്‍ ഹിലോയോസ്ഹീത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ആ പ്രദേശത്തിന്റെ അതിര്‍ത്തിയാണ് 'ഹിലിയോപാസ്'(Heliopause).

വൊയേജര്‍ കൈവരിക്കുന്ന പുതിയ ഉയരങ്ങളെ വര്‍ണിക്കാന്‍ പ്രൊജക്ട് സയന്റിസ്റ്റ് എഡ്വേര്‍ഡ് സ്റ്റോണിന് വാക്കുകളില്ല. 'ബഹിരാകാശ യുഗത്തിന് വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വൊയേജര്‍ വിക്ഷേപിക്കുന്നത്. ആ ദൗത്യം ഇത്രകാലവും തുടരുമെന്ന് ഊഹിക്കാന്‍ പോലും അന്ന് സാധിക്കുമായിരുന്നില്ല'-അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വൊയേജര്‍-1 നാസ വിക്ഷേപിക്കുന്നത് 1977 സപ്തംബര്‍ അഞ്ചിനാണ്, വൊയേജര്‍-2 ആ വര്‍ഷം സംപ്തംബര്‍ 20 നും. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം. ആ ജോലി 1989 ഓടെ പൂര്‍ത്തിയാക്കി. അതിന് ശേഷം പേടകങ്ങളെ സൗരയൂഥത്തിന്റെ വിദൂര മേഖലയിലേക്ക് സഞ്ചരിക്കാന്‍ അനുവദിക്കുകയായിരുന്നു.

റേഡിയോ ആക്ടീവ് ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍, വൊയേജര്‍ പേടകങ്ങള്‍ക്ക് ഊര്‍ജ പ്രതിസന്ധി നേരിട്ടില്ല. മാത്രവുമല്ല, അവയിലെ ഉപകരണങ്ങളെല്ലാം പ്രതീക്ഷയ്ക്കപ്പുറത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ അയയ്ക്കുന്നത് തുടരകയും ചെയ്തു. വളരെ അകലെ ആയതിനാല്‍ ഇപ്പോള്‍ വൊയേജിര്‍ പേടകങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ 16 മണിക്കൂര്‍ വേണം!

വൊയേജര്‍-1 ല്‍ 'ലോ എനര്‍ജി ചാര്‍ജ്ഡ് പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' എന്നൊരു ഉപകരണമുണ്ട്. സൗരവാതകത്തിന്റെ പ്രവേഗം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഉപകരണമാണത്. ഇപ്പോള്‍ സഞ്ചരിക്കുന്ന സ്ഥലത്ത് സൗരവാതകത്തിന്റെ പ്രവേഗം പൂജ്യമായി മാറിയിക്കുന്നു എന്നാണ് വൊയേജര്‍-1 നല്‍കുന്ന വിവരം. അതിനര്‍ഥം സൗരവാതക പ്രവാഹം നിലച്ചിരിക്കുന്നു. അതിര്‍ത്തി കടക്കുകയാണ് പേടകം.

ഹിലിയോഷീത്തില്‍ പ്രവേശിച്ചിരിക്കുന്ന വൊയേജര്‍-1 സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഹിലിയോപാസിലേക്ക് നീങ്ങുന്നത്. ഏതാനും വര്‍ഷത്തിനകം അവിടവും പേടകം പിന്നിടും. പിന്നെ നക്ഷത്രങ്ങളുടെ ലോകം. സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായ യാത്ര.

40,000 വര്‍ഷം കൊണ്ട് വൊയേജര്‍-1, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍-2 പേടകം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.

ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വൊജേയറെത്തിയാല്‍, ഭൂമിയെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളും അവയില്‍ അടക്കം ചെയ്തിട്ടുണ്ട്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ്, കാള്‍ സാഗന്റെ ആശയമാണ്. 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. (അവലംബം: നാസ)
  • വൊയേജറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ചുവടെ
1. ടൈറ്റാന്‍-3/സെന്റോര്‍ റോക്കറ്റിലാണ് 1977 സപ്തംബര്‍ അഞ്ചിന് വൊയേജര്‍-1 വിക്ഷേപിക്കപ്പെട്ടത്. ഫ്‌ളോറിഡയില്‍ കേപ് കാനവെറലില്‍ നിന്നായിരുന്നു വിക്ഷേപണം.

2. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെയും ചില ഉപഗ്രഹങ്ങളെയുംകുറിച്ച് പഠിക്കാനാണ് 1977 ല്‍ വൊയേജര്‍ പേടകങ്ങളെ വിക്ഷേപിച്ചത്. കാലിഫോര്‍ണിയയിലെ പസദേനയില്‍ പ്രവര്‍ത്തിക്കുന്ന ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിര്‍മിച്ച വൊയേജറിന്റെ ആദ്യരൂപമാണ് ചിത്രത്തില്‍.

3. രണ്ട് വൊയേജര്‍ പേടകങ്ങളിലും ഒരേപോലെയുള്ള 'സുവര്‍ണ' റിക്കോര്‍ഡുകളുണ്ട്. ഭൂമിയുടെ കഥ രേഖപ്പെടുത്തിയിട്ടുള്ള അവ ഗോളാന്തര ലോകത്തെത്തിക്കുകയാണ് ഈ തകിടുകളുടെ ഉദ്ദേശം. സ്വര്‍ണം പൂശിയ 12 ഇഞ്ച് ചെമ്പ് ഡിസ്‌കുകളില്‍ 60 ഭാഷകളില്‍ രേഖപ്പെടുത്തിയ ആശംസകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും കാലങ്ങളില്‍ നിന്നുമുള്ള സംഗീതരൂപങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

4. കഴിഞ്ഞ 33 വര്‍ഷത്തിനിടെ ദീര്‍ഘമായ യാത്രക്കിടയില്‍ സൗരയൂഥത്തില്‍ നിന്ന് ഒട്ടേറെ ശ്രദ്ധേയമായ ദൃശ്യങ്ങള്‍ വൊയേജര്‍ -1 ഭൂമിയിലേക്ക് അയച്ചു. 1979 ഫിബ്രവരിയില്‍ പകര്‍ത്തിയ വ്യാഴത്തിന്റെ ദൃശ്യമാണിത്. 1979 ഏപ്രിലോടെ വ്യാഴത്തെക്കുറിച്ചുള്ള നിരീക്ഷണം വൊയേജര്‍-1 പൂര്‍ത്തിയാക്കി. അപ്പോഴേക്കും വ്യാഴവുമായി ബന്ധപ്പെട്ട് 19,000 ചിത്രങ്ങളും വിലപ്പെട്ട വിവരങ്ങളും ആ പേടകം ഭൂമിയിലേക്ക് അയച്ചിരുന്നു.

5. വ്യാഴത്തിലെ 'ഗ്രേറ്റ് റെഡ് സ്‌പോട്ടി'ന്റെ ദൃശ്യം. വ്യാഴത്തില്‍ നിന്ന് 92 ലക്ഷം കിലോമീറ്റര്‍ അകലെ നിന്ന് 1979 ഫിബ്രവരിയില്‍ വൊയേജര്‍-1 പകര്‍ത്തിയ ദൃശ്യം.

6. വ്യാഴത്തിന്റെ അന്തരീക്ഷം-വ്യാജവര്‍ണത്തിലുള്ളത്

7. വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ 3.04 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ദൃശ്യം. വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നതില്‍ ഏറ്റവും ഉള്ളിയുള്ള ഉപഗ്രഹമാണിത്. സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തില്‍ അഗ്നിപര്‍വത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ഇതിലാണ്.

8. ശനിയുടെ ദൃശ്യം-1980 നവംബറില്‍ വൊയേജര്‍-1 പകര്‍ത്തിയ ദൃശ്യം, ഗ്രഹത്തില്‍ നിന്ന് 53 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ളത്.

9. വ്യാഴവും ഗലീലിയന്‍ ഉപഗ്രഹങ്ങളായ ഇയോ, യൂറോപ്പ, ഗാനിമിഡെ, കാലിസ്റ്റോ എന്നിവ-വൊയേജര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കയിത്.

കാണുക
ബഹിരാകാശദൗത്യങ്ങള്‍-1 : വൊയേജര്‍


6 comments:

Joseph Antony said...

ഹിലിയോസ്ഹീത്തില്‍ പ്രവേശിച്ചിരിക്കുന്ന വൊയേജര്‍-1 സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഹിലിയോപാസിലേക്ക് നീങ്ങുന്നത്. ഏതാനും വര്‍ഷത്തിനകം അവിടവും പേടകം പിന്നിടും. പിന്നെ നക്ഷത്രങ്ങളുടെ ലോകം. സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായ യാത്ര. 40,000 വര്‍ഷം കൊണ്ട് വൊയേജര്‍-1, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍-2 പേടകം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.

ദിവാരേട്ടN said...

ലളിതസുന്ദരമായ വിവരണത്തിന് നന്ദി.

Salim PM said...

55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും...

മലയാളത്തില്‍ ഉണ്ടോ? ഇല്ലെങ്കില്‍ എല്ലാം വെറുതെയായി.

താങ്കള്‍ പകരുന്ന അറിവുകള്‍ക്ക് ഒരായിരം നന്ദി

യാത്രികന്‍ said...

കേന്ദ്ര ഗവണ്മെന്റ് ന്റെ അനാസ്ഥ കാരണം മലയാളം ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല. കേരളത്തില്‍ നിന്നും സമയത്തിന് ഉള്‍പ്പെടുത്തേണ്ട ആശംസ കിട്ടാത്തതാണ് കാരണം എന്ന് കേന്ദം പറയുന്നു.

ശ്രീ said...

മനോഹരമായൊരു പോസ്റ്റ് മാഷേ... കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ ഒരു ലേഖനത്തില്‍ 'വോയേജര്‍' നെ കുറിച്ച് വായിച്ചിരുന്നു...

പ്രപഞ്ചസത്യങ്ങളെകുറിച്ചുള്ള ഇതു പോലുള്ള വാര്‍ത്തകള്‍ വായിയ്ക്കുന്നത് എന്നും വളരെ സന്തോഷകരം തന്നെ.

നന്ദി.

sijo george said...

very informative.