Friday, December 03, 2010

പഴയ ഭൂമി; പുതിയ ജീവന്‍

ജീവന്റെ ഘടകമാകാന്‍ കൊടുംവിഷമായ ആഴ്‌സെനിക്കിനും കഴിയുമെന്ന് കണ്ടെത്തല്‍. ഭൂമിക്ക് വെളയില്‍ ജീവന്റെ സാന്നിധ്യം തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത.
ശാസ്ത്രലോകത്തിന് പരിചിതമായ രാസചേരുവകള്‍ അല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകര്‍ കണ്ടെത്തി. ജീവതന്മാത്രകളിലെ ഒഴിവാക്കാനാകാത്ത ഘടകമെന്ന് കരുതുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ ആര്‍സെനിക്കും ജീവന്റെ നിലനില്‍പ്പ് സാധ്യമാക്കുമെന്നാണ് കണ്ടെത്തല്‍. അന്യഗ്രഹങ്ങളില്‍ ഉണ്ടായേക്കാമെന്ന് കരുതുന്ന 'വിചിത്ര ജീവനി'ലേക്ക് വെളിച്ചം വീശുന്ന ഈ പഠനത്തിന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം തേടുന്ന അസ്‌ട്രോബയോളജിസ്റ്റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒരു പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നേരത്തെ അറിയിച്ചിരുന്നു, അതിനായി തങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുമെന്നും അവര്‍ അറിയിച്ചു. 'നാസ അന്യഗ്രഹ ജീവന്‍ കണ്ടെത്തി' എന്നിങ്ങനെയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ ദിവസങ്ങളായി പ്രവഹിക്കുകയായിരുന്നു. അടുത്ത കാലത്തൊന്നും നാസയുടെ ഒരു വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ക്കിടയില്‍ ഇത്ര ആകാംക്ഷ സൃഷ്ടിച്ചിട്ടില്ല.

അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും അറുതി വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിരിക്കുന്നത്, 'ഭൂമിയില്‍ നിന്നു തന്നെ അന്യജീവന്‍' തങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് പ്രഖ്യാപനം! ശരിക്കു പറഞ്ഞാല്‍ കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് കണ്ടെത്തിയ ഒരു ബാക്ടീരിയ വകഭേദമാണ്, ജീവന്‍ മറ്റ് തരത്തിലും സാധ്യമാകാമെന്ന് ആദ്യമായി ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തിരിക്കുന്നത്.

ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് കരുതുന്ന ആറ് മൂലകങ്ങളുണ്ട്- കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ അനിവാര്യമാണ്'-നാസയുടെ അസ്‌ട്രോബയോളജി റിസര്‍ച്ച് ഫെലോയായ യു.എസ്.ജിയോളജിക്കല്‍ സര്‍വ്വെയിലെ ഫെലിസ വൂള്‍ഫ് സിമോന്‍ അറിയിക്കുന്നു. ഇത് ജീവനെ സംബന്ധിച്ച് നിലവിലുള്ള ധാരണ. എന്നാല്‍, ഈ മൂലകങ്ങളില്‍ ഫോസ്ഫറസിന് പകരം ആഴ്‌സെനിക്ക് ആയാലും ജീവന്‍ സാധ്യമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കിയത്. എന്നുവെച്ചാല്‍, മറ്റ് രൂപങ്ങളിലും ജീവന്റെ നിലനില്‍പ്പ് സാധ്യമാണെന്നര്‍ഥം!

മറ്റ് രൂപത്തില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വര്‍ഷങ്ങളായി അന്വേഷിക്കുന്ന ഗവേഷക സംഘത്തിലെ അംഗമാണ് ഫെലിസ. മോണോ തടാകത്തില്‍ നിന്ന് ലഭിച്ച ഹലോമൊനാഡാസിയേ (Halomonadaceae) ബാക്ടീരിയത്തിന്റെ ഒരു പ്രത്യേക വകഭേദം (GFAJ-1) ആണ് പുതിയ രൂപത്തില്‍ ജീവന്‍ സാധ്യമാണെന്ന് ഗവേഷകര്‍ക്ക് ബോധ്യമാക്കിക്കൊടുത്തത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ കുറവും ആര്‍സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ വളര്‍ത്തിയെടുത്തപ്പോഴായിരുന്നു അത്. ഫോസ്ഫറസിന് പകരം ആഴ്‌സെനിക്കിനെ 'പോഷകമാക്കി' ബാക്ടീരിയ പെരുകി എന്നു മാത്രമല്ല, ഡി.എന്‍.എ ഉള്‍പ്പടെ ബാക്ടീരിയയുടെ ജീവതന്മാത്രകളില്‍ ഫോസ്ഫറസിന്റെ സ്ഥാനത്ത് ആഴ്‌സെനിക്ക് സ്ഥാനം പിടിക്കുകയും ചെയ്തു.

ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ് ആര്‍സനികിന്റേത്. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇത്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണ് ഗവേഷകര്‍ കണ്ടത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, പുതിയ തരത്തില്‍ ജീവന്‍ സാധ്യമാണെന്ന് ശാസ്ത്രലോകം ആദ്യമായി തിരിച്ചറിയും ചെയ്യുകയായിരുന്നു.

നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തലെന്ന്, അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു.

മറ്റ് ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം തേടുന്ന അസ്‌ട്രോബയോളജിസ്റ്റുകള്‍ ചെയ്യുന്നത്, ജീവന്റെ അടിസ്ഥാനമായ 'മൂലകങ്ങളെ പിന്തുടരുക' എന്നതാണ്-അന്‍ബാര്‍ പറയുന്നു. ഒരിടത്ത് ജീവന് അടിസ്ഥാനമായ മൂലകങ്ങളുണ്ടെങ്കില്‍, അവിടെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത ഏറും. ജീവന്റെ സാന്നിധ്യമറിയാന്‍ ഏത് മൂലകങ്ങളെ പിന്തുടരണം എന്നകാര്യം പുനപ്പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ പഠനം-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫോസ്ഫറസിന് പകരം ആഴ്‌സെനിക്കിനെ ആശ്രയിച്ച് വളര്‍ന്ന സൂക്ഷ്മജീവിക്ക് 'ഇരട്ട ജീവിതമാണുള്ളതെ'ന്ന് ഡേവീസ് കരുതുന്നു. ഫോസ്ഫറസിലും ആര്‍സെനിക്കിലും അതിന് വളരാനാകും. 'ശരിക്കും മറ്റൊരു ജീവശാഖയില്‍ നിന്നുള്ള ജീവിയായി മാത്രമേ അതിനെ കണക്കാക്കാന്‍ കഴിയൂ'-അദ്ദേഹം പറയുന്നു.

ഈ പുതിയ ജീവശാഖ തീര്‍ച്ചയായും മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ഡേവീസ് പ്രവചിക്കുന്നു. മൈക്രോബയോളജിയുടെ പുതിയ മേഖല തന്നെ തുറക്കാനുള്ള സാധ്യത ഈ കണ്ടെത്തലിനുണ്ട്. ഫോസ്ഫറസിനെ തീരെ ആശ്രയിക്കാത്ത ഒരു ജീവശാഖയിലേക്ക് ഈ അന്വേഷണം നീണ്ടാല്‍, അതാകും 'ഹോളി ഗ്രെയില്‍'!-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്യഗ്രഹങ്ങളിലെ ജീവനെക്കുറിച്ച് മാത്രമല്ല, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് നാസയുടെ കണ്ടെത്തല്‍. ഒരുപക്ഷേ, പല തവണ പല രൂപത്തില്‍ ഭൂമിയില്‍ ജീവന്‍ പ്രത്യക്ഷപ്പെട്ടിരിക്കാം എന്നാണിത് സൂചിപ്പിക്കുന്നത്.

പൊതുവെ കരുതുന്നതിലും കൂടുതല്‍ 'വഴക്കമുള്ളതാണ്' നമുക്ക് പരിചിതമായ ജീവന്‍ എന്നാണ് ഈ കണ്ടെത്തല്‍ ഓര്‍മിപ്പിക്കുന്നത്-ഫെലിസ പറയുന്നു. ജൈവരാസചക്രങ്ങളുടെയും രോഗങ്ങളുടെയും പിന്നിലെ പ്രേരകശക്തികളാണ് സൂക്ഷ്മജീവികള്‍. ആ നിലയ്ക്ക് ജീവശാസ്ത്ര ഗ്രന്ഥങ്ങളില്‍ പുത്തന്‍ അധ്യായം തന്നെ തുറക്കാന്‍ ഈ കണ്ടെത്തല്‍ കാരണമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ആര്‍സെനിക്കിനെ വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ബാക്ടീരിയ വകഭേദങ്ങള്‍ ജനിതകപരിഷ്‌ക്കരണം വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിലെ കിണറുകളില്‍ നിന്ന് ആര്‍സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ജൈവപ്രക്രിയയില്‍ അനിവാര്യ മൂലകമായ ഫോസ്ഫറസിന് പകരം ആഴ്‌സനിക്ക് മാത്രം ആശ്രയിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ബാക്ടീരിയ ശാസ്ത്രലോകത്തിന് മുന്നിലെത്തുന്നത് ആദ്യമായാണ്.
(അവലംബം: അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, സയന്‍സ്).


4 comments:

Joseph Antony said...

ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം തേടുന്ന അസ്‌ട്രോബയോളജിസ്റ്റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒരു പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നേരത്തെ അറിയിച്ചിരുന്നു, അതിനായി തങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുമെന്നും അവര്‍ അറിയിച്ചു. 'നാസ അന്യഗ്രഹ ജീവന്‍ കണ്ടെത്തി' എന്നിങ്ങനെയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ ദിവസങ്ങളായി പ്രവഹിക്കുകയായിരുന്നു. അടുത്ത കാലത്തൊന്നും നാസയുടെ ഒരു വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ക്കിടയില്‍ ഇത്ര ആകാംക്ഷ സൃഷ്ടിച്ചിട്ടില്ല. അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും അറുതി വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിരിക്കുന്നത്, 'ഭൂമിയില്‍ നിന്നു തന്നെ അന്യജീവന്‍' തങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് പ്രഖ്യാപനം! ശരിക്കു പറഞ്ഞാല്‍ കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് കണ്ടെത്തിയ ഒരു ബാക്ടീരിയ വകഭേദമാണ്, ജീവന്‍ മറ്റ് തരത്തിലും സാധ്യമാകാമെന്ന് ആദ്യമായി ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തിരിക്കുന്നത്.

കാഡ് ഉപയോക്താവ് said...

"നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നതിന്റെ തെളിവാണ്". Thanks for information.

ഷാജി said...

ഇനി കാര്‍ബണു പകരം മറ്റേതെങ്കിലും മൂലകങ്ങള്‍ അടിസ്ഥാന ഘടകമായി വരുന്ന ജീവനെ കുറിച്ചും ആലോചിക്കാം അല്ലേ

Rini said...

there is a comedy science fiction movie 2001 release say something interesting like this. http://www.imdb.com/title/tt0251075/