Tuesday, November 30, 2010

ആദിയില്‍ പ്രപഞ്ചം ദ്രവമായിരുന്നു


ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആദ്യ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തി. മുമ്പ് കരുതിയിരുന്നതുപോലെ, ഉന്നത ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വാതകത്തിന്റെ രൂപത്തിലായിരുന്നില്ല ആദിപ്രപഞ്ചം, ആദിയില്‍ പ്രപഞ്ചം ദ്രാവകാവസ്ഥയിലായിരുന്നു!

ജനീവയില്‍ സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ യന്ത്രമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ല്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എല്‍.എച്ച്.സിയില്‍ കണികാപരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ ഏഴിനാരംഭിച്ച പുതിയ ഘട്ടത്തിലെ ആദ്യഫലമാണ്, ആദിപ്രപഞ്ചം ഒരു സൂപ്പര്‍ദ്രാവകത്തിന്റെ അവസ്ഥയിലായിരുന്നു എന്നത്.

എല്‍.എച്ച്.സിയുടെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലെഡ് അയോണുകളെ (ചാര്‍ജുള്ള ലെഡ് (കാരീയ) ആറ്റങ്ങളെ) പരസ്പരം കൂട്ടിയിടിപ്പിച്ചുള്ള പുതിയ ഘട്ടമാണ് നവംബര്‍ ഏഴിന് ആരംഭിച്ചത്.

ആ വേഗത്തില്‍ ത്വരിപ്പിക്കപ്പെടുമ്പോള്‍, ലെഡ് അയോണുകള്‍ ഇന്നുവരെ ആര്‍ജിച്ചിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനില പ്രാപിക്കുന്നു. ആ ഊര്‍ജനിലയില്‍ കൂട്ടിയിടി നടക്കുന്നിടത്ത് സൃഷ്ടിക്കപ്പെടുന്നത് ഏതാണ്ട് പത്ത്‌ലക്ഷംകോടി ഡിഗ്രി ഊഷ്മാവാണ്. ഇത്രയും ഉയര്‍ന്ന താപനിലിയില്‍ കണങ്ങളിലെ ക്വാര്‍ക്കുകളെ ബന്ധിപ്പിച്ചിട്ടുള്ള ഗ്ലുവോണ്‍ കെട്ടുകള്‍ ഉരുകിയഴിയുകയും, ആദിപ്രപഞ്ചത്തില്‍ നിലനിന്നുവെന്ന് കരുതുന്ന 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' രൂപപ്പെടുകയും ചെയ്യും.

ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ചും അതുവഴി ആദിപ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കാനാണ് എല്‍.എച്ച്.സിയിലെ 'ആലീസ്' പരീക്ഷണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട് ഏതാനും മൈക്രോസെക്കന്‍ഡ് കഴിഞ്ഞുള്ള അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കാനുള്ള 'മിനി ബിഗ്ബാങു'കളാണ്, ലെഡ് അയോണ്‍ കൂട്ടിയിടികളില്‍ സംഭവിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. ആലീസില്‍ അസംഖ്യം മിനി ബിഗ്ബാങുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അതില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പ്രബന്ധങ്ങളും ഗവേഷകര്‍ തയ്യാറാക്കിയതായി, കണികാപരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പരീക്ഷണം തുടക്കം മാത്രമാണെങ്കിലും, ആദിമപ്രപഞ്ചത്തെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ തങ്ങള്‍ മനസിലാക്കുകയാണെന്ന്, ആലീസ് പരീക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്നവരിലൊരാളും ബ്രിട്ടനില്‍ ബിര്‍മിങ്ഹാം സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമിയിലെ ഗവേഷകനുമായ ഡോ.ഡേവിഡ് ഇവാന്‍സ് പറയുന്നു. 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ആയിരത്തോളം ഭൗതികശാസ്ത്രജ്ഞരാണ് ആലീസ് പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നത്.

പ്രപഞ്ചത്തെ സംബന്ധിച്ച ചില സിദ്ധാന്തങ്ങള്‍ പ്രവചിച്ചിരുന്നത്, ആദിപ്രപഞ്ചം വാതകാവസ്ഥയിലായിരുന്നിരിക്കണം എന്നാണ്. എന്നാല്‍, പുതിയ പരീക്ഷണത്തിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്, ഒരു 'സൂപ്പര്‍-ഹോട്ട് ദ്രാവകം' പോലെ ആദിപ്രപഞ്ചം പെരുമാറിയിരുന്നു എന്നാണ്-ഡോ.ഇവാന്‍സ് അറിയിക്കുന്നു.

ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയാണ് ആലീസിന്റെ മുഖ്യലക്ഷ്യം. പ്രപഞ്ചരഹസ്യങ്ങളിലെ ചില അഴിയാക്കുരുക്കുകള്‍ക്ക് അത് ഉത്തരമേകുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. അതിബലത്തിന്റെ (സ്‌ട്രോങ് ഫോഴ്‌സ്) താക്കോലായ ഗ്ലുവോണിനെക്കുറിച്ചറിയാന്‍ അത് സഹായിക്കും.

ക്വാര്‍ക്കുകളെ തടവിലാക്കി ഗ്ലുവോണ്‍ എങ്ങനെ ദ്രവ്യഭാഗങ്ങളായ പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും രൂപംനല്‍കുന്നു എന്നറിയാനും ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ചുള്ള പഠനം തുണയാകും. മാത്രമല്ല, പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും പിണ്ഡത്തില്‍ 98 ശതമാനവും സൃഷ്ടിക്കുന്നത് അതിബലമാണ്. അതിന്റെ രഹസ്യവും ഇതുവഴി അനാവരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. (അവലംബം: Physorg.com, സേണിന്റെ വാര്‍ത്താക്കുറിപ്പ്)

ആലീസിലെ 'മിനി ബിഗ്ബാങി'ന്റെ സേണ്‍ പുറത്തുവിട്ട ദൃശ്യങ്ങളാണ് ചുവടെ

7 comments:

Joseph Antony said...

ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആദ്യ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തി. മുമ്പ് കരുതിയിരുന്നതുപോലെ, ഉന്നത ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വാതകത്തിന്റെ രൂപത്തിലായിരുന്നില്ല ആദിപ്രപഞ്ചം, ആദിയില്‍ പ്രപഞ്ചം ദ്രാവകാവസ്ഥയിലായിരുന്നു!

കാഡ് ഉപയോക്താവ് said...

ഇനിയും പരീക്ഷണങ്ങൾ നടക്കട്ടെ ! ഇന്നത്തെ അറിവ് സ്ഥായി അല്ലല്ലോ ! നാളെ ശാസ്ത്രം എന്തു പറയും എന്നു കാത്തിരുന്നു കാണാം.
ഗണിതം പഠിക്കാനും പഠിപ്പിക്കാനും... GeoGebra_Malayalam Video Tips

പാര്‍ത്ഥന്‍ said...

ഇനിയും കാത്തിരിക്കുന്നു. പ്രളയം കഴിഞ്ഞുള്ള നിശ്ചലാവസ്ഥ എന്ന് പുരാണം പറയുന്നപോലെ മാത്രമെ തോന്നുന്നുള്ളൂ. വ്യക്തമായ ഒരു തത്ത്വത്തിലേക്ക് ഇനിയും പോകേണ്ടതുണ്ട് എന്നു തോന്നുന്നു. അഗ്നിയിൽ നിന്നും ജലം.

ChethuVasu said...
This comment has been removed by the author.
ChethuVasu said...

വാര്‍ത്തക്ക് നന്ദി . പക്ഷെ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അല്പം വിശദീകരിച്ചാല്‍ തെറ്റിദ്ധാരണകള്‍ ( അബദ്ധ ധാരണകള്‍ ) പലതും പലര്‍ക്കും ഒഴിവാക്കാന്‍ സാധിക്കും..അല്ലെങ്ങില്‍ ഇത് വായിച്ചു ഓരോരുത്തരം അതീവ ലളിതവല്‍ക്കരിക്കപ്പെട്ട ഏതൊക്കെയോ നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും ..

അതീവ സാന്ദ്രതയിലുള്ള തും ഉയര്‍ന്ന മര്‍ദ്ദത്തിലും ഉയര്‍ന്ന താപനിലയിലും ഉള്ളതുമായ വാതകാവസ്ഥയും , ദ്രവകാവസ്ഥയും തമ്മിലുള്ള വ്യത്യാസം സാങ്കേതികമാണ്‌ . അത് സാധാരണ താപനിലയില്‍ കാണപ്പെടുന്ന ദ്രവകാവസ്ഥയും വാതകാവസ്ഥയും തമ്മില്‍ കാണുന്ന വ്യത്യാസം പോലെ മനസ്സിലക്കപ്പെറെന്റുന്ന ഒന്നല്ല .. പ്ലാസ്മാവസ്ഥയും ആ രീതിയില്‍ മനസ്സിലാക്കേണ്ടതാണ് . അല്ലാതെ ബിഗ്‌ ബാന്ഗ് സമയത്ത് വാതകമല്ല ദ്രാവകമാണ് ഉണ്ടായിരുന്നത് എന്നതു പറയുമ്പോ ചിലര്‍ മനസ്സില്ലാക്കുന്നത് ബിഗ്‌ ബാന്ഗ് വെള്ളത്തില്‍ നിന്നോ മറ്റോ ഉണ്ടായതാണ് എന്നായിരിക്കും ..ആ പൊട്ടത്തരം മനസ്സില്‍ വച്ച് അവന്‍ ബ്ലോഗിലും മറ്റും മറ്റുള്ളവരോടു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യും ...അങ്ങനെ മറ്റുള്ളവര്‍ക്ക് പണിയുന്ടക്കുകയും ചെയ്യും ..അതായത് ആദിയില്‍ പ്രപഞ്ചം വെള്ളത്തില്‍ കിടന്ന വെള്ളരങ്കല്ലനെന്നോ ..അല്ലാ , എണ്ണയില്‍ നിന്നും വറുത്തെടുത്ത നെയ്യപ്പമായിരുന്നെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കും... :-)

ഈ വാര്‍ത്തയില്‍ നിന്നും ലഭിക്കുന്ന വിജ്ഞാനം ഇതാണ് .. അതീവാ തീവ്രമായ താപനിലയിലും ദ്രാവകമായി (പ്ലാസ്മ ..? ) നിലനില്‍ക്കതക്ക മര്‍ദ്ദം ബിഗ്‌ ബാന്ഗ് സമയത്ത് ഉണ്ടായിരുന്നു എന്നര്‍ത്ഥം , ആറ്റങ്ങളെ ആ മര്‍ദ്ദത്തിന് കാരണം ,പരസ്പര ആകര്‍ഷണവും , ബന്ധങ്ങളും തന്നെ ആകണം .. ദുര്‍ബലമായ ഗ്രാവിട്ടിയെക്കളും അതി ശക്തമായ സ്ട്രോങ്ങ്‌ നുക്ലിയര്‍ ഫോര്‍സിന്റെ (ഗ്ലുവോന്‍ ) സാന്നിധ്യമായിരിക്കില്ലേ അതിനു കാരണം ..എന്തായാലും കണിക പരീക്ഷണം കൂടുതല്‍ വ്യക്തമായ ഉത്തരങ്ങളുമായി നമ്മളെ കാത്തിരിക്കുന്നു എന്ന് പ്രതീക്ഷിക്കാം ..

urjayan said...

Thankalude post valare upakarapradhan.Thudarnnum kanikaparikshanathekkurichulla varthakal prathekshikkunnu.

Unknown said...

ഒരു കാര്യം പറേണോന്ന് നിരീച്ചാ വന്നത്... ചെത്തുകാരൻ വാസു നേരത്തെ പറഞ്ഞു....
വാതകം ദ്രാവകം എന്നൊക്കെ പറയുന്നത് വലിയ ആശയക്കുഴപ്പമുണ്ടാക്കും.
ദ്രാവകം എന്ന് കേട്ടാൽ കാര്യമെന്തെന്ന് മനസിലാക്കാതെ അപ്പോ ആലിലകൃഷ്ണനെ അവതരിപ്പിക്കാൻ ആളുകളുണ്ടെന്ന് മറക്കരുത് :)