Monday, April 27, 2009

പന്നിപ്പനി - പുതിയ ഭീഷണി

മനുഷ്യന്‌ വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ എന്തുകൊണ്ട്‌? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ്‌ എന്തുകൊണ്ട്‌ പെട്ടന്നൊരു നാള്‍ മാരകമായി മനുഷ്യനെ ബാധിക്കാന്‍ തുടങ്ങുന്നു. മൃഗങ്ങളുടെയും മറ്റ്‌ ജീവികളുടെയും ജൈവാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞ വൈറസുകള്‍, ആ അതിര്‍ത്തി ഭേദിച്ച്‌ മനുഷ്യരിലേക്ക്‌ എത്താന്‍ എന്താണ്‌ പ്രകോപനം.

അഞ്ചുവര്‍ഷം മുമ്പ്‌ ഏതാണ്ട്‌ ഇതേ കാലയളവില്‍, 'സാര്‍സി'ന്റെ പിടിയിലായ ഹോങ്കോങിനെ അനുസ്‌മരിപ്പിക്കുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ്‌ മെക്‌സിക്കോയില്‍ നിന്ന്‌ ഇപ്പോള്‍ എത്തുന്നത്‌. എങ്ങും സര്‍ജിക്കല്‍ മാസ്‌ക്‌ ധരിച്ചവര്‍. സ്‌കൂളുകളും സിനിമാശാലകളും പാര്‍ക്കുകളും പൊതുഭക്ഷണശാലകളുമെല്ലാം അടഞ്ഞു കിടക്കുന്നു. ഹസ്‌തദാനമോ മറ്റ്‌ ഉപചോരങ്ങളോ ഇല്ല; കത്തോലിക്കാ ദേവാലയങ്ങളില്‍ പോലും അത്തരം കാര്യങ്ങള്‍ വിലക്കിയിരിക്കുന്നു. ടൂറിസം വ്യവസായം പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നു. വ്യോമയാന കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞു. ലോകം മുഴുവന്‍ ഭീതിയോടെയും ആകാംക്ഷയോടെയും കാണുന്ന ഈ സംഭവങ്ങള്‍ക്കെല്ലാം ആധാരം ഒരു വൈറസാണ്‌; മനുഷ്യനെ ബാധിക്കാന്‍ പാകത്തില്‍ രൂപാന്തരം സംഭവിച്ച വൈറസ്‌ വകഭേദം.

ഒരു മഹാമാരിയുടെ എല്ലാ ലക്ഷണങ്ങളും കാട്ടുന്ന 'പന്നിപ്പനി' (സൈ്വന്‍ ഫ്‌ളു) യാണ്‌ മെക്‌സിക്കോയില്‍ പടര്‍ന്നിരിക്കുന്നത്‌. 2000-ലേറെ ആളുകളെ ബാധിച്ച ഈ മാരക ന്യുമോണിയ മൂലം നൂറിലേറെപ്പേര്‍ ഇതിനകം മരിച്ചു. യു.എസ്‌.എ.യും കാനഡയും ന്യൂസിലന്‍ഡും ഉള്‍പ്പടെ ഒട്ടേറെ രാജ്യങ്ങളിലേക്ക്‌ രോഗം പടര്‍ന്നു കഴിഞ്ഞു. ആഗോളതലത്തില്‍ ഒരു മഹാമാരിയാകാന്‍ എല്ലാ സാധ്യതയുമുള്ള വൈറസാണ്‌ പന്നിപ്പനിയുടേതെന്നും, അതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യസംഘടന തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ്‌ നല്‍കി. മെക്‌സിക്കോയ്‌ക്കുള്ള യാത്ര ഒഴിവാക്കാനും യു.എസ്‌.എ.യിലേക്ക്‌ കഴിയുമെങ്കില്‍ യാത്ര ചെയ്യാതിരിക്കാനും സ്വന്തം പൗരന്‍മാര്‍ക്ക്‌ യൂറോപ്യന്‍ യൂണിയനും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

സാധാരണ സീസണല്‍ ഫ്‌ളൂവിന്‌ കാരണമാകുന്ന H1N1 എന്ന വൈറസിന്റെ വകഭേദമാണ്‌ മെക്‌സിക്കോയില്‍ പടര്‍ന്നിരിക്കുന്നത്‌. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന രണ്ടിനം വൈറസുകളുടെയും (അമേരിക്കന്‍ യൂറേഷ്യന്‍ വകഭേദങ്ങളുടെ) ജനിതകഅംശങ്ങള്‍ അടങ്ങിയ വൈറസ്‌ വകഭേദമാണ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നിരിക്കുന്നത്‌. ഇത്തരം ജനിതകചേരുവയുള്ള പന്നിപ്പനി വൈറസിനെ ആദ്യമായാണ്‌ തിരിച്ചറിയുന്നതെന്ന്‌, അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍' (സി.ഡി.സി.) വക്താവ്‌ ടോം സ്‌കിന്നര്‍ പറയുന്നു.

എന്തുകൊണ്ട്‌ പുതിയ വൈറസുകള്‍
മനുഷ്യന്‌ വെല്ലുവിളിയായി പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ എന്തുകൊണ്ട്‌? ഇത്രകാലവും പ്രകൃതിയില്‍ അപകടകാരിയല്ലാതെ കഴിഞ്ഞ ഒരു വൈറസ്‌ എന്തുകൊണ്ട്‌ പെട്ടന്നൊരു നാള്‍ മാരകമായി മനുഷ്യനെ ബാധിക്കാന്‍ തുടങ്ങുന്നു. മൃഗങ്ങളുടെയും മറ്റ്‌ ജീവികളുടെയും ജൈവാതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞ വൈറസുകള്‍, ആ അതിര്‍ത്തി ഭേദിച്ച്‌ മനുഷ്യരിലേക്ക്‌ എത്താന്‍ എന്താണ്‌ പ്രകോപനം.

ഇതിന്റെ ഉത്തരം ലളിതമല്ലെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. പ്രകൃതിക്ക്‌ മേല്‍ മനുഷ്യന്‍ നടത്തുന്ന അതിക്രമങ്ങള്‍ മുതല്‍ ആധുനിക മൃഗപരിപാലനവും കൃഷിരീതികളും വരെ പുതിയ രോഗാണുക്കളുടെ കടന്നുവരവിന്‌ കാരണമാകുന്നുണ്ട്‌. ജനപ്പെരുപ്പവും, ആധുനിക ഗതാഗതവുമൊക്കെ ഇതിന്‌ ആക്കം കൂട്ടുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ നേരിടേണ്ട ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ്‌ പുതിയ വൈറസുകള്‍ എന്ന്‌ പന്നിപ്പനിയും സൂചന നല്‍കുന്നു.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ മാത്രം മുപ്പതിലേറെ പുതിയ വൈറസുകല്‍ മനുഷ്യന്‌ ഭീഷണിയായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. എബോള ഐവറികോസ്‌റ്റ്‌, ആന്‍ഡിസ്‌ വൈറസ്‌, ഹെപ്പറ്റിറ്റിസ്‌-എഫ്‌, ജി, പൈറൈറ്റില്‍, ബ്ലാക്ക്‌ ലഗൂണ്‍ വൈറസ്‌, നിപാ, ഒസ്‌കാര്‍ വൈറസ്‌ എന്നിവയൊക്കെ അതില്‍ പെടുന്നു. ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ അംഗങ്ങളാണ്‌ സാര്‍സ്‌ വൈറസും പന്നപ്പനി വൈറസും.

ഇരുപതാം നൂറ്റാണ്ട്‌ തുടങ്ങുമ്പോള്‍ ഭൂമുഖത്ത്‌ ആകെയുണ്ടായിരുന്നത്‌ 150 കോടി ജനങ്ങളാണ്‌. ഇന്നത്‌ 600 കോടിയിലേറെയാണ്‌. പുതിയ രോഗാണുക്കള്‍ക്ക്‌ മനുഷ്യരെ 'കണ്ടെത്താനുള്ള' സാധ്യത ഒരു നൂറ്റാണ്ട്‌ കൊണ്ട്‌ നാലിരട്ടി വര്‍ധിച്ചു എന്നുസാരം. ജനസംഖ്യയ്‌ക്കൊപ്പം പരിസ്ഥിതിയിലും കൃഷി-മൃഗപരിപാലന മാര്‍ഗങ്ങളിലൊക്കെ മാറ്റം വന്നു. വനങ്ങള്‍ വെട്ടി വെളുപ്പിച്ചപ്പോള്‍, ഇത്രകാലവും പ്രകൃതിയില്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന പല മാരക വൈറസുകളും മനുഷ്യരില്‍ അഭയം തേടി. കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കര്‍ണാടകത്തിലെ മലനാട്‌ മേഖലയില്‍ 'ക്യാസാനൂര്‍ വനരോഗം' എന്നൊരു വൈറസ്‌ബാധ പടര്‍ന്നു. വനം വെളുപ്പിച്ചപ്പോഴായിരുന്നു അത്‌. അവിടുള്ള കുരങ്ങുകളില്‍ വൈറസ്‌ നേരത്തെ തന്നെ ഉണ്ടായിരുന്നു. വനം നശിപ്പിക്കുന്നതുവരെ അവ മനുഷ്യരെ ബാധിച്ചിരുന്നില്ല.

പുത്തന്‍ കൃഷി രീതികളും മൃഗപരിപാലന മാര്‍ഗങ്ങളും പുതിയ രോഗാണുക്കളുടെ ആവിര്‍ഭാവത്തിന്‌ കാരണമാകുന്നതായി വിദഗ്‌ധര്‍ പറയുന്നു. മെക്‌സിക്കോയില്‍ തന്നെ 'മാംസഫാക്ടറി'കള്‍ എന്ന്‌ വിളിക്കാവുന്ന പന്നികൃഷിയിടങ്ങളിലാണ്‌ പുതിയ രോഗം പ്രത്യക്ഷപ്പെട്ടത്‌. ആയിരക്കണക്കിന്‌ പന്നികളെ ചെറിയ കെട്ടിടങ്ങളില്‍ വളര്‍ത്തിയെടുത്ത്‌ വ്യവസായികാടിസ്ഥാനത്തില്‍ മാംസത്തിനുപയോഗിക്കുകയാണ്‌ മെക്‌സിക്കോയില്‍, ശരിക്കും ഫാക്ടറികളെപ്പോലെ. അത്തരം അന്തരീക്ഷത്തില്‍ ഒരു വൈറസിന്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരിലെത്താന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.
(അവലംബം: CDC, WHO, വിവിധ വാര്‍ത്താ ഏജന്‍സികള്‍).

5 comments:

Joseph Antony said...

സാധാരണ സീസണല്‍ ഫ്‌ളൂവിന്‌ കാരണമാകുന്ന H1N1 എന്ന വൈറസിന്റെ വകഭേദമാണ്‌ മെക്‌സിക്കോയില്‍ പടര്‍ന്നിരിക്കുന്നത്‌. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന രണ്ടിനം വൈറസുകളുടെയും (അമേരിക്കന്‍ യൂറേഷ്യന്‍ വകഭേദങ്ങളുടെ) ജനിതകഅംശങ്ങള്‍ അടങ്ങിയ വൈറസ്‌ വകഭേദമാണ്‌ മനുഷ്യരിലേക്ക്‌ പകര്‍ന്നിരിക്കുന്നത്‌. ഇത്തരം ജനിതകചേരുവയുള്ള പന്നിപ്പനി വൈറസിനെ ആദ്യമായാണ്‌ തിരിച്ചറിയുന്നതെന്ന്‌, അമേരിക്കയിലെ 'സെന്റര്‍ ഫോര്‍ ഡിസീസ്‌ കണ്‍ട്രോള്‍' (സി.ഡി.സി.) വക്താവ്‌ ടോം സ്‌കിന്നര്‍ പറയുന്നു.

അനില്‍@ബ്ലോഗ് // anil said...

നിലവിലുള്ള ഹോസ്റ്റുകളെ കിട്ടാത്തതിനാല്‍ വൈറസുകള്‍ പുതിയവയെ തേടിപ്പോകുന്നു എന്ന നിഗമനത്തിന് എത്രത്തോളം സ്വീകാര്യതയുണ്ടാവും എന്ന് കണ്ടറിയണം.
ഇവിടെ പരാമര്‍ശിച്ച കാരണങ്ങളൊക്കെ തന്നെയാണ് ഈ അവസ്ഥ സംജാതമാക്കുന്നത്. സമാന ഘടനയുള്ള വൈറസുകളുടെ പ്രകൃത്യാലുള്ള ഹോസ്റ്റുകള്‍ ഒന്നിച്ചിടപഴകാന്‍ അവസരം ലഭിക്കുന്നതാണ് ഇത്തരം പുതു ഇനങ്ങളുടെ വരവിനു കാരണം എന്ന് കണക്കാക്കാം. വനം വെളുപ്പിക്കുക എന്നത് ഒരു പക്ഷെ കുരങ്ങും മനുഷ്യനും മുമ്പില്ലാത്തവണ്ണം അടുത്തിടപഴകാനവസരം നല്‍കിയിരിക്കുമല്ലോ. പന്നി രോഗങ്ങളുടെ കാര്യവും മറ്റൊന്നാവില്ല എന്നു തോന്നുന്നു. ജന സംഖ്യ കൂടുന്നത് തന്നെ ഈ ഇടകലരന് അടിസ്ഥാന കാരണം.

Anonymous said...

ജനിതകമാറ്റം സംഭവിച്ച് പുതിയ വൈറസുകള്‍ രൂപം കൊള്ളുന്നതിന് വിദഗ്ദര്‍ നല്‍ക്കുന്ന കാരണങ്ങള്‍ (ഊഹാപോഹങ്ങള്‍) വിശ്വസനീയം അല്ല! അതിന് കുറേ കൂടി ഗൌരവമായ കാരണങ്ങള്‍ ഉണ്ടാവുമെന്നാണ് എന്‍റെ തോന്നല്‍. പുതുതായി ജന്മമെടുക്കുന്ന ഇത്തരം വൈറസുകള്‍ പരിക്ഷണശാലകളില്‍ നിര്‍മ്മിക്കപ്പെട്ടതോ മറ്റോ ആയിക്കൂ‍ടേ? ജനിതകമാറ്റം സംഭവിക്കാം മാത്രം പാകത്തില്‍ പാരിസ്ഥിതിക മാറ്റം സംഭവിച്ചിട്ടുണ്ടോ? അങ്ങനെ പാരിസ്ഥിതിക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കില്‍, എന്തുകൊണ്ട് മറ്റ് ജീവജാലങ്ങളില്‍ ജനിതകമാറ്റം സംഭവിക്കുന്നില്ല?

അങ്കിള്‍ said...

പന്നിപ്പനിയെപറ്റി ഡോ.കാനം ശങ്കരപ്പിള്ളക്ക് പറയാനുള്ളത് ഇതാണ്.

നരിക്കുന്നൻ said...

ഒരു കാര്യം ഏതായാലും ഉറപ്പാണ്. ഇയിയുള്ള കാലം ഇത്തരം വൈറസുകൾ മനുഷ്യന്റെ ഉറക്കം കെടുത്തും. മനുഷ്യൻ എത്രമാത്രം പുരോഗമിച്ചിട്ടും ഇത്തരം മഹാവിപത്തുകളിൽ നിന്ന് പ്രതിവിധി കണ്ടെത്താൻ കഴിയാതെ വരുന്നത് എന്ത് കൊണ്ടാണ്? ഇനിയും ഒരു വൈറസ് നമ്മെത്തേടിയെത്തും മുമ്പ് മുൻ കരുതലെടുക്കാനെങ്കിലും നമുക്ക് കഴിയാതെവരുന്നതെന്ത് കൊണ്ട്?