Monday, March 02, 2009

വായില്‍ നോക്കുമ്പോള്‍...

വായില്‍നോട്ടം ഒരു സുകുമാരകലയാണ്‌. 'ചെരുപ്പൂരിയുള്ള അടി' മുതല്‍ പാലക്കാട്ട്‌ ബസ്റ്റാന്റിലാണെങ്കില്‍ 'വനിതാപോലീസിന്റെ പിടി' വരെയാകാം ഫലം. വാരഫലം നോക്കിയിട്ട്‌ ഈ ഏര്‍പ്പാടിനിറങ്ങിയാല്‍ മതിയെന്നാണ്‌ അനുഭവസ്ഥര്‍ പറയുക. പക്ഷേ, വായില്‍ ശരിക്കു നോക്കിയാല്‍ കാണുന്നത്‌ എന്തായിരിക്കും....

കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌, കേരളം ചുറ്റി സഞ്ചരിച്ച്‌ കണ്ട ഒരു ജപ്പാന്‍ പ്രൊഫസറോട,്‌ ഇവിടെ അദ്ദേഹം നിരീക്ഷിച്ച അത്ഭുതകരമായ രണ്ട്‌ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു-വൈകുന്നേരമായാല്‍ കവലകളിലിരുന്നു റോഡേ പോണവരെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയും വായില്‍നോക്കിയിരിക്കുന്നവര്‍ ഒന്നാമത്തെ അത്ഭുതം. രണ്ടാമത്തേത്‌, ഒറ്റ ഇടത്തരം ഹോട്ടലിലും നാറാതെ മൂത്രമൊഴിക്കാന്‍ പറ്റുന്ന സംവിധാനം കേരളത്തിലില്ല എന്നത്‌. (ഇതില്‍ വായില്‍നോട്ടത്തിന്റെ സാമൂഹിക, രാഷ്ടീയ, സാംസ്‌ക്കാരിക വശങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തി ഇതുവരെ ആരും പി.എച്ച്‌.ഡി. എടുക്കാത്തതില്‍ ജപ്പാന്‍ പ്രൊഫസര്‍ അത്ഭുതപ്പെടുകയും ചെയ്‌തു).

ഇവിടെ ഇക്കാര്യം പരാമര്‍ശിച്ചത്‌ പക്ഷേ, ഇത്തരം പരമ്പരാഗത സുകുമാരകലയെക്കുറിച്ച്‌ പറയാനല്ല. ജര്‍മനിയില്‍ മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ ഇവല്യൂഷണറി ആന്ദ്രോപ്പോളജിയിലെ ഡോ. മാര്‍ക്ക്‌ സ്‌റ്റോണ്‍കിങും കൂട്ടരും നടത്തിയ മറ്റൊരു തരം വായില്‍നോട്ടത്തെക്കുറിച്ച്‌ സൂചിപ്പിക്കാണ്‌. അവര്‍ ശരിക്കും വായില്‍ നോക്കുക തന്നെയാണ്‌ ചെയ്‌തത്‌. മനുഷ്യരുടെ വായ്‌ക്കുള്ളില്‍ ആരാണുള്ളതെന്ന്‌ അറിയാന്‍. കിട്ടിയ വിവരം അമ്പരപ്പിക്കുന്നതാണ്‌. ഏതാണ്ട്‌ 600 വ്യത്യസ്‌തയിനം ബാക്ടീരിയയിനങ്ങള്‍ സുഖമായി ഉണ്ടുതാമസിക്കുന്ന 'സൂക്ഷ്‌മാണുലോക'മാണത്രേ ഓരോരുത്തരുടെയും വായ. 'ജിനോം റിസര്‍ച്ചി'ലാണ്‌ ഈ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ആഗോളതലത്തില്‍ നടക്കുന്ന ആദ്യ ഉമിനീര്‍ സര്‍വെയാണിത്‌. നിങ്ങളുടെ ഉമിനീരിലുള്ള ബാക്ടീരിയയും അയല്‍ക്കാരന്റെ വായിലുള്ളതും താരതമ്യം ചെയ്‌താല്‍, നിങ്ങളും ഭൂഗോളത്തിന്റെ മറുവശത്തു താമസിക്കുന്നയൊരാളും തമ്മിലുള്ളത്ര വ്യത്യാസം കാണുമത്രേ. നിങ്ങളുടെ അണുക്കള്‍ നിങ്ങള്‍ക്ക്‌ സ്വന്തം, അയല്‍ക്കാരന്‌ അയാള്‍ക്കുമെന്ന്‌ സാരം. ആരോഗ്യം, രോഗബാധ തുടങ്ങിയവയുമായി വായിലെ സൂക്ഷാണുക്കള്‍ക്ക്‌ അടുത്ത ബന്ധമാണുള്ളതെന്നും, ഭാവിയില്‍ വൈദ്യശാസ്‌ത്ര മേഖലയില്‍ ഇത്തരം വിവരങ്ങള്‍ പ്രയോജനപ്പെട്ടേക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

പത്ത്‌ ക്വാഡ്രില്ല്യണ്‍ (quadrillion) കോശങ്ങള്‍ മനുഷ്യശരീരത്തിലുണ്ടെന്നാണ്‌ കണക്ക്‌. അതേ സമയം നമ്മുടെ ശരീരത്തിനകത്തും പുറത്തുമായി ജീവിക്കുന്ന ബാക്ടീരിയകളുടെ സംഖ്യ ഇതിന്റെ പത്തിരട്ടി വരും. ബില്‍ ബ്രൈസന്റെ വാക്കുകളില്‍ പറഞ്ഞാല്‍, "ബാക്ടീരിയയുടെ ഭാഗത്ത്‌ നിന്ന്‌ നോക്കിയാല്‍, മനുഷ്യന്‍ അവരെയപേക്ഷിച്ച്‌ ചെറിയൊരു ഭാഗം മാത്രമാണ്‌". മനുഷ്യന്റെ ത്വക്കിലും വായിലും കുടലിലും ഗൂഹ്യഭാഗത്തുമൊക്കെ താമസിക്കുന്ന വ്യത്യസ്‌തയിനം സൂക്ഷ്‌മാണുക്കളെക്കുറിച്ച്‌ മനുഷ്യന്‍ ഇനിയും ശരിക്കു മനസിലാക്കിയിട്ടില്ല.

സൂക്ഷ്‌മാണുക്കള്‍ ശരീരത്തിനുള്ളിലേക്കു പ്രവേശിക്കുന്ന മുഖ്യ കവാടങ്ങളിലൊന്നാണ്‌ വായ. ആ നിലയ്‌ക്ക്‌ വായ്‌ക്കുള്ളിലെ അണുക്കളുടെ വൈവിധ്യം പ്രധാന്യമര്‍ഹിക്കുന്നു. ആറ്‌ ഭൂമിശാസ്‌ത്രമേഖലകളിലുള്ള 120 ആരോഗ്യവാന്‍മാരുടെ ഉമിനീര്‍ സാമ്പിളുകളാണ്‌ ഡോ. മാര്‍ക്ക്‌ സ്‌റ്റോണും സംഘവും ജനിതക വിശകലനത്തിന്‌ വിധേയമാക്കിയത്‌. അപ്പോഴാണ്‌ വായില്‍നോട്ടം കളിയല്ല എന്ന്‌ മനസിലായത്‌. എന്നാല്‍, ഭക്ഷണക്രമം, പരിസ്ഥിതി മുതലായ ഘടകങ്ങളും ശരീരത്തിലെ സൂക്ഷ്‌മാണുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഇനിയും അറിയാനിരിക്കുന്നതേയുള്ളുവെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: ജിനോം റിസര്‍ച്ച്‌).

കാണുക: മനുഷ്യന്റെ അജ്ഞാതസഹചാരികള്‍

3 comments:

Joseph Antony said...

കേരളം ചുറ്റി സഞ്ചരിച്ച്‌ കണ്ട ഒരു ജപ്പാന്‍ പ്രൊഫസറോട,്‌ ഇവിടെ അദ്ദേഹം നിരീക്ഷിച്ച അത്ഭുതകരമായ രണ്ട്‌ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു-വൈകുന്നേരമായാല്‍ കവലകളിലിരുന്നു റോഡേ പോണവരെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയും വായില്‍നോക്കിയിരിക്കുന്നവര്‍ ഒന്നാമത്തെ അത്ഭുതം. രണ്ടാമത്തേത്‌, ഒറ്റ ഇടത്തരം ഹോട്ടലിലും നാറാതെ മൂത്രമൊഴിക്കാന്‍ പറ്റുന്ന സംവിധാനം കേരളത്തിലില്ല എന്നത്‌. (ഇതില്‍ വായില്‍നോട്ടത്തിന്റെ സാമൂഹിക, രാഷ്ടീയ, സാംസ്‌ക്കാരിക വശങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തി ഇതുവരെ ആരും പി.എച്ച്‌.ഡി. എടുക്കാത്തതില്‍ ജപ്പാന്‍ പ്രൊഫസര്‍ അത്ഭുതപ്പെടുകയും ചെയ്‌തു).

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

അപ്പോള്‍ വദനസുരതം അപകടം തന്നെ; അല്ലേ???

Suraj said...

അത് കലക്കി മാഷേ ;))

ചുമ്മാതല്ല, മനുഷ്യന്റെ ഒരു കടി കൊണ്ട് എവിടെയെങ്കിലും പഴുത്താല്‍ ആറ്റം ബോംബിന്റെ വീര്യമുള്ള ആന്റീബയോട്ടിക്കുകളാണ് പ്രയോഗിക്കേണ്ടിവരുന്നത് - ഈ കില്ലാഡികളെയെല്ലാം അടിച്ചിടണ്ടേ ?

ചാത്തങ്കേരികുട്ടിച്ചാത്താ...ലത് സേഫാണ്...കടിക്കാതിരുന്നാ മതി !
അല്ല, കടിക്കുവോ ?? ;)))))