Wednesday, March 04, 2009

ഹാവൂ, രക്ഷപ്പെട്ടു!

ഒരു ക്ഷുദ്രഗ്രഹത്തില്‍നിന്ന് ഭൂമി 'തലനാരിഴ'യ്‌ക്ക്‌ രക്ഷപ്പെട്ടതായി വിദഗ്‌ധര്‍.

സംഭവം നിസ്സാരമെന്ന്‌ തോന്നാം. പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഒരു ക്ഷുദ്രഗ്രഹം (asteroid), ഭൂമിക്ക്‌ 72,000 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോയി. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ അഞ്ചിലൊന്നാണ്‌ ഈ ദൂരം. ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും വന്നിടിച്ചതിന്റെ ഫലമായി ഭൂമി നേരിട്ട ദുരന്തങ്ങളുടെ ചരിത്രം അറിയാവുന്നവര്‍ ആശ്വസിക്കുകയാണ്‌, ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത്‌. ബഹിരാകാശമാനങ്ങളില്‍ ചിന്തിച്ചാല്‍ 'തലനാരിഴയ്‌ക്ക്‌' ഭൂമി ഒരു ഭീമന്‍ കൂട്ടിയിടില്‍നിന്ന്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

'2009ഡിഡി45' എന്ന്‌ പേരിട്ടിട്ടുള്ള ആ ക്ഷുദ്രഗ്രഹം, തിങ്കളാഴ്‌ച (മാര്‍ച്ച്‌ 2, 2009) ഇന്ത്യന്‍ സമയം വൈകുന്നേരം 7.14-നാണ്‌ ഭൂമിക്ക്‌ ഏറ്റവും അടുത്ത പോയന്റിലെത്തിയത്‌. 21-47 മീറ്റര്‍ വിസ്‌താരമുള്ളതാണ്‌ ക്ഷുദ്രഗ്രഹം. 1908 ജൂണ്‍ 30-ന്‌ സൈബീരിയയിലെ തുംഗുസ്‌ക നദിക്കരികില്‍ പതിച്ച ക്ഷുദ്രഗ്രഹത്തിന്റെ (അല്ലെങ്കില്‍ ധൂമകേതുവിന്റെ) വലിപ്പമുള്ളതാണ്‌ 2009ഡിഡി45. ഹിരോഷിമയിലിട്ട ആറ്റംബോംബിന്റെ 1000 മടങ്ങ്‌ ശക്തിയിലാണ്‌, നൂറുവര്‍ഷംമുമ്പ്‌ സൈബീരിയയില്‍ ആ പതനം നടന്നത്‌. 800 ലക്ഷം വൃക്ഷങ്ങളെ നിലംപരിശാക്കിയ ആ പതനം 2000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്‌ കൊടിയ നാശം വിതച്ചു.

ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന വസ്‌തുക്കള്‍ കണ്ടെത്താനായി ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സിഡിങ്‌ സ്‌പ്രിങ്‌ സര്‍വെ' ഗ്രൂപ്പാണ്‌ കഴിഞ്ഞ ശനിയാഴ്‌ച 2009ഡിഡി45 ക്ഷുദ്രഗ്രഹം ഭൂമിയെ സമീപിക്കുന്നതായി തിരിച്ചറിഞ്ഞത്‌. ഇക്കാര്യം അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‌ കീഴിലുള്ള 'മൈനര്‍ പ്ലാനെറ്റ്‌ സെന്റര്‍ (MPC) സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിന്‌ മുമ്പ്‌ മറ്റൊരു ക്ഷുദ്രഗ്രഹം ഭൂമിക്ക്‌ ഏറ്റവും അടുത്തുകൂടി കടന്നുപോയതായി എം.പി.സി. സ്ഥിരീകരിച്ചിട്ടുള്ളത്‌ ആറ്‌ മീറ്റര്‍ മാത്രം വിസ്‌താരമുള്ള '2004എഫ്‌യു162' ആണ്‌. 2004 മാര്‍ച്ചില്‍ അത്‌ ഭൂമിക്ക്‌ 6,500 കിലോമീറ്റര്‍ അരികിലൂടെ സഞ്ചരിച്ചു.

അനുബന്ധം: ക്ഷുദ്രഗ്രഹങ്ങളില്‍നിന്ന്‌ ഭൂമി നേരിടുന്ന ഭീഷണിയുടെ തോത്‌ യഥാര്‍ഥത്തില്‍ പലര്‍ക്കും അറിയില്ല എന്നതാണ്‌ വാസ്‌തവം. നിരന്തര ഭീഷണിയാണ്‌ നമ്മള്‍. ചൊവ്വായ്‌ക്കും വ്യാഴത്തിനുമിയ്‌ക്കുള്ള ബല്‍റ്റില്‍ ഏതാണ്ട്‌ നൂറുകോടി ക്ഷുദ്രഗ്രഹങ്ങളെങ്കിലും ഉണ്ടാകാം എന്നാണ്‌ കണക്കാക്കുന്നത്‌. അവയില്‍ പലതും ഭൂമിയുടെ സഞ്ചാരപഥം മുറിച്ച്‌ കടന്ന്‌ പോകാറുണ്ട്‌. ഭൂമിക്ക്‌ ഭീഷണിയാകുന്ന ആയിരക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്‌.

മുമ്പ്‌ ഭൂമിയിലുണ്ടായ കൂട്ടനാശങ്ങളില്‍ പലതിനും ക്ഷുദ്രഗ്രഹങ്ങള്‍ കാരണമായിട്ടുണ്ട്‌. ആറരകോടി വര്‍ഷം മുമ്പ ദിനോസറുകളെ ഉന്‍മൂലനം ചെയ്‌തതും, 25 കോടി വര്‍ഷംമുമ്പ്‌ 'പെര്‍മിയന്‍-ട്രിയാസിക്‌' വിനാശത്തിന്‌ കാണമായതും ക്ഷുദ്രഗ്രഹപതനങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.


കൂടുതലറിയാന്‍ കാണുക:
ഒഴിഞ്ഞുപോയ കൂട്ടിയിടി, ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌, ക്ഷുദ്രഗ്രഹത്തിന്റെ ഗതിമാറ്റാന്‍ യു.എന്‍.

(ഇതോടൊപ്പം ഉപയോഗിച്ചിട്ടുള്ള ചിത്രം 'ഇതോകാവ' ക്ഷൂദ്രഗ്രഹത്തിന്റെയാണ്‌. ഭൂമിക്ക്‌ ഭീഷണിയാകുന്ന ഇത്തരം ആയിരക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങളുണ്ടെന്നാണ്‌ കണക്ക്‌) (അവലംബം:
space.com).

10 comments:

Joseph Antony said...

പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഒരു ക്ഷുദ്രഗ്രഹം, ഭൂമിക്ക്‌ 72,000 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോയി. ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും വന്നിടിച്ചതിന്റെ ഫലമായി ഭൂമി നേരിട്ട ദുരന്തങ്ങളുടെ ചരിത്രം അറിയാവുന്നവര്‍ ആശ്വസിക്കുകയാണ്‌, ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത്‌. ബഹിരാകാശമാനങ്ങളില്‍ ചിന്തിച്ചാല്‍ 'തലനാരിഴയ്‌ക്ക്‌' ഭൂമി ഒരു ഭീമന്‍ കൂട്ടിയിടില്‍നിന്ന്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

ജയരാജന്‍ said...

ഒരു സംശയം: “പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഒരു ക്ഷുദ്രഗ്രഹ”ത്തിന് “ഹിരോഷിമയിലിട്ട ആറ്റംബോംബിന്റെ 1000 മടങ്ങ്‌ ശക്തി” ഉണ്ടാകുമോ?

Unknown said...

എന്തിനാ പേടിക്കുന്നേ? ഏതെങ്കിലും ഗ്രഹമോ ക്ഷുദ്രഗ്രഹമോ പ്രശ്നമുണ്ടാക്കിയാല്‍ അതൊക്കെ നേരത്തെ അറിയാന്‍ നമ്മള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഉണ്ടേന്നേ... ഇപ്രാവശ്യത്തെ നക്ഷത്രഫലം വായിച്ചില്ല അല്ലേ?

@ജയരാജന്‍...
അതല്ലേ മൊമന്റം മൊമന്റം എന്ന് പറയുന്ന സംഭവത്തിന്റെ പ്രസക്തി

ശ്രീ said...

അതെ, കഷ്ടിച്ചു രക്ഷപ്പെട്ടു.
:)

K.V Manikantan said...

സൈബീരിയയില്‍ 1908 ല്‍; ഉണ്ടായ ഇടിയെ പറ്റി ഒരു വിശദമായ പോസ്റ്റ് ഇടാമോ?

ഓടോ: പണ്ട് സ്കൈലാബ് വീഴും എന്ന് പറഞ്ഞ് (1980?) ആകാശത്തേക്ക് എപ്പോഴും നോക്കിനടന്നിരുന്നു ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍. അതും ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ഈ നമ്മള്‍ അയക്കുന്ന ഉപഗ്രഹങ്ങളും തിരിച്ചു വീഴുമോ? സ്കൈലാബ് വീഴാന്‍ എന്താ കാരണം? അത് അമേരിക്ക ഇന്‍ഡ്യന്‍ സമുദ്രത്തിലേക്ക് ആയി വഴിമാറ്റി വീഴ്ത്തിയതാണെന്ന് കേട്ടിട്ടുണ്ട്. ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു മാഷേ...

പാവപ്പെട്ടവൻ said...

വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

വെളിച്ചപ്പാട് said...

ഉറഞ്ഞ് തുള്ളിയാലും വെളിപ്പെടാത്ത വെളിപാട്.

അറിയാതെ പോയ വെളിപാട്....

വളരെ നന്ദി ഈ വിവരം ബൂലോഗരെ അറിയിച്ചതിന്.

Joseph Antony said...

ജയരാമന്‍,
ശ്രീഹരി,
ശ്രീ,
സങ്കുചിതന്‍,
പാവപ്പെട്ടവന്‍,
വെളിച്ചപ്പാട്‌,

സ്വാഗതം, അഭിപ്രായങ്ങളില്‍ സന്തോഷം.
സങ്കുചിതന്‍, ആകാശത്തുനിന്ന്‌ ഭൂമി നേരിടുന്ന ഭീഷണികളെക്കുറിച്ചും, സൈബീരിയയില്‍ നൂറുവര്‍ഷം മുമ്പുണ്ടായ ആ ഭീമന്‍ പതനത്തെക്കുറിച്ചും ഒരു പോസ്‌റ്റ്‌ താമസിയാതെ ഇടുന്നതാണ്‌.

വി. കെ ആദര്‍ശ് said...

നല്ല പോസ്‌റ്റ്. ആകെ പേടിയാകുന്നു,ഇതു വരെ റോഡില്‍ കൂടി ലക്കും ലഗാനും ഇല്ലാതെ പായുന്ന വാഹനങ്ങളെപ്പേടിച്ചാല്‍ മതിയായിരുന്നു.
ഇതു പോലെ ചന്ദ്രനെ മറ്റൊരു ക്ഷുദ്രഗ്രഹം വന്നിടിയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലല്ലോ ജോസഫ് മാഷെ.
ഇതുപോലെ വന്‍‌കൂട്ടിയിടി നടന്ന് എതേലും ഗ്രഹത്തിന്റെ ഭ്രമണപഥത്തിന് മാറ്റം വന്നിട്ടുണ്ടോ. അങ്ങനെയോരു സാധ്യത വന്നാല്‍ ഭൂമിയുടെ ചലനപാതയിലേക്ക് മറ്റൊരു ഗ്രഹം എത്താനുള്ള സാധ്യതയും ഉണ്ട്, ചുരുക്കിപ്പറഞ്ഞാല്‍ കൂട്ടിയിടി നമ്മുടെ അയല്‍ ഗ്രഹത്തില്‍ നടന്നാല്‍ പോലും നമുക്കുള്ള ഭീഷണി തള്ളിക്കളയാനാകില്ല.
പത്തുനില വലിപ്പമുള്ളവനാണല്ലോ ഇപ്പോ നമുക്കരികിലൂടെ തൊട്ടുരുമ്മിപ്പോയത്. നാളെ ഒരു ഫുട്ബോളിന്റെ വലിപ്പമുള്ള ഒന്ന് വന്ന് നമ്മുടെ ആണവ നിലയങ്ങള്‍ പോലുള്ള തന്ത്രപധാനമായ ഇടങ്ങളില്‍ പതിച്ചാലുള്ള അവസ്ഥയോ.....

Joseph Antony said...

ആദര്‍ശ്‌,
ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലാതില്ല. 400 കോടി വര്‍ഷം മുമ്പ്‌ ഭൂമിയില്‍ ചൊവ്വായുടെ വലിപ്പമുള്ള ഒരു വസ്‌തു വന്നിടിച്ചതിന്റെ ഫലമായാണ്‌ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ രൂപപ്പെട്ടതെന്നാണ്‌, ഇതു സംബന്ധിച്ച്‌ ഇന്ന്‌ നിലനില്‍ക്കുന്ന പ്രബലമായ നിഗമനം. പക്ഷേ, ഗ്രഹങ്ങളുടെ ഭ്രമണപഥം മാറ്റത്തക്കവിധം വലിപ്പമുള്ള ക്ഷുദ്രഗ്രഹങ്ങള്‍ ഉള്ളതായി അറിവില്ല.