Thursday, September 18, 2008

ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്‌

'സാഹിത്യവാരഫല'ത്തില്‍ പ്രൊഫ. എം.കൃഷ്‌ണന്‍ നായര്‍ ഒരിക്കല്‍ എഴുതിയ കഥയാണ്‌-
ഒരിക്കല്‍ ഭര്‍ത്താവ്‌ പ്രതീക്ഷിക്കാത്ത സമയത്ത്‌ വീട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യയെ അവിടുത്ത ബിഷപ്പിനൊപ്പം അരുതാത്ത രീതിയില്‍ കണ്ടു. ഭാര്യ ഭയന്നു, ഭര്‍ത്താവ്‌ എങ്ങനെയാവും പ്രതികരിക്കുക. പക്ഷേ, ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. കുറെ കഴിഞ്ഞപ്പോള്‍ റോഡിനഭിമുഖമായുള്ള ജനാലയ്‌ക്കല്‍ നിന്നുകൊണ്ട്‌ ഭര്‍ത്താവ്‌ റോഡിലൂടെ പോകുന്നവരെ അനുഗ്രഹിക്കുന്നത്‌ കണ്ടു. തന്റെ നടപ്പുദോഷം കൊണ്ട്‌ പാവം ഭര്‍ത്താവിന്റെ സമനില നഷ്ടപ്പെട്ടു എന്ന്‌ പേടിച്ച ഭാര്യ ചോദിച്ചു, `നിങ്ങള്‍ എന്താണ്‌ മനുഷ്യാ ഈ കാട്ടുന്നത്‌`. ഭര്‍ത്താവിന്റെ മറുപടി ഇതായിരുന്നു-`ഞാന്‍ ചെയ്യേണ്ട പണി ബിഷപ്പു ചെയ്യുന്നതുകൊണ്ട്‌, അങ്ങോള്‍ ചെയ്യേണ്ട ജോലി ഞാന്‍ ചെയ്യുകയാണ്‌`!

ആരും സ്വന്തം നില മറക്കരുത്‌, അക്കാര്യം ഓര്‍മിപ്പിക്കുന്നതാണ്‌ ഈ കഥ. ഇതുമായി ചേര്‍ത്ത്‌ വായിക്കാവുന്ന ഒരു സംഭവവികാസം ഇപ്പോള്‍ ബ്രിട്ടനില്‍ ഉണ്ടായിരിക്കുന്നു. ലോകത്തെ ഏറ്റവും ആദരണീയമായ ശാസ്‌ത്രസംഘടനയാണ്‌ ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി. ശാസ്‌ത്രീയാവബോധം (scientific temper)പ്രചരിപ്പിക്കാന്‍ വേണ്ടി 300 വര്‍ഷമായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം. അസ്‌ട്രോണമിസ്‌റ്റ്‌ മാര്‍ട്ടിന്‍ റീസിനെപ്പോലെ ഒരു പ്രതിഭാശാലി പ്രസിഡന്റായിരിക്കുന്ന വേളയില്‍ റോയല്‍ സൊസൈറ്റി, ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനൊപ്പം സൃഷ്ടിവാദം കൂടി ക്ലാസ്‌മുറികളില്‍ പഠിപ്പിക്കണമെന്ന്‌ നിര്‍ദേശിച്ചാലോ? തികച്ചും ശാസ്‌ത്രീയ അടിത്തറയില്‍ കെട്ടിപ്പെടുത്തിരിക്കുന്ന പരിണാമസിദ്ധാന്തത്തിന്‌ വേണ്ടി നിലകൊള്ളേണ്ട (ഇത്രകാലവും നിലകൊണ്ട) റോയല്‍ സൊസൈറ്റി അതിന്റെ നിലമറന്നാല്‍ എന്താണ്‌ സംഭവിക്കുക?

തുടക്കത്തില്‍ പറഞ്ഞ കഥയിലെ കാര്യം ഇവിടെയും സംഭവിച്ചിരിക്കുന്നു. സഭ ചെയ്യേണ്ട പണി റോയല്‍ സൊസൈറ്റി ചെയ്യുന്നതുകൊണ്ട്‌, റോയല്‍ സൊസൈറ്റി ചെയ്യേണ്ട കര്‍ത്തവ്യവുമായി സഭ രംഗത്ത്‌ എത്തിയിരിക്കുന്നു. ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടാണ്‌ ഡാര്‍വിന്റെ സിദ്ധാന്തത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. ശാസ്‌ത്രം പഠിപ്പിക്കുന്നിടത്ത്‌ സൃഷ്ടിവാദത്തിന്‌ ഒരു സ്ഥാനവുമില്ല എന്ന്‌ ചര്‍ച്ച്‌ അഭിപ്രായപ്പെട്ടു. ബൈബിളിനെ പദാനുപദം വ്യാഖ്യാനിക്കാനുള്ള വലതുപക്ഷ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെ (അമേരിക്കയിലും സൃഷ്ടിവാദവും ബൗദ്ധീകരൂപകല്‍പ്പനാവാദവും പഠിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന്‌ യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ കൂടി ഭാഗമായ വലതുപക്ഷ ഇവാഞ്ചലിസ്റ്റുകളാണെന്ന്‌ ഓര്‍ക്കുക) ശ്രമം, സഭയെക്കുറിച്ച്‌ തെറ്റായ ധാരണ പരത്താന്‍ ഇടയാക്കും എന്നാണ്‌ ചര്‍ച്ച്‌ അഭിപ്രായപ്പെട്ടത്‌. മാത്രമല്ല, ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കാനും ചര്‍ച്ച്‌ പദ്ധതിയിടുകയാണ്‌! `ശാസ്‌ത്രീയ അടിത്തറയുള്ള ഒന്നായി സൃഷ്ടിവാദം പഠിപ്പിക്കാന്‍ പാടില്ല. ഓരോ കാലത്തും ശാസ്‌ത്രീയ ആശയങ്ങള്‍ ഉടലെടുത്തതു സംബന്ധിച്ച ചര്‍ച്ചകളില്‍ വേണമെങ്കില്‍ സൃഷ്ടിവാദവും പെടുത്താം. അല്ലെങ്കില്‍ മതപഠന ക്ലാസുകളില്‍ അത്‌ പഠിപ്പിക്കാം`-ചര്‍ച്ച്‌ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനിലെ ശാസ്‌ത്രസമൂഹം നടുക്കത്തോടെയാണ്‌ റോയല്‍ സൊസൈറ്റിയുടെ ശുപാര്‍ശ ശ്രവിച്ചത്‌. ലോകത്തെവിടെയും മതമൗലികവാദികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ശക്തിയും സ്വാധീനവും പ്രാപിച്ചു വരുന്ന ഈ വേളയില്‍, റോയല്‍ സൊസൈറ്റിയെപ്പോലെ അങ്ങേയറ്റം ആദരണീയമായ ഒരു സംഘടന ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്‌ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പലരും. `അടുത്തെന്താവും ബയോളജി ക്ലാസില്‍ പഠിപ്പിക്കേണ്ടി വരിക, ആദാമിന്റെ വാരിയെല്ലിനെക്കുറിച്ചാകുമോ?`ഒരു ജീവശാസ്‌ത്രജ്ഞന്റെ പ്രതികരണം ഇതായിരുന്നു. ഇത്തരമൊരു സംഗതി നടപ്പിലായാല്‍, എല്ലാത്തരം പിന്തിരിപ്പന്‍ വാദങ്ങളും വ്യാജസിദ്ധാന്തങ്ങളും കരിക്കുലത്തിന്റെ ഭാഗമാക്കി മാറ്റേണ്ടി വരില്ലേ എന്നാണ്‌ പലരും ചോദിക്കുന്നത്‌.

സൃഷ്ടിവാദത്തിന്‌ ബയോളജിക്ലാസുകളില്‍ ഒരു സ്ഥാനവുമില്ല എന്ന്‌ തുറന്ന കത്തിലൂടെ പ്രഖ്യാപിച്ച്‌ ഒരുവര്‍ഷം തികയുംമുമ്പ്‌, നിലപാട്‌ മാറ്റാന്‍ എന്താണ്‌ റോയല്‍ സൊസൈറ്റിയെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമല്ല. റോയല്‍ സൊസൈറ്റിയില്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ മേധാവിയും ബയോളജിസ്‌റ്റുമായ പ്രൊഫ. മൈക്കല്‍ റീസാണ്‌ സൃഷ്ടിവാദം കൂടി ക്ലാസ്‌മുറികളില്‍ പഠിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്‌. രണ്ട്‌ നോബല്‍ ജേതാക്കളടക്കം ഒട്ടേറെ റോയല്‍ സൊസൈറ്റി ഫെലോകള്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫ. റീസ്‌ രാജി വെയ്‌ക്കാന്‍ നിര്‍ബന്ധിതനായെങ്കിലും, സൃഷ്ടിവാദം സംബന്ധിച്ച നിര്‍ദ്ദേശം റോയല്‍ സൊസൈറ്റി ഇപ്പോഴും അംഗീകരിക്കുന്നു. ആദ്യം എല്ലാവരും കരുതിയത്‌ അത്‌ പ്രൊഫ. റീസിന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ്‌. എന്നാല്‍, പിന്നീടാണ്‌ വ്യക്തമായത്‌ റോയല്‍ സൊസൈറ്റിയുടെ അഭിപ്രായമാണ്‌ പ്രൊഫി. റീസ്‌ പ്രകടിപ്പിച്ചതെന്ന്‌. ശാസ്‌ത്രവും മതവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഒരു യാഥാസ്ഥിതിക അമേരിക്കന്‍ സ്ഥാപനവുമായി വര്‍ധിച്ചു വരുന്ന വ്യാപാരബന്ധമാണ്‌ റോയല്‍ സൊസൈറ്റിയുടെ നിലപാട്‌ മാറ്റത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നവരുമുണ്ട്‌.

ശാസ്‌ത്രീയ അടിത്തറയില്‍ പരിണാമസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്‌മ നിലനിര്‍ത്തിക്കൊണ്ടു തന്നെ, 'നിയമപരമായ' ഒരു ലോകവീക്ഷണം എന്ന നിലയ്‌ക്ക്‌ സൃഷ്ടിവാദം അംഗീകരിക്കണമെന്നേ വാദിക്കുന്നുള്ളു എന്ന്‌ റോയല്‍ സൊസൈറ്റി പറയുന്നു. ഇതു രണ്ടും ക്ലാസ്‌മുറിയില്‍ വിശദീകരിക്കാനും, പരിണാമസിദ്ധാന്തത്തിനാണ്‌ ശാസ്‌ത്രീയ അടിത്തറയുള്ളത്‌ എന്ന്‌ കാട്ടിക്കൊടുക്കാനും അധ്യാപകര്‍ക്ക്‌ അവസരമുണ്ടാകണം എന്നും സൊസൈറ്റി വാദിക്കുന്നു. സൃഷ്ടിവാദത്തിന്‌ നിയമസാധുത ഉണ്ടാക്കിക്കൊടുക്കുക റോയല്‍ സൊസൈറ്റിയുടെ പണിയാണോ എന്നതാണ്‌ ചോദ്യം. ഇവാഞ്ചലിസ്‌റ്റുകളുടെ ജോലി റോയല്‍ സൊസൈറ്റി ഏറ്റെടുക്കേണ്ടതുണ്ടോ?
(2008 സപ്‌തംബര്‍ 18-ന്‌ The Hindu -വില്‍ ഹസന്‍ സുരൂര്‍ എഴുതിയ 'Out of London' എന്ന കോളമാണ്‌ ഈ കുറിപ്പിന്‌ ആധാരം)

കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

15 comments:

Joseph Antony said...

'സാഹിത്യവാരഫല'ല്‍ പ്രൊഫ. എം.കൃഷ്‌ണന്‍ നായര്‍ ഒരിക്കല്‍ എഴുതിയ കഥയാണ്‌-
ഒരിക്കല്‍ ഭര്‍ത്താവ്‌ പ്രതീക്ഷിക്കാത്ത സമയത്ത്‌ വീട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യയെ അവിടുത്ത ബിഷപ്പിനൊപ്പം അരുതാത്ത രീതിയില്‍ കണ്ടു. ഭാര്യ ഭയന്നു, ഭര്‍ത്താവ്‌ എങ്ങനെയാവും പ്രതികരിക്കുക. പക്ഷേ, ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. കുറെ കഴിഞ്ഞപ്പോള്‍ റോഡിനഭിമുഖമായുള്ള ജനാലയ്‌ക്കല്‍ നിന്നുകൊണ്ട്‌ ഭര്‍ത്താവ്‌ റോഡിലൂടെ പോകുന്നവരെ അനുഗ്രഹിക്കുന്നത്‌ കണ്ടു. തന്റെ നടപ്പുദോഷം കൊണ്ട്‌ പാവം ഭര്‍ത്താവിന്റെ സമനില നഷ്ടപ്പെട്ടു എന്ന്‌ പേടിച്ച ഭാര്യ ചോദിച്ചു, `നിങ്ങള്‍ എന്താണ്‌ മനുഷ്യാ ഈ കാട്ടുന്നത്‌`. ഭര്‍ത്താവിന്റെ മറുപടി ഇതായിരുന്നു-`ഞാന്‍ ചെയ്യേണ്ട പണി ബിഷപ്പു ചെയ്യുന്നതുകൊണ്ട്‌, അങ്ങോള്‍ ചെയ്യേണ്ട ജോലി ഞാന്‍ ചെയ്യുകയാണ്‌`! ആരും സ്വന്തം നില മറക്കരുത്‌, അക്കാര്യം ഓര്‍മിപ്പിക്കുന്നതാണ്‌ ഈ കഥ.

SHYAM said...

ഏറ്റവും പുതിയ വാര്‍ത്ത.
അടുത്ത ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ . പരിണാമത്തിനു പകരം സൃഷ്ടിവാദം പഠിപ്പിക്കണമെന്ന് സഭ ആവശ്യപ്പെട്ടു ......

N.J Joju said...

പരിണാമസിദ്ധാന്തത്തെ കത്തോലിയ്ക്കാസഭ എതിര്‍ക്കുന്നില്ല.

A Cunning Linguist said...

നല്ല പോസ്റ്റ്...

N.J Joju said...

റിമ്പോച്ചെയുടെ കമന്റു കണ്ടതുകൊണ്ടൂ പറയട്ടെ.
മതത്തിന്റെ ലക്ഷ്യം ശാസ്ത്രം പഠിപ്പിയ്ക്കലല്ല എന്ന നിലപാടാണെന്നു തോന്നുന്നു സഭയ്ക്കുള്ളത്. ഉല്പത്തിപുസ്തകത്തിന്റെ ആദ്യഭാഗങ്ങള്‍ക്ക് വാച്യമായ അര്‍ത്ഥം കൊടുക്കുവാന്‍ പാടില്ലെന്നാണ് വേദപാഠക്ലാസുകളില്‍ പഠിച്ചിട്ടൂള്ളത്.

SHYAM said...

അപ്പോള്‍ കത്തോലിക്കാ സഭ സൃഷ്ടിവാദം തെറ്റാണെന്നാണോ പറയുന്നതു ???

A Cunning Linguist said...

മതത്തിന്റെ ലക്ഷ്യം (ഏത് മതത്തിന്റെയും ആയിക്കോട്ടെ) മനുഷ്യരെ മന്ദബുദ്ധികളാക്കുകയും അവര്‍ ചിന്തിന്തിക്കുന്നതും വിമര്‍ശിക്കുന്നതുമൊക്കെ നിരുത്സാഹപ്പെടുത്തുകയുമൊക്കെ അല്ലേ.... പിന്നെയെന്തിന് ശാസ്ത്രം പഠിപ്പിക്കണം? ആളുകള്‍ക്കൊക്കെ വിവരം വെച്ചാല്‍ കാര്യം നടക്കില്ലല്ലോ...

അനില്‍@ബ്ലോഗ് // anil said...

മാദ്ധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുന്ന ഒരു വിഷയമാണോ ഇതെന്നൊരു സംശയമുണ്ട്.ഉല്‍പ്പത്തിയെപറ്റി കേള്‍ക്കുന്ന കൊച്ചുകുഞ്ഞിനു പോലും അതു ഒരു സങ്കല്‍പ്പം മാത്രമാണെന്നു മനസ്സിലാകും. വേദപാഠക്ലാസ്സില്‍ ഇതു പഠിപ്പിക്കുന്ന അതേ അച്ചന്‍ തന്നെ ശാസ്ത്രക്ലാസ്സില്‍ ഡര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കുന്നതു നമ്മള്‍ കാണുന്നതാണ്.

നമ്മുടെ ഭക്ഷ്യമന്ത്രി പണ്ടൊരു പ്രസംഗത്തില്‍ കോഴിതിന്നാന്‍ പറഞ്ഞതിന്റെ കോലാഹലം ഓര്‍ത്തു പോവുകയാണ്.അതുപോലെയാവും ഇതെന്നാണ് എനിക്കു തോന്നുന്നതു.

anushka said...

ഇതൊക്കെ വെറും വാര്‍ത്തകളാണെന്നാണ്‌ തോന്നിയത്,പത്രങ്ങള്‍ വെറുതെ അടിച്ചിറക്കുന്നത്.

Suraj said...

മതങ്ങളില്‍ പറയുന്ന ഉല്പത്തിയെപ്പറ്റിയൊക്കെ നമുക്ക് ചിലപ്പോ തമാശതോന്നാം പക്ഷേ ശാസ്ത്രപുരോഗതിയുടെ ലോകതലസ്ഥാനമെന്ന് സ്വയം ചമയുന്ന അമേരിക്കയില്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ പോലും റിപ്പബ്ലിക്കന്മാരുടെ മതകീയ ശാസ്ത്രവിരോധം അതിന്റെ വൃത്തികെട്ട തല നീട്ടുന്നു.

ഡെമക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ബറാക്ക് ഹുസൈന്‍ ഒബാമ ഇവിടുത്തെ പഴക്കമേറിയ ആഡ്ലര്‍ പ്ലാനറ്റേറിയത്തിന്റെ പുനരുദ്ധാരണത്തിനു ഫണ്ട് ഉണ്ടാക്കാന്‍ നടത്തിയ ക്യാമ്പെയിനെ “ planetariums and other foolishness” എന്നാണു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയിന്‍ നാണമില്ലാതെ വിശേഷിപ്പിച്ചത് !

കൂടുതല്‍ ഇവിടെ വായിക്കാം. സ്ഥാനാര്‍ത്ഥികളുടെ ശാസ്ത്രജ്ഞാനം പുറത്ത് വന്ന ഡിബേറ്റ് ഇവിടെയും

കിഴങ്ങന്മാര്‍ ഒരു ജനതയുടേയും കുത്തകയല്ല!
:))

N.J Joju said...

"അപ്പോള്‍ കത്തോലിക്കാ സഭ സൃഷ്ടിവാദം തെറ്റാണെന്നാണോ പറയുന്നതു ???"

ഉല്പത്തിപുസ്തകത്തില്‍ പ്രപഞ്ചസൃഷ്ടിയെകുറിച്ചു പറയുന്ന ഭാഗത്തിലൂടെ ഗ്രന്ഥകാരന്‍ നല്‍കാന്‍ ശ്രമിയ്ക്കുന്ന ഒരു സന്ദേശമുണ്ട്, ആ സന്ദേശത്തോടാണ് വിശ്വാസിയ്ക്ക് പ്രതിബദ്ധതയുള്ളത്. ദൈവം എല്ലാത്തിന്റെയും ആദികാരണമാണെന്നും ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നും ഒക്കെയാണ് ആ സന്ദേശം. ( ഒരു വിശ്വാസിയ്ക്ക് ഈ സന്ദേശം സ്വീകരിയ്ക്കാം, അവിശ്വാസിയ്ക്ക് തള്ളിക്കളയാം.) തന്റെ സന്ദേശം അവതരിപ്പിയ്ക്കുവാ‍ന്‍ ഗ്രന്ഥകാരന്‍ അന്നു നിലവിലുള്ള കഥകളും പ്രതീകങ്ങളും ഒക്കെ ഉപയോഗിച്ചിരിയ്ക്കും. അത്തരത്തിലുള്ളതാണ് പ്രപഞ്ചസൃഷ്ടിമുതല്‍ അബ്രാഹത്തെ ദൈവം വിളിയ്ക്കുന്നതു വരെയുള്ള ഭാഗം. അവയെ അക്ഷരാര്‍ത്ഥത്തില്‍ എടുത്ത് ഇവയെല്ലാം ഇപ്പറയുന്നതുപോലെ സംഭവിച്ചു എന്നു കത്തോലിയ്ക്കാ സഭ പഠിപ്പിയ്ക്കുന്നില്ല.

അനില്‍@ബ്ലോഗ് // anil said...

അക്കാര്യത്തില്‍ ജോജു പറയുന്നിടത്താണ് ന്യായം. പള്ളി വേറെ പള്ളിക്കൂടം വേരെ അന്നു നല്ലവണ്ണം അറിയുന്നവരാണ് കൃസ്ത്യാനികള്‍. പ്രപഞ്ച രഹസ്യങ്ങള്‍ പലതും ബൈബിളില്‍ ഉണ്ടെന്നു അവകാശപ്പെടുന്നവര്‍ ഇല്ലെന്നല്ല, പക്ഷെ അതു ശാസ്ത്രസത്യങ്ങളുമായി കൂട്ടിക്കുഴക്കുന്നതില്‍ അല്പം പുറകിലാണ് ഈ ടീ.

നേരെ മറിച്ചു ബിഗ് ബാങ് മുതല്‍ എമ്പ്രിയോളജി വരെ നമ്മുടെ കിത്താബില്‍ ഉണ്ടെന്നു സ്ഥാപിച്ചെടുക്കാന്‍ ആക്രാന്തം പിടിച്ചു നടക്കുന്നതു വേറേ ടീ ആണ്.

വികടശിരോമണി said...

എല്ലാ ടീമും കണക്കാണെന്നേ..
ബ്ലാക്ക് ഹോളിനെപ്പറ്റി പുതിയനിയമത്തിലുണ്ടെന്നു പറയുന്ന ‘സത്യദൈവവിശ്വാസി’കളെ അനിലു കണ്ടുകാണില്ല.പക്ഷേ, ഭൂമിയും സൂര്യനും തമ്മിലുള്ള ശാസ്ത്രീയബന്ധം പറഞ്ഞതിന് കത്തോലിക്കാസഭ കൊടുത്ത സമ്മാനത്തെപ്പറ്റിപ്പോലും കേട്ടിട്ടില്ലേ? എന്നിട്ട്, നൂറ്റാണ്ടുകൾ കഴിഞ്ഞ് ഒരു മാപ്പും!കൊലപാതകത്തിനു മാപ്പുപറഞ്ഞാൽ മതിയോ?
ദയാനന്ദസരസ്വതി പണ്ടു സത്യാർത്ഥപ്രകാശിൽ പറഞ്ഞു,എല്ലാ സത്യങ്ങളും വേദങ്ങളിലുണ്ടെന്ന്.
ഇപ്പൊ അനിലുന്നം വെച്ചവരും അതുതന്നെ പറയുന്നു,എല്ലാം ‘കിത്താബി’ലുണ്ടെന്ന്.
ഉൽ‌പ്പത്തിപ്പുസ്തകത്തിലെ ഭാവനയും യാഥാർത്ഥ്യവും വേർതിരിച്ചു തരുന്ന വേദവിജ്ഞാനികളേ,
ഉൽ‌പ്പത്തിമുതൽ അബ്രഹാമിനെ വിളിക്കും വരെ ഭാവനകൾ,പ്രതീകകഥകൾ.പിന്നെയോ?
പിന്നെ ബൈബിളിലുള്ളതെല്ലാം ശാസ്ത്രസത്യങ്ങളായിരിക്കും!!
മോശ ചെങ്കടൽ പകുത്തതും ഒക്കെ..
ഇത്രയേ ഉള്ളൂ..
വിശ്വസിക്കുന്നവർക്കു വിശ്വസിക്കാം,അല്ലാത്തവർക്കു വേണ്ട.

മൂര്‍ത്തി said...

കുറച്ച് ദിവസം മുന്‍പ് കണ്ട വാര്‍ത്ത..മംഗളം പത്രത്തില്‍

ലണ്ടന്‍: പരിണാമ സിദ്ധാന്തത്തെ തെറ്റിദ്ധരിച്ചതിനു സിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവായ ചാള്‍സ്‌ ഡാര്‍വിനോട്‌ 125 വര്‍ഷത്തിനുശേഷം ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ മാപ്പുപറഞ്ഞു.

ഡാര്‍വിന്റെ ആശയങ്ങള്‍ തള്ളിക്കളയുന്നതില്‍ അമിത പ്രതിരോധവും അമിത-വികാരവും ഉണ്ടായിരുന്നെന്നു പള്ളി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ലോക ആംഗ്ലിക്കന്‍ സമൂഹത്തിന്റെ മാതൃപള്ളിയെന്നറിയപ്പെടുന്ന ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ മിഷന്റെയും പൊതുകാര്യങ്ങളുടെയും ഡയറക്‌ടറായ റവ. മാല്‍ക്കം ബ്രൗണ്‍ എഴുതിയ ലേഖനത്തിലാണു മാപ്പുപറഞ്ഞിട്ടുള്ളത്‌. 'ചാള്‍സ്‌ ഡാര്‍വിന്‍, നിങ്ങള്‍ ജനിച്ച്‌ 200 വര്‍ഷങ്ങള്‍ക്കുശേഷം, നിങ്ങളെ തെറ്റിദ്ധരിച്ചതിനു ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ മാപ്പുചോദിക്കുന്നു.

ഞങ്ങളുടെ ആദ്യത്തെ തെറ്റായ പ്രതികരണം മൂലം പലരും ഇന്നും നിങ്ങളെ തെറ്റിദ്ധരിക്കാന്‍ ഇടയായിരിക്കുന്നു. 'മനസിലാക്കലിലൂടെയുള്ള വിശ്വാസ'മെന്ന പഴയ ആചാരം നടപ്പാക്കാനും ചെറിയ മാറ്റങ്ങള്‍ വരുത്താനും ഞങ്ങള്‍ ശ്രമിക്കുന്നതാണ്‌' ലേഖനത്തില്‍ പറയുന്നു. 1859 ല്‍ പുറത്തിറങ്ങിയ 'ഓണ്‍ ദി ഒറിജിന്‍ ഓഫ്‌ സ്‌പീഷീസ്‌' എന്ന പുസ്‌തകത്തിലൂടെയാണ്‌ പരിണാമ സിദ്ധാന്തത്തിന്‌ അടിത്തറ പാകിയ നിഗമനങ്ങള്‍ ഡാര്‍വിന്‍ അവതരിപ്പിച്ചത്‌. പുസ്‌തകത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ്‌ പള്ളിയുടെ മാപ്പുപറച്ചില്‍.

Joseph Antony said...

റിംപോച്ചേ,
ജോജു,
ഞാന്‍,
അനില്‍,
vrajesh,
സൂരജ്‌,
വികടശിരോമണി,
മൂര്‍ത്തി..
പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട്‌്‌, ഈ ലേഖനത്തില്‍ പ്രതിപാദിച്ച കാര്യങ്ങള്‍ ഓരോരുത്തരും ചര്‍ച്ചയിലൂടെ ഇത്രയും സമ്പുഷ്ടമാക്കിയതില്‍ സന്തോഷം. ആ ലിങ്കുകള്‍ നല്‍കിയ സൂരജിനും, ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ മാപ്പു പറഞ്ഞ വാര്‍ത്ത ഇവിടെ പകര്‍ത്തിയ മൂര്‍ത്തിയോടും പ്രത്യേക കടപ്പാട്‌