Saturday, March 08, 2008

പക്ഷിപ്പനിവൈറസിനെ മെരുക്കാന്‍ മാര്‍ഗം

ഇന്ത്യയുള്‍പ്പടെ ഏഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത ഭീഷണി സൃഷ്ടിക്കുന്ന പക്ഷിപ്പനി വൈറസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന മാര്‍ഗം ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ ആവിഷ്‌ക്കരിച്ചു.

ഇനിമുതല്‍ ലോകത്ത്‌ ഏത്‌ പരീക്ഷണശാലയിലും ഈ വൈറസിനെ എത്തിക്കാനും പഠിക്കാനും കഴിയും. വൈറസിനെതിരെ വാക്‌സിന്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക്‌ പുതിയ ഗതിവേഗവും ദിശാബോധവും നല്‍കാന്‍ സഹായിക്കുന്ന മുന്നേറ്റമാണിത്‌.

ഫാമുകളിലും മറ്റും വളര്‍ത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവരെയാണ്‌ പക്ഷിപ്പനി കൂടുതലായി ബാധിക്കാറ്‌. രോഗകാരിയായ 'എച്ച്‌5എന്‍1'വൈറസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍, പക്ഷിപ്പനിയെക്കുറിച്ചുള്ള പഠനം പല രാജ്യങ്ങളിലും ഫലപ്രദമായി നടന്നിരുന്നില്ല. ആ പ്രശ്‌നത്തിനാണ്‌ ഓസ്‌ട്രേലിയയില്‍ ഗോള്‍ഡ്‌ കോസ്‌റ്റിലുള്ള 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ ഗ്ലൈക്കോമിക്‌സി'ലെ ഗവേഷകര്‍ പരിഹാരം കണ്ടിരിക്കുന്നത്‌. ഗ്രിഫിത്ത്‌ സര്‍വകലാശാലയിലെ പ്രൊഫ. മാര്‍ക്ക്‌ വോന്‍ ഇറ്റ്‌സ്‌റ്റെയിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

വൈറസിലെ 'എച്ച്‌5' എന്ന മാരകപ്രോട്ടീനിനെ സുരക്ഷിതമായ ഒരു 'വൈറസ്‌സദൃശ്യവാഹി'യിലേക്ക്‌ സന്നിവേശിപ്പിക്കാനുള്ള മാര്‍ഗമാണ്‌ പ്രൊഫ. മാര്‍ക്ക്‌ വോനും കൂട്ടരും ആവിഷ്‌ക്കരിച്ചത്‌. അതോടെ, കൈകാര്യം ചെയ്യുന്നവരിലേക്ക്‌ വൈറസ്‌ പകരാനുള്ള സാധ്യത പരിമിതപ്പെട്ടു. വൈറസിന്റെ ഉപരിതലത്തിലെ പ്രോട്ടീനുകളെക്കുറിച്ച്‌ സുരക്ഷിതമായി പഠിക്കാനും പുതിയ ഔഷധങ്ങള്‍ രൂപപ്പെടുത്താനും ഈ മുന്നേറ്റം സഹായിക്കുമെന്ന്‌, ഗവേഷണവുമായി സഹകരിച്ച ഹോങ്കോങ്‌ സര്‍വകലാശാല പാസ്റ്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രൊഫ.മാലിക്‌ പെയ്‌രിസ്‌ പറയുന്നു.

പക്ഷിപ്പനിക്ക്‌ കാരണം 'എച്ച്‌5എന്‍1' എന്ന വൈറസാണ്‌. പക്ഷികളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരുന്ന ഈ രോഗാണു ആദ്യമായി ലോകശ്രദ്ധയാകര്‍ഷിക്കുന്നത്‌ തെക്കന്‍ ചൈനയില്‍ 12 വര്‍ഷം മുമ്പാണ്‌; മനുഷ്യരില്‍ കടുത്ത ന്യുമോണിയയ്‌ക്ക്‌ കാരണമാകുന്ന മാരകരോഗമെന്ന നിലയ്‌ക്ക്‌. ഇതിനകം 357 പേരിലേക്ക്‌ പകര്‍ന്ന ഈ വൈറസ്‌ അതില്‍ 224 പേരെ വകവരുത്തി. 40 രാജ്യങ്ങളില്‍ വളര്‍ത്തുപക്ഷികളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്‌. 1996-ന്‌ ശേഷം വിവിധ രാജ്യങ്ങളിലായി 25 കോടി കോഴികള്‍ ചത്തൊടുങ്ങുകയോ, രോഗബാധ തടയാന്‍ കൊന്നൊടുക്കുകയോ ചെയ്‌തിട്ടുണ്ട്‌.

മനുഷ്യരില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ പകരാന്‍ 'എച്ച്‌5എന്‍1' വൈറസിന്‌ കഴിയുമെന്ന്‌ ഇനിയും തെളിഞ്ഞിട്ടില്ല. എന്നാല്‍, ജനിതകവ്യതികരണം (മ്യൂട്ടേഷന്‍) സംഭവിച്ച്‌ വൈറസിന്‌ ആ കഴിവ്‌ ഉണ്ടായിക്കൂടെന്നില്ല. അങ്ങനെ വന്നാല്‍ ലക്ഷക്കണക്കിനാളുകളുടെ മരണത്തിനിടയാക്കുന്ന മഹാമാരിയാകും ഫലമെന്ന്‌ വിദഗ്‌ധര്‍ ഭയക്കുന്നു. 1918-ല്‍ ലോകത്ത്‌ 40 ലക്ഷത്തോളം പേരെ കൊന്നൊടുക്കിയ 'സ്‌പാനിഷ്‌ ഫ്‌ളൂ'വിന്‌ കാരണമായ 'എച്ച്‌1എന്‍1' വൈറസ്‌ അത്തരത്തില്‍ വ്യതികരണം സംഭവിച്ചുണ്ടായതാണ്‌. 1968-ല്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ 'എച്ച്‌3എന്‍2' വൈറസിന്റെ കഥയും മറ്റൊന്നല്ല. അതിനാല്‍, പക്ഷിപ്പനിക്കെതിരെ എത്രയും വേഗം പ്രതിരോധമരുന്ന്‌ കണ്ടെത്തിയേ തീരൂ എന്ന്‌ വിദഗ്‌ധര്‍ കരുതുന്നു. ആ ദിശയിലുള്ള ഗവേഷണങ്ങള്‍ക്ക്‌ വലിയ അനുഗ്രഹമാകും പുതിയ സങ്കേതം.(കടപ്പാട്‌: എ.എഫ്‌.പി, മാതൃഭൂമി).

3 comments:

Joseph Antony said...

പക്ഷിപ്പനിക്കു കാരണമായ 'എച്ച്‌5എന്‍1'വൈറസിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ കഴിയാത്തതിനാല്‍, ഈ രോഗത്തെക്കുറിച്ചുള്ള പഠനം പല രാജ്യങ്ങളിലും ഫലപ്രദമായി നടക്കുന്നില്ല. ആ പ്രശ്‌നത്തിന്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ പരിഹാരം കണ്ടിരിക്കുന്നു.

ശ്രീവല്ലഭന്‍. said...

സൂരജ് പക്ഷിപ്പനിയെക്കുറിച്ച് എഴുതിയ ഒരു ലേഖനം ഇവിടെ വായിക്കാം..

Joseph Antony said...

ശ്രീവല്ലഭന്‍,
പക്ഷിപ്പനിയെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ആ ലിങ്കിവിടെ ചേര്‍ത്തതിന് വളരെ നന്ദി.