Thursday, November 15, 2007
കുരങ്ങിന്റെ ഭ്രൂണം ആദ്യമായി ക്ലോണിങിലൂടെ
മനുഷ്യക്ലോണിങിലേക്ക് ശാസ്‌ത്രലോകം ഒരുപടി കൂടി അടുത്തു എന്ന് വിലയിരുത്തല്‍
പ്രായപൂര്‍ത്തിയായ കുരങ്ങന്റെ ഭ്രൂണം ക്ലോണിങിലൂടെ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മനുഷ്യക്ലേണിങ് യാഥാര്‍ഥമാകുന്നതിലേക്ക് ശാസ്‌ത്രലോകത്തെ ഒരുപടി കൂടി അടുപ്പിക്കുന്ന സുപ്രധാന മുന്നേറ്റമായി ഇത് വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഈ മുന്നേറ്റം 'നേച്ചര്‍' ഗവേഷണവാരികയാണ് റിപ്പോര്‍ട്ടു ചെയ്‌തത്.
ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന് ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക് പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ് ക്ലോണിങില്‍ ചെയ്യുന്നത്. ബ്രിട്ടീഷ് ഗവേഷകനായ ഇയാന്‍ വില്‍മുട്ടും സംഘവും 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക് 'സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്.സി.എന്‍.ടി) എന്നാണ് പേര്.
ബീവര്‍ട്ടോണിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് സര്‍വകലാശാലിയിലെ ഡോ.ഷൗക്രറ്റ് മിറ്റാലിപ്പോവും സംഘവും പത്തുവര്‍ഷം പ്രായമുള്ള, റീസസ് മകാക് വര്‍ഗത്തില്‍പെട്ട ആണ്‍കുരങ്ങിന്റെ ഭ്രൂണം, അലൈംഗിക രീതിയില്‍ സൃഷ്ടിച്ചത് മേല്‍പ്പറഞ്ഞ രീതി ഉപയോഗിച്ചാണ്. നിലവിലുള്ള സങ്കേതങ്ങളിലൂടെ ജനിതകദ്രവ്യം നീക്കം ചെയ്യുമ്പോള്‍, അണ്ഡകോശത്തിന് തകരാര്‍ പറ്റാറുണ്ട്. അതിനാല്‍, മനുഷ്യന്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളുടെ (primates) ക്ലോണിങ് വൈഷമ്യമേറിയതായി കണക്കാക്കുന്നു.
എന്നാല്‍, അണ്ഡത്തില്‍ നിന്ന് ജനിതകദ്രവ്യം നീക്കം ചെയ്യാന്‍ നൂതനമായ ഒരു സങ്കേതം ഉപയോഗിച്ചിടത്താണ് ഡോ. മിറ്റാലിപ്പോവിന്റെ വിജയം. ധ്രുവീകൃത (polarised) പ്രകാശത്തിന്റെ സഹായത്തോടെ കോശങ്ങളെ തത്സമയം ദൃശ്യവത്‌ക്കരിക്കാന്‍ സഹായിക്കുന്ന 'ഊസൈറ്റ്' (Oosight) എന്ന സങ്കേതമാണ് കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യാന്‍ ഉപയോഗിച്ചത്. കൂടുതല്‍ മികച്ച ഫലം നല്‍കാന്‍ അത് സഹായിച്ചു.
14 പെണ്‍കുരങ്ങുകളില്‍ നിന്നായി ശേഖരിച്ച 304 അണ്ഡങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ക്ലോണിങിനുള്ള ഡി.എന്‍.എ.ശേഖരിച്ചത് ഒറിഗോണ്‍ നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്ററിലുള്ള ആണ്‍കുരങ്ങിന്റെ തൊലിയില്‍ നിന്നാണ്. അവയുപയോഗിച്ച് എസ്.സി.എന്‍.ടി. വിദ്യയിലൂടെ 35 'ബ്ലോസ്‌റ്റോസിസ്‌റ്റുകള്‍' (blastosysts-പ്രാഥമികാവസ്ഥയിലുള്ള ഭ്രൂണങ്ങള്‍) സൃഷ്ടിക്കാന്‍ ഡോ.മിറ്റാലിപ്പോവിനും സംഘത്തിനും കഴിഞ്ഞു. ഉപയോഗിച്ച അണ്ഡങ്ങളുടെ സംഖ്യയുമായി തരതമ്യം ചെയ്‌താല്‍ വിജയത്തിന്റെ അനുപാതം വെറും 0.7 ശതമാനം മാത്രം.
അവയില്‍ നിന്ന് ഭ്രൂണവിത്തുകോശങ്ങളുടെ രണ്ട് തായ്‌വഴികള്‍ രൂപപ്പെടുത്താനുമായി. ശരീരത്തിലെ ഏതിനം കോശങ്ങളായും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന അടിസ്ഥാന കേശങ്ങളാണ് വിത്തുകോശങ്ങള്‍ (stem cells). കേടുവന്ന ഹൃദയപേശിയോ, നാഢീകോശങ്ങളോ, പാന്‍ക്രിയാസ് കോശങ്ങളോ ഒക്കെയായി ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. വിത്തുകോശങ്ങള്‍ ഉപയോഗിച്ച് ഒരാളുടെ കോശഭാഗങ്ങള്‍ നിര്‍മിക്കുമ്പോള്‍, ശരീരം അത് തിരസ്‌ക്കരിക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ ഇത് യാഥാര്‍ഥ്യമായാല്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയും.
മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്‌തതായും അതില്‍നിന്ന് വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുത്തതായും 2004-ല്‍ ദക്ഷിണകൊറിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.ഹ്വാങ് വൂ സുക്കും സംഘവും അവകാശപ്പെട്ടെങ്കിലും, ആ ഗവേഷണം തട്ടിപ്പായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ പരിമിതമായ തോതിലെങ്കിലും വിജയം അവകാശപ്പെടാവുന്നത് ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ക്കാണ്. അവര്‍ ക്ലോണിങിലൂടെ സൃഷ്ടിച്ച മനുഷ്യഭ്രൂണം ഏതാനും ദിവസമേ ജീവിച്ചുള്ളു. അതില്‍നിന്ന് വിത്തുകോശങ്ങള്‍ സൃഷ്ടിക്കാന്‍ പക്ഷേ, കഴിഞ്ഞില്ല.
ഇപ്പോള്‍, കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ വിജയിച്ചതിനെ അത്ര ഉത്സാഹത്തോടെ വീക്ഷിക്കാത്തവരും ഉണ്ട്. മനുഷ്യക്ലോണിങിലേക്കു നയിക്കുന്ന ഏത് ഗവേഷണവും ധാര്‍മികതയ്‌ക്കു നിരക്കാത്തതാണെന്ന് അത്തരക്കാര്‍ വാദിക്കുന്നു. ഡോ.മിറ്റാലിപ്പോവും സംഘവും നടത്തിയ മുന്നേറ്റം ശരിക്കും 'അസ്വസ്ഥതയുളവാക്കുന്നതാണെ'ന്ന്, ക്ലോണിങ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് ഗ്രൂപ്പായ 'ഗ്രീന്‍വാച്ച് യു.കെ'യിലെ ഹെലെന്‍ വാലസ് അഭിപ്രായപ്പെട്ടു. ക്ലോണ്‍ ചെയ്‌ത മനുഷ്യക്കുഞ്ഞിനെ സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
എന്നാല്‍, 'മനുഷ്യക്ലോണിങി'നെ രണ്ടായി കാണണം എന്ന് വാദിക്കുന്ന വിദഗ്‌ധരാണ് അധികവും. മനുഷ്യനെ ക്ലോണിങിലൂടെ സൃഷ്ടിക്കാനുള്ള നീക്കമാണ് അതിലൊന്ന്. മനുഷ്യശരീരത്തിലെ കേടായ ഭാഗങ്ങള്‍ മാറ്റി വെയ്‌ക്കാനും ചികിത്സിക്കാനും സഹായിക്കുന്ന 'തെറാപ്യൂട്ടിക് ക്ലോണിങ്' (therapeutic cloning) ആണ് മറ്റൊരു വിഭാഗം. ഇതില്‍ ആദ്യത്തേത് എതിര്‍ക്കപ്പെടുക തന്നെ വേണം. എന്നാല്‍, പ്രമേഹവും ഹൃദ്രോഗവും അല്‍ഷൈമേഴ്‌സും പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിച്ചേക്കുമെന്ന് കരുതുന്ന തെറാപ്യൂട്ടിക് ക്ലോണിങിന്റെ കാര്യം അങ്ങനെയാകരുതെന്ന് അവര്‍ പറയുന്നു.(അവലംബം: നേച്ചര്‍)
Subscribe to:
Post Comments (Atom)
5 comments:
കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ വിജയിച്ചതിനെ അത്ര ഉത്സാഹത്തോടെ വീക്ഷിക്കാത്തവരും ഉണ്ട്. മനുഷ്യക്ലോണിങിലേക്കു നയിക്കുന്ന ഏത് ഗവേഷണവും ധാര്‍മികതയ്‌ക്കു നിരക്കാത്തതാണെന്ന് അത്തരക്കാര്‍ വാദിക്കുന്നു. ഡോ.മിറ്റാലിപ്പോവും സംഘവും നടത്തിയ മുന്നേറ്റം ശരിക്കും 'അസ്വസ്ഥതയുളവാക്കുന്നതാണെ'ന്ന്, ക്ലോണിങ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടീഷ് ഗ്രൂപ്പായ 'ഗ്രീന്‍വാച്ച് യു.കെ'യിലെ ഹെലെന്‍ വാലസ് അഭിപ്രായപ്പെട്ടു. ക്ലോണ്‍ ചെയ്‌ത മനുഷ്യക്കുഞ്ഞിനെ സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
വിജ്ഞാനപ്രദമായ പോസ്റ്റ്.
:)
പുതിയ അറിവ് പകര്‍ന്നതിനു നന്ദി
ശ്രീ,
മുരളി മേനോന്‍,
പോസ്‌റ്റ് വായിച്ച് നല്ല വാക്കുകള്‍ രേഖപ്പെടുത്തിയതില്‍ സന്തോഷം
പുതിയൊരറിവിന്
കടപ്പാട്...
Post a Comment