ക്ഷുദ്രഗ്രഹങ്ങളെ അടുത്തറിയുക വഴി സൗരയൂഥത്തിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍, നാസയുടെ ദൗത്യവാഹനമായ 'ഡോണ്‍' യാത്ര തിരിച്ചു. എട്ടുവര്‍ഷം കൊണ്ട് 500 കോടി കിലോമീറ്റര്‍ സഞ്ചിരിക്കുന്ന ഈ ആളില്ലാ വാഹനം, രണ്ടു പ്രമുഖ ക്ഷുദ്രഗ്രഹങ്ങളായ 'സിറസ്', 'വെസ്റ്റ' എന്നിവയെയാണ് നിരീക്ഷിക്കുക. നാസയുടെ 'ഡിസ്കവറി പ്രോഗ്രാ'മിലെ ഒന്‍പതാമത്തെ വാഹനമാണ് ഡോണ്‍.
2007 സപ്തംബര്‍ 27-ന് ഫ്ളോറിഡയിലെ കേപ് കാനവെറലില്‍ നിന്നു യാത്ര തിരിച്ച ഡോണ്‍ (Dawn), നാലുവര്‍ഷം യാത്ര ചെയ്ത് 2011 ഒക്ടോബറില്‍ വെസ്റ്റ (Vesta) യ്ക്കു സമീപമെത്തും. അപ്പോഴേയ്ക്കും വാഹനം 300 കോടി കിലോമീറ്റര്‍ താണ്ടിയിട്ടുണ്ടാകും. വെസ്റ്റയെ ഒന്‍പതു മാസം വലംവെയ്ക്കുന്ന ഡോണ്‍, അതിന് ശേഷം സിറസി (Ceres)ലേക്കു യാത്രയാകും. സിറിസിനു സമീപമെത്താന്‍ നാലുവര്‍ഷമെടുക്കും. 2015 ജൂലായില്‍ സിറസിന് സമീപമെത്തുന്ന വാഹനം അഞ്ചുമാസം നിരീക്ഷണം നടത്തും. അതോടെ ദൗത്യം അവസാനിക്കും.
460 കോടി വര്‍ഷം മുമ്പ് സൗരയൂഥം രൂപപ്പെട്ട വേളയില്‍ ഗ്രഹങ്ങളുടെ ഭാഗമാകാന്‍ കഴിയാതെ പോയ ചെറുവസ്തുക്കളാണ് ക്ഷുദ്രഗ്രഹങ്ങളും ഉല്‍ക്കകളും. ചൊവ്വായ്ക്കും വ്യാഴത്തിനുമിടയില്‍ ഒരു ബെല്‍റ്റ് പോലെ ഇവ സ്ഥിതി ചെയ്യുന്നു. സൂര്യനില്‍ നിന്ന് 2.3 അസ്ട്രോണമിക്കല്‍ യൂണിറ്റ് (AU) മുതല്‍ 3.3 അസ്ട്രോണമിക്കല്‍ യൂണിറ്റു വരെയുള്ള ഭാഗത്താണ് ക്ഷുദ്രഗ്രഹബല്റ്റ് (asteriod belt) സ്ഥിതിചെയ്യുന്നത്. (സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലമായ 15 കോടി കിലോമീറ്ററാണ് ഒരു അസ്ട്രോണമിക്കല്‍ യൂണിറ്റ്).
നൂറുകണക്കിന് കിലോമീറ്റര്‍ വ്യാസമുള്ളവ മുതല്‍ വളരെ ചെറിയ വസ്തുക്കള്‍ വരെ ക്ഷുദ്രഗ്രഹബല്റ്റിലുണ്ട്. ലക്ഷക്കണക്കിന് വസ്തുക്കള്‍ അവിടെയുണ്ടെന്നാണ് കണക്ക്. അവയില്‍ ഏറ്റവും വലുതാണ് സിറിസ്. 1801 ജനവരി ഒന്നിന് ഗിയുസെപ്പി പിയാസ്സിയാണ് ഈ ക്ഷുദ്രഗ്രഹത്തെ കണ്ടുപിടിച്ചത്. അതിന് ഗോളാകൃതിയാണുള്ളത്; വ്യാസം ഏതാണ്ട് 960 കിലോമീറ്റര്‍ വരും. ക്ഷുദ്രഗ്രഹബല്റ്റിന്റെ ആകെ പിണ്ഡത്തില്‍ മൂന്നിലൊന്ന് സിറിസിലാണ് സ്ഥിതിചെയ്യുന്നത്. സൂര്യനില്‍ നിന്ന് 2.77 AU അകലെയാണ് സിറിസിന്റെ സ്ഥാനം.
2006 ആഗസ്തില്‍ പ്രാഗില്‍ നടന്ന അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന് (IAU) സമ്മേളനം, സിറിസിനെ പ്ലൂട്ടോയ്ക്കൊപ്പം ഒരു 'കുള്ളന്‍ഗ്രഹ'മായി പ്രഖ്യാപിച്ചു. സിറിസിന് ശിലാനിര്‍മിത അകക്കാമ്പാണുള്ളതെന്ന് കോര്‍ണല്‍ സര്‍വകലാശാലയിലെ പീറ്റര്‍ തോമസ് നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അകക്കാമ്പിന് പുറത്തായി ഹിമപാളികളാല്‍ സമ്പന്നമായ പുറംപാളി. ആ പാളിക്ക് 60 മുതല്‍ 120 കിലോമീറ്റര്‍ വരെ കനം ഉണ്ടാകാം. ഏതാണ്ട് 20 കോടി ഘനകിലോമീറ്റര്‍ വെള്ളം സിറസില്‍ ഹിമപാളിയുടെ രൂപത്തിലുണ്ടെന്ന് പീറ്റര്‍ തോമസിന്റെ പഠനങ്ങള്‍ പറയുന്നു.
ക്ഷുദ്രഗ്രഹബല്റ്റിലെ രണ്ടാമത്തെ വലിയ വസ്തുവാണ് വെസ്റ്റ. 1807 മാര്‍ച്ച് 29-ന് ജര്‍മന്‍ ജ്യോതിശ്ശാസ്ത്രജ്ഞനായ ഹെയ്ന്റിക് വില്‍ഹെം ഒല്‍ബേര്‍സ് കണ്ടെത്തിയ ആ ക്ഷുദ്രഗ്രഹത്തിന് 520 കിലോമീറ്റര്‍ വ്യാസമുണ്ട്. സൂര്യനില്‍ നിന്ന് 2.5 AU അകലെയാണ് സ്ഥാനം. സിറിസില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് വെസ്റ്റ. വെള്ളത്തിന്റെ ഒരു ലക്ഷണവും വെസ്റ്റയിലില്ല. ചൂടേറിയ അകക്കാമ്പും, പാറകള്‍ നിറഞ്ഞ പ്രതലവുമാണുള്ളത്. വെസ്റ്റയുടെ തെക്കന്‍ ധ്രുവമേഖലയില്‍ 460 കിലോമീറ്റര്‍ വ്സ്താരവും 13 കിലോമീറ്റര്‍ ആഴവുമുള്ള ഒരു ഗര്‍ത്തമുള്ളതായി പീറ്റര്‍ തോമസും സംഘവും ഹബ്ള്‍ സ്പേസ് ടെലസ്കോപ്പിന്റെ സഹായത്തോടെ അടുത്തയിടെ കണ്ടെത്തുകയുണ്ടായി. മറ്റേതോ സൗരയൂഥ വസ്തുവുമായുള്ള കൂട്ടിയിടിയുടെ ഫലമാണ് ഈ ഗര്‍ത്തമെന്നു കരുതുന്നു.
സൗരയൂഥം രൂപപ്പെട്ട സമയത്തുണ്ടായ ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ചു കൂടുതല്‍ അറിയുന്നത്, സൗരയൂഥത്തിന്റെ ബാല്യത്തെക്കുറിച്ച് മനസിലാക്കാന്‍ സഹായിക്കുമെന്ന കാഴ്ചപ്പാടാണ് ഡോണ്‍ പോലൊരു ദൗത്യവാഹനത്തെ അയയ്ക്കാന്‍ നാസയെ പ്രേരിപ്പിച്ചത്. 1.64 മീറ്റര്‍ നീളവും 1.27 മീറ്റര്‍ വീതിയുമുള്ള ഡോണ്‍ വാഹനത്തിലെ ആധുനിക ഉപകരണങ്ങള്‍, ആ ക്ഷുദ്രഗ്രഹങ്ങളുടെ രാസപരവും ഭൗതീകവുമായ പ്രത്യേകതകള്‍ സൂക്ഷ്മമായി മനസിലാക്കാന്‍ സഹായിക്കും. ഒരു ഉന്നതശേഷിയുള്ള ക്യാമറയും രണ്ട് സ്പെക്ട്രോമീറ്ററും ഡോണിലുണ്ട്. അയണ്‍ പ്രൊപ്പല്‍ഷന്‍ (ion propulsion) യന്ത്രങ്ങളാണ് ഡോണിലേത്. ക്സീനോണ്‍ ഇന്ധനത്തില്‍ നിന്ന് പുറപ്പെടുന്ന അയോണുകളാണ് വാഹത്തിന്റെ യാത്രയ്ക്ക് സഹായിക്കുക.
ഡോണിന്റേത് ശരിക്കു പറഞ്ഞാല്‍ ഒരു പുനര്‍ജന്മമാണ്. ഈ ദൗത്യം നാസ നേരത്തെ റദ്ദാക്കിയതാണ്. 2006-ല്‍ ലഭിച്ച 44.9 കോടി ഡോളര്‍ (1796 കോടിരൂപ) ഫണ്ടിന്റെ ബലത്തില്‍ അത് പുനരുജ്ജീവിപ്പിക്കുകയായിരുന്നു. നാസയുടെ ഡിസ്കവറി പ്രോഗ്രാമില്‍ ഉള്‍പ്പെട്ട പത്ത് ആളില്ലാ വാഹനങ്ങളില്‍ ഒന്‍പതാമത്തേതാണ് ഡോണ്‍. നിയര്‍, പാത്ത്ഫൈന്‍ഡര്‍, പ്രോസ്പെക്ടര്‍, സ്റ്റാര്‍ഡസ്റ്റ്, ജനിസസ്, കോന്റൂര്, മെസ്സെഞ്ചര്‍, ഡീപ് ഇംപാക്ട്, കെപ്ലാര്‍ എന്നിവയാണ് മറ്റ് ദൗത്യങ്ങള്‍. ഇവയില്‍ സൗരയൂഥത്തിന് വെളിയില്‍ ഭൂമിക്കു സമാനമായ ഗ്രഹങ്ങളെ കണ്ടെത്താനുദ്ദേശിച്ചുള്ള കെപ്ലാര്‍ ദൗത്യം 2008-ലാണ് യാത്ര തിരിക്കുക.(കടപ്പാട്: നാസ)
3 comments:
ക്ഷുദ്രഗ്രഹബല്റ്റിലേക്ക് ഒരു ദൗത്യവാഹനം യാത്രയായി-'ഡോണ്‍'. എട്ടുവര്‍ഷം കൊണ്ട് 500 കോടി കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഈ വാഹനം, ഏറ്റവും വലിയ രണ്ട് ക്ഷുദ്രഗ്രഹങ്ങളായ സിറിസിനെയും വെസ്റ്റയെയും അടുത്തറിയാന്‍ ശ്രമിക്കും. സൗരയൂഥത്തിന്റെ തുടക്കം എങ്ങനെയായിരുന്നു എന്നറിയാനുള്ള മനുഷ്യന്റെ അന്വേഷണത്തിന് കൂടുതല്‍ കരുത്തു പകരുന്നതാണ് ഈ ദൗത്യം
വിജ്ഞാന പ്രദമായ പോസ്റ്റ്. വളരെ നന്ദി.
കണ്ടകശനിയെ അവിടെങ്ങാനും കണ്ടാല്‍ നമുക്കതിനെ ഇല്ലാതാക്കണം !
Post a Comment