Friday, September 21, 2007

വെള്ളത്തിലോടുന്ന കാര്‍!

ജയിംസ്‌ ബോണ്ടിന്റെ സിനിമാസെറ്റില്‍ നിന്ന്‌ അടിച്ചുമാറ്റി കൊണ്ടുവന്നതു പോലൊരു കാര്‍; കരയിലും വെള്ളത്തിലും ഓടുന്നത്‌. ലോകത്തെ ആദ്യ ഉഭയകാര്‍ ('ഉഭയജീവി'യെ സ്‌മരിക്കുക) നിര്‍മിക്കുകയാണ്‌ 'ഗിബ്‌സ്സ്‌ ടെക്‌നോജളീസ്‌' (Gibbs Technologies) എന്ന കമ്പനി. മൂന്നു പേര്‍ക്ക്‌ യാത്രചെയ്യാവുന്ന ഈ കാറിന്റെ പേര്‌ 'അക്വാഡ' (Aquada) എന്നാണ്‌.

2008-ല്‍ നിര്‍മാണം ആരംഭിക്കാനുദ്ദേശിക്കുന്ന കാറിന്‌ ഏതാണ്ട്‌ 85,000 ഡോളര്‍ (34 ലക്ഷം രൂപ) വില വരും. കരയില്‍ ഇവന്‍ പുലിയാണ്‌; മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തില്‍ പായും, വെള്ളത്തില്‍ 50 കിലോമീറ്റര്‍ വേഗത്തിലും. ഏറ്റവും കൂടുതല്‍ വേഗത്തിലോടുന്ന ഉഭയവാഹനമാണിതെന്ന്‌ കമ്പനി അവകാശപ്പെടുന്നു. ബ്രിട്ടീഷ്‌ സംരംഭകനായ റിച്ചാര്‍ഡ്‌ ബ്രാന്‍സന്‍ 2004-ല്‍ ഇംഗ്ലീഷ്‌ ചാനല്‍ കടക്കാന്‍ ഉപയോഗിച്ചത്‌ അക്വാഡയുടെ ആദ്യരൂപം ആയിരുന്നു. അത്‌ റിക്കോര്‍ഡായിരുന്നു; ഇംഗ്ലീഷ്‌ ചാനല്‍ ഏറ്റവും വേഗത്തില്‍ കടക്കുന്ന 'ഉഭയവാഹന'മെന്ന നിലയില്‍.

ന്യൂസിലന്‍ഡിലെ തന്റെ വീട്ടിന്‌ മുന്നിലെ ബീച്ചിലെ വെള്ളത്തിലൂടെ കാറില്‍ സഞ്ചരിക്കുകയെന്നത്‌, കമ്പനിയുടെ സ്ഥാപകന്‍ അലന്‍ ഗിബ്ബ്‌സിന്റെ സ്വപ്‌നമാണ്‌. ലണ്ടനും ന്യൂയോര്‍ക്കും പോലുള്ള നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക്‌ ഇത്തരം കാറുകള്‍ അനുഗ്രഹമാകുമെന്ന്‌ കമ്പനി കണക്കു കൂട്ടുന്നു. ട്രാഫിക്‌ ജാമില്‍ നിന്ന്‌ വേണമെങ്കല്‍ വെള്ളത്തിലൂടെ രക്ഷപ്പെടാം.

അമേരിക്കയിലായിരിക്കും അക്വാഡ നിര്‍മിക്കുകയെന്ന്‌ ഗിബ്ബ്‌സ്‌ അറിയിക്കുന്നു. 15,00 തൊഴിലാളികളെ വെച്ച്‌ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം കാറുകള്‍ നിര്‍മിക്കുകയാണ്‌ ഉദ്ദേശം. നവീനമെന്ന ഘടകം അക്വാഡയെ വ്യത്യസ്‌തമാക്കുന്നു. പക്ഷേ, അത്‌ വാങ്ങി കരയിലും വെള്ളത്തിലും യാത്ര ചെയ്യണോ എന്ന്‌ തീരുമാനിക്കേണ്ടത്‌ ഉപഭോക്താക്കളാണ്‌. അക്വാഡ വാണിജ്യ വിജയം നേടുമോ എന്നത്‌ കാത്തിരുന്നു കാണേണ്ടതാണെന്ന്‌ സാരം.(കടപ്പാട്‌: ദി ഇക്കണോമിസ്‌റ്റ്‌, ഗിബ്‌സ്സ്‌ ടെക്‌നോജളീസ്‌)

3 comments:

Joseph Antony said...

കരയിലും വെള്ളത്തിലുമോടുന്ന ലോകത്തെ ആദ്യ ഉഭയകാര്‍ നിര്‍മിക്കുകയാണ്‌ 'ഗിബ്‌സ്സ്‌ ടെക്‌നോജളീസ്‌' എന്ന കമ്പനി. മൂന്നു പേര്‍ക്ക്‌ യാത്രചെയ്യാവുന്ന ഈ കാറിന്റെ പേര്‌ 'അക്വാഡ'യെന്നാണ്‌. കരയില്‍ ഈ വാഹനം മണിക്കൂറില്‍ 175 കിലോമീറ്റര്‍ വേഗത്തിലും, വെള്ളത്തില്‍ 50 കിലോമീറ്റര്‍ വേഗത്തിലും സഞ്ചരിക്കും.

മൂര്‍ത്തി said...

കുറച്ച് കാലം മുന്‍പ് കേരളത്തിലും ആരോ ഇത്തരമൊരു കാറിന്റെ ടെസ്റ്റ് റണ്‍ നടത്തിയിരുന്നില്ലേ?

Mr. K# said...

അതെ, കുറച്ചു നാള്‍ മുമ്പ് ആരോ കേരളത്തില്‍ ഇത്തരമൊരു കാറിന്റെ ടെസ്റ്റ് റണ്‍ നടത്തിയിരുന്നു.