Tuesday, September 18, 2007

അപൂര്‍വ ഫോസിലിന്‌ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ നാമം

നാല്‌പത്‌ വര്‍ഷം മുമ്പ്‌ ഡോ.എസ്‌.ബി.മിശ്രയെന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍ കാനഡയില്‍ കണ്ടെത്തിയ ഒരു ഫോസിലിന്‌, ശാസ്‌ത്രലോകം അദ്ദേഹത്തിന്റെ നാമം നല്‍കിയിരിക്കുന്നു. പരിണാമചരിത്രത്തിലെ സുപ്രധാന കണ്ടെത്തലായി അറിയപ്പെടുന്ന ആ ഫോസില്‍ ഇനി മിശ്രയുടെ പേരില്‍ അറിയപ്പെടും

ഭൗമശാസ്‌ത്ര ചരിത്രത്തില്‍ വഴിത്തിരിവായ കണ്ടെത്തല്‍ നടത്തിയ ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‌, 40 വര്‍ഷത്തിന്‌ ശേഷം ശാസ്‌ത്രലോകത്തിന്റെ അപൂര്‍വ ബഹുമതി. കാനഡയില്‍ നിന്ന്‌ ഡോ.എസ്‌.ബി. മിശ്ര കണ്ടെത്തിയ 56.5 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍ അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്‌താണ്‌ കാനഡയും അന്താരാഷ്ട്ര ശാസ്‌ത്രസമൂഹവും അദ്ദേഹത്തെ ആദരിച്ചിരിക്കുന്നത്‌.

1967-ല്‍ കാനഡയില്‍ ന്യൂഫൗണ്ട്‌ലന്‍ഡിലെ ആവലോന്‍ ഉപദ്വീപില്‍ നിന്നാണ്‌ മിശ്ര ആ കണ്ടെത്തല്‍ നടത്തിയത്‌. ഭൂമുഖത്തെ ബഹുകോശജീവികളുടെ ഏറ്റവും പഴക്കമേറിയ ഫോസില്‍. പരിണാമചരിത്രത്തില്‍, ഏകകോശജീവികള്‍ക്കും ബഹുകോശജീവികള്‍ക്കും മധ്യേയുള്ള സുപ്രധാന കണ്ണി. മിസ്‌റ്റേക്കണ്‍ പോയന്റ്‌ എന്നറിയപ്പെടുന്ന സ്ഥലത്തു നിന്ന്‌ മിശ്ര കണ്ടെത്തിയ ആ ഫോസില്‍ ഇനിമേല്‍ 'ഫ്രാക്ടോഫ്യൂസസ്‌ മിശ്രേ' (Fractofusus misrai) എന്നറിയപ്പെടും.

അടുത്തയിടെ കാനഡയിലെ പോര്‍ച്ചുഗല്‍ കോവ്‌ സൗത്ത്‌ നഗരത്തില്‍ നടന്ന ചടങ്ങിലാണ്‌, ആ അപൂര്‍വ ഫോസില്‍ മിശ്രയുടെ പേരില്‍ അറിയപ്പെടുമെന്ന പ്രഖ്യാപനമുണ്ടായത്‌. കനേഡിയന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ശാസ്‌ത്രജ്ഞരും പങ്കെടുത്ത പ്രൗഢമായ ചടങ്ങില്‍ വെച്ച്‌, കാനഡയില്‍ നിന്നുള്ള ഗേ നാര്‍ബോണ്‍, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജിം ഗെഹ്‌ലിങ്‌ എന്നീ പ്രമുഖ ഭൗമശാസ്‌ത്രജ്ഞര്‍ ആ ഫോസിലിന്റെ പേര്‌ പ്രഖ്യാപിച്ചു. ഇരുവരും ചേര്‍ന്ന്‌ 'കനേഡിയന്‍ ജേര്‍ണല്‍ ഓഫ്‌ എര്‍ത്ത്‌ സയന്‍സസി'ല്‍ ഇതു സംബന്ധിച്ച്‌ ഒരു പ്രബന്ധവും പ്രസിദ്ധീകരിക്കുകയുണ്ടായി.

കാനഡയില്‍ ഭൗമശാസ്‌ത്ര വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മിശ്ര താമസിച്ച സ്ഥലമാണ്‌ പോര്‍ച്ചുഗല്‍ കോവ്‌ സൗത്ത്‌ നഗരം. സ്വദേശികളോ വിദേശികളോ ആയ ഗവേഷണ വിദ്യാര്‍ഥികള്‍ പോകാന്‍ തയ്യാറാകാതിരുന്ന ദുര്‍ഗമമായ പ്രദേശമായിരുന്നു അന്ന്‌ ആവലോന്‍ ഉപദ്വീപ്‌ മേഖല. അധ്യാപകനും സ്വിസ്സ്‌ ഭൗമശാസ്‌ത്രജ്ഞനുമായിരുന്ന പ്രൊഫ. ഡബ്ല്യു.ഡി.ബ്രൂക്ക്‌നെര്‍ ആ ഉപദ്വീപിന്റെ ഭൂപടം തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മിശ്ര അതൊരു വെല്ലുവിളിയായി സ്വീകരിക്കുകയായിരുന്നു. മിശ്രയുടെ ഗവേഷണ പ്രബന്ധത്തിനുള്ള വിഷയവും അതായിരുന്നു.

അതുവരെ ആരും പര്യവേക്ഷണം നടത്താത്ത ആവലോണ്‍ ഉപദ്വീപില്‍ മിശ്രയെ ആ ഫോസില്‍ മിശ്രയെ കാത്തിരിക്കുന്നുണ്ടായിരുന്നു. 'നേച്ചര്‍', 'ജിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ അമേരിക്ക ബുള്ളറ്റിന്‍', 'ജിയോളജിക്കല്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ' തുടങ്ങിയവിലൊക്കെ മിശ്രയുടെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതോടെ, മിശ്ര പ്രശസ്‌തനായി. ഫോസില്‍ കണ്ടെത്തിയ മിസ്‌റ്റേക്കണ്‍ പോയന്റ്‌ സംരക്ഷണ മേഖലയായി കാനഡ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അവിടം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ പെടുത്താനുള്ള ശ്രമവും നടന്നു വരികയാണ്‌.

പ്രശസ്‌തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ 1972-ല്‍ മിശ്ര വടക്കേയമേരിക്ക വിട്ട്‌, ജന്മനാട്ടില്‍ തിരിച്ചെത്തി. ഒരു ഗ്രാമീണവിദ്യാലയം സ്ഥാപിക്കുകയെന്ന ബാല്യകാല സ്വപ്‌നം സാക്ഷാത്‌ക്കരിക്കാനായിരുന്നു ആ വരവ്‌. ലക്‌നൗവിനടുത്ത്‌ അദ്ദേഹം വിദ്യാലയം സ്ഥാപിച്ചു. ഫോസിലിന്റെ നാമകരണ ചടങ്ങിന,്‌ ഇപ്പോള്‍ ലക്‌നൗവില്‍ താമസിക്കുന്ന മിശ്ര പോയില്ല. സഹ ഭൗമശാസ്‌ത്രജ്ഞരില്‍ നിന്ന്‌ ഇത്തരമൊരു ബഹുമതി ലഭിക്കുന്നത്‌ വലിയ കാര്യാമാണെന്നു മാത്രം അദ്ദേഹം പ്രതികരിച്ചു.(കടപ്പാട്‌: പി.ടി.ഐ)

3 comments:

Joseph Antony said...

കാനഡയില്‍ ആവലോന്‍ ഉപദ്വീപില്‍ നിന്നാണ്‌ മിശ്ര ആ കണ്ടെത്തല്‍ നടത്തിയത്‌. ഭൂമുഖത്തെ ബഹുകോശജീവികളുടെ ഏറ്റവും പഴക്കമേറിയ ഫോസില്‍. പരിണാമചരിത്രത്തില്‍, ഏകകോശജീവികള്‍ക്കും ബഹുകോശജീവികള്‍ക്കും മധ്യേയുള്ള സുപ്രധാന കണ്ണി. മിസ്‌റ്റേക്കണ്‍ പോയന്റ്‌ എന്നറിയപ്പെടുന്ന സ്ഥലത്തു നിന്ന്‌ മിശ്ര കണ്ടെത്തിയ ആ ഫോസില്‍ ഇനിമേല്‍ 'ഫ്രാക്ടോഫ്യൂസസ്‌ മിശ്രേ' എന്നറിയപ്പെടും.

majeed said...

r

നന്നായിട്ടുണ്ട്‌

Anonymous said...
This comment has been removed by a blog administrator.