Thursday, September 13, 2007

188 ജീവിവര്‍ഗങ്ങള്‍ കൂടി ചുമപ്പ്‌ പട്ടികയില്‍

ഏഷ്യന്‍ കഴുകന്‍മാര്‍ ഉള്‍പ്പടെ ഉന്‍മൂലന ഭീഷണി നേരിടുന്ന 188 ജീവിവര്‍ഗ്ഗങ്ങളെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടന (IUCN) പുതിയതായി ചുമപ്പുപട്ടിക (Red list) യില്‍ ഉള്‍പ്പെടുത്തി. ജൈവവൈവിധ്യം നേരിടുന്ന ഭീഷണിയുടെ വ്യാപ്‌തി വ്യക്തമാക്കുന്നതാണ്‌ ഈ നടപടി.

ലോകത്തെ ജൈവസമ്പത്തില്‍ ഏതാണ്ട്‌ 40 ശതമാനം വംശനാശ ഭീഷണിയുടെ നിഴലിലാണെന്ന്‌ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഏഷ്യന്‍ കഴുകന്‍മാരെക്കൂടാതെ, യാങ്‌റ്റിസ്‌ നദിയിലെ ഡോള്‍ഫിനുകള്‍, ആഫ്രിക്കന്‍ സമതലത്തില്‍ കാണപ്പെടുന്ന ഗൊറില്ലകള്‍, ശാന്തസമുദ്രത്തിലെ പവിഴപ്പുറ്റുകള്‍, വടക്കേയമേരിക്കയിലെ ഒട്ടേറെ ഇഴജന്തുക്കള്‍ ഒക്കെ പുതിയതായി ചുമപ്പു പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്‌.

ഭൂമുഖത്ത്‌ 41,415 വര്‍ഗ്ഗങ്ങള്‍ നിലിനില്‍പ്പിന്‌ ഭീഷണി നേരിടുന്നവയാണ്‌. അതില്‍ 16,306 ഇനങ്ങള്‍ കടുത്ത ഉന്‍മൂലന ഭീഷണിയിലും. ആകെയെണ്ണത്തിന്റെ 39 ശതമാനം വരുമിത്‌. അവയില്‍ 188 ഇനങ്ങള്‍ ഈ വര്‍ഷം ചുമപ്പു പട്ടികയില്‍ ഇടംനേടി. ലോകത്താകെയുള്ള സസ്‌തനി വര്‍ഗങ്ങളില്‍ നാലിലൊന്നും, പക്ഷികളില്‍ എട്ടിലൊന്നും, ഉഭയജിവികളില്‍ മൂന്നിലൊന്നും, അറിയപ്പെടുന്ന സസ്യവര്‍ഗ്ഗങ്ങളില്‍ 70 ശതമാനവും അപകടത്തിന്റെ വക്കിലാണ്‌-ഐ.യു.സി.എന്‍. പറയുന്നു. ജീവിവര്‍ഗ്ഗങ്ങളെ സംരക്ഷിക്കാന്‍ അമൂല്യമായ ശ്രമങ്ങള്‍ ഇതിനകം നടന്നിട്ടുണ്ട്‌. പക്ഷേ, അതൊന്നും പര്യാപ്‌തമല്ലെന്നാണ്‌ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന്‌, ഐ.യു.സി.എന്‍. ഡയറക്ടര്‍ ജനറല്‍ ജൂലിയ മാര്‍ട്ടൊന്‍ ലിഫിവെര്‍ പറഞ്ഞു. ജൈവവൈവിധ്യ ശോഷണത്തിന്റെ തോത്‌ വര്‍ധിക്കുകയാണ്‌. അര്‍ഥവത്തായ പ്രവര്‍ത്തനങ്ങള്‍ വഴി അത്‌ കുറയ്‌ക്കാനും, വംശനാശ പ്രതിസന്ധിക്കു പരിഹാരം കാണാനും കഴിയണം-അവര്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും ആധികാരികമായ ജൈവവൈവിധ്യ സൂചികയാണ്‌ ചുമപ്പ്‌ പട്ടിക. പ്രകൃതി സംരക്ഷണരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഗവേഷകര്‍ ജീവിവര്‍ഗ്ഗങ്ങളെ നിരീക്ഷിച്ചും, അവയുടെ ആവാസവ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ക്ഷതത്തിന്റെ തീവ്രത വിലയിരുത്തിയുമാണ്‌ അവ നേരിടുന്ന ഭീഷണിയുടെ തോത്‌ നിശ്ചയിക്കുക. അതനുസരിച്ചാണ്‌ ഐ.യു.സി.എന്‍. ഈ പട്ടിക തയ്യാറാക്കുക.

ജലമലിനീകരണവും, കണക്കറ്റ മത്സ്യബന്ധനവും, നദീഗതാഗതവും, ആവാസവ്യവസ്ഥയുടെ നാശവുമാണ്‌ യാങ്‌റ്റിസ്‌ നദിയിലെ ഡോള്‍ഫിനുകള്‍ക്ക്‌ വിനയായത്‌. ആ ചൈനീസ്‌ ജീവിക്കായി കഴിഞ്ഞ നവംബറിലും ഡിസംബറിലും നടത്തിയ വിപുലമായ തിരച്ചില്‍ ഫലം കണ്ടില്ല. അതെത്തുടര്‍ന്നാണ്‌ ആ ജീവിവര്‍ഗ്ഗം ഒരുപക്ഷേ അന്യംനിന്നിരിക്കാം എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌. എന്നാല്‍, അവ പാടെ വംശനാശം നേരിട്ടു കഴിഞ്ഞോ എന്നകാര്യം സ്ഥിരീകരിക്കാന്‍ കുടുതല്‍ സര്‍വെകള്‍ നടത്തേണ്ടതുണ്ട്‌. ഒരു ഡോള്‍ഫിനെ കണ്ടതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുണ്ടായിരുന്നു. അക്കാര്യം ചൈനീസ്‌ അധികൃതര്‍ അന്വേഷിച്ചു വരികയാണ്‌.

പരിക്കേറ്റ കന്നുകാലികളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന 'ഡൈക്ലോഫെനാക്‌' (diclofenac) ആണ്‌ ഏഷ്യന്‍ കഴുകന്‍മാര്‍ക്ക്‌ വിനയായത്‌. ഏഷ്യയിലെ ചുമപ്പുതലയന്‍ കഴുകന്‍ (Sarcogyps calvus) ഉള്‍പ്പടെ അഞ്ചിനങ്ങളുടെ സ്ഥാനം ചുമപ്പു പട്ടികയിലായി. ആഫ്രിക്കയുടെ പശ്ചിമ സമതലങ്ങളില്‍ കാണപ്പെടുന്ന ഗോറില്ലകളുടെ (Gorilla gorilla) എണ്ണം പൊടുന്നനെ കുറഞ്ഞതാണ്‌ അവ പട്ടികയില്‍ ഇടംനേടാന്‍ കാരണമായത്‌. എബോള വൈറസ്‌ ബാധയും വേട്ടയുമാണ്‌ ഗൊറില്ല വര്‍ഗ്ഗത്തിന്‌ വിനയായത്‌.

ലോകത്തു നടക്കുന്ന അക്വേറിയം വ്യാപാരത്തിന്റെ ഒരു രക്തസാക്ഷിയും ഇത്തവണ ചുമപ്പു പട്ടികയില്‍ പെട്ടിട്ടുണ്ട്‌; ഇന്‍ഡൊനീഷ്യയില്‍ സുലാവേസിക്കടുത്ത്‌ ബാന്‍ഗായി ദ്വീപിന്റെ പരിസരത്തു മാത്രം കാണപ്പെടുന്ന 'ബാന്‍ഗായി കര്‍ദിനാള്‍മത്സ്യം' (Pterapogon kauderni). വര്‍ഷം തോറും ഈയിനത്തില്‍ പെട്ട ഒന്‍പതു ലക്ഷം മത്സ്യങ്ങളെയാണ്‌ അക്വേറിയങ്ങള്‍ക്കായി കടലില്‍ നിന്ന്‌ പിടിക്കുന്നത്‌. അവ ഉന്‍മൂലന ഭീഷണി നേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു എന്നു സാരം.

ആകെ ഒറ്റ ജീവിവര്‍ഗ്ഗം മാത്രമാണ്‌ ഇത്തവണ ഐ.യു.സി.എന്നിന്റെ പട്ടികയില്‍ അപകടം കുറഞ്ഞ വിഭാഗത്തിലേക്കു മാറിയത്‌; 'മൗറീഷ്യസ്‌ ഇക്കോ പാരകീറ്റ്‌ ' (Mauritius echo parakeet - Psittacula eques) എന്ന പേരുള്ള തത്തകള്‍ മാത്രം. 15 വര്‍ഷം മുമ്പ്‌ ലോകത്തെ ഏറ്റവും അപൂര്‍വമായ തത്തയിനങ്ങളില്‍ ഒന്നായിരുന്നു ഇത്‌. പക്ഷേ, ഇപ്പോഴത്‌ അങ്ങനെയല്ല, എണ്ണം വര്‍ധിച്ചിരിക്കുന്നു. "ഫലപ്രദമായ സംരക്ഷണ പ്രവര്‍ത്തനമാണ്‌ ഇവയുടെ സ്ഥിതി മെച്ചപ്പെടുത്തിയതെ"ന്നാണ്‌ ഐ.യു.സി.എന്നിന്റെ വിലയിരുത്തല്‍.

ഇതിനകം ഭൂമുഖത്തു നിന്ന്‌ അപ്രത്യക്ഷമായ വര്‍ഗ്ഗങ്ങളുടെ എണ്ണം 785 ആണ്‌. 65 ഇനങ്ങള്‍ ഇപ്പോള്‍ കൂടുകളിലോ, വളര്‍ത്തു സ്ഥലത്തോ മാത്രമേ കാണപ്പെടുന്നുള്ളു. സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മജീവികളും ഉള്‍പ്പടെ ലോകത്താകെയുള്ള ഇനങ്ങള്‍ ഒരു കോടിക്കും പത്തുകോടിക്കും മധ്യേ വരുമെന്നാണ്‌ വിലയിരുത്തല്‍. എന്നാല്‍, ഒന്നര കോടി സസ്യ-ജീവി വര്‍ഗങ്ങള്‍ ഉണ്ടെന്ന്‌ പൊതുവെ പറയപ്പെടുന്നു. അതില്‍ വെറും 17 ലക്ഷം ഇനങ്ങളെ മാത്രമേ ഇതുവരെ കണ്ടെത്തി വിശദീകരിക്കാന്‍ ഗവേഷകലോകത്തിനായിട്ടുള്ളൂ. ഈ കണക്കിനുള്ളിലാണ്‌ വംശനാശത്തിന്റെ പട്ടികയും വരുന്നത്‌. അതിന്‌ പുറത്ത്‌ എത്ര ജീവികളും സസ്യങ്ങളും അപ്രത്യക്ഷമാകുന്നു എന്നതിന്‌ ആരുടെ പക്കലും കണക്കില്ല. (അവലംബം: ഐ.യു.സി.എന്‍, കടപ്പാട്‌: എ.എഫ്‌.പി)

3 comments:

Joseph Antony said...

ഭൂമിയില്‍ ഇതിനകം 785 ജിവിവര്‍ഗ്ഗങ്ങളും സസ്യയിനങ്ങളും വംശനാശത്തിന്‌ ഇരയായിട്ടുണ്ട്‌. കൂടുതല്‍ വര്‍ഗ്ഗങ്ങള്‍ ആ ഗണത്തിലേക്ക്‌ എത്തുന്നു എന്നാണ്‌, ഐ.യു.സി.എന്‍. പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. പുതിയതായി 188 വര്‍ഗ്ഗങ്ങള്‍ കൂടി 'ചുമപ്പ്‌ പട്ടിക'യില്‍ എത്തിയിരിക്കുന്നു.

vimathan said...

ജോസഫ് മാഷേ, ലേഖനം നന്നായി. ചൈനീസ് ഡൊള്‍ഫിനുകളുടെ വംശ നാശത്തെപറ്റിയുള്ള ഒര് വേറിട്ട ചിന്തയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
http://www.spiked-online.com/index.php?/site/article/3709/
റെഡ് ലിസ്റ്റില്‍ പെട്ടുപോവുമായിരുന ലക്ഷകണക്കിന് മനുഷ്യരുടെ അതിജീവനത്തിന്റെ ഇരകളാണ് ഈ ജീവി വര്‍ഗ്ഗങള്‍ എന്ന വാദത്തിനും, സാംഗത്യം ഇല്ലാതില്ല എന്ന് തോന്നുന്നു

Mr. K# said...

:-(