Friday, August 12, 2011

'ദൈവകണ'ത്തെ നിങ്ങള്‍ക്കും കണ്ടെത്താം!

'ദൈവകണ'മെന്ന ഓമനപ്പേരിലറിയപ്പെടുന്ന ദുരൂഹമായ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ആഗോളശ്രമത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം.

ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ആ കണത്തെ കണ്ടെത്തിയാലേ, ഭൗതികലോകത്തിന്റെ മൗലികസ്വഭാവം വിവരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന് നിലനില്‍പ്പുള്ളൂ.

എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാകൂട്ടിയിടികളെ വിര്‍ച്വലായി അനുകരിക്കാന്‍ (സിമുലേറ്റ് ചെയ്യാന്‍), നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് വിട്ടുകൊടുക്കുക. അതുവഴി, ദൈവകണം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകത്താര്‍ക്കും പങ്കുചേരാനാകും.

ഇത്തരം കമ്പ്യൂട്ടര്‍ അനുകരണങ്ങളുടെ സഹായത്തോടെ ദൈവകണം യാഥാര്‍ഥ്യമാണോ അല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും.

LHC@home 2.0 എന്നാണ് ഈ ആഗോള ശ്രമത്തിനിട്ടിരിക്കുന്ന പേര്. പ്രോട്ടോണ്‍ ധാരകളെ ത്വരിപ്പിക്കാന്‍ ഹോം കമ്പ്യൂട്ടറുകളുടെ സഹായം തേടാന്‍ 2004 ല്‍ നടന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണിത്.

ഇതൊരു സന്നദ്ധ പ്രവര്‍ത്തനമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാതെ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് ഒരു പൊതുനന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കാന്‍ ഇത്തരത്തിലൊരു പ്രശസ്തമായ സന്നദ്ധ സംരംഭം തുടരുന്നുണ്ട് - SETI@home.

ജനീവയില്‍ ഫ്രഞ്ച്-സ്വിസ്സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. മാനവചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണം വഴി പ്രതിവര്‍ഷം 15 മില്യണ്‍ ഗിഗാബൈറ്റ്‌സ് ഡേറ്റ പുറത്തുവരുന്നുവെന്നാണ് കണക്ക്. നൂറ് മില്യണ്‍ യൂറോ (650 കോടി രൂപ) ചെലവില്‍ സ്ഥാപിച്ചിട്ടുള്ള 'വേള്‍ഡ്‌വൈഡ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ കമ്പ്യൂട്ടിങ് ഗ്രിഡ്' ആണ് വിവരങ്ങളുടെ ഈ പെരുവെള്ളപ്പാച്ചില്‍ കൈകാര്യം ചെയ്യുന്നത്. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ക്ക് കണികാപരീക്ഷണത്തിന്റെ ഡേറ്റ പങ്കിട്ടുനല്‍കുന്നതും ഈ ഗ്രിഡ് വഴിയാണ്.

ഈ ഗ്രിഡിന്റെ സഹായകഘടകമായാണ് LHC@home പ്രവര്‍ത്തിക്കുക. കണികാകൂട്ടിയിടികളുടെ കമ്പ്യൂട്ടര്‍ അനുകരണം ഇതുവഴി സൃഷ്ടിക്കപ്പെടുമ്പോള്‍, അനുകരണമാതൃകകളെ യഥാര്‍ഥ കൂട്ടിയിടിയുമായി താരതമ്യം ചെയ്ത് നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്ക് സാധിക്കും.

LHC@home പദ്ധതിയില്‍ പങ്കുചേരാന്‍ രണ്ട് പ്രധാന ആപ്ലിക്കേഷനുകള്‍ (VirtualBox, BOINC client) നമ്മുടെ കമ്പ്യട്ടറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം. അതിന്റെ വിശദാംശങ്ങള്‍, എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാരായ യൂറോപ്യന്‍ കണികാപരീക്ഷണശാല (സേണ്‍) ഇവിടെ നല്‍കിയിട്ടുണ്ട്.

2 comments:

Joseph Antony said...

എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാകൂട്ടിയിടികളെ വിര്‍ച്വലായി അനുകരിക്കാന്‍ (സിമുലേറ്റ് ചെയ്യാന്‍), നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് വിട്ടുകൊടുക്കുക. അതുവഴി, ദൈവകണം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകത്താര്‍ക്കും പങ്കുചേരാനാകും.

vinu said...

പേജ് ഒറിജിനല്‍ തന്നെ അന്നെന് ഉറപ്പാണോ ...കാരണം ഹാക്കര്‍മാരും അവര്ക് അവശ്യമുളള പ്രോസിസ്സിംഗ് പവര്‍ കണ്ടെത്താന്‍ ഇതുതന്നെയാ ചെയുന്നത് ..അതുകൊണ്ട് ഒരു phising page അല്ല ഇതു എന്ന ഉറപ്പു വരുത്തണം ...SETI project ഒറിജിനല്‍ ആണ് ...