Friday, September 16, 2022

താണു പത്മനാഭനും ഭാവിയിലെ ഗ്രാവിറ്റി വഴികളും!

 'എനിക്കൊരു അവാർഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആർട്ടിക്കിൾ വരുന്നത്. ഓർക്കുക, എന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്ക് വേണ്ടിയല്ല. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ഒരു കലാകാരൻ ചിത്രം വരയ്ക്കുംപോലെയോ, ഒരു നർത്തകൻ നൃത്തം വെയ്ക്കുന്നതു പോലെയോ, ഒരു ഗായകൻ പാട്ടുപാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം' - പ്രൊഫ.താണു പത്മനാഭൻ

(2021 സെപ്റ്റംബർ 17 ന് പ്രൊഫ.താണു പത്മനാഭൻ അന്തരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്,  'മാതൃഭൂമി ആഴ്ചപ്പതിപ്പ്' (2021 Sept 19-25 ലക്കത്തിൽ) പ്രസിദ്ധീകരിച്ച കവര്‍‌സ്റ്റോറി). 

-----------

സ്ഥലം മദ്രാസിലെ പ്രസിഡൻസി കോളേജ്. കാലം 1906. പാഠഭാഗങ്ങൾ മുൻകൂട്ടി മനസിലാക്കിയിരുന്നതിനാൽ, ക്ലാസിൽ എപ്പോഴും വരാതെ ലാബിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു എം.എ.വിദ്യാർഥിയുടെ അഞ്ചുപേജുള്ള ഗവേഷണ പ്രബന്ധം ബ്രിട്ടീഷ് ശാസ്ത്രജേർണലായ 'ഫിലോസൊഫിക്കൽ മാഗസിനി'ൽ പ്രസിദ്ധീകരിച്ചു വന്നു. ചെരിഞ്ഞുപതിക്കുന്ന പ്രകാശകിരണങ്ങൾ ഒരു വിടവിലൂടെ കടത്തിവിട്ടാലുണ്ടാകുന്ന വിഭംഗനശ്രേണിയുടെ (വിഭംഗനം = diffraction) സവിശേഷതയാണ് കോളേജ് ലാബിൽവെച്ച് ആ വിദ്യാർഥി പരീക്ഷിച്ചറിഞ്ഞത്. നേരെ പതിക്കുന്ന പ്രകാശമുണ്ടാക്കുന്ന വിഭംഗനശ്രേണിയിൽനിന്ന് ഭിന്നമായിരുന്നു അത്. പിൽക്കാലത്ത് ഒരു 'പുതിയ പ്രകാശം' തന്നെ കണ്ടെത്തി ശാസ്ത്രലോകത്തെ അതിശയിപ്പിച്ച ആ വിദ്യാർഥിയുടെ പേര് സി.വി.രാമൻ എന്നായിരുന്നു! 

സ്ഥലം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. കാലം 1977. ക്ലാസിലെ പാഠങ്ങളിൽ നിന്ന് കൂടുതലായൊന്നും പഠിക്കാനില്ലാത്തിനാൽ, ക്ലാസിൽ വരാതെ ലൈബ്രറിയിൽ സമയം ചെലവിടാൻ അധ്യാപകർ അനുവദിച്ച ഒരു ബി.എസ്.സി. അവസാനവർഷ വിദ്യാർഥിയുടെ ഗവേഷണ റിപ്പോർട്ട് ഇന്ത്യൻ അക്കാദമി ഓഫ് സയൻസസിന്റെ 'പ്രമാണ-ജേണൽ ഓഫ് ഫിസിക്‌സി'ൽ പ്രസിദ്ധീകരിച്ചു വന്നു. ജനറൽ റിലേറ്റിവിറ്റിയിൽ ഗുരുത്വതരംഗങ്ങൾ (gravity waves) ഉൾപ്പെട്ട ഫീൽഡ് സമവാക്യങ്ങളെ പറ്റിയായിരുന്നു പേപ്പർ*. ഇന്നത്തേതു പോലെ, ഗുരുത്വതരംഗങ്ങൾക്ക് അത്ര ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നില്ല അത്. ഒരു ബിരുദവിദ്യാർഥിയുടെ പഠനസാഹസമായി പലർക്കും തോന്നിയിരിക്കണം അത്. ആ പ്രബന്ധമെഴുതിയ ഇരുപതുകാരൻ സൈദ്ധാന്തിക ഭൗതികത്തിൽ ലോകപ്രശസ്തനാകാൻ പോകുന്ന വ്യക്തിയാണെന്നോ, 'ക്വാണ്ടം ഗ്രാവിറ്റി' (quantum gravtiy), പ്രപഞ്ചപഠനം (cosmology) പോലുള്ള മേഖലകളിൽ ശാസ്ത്രലോകം ആകാക്ഷയോടെ വായിക്കാൻ പൊകുന്ന ഒട്ടേറെ പഠനപ്രബന്ധങ്ങളുടെ തുടക്കമായിരുന്നു അതെന്നോ, ആരും ഊഹിക്കുക പോലും ചെയ്തിരിക്കില്ല! ആ വിദ്യാർഥിയുടെ പേര് താണു പത്മനാഭൻ എന്നായിരുന്നു! 

ഇതു മാത്രമല്ല ഇരുവരും തമ്മിലുള്ള സാമ്യം. വിദേശവിദ്യാഭ്യാസം നേടുകയോ, പാശ്ചാത്യലോകത്തെ ഏതെങ്കിലും എണ്ണംപറഞ്ഞ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തുകയോ ചെയ്യാതെ ഇന്ത്യയിൽ തന്നെ പ്രവർത്തിച്ചുകൊണ്ട് ശാസ്ത്രഗവേഷണത്തിന്റെ ഉയരങ്ങൾ കീഴടക്കാമെന്ന് തെളിയിച്ചവരാണ് ഇരുവരും. ഇരുപതാം നൂറ്റാണ്ട് ജന്മം നൽകിയ ഏറ്റവും പ്രഗത്ഭരായ പ്രായോഗിക ശാസ്ത്രജ്ഞരിൽ (experimentalist) ഒരാളായിരുന്നു രാമനെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതിക (theoretical physics) ത്തിന്റെ ഗതിനിശ്ചയിക്കുന്നവരിൽ ഒരാളാണ് പത്മനാഭൻ. വ്യത്യസ്ത മേഖലകളെക്കുറിച്ച് 2020 ൽ സ്റ്റാൻഫഡ് സർവ്വകലാശാല നടത്തിയ പഠനം അനുസരിച്ച്, സൈദ്ധാന്തിക ഭൗതികത്തിൽ ലോകത്തെ ഏറ്റവും മികച്ച 25 ശാസ്ത്രജ്ഞരിൽ പത്മനാഭനും ഉൾപ്പെടുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച മുന്നൂറോളം പഠനപ്രബന്ധങ്ങൾക്ക് ഇതിനകം ഏതാണ്ട് ഇരുപതിനായിരത്തോളം സൈറ്റേഷനുകൾ ലഭിച്ചിട്ടുണ്ട്. 

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടു പൂർവ്വവിദ്യാർഥികൾ-ഡോ.എം.എസ്.സ്വാമിനാഥനും ഡോ.താണു പത്മനാഭനും-2021 ലെ 'കേരള ശാസ്ത്രപുരസ്‌കാര'ത്തിന് അർഹരായ വാർത്ത കേട്ടപ്പോഴാണ്, മുകളിൽ സൂചിപ്പിച്ച സംഗതികൾ ഈ ലേഖകന്റെ മനസിലെത്തിയത്. 

M S Swaminathan

ശാസ്ത്രരംഗത്തെ ആയുഷ്‌ക്കാല സംഭാവനകൾ മുൻനിർത്തിയാണ് 'കേരള ശാസ്ത്രപുരസ്‌കാരം' നൽകപ്പെടുന്നത്. ഡോ.സ്വാമിനാഥന്റെ സംഭാവനകൾ മിക്കവർക്കും പരിചിതമായിരിക്കും. 'ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാർഷികശാസ്ത്രജ്ഞനാണ് അദ്ദേഹം. നമ്മളെല്ലാവരും തന്നെ, ഒന്നല്ലെങ്കിൽ മറ്റൊരു വഴിക്ക് ഡോ.സ്വാമിനാഥൻ സൃഷ്ടിച്ച 'ഹരിതവിപ്ലവ'ത്തിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ, ഡോ.പത്മനാഭന്റെ ആയുഷ്‌ക്കാല സംഭാവനകൾ എന്താണ്? സൈദ്ധാന്തികഭൗതികത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ? ഭാവി തലമുറകൾക്ക് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ എന്താണുള്ളത്? ഇക്കാര്യങ്ങളാണ് ഈ ലേഖനം പരിശോധിക്കുന്നത്. 

തിരുവനന്തപുരത്ത് കരമനയിലെ വാടകവീട്ടിൽ പരിമിതമായ ചുറ്റുപാടിൽ കുട്ടിക്കാലം ചെലവിട്ട പത്മനാഭന്, ചെറുപ്പത്തിൽ ലഭിച്ചിരുന്ന ഏക ലക്ഷ്വറി ഗണിതപഠനമായിരുന്നു. പിതാവിൽ നിന്നും മറ്റും കുടുംബപരമായി പകർന്നുകിട്ടിയ ആ മികവാണ് ഭാവിയിൽ സൈദ്ധാന്തിക ഭൗതികത്തിന്റെ ആഴങ്ങളിലേക്കിറങ്ങാൻ പത്മനാഭനെ പ്രാപ്തനാക്കിയത്. മുംബൈയിലെ 'ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി' (TIFR) ൽ ഏറെക്കാലം പ്രവർത്തിച്ച പത്മനാഭൻ, നിലവിൽ പൂണെയിൽ 'ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സി' (IUCAA) ലെ ഡിസ്റ്റിംഗ്യൂഷ്ഡ് പ്രൊഫസറാണ്. 

'ചെറുപ്പത്തിലേ പിടികൂടുക' എന്ന് പറയാറുണ്ടല്ലോ. പത്മനാഭനെ ചെറുപ്പത്തിലേ പിടികൂടിയത് ഗണിതവും, അതുവഴി ഗ്രാവിറ്റിയും ആയിരുന്നു. എത്രയോ മഹാപ്രതിഭകളുടെ ഉറക്കം കെടുത്തിയ സങ്കൽപ്പമാണ് ഗ്രാവിറ്റി അഥവാ ഗുരുത്വാകർഷണം എന്നത്. സാക്ഷാൽ ന്യൂട്ടണിൽ നിന്ന് തുടങ്ങി, ഐൻസ്റ്റൈനിലൂടെ പരിഷ്‌ക്കരിക്കപ്പെട്ട് മുന്നേറിയ ഗ്രാവിറ്റിയുടെ യഥാർഥ സത്ത ഇപ്പോഴും പൂർണ്ണമായി മനസിലാക്കാൻ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. മൗലികമായ രീതിയിൽ ഗ്രാവിറ്റിയെ മനസിലാക്കാനുള്ള അന്വേഷണത്തിന്റെ ചരിത്രവഴികൾ നീളുന്നത് ഭാവിയിലേക്കാണ്. വരും കാലത്ത് ആര് ഏതു രൂപത്തിൽ ഗ്രാവിറ്റിയെ വിശദീകരിച്ചാലും, അതിലേയ്ക്ക് പാതയൊരുക്കിയവരുടെ പട്ടികയിൽ പത്മനാഭന്റെ പേരും തിളക്കത്തോടെ പ്രത്യക്ഷപ്പെടും എന്നകാര്യം ഉറപ്പാണ്! 

ഗ്രാവിറ്റി എന്ന സന്തതസഹചാരി!

ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചുകൊണ്ട് 1977 ൽ പത്മനാഭൻ ആരംഭിച്ച ശാസ്ത്രാന്വേഷണം ഇപ്പോൾ ഏതാണ്ട് നാലര പതിറ്റാണ്ട് പൂർത്തിയാകുന്നു. ഇക്കാലത്തിനിടെ, നക്ഷത്രഭൗതികം (അസ്‌ട്രോഫിസിക്‌സ്), പ്രപഞ്ചപഠനം (കോസ്‌മോളജി) തുടങ്ങി വ്യത്യസ്ത മേഖലകളെ സ്പർശിച്ചാണ് ഗവേഷണം മുന്നേറിയതെങ്കിലും, സന്തതസഹചാരിയായി എന്നും കൂടെയുണ്ടായിരുന്നത് ഗ്രാവിറ്റിയാണ്. അതിൽ തന്നെ, ഗ്രാവിറ്റിയുടെ ക്വാണ്ടം സവിശേഷതകൾ പരിശോധിക്കുന്ന പഠനമേഖല ('ക്വാണ്ടം ഗ്രാവിറ്റി'). പത്മനാഭന്റെ ഏറ്റവും വലിയ സംഭാവനയും ഈ മേഖലയിൽ തന്നെയാണ്.  

മറ്റ് പഠനങ്ങൾക്ക് അവധി കൊടുത്ത്, 2000-ാമാണ്ട് മുതൽ ക്വാണ്ടം ഗ്രാവിറ്റിക്ക് കൂടുതൽ സമയം മാറ്റിവെയ്ക്കാൻ പത്മനാഭൻ തീരുമാനിച്ചു. ഇരുപതാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതികത്തിലുണ്ടായ രണ്ടു സുപ്രധാന മുന്നേറ്റങ്ങളാണ് സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും (ജനറൽ റിലേറ്റിവിറ്റി), ക്വാണ്ടംഭൗതികവും. ഇതിൽ ആദ്യത്തേത് സ്ഥൂലപ്രപഞ്ചത്തെയും, രണ്ടാമത്തത് സൂക്ഷ്മപ്രപഞ്ചത്തെയും വിശദീകരിക്കുന്നു. ഈ രണ്ടു മുന്നേറ്റങ്ങളെയും ഒറ്റ സിദ്ധാന്തത്തിന്റെ ഭാഗമായി കൂട്ടിവിളക്കാൻ ഇതുവരെ നടന്ന എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി പത്മനാഭൻ നടത്തുന്ന അന്വേഷണം നൽകുന്ന സൂചന ഇങ്ങനെയാണ്: ജനറൽ റിലേറ്റിവിറ്റിയിൽ പറയുന്ന 'സ്ഥല-കാല ഘടന' (space-time structure) യെ കുറിച്ച് നമ്മൾ വെച്ചുപുലർത്തുന്ന അബദ്ധധാരണയാണ് പരാജയങ്ങൾക്ക് കാരണം. തെറ്റായ ഭൗതിക സത്ത (physical entity) യ്ക്ക് മേലാണ് ക്വാണ്ടംനിയമങ്ങൾ നമ്മൾ പ്രയോഗിക്കാൻ ശ്രമിക്കുന്നത്! 

പത്മനാഭൻ തന്റെ പഠനം വിശദീകരിക്കുമ്പോൾ, റിലേറ്റിവിറ്റിയും ക്വാണ്ടംഭൗതികവുമൊക്കെ ഇത്രയ്ക്ക് ലളിതവും മോഹനീയവുമാണോ എന്ന് നമ്മൾ അത്ഭുതപ്പെടും. അത്രയ്ക്ക് മനോഹരമാണ് ആ വിവരണം. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കുക:

'ഗ്രാവിറ്റി എന്നു പറയുമ്പോൾ സാധാരണഗതിയിൽ നമ്മൾ ഉദ്ദേശിക്കുക ന്യൂട്ടന്റെ ഗുരുത്വാകർണനിയമമാണ്,  പ്രപഞ്ചത്തിലെ സർവ്വവസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്ന തത്ത്വം. നൂറ്റാണ്ടുകളോളം ആരാലും ചോദ്യംചെയ്യപ്പെടാതെ നിലകൊണ്ട ആ നിയമത്തെ ആദ്യമായി ഗൗരവതരമായി പരിഷ്‌ക്കരിച്ചത് ഐൻസ്റ്റൈൻ ആണ്. ഗ്രാവിറ്റിയെ ന്യൂട്ടൺ ഒരു ബലം (ഫോഴ്‌സ്) ആയാണ് അവതരിപ്പിച്ചത്. ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പക്ഷേ, 'സ്ഥല-കാല തിരശ്ശീല'യിലെ വക്രത (curvature) എന്ന നിലയ്ക്കാണ് ഗ്രാവിറ്റിയെ വിഭാവനം ചെയ്തത്. അൽപ്പം തെറ്റിദ്ധാരണാജനകമാണ്, എങ്കിലും ഇതെപ്പറ്റി ധാരണ കിട്ടാൻ ഒരു ഉദാഹരണം പറയാം. ഒരു മെത്തയിൽ നല്ല ഭാരമുള്ള വസ്തു വെച്ചാൽ, അതിരിക്കുന്ന മെത്തയുടെ ഭാഗം കുറച്ച് കുഴിഞ്ഞിരിക്കും. അധികം ഭാരമില്ലാത്ത മറ്റൊരു വസ്തു അതിനടുത്തു വെച്ചാൽ, മെത്തയിലെ കുഴിവ് മൂലം അത് ഭാരം കൂടിയ വസ്തുവിനടുത്തേക്ക് ഉരുണ്ടു വരും. ആ മെത്ത അദൃശ്യമാണെങ്കിൽ നമുക്ക് തോന്നുക രണ്ടു വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്നാണ്! ഏതാണ്ട്, ഇതുമാതിരിയുള്ള ആശയമാണ് ഗ്രാവിറ്റിയെ പറ്റി ഐൻസ്റ്റൈൻ അവതരിപ്പിച്ചത്. വലിയ ദ്രവ്യമാനം (പിണ്ഡം, mass) ഉള്ള വസ്തുക്കൾ, ചുറ്റുമുള്ള സ്‌പേസ്-ടൈമിനെ വക്രീകരിക്കുന്നു. ദ്രവ്യമാനം കുറഞ്ഞ വസ്തുക്കൾ ആ വക്രതയിൽ പെട്ട് വലിയ വസ്തുവിന് സമീപത്തേക്ക് ചലിക്കാൻ തുടങ്ങുന്നു'. ജനറൽ റിലേറ്റിവിറ്റിയുടെ കാതൽ എന്നു തന്നെ പറയാവുന്ന ഈ ആശയം, പരീക്ഷണങ്ങൾ വഴി ശരിയാണെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. 

സ്‌പേസ്-ടൈം തിരശ്ശീലയിലെ വക്രത ആയാണ് ഗ്രാവിറ്റിയെ ഐൻസ്റ്റൈൻ അവതരിപ്പിച്ചത്. ചിത്രം കടപ്പാട്: NASA

'ക്ലാസിക്കൽ ഫിസിക്‌സിലെ (പ്രപഞ്ചത്തിലെ വലിയ സൈസിലുള്ള) സംഗതികൾ പരിഗണിക്കുമ്പോൾ ഐൻസ്‌റ്റൈന്റെ സിദ്ധാന്തത്തിന് യാതൊരു പ്രശ്‌നവുമില്ല. എന്നാൽ, സൂക്ഷ്മതലത്തിലേക്ക്-ആറ്റങ്ങൾ തന്മാത്രകൾ പ്രോട്ടോണുകൾ തുടങ്ങിയവയുടെ തലത്തിലേക്കും അതിന് താഴേയ്ക്കും-പോകുമ്പോൾ ക്ലാസിക്കൽ ഫിസിക്‌സിന് പ്രസക്തിയില്ലാതെ വരും. ക്വാണ്ടംനിയമങ്ങൾ നിയന്ത്രണം ഏറ്റെടുക്കും. അവിടെയാണ് പ്രശ്‌നം. ക്വാണ്ടംഭൗതികത്തിൽ ഗ്രാവിറ്റിയെ നമ്മൾ എങ്ങനെ അവതരിപ്പിക്കും? അമ്പത്, അറുപത് വർഷങ്ങളായി പലരും തീവ്രമായി ശ്രമിക്കുന്ന കാര്യമാണ്, ക്വാണ്ടം നിയമങ്ങളും ജനറൽ റിലേറ്റിവിറ്റിയും കൂട്ടിയിണക്കുക എന്നത്. ഇതുവരെ, അവർക്കത് ശരിയായി ചെയ്യാൻ സാധിച്ചിട്ടില്ല. ഈ പഠനമേഖലയിലാണ് ഞാൻ പ്രധാനമായും വർക്ക് ചെയ്യുന്നത്, എന്റെ പ്രധാന സംഭാവനയും ഈ മേഖലയിലാണ്'-പത്മനാഭൻ അറിയിക്കുന്നു.  

ഒരു നക്ഷത്രമോ ഗാലക്‌സിയോ ഉണ്ടെന്നിരിക്കട്ടെ. അത് സ്‌പേസ്-ടൈമിനെ എത്രമാത്രം വളയ്ക്കുന്നു എന്നു കണക്കാക്കാൻ ഐൻസ്‌റ്റൈന്റെ ഫീൽഡ് സമവാക്യം (field equation) ഉണ്ട്. ആ സമവാക്യത്തിലേക്ക് ക്വാണ്ടം നിയമങ്ങൾ പ്രയോഗിച്ചാണ്, ഗ്രാവിറ്റിയും ക്വാണ്ടംഭൗതികവും എങ്ങനെ കൂട്ടിയിണക്കാൻ കഴിയുമെന്ന് എല്ലാവരും നോക്കിയിരുന്നത്. 'ഞങ്ങളുടെ സമീപനം ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്', പത്മനാഭൻ പറയുന്നു. ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യങ്ങൾ ആഴത്തിൽ പഠിച്ചപ്പോൾ പത്മനാഭൻ കണ്ടത്, തികച്ചും കൗതുകകരമായ ഒരു സംഗതിയാണ്. ആ സമവാക്യങ്ങൾ കൂടുതലും ദ്രാവകങ്ങളുമായി ബന്ധപ്പെട്ട ഹൈഡ്രോഡൈനാമിക്‌സ് (hydrodynamics) സമവാക്യങ്ങൾ പോലെയോ, ഇലാസ്റ്റിസിറ്റി (elastictiy) കൈകാര്യം ചെയ്യുന്ന സമവാക്യങ്ങൾ പോലെയോ ആണ്! 'ടെക്‌നിക്കൽ ഭാഷയിൽ പറഞ്ഞാൽ ഇലാസ്റ്റിസിറ്റി, ഹൈഡ്രോഡൈനാമിക്‌സ് എന്നിവ പോലെ ഒരു 'എമർജന്റ് പ്രതിഭാസം' ('emergent phenomenon') ആണ് ഗ്രാവിറ്റി'. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടെ ഇക്കാര്യം വളരെ വ്യക്തമായി വിശദീകരിക്കാൻ പത്മനാഭന് സാധിച്ചു. 

'ഇലാസ്റ്റിസിറ്റി ആകട്ടെ, ഫ്‌ളൂയിഡ് മെക്കാനിക്‌സ് ആകട്ടെ, അവയിലെ ഇക്വേഷനുകൾക്ക് ദ്രാവകങ്ങളുടെയും മറ്റും ആറ്റമിക, തന്മാത്രാ തലങ്ങളിൽ പ്രസക്തിയില്ല. നമുക്കറിയാം, അസംഖ്യം തന്മാത്രകൾ ചേർന്നതാണ് ഒരു ദ്രാവകം. പക്ഷേ, തന്മാത്രകളെ കൈകാര്യം ചെയ്യുന്ന നിയമങ്ങൾ വ്യത്യസ്തമാണ്. ഒരു ദ്രാവകത്തിലെ തന്മാത്രകളെല്ലാം ഒന്നായി ചേർന്നിരിക്കുന്ന (continuum) അവസ്ഥയിലാണെന്ന് പരിഗണിച്ചാൽ അതിന് അതിന്റേതായ ഇക്വേഷനുകളുണ്ട്. ഇതുപോലെ, സ്‌പേസ്-ടൈം മുഴുവൻ ഒന്നായി ചേർന്നിരിക്കുന്നതായി കരുതിയാൽ (continuum ആണെന്ന് കരുതിയാൽ) അതിന്റെ സമവാക്യങ്ങളാണ് ഐൻസ്‌റ്റൈൻ തന്നിട്ടുള്ളത്'. ഒരു കുപ്പിയിലെ വെള്ളം നോക്കിയാൽ അത് ഒന്നായി ചേർന്നിരിക്കുന്നതായി തോന്നും. അതിൽ ആറ്റങ്ങളോ തന്മാത്രകളോ ഉള്ളതായി തോന്നില്ല. അതിന് മൈക്രോസ്‌കോപ്പിലുടെ നോക്കണം. അപ്പോൾ അറിയാം, കുപ്പിയിലെ വെള്ളത്തിൽ നല്ലൊരു ഭാഗം ശൂന്യസ്ഥലമാണ്, അല്ലാതെ മുഴുവനും ഒന്നായി ചേർന്നിരിക്കുകയല്ല എന്ന്. സ്‌പേസ്-ടൈമിന്റെ കാര്യവും ഇങ്ങനെയാണെന്ന് പത്മനാഭൻ പറയുന്നു. ആറ്റങ്ങൾ പോലുള്ള 'സൂക്ഷ്മഘടനകൾ' ചേർന്നാണ് സ്‌പേസ്-ടൈം രൂപപ്പെട്ടിട്ടുള്ളത്. 'അതുപക്ഷേ, വളരെ വളരെ വളരെ ചെറുതാണ്. ഒരു സ്‌ക്വയർ സെന്റീമീറ്റർ വലിപ്പമുള്ള സ്റ്റാമ്പെടുത്താൽ, അതിൽ ഇത്തരം 10^66 (1 കഴിഞ്ഞ് 66 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ) സൂക്ഷ്മഘടനകളുണ്ടാകും. ഇത്ര സൂക്ഷ്മായ 'ഘടനകൾ' കൊണ്ടാണ് സ്‌പേസ്-ടൈം രൂപപ്പെട്ടിരിക്കുന്നത്. അത് എത്രയാണെന്ന് നമുക്ക് കാൽക്കുലേറ്റ് ചെയ്യാൻ പറ്റും. പക്ഷേ, അത് എന്താണെന്ന് ഇനിയും പിടികിട്ടിയിട്ടില്ല'. ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണ്. 

വാതകങ്ങളുടെ കാര്യത്തിൽ 'ചാൾസ് നിയമം' (charles law), 'ബോയിൽസ് നിയമം' (boyle's law) പോലുള്ളവയെ കുറിക്കുന്ന താപഗതിക സമവാക്യങ്ങൾ (thermodynamics equations) തന്നെയാണ് ഐൻസ്റ്റൈന്റേതും എന്നാണ് പത്മനാഭന്റെ നേതൃത്വത്തിൽ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. താപനില, എൻട്രോപ്പി (entropy) തുടങ്ങിയ താപഗതിക സങ്കൽപ്പങ്ങളൊക്കെ പ്രതിഫലിക്കുന്ന രൂപത്തിൽ ഐൻസ്റ്റൈന്റെ സമവാക്യങ്ങളെ മാറ്റിയെഴുതാം. 'സ്‌പേസ്-ടൈമിന്റെ വക്രത നിശ്ചയിക്കുന്ന സമവാക്യത്തെ താപഗതിക സമവാക്യമായി മാറ്റിയെഴുതാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്', പത്മനാഭൻ പറയുന്നു. 'സ്‌പേസ്-ടൈം' ചൂടാകുന്നതും തണുക്കുന്നതും എങ്ങനെയെന്ന്, ഇത്തരത്തിൽ മാറ്റിയെഴുതിയ സമവാക്യങ്ങൾ കാട്ടിത്തിരുന്നു. 

'ഒരു ദ്രാവകത്തിന്റെ ഹൈഡ്രോഡൈനാമിക്‌സ് സമവാക്യങ്ങൾ കൊണ്ട്, ദ്രാവകത്തിന്റെ ആറ്റമിക ഘടനയോ തന്മാത്രാ ഘടനയോ പഠിക്കാൻ ശ്രമിച്ചാൽ നടക്കില്ല. സ്‌പേസ്-ടൈം ഒരു ദ്രാവകം പോലെയാണ്. അതിനാൽ, സ്‌പേസ്-ടൈമിന്റെ തലത്തിൽ നമ്മൾ ക്വാണ്ടംനിയമങ്ങൾ പ്രയോഗിച്ചാൽ, സ്‌പേസ്-ടൈമിന്റെ ആന്തരികഘടനയെക്കുറിച്ച് അറിയാൻ കഴിയില്ല. ഗ്രാവിറ്റിയും ക്വാണ്ടംസിദ്ധാന്തവും തമ്മിൽ ചേർക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിക്കാത്തതിന് കാരണം ഇതാണ്. സ്‌പേസ്-ടൈമിന്റെ ആന്തരികഘടന അറിയാൻ ആദ്യം വേണ്ടത്, സ്‌പേസ്-ടൈം സമവാക്യം ഒരു താപഗതിക സമവാക്യമാണെന്ന് മനസിലാക്കലാണ്. ആ ബോധ്യത്തിൽ അതിലും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാൽ, ഏതുതരം 'ഡിഗ്രീസ് ഓഫ് ഫ്രീഡം'** - തന്മാത്രകളോ ആറ്റങ്ങളോ പോലുള്ള ഏത് സൂക്ഷ്മഘടകങ്ങൾ-കൊണ്ടാണ് സ്‌പേസ്-ടൈം രൂപപ്പെട്ടിട്ടുള്ളതെന്ന് അറിയാൻ കഴിയും. അതിലേക്കാണ് ഞങ്ങൾ നോക്കുന്നത്, ആ രീതിയിലാകും ഇനിയുള്ള മുന്നേറ്റം'-പത്മനാഭൻ വിവരിക്കുന്നു. 

2007 ൽ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിൽ നിന്ന് പത്മശ്രീ ഏറ്റുവാങ്ങുന്ന താണു പത്മനാഭൻ.


ഇതുവരെ പറഞ്ഞതിന്റൈ സാരം ഇങ്ങനെ എഴുതാം: ഐൻസ്റ്റൈന്റെ ഫീൽഡ് സമവാക്യങ്ങളിലേക്ക് ക്വാണ്ടംനിയമങ്ങൾ നേരിട്ടു പ്രയോഗിക്കുന്നത് (ക്വാണ്ടം ഗ്രാവിറ്റിയുടെ ഏതാണ്ടെല്ലാ മാതൃകകളിലും ആവർത്തിക്കുന്ന സംഗതി ഇതാണ്) അനിവാര്യമായും പരാജയത്തിലേ കലാശിക്കൂ. ഒരു ലിറ്റർ ദ്രാവകത്തിലെ തന്മാത്രകളുടെ എണ്ണം തിട്ടപ്പെടുത്തുംപോലെ, സ്‌പേസ്-ടൈമിന്റെ 'സൂക്ഷ്മഘടകങ്ങൾ' ('ഡിഗ്രീസ് ഓഫ് ഫ്രീഡം') തിരിച്ചറിയാനും എണ്ണിത്തിട്ടപ്പെടുത്താനും പത്മനാഭന്റെ ഗവേഷണം അവസരമൊരുക്കുന്നു. ഈ 'ഡിഗ്രീസ് ഓഫ് ഫ്രീഡ'ത്തിന്റെ ബലതന്ത്രം, സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്‌സിന്റെ പ്രയോഗം വഴി മനസിലാക്കാനാകും. അനുയോജ്യമായ പരിധിയിൽ അത് അങ്ങേയറ്റം കൃത്യതയോടെ ഐൻസ്‌റ്റൈന്റെ സിദ്ധാന്തത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ഐൻസ്‌റ്റൈന്റെ സാമാന്യആപേക്ഷികതയെക്കാൾ സാമാന്യമായ (ജനറൽ ആയ) വിശാല സിദ്ധാന്തങ്ങളിലേക്ക് ഈ ഫലം നമ്മളെ കൊണ്ടുപോകും. കൂടുതൽ ആഴമേറിയ അടിസ്ഥാന സങ്കൽപ്പത്തിലെ (paradigm) ഒരു സ്‌പെഷ്യൽ കേസ് മാത്രമാണ് ഐൻസ്റ്റൈന്റെ ജനറൽ റിലേറ്റിവിറ്റി എന്നാണ് പത്മനാഭന്റെ പഠനങ്ങൾ വ്യക്തമാക്കുന്നത്! 

പത്മനാഭന് 60 തികഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ വിദ്യാർഥികളും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ഒരു ഓർമപ്പുസ്തകമുണ്ട്; 'ഗ്രാവിറ്റി ആൻഡ് ക്വാണ്ടം'#. അതിൽ ചേർത്തിട്ടുള്ള ജീവചരിത്ര കുറിപ്പിൽ ജസീറ്റ് സിങ് ബാഗ്ല, സുനു എൻജിനിയർ എന്നിവർ രേഖപ്പെടുത്തുന്നു: 'ഗ്രാവിറ്റിയുടെ കാര്യത്തിൽ ഒരു അടിസ്ഥാനസങ്കൽപ്പ വ്യതിയാനം (paradigm shift) സംഭവിച്ചത് 1915 ലാണ്, ഐൻസ്റ്റൈന്റെ സാമാന്യആപേക്ഷികതാ സിദ്ധാന്തം വഴി. ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ, പത്മനാഭന്റെ ഗവേഷണം വഴി പുതിയൊരു സങ്കൽപ്പവ്യതിയാനം സംഭവിക്കാനുള്ള പുതിയ മുന്നേറ്റത്തിന്റെ വക്കിലാണ് നമ്മൾ'. 

പ്രാപഞ്ചിക സ്ഥിരാങ്കമെന്ന മായപൊൻമാൻ!

ക്വാണ്ടം ഗ്രാവിറ്റി കഴിഞ്ഞാൽ പത്മനാഭന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞ പഠനമേഖലയാണ് 'ഫിസിക്‌സ് ഓഫ് ദി യൂണിവേഴ്‌സ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രപഞ്ചപഠനം (cosmology).  

പ്രപഞ്ചത്തിന്റെ ഒരു പ്രധാന പ്രശ്‌നം, അതിൽ വെറും നാലുശതമാനം മാത്രമേ നമുക്ക് ദൃശ്യമാകുന്നുള്ളൂ എന്നതാണ്. പ്രപഞ്ചത്തിന്റെ ബാക്കി ഉള്ളടക്കം രണ്ടു വിഭാഗങ്ങളായി നിലകൊള്ളുന്നു എന്നാണ് നിഗമനം. നിഗൂഢദ്രവ്യമെന്ന് പറയാവുന്ന 'ശ്യാമദ്രവ്യം' (dark matter), അതിലും നിഗൂഢമായ 'ശ്യാമോർജ്ജം' (dark energy) എന്നിങ്ങനെ. ജനറൽ റിലേറ്റിവിറ്റിയിലെ ഫീൽഡ് സമവാക്യങ്ങളിൽ ഐൻസ്റ്റീൻ ഉൾപ്പെടുത്തിയ 'പ്രാപഞ്ചിക സ്ഥിരാങ്കം' (cosmological constant) എന്ന ഘടകമായിരിക്കാം ഈ ശ്യാമോർജ്ജം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. നിലവിൽ സൈദ്ധാന്തിക ഭൗതികത്തിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം എത്രയാണ് എന്നത്. 

'പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്', പത്മനാഭൻ വിവരിക്കുന്നു. 'വികസിക്കുന്ന പ്രപഞ്ചത്തെ റോഡിലോടുന്ന ഒരു കാർ ആയി നമുക്കൊന്ന് സങ്കൽപ്പിക്കാം. ഓട്ടത്തിനിടെ അതിന്റെ ആക്‌സലറേറ്ററിൽ കൂടുതൽ അമർത്തിയാൽ എന്തു സംഭവിക്കും-കാറിന്റെ മുന്നോട്ടുള്ള വേഗം കൂടിക്കൂടി വരും. അതല്ല, ബ്രേക്കാണ് നമ്മൾ അമർത്തുന്നതെങ്കിലോ-കാറിന്റെ വേഗം കുറഞ്ഞുകുറഞ്ഞു വരും. ഇതു രണ്ടും ചെയ്തില്ലെങ്കിൽ, കാർ ഒരേ വേഗത്തിൽ പൊയ്‌ക്കൊണ്ടിരിക്കും. ഓർക്കുക, കാർ എപ്പോഴും മുന്നോട്ടാണ് പോകുന്നത്, പിന്നിലേക്ക് പോകുന്നില്ല. അതുപോലെ, നമ്മുടെ പ്രപഞ്ചം എപ്പോഴും വികസിക്കുകയാണ്. പക്ഷേ, വികാസത്തിന്റെ തോത് കൂടാം, കുറയാം, അല്ലെങ്കിൽ ഒരേ കണക്കിലാകാം!'

പ്രപഞ്ചവികാസത്തിന്റെ തോത് കുറഞ്ഞുവരികയാണെന്ന് ശാസ്ത്രജ്ഞർ കാൽനൂറ്റാണ്ട് മുമ്പുവരെ കരുതി. എന്നാൽ, അതിനു ശേഷമുണ്ടായ കണ്ടെത്തലുകൾ കാര്യങ്ങളെ നേരെ തിരിച്ചുവെച്ചു; പ്രപഞ്ചവികാസം കുറയുകയല്ല, അതിന്റെ തോത് കൂടുകയാണ്! 'സാധാരണ ഗതിയിലുള്ള ഒരു സംഗതികൾക്കും, പദാർഥരൂപങ്ങൾക്കും പ്രപഞ്ചത്തിന്റെ വികാസത്തെ ഇങ്ങനെ ത്വരിതപ്പെടുത്താൻ (accelerate ചെയ്യാൻ) സാധിക്കില്ല', പത്മനാഭൻ ഓർമിപ്പിക്കുന്നു. 'ശ്യാമോർജ്ജം (ഡാർക്ക് എനർജി) എന്ന നിഗൂഢസത്തയാണ് ഇതിന് കാരണം എന്നു കരുതുന്നു. ഡാർക്ക് എനർജി കൊണ്ട് വിശദീകരിക്കേണ്ട ഈ പ്രതിഭാസത്തെ മറ്റൊരു സംഗതി കൊണ്ടും വിശദീകരിക്കാനാകും. അതാണ് പ്രാപഞ്ചിക സ്ഥിരാങ്കം. പ്രപഞ്ചത്തിലെ എല്ലാ നിരീക്ഷണഫലങ്ങളും, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യമറിയാമെങ്കിൽ അതുപയോഗിച്ച് നമുക്ക് വിശദീകരിക്കാൻ സാധിക്കും'. 

പ്രപഞ്ചത്തിലെ നാലാമത്തെ സ്ഥിരാങ്കം (constant) ആണ് പ്രാപഞ്ചിക സ്ഥിരാങ്കം. ആദ്യത്തേത് ഐസക് ന്യൂട്ടൺ അവതരിപ്പിച്ച ഗുരുത്വാകർഷണ സ്ഥിരാങ്കം (gravitational constant, G), അടുത്തത് പ്രകാശവേഗം (speed of light, c), മൂന്നാമത്തേത് ക്വാണ്ടം സിദ്ധാന്തവുമായി ബന്ധപ്പെട്ട പ്ലാങ്ക് സ്ഥിരാങ്കം (Planck constant, h). ഗ്രീക്ക് അക്ഷരമാലയിലെ ലാംഡ (Lamda) എന്ന അക്ഷരം കൊണ്ടാണ് നാലാമത്തെ പ്രാപഞ്ചിക സ്ഥിരാങ്കത്തെ സൂചിപ്പിക്കുന്നത്. പത്മനാഭൻ തുടരുന്നു: 'നാലു സ്ഥിരാങ്കങ്ങൾ ഉണ്ടെങ്കിൽ, അവയെ എല്ലാം കൂട്ടി നമുക്ക് ഡയമൻഷനില്ലാത്ത ഒരു അളവ്, ഒരു നിർദ്ദിഷ്ട സംഖ്യ കണ്ടുപിടിക്കാൻ കഴിയും. എന്നുവെച്ചാൽ, പ്രാപഞ്ചിക സ്ഥിരാങ്കത്തെ മറ്റ് മൂന്നു സ്ഥിരാങ്കങ്ങൾ വെച്ചുകൊണ്ട് അവതരിപ്പിക്കാൻ കഴിയും. അങ്ങനെ അവതരിപ്പിക്കുമ്പോൾ പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം വളരെ വളരെ ചെറുതാണ്. ഒന്നിനെ, ഒന്നു കഴിഞ്ഞാൽ 123 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യകൊണ്ട് ഭാഗിച്ചാൽ കിട്ടുന്ന സംഖ്യ (1/10^123) സങ്കൽപ്പിച്ചു നോക്കുക. അത്രയ്ക്ക് സൂക്ഷ്മമായ മൂല്യമാണ് പ്രാപഞ്ചിക സ്ഥിരാങ്കത്തിന് കിട്ടുന്നത്. മൂല്യം ഇത്ര ചെറുതായത് എന്തുകൊണ്ടെന്ന് ആർക്കും പറയാൻ കഴിയുന്നില്ല'.

എന്നുവെച്ചാൽ, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം ഇപ്പോഴും ഒരു നിഗൂഢതയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം പത്മനാഭന്റെ പഠനം മുന്നോട്ടുവെയ്ക്കുന്നു. പ്രപഞ്ചത്തിൽ ഒരു നിരീക്ഷകന് ലഭ്യമാകുന്ന 'ഇൻഫർമേഷന്റെ' ആകെത്തുകയുമായി, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യത്തെ എങ്ങനെ സ്വാഭാവികരീതിയിൽ ബന്ധപ്പെടുത്താമെന്നാണ് പത്മനാഭന്റെ സമീപനം കാട്ടിത്തരുന്നത്. മാത്രമല്ല, ഈ സ്ഥിരാങ്കത്തിന്റെ മൂല്യം നിർണയിക്കാനുള്ള ഗണിത സമവാക്യവും മുന്നോട്ടുവെയ്ക്കുന്നു. പത്മനാഭന്റെ പഠനങ്ങൾ പ്രവചിക്കുന്ന സ്ഥിരാങ്ക മൂല്യം നിരീക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന മൂല്യവുമായി ഒത്തുപോകുന്നു എന്നതാണ് ശ്രദ്ധേയം! 

പത്മനാഭന്റെ കുടുംബം. വാസന്തി, പത്മനാഭൻ, ഹംസ-മൂന്നു പേരും അസ്‌ട്രോഫിസിക്‌സിൽ പി.എച്ച്.ഡി. നേടിയവർ. ചിത്രം കടപ്പാട്: ഡോ.താണു പത്മനാഭൻ.

കോസ്‌മോളജി, നക്ഷത്രഭൗതികം തുടങ്ങിയ മേഖലയിൽ ഗവേഷകയായ മകൾ ഡോ.ഹംസ പത്മനാഭനുമായി ചേർന്നാണ് മേൽസൂചിപ്പിച്ച പഠനം പത്മനാഭൻ നടത്തിയത്. 2017 ൽ പ്രസിദ്ധീകരിച്ച ആശയം##, പ്രപഞ്ചപഠനരംഗത്തുള്ളവർ മുഴുവനായും അംഗീകരിച്ചിട്ടില്ല. എങ്കിലും, തങ്ങൾ ശരിയായ ദിശയിലാണെന്ന് പത്മനാഭൻ വിശ്വസിക്കുന്നു.

'പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം എങ്ങനെ തീരുമാനിക്കാം എന്നതു സംബന്ധിച്ച ആശയമാണ് ഞങ്ങൾ അവതരിപ്പിച്ചത്', അദ്ദേഹം പറയുന്നു. 'അതിങ്ങനെയാണ്-നമ്മൾ പ്രപഞ്ചത്തിൽ പിന്നോട്ടു പോയാൽ 'ബിഗ് ബാങി' (മഹാവിസ്‌ഫോടനം) ലേക്ക് എത്തും. അതിന് മുമ്പ് എന്തായിരുന്നു എന്നു ചോദിച്ചാൽ, സാധാരണഗതിയിൽ അതിനൊരു ഉത്തരമില്ല. ഞങ്ങളത് പഠിച്ചപ്പോൾ എത്തിയ നിഗമനം, പ്രപഞ്ചാരംഭത്തിൽ സംഭവിച്ചത് ഒരുതരം 'ഫേസ് പരിവർത്തനം' (phase transition) ആയിരുന്നു എന്നാണ്. മഞ്ഞുകട്ടി വെള്ളമാകുന്നില്ലേ, അത് ഫേസ് പരിവർത്തനത്തിന് ഉദാഹരണമാണ്. ബിഗ് ബാങിന് മുമ്പുള്ളത് ഒരു മഞ്ഞുകട്ടിയുടെ ഫേസ് (phase, അവസ്ഥ) എന്ന് സങ്കൽപ്പിച്ചാൽ, ബിഗ് ബാങിന് ശേഷമുള്ളത് (നമ്മളീ പ്രപഞ്ചമായി കാണുന്നത്) വെള്ളത്തിന്റെ ഫേസ് ആണ്'. 

ഒരു 'പ്രീ-ജ്യോമട്രിക് (pre-geometric) ഫേസി'ൽ നിന്ന് പരിവർത്തനമുണ്ടായി 'ക്ലാസിക്കൽ ഫേസി' (classical phase) ലേക്ക് പ്രപഞ്ചമെത്തിയെന്ന് സാങ്കേതികമായി പറയാം. 'ബിഗ് ബാങിന്റെ സ്ഥാനത്ത് ഇവിടെ സംഭവിക്കുന്നത് ഫേസ് പരിവർത്തനമാണ്', അദ്ദേഹം പറയുന്നു. 'അങ്ങനെ വരുമ്പോൾ, അതിൽ നിന്ന് ഒരു നമ്പർ നമുക്ക് കണ്ടുപിടിക്കാനാകും. ഐസ്‌കട്ടി വെള്ളമാകുമ്പോൾ, ഐസിലെത്ര ആറ്റങ്ങളുണ്ടോ അത്രയും എണ്ണം ആറ്റങ്ങളാകും വെള്ളത്തിലും കാണുക. ഇതിന് ഫിസിക്‌സിൽ 'ഡിഗ്രീസ് ഓഫ് ഫ്രീഡം' എന്നു പറയും. ഫേസ് പരിവർത്തനത്തിൽ 'ഡിഗ്രീസ് ഓഫ് ഫ്രീഡ'ത്തിന് വ്യത്യാസമുണ്ടാകില്ല. ഈ സങ്കൽപ്പത്തിന്റെ സഹായത്തോടെ, പ്രാപഞ്ചിക സ്ഥിരാങ്കത്തിന്റെ മൂല്യം കൃത്യമായി നിർണ്ണയിക്കാൻ പറ്റുന്നുണ്ട്. ആ സ്ഥിരാങ്കം എന്തുകൊണ്ട് ഇത്ര ചെറിയ മൂല്യമുള്ളതാകുന്നു എന്നകാര്യവും സൈദ്ധാന്തികമായി വിശദീകരിക്കാൻ ഞങ്ങൾക്കായി. ഞങ്ങൾ പ്രവചിച്ച മൂല്യവും, നിരീക്ഷണങ്ങളിൽ കണ്ടെത്തിയ മൂല്യവും തമ്മിൽ ഒരു വ്യത്യാസവുമില്ല'. 

'ഇതൊരു വലിയ മുന്നേറ്റമാണെന്ന് ഞങ്ങൾ കരുതുന്നു. പക്ഷേ, ഇത് പൂർണ്ണമായി സ്വീകരിക്കപ്പെട്ടു എന്നു പറയാനാകില്ല. തിറയറ്റിക്കൾ ഫിസിക്‌സ് മേഖലയിലുള്ളവർ ഇക്കാര്യം ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്, ഇതാണ് ശരിയായ വഴി എന്നതിനെപ്പറ്റി. ഡാർക്ക് എനർജിയുടെ നിഗൂഢതയും ഈ വഴിക്ക് പരിഹരിക്കാനാകും എന്നാണ് പ്രതീക്ഷ', തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പത്മനാഭൻ ഇക്കാര്യം പറയുന്നത്. 

---------

പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത് ഗണിതസമവാക്യങ്ങളാലാണ് എന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗലീലിയോ ഗലീലി ആണ് പറഞ്ഞത്. അതെത്ര സത്യമാണെന്ന് ജനറൽ റിലേറ്റിവിറ്റി, ക്വാണ്ടംമെക്കാനിക്‌സ് തുടങ്ങിയ പഠനമേഖലകൾ നമുക്ക് കാട്ടിത്തരുന്നു. ഐൻസ്റ്റൈൻ ജനറൽ റിലേറ്റിവിറ്റി അവതരിപ്പിച്ചത് ഫീൽഡ് സമവാക്യങ്ങൾ വഴിയാണ്. ക്വാണ്ടംഭൗതികമാണെങ്കിലോ, പ്രപഞ്ചത്തെ സൂക്ഷ്മതലത്തിൽ വിശദീകരിക്കുന്നത് മുഴുവൻ സങ്കീർണ്ണ ഗണിതരൂപത്തിലും. ഈ സൂചിപ്പിച്ച രണ്ട് മേഖലകളും-ജനറൽ റിലേറ്റിവിറ്റിയും ക്വാണ്ടംഭൗതികവും-കൂട്ടിയിണക്കാൻ ശ്രമിക്കുന്ന ആർക്കും ഗണിതത്തിൽ അസാമാന്യ പ്രാവണ്യം കൂടിയേ തീരൂ.

അങ്ങനെയെങ്കിൽ, ക്വാണ്ടംഗ്രാവിറ്റി, പ്രാപഞ്ചിക സ്ഥിരാങ്കം തുടങ്ങിയവയുമായി മല്ലിടുന്ന പത്മനാഭൻ എവിടുന്നാണ് ഗണിതം പഠിച്ചത്? സങ്കീർണ ഗണിതരൂപങ്ങളിൽ നിലകൊള്ളുന്ന പ്രപഞ്ചരഹസ്യങ്ങൾ തേടാൻ അദ്ദേഹത്തെ ആരാണ് പ്രാപ്തനാക്കിയത്? ഇതു മനസിലാക്കാൻ, നമ്മൾ അൽപ്പം പിന്നോട്ട് സഞ്ചരിക്കണം, തിരുവനന്തപുരത്ത് പത്മനാഭന്റെ ബാല്യത്തിലേക്ക്!

ഗണിതം എന്ന കുടുംബകാര്യം

തിരുവനന്തപുരത്ത് 1957 മാർച്ച് 10ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി താണു പത്മനാഭൻ ജനിച്ചു. കരമനയിലെ വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പിതാവ് താണു അയ്യർ ഗണിതപ്രതിഭ ആയിരുന്നെങ്കിലും, വീട്ടിലെ പ്രാരാപ്തങ്ങൾ മൂലം അക്കാദമിക് താത്പര്യങ്ങൾ ബലികഴിച്ച് വനംവകുപ്പിൽ ഉദ്യോഗസ്ഥനാകേണ്ടി വന്നു. ഉദ്യോഗം അതാണെങ്കിലും, താണു അയ്യരും അദ്ദേഹത്തിന്റെ തലമുറയിൽ പെട്ട ബന്ധുക്കളും ഗണിതത്തിലുള്ള, പ്രത്യേകിച്ചും ജ്യോമട്രിയിലുള്ള താത്പര്യം ഉപേക്ഷിച്ചില്ല. പരസ്പരം പങ്കുവെച്ച് അത് നിലനിർത്തി. പത്മനാഭനെ ചെറുപ്പത്തിലേ ഗണിതത്തിന്റെ മായികലോകത്തേക്ക് കൈപ്പിടിച്ചു നടത്തയവരിൽ സ്വന്തം പിതാവിനെ കൂടാതെ, ബന്ധുവായിരുന്ന നീലകണ്ഠ ശർമയും (അദ്ദേഹത്തിന് ട്രാൻസ്‌പോർട്ട് വകുപ്പിലായിരുന്നു ജോലി) ഉണ്ടായിരുന്നു. സ്വന്തം വ്യക്തിത്വം സൂക്ഷിക്കുന്നതിനൊപ്പം, വിജ്ഞാനം ആർജിക്കാനുള്ള അഭിനിവേശം പത്മനാഭന്റെ ഉള്ളിൽ സ്ഥിരമായി കൊളുത്തിവെച്ചത് ഇവർ രണ്ടാളുമാണ്. 'വീട്ടിൽ ഇല്ലായ്മകൾ ഉണ്ടായിരുന്നു എന്നത് ശരിയാണ്. എങ്കിലും, ചെറുപ്പത്തിൽ കുടുംബവൃത്തങ്ങളിൽ ഞാൻ ആവർത്തിച്ച് കേട്ട ആത്പവാക്യം 'Excellence is not negotiable!' എന്നായിരുന്നു'-അഭിമാനത്തോടെയാണ് പത്മനാഭൻ ഇക്കാര്യം പറയുന്നത്. ഈ പശ്ചാത്തലത്തിൽ ആ ബാലൻ ഗണിതത്തിൽ ഉന്നതനിലവാരം ആർജ്ജിച്ചതിലും, ജ്യാമിതിയിൽ വലിയ താത്പര്യം കാട്ടിയതിലും അത്ഭുതമില്ല.

ഒരു സാധാരണ സർക്കാർ സ്‌കൂളിലാണ് പത്മനാഭൻ പഠിച്ചത്, കരമന ഗവൺമെന്റ് സ്‌കൂളിൽ. 1963-1972 കാലത്ത് അവിടെ പഠിക്കുമ്പോൾ, ആ കുട്ടി ഗണിതത്തിൽ മറ്റുള്ളവരെക്കാൾ മുന്നിലായിരുന്നു എന്നത് ഒഴിച്ചാൽ, മറ്റ് കാര്യങ്ങളിലൊന്നും വലിയ കഴിവ് പ്രകടിപ്പിച്ചില്ല. ക്ലാസിൽ ഏറ്റവും കൂടുതൽ മികവ് കാട്ടിയ ആദ്യ മൂന്നുപേരിൽ ഒരാൾ മാത്രമായിരുന്നു പത്മനാഭൻ. ക്ലാസിലെ ടോപ്പ് റാങ്ക് സ്ഥിരമായി നിലനിർത്താൻ അവന് കഴിയാത്തതിന് ഒരു കാരണം ഹിന്ദിയായിരുന്നു. (ഇപ്പോഴും താൻ അത് ശരിക്കു പഠിച്ചിട്ടില്ലാത്തതിൽ അദ്ദേഹം പരിതപിക്കുന്നു!). 

സ്‌കൂൾ പഠനം പൂർത്തിയാക്കി പ്രീഡിഗ്രിക്ക് (ഇപ്പോഴിത് സ്‌കൂളിന്റെ ഭാഗമായ പ്ലസ്ടൂ ആണ്) തിരുവനന്തപുരം ഗവൺമെന്റ് ആർട്‌സ് കോളേജിൽ ചേർന്നു. (ആ സമയത്ത് പത്മനാഭന്റെ കുടുംബം കോട്ടയ്ക്ക് പുറത്ത് ഒന്നാം പുത്തൻ തെരുവിലേക്ക് താമസം മാറ്റി). 1973-1974 കാലത്ത് പ്രീഡിഗ്രി പഠിക്കുമ്പോൾ മൂന്നു സംഗതികൾ ആ കൗമാരപ്രായക്കാരന്റെ ജീവിതത്തെ സ്വാധീനിച്ചു. ഗണിതത്തിൽ പഠനം തുടരാൻ ഉറച്ചിരുന്ന ആ വിദ്യാർത്ഥി, 'ഫെയ്ൻമാൻ ലക്‌ചേഴ്‌സ് ഓൺ ഫിസിക്‌സ്' വായിച്ച്, ഗണിതം വേണ്ട സൈദ്ധാന്തിക ഭൗതികം മതി എന്ന് തീരുമാനിച്ചതാണ് ആദ്യത്തേത്. രണ്ടാമത്തേത്, അക്കാലത്ത് തിരുവനന്തപുരം നഗരം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന 'ട്രിവാൻഡ്രം സയൻസ് സൊസൈറ്റി'യുടെ സജീവപ്രവർത്തകരിൽ ഒരാളായി എന്നത്. സൊസൈറ്റിയിലെ പങ്കാളിത്തമാണ് സൈദ്ധാന്തിക ഭൗതികത്തിലേക്ക് കടക്കാൻ വേണ്ട ആത്മബലം പത്മനാഭന് നൽകിയത്. മൂന്നാമത്തേത്, NCERT നടത്തുന്ന 'നാഷണൽ സയൻസ് ടാലന്റ് സേർച്ച്' (NSTS) പരീക്ഷയിൽ വിജയിച്ചത്. അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ താത്പര്യമുള്ള കാലത്തോളം അത് പഠിക്കാൻ ഈ പരീക്ഷ വിജയിക്കുന്നത് സഹായിക്കും. തന്റെ കുടുംബം ഒരിക്കലും സാമ്പത്തികമായി അത്ര മെച്ചപ്പെട്ട അവസ്ഥയിലല്ലാത്തതിനാൽ, സ്‌കോളർഷിപ്പ് വഴി കിട്ടുന്ന പണം പത്മനാഭന് വലിയ ആശ്വാസമായിരുന്നു. മാത്രമല്ല, പരീക്ഷ പാസാകുന്നവർക്ക് രാജ്യത്തെ പ്രധാന ശാസ്ത്രസ്ഥാപനങ്ങളിൽ ഒരു മാസത്തെ സമ്മർക്യാമ്പിൽ പങ്കെടുക്കാം, അവിടുത്തെ ഗവേഷകരുമായി ഇടപഴകാം. ഇതും ഭാവിക്ക് വലിയ മുതൽക്കൂട്ടായി. 

പ്രിഡീഗ്രിക്ക് ശേഷം 1974 ൽ ആ വിദ്യാർഥി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഫിസിക്‌സ് മെയിനെടുത്ത് ബിരുദത്തിന് (BSc) ചേർന്നു. അവിടെ നിന്ന് ഗോൾഡ് മെഡലോടെ ബി.എസ്.സി.യും (1977), എം.എസ്.സി.യും (1979) ഫസ്റ്റ്‌റാങ്കിൽ പാസായി. 

യൂണിവേഴ്‌സിറ്റി കോളേജിലുള്ളപ്പോൾ 1977 ൽ പത്മനാഭൻ തന്റെ ആദ്യപ്രബന്ധം പ്രസിദ്ധീകരിച്ച കാര്യം തുടക്കത്തിൽ പറഞ്ഞല്ലോ. സൈദ്ധാന്തിക ഭൗതികത്തിൽ നടത്തിയ ആഴത്തിലുള്ള വായനയുടെയും പഠനത്തിന്റെയും ഫലമായിരുന്നു അത്. ബിരുദത്തിന് ചേർന്ന് ആദ്യവർഷങ്ങളിലാണ് പത്മനാഭൻ 'കോഴ്‌സ് ഓഫ് തിയററ്റിക്കൽ ഫിസിക്‌സി' (by Landau and Lifshitz) ന്റെ പത്തു വോള്യവും സ്വന്തംനിലയ്ക്ക് പഠിക്കുന്നത്. 'ഗ്രാവിറ്റി'യുമായി ആയുഷ്‌ക്കാല പ്രണയം ആരംഭിക്കുന്നതും ആ സമയത്ത് തന്നെ. ഇക്കാര്യത്തിൽ പത്മനാഭനെ തുടക്കത്തിൽ ഏറ്റവുമധികം സ്വാധീനിച്ചത് 'ഗ്രാവിറ്റേഷൻ' ('Gravitation' by Misner, Thorne and Wheeler) എന്ന ഇതിഹാസ ഗ്രന്ഥമാണ്. 'ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം. അതിൽ നൽകിയിട്ടുള്ള എല്ലാ പ്രോബ്ലങ്ങളും ചെയ്തുനോക്കിയ അപൂർവ്വം ചിലരിൽ ഒരാൾ ഒരുപക്ഷേ, ഞാനായിരിക്കാം'. സിറോക്‌സ് കോപ്പി എന്നൊന്നും കേട്ടിട്ടു പോലുമില്ലാത്ത കാലമാണ്. പുസ്തകം സ്വന്തമായി വാങ്ങാനുള്ള ശേഷിയുമില്ല. അതിനാൽ, അതിൽ നിന്ന് നൂറുകണക്കിന് പേജുകൾ വരുന്ന നോട്ടുകൾ എഴുതിയെടുത്തത് ഇപ്പോഴും തന്റെ പക്കലുള്ള കാര്യം പത്മനാഭൻ പറയുന്നു. 

ഇതിന്റെ യുക്തിസഹമായ പരിണാമം, യൂറോപ്പിലോ അമേരിക്കയിലോ പി.എച്ച്.ഡി. ചെയ്യാൻ പോകുക എന്നതായിരുന്നു. എന്നാൽ, വീട്ടിലെ സാഹചര്യം പത്മനാഭനെ അതിന് അനുവദിച്ചില്ല. പകരം, അന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായ മുംബൈയിലെ 'ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചി' (TIFR) ൽ ചേർന്നു. 1979 ആഗസ്റ്റിൽ അവിടെ ചേർന്ന പത്മനാഭൻ, പ്രസിദ്ധ ഇന്ത്യൻ പ്രാപഞ്ചികശാസ്ത്രജ്ഞനായ ജെ.വി.നർലിക്കറിന്റെ മേൽനോട്ടത്തിൽ 'ക്വാണ്ടം കോസ്‌മോളജി'യിൽ 1983 ൽ പി.എച്ച്.ഡി.പൂർത്തിയാക്കി. അതിനിടെ, 1980 ഫെബ്രുവരിയിൽ ടി.ഐ.എഫ്.ആറിൽ ഒരു ഫാക്കൽറ്റി സ്ഥാനം (റിസർച്ച് അസോസിയേറ്റ് പദവി) ലഭിച്ചു. 1992 വരെ അവിടെ തുടർന്ന പത്മനാഭൻ, അതിനു ശേഷം പ്രവർത്തന മണ്ഡലം പൂണെയിൽ 'ഇന്റർ-യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സി' (IUCAA) ലേക്ക് മാറി.

ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് സ്വീകരിക്കുന്ന താണു പത്മനാഭൻ. 

ടി.ഐ.എഫ്.ആറിൽ വെച്ച്, തന്നെക്കാൾ ഒരുവർഷം ജൂനിയറായി പി.എച്ച്.ഡി.ക്ക് ചേർന്ന വാസന്തിയുമായി പത്മനാഭൻ പ്രണയത്തിലായി. 1983 മാർച്ചിൽ വിവാഹം. വ്യക്തിപരമായി മാത്രമല്ല, പത്മനാഭന്റെ അക്കാദമിക ജീവിതത്തിലും വാസന്തി സ്വാധീനം ചെലുത്തി. പിൽക്കാലത്ത് പത്മനാഭൻ രചിച്ച എല്ലാ അക്കാദമിക് ശാസ്ത്രഗ്രന്ഥങ്ങളുടെയും പിന്നിൽ വാസന്തിയുടെ സഹായമുണ്ടായിരുന്നു. ഇരുവരും ചേർന്ന് 'The Dawn of Science' (2019) എന്ന പോപ്പുലർ സയൻസ് ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. വാസന്തി-പത്മനാഭൻ ദമ്പതികൾക്ക് ഒരു മകളേയുള്ളൂ, നമ്മൾ ഇതിനകം പരിചയപ്പെട്ട ഹംസ പത്മനാഭൻ ('ഹംസവാഹിനി' എന്നായിരുന്നു ആദ്യം പേരിട്ടത്, പിന്നീട് ചുരുക്കി ഹംസ എന്നാക്കി). മാതാപിതാക്കളെ പോലെ ഹംസയും അസ്‌ട്രോഫിസിക്‌സിൽ പി.എച്ച്.ഡി. നേടിയ ഗവേഷകയാണ്. ഒരുപക്ഷേ, മുഴുവൻ അംഗങ്ങൾക്കും അസ്‌ട്രോഫിസിക്‌സ് പി.എച്ച്.ഡി. ഉള്ള അപൂർവ്വം കുടുംബങ്ങളിലൊന്നാകും പത്മനാഭന്റേത്! ജനീവ സർവ്വകലാശാലയിൽ അസ്‌ട്രോഫികിസിൽ ഗവേഷകയാണ് ഹംസ പത്മനാഭൻ ഇപ്പോൾ.

ശാസ്ത്രപ്രചാരകൻ 

അന്താരാഷ്ട്ര ജേർണലുകളിൽ പത്മനാഭൻ മുന്നൂറോളം പേപ്പറുകൾ പ്രസിദ്ധീകരിച്ച കാര്യം സൂചിപ്പിച്ചല്ലോ. ഇവ കൂടാതെ, ശ്രദ്ധേയമായ പത്തു പഠനഗ്രന്ഥങ്ങളും രണ്ട് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 16 പി.എച്ച്.ഡി.വിദ്യാർഥികളെ ഗൈഡ് ചെയ്തു. അവരിൽ മിക്കവരും രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ അറിയപ്പെടുന്ന ഗവേഷകരോ ഫാക്കൽറ്റി അംഗങ്ങളോ ആണ്. 

അമേരിക്കയിലെ 'ഗ്രാവിറ്റി റിസർച്ച് ഫൗണ്ടേഷൻ' ഏർപ്പെടുത്തിയ ആദ്യ പുരസ്‌കാരം 2008 ൽ നൽകപ്പെട്ടത് പത്മനാഭന്റെ പഠനത്തിനാണ്. ഇതുപോലെ, പത്മനാഭന്റെ പഠനങ്ങൾക്ക് വേറെ എട്ട് അവർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തെ തേടി ഒട്ടേറെ ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളും എത്തി. ഇന്ത്യൻ നാഷണൽ സയൻസ് ആക്കാദമി (INSA) യങ് സയന്റിസ്റ്റ് അവാർഡ് (1984), ബി.എം.ബിർള സയൻസ് പ്രൈസ് (1991), ശാന്തി സ്വരൂപ് ഭട്‌നാഗർ അവാർഡ് (1996), സി.എസ്.ഐ.ആറിന്റെ മില്ലിനിയം മെഡൽ (2000), ഹോമി ഭാഭ ഫെല്ലോഷിപ്പ് (2003), ഐ.എൻ.എസ്.എ. വെയ്‌നു ബാപ്പു ഇന്റർനാഷണൽ അവാർഡ് (2007), പത്മശ്രീ (2007), ഫിസിക്കൽ സയൻസസിനുള്ള ആദ്യ ഇൻഫോസിസ് സയൻസ് പ്രൈസ് (2009), എം.പി.ബിർള മെമ്മോറിയൽ അവാർഡ് (2019) ഒക്കെ പത്മനാഭന് ലഭിച്ച ബഹുമതികളിൽ ചിലതു മാത്രം. ഈ പട്ടികയിൽ ഏറ്റവും ഒടുവിലത്തേതാണ് കേരള ശാസ്ത്രപുരസ്‌കാരം (2021). തേർഡ് വേൾഡ് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോഷിപ്പ് ഉൾപ്പടെ ഒട്ടേറെ ഫെലോഷിപ്പുകളും പത്മനാഭനെ തേടിയെത്തി. ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയന്റെ (IAU) കോസ്‌മോളജി കമ്മിഷൻ 47 ന്റെ പ്രസിഡന്റ് സ്ഥാനവും (2009 മുതൽ 2012 വരെ), ഇന്റർനാഷണൽ യൂണിയൻ ഓഫ് പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിന്റെ (അസ്‌ട്രോഫിസിക്‌സ്) കമ്മീഷൻ 19 ന്റെ ചെയർമാനായും (2011 മുതൽ 2014 വരെ) പത്മനാഭൻ പ്രവർത്തിച്ചു. 

ശാസ്ത്രം ജനകീയവത്ക്കരിക്കാനുള്ള പ്രവർത്തനങ്ങളിലും പത്മനാഭൻ സജീവമാണ്. അതിന് തെളിവാണ്, അദ്ദേഹം പ്രസിദ്ധീകരിച്ച നൂറിലേറെ മികവുറ്റ പോപ്പുലർ സയൻസ് ലേഖനങ്ങളും, അദ്ദേഹം നടത്തിയ മുന്നൂറിലേറെ പ്രഭാഷണങ്ങളും. 2009 നെ 'അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവർഷ' (International Year of Astronomy - IYA) മായി, ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ (IAU) പ്രഖ്യാപിച്ചപ്പോൾ, ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (INSA) യുടെ നാഷണൽ കമ്മറ്റി ചെയർമാൻ എന്ന നിലയ്ക്ക് പത്മനാഭനാണ് ഇന്ത്യയിൽ ജ്യോതിശ്ശാസ്ത്ര വർഷാചരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സ്‌കൂൾ വിദ്യാർഥികളിൽ ഫിസിക്‌സിന്റെ ആവേശമെത്തിക്കാൻ, 'ദി സ്റ്റോറി ഓഫ് ഫിസിക്‌സ്' (The Story of Physics) എന്ന പേരിൽ പത്മനാഭൻ  തയ്യാറാക്കിയ കോമിക് സ്ട്രിപ്പ് പരമ്പര വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. വായനയാണ് പത്മനാഭന്റെ പ്രധാന ഹോബി. പരന്ന വായന അദ്ദേഹത്തിന്റെ രചനകളിലെല്ലാം പ്രതിഫലിക്കുന്നു. 

ഈ ലേഖനത്തിനായി ഡോ.പത്മനാഭൻ അനുവദിച്ച ടെലഫോൺ ഇന്റർവ്യൂവിൽ, ഏറ്റവും ഒടുവിലത്തെ ഏതാനും ചോദ്യങ്ങളും അദ്ദേഹം നൽകിയ മറുപടിയും ചുവടെ ചേർക്കുന്നു- 

ചോദ്യം: ഇരുപതാം നൂറ്റാണ്ടിൽ ഒട്ടേറെ ശാസ്ത്രപ്രതിഭകൾക്ക് നമ്മുടെ രാജ്യം ജന്മം നൽകി. ജീവിച്ചിരുന്നെങ്കിൽ അതിൽ ഏത് ശാസ്ത്രജ്ഞനൊപ്പം വർക്ക് ചെയ്യാനായിരിക്കും താങ്കൾ താത്പര്യപ്പെടുക? 

ഇ.സി.ജി.സുദർശൻ. ചിത്രം: ബിജു വർഗീസ് / മാതൃഭൂമി

ഉത്തരം: ഇ.സി.ജി. സുദർശനൊപ്പം. കോട്ടയം സ്വദേശിയായ സുദർശൻ എന്റെ നല്ല സുഹൃത്തായിരുന്നു. ഞാൻ പി.എച്ച്.ഡി.ക്ക് ചേരുന്ന 1979 ൽ അദ്ദേഹം ഇന്ത്യയിൽ ഏതെങ്കിലും സ്ഥാപനത്തിൽ ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന് കീഴിലേ ഞാൻ ചേരുമായിരുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജനിച്ച ഏററവും വലിയ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് അദ്ദേഹമെന്ന് ഞാൻ കരുതുന്നു. രണ്ടു നൊബേൽ പുരസ്‌കാരം അർഹിക്കുന്ന സംഭാവന അദ്ദേഹം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന് നൊബേൽ ലഭിക്കാത്തത് വെറും പൊളിറ്റിക്കൽ തീരുമാനം കൊണ്ടാണ്. 

ചോദ്യം: സ്വതന്ത്ര ഇന്ത്യ കണ്ട പ്രധാന ശാസ്ത്രപ്രതിഭകളിൽ ഒരാളും മലയാളിയുമായ ഡോ.ജി.എൻ.രാമചന്ദ്രനെ പോലെ, വിദേശത്ത് ജോലി തേടാതെ ഇന്ത്യയിൽ തന്നെ ശാസ്ത്രഗവേഷണം നടത്തിയ വ്യക്തിയാണ് താങ്കളും. പുതിയ കാലത്ത് അതുകൊണ്ട് പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന് തോന്നാറുണ്ടോ? 

ഉത്തരം: അങ്ങനെ പറയാൻ കഴിയില്ല. തിയററ്റിക്കൽ ഫിസിക്‌സ്, ഗണിതം തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിന് വലിയ ഫണ്ടൊന്നും ആവശ്യമില്ല. You are only limited by yourself, You have no excuse. പിന്നെ, അംഗീകാരത്തിന്റെ കാര്യം. ഡോ.സുദർശൻ തന്റെ ഗവേഷണം മുഴുവൻ നടത്തിയത് അമേരിക്കയിൽ വെച്ചാണ്. എന്നിട്ട് അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചോ!

ചോദ്യം: പുതിയ തലമുറയോട് എന്താണ് പറയാനുള്ളത്?

ഉത്തരം: എനിക്ക് പുതിയ തലമുറയോട് പറയാനുള്ളത് ഇതാണ്. ഏതിലാണോ നിങ്ങൾക്ക് കൂടുതൽ താത്പര്യം, അത് പിന്തുടരുക. ബഹുമതികളും അംഗീകാരങ്ങളും പിന്നാലെ എത്തിക്കൊള്ളും. ഏതെങ്കിലും ഒരു സംഗതി, മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മഹത്വമുള്ളതായി ഞാൻ കരുതുന്നില്ല. ചെയ്യുന്ന കാര്യത്തിൽ താത്പര്യം വേണം, പ്രതിബദ്ധതയും. 

ചോദ്യം: ഭാവിയിൽ എങ്ങനെ അറിയപ്പെടാനാണ് താത്പര്യം? 

ഉത്തരം: അടുത്ത തലമുറയ്ക്ക് പ്രചോദനമേകാൻ സാധിച്ച ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് അറിയപ്പെടാനാണ് താത്പര്യം. ഒരർഥത്തിൽ സമൂഹത്തോടുള്ള കടപ്പാട് നിവർത്തിക്കൽ കൂടിയാണത്. കാരണം, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണല്ലോ എനിക്ക് ശമ്പളം ലഭിക്കുന്നത്. 

ഇന്റർവ്യൂ അവസാനിപ്പിക്കും മുമ്പ് ഡോ.പത്മനാഭൻ ഇതുകൂടി പറഞ്ഞു: 

'എനിക്കൊരു അവാർഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണല്ലോ ഈ ആർട്ടിക്കിൾ വരുന്നത്. ഓർക്കുക, എന്നെപ്പോലുള്ള ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നത് അവാർഡുകൾക്ക് വേണ്ടിയല്ല. ഞങ്ങൾ എന്താണോ വർക്കുചെയ്യുന്നത്, അത് ആസ്വദിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രതിഫലം. ഒരു കലാകാരൻ ചിത്രം വരയ്ക്കുംപോലെയോ, ഒരു നർത്തകൻ നൃത്തം വെയ്ക്കുന്നതു പോലെയോ, ഒരു ഗായകൻ പാട്ടുപാടും പോലെയോ ആണ് ഞങ്ങളുടെ ജോലി. പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തുന്നതിലെ നിർവൃതി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അതിന് ശേഷം ഇത്തരം അവാർഡൊക്കെ കിട്ടുന്നത്, തീർച്ചയായും സന്തോഷമുള്ള കാര്യമാണ്. 

ജോസഫ് ആന്റണി 

* 'Solutions of Scalar and Electromagnetic Wave Equations in the Metric of Gravitational and Electromagnetic Waves' (Pramana - J Phys 9, 371–384 (1977)) ആയിരുന്നു ഡോ.പത്മനാഭന്റെ ആദ്യപ്രബന്ധം. 

** ഒരു വ്യൂഹത്തിന് (system) ഒരേ അവസ്ഥയിൽ സുസ്ഥിരമായി തുടരാൻ ആവശ്യമായ ചരങ്ങളുടെ (variables) ഏറ്റവും കുറഞ്ഞ എണ്ണത്തിന് സാങ്കേതികമായി 'ഡിഗ്രീസ് ഓഫ് ഫ്രീഡം' ('degrees of freedom') എന്നു പറയുന്നു. 

# Gravity and the Quantum: Pedagogical Essays on Cosmology, Astrophysics, and Quantum Gravity (2017). Editors: Jasjeet Singh Bagla and Sunu Engineer. Springer. 

## പത്മനാഭനും മകൾ ഹംസയും ചേർന്ന് പ്രസിദ്ധീകരിച്ച പേപ്പർ:  T. Padmanabhan, Hamsa Padmanabhan. Cosmic Information, the Cosmological Constant and the Amplitude of primordial perturbations, Phys. Letts. B 773 (2017) 81 - 85. https://arxiv.org/abs/1703.06144

-----------

അവലംബം, കടപ്പാട്: 

1. ഡോ.താണു പത്മനാഭനുമായി നടത്തിയ ടെലഫോൺ ഇന്റർവ്യൂ. 

2. 'Prof. Padmanabhan: A Personal and Professional History' by Jasjeet Singh Bagla and Sunu Engineer. (Gravity and the Quantum: Pedagogical Essays on Cosmology, Astrophysics, and Quantum Gravity (2017) എന്ന ഗ്രന്ഥത്തിന്റെ ആദ്യ അധ്യായം). <https://www.iucaa.in/~paddy/biodata/bio60.pdf>


3 comments:

Joseph Antony said...

'എനിക്ക് പുതിയ തലമുറയോട് പറയാനുള്ളത് ഇതാണ്.
ഏതിലാണോ നിങ്ങൾക്ക് കൂടുതൽ താത്പര്യം, അത് പിന്തുടരുക. ബഹുമതികളും അംഗീകാരങ്ങളും പിന്നാലെ എത്തിക്കൊള്ളും. ഏതെങ്കിലും ഒരു സംഗതി, മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ മഹത്വമുള്ളതായി ഞാൻ കരുതുന്നില്ല. ചെയ്യുന്ന കാര്യത്തിൽ താത്പര്യം വേണം, പ്രതിബദ്ധതയും'-താണു പത്മനാഭൻ

Anonymous said...

ഞാൻ വായിച്ചു.... ഒരുപാട് അങ്ങോട്ട് മനസിലായില്ല 🤔🤣🤣🤣🤣

Emma said...

I hadn't thought about this particular thing you pointed out, and it helped me as well…….. Meanwhile, I have these informative links to share with you! Tour Packages
Travel Packages