Tuesday, September 29, 2009

പ്രവചനങ്ങള്‍ തെറ്റുന്നു; ഭൗമതാപനില നാല് ഡിഗ്രി വര്‍ധിക്കാം

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന് മുന്നറിയിപ്പ്. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

ബ്രിട്ടനിലെ മെറ്റ് ഓഫീസ് ഹാഡ്‌ലി സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവണത കണക്കിലെടുത്ത് നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തിലാണ് പുതിയ ഫലം ലഭിച്ചത്.

'ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറച്ചില്ലെങ്കില്‍, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് നമ്മള്‍ സാക്ഷികളാകും'-മെറ്റ് ഓഫീസിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ബെറ്റ്‌സ് അറിയിക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എന്‍വിരോണ്‍മെന്റല്‍ ചേഞ്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും നല്ല കണക്കുകൂട്ടല്‍ പ്രകാരം 2070 ആകുമ്പോഴേക്കും ശരാശരി താപനില നാല് ഡിഗ്രി വര്‍ധിക്കാം. ഒരുപക്ഷേ, അത് 2060 ആകുമ്പോഴേക്കും സംഭവിക്കാം- റിച്ചാര്‍ഡ് ബെറ്റ്‌സ് പറഞ്ഞു.

യു.എന്നിന് കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി), 2007-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അന്തരീക്ഷ താപനിലയില്‍ 1.8 ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനയുണ്ടാകാം. അതില്‍ കൂടുതല്‍ താപവര്‍ധനയ്ക്ക് സാധ്യത ഐ.പി.സി.സി. തള്ളിക്കളയുന്നുമില്ല.

എന്നാല്‍, ഈ നൂറ്റാണ്ട് പകുതി കഴിയുമ്പോള്‍ തന്നെ ഐ.പി.സി.സി. പ്രവചിച്ചതിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തും ഭൂമി എന്നാണ് ബ്രിട്ടീഷ് പഠനം സൂചന നല്‍കുന്നത്. 'നാല് ഡിഗ്രി ശരാശരി താപവര്‍ധന എന്നു പറഞ്ഞാല്‍, പല മേഖലകളിലും വന്‍വര്‍ധനയാണുണ്ടാവുക. വര്‍ഷപാതത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റം സംഭവിക്കും'-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മെറ്റ് ഓഫീസ് ഗവേഷകര്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനമനുസരിച്ച്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ വ്യത്യാസമായിരിക്കും താപവര്‍ധനയില്‍ സംഭവിക്കുക. പുതിയ പഠനം പ്രവചിക്കുംപോലെ സംഭവിച്ചാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ആര്‍ട്ടിക്ക് മേഖലകളില്‍ 15 ഡിഗ്രി വരെ താപനില വര്‍ധിക്കാം.

ആഫ്രിക്കയുടെ പടിഞ്ഞാറും തെക്കും മേഖലകള്‍ സാക്ഷിയാവുക ഇപ്പോഴത്തേതിലും പത്തുഡിഗ്രി വരെ താപവര്‍ധനയ്ക്കാകും. ആഫ്രിക്കയുടെ മറ്റ് പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി വരെ താപനില വര്‍ധിക്കാമെന്നും പഠനഫലം പറയുന്നു.

കോപ്പന്‍ഹേഗനില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക സമ്മേളനം ബാങ്കോക്കില്‍ ചേരാനിരിക്കെയാണ് പുതിയ പഠനഫലം പുറത്തു വന്നിരിക്കുന്നത്. 192 രാജ്യങ്ങളുടെ പ്രതിനിധികളാണ് ബാങ്കോക്കില്‍ ഒത്തുചേരുക. ഉച്ചകോടിക്ക് മുന്നോടിയായുള്ള അവസാനത്തെ മുന്നൊരുക്ക സമ്മേളനമാണ് ബാങ്കോക്കിലേത്.(കടപ്പാട്: ബി.ബി.സി.ന്യൂസ്)

3 comments:

Joseph Antony said...

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന് മുന്നറിയിപ്പ്. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

chithrakaran:ചിത്രകാരന്‍ said...

മനുഷ്യന്‍ വറുക്കപ്പെടുമോ !!!

സേതുലക്ഷ്മി said...

എല്ലാം ഒന്ന് നന്നായി തിളക്കട്ടെ!