
Thursday, July 31, 2008
ദന്തക്ഷയമകറ്റാന്‍ പ്രകാശചികിത്സ

Thursday, July 24, 2008
പരിണാമശാസ്‌ത്രത്തിലെ അഴിയാക്കുരുക്കിന് വിശദീകരണം

പ്രകൃതിയിലെ വിചിത്രസൃഷ്ടികളാണ് ഫ്‌ളാറ്റ്‌ഫിഷുകള്‍ (flatfishes) എന്നറിയപ്പെടുന്ന മത്സ്യങ്ങള്‍. വളര്‍ച്ചയെത്തിയ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഇരുനേത്രങ്ങളും ശിരസിന്റെ ഒരുവശത്താണ് സ്ഥിതിചെയ്യുന്നത്. എന്താണിതിന് കാരണം. പരിണാമത്തില്‍ ഏത് ഘടകമാണ്, ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക് ഈ വികടരൂപഘടന നല്‍കിയത്? ചാള്‍സ് ഡാര്‍വിനെപ്പോലും വിഷമിപ്പിച്ച ചോദ്യമാണിത്. ശാസ്‌ത്രത്തിന് വിശദീകരണം നല്‍കാന്‍ കഴിയാത്തിടത്ത്, മറ്റ് ചിലര്‍ എത്തും. ഫ്‌ളാറ്റ്‌ഫിഷുകളുടെ കാര്യത്തിലും അത് സംഭവിച്ചു. അദൃശ്യമായ ഒരു ശക്തിയാണ് ഫ്‌ളാറ്റ്‌ഫിഷുകളുടെ പ്രത്യേകതയ്‌ക്ക് പിന്നിലെന്ന് വാദിച്ച്, സൃഷ്ടിവാദക്കാരുടെ പുതിയ വകഭേദമായ 'ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍' എത്തി.
അത്തരം തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇപ്പോള്‍ അന്ത്യമാകുന്നു. നൂറ്റാണ്ടിലേറെയായി യൂറോപ്യന്‍ മ്യൂസിയങ്ങളില്‍ മറഞ്ഞുകിടന്ന ചില മത്സ്യഫോസിലുകളെ ആധുനിക പരിശോധന സംവിധാനമുപയോഗിച്ചു പഠിച്ച ഗവേഷകര്‍ ഈ പ്രശ്‌നത്തിന് വ്യക്തമായ വിശദീകരണം നല്‍കിയിരിക്കുകയാണ്. ജീവപരിണാമത്തിന്റെ അടിസ്ഥാനമായി ഡാര്‍വിന്‍ മുന്നോട്ടുവെച്ച പ്രകൃതിനിര്‍ധാരണം (natural selection) തന്നെയാണ് ഫ്‌ളാറ്റ്‌ഫിഷുകളുടെ ഈ വിചിത്രഘടനയ്‌ക്കു പിന്നിലുമുള്ളതെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്. അതിജീവനത്തിന് അനുയോജ്യമായ തരത്തില്‍ ഇവയുടെ കണ്ണുകള്‍ ശിരസ്സിന്റെ ഒരേവശത്തേക്ക് ക്രമേണ എത്തുകയായിരുന്നുവത്രേ.
ശുദ്ധജലത്തിലും ലവണജലത്തിലും വസിക്കുന്ന ഫ്‌ളാറ്റ്‌ഫിഷുകളുടെ അഞ്ഞൂറിലേറെ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അസാധാരണമാംവിധം പരന്ന ശരീരഘടനയുള്ള ഇവയുടെയെല്ലാം രണ്ടു കണ്ണുകളും ശിരസിന്റെ ഒരേവശത്താണ്. ചില കുടുംബങ്ങളുടെ കണ്ണുകള്‍ തലയുടെ വലതുവശത്താണെങ്കില്‍, മറ്റ് കുടുംബങ്ങളില്‍ അവ ഇടതുവശത്താണ്. യഥാര്‍ഥത്തില്‍ ചെറുപ്പത്തില്‍, ഇവയുടെ ഇരുകണ്ണുകളും തലയുടെ ഇരുവശത്തുമാണ് സ്ഥിതിചെയ്യുന്നത്. വളരുന്തോറും കണ്ണുകളില്‍ ഒരെണ്ണം മുകളിലേക്ക് സ്ഥാനംമാറാന്‍ ആരംഭിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഇരുകണ്ണുകളും തലയുടെ ഒരേവശത്ത് അടുത്തടുത്ത സ്ഥാനങ്ങളില്‍ എത്തുന്നു. വെള്ളത്തിനടിയില്‍ തറയില്‍ പതിഞ്ഞു കിടക്കാനും, ചുറ്റുമുള്ള കാര്യങ്ങള്‍ ഇരുകണ്ണുകളും ഉപയോഗിച്ച് നിരീക്ഷിക്കാനും ഇത് ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക് അവസരമൊരുക്കുന്നു

എന്നാലിപ്പോള്‍, വിയന്നയിലെ നാച്ച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍നിന്ന്, ഷിക്കാഗോ സര്‍വകലാശാലയിലെ മാറ്റ് ഫ്രീഡ്‌മാന്‍ കണ്ടെടുത്ത പ്രാചീന ഫോസിലുകളാണ് ഈ പ്രശ്‌നത്തിന് വിശദീകരണം നല്‍കിയിരിക്കുന്നത്. 'ഇയോസീന്‍' (Eocene) യുഗത്തില്‍ (അഞ്ചുകോടി വര്‍ഷം മുമ്പുള്ളത്) ജീവിച്ചിരുന്ന രണ്ടിനം ഫ്‌ളാറ്റ്‌ഫിഷുകളുടെ ഫോസിലുകളാണ് ഫ്രീഡ്‌മാന്‍ പഠനത്തിനുപയോഗിച്ചത്. വടക്കന്‍ ഇറ്റലിയില്‍നിന്ന് ലഭിച്ചവയാണ് അവ. 'ഹെറ്റെറോനെക്ടസ്'(Heteronectes) എന്ന് പുതിയതായി പേര് നല്‍കപ്പെട്ട ഫോസിലും, 'ആംഫിസ്റ്റിയം'(Amphistium) എന്ന് പേരുള്ള ഫോസിലുമാണ് താരതമ്യം ചെയ്‌തത്. നൂറുവര്‍ഷത്തിലേറെയായി ഈ ഫോസില്‍ തെറ്റായി ക്ലാസിഫൈ ചെയ്‌തിരിക്കുകയായിരുന്നു. രണ്ട് ഫോസിലുകളും പ്രായപൂര്‍ത്തിയായ മത്സ്യങ്ങളുടേതാണ്.
സി.എ.ടി.സ്‌കാനിങ്, രാസമാര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ സങ്കേതങ്ങളിലൂടെ ഈ ഫോസിലുകളെ പഠിച്ചപ്പോള്‍, രണ്ടിനങ്ങളും ഫ്‌ളാറ്റ്‌ഫിഷുകളുടെ പ്രാചീനരൂപങ്ങളാണെന്നു വ്യക്തമായി. മാത്രമല്ല ഹെറ്റെറോനെക്ടസ് ഇനത്തിന്റെയും അംഫിസ്റ്റിയം ഇനത്തിന്റെയും ശിരസുകളുടെ ഇരുവശത്തും ഓരോ കണ്ണുകള്‍ വീതം ഉള്ളതായും കണ്ടു (ചിത്രം-1, ചിത്രം-2). ആധുനിക ഫ്‌ളാറ്റ്‌ഫിഷുകളില്‍ കാണപ്പെടുന്ന വിഘനരൂപഘടന പൂര്‍ണമായ തരത്തില്‍ ഈ പ്രാചീനയിനങ്ങളില്‍ കാണപ്പെട്ടില്ല (കണ്ണുകള്‍ രണ്ടും ശിരസിന്റെ ഒരേ വശത്ത് എത്തിയിട്ടില്ല). ആധുനിക ഫ്‌ളാറ്റ്‌ഫിഷുകള്‍ക്കും അവയുടെ പൂര്‍വികര്‍ക്കും ഇടയ്‌ക്കുള്ള കണ്ണികളാണ് ഈ പ്രാചീനയിനങ്ങള്‍ എന്നുസാരം.

Tuesday, July 22, 2008
ബഹിരാകാശ ദൗത്യങ്ങള്‍-2: എസ്.ആര്‍.ഇ.
ബഹിരാകാശ ഗവേഷണരംഗത്ത് പുതിയൊരു വിജയക്കുതിപ്പിന് ഒരുങ്ങുകയാണ് ഇന്ത്യ; 'ചന്ദ്രയാന്‍' ദൗത്യത്തിലൂടെ. ഈയവസരത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ വിജയഗാഥ രചിച്ച എസ്.ആര്‍.ഇ-1 എന്ന പുനരുപയോഗപേടക വിക്ഷേപണത്തെപ്പറ്റി ഒരു അനുസ്‌മരണം.
'ഫെര്‍മിലാബ് ' എന്ന പടുകൂറ്റന്‍ അമേരിക്കന്‍ കണികാആക്‌സലറേറ്ററിന്റെ ആദ്യമേധാവിയായിരുന്നു റോബര്‍ട്ട് വില്‍സന്‍. ആ പരീക്ഷണശാല കൊണ്ടുള്ള പ്രയോജനമെന്തെന്നും അമേരിക്കയെ രക്ഷിക്കുന്നതില്‍ അതിന് എന്തുപങ്കുവഹിക്കാനാകുമെന്നും യു.എസ്.കോണ്‍ഗ്രസ് 1969-ല്‍ വില്‍സനോട് ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ഫെര്‍മിലാബ് നല്‍കുന്ന പുതിയ അറിവ് രാജ്യരക്ഷയില്‍ നേരിട്ട് പങ്കുവഹിക്കില്ലായിരിക്കാം, രക്ഷിക്കാന്‍ പോന്നത്ര മഹത്വമുള്ള ഒന്നായി രാജ്യത്തെ മാറ്റുന്നതിന് സഹായിക്കുന്നതിലൊഴിച്ച്.
കോഹിന്നൂര്‍ രത്‌നം വീണ്ടെടുത്താല്‍ പോലും ഇന്ത്യയ്‌ക്കിനി ഇത്രയും അഭിമാനം തോന്നുമോ എന്നു സംശയം. അത്രയ്‌ക്കുണ്ടായിരുന്നു ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ നിന്ന് വീണ്ടെടുത്ത് ഭൂമിയിലെത്തിച്ചപ്പോഴത്തെ ആവേശം. ശരിക്കുമൊരു നിധിപേടകം കിട്ടിയാലത്തെ അവസ്ഥ. ഒരര്‍ത്ഥത്തില്‍ ശാസ്‌ത്രസാങ്കേതിരംഗത്ത് ഇന്ത്യയ്‌ക്കു ലഭിച്ച അമൂല്യമായൊരു നിധിപേടകം തന്നെയാണ് 'സ്‌പേസ് കാപ്‌സ്യൂള്‍ റിക്കവറി എക്‌സ്‌പെരിമെന്റ് '(എസ്.ആര്‍.ഇ-1) എന്ന ഉപഗ്രഹം. ഭാവിസാധ്യകളുടെ വാതായനം തുറക്കുന്ന നിധിപേടകം. ഗുരുത്വാകര്‍ഷണരഹിത പരീക്ഷണങ്ങള്‍ നടത്താനും, ഒരു പതിറ്റാണ്ടിനകം മനുഷ്യനെ ബഹിരാകാശത്തയയ്‌ക്കുകയെന്ന ലക്ഷ്യം സാക്ഷാത്‌ക്കരിക്കാനുമുള്ള സാങ്കേതികപേടകം.
ഭ്രമണപഥത്തില്‍നിന്ന് ഉപഗ്രത്തെ തിരികെ ഭൂമിയിലെത്തിക്കാന്‍ കഴിയുകയെന്നത് അസൂയാര്‍ഹമായ നേട്ടമാണ്. ലോകത്ത് ഇതുവരെ മൂന്നു രാജ്യങ്ങള്‍ക്കേ (അമേരിക്ക, റഷ്യ, ചൈന) അത് കഴിഞ്ഞിരുന്നുള്ളൂ. മറ്റുള്ള രാജ്യങ്ങള്‍ക്കെല്ലാം സ്വപ്‌നം മാത്രമായിരുന്നു. ആ സ്വപ്‌നമാണിപ്പോള്‍ ഇന്ത്യയും 'ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും'(ഐ.എസ്.ആര്‍.ഒ) കുറ്റമറ്റ രീതിയില്‍ സാക്ഷാല്‍ക്കരിച്ചിരിക്കുന്നത്. യുദ്ധത്തിലൂടെയും അധിനിവേശത്തിലൂടെയുമല്ല ഒരു രാജ്യത്തിന് മഹത്വമുണ്ടാവുകയെന്ന് ഇതിലൂടെ ഇന്ത്യ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു; ലോകത്തെ ഏത് ശക്തിയോടും ശാസ്‌ത്രസാങ്കേതികരംഗത്ത് മാറ്റുരയ്‌ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നും.
ഇന്ത്യ ബഹിരാകാശഗവേഷണ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചിട്ട് 45 വര്‍ഷം തികയുന്ന സമയമാണിത്. ആണവോര്‍ജ്ജവകുപ്പിന് കീഴില്‍ 'ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ചി'ന് 1962-ല്‍ രൂപം നല്‍കിയതോടെയായിരുന്നു ബഹിരാകാശഗവേഷണത്തിന്റെ തുടക്കം. തിരുവനന്തപുരത്ത് 'തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷന്‍'(ടി.ഇ.എല്‍.എസ്) എന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിച്ചുകൊണ്ട് ഇന്ത്യ ആദ്യചുവടു വെച്ചു. തുമ്പയില്‍നിന്ന് തൊടുത്തുവിടുന്ന റോക്കറ്റുകള്‍ ആകാശത്തുവെച്ച് പൊട്ടി അതിലെ കട്ടിയേറിയ ബലൂണുകളും മറ്റു ഭാഗങ്ങളും തിരുവന്തപുരം ജില്ലയിലെ ഗ്രാമങ്ങളില്‍ വീഴുക ആന്നൊക്കെ സാധാരണമായിരുന്നു. അതായിരുന്നു നാട്ടുകാര്‍ക്കിടയില്‍ അന്ന് തുമ്പയിലെ റോക്കറ്റുപരീക്ഷണങ്ങള്‍ ഉണര്‍ത്തിയ കൗതുകവും ജിജ്ഞാസയും.
അത്ര ലളിതമായ രീതിയിലായിരുന്നു തുടക്കം. അതിന്ന് ചന്ദ്രനിലേക്ക് സ്വന്തമായി വാഹനമയ്‌ക്കാന്‍ ('ചന്ദ്രയാന്‍-1') തയ്യാറെടുക്കുന്ന നിലയിലേക്ക് പുരോഗമിച്ചിരിക്കുന്നു. ഈ കാലത്തിനിടയില്‍ ഇന്ത്യന്‍ ബഹിരാകാശഗവേഷണ മേഖല ഒട്ടേറെ വിജയഗാഥകള്‍ രചിച്ചു (തീര്‍ച്ചയായും പരാജയങ്ങളും). വിക്ഷേപിച്ച ഉപഗ്രഹം തിരികെ ഭൂമിയിലെത്തിച്ചുകൊണ്ട് ആ വിജയഗാഥകള്‍ക്കെല്ലാം മാറ്റുകൂട്ടുകയാണ് ഐ.എസ്.ആര്‍.ഒ. ഇപ്പോള്‍ ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച (2007 ജനവരി 22) എസ്.ആര്‍.ഇ.ഉപഗ്രഹത്തെ തിരികെ ഭൂമിയിലെത്തിക്കുമ്പോള്‍, ഐ.എസ്.ആര്‍.ഒ.ചെയര്‍മാനും മലയാളിയുമായ ജി. മാധവന്‍നായര്‍ പറഞ്ഞു: `ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാന്‍ ആവശ്യമായ സര്‍വകാര്യങ്ങളും നമുക്കറിയാം. എന്നാല്‍, വിക്ഷേപിച്ച ഉപഗ്രഹം വീണ്ടെടുത്ത് തിരികെ കൊണ്ടുവരുന്നതില്‍ മുഴുവന്‍ കാര്യങ്ങളും അജ്ഞാതം'. ആ അജ്ഞതയുടെ ഇരുട്ടാണ് എസ്.ആര്‍.ഇ.യുടെ മുന്നില്‍ നീങ്ങിത്തുടങ്ങിയിരിക്കുന്നത്.
'ഒരര്‍ത്ഥത്തില്‍ തന്റെ സ്വന്തം മകനെ'ന്ന് മാധവന്‍നായര്‍ വിശേഷിപ്പിച്ചിട്ടുള്ള റോക്കറ്റാണ് പിഎസ്‌എല്‍വി (പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍). 44 മീറ്റര്‍ നീളവും 295 ടണ്‍ ഭാരവുമുള്ള നാലുഘട്ടറോക്കറ്റ്. അതിന്റെ വിജയകരമായ ഒന്‍പതാം വിക്ഷേപണമായിരുന്നു ജനവരി പത്തിന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് നടന്നത്. എസ്.ആര്‍.ഇ.ഉള്‍പ്പടെ നാല് ഉപഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ വിക്ഷേപണം ആശങ്കയുടെ നിഴലിലാണ് നടന്നത്. 2006 ജൂലായ് പത്തിനുണ്ടായ ജിഎസ്‌എല്‍വി (ജിയോസിങ്ക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍) വിക്ഷേപണം പരാജയപ്പെട്ടതിന്റെ ആശങ്ക ഐ.എസ്.ആര്‍.ഒ.അധികൃതരില്‍ നിന്ന് നീങ്ങിയിരുന്നില്ല. പക്ഷേ, നാല് ഉപഗ്രഹങ്ങളും കുറ്റമറ്റ രീതിയില്‍ ഭ്രമണപഥത്തിലെത്തിച്ച് പിഎസ്‌എല്‍വി അതിന്റെ റോള്‍ ഭംഗിയാക്കി. എസ്.ആര്‍.ഇ പേടകം കൂടാതെ, ഇന്ത്യയുടെ തന്നെ 'കാര്‍ട്ടോസാറ്റ്-2' (ഭാരം 680 കിലോഗ്രാം) എന്ന മാപ്പിങ് ഉപഗ്രഹവും, വിദേശത്തുനിന്നുള്ള 'ലാപാന്‍-ട്യൂബ്‌സാറ്റ് '(56 കിലോഗ്രാം), 'പെഹ്യൂവെന്‍സാറ്റ്-1'(ആറ് കിലോഗ്രാം) എന്നീ ഉപഗ്രങ്ങളുമാണ് പി.എസ്.എല്‍.വി.അന്ന് ഭ്രമണപഥത്തിലെത്തിച്ചത്.
ഉരുക്കില്‍ തീര്‍ത്ത 550 കിലോഗ്രാം ഭാരമുള്ള ബഹിരാകാശപേടകമാണ് എസ്.ആര്‍.ഇ. നിര്‍മാണച്ചെലവ് 30 കോടി രൂപ. ഗുരുത്വാകര്‍ഷണരഹിത സാഹചര്യത്തില്‍ രണ്ടു പരീക്ഷണങ്ങള്‍ക്കാവശ്യമായ സജ്ജീകരണങ്ങളും, ഡിബൂസ്റ്റിങിന് വേണ്ട റോക്കറ്റുകളും, എയ്‌റോഡൈനാമിക് ബ്രേക്കും, അന്തരീക്ഷത്തിലേക്ക് പുനപ്രവേശിക്കുമ്പോഴുണ്ടാകുന്ന കഠിനമായ ചൂടില്‍ ഉരുകാതെ കാക്കാനുള്ള താപപ്രതിരോധ കവചവും (കാര്‍ബണ്‍ ഫീനോളിക്കും സിലിക്ക കട്ടകളും ഉപയോഗിച്ചുള്ള), മൂന്ന് പാരച്യൂട്ടുകളും, കടലില്‍ വീഴുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന പൊങ്ങിക്കിടക്കാനുള്ള സംവിധാനവുമടങ്ങിയതാണ് എസ്.ആര്‍.ഇ പേടകം. ഭൂമിയില്‍ നിന്ന് 637 കിലോമീറ്റര്‍ ഉയരത്തില്‍ വൃത്തധ്രുവഭ്രമണപഥത്തിലാണ് പേടകത്തെ സ്ഥാപിച്ചത്.
ഭൂമിയെ ചുറ്റിസഞ്ചരിക്കുമ്പോള്‍ 12 ദിവസത്തിനിടെ പേടകത്തില്‍ രണ്ട് പരീക്ഷണങ്ങള്‍ നടന്നു. ഗുരുത്വാകര്‍ഷണരഹിത സാഹചര്യത്തില്‍ ലോഹങ്ങള്‍ ഉരുകുന്നതും പരലാകുന്നതും സംബന്ധിച്ചതായിരുന്നു ഒന്ന്. ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സി (ഐഐഎസ്)ന്റെയും തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്‌പേസ് സെന്ററി (വിഎസ്‌എസ്‌സി)ന്റെയും സംയുക്താഭിമുഖ്യത്തില്‍ രൂപകല്‍പ്പന ചെയ്‌ത പരീക്ഷണം. ഗുരുത്വാകര്‍ഷണരഹിത സാഹചര്യത്തില്‍ നാനോപരലുകള്‍ രൂപപ്പെടുത്തുക വഴി, സ്വാഭാവിക ജൈവഉത്‌പന്നങ്ങളോട് സാദൃശ്യമുള്ള ബയോവസ്‌തുക്കള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായിക്കുന്ന പരീക്ഷണമായിരുന്നു രണ്ടാമത്തേത്. ജാംഷെഡ്‌പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറി (എന്‍.എം.എല്‍)യാണ് ആ പരീക്ഷണം രൂപകല്‍പ്പന ചെയ്‌തത്.
കേടുപറ്റാതെ പേടകത്തെ ഭൂമിയിലെത്തിക്കുക എന്നതായിരുന്നു ഐ.എസ്.ആര്‍.ഒ.യ്‌ക്കു മുന്നിലുണ്ടായിരുന്ന യഥാര്‍ത്ഥ വെല്ലുവിളി. അമേരിക്കന്‍ ബഹിരാകാശഏജന്‍സിയായ 'നാസ'യ്‌ക്കു പോലും ഇക്കാര്യത്തില്‍ കാലിടറുന്നതിന് ലോകം പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൊളംബിയദുരന്തം. 637 കിലോമീറ്റര്‍ മുകളിലുള്ള വൃത്തഭ്രമണപഥത്തില്‍ നിന്ന് ശരിയായ ദിശയില്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിപ്പിക്കാന്‍, പേടകത്തെ വാര്‍ത്തുളഭ്രമണപഥത്തിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. ജനവരി 19-ന് ആ ഭ്രമണപഥംമാറ്റല്‍ വിജയകരമായി നടത്തി. ശരിക്കുള്ള പരീക്ഷണം ജനവരി 22-നായിരുന്നു. അന്ന് രാവിലെ 8.42-ന് പേടകത്തെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള നടപടി ആരംഭിച്ചു. ഡിബൂസ്റ്റിനായി പേടകത്തിലെ റോക്കറ്റ് ഒന്‍പതുമണിക്ക് പ്രവര്‍ത്തിപ്പിച്ചു.
ശാന്തസമുദ്രത്തിന് മുകളില്‍ വെച്ചാണ് പേടകത്തെ അതിന്റെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിക്കാനുള്ള നീക്കമാരംഭിച്ചത്. ശാന്തസമുദ്രം കടന്ന്, ധ്രുവപ്രദേശം താണ്ടി, ലഖ്‌നൗവും ശ്രീഹരിക്കോട്ടയും പിന്നിട്ട, പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ ഇറങ്ങണമായിരുന്നു. നൂറുകിലോമീറ്റര്‍ മുകളില്‍ വെച്ച് അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ പേടകത്തിന്റെ വേഗം മണിക്കൂറില്‍ 29,000 കിലോമീറ്റര്‍. വായുവുമായുള്ള ഘര്‍ഷണം മൂലം പേടകത്തിന്റെ പ്രതല ഊഷ്‌മാവ് 1400 മുതല്‍ 2000 ഡിഗ്രിസെല്‍സിയസ് വരെ! പേടകത്തിന്റെ താപപ്രതിരോധകവചം ഈ കൊടുംചൂടിനെ തടുക്കുമോ? പലര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ, ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല. നിശ്ചയിച്ചപോലെ പേടകം താഴെയെത്തി. അതിനിടയില്‍ എയ്‌റോഡൈനാമിക് ബ്രേക്കും മൂന്നു പാരച്യൂട്ടുകളും കൃത്യമായി പ്രവര്‍ത്തിച്ചു. വേഗം കാര്യമായി കുറഞ്ഞു. 9.46-ന് കടലില്‍ വീഴുമ്പോള്‍ ഒരു സാധാരണ യാത്രാബസ്സിന്റെ കുറഞ്ഞ വേഗമായി പേടകത്തിന്റേത്, മണിക്കൂറില്‍ വെറും 43 കിലോമീറ്റര്‍. കടലില്‍ വീണയുടന്‍ പൊങ്ങുസംവിധാനം സജ്ജമായി. തീരദേശസേനയും നാവികസേനയും ചേര്‍ന്ന് പേടകം 'സാരംഗ്' കപ്പലില്‍ ചെന്നൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ എന്നൂര്‍ തുറമുഖത്തെത്തിച്ചു. അവിടെ നിന്ന് ശ്രീഹരിക്കോട്ടയിലേക്ക്.
ഉപഗ്രഹങ്ങളെ വീണ്ടെടുക്കുന്ന സങ്കേതം അമേരിക്കയും റഷ്യയും ചൈനയും പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ വികസിപ്പിച്ചിരുന്നു. റഷ്യയും അമേരിക്കയും എണ്‍പതുകളുടെ തുടക്കം വരെ ചാരപ്രവര്‍ത്തനത്തിനാണ് ഇതുപയോഗിച്ചത്; ചാരഉപഗ്രഹങ്ങള്‍ എടുക്കുന്ന ശത്രുമേഖലയിലെ ഫോട്ടകളുടെ ഫിലംറോളുകള്‍ വീണ്ടെടുക്കാന്‍. 1975-ന് ശേഷം കുറഞ്ഞത് നൂറുതവണയെങ്കിലും ചൈന ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയിലിറക്കിയിട്ടുണ്ട്.ഗുരുത്വാകര്‍ഷണം മൂലം ഭൂമിയില്‍ വെച്ച് നടത്തിയാല്‍ ഫലം കാണാത്ത ഒട്ടേറെ പരീക്ഷണങ്ങളുണ്ട്. അത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ ചെലവുകുറഞ്ഞ മാര്‍ഗ്ഗമാണ്, ഉപഗ്രഹപേടകങ്ങളില്‍ പരീക്ഷണം നടത്തി അവയെ ഭൂമിയില്‍ തിരികെയെത്തിക്കുകയെന്നത്. ഔഷധഗവേഷണം മുതല്‍ കാര്‍ഷികരംഗം വരെ ഒട്ടേറെ മേഖലകളില്‍ പുത്തന്‍ കുതിച്ചുചാട്ടങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം വഴിയൊരുക്കും.
ബഹിരാകാശയാത്രികര്‍ക്ക് തിരികെയെത്താനും, ബഹിരാകാശപേടകങ്ങളെ ഭൂമിയില്‍ തിരിച്ചിറക്കുന്ന സങ്കേതം കുറ്റമറ്റതാക്കിയേ തീരൂ. നിലവില്‍ മനുഷ്യനെ ബഹിരാകാശത്തയയ്‌ക്കാന്‍ ഇന്ത്യയ്‌ക്കു പദ്ധതിയില്ല. എട്ടുവര്‍ഷം കഴിഞ്ഞേ അതു നടക്കൂ എന്നാണ് ഐ.എസ്.ആര്‍.ഒ. മേധാവി മാധവന്‍നായര്‍ പറയുന്നത്. എസ്.ആര്‍.ഇ.പേടകത്തിന്റെ തിരിച്ചുവരവ്, ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്. കടലില്‍ ഇറക്കുന്നതിലും വളരെ ബുദ്ധിമുട്ടാണ് കരയില്‍ റണ്‍വെയില്‍ ബഹിരാകാശപേടകമിറക്കുകയെന്നത്. അതിന് ഇന്ത്യ ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്. പക്ഷേ, ആരുടെയും സഹായമില്ലാതെ സ്വന്തം സാങ്കേതിവിദ്യയും ആത്മവിശ്വാസവും കൊണ്ട് ഇത്രയും നേടാമെങ്കില്‍, ഏത് ദുരം താണ്ടാനും ഇന്ത്യയ്‌ക്കു കഴിയും എന്നതില്‍ സംശയമില്ല.അമരക്കാരന്‍
ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍നിന്നു വീണ്ടെടുക്കാനുള്ള പരീക്ഷണങ്ങള്‍ ഐ.എസ്.ആര്‍.ഒ. ആരംഭിക്കുന്നത് 1966-ലാണ്. ഉപഗ്രഹമാതൃകളുണ്ടാക്കി ഹെലികോപ്‌ടറുകളില്‍ നിന്നും വിമാനങ്ങളില്‍ നിന്നുമൊക്കെ കടലിലിട്ടാണ് ആദ്യകാലത്ത് പരീക്ഷണങ്ങള്‍ നടത്തിയത്. ഡോ.എ.പി.ജെ.അബ്ദുള്‍കലാം തുമ്പയില്‍ ജോലിചെയ്‌തിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ പ്രോത്സാഹനവും ഇത്തരം പരീക്ഷണങ്ങള്‍ക്കുണ്ടായിരുന്നു. ഒട്ടേറെ തവണ ഇത്തരമൊരു പ്രോജക്ടിന് അനുമതി കിട്ടാന്‍ ശ്രമം നടന്നെങ്കിലും അതൊക്കെ അവഗണിക്കപ്പെട്ടു.
ഒടുവില്‍ ജി. മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ.യുടെ മേധാവിയായി വരേണ്ടിവന്നു പദ്ധതിക്ക് അനുമതി ലഭിക്കാന്‍. 2000-ല്‍ അനുമതി ലഭിച്ച പദ്ധതിയാണ്, എസ്.ആര്‍.ഇ.പേടകത്തിന്റെ വീണ്ടെടുക്കലോടെ സാക്ഷാത്‌ക്കരിക്കപ്പെടുന്നത്. 2005 സപ്‌തംബറില്‍ 'മാതൃഭൂമി'ക്കനുവദിച്ച അഭിമുഖത്തില്‍ മാധവന്‍നായര്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു,`ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് തിരിച്ചിറക്കാവുന്ന ഉപഗ്രങ്ങളിലാണ്`. ആ ആത്മവിശ്വാസം ലക്ഷ്യം കണ്ടുവെന്നാണ് ഇപ്പോഴത്തെ വിജയം വ്യക്തമാക്കുന്നത്. മുഖ്യശില്‌പി
നൂറിലേറെ ശാസ്‌ത്രജ്ഞരുടെ നാലരവര്‍ഷത്തെ കഠിനാധ്വാനമാണ്, എസ്.ആര്‍.ഇ.ഉപഗ്രഹം വീണ്ടെടുത്തതിലൂടെ സാഫല്യമാകുന്നത്. അതില്‍ ഏറ്റവും അഭിമാനിക്കാവുന്നത് പക്ഷേ, മലയാളിയായ എ.സുബ്രഹ്മണ്യത്തിനാണ്. അദ്ദേഹമാണ് പേടകത്തിന്റെ മുഖ്യശില്‌പി. ജനവരി പത്തിന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പേടകത്തെയും വഹിച്ച് പിഎസ്‌എല്‍വി കുതിച്ചുയരുമ്പോള്‍ സുബ്രഹ്മണ്യം പറഞ്ഞു; `എന്റെ ജോലിയിപ്പോള്‍ ആരംഭിച്ചിട്ടേയുള്ളൂ എന്ന ചിന്തയാണെനിക്ക്. ജനവരി 22-ന്റെ പ്രഭാതത്തെയാണ് ഞാന്‍ ഉറ്റുനോക്കുന്നത്, എസ്.ആര്‍.ഇ.പേടകം തിരിച്ചിറങ്ങുന്ന നിമിഷത്തെ`. പക്ഷേ, ആ നിമിഷം അദ്ദേഹത്തിന് ശ്രീഹരിക്കോട്ടയില്‍ ഉണ്ടാവാന്‍ കഴിഞ്ഞില്ല. അച്ഛന്‍ അറുമുഖംപിള്ളയുടെ മരണവാര്‍ത്തയറിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങേണ്ടി വന്നു.
(2007 ജനവരി 28-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്. ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ഐ.എസ്.ആര്‍.ഒ).
കാണുക: ബഹിരാകാശ ദൗത്യങ്ങള്‍-1
Monday, July 21, 2008
മലേറിയയെ നേരിടാന്‍ പുതിയ മാര്‍ഗം

Saturday, July 19, 2008
എട്ട് അത്ഭുതങ്ങള്‍ കൂടി ലോകപൈതൃക പട്ടികയില്‍
ലോകപൈതൃക പട്ടികയില്‍ എത്തിയ പുതിയ സ്ഥലങ്ങള്‍








8. സ്വിസ് ടെക്ടോണിക് പര്‍വത മേഖല, സ്വിറ്റ്‌സ്വര്‍ലന്‍ഡ്: ഭൗമശാസ്‌ത്ര ഗവേഷകരുടെ ഇഷ്ടസങ്കേതമാണ് വടക്കുകിഴക്കന്‍ സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ ഈ പര്‍വത മേഖല (Swiss Tectonic Arena Sardona). 1700കള്‍ മുതല്‍ പഠനം നടത്താനായി ഇവിടെ ഗവേഷകര്‍ എത്തുന്നു.(കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക്, യുണെസ്‌കോ).
Friday, July 18, 2008
ഡി.എന്‍.എ.യ്‌ക്കു മുമ്പും ജീവരൂപം!

Wednesday, July 16, 2008
ഭൂകമ്പം പ്രവചിക്കാന്‍ സാധ്യതയേറുന്നു

ഭൂകമ്പം വരുന്നത് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആശിച്ചു പോകുന്ന ഘട്ടങ്ങളുണ്ട്. എങ്കില്‍, തകര്‍ന്നു വീഴാന്‍ വിധിക്കപ്പെട്ട സ്‌കൂളില്‍നിന്ന് നൂറുകണക്കിന് കുട്ടികളെ രക്ഷിക്കാമായിരുന്നു. ദുരന്തം വേട്ടയാടാന്‍ പോകുന്നിടത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു മാറ്റി, ആയിരങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതെ കാക്കാമായിരുന്നു. പക്ഷേ, ഒരു ദാക്ഷിണ്യവും ഇതുവരെ ഭൂകമ്പം നമുക്ക് അനുവദിച്ചിട്ടില്ല. ദുരന്തം വിതയ്‌ക്കുന്നതില്‍ അത് എപ്പോഴും വിജയിക്കുന്നു. തോല്‍ക്കുന്നത്, ദുരന്തത്തിനിരയാകുന്നവര്‍ മാത്രമല്ല, ഭൂകമ്പം പ്രവചിക്കാന്‍ കഴിയാത്ത ശാസ്‌ത്രവും പരാജയമേറ്റു വാങ്ങുന്നു.
ഭൂകമ്പം പ്രവചിക്കാന്‍ മനുഷ്യന്‍ പരീക്ഷിച്ചു നോക്കാത്ത മാര്‍ഗങ്ങളില്ല, അവലംബിക്കാത്ത വിദ്യകളില്ല. ചൈനയില്‍ അതിനായി പാമ്പുനിരീക്ഷണം പോലും നടത്തുന്നു (ഇതു കാണുക). പക്ഷേ, ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകളെ പരിഹസിച്ചുകൊണ്ട് ഭൂകമ്പം ഇപ്പോഴും മുന്നറിയിപ്പില്ലാതെ വരുന്നു, മരണമായി നാശമായി. ദിവസവും ചെറുതും വലുതുമായ നൂറുകണക്കിന് ഭൂകമ്പങ്ങള്‍ ഭൂമുഖത്ത് അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ പ്രദേശങ്ങള്‍ ഏതുസമയത്തും ഭൂകമ്പത്തിന് ഇരയാകാം എന്ന ഭീഷണിയില്‍ കഴിയുന്നുണ്ട്.
ആധുനിക കാലത്ത് ഏറ്റവും വലിയ ഭൂകമ്പത്തിന് ഇരയായ നഗരങ്ങളിലൊന്നാണ് ജപ്പാനിലെ ടോക്യോ. 1923 സപ്‌തംബര്‍ ഒന്നിനുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍, അന്ന് 30 ലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന ടോക്യോയില്‍ 200000 പേര്‍ മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ടോക്യോയ്‌ക്ക് കീഴില്‍ ഭൂഫലകങ്ങളുടെ സമ്മര്‍ദം മുറുകുകയാണ്. എപ്പോള്‍ വേണമെങ്കിലും മറ്റൊരു മഹാദുരന്തം എത്താം. ഇപ്പോള്‍, ഏതാണ്ട് 300 ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. 1923-ലെ പോലെ മറ്റൊരു ഭൂകമ്പം എത്രപേരെ കൊന്നൊടുക്കും? വ്യക്തമല്ല. എന്നാല്‍, ടോക്യോയില്‍ ഇനിയൊരു ഭൂകമ്പം വരുത്താവുന്ന സാമ്പത്തിക നഷ്ടം എത്രയാകുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഏഴ്‌ലക്ഷംകോടി ഡോളര്‍ (300 ലക്ഷംകോടി രൂപ).
ഭൂകമ്പത്തിലേക്കാണ് നഗരം നീങ്ങുന്നതെന്നല്ലാതെ എപ്പോഴാകും അത് ഉണ്ടാവുക എന്ന് ആര്‍ക്കുമറിയില്ല. സുനിശ്ചിതമായ ഒരു ദുരന്തം അനിശ്ചിതത്വത്തിന്റെ ഭാരംകൂടി മനുഷ്യന് മേല്‍ ചുമത്തുന്നു. ആ ഭാരം ഇറക്കിവെയ്‌ക്കാന്‍ ഭാവിയില്‍ ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന് പുതിയ രണ്ട് പഠനങ്ങള്‍ സൂചന നല്‍കുന്നു. ഇത്രകാലവും സാധ്യമാകാതിരുന്നത്ര സൂക്ഷ്‌മതയും ക്ഷമതയുമുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ്, ഭൂകമ്പം പ്രവചിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന കാര്യത്തില്‍ ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഭൂകമ്പത്തിന് മുന്നോടിയായി ഭൂമിക്കടിയിലെ പാറകളില്‍ രൂപപ്പെടുന്ന സമ്മര്‍ദവും, അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടിലുണ്ടാകുന്ന വൈദ്യുതസിഗ്നലുകളുടെ വ്യതിയാവും പഠിച്ച രണ്ട് ഗവേഷകസംഘങ്ങളാണ് പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്നത്.
ഭൂഗര്‍ഭശിലകളിലെ സമ്മര്‍ദം
പെസഫിക് ഭൂഫലകവും (ഭൂഫലകം=tectonic plate) വടക്കേയമേരിക്കന്‍ ഭൂഫലകവും ചേരുന്ന പ്രദേശമാണ് കാലിഫോര്‍ണിയയിലെ 'സാന്‍ ആന്‍ഡ്രിയസ് ഫാള്‍ട്ട്' (San Andreas Fault). ഫലകങ്ങള്‍ ഉരയുകയും പരസ്‌പരം സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിന്റെ ഫലമായി പ്രദേശത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ മേഖലയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച സെന്‍സറുകള്‍ ഉപയോഗിച്ചു പഠനം നടത്തിയ ഗവേഷകസംഘമാണ്, ഭൂകമ്പമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭൂഗര്‍ഭശിലകളില്‍ സമ്മര്‍ദഫലമായുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതായി കണ്ടെത്തിയത്. ചെറിയൊരു ഭൂചലനം സംഭവിക്കുന്നതിന് പത്തുമണിക്കൂര്‍ മുമ്പ് മാറ്റങ്ങള്‍ ദൃശ്യമായെന്ന് 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
`പ്രായോഗികതലത്തില്‍ നോക്കിയാല്‍, പത്തുമണിക്കൂര്‍മുമ്പ് ഭൂകമ്പമുന്നറിയിപ്പ് നല്‍കാനായാല്‍, കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനും അഗ്നിശമനസേനയെ സജ്ജമാക്കാനും മറ്റ് മുന്‍കരുതലുകള്‍ കൈക്കൊള്ളാനും കഴിയും'-പഠനസംഘത്തില്‍ ഉള്‍പ്പെട്ട കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് സയന്‍സിലെ പോള്‍ സില്‍വര്‍ പറയുന്നു. 'സാന്‍ ആന്‍ഡ്രിയസ് ഫാള്‍ട്ട് ഒബ്‌സര്‍വേറ്ററി അറ്റ് ഡെപ്‌ത്' (സാഫഡ്-Safod) പദ്ധതിയുടെ ഭാഗമായി, റൈസ് സര്‍വകലാശാലയിലെയും ലോറന്‍സ് ബര്‍ക്കലി നാഷണല്‍ ലബോറട്ടറിയിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്.
'സാഫഡ്' പദ്ധതിയുടെ ഭാഗമായി ഭൂമിയില്‍ രണ്ട് തുരങ്കങ്ങള്‍ കുഴിക്കുകയാണ് ചെയ്‌തത്; ഒന്ന് ആഴംകുറഞ്ഞത്, രണ്ടാമത്തേത് ആഴം കൂടിയത്. ഫലകസംഗമസ്ഥാനത്തിന് അടുത്താണ് ആഴംകൂടിയ തുരങ്കം. ആദ്യത്തെ തുരങ്കത്തില്‍ ഭൂനിരപ്പില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴെ പീസോഇലക്ട്രിക് ഉപകരണത്തിന്റെ സഹായത്തോടെ സൃഷ്ടിച്ച ഭൂകമ്പതരംഗങ്ങള്‍ (seismic waves), രണ്ടാമത്തെ തുരങ്കത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനി പിടിച്ചെടുത്തു. `ഭൂകമ്പതരംഗങ്ങളുടെ വേഗത്തിലെ വ്യതിയാനം അറിയുകയായിരുന്നു ലക്ഷ്യം'-ഡോ.സില്‍വര്‍ പറഞ്ഞു. ആ വ്യതിയാനം ശിലകളിലെ സമ്മര്‍ദത്തിന് അനുസൃതമായിരിക്കും. ഇത്തരത്തില്‍ ശിലകളില്‍ സമ്മര്‍ദം വര്‍ധിക്കുന്നത് ഭൂകമ്പത്തിന്റെ മുന്നോടിയാകാം-ഇതായിരുന്നു പഠനത്തിന് പ്രേരിപ്പിച്ച നിഗമനം.
ഭൂകമ്പത്തിനുമുമ്പ് ഭൂഗര്‍ഭശിലകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം മനസിലാക്കുകയെന്നത്, ഭൂകമ്പപഠനശാഖയിലെ 'ഹോളി ഗ്രെയില്‍' ആയാണ് കണക്കാക്കുന്നത്-ഡോ.സില്‍വര്‍ അറിയിക്കുന്നു. പതിറ്റാണ്ടുകളായി ഗവേഷകലോകം ഇക്കാര്യം മനസിലാക്കാന്‍ ശ്രമിക്കുകയാണ്. `എന്നാല്‍, ഭൂമിക്കടിയിലെ ഇത്തരം മാറ്റങ്ങള്‍ മനസിലാക്കാന്‍ പാകത്തില്‍ സാങ്കേതികവിദ്യ വികസിച്ചത് ഇപ്പോഴാണ്'. ആദ്യപരീക്ഷണത്തില്‍ ചെറിയൊരു ഭൂകമ്പം (തീവ്രത മൂന്ന് ഉള്ളത്) ഉണ്ടാകുന്നതിന് പത്തുമണിക്കൂര്‍ മുമ്പ് ഭൂഗര്‍ഭശിലകളില്‍ സമ്മര്‍ദം വര്‍ധിച്ചത് ഗവേഷകര്‍ക്ക് മനസിലാക്കാനായി. അഞ്ചു ദിവസം കഴിഞ്ഞ് വേറൊരു ചെറുഭൂകമ്പം (തീവ്രത ഒന്ന്) ഉണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ശിലകളിലെ സമ്മര്‍ദം വ്യത്യാസപ്പെട്ടത് ഗവേഷകര്‍ കണ്ടു.
ഈ ഫലങ്ങള്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയിരിക്കുന്നതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ റൈസ് സര്‍വകലാശാലയിലെ ഫെന്‍ഗ്ലിന്‍ നിയു അറിയിക്കുന്നു. സ്ഥിരമായ ഒരു ഭൂകമ്പപ്രവചന സംവിധാനത്തിന് ഇനിയും ഏറെ പോകാനുണ്ട്. ഏതായാലും, പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തതാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് നിയു പറഞ്ഞു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരുമായും അമേരിക്കന്‍ സംഘം ബന്ധപ്പെട്ടിട്ടുണ്ട്; തങ്ങള്‍ നിരീക്ഷിച്ച ഫലം മറ്റ് ഭൂകമ്പമേഖലകളിലും പ്രാവര്‍ത്തികമാകുമോ എന്ന് മനസിലാക്കാന്‍.
ഉപഗ്രഹവിദ്യ
ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂകമ്പം പ്രവചിക്കുക എന്നത് അസംഭാവ്യമെന്നു തോന്നാം. എന്നാല്‍, ഭൂകമ്പവും അന്തരീക്ഷത്തിന്റെ ഉപരിഭാഗമായ അയണോസ്‌ഫോയറില്‍ വൈദ്യുതചാര്‍ജില്‍ വരുന്ന വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടത്ര. ഈ ബന്ധം തങ്ങള്‍ മനസിലാക്കിയിരിക്കുന്നു എന്നാണ് നാസയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദം ശരിയാണെങ്കില്‍, ഭാവിയില്‍ ഭൂകമ്പം പ്രവചിക്കുക ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളാകും. 2008 മെയ് 12-ന് ചൈനയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിന് ദിവസങ്ങള്‍ക്കുമുമ്പേ അന്തരീക്ഷത്തില്‍ വൈദ്യുതവ്യതിയാനം കണ്ടിരുന്നതായും ഗവേഷകര്‍ പറയുന്നു.
അന്തരീക്ഷത്തിലെ ഈ വൈദ്യുതവ്യതിയാനം യഥാര്‍ഥത്തില്‍ ഭൂകമ്പവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണോ എന്ന് സംശയിക്കുന്ന ഒട്ടേറെ ശാസ്‌ത്രജ്ഞരുണ്ട്. എന്നാല്‍, ചില ഭൂകമ്പങ്ങളും അയണോസ്‌ഫിയറിലെ വൈദ്യുതവ്യതിയാനവും തമ്മിലുള്ള ബന്ധം വ്യക്തമായി സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന്, കാലിഫോര്‍ണിയയില്‍ നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ മിനോരു ഫ്ര്യൂന്‍ഡ് പറയുന്നു. ഇത് സ്ഥാപിച്ചെടുക്കാന്‍ ആവശ്യമായ ശാസ്‌ത്രീയഡേറ്റ ഇപ്പോള്‍ തന്നെ കിട്ടിയിട്ടുണ്ടെന്നും, അവ ശരിയാണോ എന്നറിയാന്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നും അദ്ദേഹം അറിയിക്കുന്നു.
അന്തരീക്ഷത്തിന്റെ മറ്റ് അടരുകളില്‍നിന്ന് അയണോസ്‌ഫിയറിനുള്ള വ്യത്യാസം അതിന് വൈദ്യുതചാര്‍ജുണ്ട് എന്നതാണ്. സൂര്യനില്‍ നിന്നുള്ള റേഡിയേഷന്‍ നേരിട്ട് ഏല്‍ക്കുന്നതാണ് വൈദ്യുതചാര്‍ജിന് കാരണം. ഭൂപ്രതലത്തില്‍നിന്ന് നൂറു മുതല്‍ 600 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഈ ഭാഗത്താണ്, ഭൂകമ്പങ്ങള്‍ക്കു മുന്നോടിയായി വൈദ്യുതചാര്‍ജില്‍ വ്യതിയാനം കണ്ടത്. പിന്നീട് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ട പ്രദേശങ്ങള്‍ക്ക് മുകളിലുള്ള അയണോസ്‌ഫിയര്‍ ഭാഗത്താണ് ഉപഗ്രഹങ്ങള്‍ വൈദ്യുതവ്യതിയാനം നിരീക്ഷിച്ചത്. ഇലക്ട്രോണുകളുടെയും വൈദ്യുതചാര്‍ജുള്ള മറ്റ് കണങ്ങളുടെയും സാന്ദ്രതയില്‍ പെട്ടന്ന് വ്യത്യാസം വരുന്നതായാണ് നിരീക്ഷിച്ചത്.
പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തയ്‌വാനിലുണ്ടായ അഞ്ചോ അതിലധികമോ തീവ്രതയുള്ള നൂറിലേറെ ഭൂകമ്പങ്ങള്‍ ഗവേഷകര്‍ പരിഗണിച്ചു. ഭൂപ്രതലത്തിന് താഴെ 35 കിലോമീറ്റര്‍ പരിധിയിലുണ്ടായ എല്ലാ ഭൂചലനങ്ങള്‍ക്കും മുന്നോടിയായി അയണോസ്‌ഫിയറില്‍ വൈദ്യുതവ്യതിയാനമുണ്ടായതായി കണ്ടു. തയ്‌വാനില്‍ സെന്റര്‍ ഫോര്‍ സ്‌പേസ് ആന്‍ഡ് റിമോട്ട് സെന്‍സിങ് റിസര്‍ച്ചിലെ ജാന്‍-യെങ് ലിയുവാണ് ഈ വിശകലനം നടത്തിയത്. ഇതിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, മെയ് 12-ലെ ചൈനാഭൂകമ്പത്തിന് മുന്നോടിയായി അയണോസ്‌ഫിയറില്‍ വലിയൊരു വൈദ്യുതസൂചനയുണ്ടായെന്ന് കണ്ടെത്തിയതായി 'ബി.ബി.സി' റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്താണ് അയണോസ്‌ഫിയറും ഭൂകമ്പവും തമ്മിലുള്ള ബന്ധം എന്നത് സംബന്ധിച്ച്, മിനോരുവും അദ്ദേഹത്തിന്റെ പിതാവ് ഫ്രീഡ്‌മാന്‍ ഫ്ര്യൂന്‍ഡും (ഇദ്ദേഹവും നാസ ആമെസ് സെന്ററില്‍ ഗവേഷകനാണ്) ഒരു സിദ്ധാന്തം രൂപപ്പെടുത്തിയിട്ടുണ്ട്. ഭൂഫലകങ്ങള്‍ അകന്നു മാറുകയോ അമര്‍ന്നമരുകയോ ചെയ്യുമ്പോള്‍, ഭൂഗര്‍ഭശിലകള്‍ക്ക് സമ്മര്‍ദം വര്‍ധിക്കും. സമ്മര്‍ദമേറിയ ശിലകള്‍ ബാറ്ററികള്‍ പോലെ പ്രവര്‍ത്തിക്കുകയും, വൈദ്യുതപ്രവാഹം സൃഷ്ടിക്കുകയും ചെയ്യും. ലബോറട്ടറി പരീക്ഷണങ്ങളില്‍ ബഹുദൂരം സഞ്ചരിക്കുന്നവയെന്നു കണ്ടിട്ടുള്ള ഇലക്ട്രോണ്‍രൂപമായ 'ഫോളു' (phole) കളുടെ രൂപത്തിലാണ് വൈദ്യുതചാര്‍ജ് പ്രവഹിക്കുക. ഇവ എത്തുമ്പോള്‍ ഭൂപ്രതലം ചാര്‍ജു ചെയ്യപ്പെടും. മുകളില്‍ അയണോസ്‌ഫിയറില്‍ വൈദ്യുതവ്യതിയാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും.
ലബോറട്ടറി പരീക്ഷണത്തിലെ ഫലവും പ്രകൃതിയിലെ ഒരു പ്രതിഭാസവും ഇത്തരത്തില്‍ ബന്ധപ്പെടുത്തിയാല്‍ ശരിയായ ഗുണം കിട്ടണമെന്നില്ലെന്ന് ചില ഗവേഷകര്‍ പറയുന്നു. ഏതായാലും തന്റെ പഠനം തുടരാന്‍ തന്നെയാണ് മിനോരുവിന്റെ തീരുമാനം. പഠനം പ്രാഥമികാവസ്ഥയിലാണ് എന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല. ഭൂകമ്പത്തിന് മുന്നോടിയായുണ്ടാകുന്ന മറ്റ് ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭാവിയില്‍ ഭൂകമ്പം പ്രവചിക്കാനാകും എന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. (അവലംബം:'നേച്ചര്‍' ഗവേഷണവാരിക, റൈസ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, ബി.ബി.സി.ന്യൂസ്)
Monday, July 14, 2008
കോശമാറ്റത്തിലൂടെ അന്ധതയകറ്റാന്‍ സാധ്യത

Sunday, July 13, 2008
ബഹിരാകാശ ദൗത്യങ്ങള്‍-1: വൊയേജര്‍
ഒരു വീട് കാഴ്‌ചയില്‍ എങ്ങനെയിരിക്കും എന്നറിയാന്‍ അകത്തുനിന്നു മാത്രം നോക്കിയിട്ടു കാര്യമില്ല, പുറത്തിറങ്ങിക്കൂടി നോക്കണം. ഭൂമിയുള്‍പ്പടെ എട്ട് ഗ്രഹങ്ങളും മാതൃനക്ഷത്രമായ സൂര്യനും ഉള്‍പ്പെടുന്ന സൗരയൂഥം ഇതുവരെ അകത്തുനിന്നു മാത്രമേ മനുഷ്യന്‍ കണ്ടിട്ടുള്ളൂ. സൗരയൂഥത്തിന്റെ ബാഹ്യആകൃതി എന്നത് ഇത്രകാലവും അനുമാനം മാത്രമായിരുന്നു. എന്നാല്‍, ചരിത്രത്തിലാദ്യമായി സൗരയൂഥത്തെ പുറത്തുനിന്ന് നിരീക്ഷിക്കാന്‍ മനുഷ്യന് അവസരമുണ്ടായിരിക്കുന്നു. 30 വര്‍ഷമായി യാത്ര തുടരുകയും ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിരിലേക്ക് എത്തുകയും ചെയ്‌തിട്ടുള്ള വൊയേജര്‍ രണ്ട് പേടകമാണ്, ഈയൊരു അപൂര്‍വകാഴ്‌ച ഗവേഷകലോകത്തിന് നല്‍കിയിരിക്കുന്നത്.
ബഹിരാകാശപര്യവേക്ഷണത്തില്‍ ഇതിനകം തന്നെ ചരിത്രം സൃഷ്ടിച്ച വൊയേജര്‍ ദൗത്യം, സൗരയൂഥത്തിന്റെ ബാഹ്യദൃശ്യം ഭൂമിയിലെത്തിക്കുക വഴി പുതിയൊരു നാഴികക്കല്ലാണ് സ്ഥാപിച്ചിരിക്കുന്നത്. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം പ്രകടമാകുന്ന സ്ഥലം അവസാനിക്കുന്നിടം ഹിലിയോസ്‌ഫിയര്‍ (heliosphere) എന്നാണ് അറിയപ്പെടുന്നത്. ആ ഭാഗത്ത് സൗരവാതകങ്ങള്‍ (solar wind) ഒരു കുമിളപോലെ സൗരയൂഥമേഖലയെ പൊതിഞ്ഞിട്ടുണ്ടാകും. അതിനപ്പുറം, ആകാശഗംഗയുടെ ഇതര ഭാഗങ്ങള്‍ക്കായി സ്വാധീനം. സൂര്യന്റെ സ്വാധീനം അവസാനിക്കുയും, ബാഹ്യലോകത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്ന ഈ അതിര്‍ത്തിക്ക് 'ടെര്‍മിനേഷന്‍ ഷോക്ക്' (termination shock) എന്നാണ് പേര്.
വൊയേജര്‍ രണ്ട് വാഹനം ഈ അതിര്‍ത്തി പ്രതീക്ഷിച്ചതിലും വേഗം കടന്നു. അതിനര്‍ഥം അവിടുത്തെ ഹിലിയോസ്‌ഫിയര്‍ കരുതുന്നതിലും ഉള്‍വലിഞ്ഞാണ് സ്ഥിതിചെയ്യുന്നതെന്നാണ്. സൗരയൂഥത്തിന് ഗോളാകൃതിയല്ല, പകരം അണ്ഡാകൃതിയാണെന്നു വേണം ഇതില്‍നിന്ന് ഊഹിക്കാനെന്ന്, 'നേച്ചര്‍' ഗവേഷണവാരിക അടുത്തയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. സൗരയൂഥത്തിന്റെ ഏറ്റവും ബാഹ്യമായ ഭാഗം എന്നു കരുതപ്പെടുന്ന 'ഹിലിയോഹീത്തി' (heliosheath) ലാണ് വൊയേജര്‍ രണ്ട് ഇപ്പോഴുള്ളത്. അതങ്ങനെ അനന്തമായി പ്രയാണം തുടരും. അതിന്റെ ഇരട്ടവാഹനമായ വൊയേജര്‍ ഒന്ന് സൗരയൂഥത്തിന്റെ മറ്റൊരു ഭാഗത്ത് നമ്മളില്‍നിന്ന് അകലേക്ക് യാത്ര തുടരുകയാണ്. ഭൂമിയില്‍നിന്ന് ഏറ്റവും അകലെ സ്ഥിതിചെയ്യുന്ന മനുഷ്യനിര്‍മിതമായ വസ്‌തുവാണ് ഇപ്പോള്‍ വൊയേജര്‍ ഒന്ന്.
അത്ഭുതങ്ങളുടെ 30 വര്‍ഷം
വൊയേജര്‍ ദൗത്യം ആദ്യമായല്ല ചരിത്രം കുറിക്കുന്ന കണ്ടുപിടിത്തം നടത്തുന്നത്. 30 വര്‍ഷത്തെ അതിന്റെ പ്രയാണത്തിനിടെ, പ്രതീക്ഷിച്ചതിലും എത്രയോ അധികം വിവരങ്ങളും അത്ഭുതങ്ങളും ആ വാഹനങ്ങള്‍ സൃഷ്ടിച്ചു. 75 കോടി ഡോളറിലും അധികമായി വൊയേജര്‍ ദൗത്യത്തിന്റെ ചെലവെങ്കിലും, 1989 ആയപ്പോഴേക്കും എന്‍സൈക്ലോപ്പീഡയയുടെ 6000 പതിപ്പുകള്‍ക്ക് ആവശ്യമായത്ര വിവരങ്ങള്‍ അത് ഭൂമിയിലെത്തിച്ചു എന്നാണ് കണക്ക്. വിവരങ്ങളുടെ ആ ഒഴുക്ക് ഇനിയും അവസാനിച്ചിട്ടില്ല. സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം കുറഞ്ഞ മേഖലകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞ വൊയേജര്‍ വാഹനങ്ങള്‍, ആകാശഗംഗയിലൂടെ അനന്തമായ യാത്ര തുടരും. പക്ഷേ, 2020 വരെയേ വാഹനങ്ങളിലെ ആണവവൈദ്യുത സംവിധാനം നിലനില്‍ക്കൂ എന്നതിനാല്‍, അതോടെ വൊയേജറിന് ഭൂമിയുമായുള്ള ബന്ധം അവസാനിക്കും.
യഥാര്‍ഥത്തില്‍ 1981-ല്‍ അവസാനിക്കേണ്ടിയിരുന്ന വൊയേജര്‍ ദൗത്യമാണ്, ഗവേഷകരുടെ സര്‍വകണക്കുകളും തെറ്റിച്ചുകൊണ്ട് ഇപ്പോഴും തുടരുന്നത്. വൊയേജര്‍ ഒന്ന്, വൊയേജര്‍ രണ്ട് എന്നീ ആളില്ലാ വാഹനങ്ങളാണ് നാസയുടെ ഈ ദൗത്യത്തിലുള്ളത്. വൊയേജര്‍ രണ്ടാണ് ആദ്യം വിക്ഷേപിച്ചത്; കെന്നഡി സേപ്‌സ് സെന്ററില്‍ നിന്ന് ടൈറ്റാന്‍-സെന്റൂര്‍ റോക്കറ്റില്‍ 1977 ആഗസ്‌ത് 20-ന്. സൗരയൂഥത്തിലെ രണ്ട് ബാഹ്യഗ്രഹങ്ങളായ യുറാനസിനെയും നെപ്യൂണിനെയും അടുത്തു നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ആ വര്‍ഷം സപ്‌തംബര്‍ അഞ്ചിന് വൊയേജര്‍ ഒന്നും യാത്രതിരിച്ചു. ശനി ഗ്രഹത്തെ പഠിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം.
1965-ല്‍ അമേരിക്കന്‍ ശാസ്‌ത്രജ്ഞരായ മൈക്കല്‍ മിനോവിക്കും ഗാരി ഫ്‌ളാന്‍ഡ്രോയും കണ്ടെത്തിയ 'ഗുരുത്വാകര്‍ഷണ സഹായ സങ്കേതം' (gravity assist technique) ആണ് വൊയേജര്‍ വാഹനങ്ങള്‍ക്ക് തുണയായത്. ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ സഹായത്തോടെയാണ് ബഹിരാകാശവാഹനങ്ങളുടെ വേഗം അസാധാരണമാം വിധം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സങ്കേതമാണിത്. ഭൂമിയില്‍ നിന്ന് യാത്രതിരിച്ചപ്പോഴത്തെ വേഗത്തിലാണെങ്കില്‍ കുറഞ്ഞത് 30 വര്‍ഷം വേണമായിരുന്നു വൊയേജര്‍ രണ്ടിന് നെപ്യൂണിന് സമീപമെത്താന്‍. എന്നാല്‍ ഗുരുത്വാകര്‍ഷണ സങ്കേതം തുണയേകിയപ്പോള്‍ 12 വര്‍ഷം കൊണ്ട് അത് ലക്ഷ്യസ്ഥാനത്തെത്തി.
സൗരയൂഥത്തിലെ നാല് ബാഹ്യഗ്രഹങ്ങളും (വ്യാഴം, ശനി, യുറാനസ്, നെപ്യൂണ്‍) പ്രത്യേക സ്ഥാനങ്ങളിലെത്തുമ്പോള്‍ മാത്രമേ, ബഹിരാകാശ വാഹനങ്ങള്‍ക്ക് അവയുടെയെല്ലാം ഗുരുത്വാകര്‍ഷണ ബലം അനുകൂമാക്കാന്‍ കഴിയൂ. 175 വര്‍ഷത്തിലൊരിക്കലാണ് ഈ നാലു ഗ്രഹങ്ങളും അത്തരം സവിശേഷ സ്ഥാനങ്ങളില്‍ എത്തുക. അത്തരമൊരു അവസരം ഒത്തുവന്നതാണ് 1977-ല്‍ വൊയേജര്‍ ദൗത്യത്തിന് നാസയെ പ്രേരിപ്പിച്ചത്. രണ്ട് വൊയേജര്‍ വാഹനങ്ങള്‍ക്കും യാത്രയ്‌ക്കിടെ സ്വയം പുനക്രമീകരിക്കാന്‍ കഴിവുണ്ട്. വൊയേജര്‍ രണ്ട് വാഹനം വലിയ തോതില്‍ സ്വയം പുനക്രമീകരണം നടത്തി. വാഹനത്തിലെ ആറ് കമ്പ്യൂട്ടറുകളാണ് ഇതിന് വാഹനത്തെ സഹായിക്കുന്നത്.
വൊയേജര്‍ പേടകങ്ങളുടെ ഭാരം 815 കിലോഗ്രാം വീതം ആണ്. പതിനൊന്ന് വ്യത്യസ്‌ത നിരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഉപകരണങ്ങള്‍ വൊയേജര്‍ രണ്ടിലുണ്ട്. ടെലിവഷന്‍ ക്യാമറകള്‍, ഇന്‍ഫ്രാറെഡ്, ആള്‍ട്രാവയലറ്റ് ഡിറ്റെക്ടറുകള്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനം ഒക്കെ അതില്‍ പെടുന്നു. പ്ലൂട്ടോണിയം-238 അടങ്ങിയിട്ടുള്ള 'റേഡിയോഐസോടോപ്പ് തെര്‍മല്‍ ജനറേറ്ററുകള്‍' (RTG) ആണ് വൊയേജര്‍ വാഹനങ്ങളുടെ വൈദ്യുതസ്രോതസ്സ്. വാഹനങ്ങളിലെ ഊര്‍ജോത്‌പാദനം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് യാത്രതിരിക്കുമ്പോഴത്തേതിനെ അപേക്ഷിച്ച് 60 ശതമാനം ഊര്‍ജം വീതമേ ഇപ്പോള്‍ ഉത്‌പാദിപ്പിക്കുന്നുള്ളു. അതിനാല്‍ ക്യാമറകള്‍ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ ആള്‍ട്രാവയലറ്റ് ഡിറ്റക്ടറുകള്‍ ഇപ്പോഴും സജ്ജമാണ്.
നിലവില്‍ വൊയേജര്‍ വാഹനങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ വളരെ ദുര്‍ബലമാണ്. സെക്കന്‍ഡില്‍ 160 ബൈറ്റ്‌സ് ഡേറ്റ വീതം വാഹനങ്ങളില്‍ നിന്ന് ലഭിക്കുന്നു. വളരെ കരുത്തേറിയ ആന്റിനകള്‍ കൊണ്ടേ സിഗ്നലുകള്‍ സ്വീകരിക്കാനാവൂ. ഇതിനായി 'ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്ക്' എന്ന സംവിധാനമാണ് നാസ ഉപയോഗിക്കുന്നത്. സ്‌പെയിനിലെ മാഡ്രിഡ്, ഓസ്‌ട്രേലിയയിലെ കാന്‍ബറ, കാലിഫോര്‍ണിയയിലെ മൊജാവെ മരുഭൂമി എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ആന്റിനകളുടെ ശൃംഗലയാണിത്. ഇയോവിലെ അഗ്നിപര്‍വതം
യുറാനസിനും നെപ്യൂണിനും അടുത്തെത്തിയ ഏക വാഹനമാണ് വൊയേജര്‍ രണ്ട്. വൊയേജര്‍ രണ്ട് നെപ്യൂണിന് ഏറ്റവും അടുത്തെത്തിയത് 1989 ആഗസ്‌ത് 25-നായിരുന്നു. അതിനകം ആ വാഹനം അഞ്ച് ലക്ഷം കോടി ബൈറ്റ്‌സ് ഡേറ്റ ഭൂമിയിലേക്ക് അയച്ചിരുന്നു. 1981 നവംബര്‍ 12-ന് വൊയേജര്‍ ഒന്ന് ശനിയുടെ 64,200 കിലോമീറ്റര്‍ സമീപത്തുകൂടി കടന്നു പോയി. വൊജേയര്‍ രണ്ട് വാഹനം 1981 ആഗസ്‌ത് 25-ന് ശനിക്ക് 41,000 കിലോമീറ്റര്‍ അരികിലെത്തി.
വൊയേജറിന്റെ ഏറ്റവും വലിയ കണ്ടെത്തലുകളിലൊന്ന് വ്യാഴഗ്രഹത്തിന്റെ ഉപഗ്രഹമായ ഇയോ (Io)വിലെ സജീവ അഗ്നിപര്‍വതങ്ങളായിരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ കണ്ടെത്തല്‍. വൊയേജര്‍ ഒന്ന് 1979-ല്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിച്ച ഗവേഷകരാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഇയോവിലെ പെലെ (Pele) അഗ്നിപര്‍വത്തില്‍ നിന്ന് ധൂളീപടലങ്ങളും കട്ടിയായ പുകയും എവറസ്റ്റ് കൊടുമുടിയുടെ 30 മടങ്ങ് പൊക്കത്തിലാണ് ഉയരുന്നത്. ഭൂമിയിലല്ലാതെ സജീവ അഗ്നിപര്‍വതങ്ങള്‍ സൗരയൂഥത്തിലുണ്ട് എന്ന കാര്യം ആദ്യമായി അറിയുകയായിരുന്നു.
ശനിയുടെ വലയങ്ങള്‍ ആയിരക്കണക്കിന് ഹിമധൂളികളും ചെറുവസ്‌തുക്കളുമൊക്കെ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നതെന്ന് വൊയേജര്‍ തെളിയിച്ചു. യുറാനസ്, നെപ്യൂണ്‍ എന്നിവയുടെ കാന്തികധ്രുവങ്ങള്‍, ഗ്രഹമധ്യരേഖയ്‌ക്കരികിലാണെന്ന കണ്ടെത്തല്‍ അത്ഭുതകരമായിരുന്നു. ഭൂമിയുടെ യഥാര്‍ഥ ധ്രുവങ്ങളില്‍ തന്നെയാണ് കാന്തികധ്രുവങ്ങളും, ഭൂമധ്യരേഖയിലല്ല. യുറാനസിന്റെ ചെറു ഉപഗ്രഹമായ മിരാന്‍ഡ (500 കിലോമീറ്റര്‍ വിസ്‌താരം) യ്‌ക്കാണ്, സൗരയൂഥത്തിലെ ഏറ്റവും സങ്കീര്‍ണമായ ഗ്രഹപ്രതലമുള്ളതെന്ന കണ്ടെത്തലായിരുന്നു മറ്റൊരു അത്ഭുതം. സൗരയൂഥത്തില്‍ ഏറ്റവും വേഗത്തില്‍ വീശുന്ന കാറ്റുകള്‍ നെപ്യൂണിലാണെന്ന കണ്ടെത്തലും അതിശയിപ്പിക്കുന്നതായിരുന്നു. 2008 മെയ് 22-ലെ കണക്കുവെച്ച് വൊയേജര്‍ ഒന്ന് വാഹനം സൂര്യനില്‍നിന്ന് 106.4 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് (AU) അകലെയാണ്. 2006 സപ്‌തംബറിലെ കണക്കനുസരിച്ച് വൊയേജര്‍ രണ്ട് വാഹനം സൂര്യനില്‍ നിന്ന് 80.5 AU അകലെയാണ് സഞ്ചരിക്കുന്നത്. സൂര്യനും പ്ലൂട്ടോയും തമ്മിലുള്ള അകലത്തിന്റെ ഇരട്ടി വരുമിത്. നിലവില്‍ വൊയേജര്‍ ഒന്ന് വാഹനം സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ വേഗത്തിലും, വൊയേജര്‍ രണ്ട് വാഹനം 15 കിലോമീറ്റര്‍ വേഗത്തിലുമാണ് സഞ്ചരിക്കുന്നത്.
സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായി യാത്ര തുടരുകയെന്നതാണ് വൊയേജര്‍ വാഹനങ്ങളുടെ വിധി. 40,000 വര്‍ഷം കൊണ്ട് വൊയേജര്‍ ഒന്ന്, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍ രണ്ട് വാഹനം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വൊജേയറെത്തിയാല്‍, ഭൂമിയെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡും അവയില്‍ അടക്കം ചെയ്‌തിട്ടുണ്ട്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ്, കാള്‍ സാഗന്റെ ആശയമാണ്. 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്‌ത ശബ്ദങ്ങളും സംഗീതവും അതില്‍ ആലേഖനം ചെയ്‌തിട്ടുണ്ട്. (അവലംബം: നാസ, വിക്കിപീഡിയ).
ആദ്യ കൃത്രിമോപഗ്രഹമായ സ്‌ഫുട്‌നിക്കിനെക്കുറിച്ച് ഇവിടെ.
കാണുക: ബഹിരാകാശയുഗം പിറന്നിട്ട് അരനൂറ്റാണ്ട്, ബഹിരാകാശ ദൗത്യങ്ങള്‍-2
Friday, July 11, 2008
ഐന്‍സ്റ്റയിന് വീണ്ടും വിജയം

സാമാന്യആപക്ഷികതാ സിദ്ധാന്തത്തില്‍ (general theory of relativity) ആല്‍ബര്‍ട്ട് ഐന്‍സ്റ്റയിന്‍ നടത്തിയ ഒരു പ്രവചനം കൂടി ശരിയാണെന്ന് തെളിയിക്കാനായതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ശാസ്‌ത്രലോകം. അതീവപിണ്ഡമുള്ള രണ്ടുവസ്‌തുക്കള്‍ സമീപസ്ഥാനങ്ങളില്‍ പരസ്‌പരം ഭ്രമണം ചെയ്‌താല്‍, ഗുരുത്വാകര്‍ഷണ മണ്ഡലത്തിന്റെ സ്വാധീനത്താല്‍ അവയിലൊന്നിന്റെ അച്ചുതണ്ടിന് പ്രത്യേകതരത്തില്‍ ദിശാവ്യതിയാനം (precession) സംഭവിക്കുമെന്ന പ്രവചനമാണ് ശരിയെന്ന് തെളിഞ്ഞിരിക്കുന്നത്. അത്യപൂര്‍വ ഇരട്ട പള്‍സറുകളെ നാലുവര്‍ഷം നിരീക്ഷിച്ച് അവയുടെ ചലനം വിശകലനം ചെയ്‌ത ഗവേഷകര്‍, ഐന്‍സ്റ്റയിന്റെ 93 വര്‍ഷം പഴക്കമുള്ള പ്രവചനം സ്ഥിരീകരിക്കുകയായിരുന്നു.
പ്രേതനക്ഷത്രങ്ങളാണ് പള്‍സറുകള്‍; സൂര്യനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ മരിച്ചുകഴിഞ്ഞ് അവശേഷിക്കുന്നവ. സൂര്യനെക്കാള്‍ നാലു മുതല്‍ എട്ടു മടങ്ങു വരെ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ അവയുടെ അന്ത്യത്തില്‍ സൂപ്പര്‍നോവ സ്‌ഫോടനങ്ങള്‍ക്കു വിധേയമാകുമ്പോള്‍, അവയുടെ അകക്കാമ്പ് അതിഭീമമായ ഗുരുത്വാകര്‍ഷണബലത്താല്‍ ഞെരിഞ്ഞമരുകയും, ആറ്റങ്ങളിലെ ഇലക്ട്രോണുകള്‍ പ്രോട്ടോണുകളുമായി ചേര്‍ന്ന് ന്യൂട്രോണുകളായി മാറുകയും ചെയ്യും. ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ട നക്ഷത്രാവശിഷ്ടങ്ങളാണ് ന്യൂട്രോണ്‍താരങ്ങള്‍. ഒരു ന്യൂട്രോണ്‍താരത്തിന് ഏതാണ്ട് 16 കിലോമീറ്റര്‍ വ്യാസവും, സൂര്യന്റെ 1.4 മടങ്ങ് പിണ്ഡവും ഉണ്ടാകും. ന്യൂട്രോണ്‍താരത്തില്‍ നിന്നെടുക്കുന്ന ഒരു സ്‌പൂണ്‍ ദ്രവ്യത്തിന് ഭൂമിയില്‍ നൂറ് കോടി ടണ്‍ ഭാരമുണ്ടായിരിക്കുമെന്നാണ് കണക്ക്.
ഇത്തരം ന്യൂട്രോണ്‍താരങ്ങളില്‍ ചിലത് ഭ്രമണം ചെയ്യുന്നവയാണ്. ഭ്രമണത്തോടൊപ്പം വന്‍തോതില്‍ ഊര്‍ജം പുറത്തുവിടുകയും ചെയ്യും. ഇവയാണ് പള്‍സറുകള്‍ (Pulsars). വളരെ വേഗത്തിലുള്ള ഭ്രമണം മൂലം അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലമാണ് പള്‍സറുകള്‍ സൃഷ്ടിക്കുക. ഒപ്പം, അവയുടെ കാന്തികധ്രുവങ്ങളിലൂടെ ശക്തമായ റേഡിയോതരംഗങ്ങള്‍ ഇടവിട്ടിടവിട്ട് പുറത്തുവരികയും ചെയ്യും. ഒരു ലൈറ്റ്‌ഹൗസിലെ ചുറ്റിത്തിരിയുന്ന ലൈറ്റില്‍നിന്നുള്ള പ്രകാശം നമ്മെ തേടിയെത്തുന്ന രീതിയിലാണ്, പള്‍സറുകള്‍ റേഡിയോ തരംഗങ്ങള്‍ പുറപ്പെടുവിക്കുക. ഭൂമിയില്‍നിന്ന് റേഡിയോ ടെലസ്‌കോപ്പുകളുടെ സഹായത്തോടെ ഇവയെ നിരീക്ഷിക്കാനാകും.
1967ല്‍ ജോസെലിന്‍ ബെല്‍ ബേര്‍ണല്‍ ആണ് പള്‍സറുകളെ ആദ്യം കണ്ടെത്തിയത്. ഏതാണ്ട് 1700 പള്‍സറുകളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇരട്ട പള്‍സര്‍ സംവിധാനം ഒരെണ്ണമേ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളു. ഭൂമിയില്‍നിന്ന് 1700 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന 'PSR J0737-3039A/B' ആ പള്‍സര്‍ദ്വയത്തെ 2003-ലാണ് വാനനിരീക്ഷകര്‍ തിരിച്ചറിഞ്ഞത്. 2.4 ദിവസത്തിലൊരിക്കല്‍ പരസ്‌പരം ഭ്രമണം ചെയ്യുന്നവയാണിവ. ഇവയില്‍ പള്‍സര്‍ A, 23 മില്ലിസെക്കന്‍ഡ് കൂടുമ്പോഴും, പള്‍സര്‍ B, 2.8 സെക്കന്‍ഡ് കൂടുമ്പോഴും സ്വയംഭ്രമണം ചെയ്യുന്നു.

2003-ല്‍ ഇരട്ടപള്‍സര്‍ സംവിധാനം കണ്ടെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഏതാനും ഫലങ്ങള്‍ പരീക്ഷിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നു. ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ പുറപ്പെടുവിക്കുന്നതു മൂലമുണ്ടാകുന്ന ഊര്‍ജനഷ്ടം, ഈ പള്‍സറുകളുടെ ഭ്രമണപഥങ്ങളെ ചുരുക്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ആദ്യം തെളിയിക്കപ്പെട്ട ഒരു ഫലം. ദിവസവും ഏഴ് മില്ലിമീറ്റര്‍ എന്ന കണക്കിന് ഭ്രമണപഥം ചുരുങ്ങല്‍ (orbital decay) സംഭവിക്കുന്നു എന്നാണ് കണ്ടത്. അതുപ്രകാരം, 850 ലക്ഷം വര്‍ഷംകൊണ്ട് ഇരു പള്‍സറുകളും കൂട്ടിയിടിച്ച് തകരും. ഇത്തരത്തിലുള്ള ഭ്രമണപഥം ചുരുങ്ങള്‍ ഇരട്ടന്യൂട്രോണ്‍ താരങ്ങളില്‍ മുമ്പ് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. അത്തരമൊരു കണ്ടെത്തല്‍ നടത്തി സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രവചനം സ്ഥിരീകരിച്ച റസ്സല്‍ ഹള്‍സ്, ജോസഫ് ടെയ്‌ലര്‍ എന്നീ ഗവേഷകര്‍ 1993-ലെ ഭൗതീകശാസ്‌ത്ര നോബല്‍പുരസ്‌കാരം പങ്കിട്ടിരുന്നു.
അസ്‌ട്രോഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന ബ്രെട്ടണും മക്‌ഗില്‍ സര്‍വകലാശാലയിലെ പള്‍സര്‍ ഗ്രൂപ്പിന്റെ മേധാവിയായ ഡോ. വിക്ടോറിയ കാസ്‌പിയുമാണ് ഇപ്പോഴത്തെ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. മക്‌ഗില്‍ സര്‍വകലാശാലയിലെ ഗവേഷകരെ കൂടാതെ, അമേരിക്ക, ബ്രിട്ടണ്‍, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്‌ത്രജ്ഞരും ഐന്‍സ്റ്റയിന്റെ പ്രവചനം ശരിയാണോ എന്ന് പരീക്ഷിക്കുന്നതിന് ഒത്തുചേര്‍ന്നു. ഗ്രീന്‍ ബാങ്കില്‍ നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററിയിലെ 'റോബര്‍ട്ട് സി. ബയ്‌ഡ് ഗ്രീന്‍ ബാങ്ക് റേഡിയോ ടെലസ്‌കോപ്പ്' ഉപയോഗിച്ചായിരുന്നു നാലുവര്‍ഷം നീണ്ട നിരീക്ഷണം.
തൊട്ടടുത്ത് പരസ്‌പരം പ്രദക്ഷിണംവെയ്‌ക്കുന്ന ഇരട്ടപള്‍സറുകള്‍ സൃഷ്ടിക്കുന്ന അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തിന്റെ സ്വാധീനഫലമായി, ഭ്രമണം ചെയ്യുന്ന വസ്‌തുക്കളിലൊന്നിന്റെ അച്ചുതണ്ടിന് ദിശാമാറ്റം സംഭവിക്കുമെന്നാണ് ഐന്‍സ്റ്റയിന്‍ പ്രവചിച്ചിരുന്നത്-ഡോ.കാസ്‌പി അറിയിക്കുന്നു. 1915-ല്‍ സാമാന്യആപേക്ഷികതാ സിദ്ധാന്തത്തില്‍ എന്താണോ ഐന്‍സ്‌റ്റയിന്‍ പറഞ്ഞിരുന്നത് അതേ രീതിയില്‍ തന്നെ, ഇരട്ടപള്‍സറുകളില്‍ ഒന്നിന്റെ അച്ചുതണ്ടിന് ദിശാമാറ്റം സംഭവിക്കുന്നതായി നിരീക്ഷണത്തില്‍ തെളിഞ്ഞെന്ന്, 'സയന്‍സ്' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
പള്‍സറുകള്‍ ചെറിയ വസ്‌തുക്കളായതിനാല്‍ ഭൂമിയില്‍നിന്ന് അവയെ നേരിട്ടു നിരീക്ഷിച്ച്, അച്ചുതണ്ടിന്റെ ദിശാവ്യതിയാനം പഠിക്കുക സാധ്യമല്ല. പള്‍സറുകളില്‍ ഒരെണ്ണം രണ്ടാമത്തേതിന്റെ മുന്നിലെത്തുമ്പോള്‍, പുറകിലുള്ളതില്‍ നിന്നു പുറപ്പെടുന്ന റേഡിയോ കിരണങ്ങള്‍ മുന്നിലേതിന്റെ കാന്തികമണ്ഡലം ആഗിരണം ചെയ്യും. ഈ സാധ്യതയാണ്, അവയുടെ അച്ചുതണ്ടിന്റെ ദിശ മനസിലാക്കാന്‍ ഗവേഷകര്‍ക്ക് തുണയായത്. ആകാശഗോളങ്ങളുടെയും മറ്റും അച്ചുതണ്ടിലുള്ള ദിശാമാറ്റം (precession) സൗരയൂഥത്തിലും നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ സംഭവിക്കുന്നതായി ഐന്‍സ്‌റ്റയിന്‍ പ്രവചിച്ചത് തികച്ചും വ്യത്യസ്‌തമായ ദിശാമാറ്റമാണ്. അതാണ് ഇപ്പോള്‍ ശരിയെന്ന് തെളിഞ്ഞിരിക്കുന്നത്.
`ഇതുവരെ നടത്തിയ പരീക്ഷണങ്ങളെയെല്ലാം ഐന്‍സ്‌റ്റയിന്റെ സിദ്ധാന്തം വിജയകരമായി തരണം ചെയ്‌തുകഴിഞ്ഞു; ഞങ്ങളുടേത് അടക്കം. ഭാവിയില്‍ ആരെങ്കിലും ഗുരുത്വാകര്‍ഷണം സംബന്ധിച്ച് പുതിയൊരു സിദ്ധാന്തവുമായി മുന്നോട്ടു വന്നാല്‍, അവര്‍ക്ക് ഞങ്ങളുടെ ഈ പരീക്ഷണഫലവും കണക്കിലെടുക്കേണ്ടി വരും'-ബ്രെട്ടണ്‍ പറയുന്നു. `ഐന്‍സ്റ്റയിന്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍, ഈ ഫലത്തില്‍ അദ്ദേഹം ആഹ്ലാദിച്ചേനെ. തന്റെ സിദ്ധാന്തം സ്ഥിരീകരിച്ചതില്‍ മാത്രമാകില്ല ആ ആഹ്ലാദം, അതിന് സ്വീകരിക്കപ്പെട്ട നൂതനമായ മാര്‍ഗത്തെക്കുറിച്ചും അദ്ദേഹം സന്തോഷവാനായേനെ'-മഞ്ചെസ്‌റ്റര്‍ സര്‍വകലാശാലയിലെ ഡോ.മൈക്കല്‍ ക്രാമര്‍ അഭിപ്രായപ്പെടുന്നു.
സ്ഥിരീകരിക്കപ്പെടുന്ന നാലാം പ്രവചനം
സാമാന്യആപേക്ഷികതാ സിദ്ധാന്തത്തില്‍ ഒട്ടേറെ പ്രചനങ്ങളും സാധ്യതകളുമുണ്ട്. പ്രപഞ്ചത്തിന്റെ ഉത്ഭവം, വികാസം, ഭാവി ഒക്കെ അതില്‍ പെടുന്നു. തമോഗര്‍ത്തങ്ങളാണ് മറ്റൊരു സാധ്യത. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട് ആ സിദ്ധാന്തം മുന്നോട്ടുവെച്ച പ്രവചനങ്ങളില്‍ നാലാമത്തേതാണ് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെടുന്നത്.
ഗുരുത്വാകര്‍ഷണത്താല്‍ പ്രകാശകിരണം പോലും വളയുമെന്നതാണ് സാമാന്യആപേക്ഷികതാ സിദ്ധാന്തത്തിലെ ആദ്യം തെളിയിക്കപ്പെട്ട പ്രവചനം. അതിന് ഐന്‍സ്റ്റയിന്‍ തന്നെ ഒരു മാര്‍ഗം നിര്‍ദേശിച്ചു. ഗ്രഹണസമയത്ത്, സൂര്യനു സമീപത്തുകൂടി കടന്നുവരുന്ന നക്ഷത്രരശ്‌മികളെ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു ആ നിര്‍ദ്ദേശം. 1919-ല്‍ ബ്രിട്ടീഷ് വാനശാസ്‌ത്രജ്ഞനായ ആര്‍തര്‍ എഡിങ്‌ടന്റെ നേതൃത്വത്തിലുള്ള സംഘം, പടിഞ്ഞാറന്‍ ആഫ്രിക്കയിലെ പ്രിന്‍സിപ്പെയില്‍ വെച്ച് നടത്തിയ നിരീക്ഷണത്തില്‍ ഐന്‍സ്റ്റയിന്റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞു. ഐന്‍സ്റ്റയിനെയും ആപേക്ഷികതാ സിദ്ധാന്തത്തെയും ലോകപ്രശസ്‌തമാക്കിയത് ആ പരീക്ഷണമായിരുന്നു.
സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ബുധന്റെ ഭ്രമണപഥത്തിന് ഒരു സവിശേഷതയുണ്ട്. മറ്റ് ഗ്രഹങ്ങളുടെ ഭ്രമണപഥത്തെ അപേക്ഷിച്ച് കൂടുതല്‍ വാര്‍ത്തുളം (elliptical) ആണത്. ഭ്രമണപഥത്തിന്റെ അച്ചുതണ്ട് നിരന്തരം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു നൂറ്റാണ്ടില്‍ ഭ്രമണപഥത്തിനുണ്ടാകുന്ന ഈ മാറ്റം ഐസക് ന്യൂട്ടന്റെ സിദ്ധാന്തം അനുസരിച്ച് കണക്കാക്കുമ്പോള്‍, നിരീക്ഷണഫലങ്ങള്‍ നല്‍കുന്ന സംഖ്യയെക്കാള്‍ 43 ഡിഗ്രി കുറവാണ്. എന്നാല്‍, സമാന്യആപേക്ഷികതാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഐന്‍സ്റ്റയിനും എം.ഗ്രോസ്സ്‌മാനും ചേര്‍ന്ന് കൃത്യമായി ഈ മാറ്റം കണക്കുകൂട്ടി. ന്യൂട്ടോണിയന്‍ സിദ്ധാന്തത്തിലെ പിശകുപോലും ശരിയാക്കുന്ന സിദ്ധാന്തമാണ് ഐന്‍സ്‌റ്റയിന്റേത് എന്ന് ഇത് വെളിവാക്കി.
ഗുരുത്വാകര്‍ഷണ മണ്ഡലത്തിലൂടെ സഞ്ചരിക്കുന്ന ഫോട്ടോണിന് ഊര്‍ജശോഷണം സംഭവിക്കുകയും, അത് പ്രകാശവര്‍ണരാജിയുടെ (spectrum) ചുവപ്പുഭാഗത്തേക്ക് നീങ്ങുകയും ചെയ്യുമെന്നതാണ് സാമാന്യആപേക്ഷികതാ സിദ്ധാന്തം മുന്നോട്ടുവെയ്‌ക്കുന്ന മറ്റൊരു പ്രവചനം. ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ പ്രകാശത്തിന് സംഭവിക്കുന്ന ഈ ചുവപ്പുമാറ്റത്തിന് 'ഐന്‍സ്റ്റയിന്‍ ചുവപ്പുമാറ്റം' (Einstein redshift) എന്നാണ് പേര്. ആകാശഗോളങ്ങളെ നിരീക്ഷിച്ച് ഇത് ശരിയാണെന്ന് 1925-ല്‍ തന്നെ ശാസ്‌ത്രലോകം സ്ഥിരീകരിച്ചു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തിലും ഈ പ്രവചനം ശരിയാണെന്ന് 1959-ല്‍ തെളിയിക്കപ്പെട്ടു. 23 മീറ്റര്‍ ഉയരുമുള്ള ഗോപുരത്തിലാണ് പരീക്ഷണം നടന്നത്. ഗോപുരത്തിന്റെ ചുവട്ടില്‍നിന്ന് മുകളിലെത്തുമ്പോഴേക്കും ഗാമാകിരണങ്ങള്‍ കൂടിയ തരംഗദൈര്‍ഘ്യമുള്ളവയായി (ഊര്‍ജശോഷണം സംഭവിച്ചവയായി) കാണപ്പെട്ടു.
മുമ്പ് സ്ഥിരീകരിക്കപ്പെട്ട ഐന്‍സ്റ്റയിന്റെ മൂന്ന് പ്രവചനങ്ങള്‍ ഇവയാണ്. ഇപ്പോള്‍ ഇരട്ടപള്‍സറുകളുടെ സഹായത്തോടെയും ഐന്‍സ്‌റ്റയിന്റെ വിജയഗാഥ തുടരുകയാണ്. ഇനിയും കണ്ടെത്താനുള്ള ഒട്ടേറെക്കാര്യങ്ങള്‍ സാമാന്യആപേക്ഷികതാ സിദ്ധാന്തം ബാക്കിവെച്ചിട്ടുണ്ട്; ഗുരുത്വാകര്‍ഷണതരംഗങ്ങള്‍ ഉള്‍പ്പടെ. അവ സ്ഥിരീകരിക്കുകയാണ് 21-ാം നൂറ്റാണ്ടില്‍ ഭൗതികശാസ്‌ത്രത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
(അവലംബം:സയന്‍സ് ഗവേഷണ വാരിക, മക്‌ഗില്‍ സര്‍വകലാശാലയുടെയും നാഷണല്‍ റേഡിയോ അസ്‌ട്രേണമി ഒബ്‌സര്‍വേറ്ററിയുടെയും വാര്‍ത്താക്കുറിപ്പുകള്‍, Relativity Simply Explained-by Martin Gardner, The Cambridge Dictionary of Scientists).
Thursday, July 10, 2008
ചന്ദ്രനിലെ ജലസാന്നിധ്യം

ഏതാണ്ട് 450 കോടി വര്‍ഷം മുമ്പ്, ചൊവ്വായുടെ വലിപ്പുമുള്ള ഒരു വസ്‌തുവും ഭൂമിയും തമ്മിലുണ്ടായ അതിഭീമമായ കൂട്ടിയിടിയുടെ ഫലമാണ് ചന്ദ്രന്‍. ആ കൂട്ടിയിലുണ്ടായ അത്യുഷ്‌ണത്തില്‍ ചന്ദ്രനിലെ ജലമെല്ലാം ബാഷ്‌പമായി നഷ്ടപ്പെട്ടു എന്നാണ് ഇത്രകാലവും ശാസ്‌ത്രലോകം കരുതിയിരുന്നത്. എന്നാല്‍, ആ നിഗമനം തിരുത്താന്‍ സമയമായിരിക്കുന്നു എന്ന് പുതിയൊരു ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
ചന്ദ്രന്റെയുള്ളില്‍ വെള്ളം ഉണ്ടായിരുന്നു. 300 കോടി വര്‍ഷംമുമ്പാണ്ടായ ലാവാപ്രവാഹത്തില്‍, ഉള്ളില്‍നിന്ന് ചാന്ദ്രപ്രതലത്തില്‍ വെള്ളം എത്തിയിരുന്നുവെന്ന് പുതിയ ലക്കം 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 1960-കളിലും 1970-കളിലും അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍നിന്ന് ശേഖരിച്ച് ഭൂമിയിലെത്തിച്ച പരലുകളും മാഗ്മ (ലാവ) ഉറഞ്ഞുണ്ടായ ഗ്ലാസ്‌തുണ്ടുകളും പരിശോധിച്ച ഗവേഷകരാണ്, ചന്ദ്രന്റെയുള്ളില്‍ വെള്ളമുണ്ടായിരുന്നു എന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.
ചന്ദ്രനില്‍നിന്നുള്ള ബഹുവര്‍ണ ഗ്ലാസ്‌തുണ്ടുകളുടെ ('വോലടൈല്‍സ്' -volatiles-എന്നാണിവ അറിയപ്പെടുന്നത്) ഉള്ളടക്കവും രാസഘടനയും മനസിലാക്കാന്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഗവേഷകര്‍ കാര്യമായ ശ്രമം നടത്തിയിട്ടുണ്ട്. അവയില്‍ ജലത്തിന്റെ സൂക്ഷ്‌മസാന്നിധ്യമാണ് കൂടുതലായി തേടിയത്. എന്നാല്‍, കണ്ടെത്താന്‍ കഴിഞ്ഞില്ല. ചന്ദ്രന്‍ ഒരു ജലരഹിത മേഖലയാണെന്ന കാര്യത്തില്‍ നിഗമന ഐക്യം ഉണ്ടായത് അങ്ങനെയാണ്.
എന്നാല്‍, ബ്രൗണ്‍ സര്‍വകലാശാല, കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഫോര്‍ സയന്‍സ്, കേസ് വെസ്‌റ്റേണ്‍ റിസര്‍വ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള ഒരുസംഘം ഗവേഷകര്‍, 'സെക്കന്‍ഡറി അയണ്‍ മാസ് സ്‌പെക്ട്രോമെട്രി' (SIMS) സങ്കേതം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍, ചാന്ദ്രഗ്ലാസ്‌തുണ്ടുകളിലും ലവണങ്ങളിലും അതിസൂക്ഷ്‌മ അളവില്‍ ജലം അടങ്ങിയിരിക്കുന്നതായി കണ്ടെത്തി.
"അഞ്ച് പി.പി.എം. (parts per million-ppm) വരുന്നത്ര ചെറിയ അളവിലുള്ള ജലസാന്നിധ്യം പോലും തിരിച്ചറിയാനുള്ള ഉപാധി ഞങ്ങള്‍ വികസിപ്പിച്ചു"-കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ എറിക് ഹൗറി അറിയിക്കുന്നു. ചന്ദ്രനില്‍നിന്നുള്ള വസ്‌തുക്കളില്‍ 46 പി.പി.എം.വരെ ജലം കണ്ടെത്താനായത് തങ്ങളെ അമ്പരിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
ചന്ദ്രനിലെ പ്രാചീന മാഗ്മയില്‍ ജലത്തിന്റെ സാന്നിധ്യം എതാണ്ട് 750 പി.പി.എം.വരെ ആയിരുന്നിരിക്കാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ഭൂമിയിലും പ്രാചീന മാഗ്മയിലും ഇത്രയും അളവ് ജലമുണ്ടായിരുന്നു എന്ന് കണ്ടിട്ടുണ്ട്. ഇതുപ്രകാരം, ഭൂമിയുടെയുള്ളിലുള്ളയത്ര വെള്ളം ചന്ദ്രന്റെ അകക്കാമ്പിലും ഒരുകാലത്ത് ഉണ്ടായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.
ചന്ദ്രനുള്ളിലെ 95 ശതമാനം വെള്ളവും അഗ്നിപര്‍വതങ്ങള്‍ വഴി പുറത്തുവന്നിരിക്കാം. അങ്ങനെയെങ്കില്‍ ആ വെള്ളമെല്ലാം എവിടെ പോയി? ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഭൂമിയുടേതിനെ അപേക്ഷിച്ച് ദുര്‍ബലമാണ്. അതിനാല്‍, ഭൂമിയിലെ പോലെ ഒരു അന്തരീക്ഷം അവിടെയില്ല. പുറത്തുവന്ന വെള്ളത്തില്‍ ഒരു പങ്ക് അതുമൂലം ശൂന്യതയിലേക്ക് നഷ്ടമായിരിക്കാം. ബാക്കിയുള്ളതില്‍ നല്ലൊരു പങ്ക് തണുത്ത ധ്രുവപ്രദേശത്ത് മഞ്ഞുകട്ടകളുടെ രൂപത്തില്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.
ചന്ദ്രന്‍ ഉണ്ടാകാന്‍ കാരണമായ കൂട്ടിയിടി നടക്കും മുമ്പുതന്നെ ഭൂമിയില്‍ ജലസാന്നിധ്യമുണ്ടായിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍ സൂചന നല്‍കുന്നതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ബ്രൗണ്‍ സര്‍വകലാശാലയിലെ ആല്‍ബെര്‍ട്ടോ സാല്‍ പറയുന്നു. നാസ ഈ വര്‍ഷം വിക്ഷേപിക്കുന്ന 'ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററി'ന്റെ ലക്ഷ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ജലസാന്നിധ്യം തേടലാണ്. ഈ പ്രശ്‌നം കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍, 2009-ല്‍ 'ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ് സെന്‍സിങ് സാറ്റ്‌ലൈറ്റ്' വിക്ഷേപിക്കും. (അവലംബം: ബ്രൗണ്‍ സര്‍വകലാശാല, കാര്‍നജീ ഇന്‍സ്‌റ്റിട്ട്യൂഷന്‍ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍).
Monday, July 07, 2008
ജീനിനെ പ്രേരിപ്പിച്ച് ഹൃദയം സൃഷ്ടിക്കാം

ഒരു പ്രത്യേക ജീന്‍ ഉപയോഗിച്ചു പ്രേരണ ചെലുത്തി ഭ്രൂണവിത്തുകോശങ്ങളില്‍നിന്ന് ഹൃദയഭാഗങ്ങള്‍ സൃഷ്ടിക്കാമെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഈ കണ്ടെത്തല്‍ വിത്തുകോശ ഗവേഷണരംഗത്തും, ഹൃദ്രോഗചികിത്സയിലും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പുതിയ ഹൃദ്രോഗചികിത്സാ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും തകരാര്‍ പറ്റിയ ഹൃദയപേശികള്‍ പൂര്‍വസ്ഥിതിയിലാക്കാനും ഈ മാര്‍ഗം ഭാവിയില്‍ സഹായകമാകും.
വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ കെന്നെത്ത് മര്‍ഫിയും സംഘവും എലികളുടെ ഭ്രൂണവിത്തുകോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ മുന്നേറ്റം സാധ്യമായതെന്ന്, 'സെല്‍ സ്റ്റെംസെല്‍' എന്ന ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 'മെസ്‌പ്1'(Mesp1) എന്ന ജീന്‍ ഉപയോഗിച്ചാണ് ഭൂണവിത്തുകോശങ്ങളെ ഹൃദയഭാഗങ്ങളാക്കാന്‍ ഗവേഷകര്‍ക്കായത്. തകരാര്‍ സംഭവിച്ച ഹൃദയഭാഗങ്ങള്‍ ശരിയാക്കാന്‍ ഈ മാര്‍ഗം സഹായിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.
"തകാര്‍ പറ്റിയ ഹൃദയം ശരിപ്പെടുത്താന്‍ ഈ ഒറ്റ ജീന്‍ മതിയാകില്ല. പക്ഷേ, ഒരു വലിയ അഴിയാക്കുരുക്കിലെ മുഖ്യകണ്ണിയാണ് ഈ ജീന്‍"-മര്‍ഫി അഭിപ്രായപ്പെടുന്നു. ഹൃദയസംവിധാനത്തിന്റെ മുഴുവന്‍ നിയന്ത്രണം കൈയാളുന്ന വലിയൊരു ജീന്‍ഗണത്തിലെ ആദ്യകണ്ണിയാണിത്. ഈ ജീന്‍ 'മെസ്‌പ്1' പ്രോട്ടീനിന് കാരണമാകുന്നതിനൊപ്പം, മറ്റ് ചില പ്രോട്ടീനുകളും ഇതിന്റെ സ്വാധീനഫലമായി സൃഷ്ടിക്കപ്പെടുന്നുണ്ടാകാം. ആ പ്രോട്ടീനുകള്‍ വേറെ ജീനുകളെ പ്രവര്‍ത്തനക്ഷമമാക്കും. അങ്ങനെ ജീനുകളുടെ ചതുരംഗക്കളത്തിലെ പരസ്‌പരബന്ധിതമായ കരുനീക്കങ്ങളാണ്, ഹൃദയസംവിധാനത്തിന്റെ മൊത്തം പ്രവര്‍ത്തനം സാധ്യമാക്കുന്നതും നിയന്ത്രിക്കുന്നതും.
സിരകള്‍, ചര്‍മം, കരള്‍, ഹൃദയം എന്നിങ്ങനെ ഏത് ശരീരഭാഗമായും പരിണമിക്കാന്‍ ശേഷിയുള്ളവയാണ് ഭ്രൂണവിത്തുകോശങ്ങള്‍. പക്ഷേ, അവ എങ്ങനെയാണ് വിവിധ കോശഭാഗങ്ങളായി മാറുന്നതെന്ന് മനസിലാക്കുകയാണ്, വിത്തുകോശ ഗവേഷണരംഗം നേരിടുന്ന യഥാര്‍ഥ വെല്ലുവിളി-മര്‍ഫി പറയുന്നു. ഭ്രൂണം അതിന്റെ പ്രാരംഭഘട്ടത്തില്‍ എങ്ങനെ വളര്‍ന്നു വികസിക്കുന്നു എന്നതിനെപ്പറ്റി കുറെയേറെ കാര്യങ്ങള്‍ ശാസ്‌ത്രലോകത്തിന് അറിയാം. എന്നാല്‍, 'മെസ്‌പ്1' പോലുള്ള ജീനുകള്‍ വിത്തുകോശങ്ങളെ വ്യത്യസ്‌തയിനം കോശങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റി ഇനിയും ഏറെ അറിയാനുണ്ട്-അദ്ദേഹം പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഗവേഷകര്‍ തിരിച്ചറിഞ്ഞ ജീനാണ് 'മെസ്‌പ്1'. ഹൃദയത്തിന്റെയും അനുബന്ധഘടകങ്ങളുടെയും വളര്‍ച്ചയ്‌ക്ക് ഈ ജീന്‍ അത്യന്താപേക്ഷിതമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഭ്രൂണവിത്തുകോശങ്ങളില്‍ ഈ ജീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ഇതുവരെ മനസിലായിരുന്നില്ല. ഹൃദയസംവിധാനത്തിന്റെ രൂപപ്പെടല്‍ ഈ ജീനില്‍നിന്ന് തുടങ്ങുതായാണ് മര്‍ഫിയും സംഘവും എത്തിയിരിക്കുന്ന നിഗമനം. ഹൃദയം, രക്തക്കുഴലുകള്‍, ഹൃദയസംവിധാനവുമായി ബന്ധപ്പെട്ട മറ്റ് കോശഭാഗങ്ങള്‍ എന്നിവയൊക്കെ ആരംഭിക്കുന്ന 'മിസോഡേം'(mesoderm) എന്ന ഭ്രൂണവിത്തുകോശപാളി രൂപപ്പെടാന്‍ ഈ ജീനുണ്ടാക്കുന്ന പ്രോട്ടീന്‍ പ്രേരണയാകുന്നു.
ഹൃദയസംവിധാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാക്കുന്നത് മുഖ്യമായും മൂന്നിനം കോശങ്ങളുടെ സഹായത്തോടെയാണ്. എന്‍ഡോഥെലിയല്‍ കോശങ്ങള്‍ (രക്തധമനികളുടെ ഉള്‍വശത്ത് കാണപ്പെടുന്നവ), മിനുസമുള്ള പേശീകോശങ്ങള്‍ (രക്തവാഹിനിക്കുഴലുകളും സിരകളും നിര്‍മിച്ചിരിക്കുന്നത്), ഹൃദയകോശങ്ങള്‍ (ഹൃദയം നിര്‍മിച്ചിരിക്കുന്നത്) എന്നിവയാണവ. 'മെസ്‌പ്1'എന്ന ജീന്‍ സന്നിവേശിപ്പിച്ച ഭ്രൂണവിത്തുകോശങ്ങള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയപ്പോള്‍, ഈ മൂന്നിനം കോശങ്ങളില്‍ ഏതെങ്കിലും ഒന്നായി അവ രൂപപ്പെട്ടു. ഇതര ജീനുകളുടെ കൂടെ സ്വാധീനഫലമായാണ്, ഏത് കോശയിനമായി വിത്തുകോശങ്ങള്‍ മാറണം എന്ന് തീരുമാനിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.
ഹൃദയസംവിധാനത്തിന്റെ വളര്‍ച്ചയില്‍ പിന്നീട് സ്വാധീനം ചെലുത്തുന്ന ജീനുകളില്‍ ഏതാനും എണ്ണത്തെപ്പറ്റി ശാസ്‌ത്രലോകത്തിന് ധാരണയുണ്ട്. 'മെസ്‌പ്1' എന്ന ആദ്യകണ്ണിയില്‍നിന്ന് തുടങ്ങി, ഹൃദയസംവിധാനത്തിന്റെ രൂപപ്പെടലിന് ഇടയാക്കുന്ന ജീനുകളുടെ ചതുരംഗക്കളി മുഴുവന്‍ ഒന്നൊന്നായി മനസിലാക്കലാണ് മര്‍ഫിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഹൃദയസംവിധാനത്തിലെ മൂന്നിനം കോശങ്ങളുടെയും രൂപ്പെടലിന് വഴിവെക്കുന്ന ജനിതക ഊടുവഴികളെല്ലാം അറിയുന്നതോടെ, തകരാര്‍ പറ്റിയതോ രോഗബാധിതമോ ആയ ഹൃദയം ചികിത്സിച്ചു ഭേദമാക്കുക വൈദ്യശാസ്‌ത്രത്തിന് ഒരു പ്രശ്‌നമേ അല്ല എന്ന സ്ഥിതിവരും. (അവലംബം: വാഷിങ്‌ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്റെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി).
Thursday, July 03, 2008
മലിനീകരണമകറ്റാന്‍ നാനോസങ്കേതം

പ്രവചനാതീതമായ കാര്യങ്ങളാണ് നാനോടെക്‌നോളജിയെന്ന നവശാസ്‌ത്രശാഖ അതിന്റെ ആവനാഴിയില്‍ കരുതിവെച്ചിരിക്കുന്നത്. അതിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൊന്നാണിത്. നാനോടെക്‌നോളജി രംഗത്ത് ഇതിനകം ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയായ പ്രശസ്‌ത അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ പ്രൊഫ. പുളിക്കല്‍ എം. അജയനും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കണ്ണൂര്‍ സ്വദേശിയുമായ ഡോ.ഷൈജുമോന്‍ മാണിക്കോത്തുമാണ് പുതിയ സങ്കേതം കണ്ടെത്തുന്നതില്‍ വിജയിച്ചത്. (ഇതിനകം തന്നെ ലോകത്തെ അമ്പരിപ്പിച്ച കണ്ടെത്തലുകള്‍ നടത്തിയ ടീമാണ് ഇവര്‍. ഒരു ഉദാഹരണം ഇവിടെ). റൈസ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സ് വകുപ്പിലെ പ്രൊഫസറാണ് അജയന്‍.
സ്വയം പ്രവര്‍ത്തനനിരതമാകുന്ന 'സ്‌മാര്‍ട്ട്‌വസ്‌തു'ക്കളുടെ നിര്‍മാണത്തിന് നാനോടെക്‌നോളജി സഹായിക്കുമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാവുകയാണ് പുതിയ ഗവേഷണം. പെന്‍സിലിന്റെ ഒരറ്റത്ത് റബ്ബര്‍കട്ട ഘടിപ്പിച്ചതുപോലെ, അതിസൂക്ഷ്‌മമായ കാര്‍ബണ്‍ നാനോട്യൂബുകളുടെ അഗ്രഭാഗത്ത് സ്വര്‍ണത്തിന്റെ സൂക്ഷ്‌മകണങ്ങള്‍ പിടിപ്പിച്ചുണ്ടാക്കായ നാനോദണ്ഡുകളാണ്, വെള്ളത്തില്‍നിന്ന് എണ്ണ വേര്‍തിരിക്കാന്‍ പ്രൊഫ. അജയനും സംഘവും ഉപയോഗിച്ചതെന്ന്, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഗവേഷണപ്രസിദ്ധീകരണമായ 'നാനോ ലെറ്റേഴ്‌സി'ല്‍ വന്ന പഠനറിപ്പോര്‍ട്ട് പറയുന്നു.
`വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയംസമ്മേളിക്കുന്ന അകാര്‍ബണിക നാനോകണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയെന്നതാണ് നാനോടെക്‌നോളജി വിപ്ലവത്തിന്റെ കാതല്‍'-പ്രൊഫ.അജയന്‍ പറയുന്നു. സ്വര്‍ണകണങ്ങള്‍ അഗ്രത്ത് ഘടിപ്പിച്ച കാര്‍ബണ്‍ നാനോദണ്ഡുകളുടെ രൂപകല്‍പ്പനയ്‌ക്ക് ഗവേഷകരെ പ്രേരിപ്പിച്ചത് അടിസ്ഥാന രസതന്ത്രത്തിലെ ഒരു വസ്‌തുതയാണ്. ക്രാര്‍ബണ്‍അഗ്രം ജലത്തില്‍നിന്ന് അകന്നു നില്‍ക്കും (hydrophobic) എന്ന കാര്യവും, സ്വര്‍ണം ജലത്തെ ഇഷ്ടപ്പെടും (hydrophilic) എന്നതുമാണത്. ഇങ്ങനെ ജലം ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ രാസവസ്‌തുക്കള്‍ കൂട്ടിപ്പിണഞ്ഞുണ്ടായ ആവരണത്തിനുള്ളിലാണ്, നമ്മുടെ ശരീരത്തിലെ ഓരോ കോശവും ജലസമൃദ്ധമായി സ്ഥിതിചെയ്യുന്നത്. നാനോദണ്ഡുകളുപയോഗിച്ചു സൃഷ്ടിച്ച പാക്കറ്റുകള്‍ കോശആവരണത്തിന് സമാനമാണ്.
പ്രൊഫ.അജയനും ഡോ.ഷൈജുമോനും ഉള്‍പ്പെട്ട ടീമില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഫുങ് സുവോങ് ഓയുവും അംഗമായിരുന്നു. നാനോദണ്ഡുകളിലെ കാര്‍ബണ്‍അഗ്രം വെള്ളത്തില്‍നിന്ന് വിട്ടുനില്‍ക്കും എന്നതിനാല്‍, വെള്ളത്തില്‍ കലര്‍ന്ന എണ്ണതുള്ളിയെ ഇവ കൂട്ടിപ്പിണഞ്ഞ് പാക്കറ്റുപോലെ ഉള്ളിലാക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ഗവേഷകര്‍ക്കായി. എണ്ണയില്‍ പതിച്ച വെള്ളത്തുള്ളികളുടെ കാര്യത്തില്‍ നാനോദണ്ഡുകളുടെ പ്രവര്‍ത്തനം വിപരീതദിശയിലായി.
ഇത്തരം നാനോദണ്ഡുകളില്‍ രാസപരിഷ്‌ക്കരണങ്ങള്‍ വരുത്തി, പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇനിയുള്ള ശ്രമമെന്ന് ഗവേഷകര്‍ പറയുന്നു. സ്വയംസമ്മേളിക്കുന്ന നാനോദണ്ഡുകള്‍ ഉപയോഗിച്ച്, വിഷമയമല്ലാത്ത രീതിയില്‍ ഈ പ്രക്രിയ വികസിപ്പിക്കുന്നതിനും അപ്പുറത്തേക്ക് ഈ ആശയം പോകേണ്ടതുണ്ടെന്ന് പ്രൊഫ.അജയന്‍ പറയുന്നു. സ്വയംസമ്മേളിക്കുന്ന ഇത്തരം നാനോഘടനകള്‍ക്ക് യഥാര്‍ഥ ലോകത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. (അവലംബം: റൈസ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).
കാണുക: കറുപ്പിന്റെ ഏഴഴക്
അണുക്കളെ അകറ്റുന്ന ചായം
നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍