
ഭൂകമ്പം വരുന്നത് മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആശിച്ചു പോകുന്ന ഘട്ടങ്ങളുണ്ട്. എങ്കില്‍, തകര്‍ന്നു വീഴാന്‍ വിധിക്കപ്പെട്ട സ്‌കൂളില്‍നിന്ന് നൂറുകണക്കിന് കുട്ടികളെ രക്ഷിക്കാമായിരുന്നു. ദുരന്തം വേട്ടയാടാന്‍ പോകുന്നിടത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു മാറ്റി, ആയിരങ്ങളെ മരണത്തിന് വിട്ടുകൊടുക്കാതെ കാക്കാമായിരുന്നു. പക്ഷേ, ഒരു ദാക്ഷിണ്യവും ഇതുവരെ ഭൂകമ്പം നമുക്ക് അനുവദിച്ചിട്ടില്ല. ദുരന്തം വിതയ്‌ക്കുന്നതില്‍ അത് എപ്പോഴും വിജയിക്കുന്നു. തോല്‍ക്കുന്നത്, ദുരന്തത്തിനിരയാകുന്നവര്‍ മാത്രമല്ല, ഭൂകമ്പം പ്രവചിക്കാന്‍ കഴിയാത്ത ശാസ്‌ത്രവും പരാജയമേറ്റു വാങ്ങുന്നു.
ഭൂകമ്പം പ്രവചിക്കാന്‍ മനുഷ്യന്‍ പരീക്ഷിച്ചു നോക്കാത്ത മാര്‍ഗങ്ങളില്ല, അവലംബിക്കാത്ത വിദ്യകളില്ല. ചൈനയില്‍ അതിനായി പാമ്പുനിരീക്ഷണം പോലും നടത്തുന്നു (ഇതു കാണുക). പക്ഷേ, ശാസ്‌ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകളെ പരിഹസിച്ചുകൊണ്ട് ഭൂകമ്പം ഇപ്പോഴും മുന്നറിയിപ്പില്ലാതെ വരുന്നു, മരണമായി നാശമായി. ദിവസവും ചെറുതും വലുതുമായ നൂറുകണക്കിന് ഭൂകമ്പങ്ങള്‍ ഭൂമുഖത്ത് അനുഭവപ്പെടുന്നുണ്ട്. ഒട്ടേറെ പ്രദേശങ്ങള്‍ ഏതുസമയത്തും ഭൂകമ്പത്തിന് ഇരയാകാം എന്ന ഭീഷണിയില്‍ കഴിയുന്നുണ്ട്.
ആധുനിക കാലത്ത് ഏറ്റവും വലിയ ഭൂകമ്പത്തിന് ഇരയായ നഗരങ്ങളിലൊന്നാണ് ജപ്പാനിലെ ടോക്യോ. 1923 സപ്‌തംബര്‍ ഒന്നിനുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍, അന്ന് 30 ലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന ടോക്യോയില്‍ 200000 പേര്‍ മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ടോക്യോയ്‌ക്ക് കീഴില്‍ ഭൂഫലകങ്ങളുടെ സമ്മര്‍ദം മുറുകുകയാണ്. എപ്പോള്‍ വേണമെങ്കിലും മറ്റൊരു മഹാദുരന്തം എത്താം. ഇപ്പോള്‍, ഏതാണ്ട് 300 ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. 1923-ലെ പോലെ മറ്റൊരു ഭൂകമ്പം എത്രപേരെ കൊന്നൊടുക്കും? വ്യക്തമല്ല. എന്നാല്‍, ടോക്യോയില്‍ ഇനിയൊരു ഭൂകമ്പം വരുത്താവുന്ന സാമ്പത്തിക നഷ്ടം എത്രയാകുമെന്ന് കണക്കാക്കിയിട്ടുണ്ട്. ഏഴ്‌ലക്ഷംകോടി ഡോളര്‍ (300 ലക്ഷംകോടി രൂപ).
ഭൂകമ്പത്തിലേക്കാണ് നഗരം നീങ്ങുന്നതെന്നല്ലാതെ എപ്പോഴാകും അത് ഉണ്ടാവുക എന്ന് ആര്‍ക്കുമറിയില്ല. സുനിശ്ചിതമായ ഒരു ദുരന്തം അനിശ്ചിതത്വത്തിന്റെ ഭാരംകൂടി മനുഷ്യന് മേല്‍ ചുമത്തുന്നു. ആ ഭാരം ഇറക്കിവെയ്‌ക്കാന്‍ ഭാവിയില്‍ ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന് പുതിയ രണ്ട് പഠനങ്ങള്‍ സൂചന നല്‍കുന്നു. ഇത്രകാലവും സാധ്യമാകാതിരുന്നത്ര സൂക്ഷ്‌മതയും ക്ഷമതയുമുള്ള ഉപകരണങ്ങളുടെ സഹായത്തോടെയാണ്, ഭൂകമ്പം പ്രവചിക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കുമെന്ന കാര്യത്തില്‍ ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഭൂകമ്പത്തിന് മുന്നോടിയായി ഭൂമിക്കടിയിലെ പാറകളില്‍ രൂപപ്പെടുന്ന സമ്മര്‍ദവും, അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടിലുണ്ടാകുന്ന വൈദ്യുതസിഗ്നലുകളുടെ വ്യതിയാവും പഠിച്ച രണ്ട് ഗവേഷകസംഘങ്ങളാണ് പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്നത്.
ഭൂഗര്‍ഭശിലകളിലെ സമ്മര്‍ദം
പെസഫിക് ഭൂഫലകവും (ഭൂഫലകം=tectonic plate) വടക്കേയമേരിക്കന്‍ ഭൂഫലകവും ചേരുന്ന പ്രദേശമാണ് കാലിഫോര്‍ണിയയിലെ 'സാന്‍ ആന്‍ഡ്രിയസ് ഫാള്‍ട്ട്' (San Andreas Fault). ഫലകങ്ങള്‍ ഉരയുകയും പരസ്‌പരം സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിന്റെ ഫലമായി പ്രദേശത്ത് തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട്. ആ മേഖലയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ച സെന്‍സറുകള്‍ ഉപയോഗിച്ചു പഠനം നടത്തിയ ഗവേഷകസംഘമാണ്, ഭൂകമ്പമുണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭൂഗര്‍ഭശിലകളില്‍ സമ്മര്‍ദഫലമായുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നതായി കണ്ടെത്തിയത്. ചെറിയൊരു ഭൂചലനം സംഭവിക്കുന്നതിന് പത്തുമണിക്കൂര്‍ മുമ്പ് മാറ്റങ്ങള്‍ ദൃശ്യമായെന്ന് 'നേച്ചര്‍' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
`പ്രായോഗികതലത്തില്‍ നോക്കിയാല്‍, പത്തുമണിക്കൂര്‍മുമ്പ് ഭൂകമ്പമുന്നറിയിപ്പ് നല്‍കാനായാല്‍, കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു മാറ്റാനും അഗ്നിശമനസേനയെ സജ്ജമാക്കാനും മറ്റ് മുന്‍കരുതലുകള്‍ കൈക്കൊള്ളാനും കഴിയും'-പഠനസംഘത്തില്‍ ഉള്‍പ്പെട്ട കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് സയന്‍സിലെ പോള്‍ സില്‍വര്‍ പറയുന്നു. 'സാന്‍ ആന്‍ഡ്രിയസ് ഫാള്‍ട്ട് ഒബ്‌സര്‍വേറ്ററി അറ്റ് ഡെപ്‌ത്' (സാഫഡ്-Safod) പദ്ധതിയുടെ ഭാഗമായി, റൈസ് സര്‍വകലാശാലയിലെയും ലോറന്‍സ് ബര്‍ക്കലി നാഷണല്‍ ലബോറട്ടറിയിലെയും ഗവേഷകര്‍ ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്.
'സാഫഡ്' പദ്ധതിയുടെ ഭാഗമായി ഭൂമിയില്‍ രണ്ട് തുരങ്കങ്ങള്‍ കുഴിക്കുകയാണ് ചെയ്‌തത്; ഒന്ന് ആഴംകുറഞ്ഞത്, രണ്ടാമത്തേത് ആഴം കൂടിയത്. ഫലകസംഗമസ്ഥാനത്തിന് അടുത്താണ് ആഴംകൂടിയ തുരങ്കം. ആദ്യത്തെ തുരങ്കത്തില്‍ ഭൂനിരപ്പില്‍നിന്ന് ഒരു കിലോമീറ്റര്‍ താഴെ പീസോഇലക്ട്രിക് ഉപകരണത്തിന്റെ സഹായത്തോടെ സൃഷ്ടിച്ച ഭൂകമ്പതരംഗങ്ങള്‍ (seismic waves), രണ്ടാമത്തെ തുരങ്കത്തില്‍ സ്ഥാപിച്ച ഭൂകമ്പമാപിനി പിടിച്ചെടുത്തു. `ഭൂകമ്പതരംഗങ്ങളുടെ വേഗത്തിലെ വ്യതിയാനം അറിയുകയായിരുന്നു ലക്ഷ്യം'-ഡോ.സില്‍വര്‍ പറഞ്ഞു. ആ വ്യതിയാനം ശിലകളിലെ സമ്മര്‍ദത്തിന് അനുസൃതമായിരിക്കും. ഇത്തരത്തില്‍ ശിലകളില്‍ സമ്മര്‍ദം വര്‍ധിക്കുന്നത് ഭൂകമ്പത്തിന്റെ മുന്നോടിയാകാം-ഇതായിരുന്നു പഠനത്തിന് പ്രേരിപ്പിച്ച നിഗമനം.
ഭൂകമ്പത്തിനുമുമ്പ് ഭൂഗര്‍ഭശിലകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം മനസിലാക്കുകയെന്നത്, ഭൂകമ്പപഠനശാഖയിലെ 'ഹോളി ഗ്രെയില്‍' ആയാണ് കണക്കാക്കുന്നത്-ഡോ.സില്‍വര്‍ അറിയിക്കുന്നു. പതിറ്റാണ്ടുകളായി ഗവേഷകലോകം ഇക്കാര്യം മനസിലാക്കാന്‍ ശ്രമിക്കുകയാണ്. `എന്നാല്‍, ഭൂമിക്കടിയിലെ ഇത്തരം മാറ്റങ്ങള്‍ മനസിലാക്കാന്‍ പാകത്തില്‍ സാങ്കേതികവിദ്യ വികസിച്ചത് ഇപ്പോഴാണ്'. ആദ്യപരീക്ഷണത്തില്‍ ചെറിയൊരു ഭൂകമ്പം (തീവ്രത മൂന്ന് ഉള്ളത്) ഉണ്ടാകുന്നതിന് പത്തുമണിക്കൂര്‍ മുമ്പ് ഭൂഗര്‍ഭശിലകളില്‍ സമ്മര്‍ദം വര്‍ധിച്ചത് ഗവേഷകര്‍ക്ക് മനസിലാക്കാനായി. അഞ്ചു ദിവസം കഴിഞ്ഞ് വേറൊരു ചെറുഭൂകമ്പം (തീവ്രത ഒന്ന്) ഉണ്ടാകുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ശിലകളിലെ സമ്മര്‍ദം വ്യത്യാസപ്പെട്ടത് ഗവേഷകര്‍ കണ്ടു.
ഈ ഫലങ്ങള്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയിരിക്കുന്നതെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ റൈസ് സര്‍വകലാശാലയിലെ ഫെന്‍ഗ്ലിന്‍ നിയു അറിയിക്കുന്നു. സ്ഥിരമായ ഒരു ഭൂകമ്പപ്രവചന സംവിധാനത്തിന് ഇനിയും ഏറെ പോകാനുണ്ട്. ഏതായാലും, പുതിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തതാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് നിയു പറഞ്ഞു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകരുമായും അമേരിക്കന്‍ സംഘം ബന്ധപ്പെട്ടിട്ടുണ്ട്; തങ്ങള്‍ നിരീക്ഷിച്ച ഫലം മറ്റ് ഭൂകമ്പമേഖലകളിലും പ്രാവര്‍ത്തികമാകുമോ എന്ന് മനസിലാക്കാന്‍.
ഉപഗ്രഹവിദ്യ
ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂകമ്പം പ്രവചിക്കുക എന്നത് അസംഭാവ്യമെന്നു തോന്നാം. എന്നാല്‍, ഭൂകമ്പവും അന്തരീക്ഷത്തിന്റെ ഉപരിഭാഗമായ അയണോസ്‌ഫോയറില്‍ വൈദ്യുതചാര്‍ജില്‍ വരുന്ന വ്യതിയാനവും തമ്മില്‍ ബന്ധമുണ്ടത്ര. ഈ ബന്ധം തങ്ങള്‍ മനസിലാക്കിയിരിക്കുന്നു എന്നാണ് നാസയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. ഈ അവകാശവാദം ശരിയാണെങ്കില്‍, ഭാവിയില്‍ ഭൂകമ്പം പ്രവചിക്കുക ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളാകും. 2008 മെയ് 12-ന് ചൈനയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിന് ദിവസങ്ങള്‍ക്കുമുമ്പേ അന്തരീക്ഷത്തില്‍ വൈദ്യുതവ്യതിയാനം കണ്ടിരുന്നതായും ഗവേഷകര്‍ പറയുന്നു.
അന്തരീക്ഷത്തിലെ ഈ വൈദ്യുതവ്യതിയാനം യഥാര്‍ഥത്തില്‍ ഭൂകമ്പവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണോ എന്ന് സംശയിക്കുന്ന ഒട്ടേറെ ശാസ്‌ത്രജ്ഞരുണ്ട്. എന്നാല്‍, ചില ഭൂകമ്പങ്ങളും അയണോസ്‌ഫിയറിലെ വൈദ്യുതവ്യതിയാനവും തമ്മിലുള്ള ബന്ധം വ്യക്തമായി സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്ന്, കാലിഫോര്‍ണിയയില്‍ നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകനായ മിനോരു ഫ്ര്യൂന്‍ഡ് പറയുന്നു. ഇത് സ്ഥാപിച്ചെടുക്കാന്‍ ആവശ്യമായ ശാസ്‌ത്രീയഡേറ്റ ഇപ്പോള്‍ തന്നെ കിട്ടിയിട്ടുണ്ടെന്നും, അവ ശരിയാണോ എന്നറിയാന്‍ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്‌തുവരികയാണെന്നും അദ്ദേഹം അറിയിക്കുന്നു.
അന്തരീക്ഷത്തിന്റെ മറ്റ് അടരുകളില്‍നിന്ന് അയണോസ്‌ഫിയറിനുള്ള വ്യത്യാസം അതിന് വൈദ്യുതചാര്‍ജുണ്ട് എന്നതാണ്. സൂര്യനില്‍ നിന്നുള്ള റേഡിയേഷന്‍ നേരിട്ട് ഏല്‍ക്കുന്നതാണ് വൈദ്യുതചാര്‍ജിന് കാരണം. ഭൂപ്രതലത്തില്‍നിന്ന് നൂറു മുതല്‍ 600 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള ഈ ഭാഗത്താണ്, ഭൂകമ്പങ്ങള്‍ക്കു മുന്നോടിയായി വൈദ്യുതചാര്‍ജില്‍ വ്യതിയാനം കണ്ടത്. പിന്നീട് ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ട പ്രദേശങ്ങള്‍ക്ക് മുകളിലുള്ള അയണോസ്‌ഫിയര്‍ ഭാഗത്താണ് ഉപഗ്രഹങ്ങള്‍ വൈദ്യുതവ്യതിയാനം നിരീക്ഷിച്ചത്. ഇലക്ട്രോണുകളുടെയും വൈദ്യുതചാര്‍ജുള്ള മറ്റ് കണങ്ങളുടെയും സാന്ദ്രതയില്‍ പെട്ടന്ന് വ്യത്യാസം വരുന്നതായാണ് നിരീക്ഷിച്ചത്.
പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തയ്‌വാനിലുണ്ടായ അഞ്ചോ അതിലധികമോ തീവ്രതയുള്ള നൂറിലേറെ ഭൂകമ്പങ്ങള്‍ ഗവേഷകര്‍ പരിഗണിച്ചു. ഭൂപ്രതലത്തിന് താഴെ 35 കിലോമീറ്റര്‍ പരിധിയിലുണ്ടായ എല്ലാ ഭൂചലനങ്ങള്‍ക്കും മുന്നോടിയായി അയണോസ്‌ഫിയറില്‍ വൈദ്യുതവ്യതിയാനമുണ്ടായതായി കണ്ടു. തയ്‌വാനില്‍ സെന്റര്‍ ഫോര്‍ സ്‌പേസ് ആന്‍ഡ് റിമോട്ട് സെന്‍സിങ് റിസര്‍ച്ചിലെ ജാന്‍-യെങ് ലിയുവാണ് ഈ വിശകലനം നടത്തിയത്. ഇതിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും, മെയ് 12-ലെ ചൈനാഭൂകമ്പത്തിന് മുന്നോടിയായി അയണോസ്‌ഫിയറില്‍ വലിയൊരു വൈദ്യുതസൂചനയുണ്ടായെന്ന് കണ്ടെത്തിയതായി 'ബി.ബി.സി' റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്താണ് അയണോസ്‌ഫിയറും ഭൂകമ്പവും തമ്മിലുള്ള ബന്ധം എന്നത് സംബന്ധിച്ച്, മിനോരുവും അദ്ദേഹത്തിന്റെ പിതാവ് ഫ്രീഡ്‌മാന്‍ ഫ്ര്യൂന്‍ഡും (ഇദ്ദേഹവും നാസ ആമെസ് സെന്ററില്‍ ഗവേഷകനാണ്) ഒരു സിദ്ധാന്തം രൂപപ്പെടുത്തിയിട്ടുണ്ട്. ഭൂഫലകങ്ങള്‍ അകന്നു മാറുകയോ അമര്‍ന്നമരുകയോ ചെയ്യുമ്പോള്‍, ഭൂഗര്‍ഭശിലകള്‍ക്ക് സമ്മര്‍ദം വര്‍ധിക്കും. സമ്മര്‍ദമേറിയ ശിലകള്‍ ബാറ്ററികള്‍ പോലെ പ്രവര്‍ത്തിക്കുകയും, വൈദ്യുതപ്രവാഹം സൃഷ്ടിക്കുകയും ചെയ്യും. ലബോറട്ടറി പരീക്ഷണങ്ങളില്‍ ബഹുദൂരം സഞ്ചരിക്കുന്നവയെന്നു കണ്ടിട്ടുള്ള ഇലക്ട്രോണ്‍രൂപമായ 'ഫോളു' (phole) കളുടെ രൂപത്തിലാണ് വൈദ്യുതചാര്‍ജ് പ്രവഹിക്കുക. ഇവ എത്തുമ്പോള്‍ ഭൂപ്രതലം ചാര്‍ജു ചെയ്യപ്പെടും. മുകളില്‍ അയണോസ്‌ഫിയറില്‍ വൈദ്യുതവ്യതിയാനങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും.
ലബോറട്ടറി പരീക്ഷണത്തിലെ ഫലവും പ്രകൃതിയിലെ ഒരു പ്രതിഭാസവും ഇത്തരത്തില്‍ ബന്ധപ്പെടുത്തിയാല്‍ ശരിയായ ഗുണം കിട്ടണമെന്നില്ലെന്ന് ചില ഗവേഷകര്‍ പറയുന്നു. ഏതായാലും തന്റെ പഠനം തുടരാന്‍ തന്നെയാണ് മിനോരുവിന്റെ തീരുമാനം. പഠനം പ്രാഥമികാവസ്ഥയിലാണ് എന്നതില്‍ അദ്ദേഹത്തിന് തര്‍ക്കമില്ല. ഭൂകമ്പത്തിന് മുന്നോടിയായുണ്ടാകുന്ന മറ്റ് ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി, ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭാവിയില്‍ ഭൂകമ്പം പ്രവചിക്കാനാകും എന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. (അവലംബം:'നേച്ചര്‍' ഗവേഷണവാരിക, റൈസ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, ബി.ബി.സി.ന്യൂസ്)
1 comment:
ഭൂകമ്പത്തിലേക്കാണ് ടോക്യോ നഗരം നീങ്ങുന്നതെന്നല്ലാതെ എപ്പോഴാകും അത് ഉണ്ടാവുക എന്ന് ആര്‍ക്കുമറിയില്ല. സുനിശ്ചിതമായ ഒരു ദുരന്തം അനിശ്ചിതത്വത്തിന്റെ ഭാരംകൂടി മനുഷ്യന് മേല്‍ ചുമത്തുന്നു. ആ ഭാരം ഇറക്കിവെയ്‌ക്കാന്‍ ഭാവിയില്‍ ഒരുപക്ഷേ, കഴിഞ്ഞേക്കുമെന്ന് പുതിയ രണ്ട് പഠനങ്ങള്‍ സൂചന നല്‍കുന്നു. ഭൂകമ്പത്തിന് മുന്നോടിയായി ഭൂമിക്കടിയിലെ പാറകളില്‍ രൂപപ്പെടുന്ന സമ്മര്‍ദവും, അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടിലുണ്ടാകുന്ന വൈദ്യുതസിഗ്നലുകളുടെ വ്യതിയാവും പഠിച്ച രണ്ട് ഗവേഷകസംഘങ്ങളാണ് പുതിയ സാധ്യതകള്‍ മുന്നോട്ടു വെയ്‌ക്കുന്നത്.
Post a Comment