
ഒരു പ്രത്യേക ജീന്‍ ഉപയോഗിച്ചു പ്രേരണ ചെലുത്തി ഭ്രൂണവിത്തുകോശങ്ങളില്നിന്ന് ഹൃദയഭാഗങ്ങള്‍ സൃഷ്ടിക്കാമെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഈ കണ്ടെത്തല്‍ വിത്തുകോശ ഗവേഷണരംഗത്തും, ഹൃദ്രോഗചികിത്സയിലും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. പുതിയ ഹൃദ്രോഗചികിത്സാ മാര്‍ഗങ്ങള്‍ വികസിപ്പിക്കാനും തകരാര്‍ പറ്റിയ ഹൃദയപേശികള്‍ പൂര്‍വസ്ഥിതിയിലാക്കാനും ഈ മാര്‍ഗം ഭാവിയില്‍ സഹായകമാകും.
വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ കെന്നെത്ത് മര്‍ഫിയും സംഘവും എലികളുടെ ഭ്രൂണവിത്തുകോശങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ മുന്നേറ്റം സാധ്യമായതെന്ന്, 'സെല്‍ സ്റ്റെംസെല്‍' എന്ന ഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 'മെസ്പ്1'(Mesp1) എന്ന ജീന്‍ ഉപയോഗിച്ചാണ് ഭൂണവിത്തുകോശങ്ങളെ ഹൃദയഭാഗങ്ങളാക്കാന് ഗവേഷകര്‍ക്കായത്. തകരാര്‍ സംഭവിച്ച ഹൃദയഭാഗങ്ങള്‍ ശരിയാക്കാന്‍ ഈ മാര്‍ഗം സഹായിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകര്‍ ഇപ്പോള്‍.
"തകാര് പറ്റിയ ഹൃദയം ശരിപ്പെടുത്താന്‍ ഈ ഒറ്റ ജീന്‍ മതിയാകില്ല. പക്ഷേ, ഒരു വലിയ അഴിയാക്കുരുക്കിലെ മുഖ്യകണ്ണിയാണ് ഈ ജീന്‍"-മര്‍ഫി അഭിപ്രായപ്പെടുന്നു. ഹൃദയസംവിധാനത്തിന്റെ മുഴുവന്‍ നിയന്ത്രണം കൈയാളുന്ന വലിയൊരു ജീന്ഗണത്തിലെ ആദ്യകണ്ണിയാണിത്. ഈ ജീന്‍ 'മെസ്പ്1' പ്രോട്ടീനിന് കാരണമാകുന്നതിനൊപ്പം, മറ്റ് ചില പ്രോട്ടീനുകളും ഇതിന്റെ സ്വാധീനഫലമായി സൃഷ്ടിക്കപ്പെടുന്നുണ്ടാകാം. ആ പ്രോട്ടീനുകള്‍ വേറെ ജീനുകളെ പ്രവര്‍ത്തനക്ഷമമാക്കും. അങ്ങനെ ജീനുകളുടെ ചതുരംഗക്കളത്തിലെ പരസ്പരബന്ധിതമായ കരുനീക്കങ്ങളാണ്, ഹൃദയസംവിധാനത്തിന്റെ മൊത്തം പ്രവര്‍ത്തനം സാധ്യമാക്കുന്നതും നിയന്ത്രിക്കുന്നതും.
സിരകള്‍, ചര്‍മം, കരള്‍, ഹൃദയം എന്നിങ്ങനെ ഏത് ശരീരഭാഗമായും പരിണമിക്കാന്‍ ശേഷിയുള്ളവയാണ് ഭ്രൂണവിത്തുകോശങ്ങള്‍. പക്ഷേ, അവ എങ്ങനെയാണ് വിവിധ കോശഭാഗങ്ങളായി മാറുന്നതെന്ന് മനസിലാക്കുകയാണ്, വിത്തുകോശ ഗവേഷണരംഗം നേരിടുന്ന യഥാര്‍ഥ വെല്ലുവിളി-മര്‍ഫി പറയുന്നു. ഭ്രൂണം അതിന്റെ പ്രാരംഭഘട്ടത്തില്‍ എങ്ങനെ വളര്‍ന്നു വികസിക്കുന്നു എന്നതിനെപ്പറ്റി കുറെയേറെ കാര്യങ്ങള്‍ ശാസ്ത്രലോകത്തിന് അറിയാം. എന്നാല്‍, 'മെസ്പ്1' പോലുള്ള ജീനുകള്‍ വിത്തുകോശങ്ങളെ വ്യത്യസ്തയിനം കോശങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റി ഇനിയും ഏറെ അറിയാനുണ്ട്-അദ്ദേഹം പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഗവേഷകര്‍ തിരിച്ചറിഞ്ഞ ജീനാണ് 'മെസ്പ്1'. ഹൃദയത്തിന്റെയും അനുബന്ധഘടകങ്ങളുടെയും വളര്‍ച്ചയ്ക്ക് ഈ ജീന്‍ അത്യന്താപേക്ഷിതമാണെന്നും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, ഭ്രൂണവിത്തുകോശങ്ങളില്‍ ഈ ജീന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് ഇതുവരെ മനസിലായിരുന്നില്ല. ഹൃദയസംവിധാനത്തിന്റെ രൂപപ്പെടല്‍ ഈ ജീനില്‍നിന്ന് തുടങ്ങുതായാണ് മര്‍ഫിയും സംഘവും എത്തിയിരിക്കുന്ന നിഗമനം. ഹൃദയം, രക്തക്കുഴലുകള്‍, ഹൃദയസംവിധാനവുമായി ബന്ധപ്പെട്ട മറ്റ് കോശഭാഗങ്ങള്‍ എന്നിവയൊക്കെ ആരംഭിക്കുന്ന 'മിസോഡേം'(mesoderm) എന്ന ഭ്രൂണവിത്തുകോശപാളി രൂപപ്പെടാന്‍ ഈ ജീനുണ്ടാക്കുന്ന പ്രോട്ടീന്‍ പ്രേരണയാകുന്നു.
ഹൃദയസംവിധാനത്തിന്റെ പ്രവര്‍ത്തനം സാധ്യമാക്കുന്നത് മുഖ്യമായും മൂന്നിനം കോശങ്ങളുടെ സഹായത്തോടെയാണ്. എന്‍ഡോഥെലിയല്‍ കോശങ്ങള്‍ (രക്തധമനികളുടെ ഉള്‍വശത്ത് കാണപ്പെടുന്നവ), മിനുസമുള്ള പേശീകോശങ്ങള്‍ (രക്തവാഹിനിക്കുഴലുകളും സിരകളും നിര്‍മിച്ചിരിക്കുന്നത്), ഹൃദയകോശങ്ങള്‍ (ഹൃദയം നിര്‍മിച്ചിരിക്കുന്നത്) എന്നിവയാണവ. 'മെസ്പ്1'എന്ന ജീന്‍ സന്നിവേശിപ്പിച്ച ഭ്രൂണവിത്തുകോശങ്ങള്‍ പരീക്ഷണശാലയില്‍ വളര്‍ത്തിയപ്പോള്‍, ഈ മൂന്നിനം കോശങ്ങളില്‍ ഏതെങ്കിലും ഒന്നായി അവ രൂപപ്പെട്ടു. ഇതര ജീനുകളുടെ കൂടെ സ്വാധീനഫലമായാണ്, ഏത് കോശയിനമായി വിത്തുകോശങ്ങള്‍ മാറണം എന്ന് തീരുമാനിക്കപ്പെടുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.
ഹൃദയസംവിധാനത്തിന്റെ വളര്‍ച്ചയില്‍ പിന്നീട് സ്വാധീനം ചെലുത്തുന്ന ജീനുകളില്‍ ഏതാനും എണ്ണത്തെപ്പറ്റി ശാസ്ത്രലോകത്തിന് ധാരണയുണ്ട്. 'മെസ്പ്1' എന്ന ആദ്യകണ്ണിയില്നിന്ന് തുടങ്ങി, ഹൃദയസംവിധാനത്തിന്റെ രൂപപ്പെടലിന് ഇടയാക്കുന്ന ജീനുകളുടെ ചതുരംഗക്കളി മുഴുവന്‍ ഒന്നൊന്നായി മനസിലാക്കലാണ് മര്‍ഫിയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഹൃദയസംവിധാനത്തിലെ മൂന്നിനം കോശങ്ങളുടെയും രൂപ്പെടലിന് വഴിവെക്കുന്ന ജനിതക ഊടുവഴികളെല്ലാം അറിയുന്നതോടെ, തകരാര്‍ പറ്റിയതോ രോഗബാധിതമോ ആയ ഹൃദയം ചികിത്സിച്ചു ഭേദമാക്കുക വൈദ്യശാസ്ത്രത്തിന് ഒരു പ്രശ്നമേ അല്ല എന്ന സ്ഥിതിവരും. (അവലംബം: വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിന്റെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി).
1 comment:
ഹൃദയസംവിധാനത്തിന്റെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുന്ന ജീനുകളില്‍ ചിലതിനെപ്പറ്റി ശാസ്ത്രലോകത്തിന് ധാരണയുണ്ട്. 'മെസ്പ്1' എന്ന ആദ്യകണ്ണിയില്നിന്ന് തുടങ്ങി, ഹൃദയസംവിധാനത്തിന്റെ രൂപപ്പെടലിന് ഇടയാക്കുന്ന ജീനുകളുടെ ചതുരംഗക്കളി മുഴുവന്‍ ഒന്നൊന്നായി മനസിലാക്കലാണ് ഗവേഷകരുടെ ലക്ഷ്യം. ഹൃദയസംവിധാനത്തിലെ കോശങ്ങളുടെ രൂപ്പെടലിന് വഴിവെക്കുന്ന ജനിതക ഊടുവഴികളെല്ലാം അറിയുന്നതോടെ, തകരാര്‍ പറ്റിയതോ രോഗബാധിതമോ ആയ ഹൃദയം ചികിത്സിച്ചു ഭേദമാക്കുക വൈദ്യശാസ്ത്രത്തിന് ഒരു പ്രശ്നമേ അല്ല എന്ന സ്ഥിതിവരും.
Post a Comment