
പ്രവചനാതീതമായ കാര്യങ്ങളാണ് നാനോടെക്‌നോളജിയെന്ന നവശാസ്‌ത്രശാഖ അതിന്റെ ആവനാഴിയില്‍ കരുതിവെച്ചിരിക്കുന്നത്. അതിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൊന്നാണിത്. നാനോടെക്‌നോളജി രംഗത്ത് ഇതിനകം ആഗോളതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയായ പ്രശസ്‌ത അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ പ്രൊഫ. പുളിക്കല്‍ എം. അജയനും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കണ്ണൂര്‍ സ്വദേശിയുമായ ഡോ.ഷൈജുമോന്‍ മാണിക്കോത്തുമാണ് പുതിയ സങ്കേതം കണ്ടെത്തുന്നതില്‍ വിജയിച്ചത്. (ഇതിനകം തന്നെ ലോകത്തെ അമ്പരിപ്പിച്ച കണ്ടെത്തലുകള്‍ നടത്തിയ ടീമാണ് ഇവര്‍. ഒരു ഉദാഹരണം ഇവിടെ). റൈസ് സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ് ആന്‍ഡ് മെറ്റീരിയല്‍സ് സയന്‍സ് വകുപ്പിലെ പ്രൊഫസറാണ് അജയന്‍.
സ്വയം പ്രവര്‍ത്തനനിരതമാകുന്ന 'സ്‌മാര്‍ട്ട്‌വസ്‌തു'ക്കളുടെ നിര്‍മാണത്തിന് നാനോടെക്‌നോളജി സഹായിക്കുമെന്നതിന്റെ ഒരു ഉദാഹരണം കൂടിയാവുകയാണ് പുതിയ ഗവേഷണം. പെന്‍സിലിന്റെ ഒരറ്റത്ത് റബ്ബര്‍കട്ട ഘടിപ്പിച്ചതുപോലെ, അതിസൂക്ഷ്‌മമായ കാര്‍ബണ്‍ നാനോട്യൂബുകളുടെ അഗ്രഭാഗത്ത് സ്വര്‍ണത്തിന്റെ സൂക്ഷ്‌മകണങ്ങള്‍ പിടിപ്പിച്ചുണ്ടാക്കായ നാനോദണ്ഡുകളാണ്, വെള്ളത്തില്‍നിന്ന് എണ്ണ വേര്‍തിരിക്കാന്‍ പ്രൊഫ. അജയനും സംഘവും ഉപയോഗിച്ചതെന്ന്, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ഗവേഷണപ്രസിദ്ധീകരണമായ 'നാനോ ലെറ്റേഴ്‌സി'ല്‍ വന്ന പഠനറിപ്പോര്‍ട്ട് പറയുന്നു.
`വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയംസമ്മേളിക്കുന്ന അകാര്‍ബണിക നാനോകണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയെന്നതാണ് നാനോടെക്‌നോളജി വിപ്ലവത്തിന്റെ കാതല്‍'-പ്രൊഫ.അജയന്‍ പറയുന്നു. സ്വര്‍ണകണങ്ങള്‍ അഗ്രത്ത് ഘടിപ്പിച്ച കാര്‍ബണ്‍ നാനോദണ്ഡുകളുടെ രൂപകല്‍പ്പനയ്‌ക്ക് ഗവേഷകരെ പ്രേരിപ്പിച്ചത് അടിസ്ഥാന രസതന്ത്രത്തിലെ ഒരു വസ്‌തുതയാണ്. ക്രാര്‍ബണ്‍അഗ്രം ജലത്തില്‍നിന്ന് അകന്നു നില്‍ക്കും (hydrophobic) എന്ന കാര്യവും, സ്വര്‍ണം ജലത്തെ ഇഷ്ടപ്പെടും (hydrophilic) എന്നതുമാണത്. ഇങ്ങനെ ജലം ഇഷ്ടപ്പെടുന്നതും അല്ലാത്തതുമായ രാസവസ്‌തുക്കള്‍ കൂട്ടിപ്പിണഞ്ഞുണ്ടായ ആവരണത്തിനുള്ളിലാണ്, നമ്മുടെ ശരീരത്തിലെ ഓരോ കോശവും ജലസമൃദ്ധമായി സ്ഥിതിചെയ്യുന്നത്. നാനോദണ്ഡുകളുപയോഗിച്ചു സൃഷ്ടിച്ച പാക്കറ്റുകള്‍ കോശആവരണത്തിന് സമാനമാണ്.
പ്രൊഫ.അജയനും ഡോ.ഷൈജുമോനും ഉള്‍പ്പെട്ട ടീമില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഫുങ് സുവോങ് ഓയുവും അംഗമായിരുന്നു. നാനോദണ്ഡുകളിലെ കാര്‍ബണ്‍അഗ്രം വെള്ളത്തില്‍നിന്ന് വിട്ടുനില്‍ക്കും എന്നതിനാല്‍, വെള്ളത്തില്‍ കലര്‍ന്ന എണ്ണതുള്ളിയെ ഇവ കൂട്ടിപ്പിണഞ്ഞ് പാക്കറ്റുപോലെ ഉള്ളിലാക്കുന്നത് പ്രാവര്‍ത്തികമാക്കാന്‍ ഗവേഷകര്‍ക്കായി. എണ്ണയില്‍ പതിച്ച വെള്ളത്തുള്ളികളുടെ കാര്യത്തില്‍ നാനോദണ്ഡുകളുടെ പ്രവര്‍ത്തനം വിപരീതദിശയിലായി.
ഇത്തരം നാനോദണ്ഡുകളില്‍ രാസപരിഷ്‌ക്കരണങ്ങള്‍ വരുത്തി, പ്രായോഗികതലത്തില്‍ പ്രയോജനപ്പെടുത്താനാണ് ഇനിയുള്ള ശ്രമമെന്ന് ഗവേഷകര്‍ പറയുന്നു. സ്വയംസമ്മേളിക്കുന്ന നാനോദണ്ഡുകള്‍ ഉപയോഗിച്ച്, വിഷമയമല്ലാത്ത രീതിയില്‍ ഈ പ്രക്രിയ വികസിപ്പിക്കുന്നതിനും അപ്പുറത്തേക്ക് ഈ ആശയം പോകേണ്ടതുണ്ടെന്ന് പ്രൊഫ.അജയന്‍ പറയുന്നു. സ്വയംസമ്മേളിക്കുന്ന ഇത്തരം നാനോഘടനകള്‍ക്ക് യഥാര്‍ഥ ലോകത്ത് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. (അവലംബം: റൈസ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).
കാണുക: കറുപ്പിന്റെ ഏഴഴക്
അണുക്കളെ അകറ്റുന്ന ചായം
നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍
2 comments:
പ്രവചനാതീതമായ കാര്യങ്ങളാണ് നാനോടെക്‌നോളജിയെന്ന നവശാസ്‌ത്രശാഖ അതിന്റെ ആവനാഴിയില്‍ കരുതിവെച്ചിരിക്കുന്നത്. അതിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളിലൊന്നാണ് സ്വയംസമ്മേളിക്കുന്ന നാനോദണ്ഡുകളുപയോഗിച്ച് വെള്ളത്തില്‍ കലര്‍ന്ന എണ്ണ സുരക്ഷിതമായി നീക്കംചെയ്യാം എന്നത്. മലയാളിയായ പ്രശസ്‌ത അമേരിക്കന്‍ ശാസ്‌ത്രജ്ഞന്‍ പ്രൊഫ.പുളിക്കല്‍ എം. അജയനും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും കണ്ണൂര്‍ സ്വദേശിയുമായ ഡോ.ഷൈജുമോന്‍ മാണിക്കോത്തുമാണ് പുതിയ സങ്കേതം കണ്ടെത്തുന്നതില്‍ വിജയിച്ചത്.
നാനോ ടെക്നോളജിയുടെ ദോഷ വശം കൂടി ജനങ്ങളെ അറിയിക്കുക...
നാനോ വസ്തുക്കള്‍ ശ്വാസകോശങ്ങളില്‍ ചെന്നാല്‍ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് വളരെ നല്ല പഠനങ്ങള്‍ വന്നിട്ടുണ്ട്...
ഭാവിയില്‍ നാനോ മലിനീകരണം വലിയൊരു പ്രശ്നം തന്നെയായിരിക്കും...
Post a Comment