തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മെയ് 30ന് കേരളത്തിലെത്തുമെന്നായിരുന്നു
കാലാവസ്ഥാപ്രവചനം. കഠിനമായ ചൂടില്‍ തപിക്കുന്ന ഭൂമിക്ക് കുളിര്‍ പകര്‍ന്നെത്തുന്ന കാലവര്‍ഷം യഥാര്‍ഥത്തില്‍ രണ്ട് ഹിമഭൂമികളുടെ സൃഷ്ടിയാണ്-ഹിമാലയത്തിന്റെയും അന്റാര്‍ട്ടിക്കയുടെയും!
Pic 1 - രാജ്യത്തെ 130 കോടി ജനങ്ങളും ഒരുപോലെ കാക്കുന്ന പ്രതിഭാസമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ചിത്രം: പിടിഐ
രണ്ട് ഹിമപ്രദേശങ്ങളാണ് നമ്മുടെ കാലവര്‍ഷത്തെ സൃഷ്ടിക്കുന്നതെന്നറിയാമോ? അതെങ്ങനെ, കടല്‍വെള്ളം നീരാവിയായി പൊങ്ങി മേഘങ്ങളായി മാറിയല്ലേ മഴയുണ്ടാകുന്നതെന്ന് സംശയം തോന്നാം. സംഭവം ശരിയാണ്. പക്ഷേ, നമ്മള്‍ കാലവര്‍ഷമെന്ന് വിളിക്കുന്ന മണ്‍സൂണ്‍* യഥാര്‍ഥത്തില്‍ ഹിമാലയത്തിന്റെയും ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയുടെയും സൃഷ്ടിയാണ്. ഈ രണ്ട് ഹിമഭൂമികളും ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ ഉണ്ടാകുമായിരുന്നില്ല എന്ന് ഗവേഷകര്‍ പറയുന്നു.
കഠിനമായ ചൂടില്‍ മാസങ്ങളായി ഉരുകുകയാണ് മണ്ണും മനുഷ്യനും മറ്റ് ജീവികളും, കേളത്തില്‍ മാത്രമല്ല രാജ്യത്താകെ. അതുകൊണ്ട് തന്നെ ജാതിമത രാഷ്ട്രീയ ഭേദമന്യേ 130 കോടി ഇന്ത്യക്കാരും ആകാംക്ഷയോടെ എന്തിനെയെങ്കിലും കാക്കുന്നുവെങ്കില്‍, അത് കേരളീയര്‍ ഇടവപ്പാതി എന്ന് വിളിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തെയാണ്. ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരിക്കുന്ന നെടുംതൂണാണ് കാലവര്‍ഷം. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ കൃഷി പാളും, വരള്‍ച്ചയും പട്ടിണിയുമാകും ഫലം. അതുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തെ 'മണ്‍സൂണുമായുള്ള ചൂതാട്ട'മെന്ന് വിശേഷിപ്പിക്കാറുണ്ട്.
കേരളത്തില്‍ ജനിച്ചുവളര്‍ന്ന ആര്‍ക്കും അറിയാവുന്ന ഒരു സംഗതി, ജൂണ്‍ ആദ്യം സ്‌കൂള്‍ തുറക്കുന്ന സമയത്ത് ഇടവപ്പാതി ആരംഭിക്കും എന്നതാണ്. മഴ നനഞ്ഞുള്ള ആദ്യസ്‌കൂള്‍ ദിനങ്ങള്‍ മിക്കവരുടെയും ഗൃഹാതുരത്വമാര്‍ന്ന ഓര്‍മകളുടെ ഭാഗമാണ്. എന്നാല്‍, 80 ലക്ഷം വര്‍ഷം മുമ്പാണ് നിങ്ങള്‍ സ്‌കൂളില്‍ പോയിരുന്നതെന്ന് കരുതുക. എങ്കില്‍ മഴനനഞ്ഞ ആദ്യസ്‌കൂള്‍ ദിനങ്ങളുടെയോ ഗൃഹാതുരത്വത്തിന്റെയോ പ്രശ്‌നം ഉദിക്കുമായിരുന്നില്ല. കാരണം, അന്ന് മണ്‍സൂണ്‍ ഉണ്ടായിരുന്നില്ല!
ഇന്നത്തെ നിലയ്ക്ക് മണ്‍സൂണ്‍ രൂപപ്പെട്ടിട്ട് 80 ലക്ഷം വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുകിഴക്കന്‍ അതിരില്‍ കോട്ടമതില്‍ പോലെ ഹിമാലയം ഉയര്‍ന്ന് വന്നതിന് ശേഷമാണ്, ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന തരത്തില്‍ മണ്‍സൂണ്‍ രൂപപ്പെട്ടത്.
Pic 2 - ഹിമാലയം ഒരു കോട്ടപോലെ ഉയര്‍ന്നതിന് ശേഷമാണ് ഇന്നത്തെ മണ്‍സൂണ്‍ രൂപപ്പെട്ടത്
അഞ്ചുകോടി വര്‍ഷംമുമ്പ് ഹിമാലയം ഇല്ലായിരുന്നു. ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ പ്രദേശം അവിടുന്ന് അടര്‍ന്നുമാറി നീങ്ങി യൂറേഷ്യന്‍ ഭൂഫലകവുമായി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയം ഉയര്‍ന്നുവന്നത്. ഹിമാലയത്തിന്റെയും ടിബറ്റന്‍ പീഢഭൂമിയുടെയും രൂപപ്പെടലാണ് ഏഷ്യന്‍ മണ്‍സൂണിനെ സൃഷ്ടിച്ചത്. മുമ്പ് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസം മാത്രമായിരുന്ന മണ്‍സൂണിന്റെ സ്വാധീനവും ശക്തിയും ഹിമാലയത്തിന്റെ രൂപപ്പെടലോടെ വര്‍ധിച്ചു.
ടിബറ്റില്‍ നിന്നും ആര്‍ട്ടിക് പ്രദേശത്തുനിന്നും മുമ്പ് തണുത്ത കാറ്റ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിയിരുന്നു. കോട്ട പോലെ ഹിമാലയം സ്ഥാനമുറപ്പിച്ചതോടെ, അത് നിലച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ചൂട് വര്‍ധിച്ചു. ചൂടുകൂടുമ്പോള്‍ വായു വികസിച്ച് അന്തരീക്ഷമര്‍ദ്ദം കുറയും. ഇന്ത്യയ്ക്ക് 4000 കിലോമീറ്റര്‍ തെക്ക് ഇന്ത്യന്‍മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന മണ്‍സൂണ്‍, അന്തരീക്ഷമര്‍ദ്ദം കുറഞ്ഞ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് എത്താന്‍ അത് വഴിയൊരുക്കുന്നു. ഒരര്‍ഥത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു വാക്വംക്ലീനര്‍ എന്ന മാതിരി മണ്‍സൂണിനെ ഇങ്ങോട്ട് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത് (മണ്‍സൂണ്‍ എന്നത് മഴയല്ല, മഴയെ കൊണ്ടുവരുന്ന കാറ്റാണ്). ജൂണ്‍ ആദ്യം കേരളത്തിലെത്തുന്ന മണ്‍സൂണ്‍, വടക്കോട്ട് നീങ്ങി ജൂലായ് പകുതിയോടെ ഹിമാലയന്‍ മേഖലയില്‍ എത്തുന്നു.
ഹിമാലയം പോലെ തന്നെ മണ്‍സൂണില്‍ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഹിമപ്രദേശം അന്റാര്‍ട്ടിക്കയാണെന്ന് ഇപ്പോള്‍ ശാസ്ത്രലോകത്തിനറിയാം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെപ്പോലെ അന്റാര്‍ട്ടിക്കയും ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായിരുന്നു. അതില്‍ നിന്ന് വേര്‍പെട്ട് നീങ്ങി 2.5 കോടി വര്‍ഷം മുമ്പാണ് അത് നിലവിലുള്ള സ്ഥാനമുറപ്പിച്ചത്.
Pic 3 - അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുക്കമാണ് മണ്‍സൂണിനെ സ്വാധീനിക്കുന്ന ഘടകം. ചിത്രം കടപ്പാട്: ദി ടെലഗ്രാഫ്
മാര്‍ച്ച് പകുതി മുതല്‍ സെപ്റ്റംബര്‍ പകുതി വരെ അന്റാര്‍ട്ടിക്കയില്‍ ശൈത്യകാലമാണ്. വര്‍ഷം മുഴുക്കെ മഞ്ഞുറഞ്ഞ പ്രദേശമാണെങ്കിലും, ശൈത്യകാലത്ത് അതിരുകളിലെ മഞ്ഞിന്റെ വിസ്തൃതി വര്‍ധിക്കും. 30 ശതമാനം കൂടുതല്‍ മഞ്ഞ് ആ സമയത്തുണ്ടാകുമെന്നാണ് കണക്ക്. കഠിനമായ ശൈത്യത്തില്‍ ചുറ്റുമുള്ള സമുദ്രഭാഗങ്ങള്‍ തണുത്തുറയുമ്പോള്‍, മഞ്ഞുകട്ടകളായി മാറുന്ന വെള്ളത്തില്‍ നിന്ന് ലവണം വേര്‍തിരിയപ്പെടും (ഉപ്പില്ലാത്ത ശുദ്ധജലമേ തണുത്തുറഞ്ഞ് മഞ്ഞുകട്ടയാകൂ). മഞ്ഞുകട്ടകള്‍ വെള്ളത്തിന് മീതെ പൊങ്ങിക്കിടക്കും, ലവണാംശം മുഴുവന്‍ കടലിന്നടിയിലെ വെളത്തില്‍ കലരും. അങ്ങനെ, ലോകത്തേറ്റവും ലവണാംശമുള്ള സമുദ്രഭാഗമാകും അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റും. ലവണാംശം അധികമായതിനാല്‍ ജലത്തിന് സാന്ദ്രതയും കൂടിയിരിക്കും. അങ്ങനെ, സാന്ദ്രതയും ലവണാംശവും കൂടിയ ജലനം കടലിന്റെ അടിത്തട്ടിലൂടെ ഭൂമധ്യരേഖാപ്രദേശത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങും. ഭൂമധ്യരേഖാപ്രദേശത്തുനിന്ന് ചൂടുള്ള സാന്ദ്രതകുറഞ്ഞ സമുദ്രജലം മുകള്‍ഭാഗത്തൂകൂടി ദക്ഷിണധ്രുവത്തിലേക്കും നീങ്ങും. ഇതൊരു 'ഗ്ലോബല്‍ കണ്‍വേയര്‍ ബല്‍റ്റ്' പോലെ പ്രവര്‍ത്തിക്കുമെന്ന്, 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥത്തില്‍ പ്രണയ് ലാല്‍ എഴുതുന്നു. തണുത്ത ജലപ്രവാഹവും ഉഷ്ണജലപ്രവാഹവും സംഗമിക്കുന്ന പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ രൂക്ഷമായ വാതകച്ചുഴികളും മറ്റും രൂപപ്പെടും. പ്രക്ഷുബ്ധമായ സമുദ്രമേഖലയായി അവിടം രൂപപ്പെടും.
അന്റാര്‍ട്ടിക്കയില്‍ ശൈത്യം കഠിനമാണെങ്കില്‍ പിറ്റേവര്‍ഷം ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്ഷയിക്കാനാണ് സാധ്യത. അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്റെ വിസ്തൃതിക്കും ഇന്ത്യന്‍ മണ്‍സൂണിന്റെ ശക്തിക്കും തമ്മില്‍ വിപരീതാനുപാതമാണുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. കാരണം, ശൈത്യകാലം കഠിനമായാല്‍, കൂടുതല്‍ സമുദ്രഭാഗം മഞ്ഞുമൂടിയിരിക്കും. കടല്‍ജലം തപിച്ച് നീരാവിയായായി മാറുന്ന സമുദ്രഭാഗത്തിന്റെ വിസ്തൃതി കുറയും. അന്തരീക്ഷത്തിലെത്തുന്ന നീരാവിയുടെ അളവ് കുറയും. മാത്രമല്ല, മഞ്ഞിന്റെ തോത് വര്‍ധിക്കുന്നത് പ്രകാരം തെക്കുനിന്നുള്ള വെള്ളത്തില്‍ ലവണസാന്ദ്രത കൂടുതലായിരിക്കും. ജലം നീരാവിയാകുന്നത് തടയുന്ന ഘടകമാണിത്.
Pic 4 - മണ്‍സൂണ്‍ വഴി ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും. ചിത്രം: രാമനാഥ് പൈ
അതേസമയം, അന്റാര്‍ട്ടിക്കയില്‍ മഞ്ഞ് കുറവാണെങ്കില്‍ (ശൈത്യകാലം അത്ര കഠിനമല്ലെങ്കില്‍) കൂടുതല്‍ സമുദ്രജലം നീരാവിയാകാനും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ പ്രദേശത്തേക്ക് കൂടുതല്‍ നീരാവിയെത്താനും സാധ്യത കൂടുന്നു. കൂടുതല്‍ മഞ്ഞ് ഉരുകിയിട്ടുണ്ടെങ്കില്‍, സമുദ്രജലത്തിലെ ലവണസാന്ദ്രത കുറയും. ജലം നീരാവിയാകാന്‍ സാധ്യത കൂടും. ഇത് ഇന്ത്യന്‍ മണ്‍സൂണിന്റെ ശേഷി വര്‍ധിപ്പിക്കും.
ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നതായി കണ്ടിട്ടുള്ള മറ്റൊരു സംഗതി, പെസഫിക്് സമുദ്രത്തില്‍ രൂപപ്പെടുന്ന 'എല്‍നിനോ' (El Nino) പ്രതിഭാസമാണ്. സ്പാനിഷ് ഭാഷയില്‍ 'ഉണ്ണിയേശു' എന്നര്‍ഥം വരുന്ന ഇത് പെസഫിക് സമുദ്രോപരിതലത്തെ അകാരണമായി ചൂടുപിടിപ്പിക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പോയ വര്‍ഷം ശക്തമായ എല്‍നിനോയുടെ പിടിയിലായിരുന്നു ലോകം. നമ്മുടെ നാട്ടില്‍ ശരാശരിയിലും താഴെ മാത്രം മണ്‍സൂണ്‍ മഴയേ ലഭിച്ചുള്ളൂ. ഇന്ത്യയില്‍ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന് 2006 സപ്തംബര്‍ എട്ടിന് 'സയന്‍സ്' ജേര്‍ണലിലെ പഠനറിപ്പോര്‍ട്ട് പറയുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റിയോരോളജി'യിലെ ഡോ.കെ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാമായിരുന്നു പഠനം നടത്തിയത്.
മേല്‍സൂചിപ്പിച്ച പല ഘടകങ്ങളെ അനുകൂലമായി മാറുമ്പോഴാണ് സാധാരണഗതിയിലുള്ള മണ്‍സൂണ്‍ മഴ ലഭിക്കുക. അങ്ങനെയായാല്‍ ഇന്ത്യയില്‍ ഒരുലക്ഷം കോടി ടണ്‍ മഴ ലഭിക്കും!
(അവലംബം: 1.ഇന്‍ഡിക്ക (2016), പ്രണയ് ലാല്‍; 2. ദി മണ്‍സൂണ്‍സ് (1998), പി.കെ.ദാസ്).
* അറബിയിലും ഉര്‍ദുവിലും സീസണ്‍ എന്നര്‍ഥം വരുന്ന വാക്കാണ് 'mausum'. അതില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന വാക്കുണ്ടായത്.
- ജോസഫ് ആന്റണി
* മാതൃഭൂമി നഗരം പേജില്‍ 2017 മെയ് 30ന് പ്രസിദ്ധീകരിച്ചത്
പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും ഇതുവരെ ആരും പറയാത്ത ഒരു ഇന്ത്യാചരിത്രം രചിക്കുകയാണ് പ്രണയ് ലാല്‍ എന്ന എഴുത്തുകാരന്‍
Pic 1 - 'ഗോണ്ട്വാനാ ജംഗ്ഷന്‍' അഥവാ കന്യാകുമാരി മുനമ്പ്. ചിത്രം: ലേഖകന്‍
കുട്ടനാട്ടിലെ കരിമീന്‍ പൊള്ളിച്ചത് സ്വാദോടെ കഴിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും ഓര്‍മ കാണും 2010ല്‍ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിക്കപ്പെട്ട കക്ഷിയാണ് തന്റെ മുന്നിലുള്ളതെന്ന്. മാത്രമല്ല, 'കരിമീന്‍ വര്‍ഷ'മായി 2010 ആചരിക്കുകയും ചെയ്തിരുന്നു.
പ്രണയ് ലാല്‍ രചിച്ച 'ഇന്‍ഡിക്ക' എന്ന ഗ്രന്ഥം വായിച്ച ശേഷമാണ് കരിമീന്‍ കഴിക്കാനിരിക്കുന്നതെങ്കില്‍ നിങ്ങളുടെ ചിന്തകള്‍ ഇതില്‍ മാത്രം ഒതുങ്ങില്ല. കോടിക്കണക്കിന് വര്‍ഷം മുമ്പ് ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിലെ കായലുകളില്‍ കഴിഞ്ഞിരുന്ന 'സിക്‌ലിഡ്‌സ്' ( cichlids ) മത്സ്യയിനങ്ങളുടെ പിന്‍ഗാമിയാണ് മുന്നിലിരിക്കുന്നതെന്ന ചിന്ത നിങ്ങളെ ഭ്രമിപ്പിക്കും. ഇന്ത്യയും ആ മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവാണ് മുന്നില്‍.
ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു ഇന്ത്യ എന്നതിന് വേറെയും തെളിവുകള്‍ പ്രണയ് ലാല്‍ നിരത്തുന്നു. 1999ല്‍ കോട്ടയത്ത് കിണര്‍ കുഴിക്കുന്ന സ്ഥലത്തുനിന്ന്, ഇപ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ഡോ.സത്യഭാമദാസ് ബിജു ആദ്യമായി കണ്ടെത്തിയ 'പന്നിമൂക്കന്‍ തവള' ( Nasikabatrachus sahyadrensis ) ആണ് മറ്റൊരു തെളിവ്.
'ജീവിക്കുന്ന ഫോസില്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ ജീവി ലോകത്ത് അറിയപ്പെടുന്ന ഒരു തവളകുടുംബത്തിലും ഉള്‍പ്പെടുന്നതായിരുന്നില്ല. അതിന്റെ കണ്ടെത്തല്‍ 2003ല്‍ നേച്ചറില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു നൂറ്റാണ്ടിനിടെ ആദ്യമായി പുതിയൊരു തവളകുടുംബത്തെ കണ്ടെത്തിയെന്ന് ശാസ്ത്രലോകം ഉദ്‌ഘോഷിച്ചു. ജീനുകളില്‍ 13 കോടി വര്‍ഷത്തെ പരിണാമചരിത്രം പേറുന്ന ആ വിചിത്രജീവിയുടെ അടുത്ത ബന്ധുക്കള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ സേയ്‌ഷെല്‍സ് ദ്വീപുകളാണുള്ളത്. ഒരുകാലത്ത് ഇന്ത്യയും സേയ്‌ഷെല്‍സും മഡഗാസ്‌കറും ആഫ്രിക്കയുമൊക്കെ ഗോണ്ട്വാനയുടെ ഭാഗമായിരുന്നു എന്നതിന് വ്യക്തമായ തെളിവായി പന്നിമൂക്കന്‍ തവള.
Pic 2- കരിമീന്‍-ഈ ജീവിയുടെ ജനിതകവേരുകള്‍ ഗോണ്ട്വാനയിലാണ്. ചിത്രം: ഫ്രാന്‍സിസ് ഡേ/വിക്കിമീഡിയ കോമണ്‍സ്
ഇത്രയും കൊണ്ട് വിശ്വാസം വരാത്തവരെ ഗ്രന്ഥകാരന്‍ നേരെ കൊണ്ടുനിര്‍ത്തുന്നത് കന്യാകുമാരി മുനമ്പിലാണ്. മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനം. അവിടെ കടലില്‍ തിരുവള്ളുവര്‍ സ്മാരകവും വിവേകാനന്ദ പാറയും. ആ ശിലാമേഖയ്ക്ക് ഭൗമശാസ്ത്രജ്ഞര്‍ വിളിക്കുന്ന പേര് 'ഗോണ്ട്വാനാ ജംഗ്ഷന്‍' എന്നാണെന്നറിയുമ്പോള്‍ നമ്മള്‍ അമ്പരക്കും. ഭൂഖണ്ഡങ്ങള്‍ അടര്‍ന്ന് വേര്‍പെടുകയെന്ന ഭൗമചരിത്രത്തിലെ മഹാനാടകം അരങ്ങേറിയ വേദിയാണത്. ഒരുകാലത്ത് ഗോണ്ട്വാനയുടെ ഭാഗമായി ഇന്ത്യയും മഡഗാസ്‌കറും ശ്രീലങ്കയും കിഴക്കന്‍ അന്റാര്‍ട്ടിക്കയും ഓസ്‌ട്രേലിയയും ചേര്‍ന്നിരുന്ന സ്ഥാനം! ഇതറിഞ്ഞു കഴിഞ്ഞാല്‍ കന്യാകുമാരി ആര്‍ക്കും പഴയ കന്യാകുമാരി ആയിരിക്കില്ല.
ഏതാണ്ട് 1600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പശ്ചിമഘട്ടം മുറിഞ്ഞ് കാണപ്പെടുന്നത് പ്രധാനമായും ഒരിടത്താണ്, പാലക്കാട് ചുരത്തില്‍. ശരാശരി 30 കിലോമീറ്റര്‍ വിസ്താരമുണ്ട് പാലക്കാടന്‍ ചുരത്തിന്. മഡഗാസ്‌കറിന്റെ ഭൂപടം നമ്മുടേതുമായി ചേര്‍ത്തുവെച്ചാല്‍, പാലക്കാടന്‍ ചുരം മധ്യമഡഗാസ്‌കറിലെ പര്‍വ്വതമേഖലയിലൂടെ തുടരുന്ന അത്ഭുതം കാണാം! 8.8 കോടി വര്‍ഷം മുമ്പ് ഒരു അഗ്നിപര്‍വ്വതസ്‌ഫോടനം വേര്‍പെടുത്തും മുമ്പ് ഇന്ത്യയും മഡഗാസ്‌കറും ചേര്‍ന്ന് നിലകൊണ്ടു എന്നതിത് തെളിവാണിത്. ഒരുകാലത്ത് പാലക്കാടന്‍ ചുരത്തിലൂടെ നടക്കുന്നയാള്‍ എത്തിച്ചേരുക മഡഗാസ്‌കറിലായിരുന്നു എന്നര്‍ഥം!
18 കോടി വര്‍ഷം മുമ്പ് മുതല്‍ 8 കോടി വര്‍ഷം മുമ്പു വരെയുള്ള കാലത്ത് സമുദ്രാന്തര്‍ഭാഗത്തുണ്ടായ മൂന്ന് ഭീമന്‍ ലാവാപ്രവാഹങ്ങളും ഭൗമപ്രവര്‍ത്തനങ്ങളുമാണ് ഗോണ്ട്വാനയെ പിളര്‍ത്തി വ്യത്യസ്ത ഭൂഖണ്ഡങ്ങളാക്കി മാറ്റിയത്. ഗോണ്ട്വാനാലാന്‍ഡ് പിളര്‍ന്ന് വേര്‍പെടും വരെ ഇന്ത്യയുടെ ബംഗാള്‍-തമിഴ്‌നാട് തീരം അന്റാര്‍ട്ടിക്കയുമായി ചേര്‍ന്ന് സ്ഥിതിചെയ്തു. ചെന്നൈയില്‍ നിന്ന് ഒരു ദിനോസറിന് അനായാസം കിഴക്കന്‍ അന്റാര്‍ട്ടിക്കയിലേക്ക് കടക്കാമായിരുന്നു. ഷില്ലോങ്, ഗുവാഹതി തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലേക്ക് പശ്ചിമ ഓസ്‌ട്രേലിയയിലെ പെര്‍ത്ത് നഗരത്തില്‍ നിന്ന് ഒരു കല്ലേറ് ദൂരമേ ഉണ്ടായിരുന്നുള്ളൂ!
Pic 3 - 8.8 കോടി വര്‍ഷം മുമ്പ് ഭൂഖണ്ഡങ്ങളുടെ സ്ഥിതി. മഞ്ഞ അടയാളമുള്ള ഭാഗമാണ് ഇന്ത്യ. ചിത്രം കടപ്പാട്: ക്രിസ്റ്റഫര്‍ സ്‌കോട്ടീസ്
ഇങ്ങനെ ഇന്ത്യയുടെ ഭൗമചരിത്രത്തെക്കുറിച്ചും ഇവിടുത്തെ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുമുള്ള കഥകള്‍ സമഗ്രമായി വിവരിക്കുകയാണ് പ്രണയ് ലാല്‍ തന്റെ ഗ്രന്ഥത്തില്‍. മേല്‍സൂചിപ്പിച്ച ഗോണ്ട്വാനയുടെ കഥ അതില്‍ ഒരധ്യായം മാത്രം. അതിലും എത്രയോ വിശാലമായ ക്യാന്‍വാസാണ് ഗ്രന്ഥകാരന്‍ നമുക്ക് മുന്നില്‍ നിവര്‍ത്തിവെയ്ക്കുന്നത്. ശരിക്കുപറഞ്ഞാല്‍, 450 കോടി വര്‍ഷത്തെ ഭൗചരിത്രത്തില്‍ സംഭവിച്ച സംഗതികളെയാകെ ഇന്ത്യയിലെ പര്‍വ്വതങ്ങളിലൂടെയും പാറകളിലൂടെയും മണ്ണിലൂടെയും നദികളിലൂടെയും ഫോസിലുകളിലൂടെയും ജീവജാതികളിലൂടെയും വിവരിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. ഇതുവരെ ആരും പറയാത്ത ഇന്ത്യാചരിത്രമാണിത്.
20 വര്‍ഷത്തെ തന്റെ അധ്വാനം ഈ ഗ്രന്ഥത്തിന് പിന്നിലുണ്ടെന്ന് ഗ്രന്ഥകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. 'മൂന്നാംധ്രുവം' എന്നാണ് ഹിമലയവും ടിബറ്റും ചേര്‍ന്ന പ്രദേശത്തെ ഭൗമശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഗോണ്ട്വാനാ ജംഗ്ഷന്‍ മുതല്‍ മൂന്നാംധ്രുവം വരെ കാലത്തിലൂടെ നടത്തുന്ന ഒരു ദീര്‍ഘയാത്രയെന്ന് 'ഇന്‍ഡിക്ക'യെ വിശേഷിപ്പിക്കാം. ഭൂമി രൂപപ്പെട്ടതു മുതല്‍ ഏതാണ്ട് അറുപതിനായിരം വര്‍ഷം മുമ്പ് പ്രാചീന മനുഷ്യന്‍ ഇന്ത്യയില്‍ കുടിയേറിയതുവരെയുള്ള ചരിത്രമാണ് ഈ യാത്രയില്‍ ചുരുളഴിയുന്നത്.
ബാംഗ്ലൂരില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ നന്ദി ഹില്‍സിലുള്ള പാറപ്പരപ്പുകള്‍ ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ ശിലകളാണെന്ന് പലര്‍ക്കും അറിയില്ല. 350 കോടി വര്‍ഷം പഴക്കമുള്ള അത്തരം പാറകള്‍ ഭൂമുഖത്ത് തന്നെ അപൂര്‍വ്വമാണ്. ആ പാറ രൂപപ്പെടുന്ന കാലത്ത് അന്തരീക്ഷത്തില്‍ ജീവവായുവായ ഓക്‌സിജന്റെ തോത് നാമമാത്രമായിരുന്നു. മാത്രമല്ല, ഭൂമിയുടെ ഭ്രമണം ഇന്നത്തേതിലും വേഗത്തിലുമായിരുന്നു. അന്ന് ഒരുദിവസമെന്നത് ആറു മണിക്കൂര്‍ മാത്രം!
നന്ദി ഹില്‍സില്‍ നിന്ന് 2700 കിലോമീറ്റര്‍ വടക്ക് ജമ്മുവിലേക്ക് ഗ്രന്ഥകാരന്‍ നമ്മളെ നയിക്കുന്നു. ജമ്മുവിലെ പാറകള്‍ താരതമ്യേന ചെറുപ്പമാണ്. നന്ദി ഹില്‍സിലെ പാറപ്പരപ്പില്‍ നിന്ന് ജമ്മുവിലെ പാറകളിലേക്കെത്തുമ്പോള്‍ ഭൗമചരിത്രത്തിലെ 300 കോടി വര്‍ഷങ്ങളാണ് ഒരര്‍ഥത്തില്‍ നമ്മള്‍ തരണംചെയ്യുന്നത്!
Pic 4 - 'ഇന്‍ഡിക്ക'-ഭൂമിയുടെ ചരിത്രം, ഇന്ത്യയുടേയും
പാറ മാത്രമല്ല, ലോകത്തെ ഏറ്റവും പഴക്കമേറിയ മണ്ണും കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലൊന്ന് ഇന്ത്യയാണ്. ഒഡീഷയിലെ കിയോഞ്ജാര്‍ പട്ടണത്തിന് ആറു കിലോമീറ്റര്‍ വടക്ക് മദ്രാംഗിജോറി ഗ്രാമത്തില്‍ നിന്ന് 2014ല്‍ ഇന്ത്യന്‍, ഐറിഷ് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ മണ്ണിന്റെ പഴക്കം 300 കോടി വര്‍ഷമാണ്. പ്രാചീനഭൂമിയില്‍ ഓക്‌സിജന്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ കാലം അടുത്തറിയാനുള്ള മാന്ത്രിക താക്കോലായി ഈ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നു (ഭൂമുഖത്തെ ഏറ്റവും പഴക്കമേറിയ സസ്യഫോസില്‍ അടുത്തയിടെ ഇന്ത്യയില്‍ നിന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു).
ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ (ലോകത്തെ മൂന്നാമത്തെ) ഉല്‍ക്കാപതനത്തിന്റെ ശേഷിപ്പ് സ്ഥിതിചെയ്യുന്ന മധ്യപ്രദേശില്‍ ശിവപുരി ജില്ലയിലെ ചെറുഗ്രാമമായ ദലായിലേക്ക് വായനക്കാരെ ഗ്രന്ഥകാരന്‍ കൂട്ടിക്കൊണ്ട് പോകുന്നു. 11 കിലോമീറ്റര്‍ വിസ്താരമുള്ള 'ദലാഗര്‍ത്തം' യഥാര്‍ഥത്തില്‍ ഗര്‍ത്തമല്ലെന്നും, 250-160 കോടി വര്‍ഷം മുമ്പുണ്ടായ അതിശക്തമായ ഉത്ക്കാപതനത്തിന്റെ തീഷ്ണതയില്‍ തിളച്ചുപൊങ്ങിയ മണ്ണുപാറയും തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് ഒരു കടുവയുടെ കാല്‍പ്പാദത്തിന്റെ ആകൃതി പൂണ്ടതാണെന്നുമുള്ള അറിവ് നമ്മളെ അത്ഭുതപ്പെടുത്തും.
ഗോണ്ട്വാന പൊട്ടിയടര്‍ന്ന് വേര്‍പെടാനാരംഭിക്കുന്ന വേളയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റം വന്നു. പത്തുലക്ഷം വര്‍ഷം നീണ്ടുനിന്ന പേമാരി ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളെ സ്ഥിരം പ്രളയത്തിലാഴ്ത്തി. അതിന്റെ ഭാഗമായി വന്‍തോതില്‍ ജൈവാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി അവശിഷ്ടപാളികളായി മാറി. ജൈവരാസമാറ്റങ്ങള്‍ ആ അവശിഷ്ടപാളികളെ കല്‍ക്കരിശേഖരമാക്കി രൂപപ്പെടുത്തി. 30-27 കോടി വര്‍ഷംമുമ്പ് ഇന്നത്തെ ബിഹാര്‍, ജാര്‍ക്കണ്ഡ്, കിഴക്കന്‍ ഒഡിഷ, പശ്ചിമബംഗാള്‍ മേഖല നദീശൃംഖലകളും ചതുപ്പുകളും ഡല്‍റ്റകളും വനങ്ങളും നിറഞ്ഞതായിരുന്നുവെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. ആ മേഖലയാണ് 'ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡിസ്' എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. നാല് കിലോമീറ്റര്‍ താഴ്ച വരെ ഏതാണ്ട് 4000 ചതുരശ്ര കിലോമീറ്ററില്‍ ആ കല്‍ക്കരിപ്പാടം വ്യാപിച്ചുകിടക്കുന്നു. 6100 കോടി ടണ്‍ കല്‍ക്കരി ശേഖരം ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഗ്ലോസോപ്റ്ററിസ് ( Glossopteris ) മഴക്കാടുകള്‍ അടിഞ്ഞുകൂടിയുണ്ടായ ഇത്രയും കല്‍ക്കരി ശേഖരമുണ്ടാകാന്‍, ഇപ്പോള്‍ ലോകത്തുള്ള മുഴുവന്‍ വനത്തിന്റെയും 200 മടങ്ങ് വേണം!
മത്സ്യങ്ങളും ഉഭയജീവികളും ലോകത്തെ ഭരിച്ചിരുന്ന കാലത്താണ് കല്‍ക്കരി പാടങ്ങള്‍ ഭൂമിയില്‍ രൂപപ്പെട്ടത്. ഇന്ന് അതേ കല്‍ക്കരിയുടെ ഉപയോഗം വഴിയുണ്ടാകുന്ന ആഗോളതാപനം മത്സ്യങ്ങളുടെയും ഉഭയജീവികളുടെയും നിലനില്‍പ്പിന് ഭീഷണിയുയര്‍ത്തുന്ന കാര്യം ഗ്രന്ഥകാരന്‍ ഓര്‍മിപ്പിക്കുന്നു.
Pic 5 - പന്നിമൂക്കന്‍ തവള എന്ന 'ജീവിക്കുന്ന ഫോസില്‍'. ചിത്രം കടപ്പാട്: സത്യഭാമദാസ് ബിജു
കടലുപേക്ഷിച്ച് കരയില്‍ ജീവിതമാരംഭിച്ച ആദ്യജീവിവര്‍ഗങ്ങളിലൊന്നിനെ പരിചയപ്പെടുത്താന്‍ ഗ്രന്ഥകാരന്‍ നമ്മളെ നയിക്കുന്നത് മൈസൂരിലെ വനപ്രദേശത്തേക്കാണ്. 'ദ്രാവിഡ ഗ്രാന്‍ഡിസ്' ( Drawida grandis ) എന്ന ആ മണ്ണിര 50 സെന്റീമീറ്റര്‍ നീളത്തില്‍ വളരുന്ന ജീവിയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ദിനോസറിന്റെ ഫോസില്‍ തെലുങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ നിന്നാണ് കണ്ടെടുത്തതെന്നും, 16 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന സസ്യഭുക്കായ അവയ്ക്ക് 18 മീറ്റര്‍ നീളവും ഏഴ് ടണ്‍ ഭാരവുമായിരുന്നു എന്നും അറിയുക. ആ ഭീമന് മഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ പേരാണ് ശാസ്ത്രജ്ഞര്‍ നല്‍കിയത്-'ബാരപ്പസോറസ് ടാഗോറി' ( Barapasaurus tagorei ). ജീവിച്ചിരുന്നതില്‍ ഏറ്റവും ഭീകരമായ ജീവിയെന്ന് 'ജുറാസിക് പാര്‍ക്കി'ലൂടെ കുപ്രസിദ്ധി നേടിയ ടി.റെക്‌സിനോളം ഭയങ്കരനായ മറ്റൊരു ദിനോസര്‍ ഇന്ത്യയിലും വാണിരുന്നു-'രാജസോറസ്' ( Rajasaurus ).
ജോദ്പൂര്‍-ജെയ്‌സല്‍മാര്‍ ഹൈവെയില്‍ രാജസ്ഥാനിലെ തായിയാട്ട് എന്ന് സ്ഥലത്തിനടുത്തുകൂടി 16 കോടി വര്‍ഷം മുമ്പ് നിങ്ങള്‍ യാത്രചെയ്തിരുന്നെങ്കില്‍, ദിനോസറുകള്‍ പാത മുറിച്ച് കടന്ന് പോകുന്നത് കാണാമായിരുന്നുവെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. ഇന്ത്യയിലെ ഒരു യഥാര്‍ഥ 'ജുറാസിക് പാര്‍ക്കാ'യിരുന്നു ആ പ്രദേശം. ദിനോസറുകളുടെ ഭൂമുഖത്തെ പ്രധാന പ്രജനനകേന്ദ്രങ്ങളില്‍ ചിലത് കണ്ടെത്തിയിട്ടുള്ളതും ഇന്ത്യയില്‍ തന്നെയാണ്. ഗുജറാത്തില്‍ ബറോഡയ്ക്ക് 70 കിലോമീറ്റര്‍ വടക്ക് ഖേദ ജില്ലയിലെ റെയ്‌ഹോലി ഗ്രാമം ഉദാഹരണം. ദിനോസര്‍ മുട്ടകളുടെ വലിയ ശേഖരം തന്നെ അവിടെ നിന്ന് ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ട്.
Pic 6 - ഇന്ത്യയില്‍ ഒരുകാലത്ത് ഭീതി വിതച്ചിരുന്ന ദിനോസര്‍ രാജസോറസ്. ചിത്രം കടപ്പാട്: റൊഡോള്‍ഫോ നൊഗീറോ
ദിനോസറുകളുടെ യുഗം അവസാനിച്ച് സസ്തനികള്‍ ഭൂമി കീഴടക്കി. ഗുജറാത്തിലെ കച്ച് മുതല്‍ ജമ്മു വരെ നീളുന്ന ഇന്ത്യാ-പാക് അതിര്‍ത്തി മേഖലയില്‍ നിന്ന് 1975 ന് ശേഷം 18 വ്യത്യസ്തയിനം തിമിംഗലങ്ങളുടെ ഫോസിലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പറയുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ എത്ര വൈവിധ്യം പുലര്‍ത്തിയിരുന്നു എന്ന് വ്യക്തമാകും.
ഇന്ത്യാ ഉപഭൂഖണ്ഡം മഡഗാസ്‌കറില്‍ നിന്ന് വേര്‍പെട്ട് പ്രാചീന സമുദ്രത്തിലൂടെ ഇന്നത്തെ സ്ഥാനത്തേക്ക് നീങ്ങുന്ന കാലത്താണ്, ഭൂമിയിലെ ഏറ്റവും വലിയ ലാവാപ്രവാഹം ഇവിടെയുണ്ടായത്. 6.5-5.3 കോടി വര്‍ഷങ്ങള്‍ക്കിടയ്ക്ക് മൂന്നുഘട്ടങ്ങളായുണ്ടായ ആ ലാവാപ്രവാഹമാണ് ഡക്കാന്‍ പീഢഭൂമിയെ ഇന്നത്തെ നിലയ്ക്ക് രൂപപ്പെടുത്തിയത്. അതിന്റെ അസംഖ്യം തെളിവുകള്‍ ഗ്രന്ഥകാരന്‍ നിരത്തുന്നു.
ഇന്ത്യയുടെ ഭൗമചരിത്രത്തിലെ മറ്റൊരു പ്രധാന നാടകീയ സംഭവം ഹിമാലയത്തിന്റെയും ടിബറ്റിന്റെയും രൂപപ്പെടലായിരുന്നു. ഗോണ്ട്വാനാ മേഖലയില്‍ കടലിന്നടിയിലുണ്ടായ ലക്ഷക്കണക്കിന് വര്‍ഷം നീണ്ട ലാവാപ്രവാഹമാണ് പരസ്പരം പൊട്ടിയടര്‍ന്ന് ഭൂഖണ്ഡങ്ങളെ ഇന്നത്തെ സ്ഥാനങ്ങളിലേക്ക് എത്താന്‍ പ്രേരിപ്പിച്ചത്. അതില്‍ അവസാനത്തെ ഘട്ടമായിരുന്നു ഇന്ത്യയുടെ സ്ഥാനചലനം. മഡഗാസ്‌കറില്‍ നിന്ന് വേര്‍പെട്ട് നീങ്ങിയ ഇന്ത്യന്‍ ഉപഭൂഖണ്ഡം യൂറേഷ്യന്‍ ഭൂഫലകത്തില്‍ വന്നിടിച്ചതിന്റെ ഫലമായാണ് ടിബറ്റും ഹിമാലയവും രൂപപ്പെട്ടത്. 4.1 കോടി വര്‍ഷം മുമ്പ് മുതല്‍ 40 ലക്ഷം വര്‍ഷം മുമ്പ് വരെയുള്ള കാലത്ത് മൂന്ന് മുഖ്യഘട്ടങ്ങളിലായാണ് ഹിമാലയം ഇന്നത്തെ നിലയ്ക്ക് ഉയര്‍ന്നുവന്നതെന്ന് ഗ്രന്ഥകാരന്‍ തെളിവുകള്‍ നിരത്തി വിവരിക്കുന്നു. ഹിമാലയത്തില്‍ നിന്നുള്ള നദികളും അതിന് ശേഷമാണ് ഒഴുകാന്‍ തുടങ്ങിയത്.
Pic 7 - ബാംഗ്ലൂരിന് സമീപം സമുദ്രനിരപ്പില്‍ നിന്ന് 1226 മീറ്റര്‍ ഉയരമുള്ള സവനദുര്‍ഗ മല. ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റക്കല്‍ ഘടനയാണിത്. ചിത്രം കടപ്പാട്: നിരഞ്ജ് വൈദ്യനാഥന്‍
നദികള്‍ ഉണ്ടാവുക മാത്രമല്ല കാലാവസ്ഥയിലും വലിയ മാറ്റം സംഭവിച്ചു. ഏഷ്യന്‍ മണ്‍സൂണ്‍ പോലും ഹിമാലയത്തിന്റെ സൃഷ്ടിയാണെന്നോര്‍ക്കുക. അത്രകാലവും, എന്നുവെച്ചാല്‍ ഏതാണ്ട് 1.3 കോടി വര്‍ഷം മുമ്പുവരെ ഏഷ്യന്‍ മണ്‍സൂണ്‍ എന്നത് ദുര്‍ബലമായ ഒരു കാലാവസ്ഥാ പ്രതിഭാസമായിരുന്നു. ഹിമാലയം വന്നതോടെ മണ്‍സൂണിന്റെ ശക്തിയും സ്വാധീനവും വര്‍ധിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ജലബാഷ്പത്തെ ആവാഹിച്ച് 400 കിലോമീറ്റര്‍ വടക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ന്യൂനമര്‍ദ്ദ മേഖലയിലേക്ക് എത്തിക്കുകയാണ് മണ്‍സൂണ്‍ ചെയ്യുന്നത്. ഏതാണ്ട് ഒരുലക്ഷംകോടി ടണ്‍ മഴ മണ്‍സൂണിന്റെ ഭാഗമായി ഇന്ത്യയില്‍ പെയ്യുന്നു! കഴിഞ്ഞ 80 ലക്ഷം വര്‍ഷമായി ഇത് തുടരുന്നു.
40 ലക്ഷം വര്‍ഷംമുമ്പ് ഹിമാലയം കൂടുതല്‍ ഉയര്‍ന്നപ്പോള്‍, മണ്‍സൂണിന്റെ ശക്തി വര്‍ധിച്ചു. അതിന്റെ ഫലമായി കിഴക്കന്‍ ആഫ്രിക്കയിലെ കാലാവസ്ഥയും മാറി. അത് മനുഷ്യന്റെ പൂര്‍വികവര്‍ഗ്ഗങ്ങളുടെ പരിണാമത്തിന് പശ്ചാത്തലമൊരുക്കി. 20 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ രൂപമെടുത്ത് ലോകമെങ്ങുമെത്തി പാര്‍പ്പുറപ്പിച്ച 'ഹോമോ ഇറക്ടസ്' വര്‍ഗമാണ് നരവംശങ്ങളിലെ ഏറ്റവും വിജയിച്ച വിഭാഗം. ഭൂമിയില്‍ 19 ലക്ഷം വര്‍ഷം ജീവിച്ച ഇറക്ടസിന്റെ പാര്‍പ്പിട മേഖലകള്‍ ഇന്ത്യയില്‍ ശിവാലിക് കുന്നുകള്‍ മുതല്‍ തെക്കന്‍ തമിഴ്‌നാട് വരെ നീളുന്നതായി നരവംശശാസ്ത്രജ്ഞര്‍ പറയുന്നു. ഏതാണ്ട് 70,000 വര്‍ഷം മുമ്പ് ആ നരവംശം ഭൂമുഖത്തുനിന്ന് ഉന്‍മൂലനം ചെയ്യപ്പെട്ടു.
ഇന്നത്തെ മനുഷ്യവംശമായ ഹോമോ സാപ്പിയന്‍സ് 60,000 വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയത്. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള കുറുമ്പ, ഇരുള പോലുള്ള ആദിമവിഭാഗക്കാര്‍ അന്നെത്തിയ സാപ്പിയന്‍സിന്റെ നേര്‍പിന്‍ഗാമികളാണെന്ന് ജനിതകപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
Pic 8 - മഞ്ഞിന്റെ മൂടിയില്ലാതെ എവറസ്റ്റ് കൊടുമുടി. സമുദ്രനിരപ്പില്‍ നിന്ന് 8848 മീറ്റര്‍ പൊക്കമുള്ളതാണ് എവറസ്റ്റ്. കൊടുമുടിയുടെ മുകള്‍ഭാഗത്തെ മഞ്ഞനിറമുള്ള ഭാഗം ഈ ചിത്രത്തില്‍ വ്യക്തമാണ്. ആ ഭാഗത്തെ ശിലാപാളികളില്‍ പ്രാചീന സമുദ്രജീവികളുടെ ഫോസിലുകള്‍ സുലഭമാണ്. എന്നാല്‍, കൊടുമുടിയുടെ ചുവട്ടിലെ ശിലാപാളികളില്‍ ഫോസിലുകള്‍ ഇല്ല. ഹിമാലയത്തിന്റെ ഉത്ഭവചരിത്രത്തെക്കുറിച്ച് ഇത് വ്യക്തമായ സൂചന നല്‍കുന്നു. ചിത്രം കടപ്പാട്: Uwe Gille/Wikipedia
സമ്പന്നമായ ഒരു ദീര്‍ഘയാത്ര പൂര്‍ത്തിയാക്കിയ അനുഭവമാണ് 'ഇന്‍ഡിക്ക' വായിച്ചുകഴിയുമ്പോള്‍ ഉണ്ടാവുക. ഒപ്പം ചില തിരിച്ചറിവുകളും കിട്ടും. 450 കോടി വര്‍ഷത്തെ ഭൗമചരിത്രത്തില്‍ നമ്മളിന്ന് കാണുന്ന തരത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്ഥാനമുറപ്പിച്ചിട്ട് അധികകാലമായിട്ടില്ല. അഞ്ചുകോടി വര്‍ഷം മുമ്പ് ഇന്ത്യയ്ക്ക് വടക്ക് ഹിമാലയം പോലും ഉണ്ടായിരുന്നില്ല, സിന്ധു നദിയോ ഗംഗയോ ബ്രഹ്മപുത്രയോ ഉണ്ടായിരുന്നില്ല. എന്തിന് നമ്മളിന്ന് കാണുന്ന രൂപത്തിലുള്ള മണ്‍സൂണ്‍ പോലും ഇന്ത്യയില്‍ പെയ്തിരുന്നില്ല. ഏതാണ്ട് 75000 വര്‍ഷംമുമ്പ് ആഫ്രിക്കയില്‍ നിന്ന് പുറത്തുകടന്ന ആയിരത്തില്‍ താഴെ ഹോമോ സാപ്പിയന്‍സാണ് ഇന്ത്യയടക്കം ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ജനതകളുടെയെല്ലാം നേര്‍പൂര്‍വ്വികര്‍. മനുഷ്യന്റെ സങ്കുചിതമായ ദേശീയതയ്ക്കും ജാതിയുടെയും മതത്തിന്റെയുമൊക്കെ പേരുപറഞ്ഞുള്ള അഹങ്കാരത്തിനും യാതൊരു അര്‍ഥമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിക്കുകയാണ് ഈ ഗ്രന്ഥം.
ഒരുകാര്യം കൂടി: ഈ ഗ്രന്ഥത്തിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷത, അതിലെ ചിത്രങ്ങളാണ്. ഗ്രന്ഥകാരന്‍ വിവരിക്കുന്ന എല്ലാം പ്രധാന സംഗതികളെയും സാധൂകരിക്കുന്ന ചിത്രങ്ങളും വിവരണവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 54 പേജുകള്‍ വരുന്ന വിശദമായ കുറിപ്പുകളും വിജ്ഞാനദാഹികളായ വായനക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
(Indica: A Deep Natural History of the Indian Subcontinent, by Pranay Lal. Allen Lane. Page: 468. Rs. 999)
- ജോസഫ് ആന്റണി
* മാതൃഭൂമി ഓണ്‍ലൈനില്‍ (2017 ഏപ്രില്‍ 11) പ്രസിദ്ധീകരിച്ചത്
ഭൂമിയില്‍ ജീവന്റെ ഉത്ഭവം സംബന്ധിച്ച കണക്കുകളെയാകെ തെറ്റിക്കുകയാണ് പുതിയ ഫോസില്‍ തെളിവുകള്‍
ഭൂമി രൂപപ്പെട്ടിട്ട് 450 കോടി വര്‍ഷമായെന്ന് ഭൗമശാസ്ത്രജ്ഞര്‍ക്കറിയാം. എന്നാല്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി? കൃത്യമായ ഉത്തരം ഇനിയും കിട്ടാത്ത ചോദ്യമാണിത്. ഏതാനും ആഴ്ച മുമ്പുവരെ ഈ ചോദ്യത്തിന്റെ ഉത്തരം 370 കോടി വര്‍ഷം എന്നായിരുന്നു. കാരണം, ഗ്രീന്‍ലന്‍ഡില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജിവികളടങ്ങിയ സ്‌ട്രോമറ്റോലൈറ്റ് ഫോസിലുകളുടെ പ്രായം അതായിരുന്നു.
അടുത്തയിടെ കാനഡയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കണ്ടെത്തിയ രണ്ട് ജൈവഫോസിലുകള്‍, ഭൂമിയില്‍ ജീവന്‍ ഉത്ഭവിച്ചിട്ട് എത്രകാലമായി, ഇവിടെ സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് എന്ന് മുതലാണ് എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുതുക്കിയിരിക്കുന്നു.
യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകന്‍ മാത്യു ഡോഡും സംഘവും കാനഡയില്‍ വടക്കന്‍ ക്യുബക്കിലെ ഹഡ്‌സണ്‍ ബേ തീരത്തെ ശിലാഅടരുകളില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവികളുടെ ഫോസിലാണ് പുതിയ ഉത്തരം നല്‍കുന്നത്. ആ ജൈവഫോസിലിന്റെ പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണെന്ന് 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. എന്നുവെച്ചാല്‍, ഭൂമിക്ക് വെറും 20 കോടി വര്‍ഷം മാത്രം പഴക്കമുള്ള സയമത്ത് സൂക്ഷ്മരൂപത്തിലാണെങ്കിലും ഇവിടെ ജീവന്‍ നിലനിന്നിരുന്നു എന്നര്‍ഥം.
സമുദ്രാന്തര്‍ഭാഗത്ത് ചൂടുറവകള്‍ പ്രത്യക്ഷപ്പെടുന്ന വിള്ളലുകളില്‍ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ട്. അവയുമായി സാമ്യമുള്ളതാണ് കാനഡയിലെ ഫോസിലുകളില്‍ ഉള്ളവ. ഭൂമിയുണ്ടായി അധികം വൈകാതെ സമുദ്രാന്തര്‍ഭാഗത്തെ അത്തരം വിള്ളലുകളില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
അതേസമയം, മധ്യഇന്ത്യയില്‍ ചിത്രകൂട് പട്ടണത്തിന് സമീപത്തെ ശിലാപാളികളില്‍ നിന്നാണ് സ്വീഡിഷ് ഗവേഷക വിദ്യാര്‍ഥി തെരേസ്സ് സാള്‍സ്‌ടെഡ്ത് പ്രാചീന ആല്‍ഗെ ഫോസില്‍ തിരിച്ചറിഞ്ഞത്. ആ ഫോസിലിന്റെ പഴക്കം 160 കോടിയാണെന്ന് 'പ്ലോസ്' (PLOS) ജേര്‍ണലില്‍ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ സസ്യഫോസിലുകളില്‍ ഏറ്റവും പഴക്കമേറിയതാണിത്. കരുതിയതിലും 40 കോടി വര്‍ഷം മുമ്പ് ഇത്തരം ജീവരൂപങ്ങള്‍ ഭൂമുഖത്ത് നിലനിന്നിരുന്നു എന്നാണ് പുതിയ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത്.
ഇത്രയും വായിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാം, ഇതുപോലുള്ള പ്രാചീന ജീവരൂപങ്ങള്‍ ഇപ്പോഴും എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് കാണുന്നത് കോടിക്കണക്കിന് വര്‍ഷം പിന്നിലേക്ക് സഞ്ചരിക്കുംപോലുള്ള അനുഭവമാകില്ലേ എന്ന്!
ഈ ആഗ്രഹമുള്ളവരോട് പറയാനുള്ളത് ഇതാണ്: നിരാശ വേണ്ട, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ വിജനതീരമായ ഷാര്‍ക്ക് ബേ വരെ പോകാന്‍ കഴിഞ്ഞാല്‍ മേല്‍സൂചിച്ച ടൈം ട്രാവല്‍ നിങ്ങള്‍ക്ക് നടത്താം. പ്രാചീനജീവരൂപങ്ങളെ ജീവനോടെ കാണാം. ഷാര്‍ക്ക് ബേയില്‍ ജീവനോടെയുള്ള സ്‌ട്രോമറ്റോലൈറ്റുകളുടെ (Stromatolites) പ്രായം 350 കോടി വര്‍ഷമാണ്. അവ രൂപപ്പെടുമ്പോള്‍ ഭൂമിക്ക് പ്രായം വെറും 100 കോടി വര്‍ഷം മാത്രമായിരുന്നു!
ഷാര്‍ക്ക് ബേ തീരത്ത് അമൂല്യമായ ഈ ജീവരൂപങ്ങള്‍ നിലനില്‍ക്കുന്ന കാര്യം പുറംലോകമറിഞ്ഞിട്ട് അധികകാലമായിട്ടില്ല. വടക്കുപടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പില്‍ബാര എന്ന വിശാല വിജനമരുഭൂവില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ സ്‌ട്രോമറ്റോലൈറ്റുകളുടെ വലിയൊരു ഫോസില്‍ ശേഖരം ഭൗമശാസ്ത്രജ്ഞന്‍ സ്റ്റാന്‍ ഔരാമിക് കണ്ടെത്തുകയുണ്ടായി. 350 കോടി വര്‍ഷം പഴക്കമുള്ള അവ ഭൂമുഖത്ത് അക്കാലത്ത് കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള ജൈവഫോസിലുകളായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് തിരികെ എത്താനായി കുറച്ച് ഫോസില്‍ സാമ്പിളുമെടുത്ത് ഔരാമിക് മടങ്ങി. തുടരന്വേഷണത്തിന് വീണ്ടും പില്‍ബാരയിലെത്തിയ ഔരാമികിനും സംഘത്തിനും പക്ഷേ, ആ ഫോസില്‍ ശേഖരം എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. ഇന്നും ഓസ്‌ട്രേലിയയുടെ വിജനവിശാലതയില്‍ അവ വീണ്ടും കണ്ടെത്തപ്പെടാനായി കാത്തുകിടപ്പാണ്!

എന്നാല്‍, 1954 ല്‍ പില്‍ബാരയ്ക്ക് സമീപ പ്രദേശത്ത് അത്ഭുതകരമായ മറ്റൊരു കണ്ടെത്തല്‍ ഗവേഷകര്‍ നടത്തി. ഷാര്‍ക്ക് ബേയില്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍! പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ 12,500 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തിന്റെ ഒരു കോണില്‍ ആരും ശ്രദ്ധിക്കാതെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍ അത്രകാലവും കഴിയുകയായിരുന്നു!
ഭൂമിയിലെ ജീവന്റെ പ്രാരംഭദശയിലുണ്ടായിരുന്ന ഏകകോശജീവികളായ 'സയനോബാക്ടീരിയ' (Cyanobacteria) ആണ് സ്‌ട്രോമറ്റോലൈറ്റുകളിലുള്ളത്. സ്‌ട്രോമറ്റോലൈറ്റുകളെ വിവരിക്കുക എളുപ്പമല്ലെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') കുറിക്കുന്നു. അവ 'വളരെ പ്രാചീനസ്വഭാവമുള്ളവയാണ്. പരലുകള്‍ പോലെ ക്രമമായ ആകൃതി അവയ്ക്കില്ല....തീരത്തിനടുത്തുള്ള സ്‌ട്രോമറ്റോലൈറ്റ് കൂട്ടങ്ങള്‍ ഏതോ പ്രാചീന അക്ഷരമാലകളെ ഓര്‍മിപ്പിക്കും. അതിനപ്പുറം വലിയ ചാണകക്കൂട്ടങ്ങള്‍ പോലെ, അല്ലെങ്കില്‍ ആശയക്കുഴപ്പം ബാധിച്ച ഒരു ആനയുടെ പിണ്ടംപോലെ കാണപ്പെടും. മിക്ക പുസ്തകങ്ങളും അവയെ ക്വാളിഫഌവര്‍ പോലുള്ള ഘടനകളെന്നാണ് വിവരിക്കുന്നത്. യഥാര്‍ഥത്തില്‍ അവ ആകൃതിയില്ലാത്ത കറുത്ത ഘടനകളാണ്, സവിശേഷ സ്വഭാവമോ ആകര്‍ഷണീയതയോ ഇല്ല'-ബ്രൈസണ്‍ വിവരിക്കുന്നു.
പവിഴപ്പുറ്റുകള്‍ പോലെയാണ് സ്‌ട്രോമറ്റോലൈറ്റുകളും. ജീവനുള്ളത് അവയുടെ ബാഹ്യപ്രതലത്തിലാണ്. പോയ തലമുറകളുടെ ജഢശേഖരമാണ് ബാക്കി മുഴുവനും. ഏകകോശജീവികളായ സയനോബാക്ടീരിയയാണ് ബാഹ്യപ്രതലത്തില്‍ ജീവിക്കുന്നത്. ഓരോ സയനോബാക്ടീരിയയും ഒരു കാര്‍ബണ്‍ഡയോക്‌സയിഡ് തന്മാത്രയും സൂര്യനില്‍ നിന്ന് ചെറിയൊരളവ് ഊര്‍ജവും സ്വീകരിച്ചാണ് നിലനില്‍ക്കുന്നത്. ഈ പ്രക്രിയയുടെ ഭാഗമായി വളരെ ചെറിയൊരളവ് ഓക്‌സിജന്‍ അവ പുറത്തുവിടും.
ഇതെത്ര നിസ്സാരമെന്ന് തോന്നാം. പക്ഷേ, നിസ്സാരമായ സ്‌ട്രോമറ്റോലൈറ്റുകള്‍ക്കും ലോകത്തെ മാറ്റാനാകും, ആവശ്യത്തിന് എണ്ണവും വേണ്ടത്ര സമയവും ഉണ്ടെങ്കില്‍. ഭൗമചരിത്രത്തില്‍ ഏതാണ്ട് 200 കോടിവര്‍ഷത്തോളം ഇവിടെയുണ്ടായിരുന്ന മുഖ്യജീവരൂപം ഇവയായിരുന്നു. ആ സമയംകൊണ്ട് അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് 20 ശതമാനം വര്‍ധിപ്പിക്കാന്‍ സ്‌ട്രോമറ്റോലൈറ്റുകള്‍ക്ക് കഴിഞ്ഞു! ഭൂമിയില്‍ മറ്റ് സങ്കീര്‍ണ ജീവരൂപങ്ങള്‍ ഉടലെടുക്കാന്‍ വഴിയൊരുക്കിയത് അതാണ്.
ഒന്നോര്‍ത്താല്‍, സ്‌ട്രോമറ്റോലൈറ്റുകളോട് നമ്മള്‍ ശരിക്കും കടപ്പെട്ടിരിക്കുന്നു!
ചിത്രവിവരണം: 1.കാനഡയില്‍ നിന്ന് കണ്ടെത്തിയ സൂക്ഷ്മജീവിയുടെ ഫോസിലിന് പഴക്കം ഏതാണ്ട് 430 കോടി വര്‍ഷമാണ്. ചിത്രം: റോയിട്ടേഴ്‌സ്; 2. ഇന്ത്യയില്‍ ചിത്രകൂടിന് സമീപത്തെ ശിലാഅടരുകളില്‍ കണ്ടെത്തിയ 160 കോടി വര്‍ഷം പഴക്കമുള്ള സസ്യഫോസില്‍. ചിത്രം കടപ്പാട്: സ്റ്റീഫന്‍ ബെന്‍ഗ്സ്റ്റണ്‍; 3.ഓസ്‌ട്രേലിയയില്‍ ഷാര്‍ക്ക് ബേയിലെ ജീവനുള്ള സ്‌ട്രോമറ്റോലൈറ്റുകള്‍. 350 കോടി വര്‍ഷം പഴക്കമുള്ള ജീവരൂപമാണിത്. ചിത്രം കടപ്പാട്: പോള്‍ ഹാരിസണ്‍/ വിക്കി കോമണ്‍സ്.
- ജോസഫ് ആന്റണി
* മാതൃഭൂമി നഗരം പേജില്‍ 2017 മാര്‍ച്ച് 21ന് പ്രസിദ്ധീകരിച്ചത്
മനുഷ്യന്‍ കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നായ മെക്‌സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. ഒരു കേരളീയ ഇലക്കറിയാകാന്‍ എല്ലാ യോഗ്യതയും മായന്‍മാരുടെ ഈ അത്ഭുതസസ്യത്തിനുണ്ട്
'ഇതൊരു മെക്‌സിക്കന്‍ സസ്യമാണ്, പേര് ചായമന്‍സ. നല്ല സ്വാദുള്ള ഇലക്കറി, മികച്ച പോഷകഗുണവുമുണ്ട്. നമ്മുടെ നാട്ടിലും ഇത് നന്നായി വളരും'-ഒരുവര്‍ഷം മുമ്പ് തിരുവനന്തപുരത്തുവെച്ച് ആ ചെടിയുടെ കമ്പ് കടലാസില്‍ പൊതിഞ്ഞ് ഏല്‍പ്പിക്കുമ്പോള്‍ അഡ്വ.ആര്‍.സജു എന്നോട് പറഞ്ഞു. 'അധികം വെള്ളക്കെട്ടില്ലാത്ത, വെയില്‍ കിട്ടുന്ന എവിടെ നട്ടാലും മതി. പ്രത്യേക പരിചരണം ആവശ്യമില്ല. കീടങ്ങള്‍ ആക്രമിക്കില്ല; അതുകൊണ്ട് കീടനാശിനിയുടെ ആവശ്യവുമില്ല'.
പരിസ്ഥിപ്രവര്‍ത്തകനായ അഡ്വ. സജുവിന് ഒരു സുഹൃത്തുണ്ട്, ആയുര്‍വേദചികിത്സകനായ ഡോ.എം.ആര്‍.വിജയന്‍. 'ബോഡിട്രീ ഫൗണ്ടേഷന്റെ' സ്ഥാപകന്‍. വംശീയവൈദ്യത്തില്‍ തത്പരനായ അദ്ദേഹത്തിന് ഒരു സുഹൃത്ത് മുഖേനയാണ് ഈ മെക്‌സിക്കന്‍ സസ്യത്തിന്റെ തണ്ട് കിട്ടിയത്. നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്കും മണ്ണിനും അനുയോജ്യമായ ഈ ഇലക്കറി തികച്ചും സൗജന്യമായി കേരളമെങ്ങും പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അഡ്വ.സജുവും തിരുവനന്തപുരത്ത 'ശാന്തിഗ്രാം' പോലുള്ള സന്നദ്ധസംഘടനകളും.
കുറ്റിച്ചെടിപോലെ വളരുന്ന സസ്യമാണ് ചായമന്‍സ, 'മരച്ചീര'യെന്നും പേരുണ്ട്. ചോളം ഉള്‍പ്പടെ ഒട്ടേറെ കാര്‍ഷികസസ്യങ്ങള്‍ പ്രാചീനമനുഷ്യന്‍ മെരുക്കിയെടുത്ത മെക്‌സിക്കോയില്‍ നിന്നാണ് ചായമന്‍സയുടെയും വരവ്. നൂറ്റാണ്ടുകളായി മധ്യഅമേരിക്കയിലെ മായന്‍ വര്‍ഗ്ഗക്കാര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പോഷകസമൃദ്ധമായ സസ്യമാണിത്. ജൈവവേലിയുണ്ടാക്കാനും അലങ്കാരസസ്യവുമൊക്കെയായി മെക്‌സിക്കോയില്‍ ഈ ചെടി ഉപയോഗിക്കുന്നു.
ചായമന്‍സയുടെ ഇലകളാണ് കറിവെയ്ക്കുക. സാധാരണ ചീര പോലെ തോരന്‍വെയ്ക്കാം; ഉപ്പേരി, കട്‌ലറ്റ് അങ്ങനെ അനേകം വിഭവങ്ങളുമുണ്ടാക്കാം. ഒറ്റ കുഴപ്പമേയുള്ളൂ: വേവിക്കാതെ കഴിക്കരുത്. കപ്പയിലേതുപോലെ അല്‍പ്പം കട്ട് ചായാമന്‍സയിലുണ്ട്-ഹൈഡ്രോസൈനിക് ആസിഡ് അടങ്ങിയിട്ടുണ്ടെന്ന് അര്‍ഥം, അതുകൊണ്ടാകാം കീടങ്ങള്‍ ആക്രമിക്കാത്തത്. ചൂടാക്കുമ്പോള്‍ കട്ട് പോകും. അതിനാല്‍ പത്തുപതിനഞ്ച് മിനിറ്റ് നേരം വേവിച്ച് മാത്രമേ ചായമന്‍സ ഉപയോഗിക്കാവൂ. ഇതേ കാരണത്താല്‍ പാചകത്തിന് അലുമിനിയം പാത്രവും വേണ്ട.
ഒരിക്കല്‍ ചായമന്‍സയുടെ സ്വാദറിഞ്ഞാല്‍ ആരും അതിനെ ഉപേക്ഷിക്കില്ലെന്ന് മാത്രമല്ല, ആ സസ്യത്തെപ്പറ്റി കൂടുതല്‍ അറിയാനും നട്ടുവളര്‍ത്താനും ശ്രമിക്കും. ഈ ലേഖകന്റേയും അനുഭവം മറിച്ചായിരുന്നില്ല. അങ്ങനെയാണ്, 'മായന്‍മാരുടെ അത്ഭുതസസ്യ'മെന്നറിയപ്പെടുന്ന അതിന്റെ ശാസ്ത്രീയനാമം Cnidoscolus aconitifolius ആണെന്നും, പോഷകഗുണത്തിന്റെ കാര്യത്തില്‍ നിലവിലുള്ള ഏത് ഇലക്കറിയെയും ചായമന്‍സ കടത്തിവെട്ടുമെന്നും മനസിലായത്. വിറ്റാമിന്‍ സി, ബീറ്റ-കരോട്ടിന്‍, പ്രോട്ടീന്‍, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, റൈബോഫ്‌ളേവിന്‍ എന്നിങ്ങനെയുള്ള പോഷകഘടകങ്ങള്‍ ചായമന്‍സയില്‍ മികച്ച രീതിയില്‍ അടങ്ങിയിരിക്കുന്നു. തുല്യതൂക്കം ഓറഞ്ചും ചായമന്‍സ ഇലകളുമെടുത്താല്‍, ഓറഞ്ചിലേതിനെക്കാള്‍ പത്തുമടങ്ങ് വിറ്റാമിന്‍ സി ചായമന്‍സയിലുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ചായമന്‍സയുടെ മികച്ച സ്വാദിന് കാരണം അതിലടങ്ങിയ പ്രോട്ടീനാണ്. 100 ഗ്രാം ചായമന്‍സയിലയില്‍ നിന്ന് ഒരു മുട്ടയില്‍ അടങ്ങിയ അത്രയും പ്രോട്ടീന്‍ ലഭിക്കും.
ചായമന്‍സ ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹവും രക്തസമ്മര്‍ദ്ദവും വിളര്‍ച്ചയും മുതല്‍ അസ്ഥിക്ഷയം വരെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശമനമേകാന്‍ സഹായിക്കും. മാത്രമല്ല, വൃക്കരോഗങ്ങള്‍ പ്രതിരോധിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഓര്‍മശക്തി വര്‍ധിപ്പിക്കാനും ചായാമന്‍സ ഭക്ഷിക്കുന്നത് സഹായിക്കുമെന്ന്, 'മെഡിക്കല്‍ പ്ലാന്റ് റിസര്‍ച്ച് ജേര്‍ണല്‍' 2011 ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
ചായമന്‍സയുടെ തണ്ട് (കമ്പ്) മുറിച്ചാണ് നടുക. 'വരള്‍ച്ചയെ അതിജീവിക്കുന്ന ചെടിയാണിത്. നട്ടാല്‍ ആറ് മാസംകൊണ്ട് വിളവെടുത്ത് തുടങ്ങാം. ഏതെങ്കിലും പ്രത്യേക സീസണില്‍ മാത്രമല്ല, വര്‍ഷം മുഴുക്കെ വിളവു കിട്ടും'-അഡ്വ.സജു അറിയിക്കുന്നു. നിലവില്‍ ഏതാണ്ട് 30,000 സസ്യയിനങ്ങളെ ഭക്ഷ്യാവശ്യത്തിന് മനുഷ്യന്‍ ആശ്രയിക്കുന്നു എന്നാണ് കണക്ക്. ചായമന്‍സ അതിലൊന്നാണ്.
സസ്യങ്ങളെ മെരുക്കി കൃഷിയാരംഭിച്ചതാണ് ആധുനികമനുഷ്യന്‍ നേടിയ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്ന്. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടയ്ക്കാണത് സംഭവിച്ചത്. നവശിലായുഗ വിപ്ലവത്തിന്റെ ഭാഗമായി ലോകത്ത് ഏഴിടങ്ങളില്‍-ചൈന, പശ്ചിമേഷ്യ, ന്യൂഗിനി, ആന്‍ഡീസ്, ആമസോണ്‍ തടം, മെക്‌സിക്കോ, പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍-സ്വതന്ത്രമായ രീതിയില്‍ കൃഷി തുടങ്ങിയെന്നാണ് നിഗമനം. ശാസ്ത്രം ഇത്ര പുരോഗമിച്ചെങ്കിലും, ഇന്നും മനുഷ്യന്റെ കലോറി ആവശ്യത്തില്‍ 90 ശതമാനവും നിര്‍വഹിക്കുന്നത് 3500 ബി.സി-9000 ബി.സിക്കിടെ മെരുക്കിയെടുത്ത ഒരുപിടി സസ്യങ്ങളില്‍ നിന്നാണ്; ഗോതമ്പ്, നെല്ല്, ചോളം, ഉരുളക്കിഴങ്ങ്, മില്ലറ്റ്, ബാര്‍ലി എന്നിവയില്‍ നിന്ന്. ഇക്കാര്യത്തില്‍ നമ്മളിപ്പോഴും ശിലായുഗത്തിലാണ് സാരം!
മനുഷ്യന്‍ കൃഷിയാരംഭിച്ച പ്രാചീനകേന്ദ്രങ്ങളിലൊന്നാണ് മെക്‌സിക്കോ ഉള്‍പ്പെട്ട മധ്യഅമേരിക്ക. അവിടെയാണ് മായന്‍ ജനത പതിനായിരം വര്‍ഷംമുമ്പ് ചോളം മെരുക്കി കൃഷി തുടങ്ങിയത്. ബീന്‍സും തക്കാളിയും ആ മേഖലയിലാണ് ആദ്യം 'കണ്ടെത്തിയത്'. 'മീസോഅമേരിക്ക' (Mesoamerica) എന്നറിയപ്പെടുന്ന ആ പ്രദേശത്തുനിന്നാണ് ചായമന്‍സയുടെയും വരവ്. മെക്‌സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപിലാണ് ചായമന്‍സയുടെ ഉത്ഭവം എന്ന് കരുതുന്നു. ഗ്വാട്ടിമാല, ഹോണ്ടൂറാസ് തുടങ്ങിയ മറ്റ് മീസോഅമേരിക്കന്‍ മേഖലയിലേക്ക് അത് പിന്നീട് വ്യാപിച്ചു. ഇപ്പോള്‍ ചായമന്‍സ കേരളത്തിലും എത്തിയിരിക്കുന്നു.
ചായമന്‍സ ഒരു വിദേശസസ്യമല്ലേ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകാം. അവരുടെ അറിവിലേക്കായി പറയട്ടെ: ലോകമെങ്ങും ഇന്ന് 50 കോടി ആളുകളുടെ വിശപ്പടക്കുന്ന കപ്പ അഥവാ മരച്ചീനി ഒരിക്കല്‍ വടക്കന്‍ ബ്രസീലിലെ പ്രാചീനവര്‍ഗ്ഗക്കാല്‍ മാത്രം ഉപയോഗിച്ചിരുന്ന വിളയാണ്. സ്പാനിഷുകാരും പോര്‍ച്ചുഗീസുകാരുമാണ് അത് പുറംലോകത്തെത്തിച്ചത്. നമ്മുടെ നാട്ടില്‍ ഇന്ന് കപ്പയുടെ സ്ഥാനമെന്തെന്ന് വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. കേരളത്തിലും സുലഭമായ പപ്പായ വന്നത് ചായമന്‍സയുടെ ജന്മദേശമായ മീസോഅമേരിക്കയില്‍ നിന്നാണ്. പച്ചമുളകും മെക്‌സിക്കോ സ്വദേശിയാണ്. തെക്കന്‍ പെസഫിക് ദ്വീപുകളില്‍ ആദിമനിവാസികള്‍ കൃഷിചെയ്തിരുന്ന ശീമച്ചക്ക (കടച്ചക്ക) എങ്ങനെ കേരളത്തിലും ഭക്ഷ്യവിഭവമായി എന്നാലോചിച്ച് നോക്കുക. ഇന്‍ഡൊനീഷ്യയിലെ മൊളുക്കാ ദ്വീപില്‍ നിന്നുള്ള ഇലുമ്പന്‍ പുളി (പുളിച്ചിക്ക) ഇന്ന് കേരളത്തിലെ തൊടികളിലും നന്നായി വളരുന്നില്ലേ. അത്തരത്തിലൊരു കേരളീയ കൃഷിയിനമാകാന്‍ എല്ലാ യോഗ്യതയുമുള്ള ഒന്നാണ് ചായമന്‍സയും (കടപ്പാട്: അഡ്വ.ആര്‍.സജു, ഐടിഇസി).
ചിത്രം: 1. ചായമന്‍സ ചെടി. ചിത്രം: ലേഖകന്‍; 2. ചായമന്‍സയുടെ ഉത്ഭവകേന്ദ്രം എന്ന് കരുതപ്പെടുന്ന മെക്‌സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപ്
- ജോസഫ് ആന്റണി
* ചായമന്‍സ ലഭിക്കുന്ന സ്ഥലങ്ങളും പോഷകഗുണങ്ങളും
* മാതൃഭൂമി നഗരം പേജില്‍ 2017 ഏപ്രില്‍ 18ന് പ്രസിദ്ധീകരിച്ചത്
ഒരുകാലത്ത് കേരളത്തില്‍ ഏത് നാട്ടിന്‍പുറത്തുമെന്ന പോലെ ഒരു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ട് അമ്പൂരിയിലുമുണ്ടായിരുന്നു-'പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ട്'. ഇപ്പോള്‍ പല മലയോര പ്രദേശങ്ങളിലും 'ഫോറന്‍സിക് സയന്‍സി'ന് നല്ല സ്‌കോപ്പാ' (കോപ്പാ!) എന്ന് പ്രചരിപ്പിക്കും പോലെ, അക്കാലത്ത് പറഞ്ഞിരുന്നത് 'ടൈപ്പ് റൈറ്റിങും ഷോട്ട്ഹാന്‍ഡും പഠിച്ചാല്‍ ജോലി ഉറപ്പാ' എന്നായിരുന്നു!
നാട്ടിലെ പത്താംക്ലാസ് കഴിഞ്ഞ പെണ്‍കുട്ടികളില്‍ മിക്കവരും അവിടെ വരും എന്നതായിരുന്നു ടൈപ്പ് റൈറ്റിങ് ഇന്‍സ്റ്റിട്ട്യൂട്ടുകളുടെ പ്രത്യേക. അതുകൊണ്ട് തന്നെ, കൗമാരപ്രായക്കാരായ ഞങ്ങളുടെ മനസില്‍ ഇന്‍സ്റ്റിട്ട്യൂട്ടിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അവിടെ പഠിക്കാന്‍ പോകുന്നത് മിക്ക ചെറുപ്പക്കാരും സ്വപ്‌നം കണ്ടു.
എന്റെ കാര്യത്തില്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായത് പത്താംക്ലാസ് കഴിയുന്ന വേളയിലാണ്. പക്ഷേ, മൂന്നാഴ്ച കൊണ്ട് സ്വപ്‌നം പൊലിഞ്ഞു. വില്ലനായത് ഷോര്‍ട്ട്ഹാന്‍ഡ് ആണ്. ടൈപ്പ് റൈറ്റിങ് ഒരുവിധം സഹിക്കാം, ഗൂഢഭാഷയായ ഷോട്ട്ഹാന്‍ഡ് സഹിക്കാനുള്ള ശേഷി എനിക്കില്ല എന്ന് വേഗം പിടികിട്ടി. മൂന്നാഴ്ച കൊണ്ട് മതിയാക്കി. ഒരുമാസത്തെ ഫീസ് കൊടുത്തതുകൊണ്ട്, നാലാമത്തെ ആഴ്ച അമ്പൂരിയില്‍ എനിക്ക് വീട്ടുകാരറിയാതെ ഒളിവില്‍ കഴിയേണ്ടിവന്നു!
പ്രീഡിഗ്രിക്ക് ചേര്‍ന്ന ശേഷം വീണ്ടും ഭാഗ്യം പരീക്ഷിച്ചു. ഇത്തവണ ഷോട്ട്ഹാന്‍ഡ് ഒഴിവാക്കിയായിരുന്നു പഠനം. പക്ഷേ, ഏതാനും ആഴ്ചകൊണ്ട് സംഭവം അവസാനിപ്പിക്കേണ്ടിവന്നു. പ്രീഡിഗ്രി കഴിഞ്ഞ ശേഷം ഞാനെന്റെ 'ടൈപ്പ് റൈറ്റിങ് പരീക്ഷകള്‍ മൂന്നാംഭാഗ'ത്തിന് വിധേയനായി. ഇത്തവണ ഒരു മാസത്തിലേറെ പഠനം നീളുകയും സ്പീഡ് ടെസ്റ്റിന് വിധേയനാകാന്‍ പാകത്തില്‍ പരിശീലനം നേടുകയും ചെയ്തു. ഇംഗ്ലീഷ് അക്ഷരമാലയെ മുന്നോട്ടുംപിന്നോട്ടും അനായാസം ഹിംസിക്കുന്നത് എനിക്ക് ഹരംപകര്‍ന്നു. എങ്കിലും ഫീസ് കെട്ടിവെച്ച് പരീക്ഷയ്ക്ക് തയ്യാറാവാതെ പിന്‍വാങ്ങി!
കാര്യങ്ങള്‍ അവിടെ അവസാനിച്ചു എന്നാണ് കരുതിയത്. കലചക്രം ഉരുണ്ടു (അതാണല്ലോ സ്‌റ്റൈല്‍!), വര്‍ഷങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് വഴിമാറി. 23 വര്‍ഷം കഴിഞ്ഞ് കോഴിക്കോട് മാതൃഭൂമിയില്‍ ജേര്‍ണലിസ്റ്റായ എനിക്ക് കൈകൊണ്ട് എഴുതാന്‍ വയ്യെന്ന സ്ഥിതി വന്നു. ഒരു ആയുര്‍വേദ ഡോക്ടര്‍ നല്‍കിയ ഉപദേശപ്രകാരം, കനമുള്ള മഷിപ്പേന ഉപയോഗിച്ചുനോക്കി (മിഠായി തെരുവിലെ കൃഷ്ണ ഓപ്ടിക്കല്‍സില്‍ നമ്മുടെ ആവശ്യപ്രകാരം മഷിപ്പേന ഉണ്ടാക്കിത്തരുമായിരുന്നു. ഒരു എസ് ഐയ്ക്ക് ലാത്തിയുടെ വലുപ്പവും ആകൃതിയുമുള്ള പേനയാണ് അവര്‍ നല്‍കിയത്). ഒരുവര്‍ഷം അങ്ങനെ അഡ്ജസ്റ്റ് ചെയ്തു. അപ്പോഴേക്കും മഷിപ്പേനയും പറ്റാതെ വന്നു.
അവസാനം കമ്പ്യൂട്ടറില്‍ എഴുതുകയല്ലാതെ നിവൃത്തിയില്ല എന്ന ഘട്ടമായി. 2005 ലായിരുന്നു അത്. തീരുമാനമെടുത്ത് ആദ്യദിനം തന്നെ ഒരു വാര്‍ത്ത വലിയ ബുദ്ധിമുട്ടില്ലാതെ മലയാളത്തില്‍ കമ്പോസ് ചെയ്യാനായത് എന്നെ അത്ഭുതപ്പെടുത്തി. അതോടൊപ്പം, അതിശയകരമായ ഒരുകാര്യം എനിക്ക് മനസിലായി, 23 വര്‍ഷം മുമ്പ് അമ്പൂരിയിലെ പ്രതിഭ ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് അഭ്യസിച്ച ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് പാഠങ്ങളാണ്, ഒറ്റ ദിവസംകൊണ്ട് എന്നെ കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ പ്രാപ്തനാക്കിയത്. 12 വര്‍ഷമായി ഞാന്‍ കമ്പ്യൂട്ടറില്‍ മലയാളം എഴുതുന്നു. Typeit! എന്ന മലയാളം എഡിറ്ററാണ് ഏറെക്കാലമായി എന്റെ തുണ.
എന്ത് സംഗതിയായിക്കോട്ടെ, ഏത് പഠനമായിക്കോട്ടെ. അതിന്റെ ഗുണം എന്നായാലും നമ്മളെ തേടിവരും എന്ന വലിയ പാഠമാണ് ഇതെനിക്ക് നല്‍കിയത്.