Sunday, April 13, 2014

'മാഹീത്തെ പെമ്പിള്ളേരും' വാട്ട്‌സ്ആപ്പും


2013 ല്‍ സോഷ്യല്‍ മീഡിയ താരമാക്കിയ മലയാളിയെ മിക്കവര്‍ക്കുമറിയാം. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ ചന്ദ്രലേഖ. 'ചമയം' എന്ന സിനിമയില്‍ ചിത്ര പാടിയ 'രാജഹംസമേ....' എന്ന് തുടങ്ങുന്ന പ്രശസ്തഗാനം, മകന്‍ ശ്രീറാമിനെയും ഒക്കത്തുവെച്ച് അനായാസമായി പാടുമ്പോള്‍, ദരിദ്രയായ ആ വീട്ടമ്മയോ, അത് മൊബൈലില്‍ റിക്കോര്‍ഡുചെയ്ത ഭര്‍ത്തൃസഹോദരന്‍ ദര്‍ശനോ ഓര്‍ത്തിരിക്കില്ല, ലോകമെങ്ങുമുള്ള മലയാളികള്‍ നിറഞ്ഞ മനസോടെ ഏറ്റെടുക്കാന്‍ പോകുന്ന ഗാനമായിരിക്കുമതെന്ന്.

വടശ്ശേരിക്കരയിലെ തേച്ചുമിനുക്കാത്ത അടുക്കള ചുമരിനുള്ളില്‍ അവസാനിക്കേണ്ടിയിരുന്ന ചന്ദ്രലേഖയുടെ ഗാനം 2012 ല്‍ ദര്‍ശന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും, 2013 ലെ മലയാളികളുടെ സോഷ്യല്‍ മീഡിയ ആഘോഷത്തിനായി കാലം കരുതിവെച്ച ഒന്നായി അത് പരിണമിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്കില്‍ ആരോ അത് ഷെയര്‍ ചെയ്യുന്നതോടെയാണ്, ആ യൂട്യൂബ് വീഡിയോയുടെ നിയോഗം മാറ്റിയെഴുതപ്പെടുന്നത്. ചന്ദ്രലേഖയുടെ ഗാനം കാട്ടുതീ പോലെ ഫെയ്‌സ്ബുക്കില്‍ പടര്‍ന്നു. നിര്‍ധനയായ ആ വീട്ടമ്മ ഏവരുടെയും വേദനയും പ്രാര്‍ഥനയുമായി മാറി. സാക്ഷാല്‍ ചിത്ര തന്നെ അവരെ തേടിയെത്തി. ചലച്ചിത്ര പിന്നണിഗാന രംഗത്ത് ചന്ദ്രലേഖയെത്തേടി അവസരങ്ങളെത്തി.

ഫെയ്‌സ്ബുക്കും അജ്ഞാതരായ ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് മലയാളികളും ചേര്‍ന്ന് ചന്ദ്രലേഖയെന്ന വീട്ടമ്മയുടെ ശിരോലിഖിതം മാറ്റിയെഴുതുകയായിരുന്നു. മിലന്‍ ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന 'ലൗ സ്‌റ്റോറി' എന്ന ചിത്രത്തിനായി ചന്ദ്രലേഖ ആലപിച്ച 'കണ്‍കളാലൊരു...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വന്‍ഹിറ്റാകുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

തീര്‍ച്ചയായും 2013 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളി ചന്ദ്രലേഖ തന്നെയായിരുന്നു. അങ്ങനെയെങ്കില്‍, 2014 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളിതാരം ആരായിരിക്കും!

അതിന് 2014 തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് തോന്നാം. ശരിയാണ്, തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, ഈ ലേഖകന്റെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മലയാളി താരം അല്ലെങ്കില്‍ താരങ്ങള്‍ ഇതിനകം പിറന്നുകഴിഞ്ഞു. 'മാഹീത്തെ പെമ്പിള്ളേരാ'ണത്!!

വടക്കന്‍ മലബാര്‍ ശൈലിയില്‍ ആരോ പാടിയ പാട്ട്, പാലയാട് ക്യാമ്പസിലെ എല്‍ എല്‍ ബി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ഥികളായ അസ്‌നി, റംലത്ത്, റാഷ എന്നീ മൂവര്‍സംഘം 'മാഹീത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്ന് റീമേക്ക് ചെയ്ത് വാട്ട്‌സ്ആപ്പ് വഴി പുറത്തിറക്കിയത് ആഷിക്ക് അബുവിന്റെ പുതിയ സിനിമയ്ക്കുള്ള വിഷയം വരെ ആയിരിക്കുന്നു.

വാട്ട്‌സ്ആപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തതോടെയാണ് 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത്. ഇവിടെ ശ്രദ്ധിക്കുക, 2013 പോലെ പാട്ട് പാടിയ ആളല്ല താരമായത്, പകരം പാട്ടില്‍ പ്രതിഫലിക്കുന്ന പെണ്‍കരുത്താണ് താരപദവി നേടിയത്! 'മാഹീത്തെ പെമ്പിള്ളേരു'ടെ ഡസണ്‍ കണക്കിന് പാരഡികള്‍ യുട്യൂബിലും ഫെയ്‌സ്ബുക്കിലും ദിവസങ്ങള്‍ക്കകം നിറഞ്ഞത്, ആ പാട്ടിന് ലഭിച്ച വമ്പിച്ച പ്രതികരണത്തിന്റെ തെളിവായി.

ഇത്രകാലവും 'നാവില്ലാത്തവരുടെ ശബ്ദ'മെന്നാണ് മാധ്യമങ്ങള്‍ അറിയപ്പെട്ടിരുന്നതെങ്കില്‍, ആരാലുമറിയപ്പെടാതെ കിടക്കുന്ന തീപ്പൊരികള്‍ ആളിക്കത്തിക്കുന്ന അപ്രതീക്ഷിത ഊര്‍ജപ്രവാഹമായി നവമാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

2013 ല്‍ നിന്ന് 2014 ലേക്കെത്തുമ്പോള്‍, മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാവുന്ന ഒരു പ്രധാന മാറ്റം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വ്യത്യാസമാണ്. 2013 ല്‍ ഫെയ്‌സ്ബുക്കാണ് ചന്ദ്രലേഖയെ താരമാക്കിയതെങ്കില്‍, 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത് വാട്ട്‌സ്ആപ്പിലൂടെയാണ്.

ഒരര്‍ഥത്തില്‍ 2014 ല്‍ താരമായി മാറിയത് 'മാഹീത്തെ പെമ്പിള്ളേര്‍' മാത്രമല്ല; വാട്ട്‌സ്ആപ്പും (WhatsApp) കൂടിയാണ്. വാട്ട്‌സ്ആപ്പ് താരമായത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണത്താലാണെന്ന് മാത്രം. ടെക്ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. അങ്ങനെയാണ് വാട്ട്‌സ്ആപ്പിന് താരപദവി ലഭിച്ചത്.

കേള്‍ക്കുമ്പോള്‍ തലചുറ്റലുണ്ടാക്കാന്‍ പോന്നത്ര ഭീമമായൊരു തുക (1900 കോടി ഡോളര്‍, എന്നുവെച്ചാല്‍ 117800 കോടി രൂപ) നല്‍കി സ്വന്തമാക്കാന്‍ പോന്നത്ര വലിയ പ്രലോഭനമായി ഫെയ്‌സ്ബുക്കിന് വാട്ട്‌സ്ആപ്പ് മാറിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരുത്തരം 'മാഹീത്തെ പെമ്പിള്ളേര്‍' നല്‍കും!

1992 ല്‍ ആരംഭിച്ച മൊബൈല്‍ 'ഷോര്‍ട്ട് മെസേജ് സര്‍വീസ്' അഥവാ എസ് എം എസിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന വാട്ട്‌സ്ആപ്പ്, സോഷ്യല്‍ മെസേജിങ് രംഗത്ത് നടത്തുന്ന മുന്നേറ്റമാണ് ടെക്‌ലോകത്തെ പുതിയ താരമാക്കി അതിനെ മാറ്റിയത്.

2014 ജനവരിയില്‍ പുറത്തുവന്ന കണക്ക് പ്രകാരം, 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിനിമയം ചെയ്യപ്പെടുന്നത് ശരാശരി 5000 കോടി സന്ദേശങ്ങളാണ്! ടെക്‌സ്റ്റും ഫോട്ടോയും വീഡിയോയും ഗ്രാഫിക്‌സുമൊക്കെ ഇതില്‍ പെടുന്നു. മാത്രമല്ല, ഓരോ മാസവും പത്തുലക്ഷം യൂസര്‍മാര്‍ വീതം വാട്ട്‌സ്ആപ്പില്‍ കൂടുതലായി ചേരുന്നു.

'സീക്രട്ട്' (Secret), 'കിക്' (Kik), 'വി ചാറ്റ്' (WeChat), 'ലൈന്‍' (Line), 'കകാവൊടോക്ക്' (KakaoTalk), 'സ്‌നേപ്പ്ചാറ്റ്' (Snapchat) എന്നിങ്ങനെ പാശ്ചാത്യലോകത്ത് സ്വാധീനമുള്ള സന്ദേശസര്‍വീസുകള്‍ പലതുമുണ്ടെങ്കിലും, അവയ്‌ക്കൊന്നും ജനപ്രീതിയുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിന്റെ ഏഴയലത്ത് എത്താനായിട്ടില്ല. എന്തിന്, ഫെയ്‌സ്ബുക്കിന്റെ മെസേജ് സര്‍വീസായ മെസഞ്ചറിന് പോലും സോഷ്യല്‍ മെസേജിങ് രംഗത്ത് വാട്ട്‌സ്ആപ്പിന് വെല്ലുവിളിയാകാന്‍ സാധിച്ചില്ല.

യാഹൂവിലെ രണ്ട് മുന്‍ജീവനക്കാരായ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ സ്ഥാപിച്ച വാട്ട്‌സ്ആപ്പ്, ആഗോളതലത്തില്‍ ഇത്രവലിയ സൂപ്പര്‍ഹിറ്റാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

ശരിക്കു പറഞ്ഞാല്‍, 2009 ജനവരിയില്‍ ജാന്‍ കൗണിന്റെ പക്കലെത്തിയ പുതിയ ഐഫോണില്‍നിന്നാണ് വാട്ട്‌സ്ആപ്പിന്റെ കഥ തുടങ്ങേണ്ടത്. അതിന് ഒന്‍പത് മാസംമുമ്പ് ആപ്പിള്‍ ആരംഭിച്ച ആപ്പ് സ്റ്റോര്‍, പുതിയൊരു തൊഴില്‍മേഖല സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ആ വിജയഗാഥയിലെ ആദ്യ മുന്നേറ്റ നിമിഷം. അതുപ്രകാരം പുതിയൊരു ആപ്പ് സൃഷ്ടിക്കാനും കമ്പനി സ്ഥാപിക്കാനും ബ്രിയാന്‍ ആക്ടണിനൊപ്പം ജാന്‍ കൗണ്‍ നടത്തിയ നീക്കം, ടെക്ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുകയായിരുന്നു.

'എക്സ്റ്റന്‍സിബിള്‍ മെസേജിങ് ആന്‍ഡ് പ്രെസന്‍സ് പ്രോട്ടോക്കോളി' (XMPP) ന്റെ ഒരു കസ്റ്റമറൈസ് ചെയ്ത വേര്‍ഷനാണ് വാട്ട്‌സ്ആപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. യൂസര്‍നാമമായി നമ്മുടെ ഫോണ്‍ നമ്പറാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുക. ഐഫോണ്‍ ആപ്പ് ആയിട്ടാണ് ആദ്യം വാട്ട്‌സ്ആപ്പ് തുടങ്ങിയതെങ്കിലും, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, വിന്‍ഡോസ് ഫോണ്‍ തുടങ്ങി എല്ലാ പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കും.

25 എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെ വെറും 55 ജീവനക്കാരുള്ള വാട്ട്‌സ്ആപ്പ് അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച നേട്ടം ഏതര്‍ഥത്തിലും അതിശയിപ്പിക്കുന്നതാണ്. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുന്നതായി 2014 ഫെബ്രുവരി 19 ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത് ആ അതിശയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍, വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കൗണ്‍ 680 കോടി ഡോളറും, സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 300 കോടി ഡോളറും സമ്പാദ്യമുള്ളവരായി മാറി. മുമ്പ് ജോലി നല്‍കാതെ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തികൂടിയാണ് ആക്ടണ്‍. ആ നിലയ്ക്ക് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തപ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറ്റപ്പെട്ടത്.

ടെക് ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ തുകയ്ക്കുള്ള രണ്ട് ഏറ്റെടുക്കലുകള്‍ നടത്തിയത് ഗൂഗിളും മൈക്രോസോഫ്റ്റുമാണ്. രണ്ടുവര്‍ഷംമുമ്പ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത് 1250 കോടി ഡോളര്‍ മുടക്കിയാണ് (അടുത്തയിടെ മോട്ടറോളയെ 291 കോടി ഡോളറിന് ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വിറ്റു). ഇന്റര്‍നെറ്റ് ടെലിഫോണി കമ്പനിയായ സ്‌കൈപ്പിനെ 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തം ചിറകിന്‍ കീഴിലാക്കിയത്.

അതിനെയൊക്കെ കടത്തിവെട്ടി വന്‍തുക മുടക്കി വാട്ട്‌സ്ആപ്പിനെ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. അതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്, ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും ഇന്‍സ്റ്റഗ്രാമും യൂട്യൂബും പോലുള്ള സോഷ്യല്‍ മീഡിയ സര്‍വീസുകള്‍ക്കിടയ്ക്ക് വാട്ട്‌സ്ആപ്പ് പോലൊരു സ്വകാര്യ സന്ദേശ സര്‍വീസിന് എങ്ങനെ ഇത്രവലിയ വിജയമാകാന്‍ സാധിച്ചു എന്നകാര്യം.

അവിടെയാണ് വ്യക്തിപരമായ ആശയവിനിമയത്തിന് ഓരോരുത്തരുടെയും ജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും കടന്നുവരുന്നത്. നിങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയുന്നതും, ഒരാളോട് നേരിട്ട് സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഫെയ്‌സ്ബുക്കിലെ പോസ്റ്റിങ് ശരിക്കും പുരപ്പുറത്തു കയറിയുള്ള അലമുറയിടീലാണ്. അതേസമയം, വാട്ട്‌സ്ആപ്പിലൂടെയുള്ളത് നേര്‍ക്കുനേരെയുള്ള കമ്മ്യൂണിക്കേഷനും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകളുടെ അടിസ്ഥാന ദൗത്യം ആളുകളെ തമ്മില്‍ കണക്ട് ചെയ്യുകയെന്നതാണ്. ഫെയ്‌സ്ബുക്കില്‍ 500 സുഹൃത്തുക്കളുള്ള ഒരാള്‍ ഒരു പോസ്റ്റിടുമ്പോള്‍, ആ 500 പേര്‍ക്ക് മുന്നിലേക്കാണ് അതെത്തുന്നത്. അതില്‍ എത്രപേര്‍ എങ്ങനെയൊക്കെ അത് സ്വീകരിക്കുമെന്ന് പോസ്റ്റിടുന്നയാള്‍ക്ക് ഉറപ്പില്ല.

 'ഡിജിറ്റല്‍ യുഗത്തിലെ ഇത്തരം കമ്മ്യൂണിക്കേഷന്‍ ഒരര്‍ഥത്തില്‍ തിരക്കേറിയ ഒരു തീയേറ്ററില്‍നിന്ന് വിളിച്ചുകൂവുന്ന അവസ്ഥയിലേക്ക് അധപതിച്ചിരിക്കുകയാണ്'-ഒരു വട്ട്‌സ്ആപ്പ് യൂസര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. എന്നാല്‍, വാട്ട്‌സ്ആപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുംവിധമുള്ള വ്യക്തിപരമായ ആശയവിനിമയത്തിന്റെ ഭാവിസാധ്യത ശരിവെയ്ക്കുകയാണ്, വന്‍തുക മുടക്കി വാട്ട്‌സ്ആപ്പ് ഏറ്റെടുക്കുക വഴി ഫെയ്‌സ്ബുക്ക് ചെയ്തത്. (കടപ്പാട് : വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, വിക്കിപീഡിയ)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

ഭാവി കണ്ടുപിടിക്കാനുള്ള വഴികള്‍

 
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന് പത്തുവയസ്സ് തികഞ്ഞതും, ഭൂമുഖത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വേര്‍ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവിയായി ഇന്ത്യക്കാരനായ സത്യ നാദെല്ല തിരഞ്ഞെടുക്കപ്പെട്ടതും ഒരേ ദിവസമാണ് - 2014 ഫെബ്രുവരി നാലിന്.

ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും, മൈക്രോസോഫ്റ്റിന്റെ പുതിയ മേധാവി നാദെല്ലയും അന്ന് ഓരോ കത്തുകള്‍ പ്രസിദ്ധീകരിച്ചു. സക്കര്‍ബര്‍ഗിന്റെ കത്ത് ഫെയ്‌സ്ബുക്ക് അംഗങ്ങളെ അംഭിസംബോധന ചെയ്തുകൊണ്ടുള്ളതായിരുന്നുവെങ്കില്‍, മൈക്രോസോഫ്റ്റ് ജീവനക്കാര്‍ക്കായി തയ്യാറാക്കിയതായിരുന്നു നാദെല്ലയുടെ കത്ത്.

വ്യത്യസ്ത സാഹചര്യങ്ങളില്‍, വ്യത്യസ്ത ടാര്‍ജറ്റ് ഗ്രൂപ്പിന് പോസ്റ്റ് ചെയ്യപ്പെട്ട ആ രണ്ട് കത്തിലും പൊതുവായിട്ടുള്ള ഒരു സംഗതിയുണ്ടായിരുന്നു. അത് അടുത്ത പത്തുവര്‍ഷത്തേക്ക് നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ചുള്ളതായിരുന്നു.

ഇന്ത്യയിലെ മൊത്തം ജനസംഖ്യയ്ക്ക് തുല്യമാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ സംഖ്യ - 123 കോടി! പത്തുവര്‍ഷംമുമ്പ്, ഹാര്‍വാഡിലെ ഹോസ്റ്റല്‍മുറിയില്‍വെച്ച് നാല് സഹപാഠികള്‍ക്കൊപ്പം ഫെയ്‌സ്ബുക്കിന് തുടക്കമിടുമ്പോള്‍, ഈ നിലയ്ക്ക് ലോകംകീഴടക്കുന്ന പ്രതിഭാസമായി അത് മാറുമെന്ന് സക്കര്‍ബര്‍ഗ് കരുതിയിട്ടുണ്ടാകുമോ?

കഴിഞ്ഞ ഫിബ്രുവരി നാലിന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത കത്തില്‍ സക്കര്‍ബര്‍ഗ് അതിന് മറുപടി പറയുന്നത് ഇങ്ങനെ: 'ഇല്ല. ഫെയ്‌സ്ബുക്ക് തുറന്ന ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പിസ കഴിക്കാന്‍ പോയത് ഞാനോര്‍ക്കുന്നു. കോളേജ് വിദ്യാര്‍ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന കാര്യം ആവേശമുണര്‍ത്തുന്നതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു'.

എന്നുവെച്ചാല്‍, സക്കര്‍ബര്‍ഗിന്റെ പോലും പ്രതീക്ഷയ്ക്കപ്പുറത്തേക്കാണ് ഫെയ്‌സ്ബുക്ക് വളര്‍ന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തെക്കാളും തന്നെ ആവേശംകൊള്ളിക്കുന്നത് വരുന്ന പത്തുവര്‍ഷങ്ങളാണെന്ന് സക്കര്‍ബര്‍ഗ് കത്തില്‍ പറഞ്ഞു. തീര്‍ച്ചയായും അത് വെല്ലുവിളികള്‍ നിറഞ്ഞതാകുമെന്നുറപ്പ്.

'നെറ്റ്‌വര്‍ക്കിനെ ചുവടുപ്പിക്കുന്നതിനുള്ളതായിരുന്നു ആദ്യപത്തുവര്‍ഷങ്ങള്‍'. പ്രാധാന്യമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇപ്പോള്‍ നമുക്കുണ്ട്. 'പങ്കുവെയ്ക്കലിനാണ് ഇപ്പോള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനും, സങ്കീര്‍ണപ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാകും അടുത്ത ദശകത്തില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ ശ്രമിക്കുക'.

നിലവില്‍ അനുഭവങ്ങള്‍ പങ്കിടാന്‍ നമുക്ക് മുന്നില്‍ പരിമിതമായ ഏതാനും മാര്‍ഗങ്ങളേയുള്ളൂ. എന്നാല്‍, വരുംദശകത്തില്‍ പുതിയ അനുഭവങ്ങള്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കുകളില്‍ പങ്കിടാന്‍ സാങ്കേതികവിദ്യ നവീന വഴികള്‍ തുറക്കുമെന്നും സക്കര്‍ബര്‍ഗ് പ്രത്യാശിക്കുന്നു.

ഫെയ്‌സ്ബുക്കല്ല മൈക്രോസോഫ്റ്റ്. അതിനാല്‍, ഫെയ്‌സ്ബുക്ക് മേധാവിയുടെ ആശങ്കകളല്ല മൈക്രോസോഫ്റ്റ് മേധാവി നാദെല്ല പങ്കിടുന്നത്. ഭാവിയിലെ കമ്പ്യൂട്ടിങിനെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. ഒരോ വീട്ടിലും ഓരോ ഡെസ്‌കിലും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെത്തിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് മൈക്രോസോഫ്റ്റിന് തുടക്കത്തിലുണ്ടായിരുന്നതെന്ന കാര്യം നാദെല്ല തന്റെ കത്തില്‍ ഓര്‍മിപ്പിക്കുന്നു.

ഇന്ന് കഥ മാറിയിരിക്കുന്നു. വ്യത്യസ്തമായ ഒട്ടേറെ ഉപകരണങ്ങളി്ല്‍ നമ്മുടെ ശ്രദ്ധ തിരിയേണ്ടിയിരിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് മേധാവി പറയുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന് സംഭവിക്കുന്ന രൂപപരിണാമം വഴി, ഡെസ്‌ക്‌ടോപ്പുകളും ലാപ്‌ടോപ്പുകളും ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും, സ്മാര്‍ട്ട്‌വാച്ച് പോലെ ശരീരത്തിലണിയാവുന്ന ഉപകരണങ്ങള്‍ക്കും വഴിമാറുന്നതിനാണ് കഴിഞ്ഞ ദശകം സാക്ഷ്യംവഹിച്ചത്.

സ്വാഭാവികമായും അതിന്റെ പ്രതിധ്വനി ഭാവിയെക്കുറിച്ചുള്ള നാദെല്ലയുടെ ആശങ്കകളില്‍ പ്രതിധ്വനിക്കുക സ്വാഭാവികം. അടുത്ത ദശകത്തില്‍ കമ്പ്യൂട്ടിങ് സര്‍വ്വവ്യാപിയാകും. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പ്യൂട്ടിങിനും നെറ്റ്‌വര്‍ക്കിങിനും ശക്തിപകരും -നാദെല്ല ചൂണ്ടിക്കാട്ടുന്നു.

'സോഫ്റ്റ്‌വേറിന്റെയും ഹാര്‍ഡ്‌വേറിന്റെയും സഹപരിണാമം വഴി, ബിസിനസിലും ജീവിതത്തിലും നമ്മുടെ ലോകത്തും ഇതുവരെ സാധ്യമാകാതിരുന്ന ഒട്ടേറെ സംഗതികള്‍ ഡിജിറ്റല്‍രൂപത്തിലാക്കാന്‍ സാധിക്കും' - കത്തില്‍ നാദെല്ല പറയുന്നു. പരസ്പരബന്ധിത ഉപകരണങ്ങളുടെയും ക്ലൗഡ് വഴി വര്‍ധിച്ചുവരുന്ന കമ്പ്യൂട്ടിങ് ശേഷിയുടെയും വന്‍തോതിലുള്ള ഡേറ്റായില്‍നിന്ന് ലഭിക്കുന്ന ഉള്‍ക്കാഴ്ച്ചയുടെയും മെഷീന്‍ ലേണിങ്ങിന്റെയും സഹായത്തോടെയാകും ഇത് സാധ്യമാവുകയെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

സോഫ്റ്റ്‌വേറിന്റെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ലോകമാകും നാളെത്തേത്. നമ്മുടെ ലോകത്തെ ഇതുവരെ സാധ്യമാകാത്ത വിധം കാണാനും പ്രകടിപ്പിക്കാനും പങ്കിടാനും കഴിയുന്ന വിധം, സുഹൃത്തുക്കളും കൂടുംബാംഗങ്ങളുമായി നമ്മള്‍ ബന്ധിപ്പിക്കപ്പെടുന്ന കാലമാണ് വരുന്നത്. ബിസിനസ് രംഗത്ത് ഉപയോക്താക്കളുമായി കൂടുതല്‍ അര്‍ഥവത്തായ വിധം ഇടപെടാന്‍ വഴി തെളിയും-നാദെല്ല പറയുന്നു.

-----

ടെക്‌ലോകത്തെ നിയന്ത്രിക്കുന്ന രണ്ട് വന്‍കിട കമ്പനികളുടെ മേധാവികള്‍ ഒരേ ദിവസം പുറത്തുവിട്ട കത്തുകളില്‍, ഭാവിയെക്കുറിച്ച് ഏതാണ്ട് സമാനമായ സംഗതികളാണ് കടന്നുവരുന്നതെന്നത് കൗതുമുണര്‍ത്തുന്നു.

യഥാര്‍ഥത്തില്‍ സക്കര്‍ബര്‍ഗും നാദെല്ലയും പ്രവചിക്കുന്നതുപോലെയാകുമോ അടുത്ത പത്തുവര്‍ഷങ്ങള്‍. 2025 ആകുമ്പോഴേക്കും ലോകം ഇവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പരിണമിക്കുമോ. ഉറപ്പില്ല. കാരണം, ഭാവി പ്രവചിക്കുകയെന്നത് വളരെ റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. നിലവിലെ സൂചനകള്‍ പ്രകാരം ലോകം ഭാവിയില്‍ എങ്ങനെയാകുമെന്ന് ഏതാണ്ട് കൃത്യമായി പ്രവചിക്കാന്‍ വളരെ ചുരുക്കംപേര്‍ക്കേ കഴിഞ്ഞിട്ടുള്ളൂ.

ഭാവി പ്രവചിക്കുന്നതിന് പകരം 'ഭാവി കണ്ടുപിടിക്കാന്‍' ആപ്പിളിന്റെ സഹസ്ഥാപകനും മുന്‍മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിനെപ്പോലുള്ളവര്‍ ശ്രമിച്ചത് അതുകൊണ്ടാണ് !

പത്തുവര്‍ഷംമുമ്പ്, അന്നത്ത സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭാവി പ്രവചിക്കാന്‍ സ്റ്റീവ് ജോബ്‌സ് ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, ഐഫോണോ ഐപാഡോ ആപ്പിള്‍ പുറത്തിറക്കില്ലായിരുന്നു. അത്തരം ഉപകരണങ്ങള്‍ ലോകംകീഴടക്കാന്‍ പോകുന്നുവെന്ന കാര്യമായ സൂചനകളൊന്നും 2004 ല്‍ ഉണ്ടായിരുന്നില്ല. അന്നത്തെ സൂചനകള്‍ക്കനുസരിച്ചാണെങ്കില്‍, ഐപോഡ് എന്ന മ്യൂസിക് ഉപകരണം കൂടുതല്‍ കൂടുതല്‍ പരിഷ്‌ക്കരിച്ച് ആപ്പിള്‍ ഇന്നും കഴിച്ചുകൂട്ടിയേനെ!

മൊബൈല്‍ കമ്പ്യൂട്ടിങില്‍ ടാബ്‌ലറ്റ് യുഗം ആരംഭിച്ചത് 2010 ല്‍ ആപ്പിളിന്റെ ഐപാഡ് രംഗത്തെത്തിയതോടെയാണ്. ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലേക്ക് തള്ളിയിട്ടുകൊണ്ട്, 2007 ല്‍ ഐഫോണ്‍ അവതരിപ്പിച്ച ശേഷമാണ് ആപ്പിളും സ്റ്റീവും ഐപാഡിലേക്ക് തിരിഞ്ഞത് എന്നാണ് പലരും കരുതുന്നത്. പക്ഷേ, അത് തെറ്റാണെന്ന് സ്റ്റീവിന്റെ ജീവചരിത്രകാരന്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഐഫോണ്‍ എന്ന ആശയം വരുന്നതിന് വളരെ മുമ്പേ, 2002 ല്‍ ഐപാഡ് പ്രോജക്ട് ആപ്പിള്‍ ആരംഭിച്ചിരുന്നുവത്രേ. സ്റ്റൈലസില്ലാതെ ഉപയോഗിക്കാവുന്ന ഒരു ടാബ്‌ലറ്റ് വേണമെന്നാണ് സ്റ്റീവ് തന്റെ വിശ്വസ്തരെ 2002 ല്‍ അറിയിച്ചത്. ഉപകരണത്തിന്റെ സ്‌പെസിഫിക്കേഷന്‍ സ്റ്റീവ് നല്‍കിയത് എങ്ങനെയായിരുന്നുവെന്ന്, അന്ന് ആ പ്രോജക്ടില്‍ ഉള്‍പ്പെട്ട ആപ്പിള്‍ എഞ്ചിനിയറെ ഉദ്ധരിച്ച് ഫ്രെഡ് വൊഗല്‍സ്റ്റീന്‍ ('Dogfight'(2013) എന്ന ഗ്രന്ഥത്തില്‍) റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: 'കക്കൂസിലിരിക്കുമ്പോഴും ഈമെയില്‍ നോക്കാന്‍ കഴിയണം'!

ഇടയ്ക്ക് ഐഫോണ്‍ പ്രോജക്ടിന് അടിയന്തര പ്രാധാന്യം ലഭിച്ചതിനാല്‍, ഐപാഡ് പദ്ധതി ആപ്പിള്‍ നിര്‍ത്തിവെച്ചു. ഐപാഡിനായി അതിനകം രൂപപ്പെടുത്തിയ പല സങ്കേതങ്ങളും (മള്‍ട്ടിടച്ച് പോലുള്ളവ) ഐഫോണിനായി ഉപയോഗിക്കപ്പെട്ടു. 2007 ല്‍ ഐഫോണ്‍ പുറത്തിറങ്ങി. അതിന് ശേഷം സ്റ്റീവും ആപ്പിളും ഐപാഡിലേക്ക് പൂര്‍ണശ്രദ്ധ തിരിച്ചു.

ഒരു സ്‌ക്രീന്‍ മാത്രമുള്ള കമ്പ്യൂട്ടറെന്ന് ഐപാഡിനെ വിശേഷിപ്പിക്കാം. അത്തരമൊരു കമ്പ്യൂട്ടര്‍ ലോകത്തിന് ആവശ്യമുണ്ടെന്നും, ലോകമെമ്പാടും ആളുകള്‍ ഡെസ്‌ക്‌ടോപ്പിനും ലാപ്‌ടോപ്പിനും പകരം ടാബുകളെ നെഞ്ചിലേറ്റുമെന്നും ഒരു സൂചനയും സ്റ്റീവിനോ ഐപാഡ് സൃഷ്ടിക്കാന്‍ അധ്വാനിച്ചവര്‍ക്കോ അന്ന് ലഭിച്ചിരുന്നില്ല.

അതേസമയം, ആളുകള്‍ അതിഷ്ടപ്പെടും എന്ന കാര്യത്തില്‍ സ്റ്റീവിന് സംശയമുണ്ടായിരുന്നില്ല. ആളുകള്‍ക്ക് അത് അനായാസം ഉപയോഗിക്കാന്‍ കഴിയണം എന്നകാര്യത്തിലും തര്‍ക്കവുമുണ്ടായിരുന്നില്ല. ഈ കാഴ്ചപ്പാടോടെ സ്റ്റീവ് യഥാര്‍ഥത്തില്‍ ഭാവിയെ കണ്ടുപിടിക്കുകയായിരുന്നു. വരുംകാലം മൊബൈല്‍ കമ്പ്യൂട്ടിങ്ങിന്റേതായിരിക്കുമെന്ന് പറയുമ്പോള്‍, ലോകം അതിലേക്കെത്തിയതില്‍ വലിയ തോതില്‍ കടപ്പെട്ടിരിക്കുന്നത് 'ഭാവി കണ്ടുപിടിച്ച' സ്റ്റീവിനോടാണ്.

യഥാര്‍ഥത്തില്‍ അടുത്ത ദശകം എങ്ങനെയായിരിക്കുമെന്ന് ആലോചിക്കുമ്പോള്‍ ആദ്യം മനസിലെത്തുന്ന ചോദ്യം, അടുത്ത ദശകത്തിലെ സ്റ്റീവ് ജോബ്‌സ് ആരായിരിക്കുമെന്നാണ്. അത്തരത്തില്‍ ഭാവി കണ്ടുപിടിക്കാന്‍ ശേഷിയുള്ള പ്രതിഭകള്‍ രംഗത്തെത്തിയാല്‍, ഫെയ്‌സ്ബുക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ മേധാവികള്‍ കരുതുന്നതുപോലെ ആയിക്കൊള്ളണം കാര്യങ്ങള്‍ എന്നില്ല.

പ്രശസ്ത അമേരിക്കന്‍ ബിസിനസ് ജേര്‍ണലിസ്റ്റ് കെന്‍ ഔലേറ്റ ('Googled' (2009) എന്ന ഗ്രന്ഥത്തില്‍) വിവരിച്ചിട്ടുള്ള സംഗതി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. 1998 ല്‍ വാഷിങ്ടണില്‍ റെഡ്‌മോണ്ടിലുള്ള മൈക്രോസോഫ്റ്റ് ക്യാമ്പസില്‍വെച്ച് അന്നത്തെ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സുമായി നടത്തിയ കൂടിക്കാഴ്ച്ചയാണത്.

കൂടിക്കാഴ്ച്ചയ്ക്കിടെ ഔലേറ്റ ചോദിച്ചു : 'താങ്കള്‍ ഏറ്റവുമധികം ഭയപ്പെടുന്ന വെല്ലുവിളി എന്താണ്?'

അല്‍പ്പസമയത്തെ ആലോചന വേണ്ടിവന്നു ബില്‍ ഗേറ്റ്‌സിന് മറുപടി നല്‍കാന്‍. ഐടി രംഗത്ത് അന്ന് മൈക്രോസോഫ്റ്റിന്റെ മുഖ്യഎതിരാളികളായിരുന്ന നെറ്റ്‌സ്‌കഫെ, ഒറാക്കിള്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികളുടെയൊന്നും പേര് അദ്ദേഹം പറഞ്ഞില്ല. പകരം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : 'ഏതോ ഒരു ഗ്യാരേജില്‍ തികച്ചും പുതുമയാര്‍ന്ന ഒന്ന് ആരോ വാര്‍ത്തെടുക്കുന്നത്!' ഇന്നവേഷനാണ് ഏത് വ്യവസ്ഥാപിത ബിസിനസിന്റെയും ശത്രുവെന്ന് ബില്‍ ഗേറ്റ്‌സിന് നന്നായി അറിയാമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ പേടിസ്വപ്നം.

ആ അഭിമുഖത്തിന്റെ സമയത്ത് സിലിക്കണ്‍ വാലിയിലെ ഒരു ഗ്യാരേജില്‍ ലാറി പേജും സെര്‍ജി ബ്രിന്നും ചേര്‍ന്ന്, ബില്‍ ഗേറ്റ്‌സിന്റെ പേടിസ്വപ്‌നത്തിന് 'ഗൂഗിള്‍' എന്നപേരില്‍ മൂര്‍ത്തീഭാവം നല്‍കുകയായിരുന്നുവെന്ന കാര്യം ഔലേറ്റ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ ഫെയ്‌സ്ബുക്കും മൈക്രോസോഫ്റ്റും ഭാവിയെക്കുറിച്ച് ആശങ്കയോടെയുള്ള പ്രവചനങ്ങള്‍ നടത്തുമ്പോള്‍, ആ പ്രവചനങ്ങള്‍ക്കിടെ 16 വര്‍ഷംമുമ്പ് ബില്‍ ഗേറ്റ്‌സ് സൂചിപ്പിച്ച പെടിസ്വപ്‌നത്തെ നമുക്ക് വായിച്ചെടുക്കാനാകും (ചിത്രങ്ങള്‍ കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്‍) 

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

Sunday, March 09, 2014

ഹോര്‍ത്തൂസ് മലബാറിക്കൂസ് - രണ്ടുതവണ പിറന്ന അപൂര്‍വ്വഗ്രന്ഥം

 ജോസഫ് ആന്റണി
ഒരു ഗ്രന്ഥം രണ്ടുതവണ പിറക്കുമോ? വ്യത്യസ്ത പതിപ്പുകള്‍ ഒരു ഗ്രന്ഥത്തിന് വന്നേക്കാമെങ്കിലും, രണ്ടുതവണ അത് പിറക്കുകയെന്നത് അസാധ്യം എന്ന് ആരും സമ്മതിക്കും. എന്നാല്‍, അങ്ങനെയൊരു ഗ്രന്ഥമുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍നിന്ന് പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന വിശിഷ്ടഗ്രന്ഥത്തിനാണ് രണ്ടുതവണ പിറക്കാനുള്ള അപൂര്‍വ്വ വിധിയുണ്ടായത്. ആ ഗ്രന്ഥം ആദ്യം പ്രസിദ്ധീകരിച്ച് കൃത്യം മൂന്നേകാല്‍ നൂറ്റാണ്ട് തികഞ്ഞപ്പോള്‍ അതിന്റെ രണ്ടാംപിറവി നടന്നു; അത് കേരളത്തില്‍ നിന്നായിരുന്നു.

മൂന്നേകാല്‍ നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യത്തിനിടെ രണ്ടുതവണ പിറന്നു എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. ശരിക്കും സംഭവിച്ചതാണത്. കേരളത്തിലെ (പഴയകാലത്തെ മലബാര്‍) സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനില്‍ തയ്യാറാക്കപ്പെട്ട 12 വോള്യമുള്ള ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. 'ഹോര്‍ത്തൂസ് മലബാറിക്കൂസി'ന്റെ അര്‍ഥം തന്നെ 'മലബാര്‍ ഉദ്യാനം' എന്നാണ്. പതിനേഴാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ചേര്‍ത്തലക്കാരനായ ഇട്ടി അച്യുതന്‍ എന്ന മലയാളി വൈദ്യനെ മുഖ്യസഹായിയായി വെച്ചുകൊണ്ട് ഹോര്‍ത്തൂസ് തയ്യാറാക്കിയത്.

ലാറ്റിനില്‍ പ്രസിദ്ധീകരിച്ച ആ ബൃഹത്ഗ്രന്ഥത്തില്‍ 742 അധ്യായങ്ങളിലായി, കേരളത്തില്‍ വളരുന്ന 679 വ്യത്യസ്ത സസ്യയിനങ്ങളുടെ വിവരണമാണുള്ളത്. ഒരോ ചെടിയുടെയും സസ്യശാസ്ത്രപരമായ വിശേഷങ്ങളും, സാമ്പത്തികവശങ്ങളും, ഔഷധഗുണങ്ങളുമെല്ലാം ഹോര്‍ത്തൂസില്‍ വിവരിച്ചിരിക്കുന്നു. വിവരണം മാത്രമല്ല, സസ്യങ്ങളുടെ ജീവന്‍ തുടിക്കുന്ന 791 ചിത്രങ്ങളും ഹോര്‍ത്തൂസിലുണ്ട് (712 എണ്ണം ഇരട്ട ഫോളിയോ വലിപ്പത്തിലും, 79 എണ്ണം ഫോളിയോ വലിപ്പത്തിലും!). ആ ലാറ്റിന്‍ ഗ്രന്ഥത്തില്‍ സസ്യനാമങ്ങള്‍ മലയാളത്തിലും ചേര്‍ക്കുക വഴി, ചരിത്രത്തിലാദ്യമായി മലയാള ലിപി അച്ചടിമഷി പുരണ്ടതും ഹോര്‍ത്തൂസിലാണ്.

സ്വാഭാവികമായും ഇത്ര ബൃഹത്തായ ഒരു സംരംഭം പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലും നെതര്‍ലന്‍ഡ്‌സിലുമായി നൂറുകണക്കിനാളുകളുടെ സഹായം വാന്‍ റീഡിന് തേടേണ്ടി വന്നു. രാഷ്ട്രീയ എതിര്‍പ്പും സാമ്പത്തിക പ്രയാസങ്ങളും ഉള്‍പ്പടെ എണ്ണിയാലൊടുങ്ങാത്ത വൈതരണികള്‍ പിന്നിടേണ്ട വലിയൊരു ദൗത്യമായി മാറി ഹോര്‍ത്തൂസിന്റെ പ്രസിദ്ധീകരണം. കാല്‍നൂറ്റാണ്ടിലേറെ വേണ്ടിവന്നു ഹോര്‍ത്തൂസിന്റെ രചനയ്ക്കും പ്രസിദ്ധീകരണത്തിനും. 1678 - 1693 കാലത്താണ് ഹോര്‍ത്തൂസിന്റെ 12 വോള്യങ്ങളും ആംസ്റ്റര്‍ഡാമില്‍നിന്ന് ആദ്യം പ്രസിദ്ധീകരിക്കപ്പെടുന്നത്.

കേരളത്തില്‍ വളരുന്ന നൂറുകണക്കിന് സസ്യങ്ങളെ അന്നത്തെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വര്‍ഗീകരിക്കുകയാണ് വാന്‍ റീഡ് ചെയ്തത്. ആധുനിക സസ്യവര്‍ഗീകരണശാസ്ത്രം (ടാക്‌സോണമി) നിലവില്‍ വരുന്നതിന് മുമ്പായിരുന്നു അത്. കേരളത്തില്‍ മാത്രമല്ല, ലോകത്ത് ഒരു ഉഷ്ണമേഖലാ പ്രദേശത്തുനിന്നും അന്നുവരെ ഇത്രയേറെ സസ്യങ്ങളെ സമഗ്രമായി മനസിലാക്കി വര്‍ഗീകരിച്ച് രേഖപ്പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ആ നിലയ്ക്ക് സസ്യവര്‍ഗീകരണശാസ്ത്രത്തിന് ഇന്ത്യയില്‍ തുടക്കമിട്ടത് വാന്‍ റീഡാണെന്ന് പറയുന്നത് തെറ്റാവില്ല.

ഹോര്‍ത്തൂസ് പ്രസിദ്ധീകരിച്ച് മൂന്നു നൂറ്റാണ്ടുകാലം അതിനെ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനോ സാധാരണക്കാരുടെ കൈകളിലെത്തിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. ലാറ്റിനില്‍ തയ്യാറാക്കപ്പെട്ട ആ ഗ്രന്ഥത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് സമഗ്രമായി മനസിലാക്കുന്നതിലും ആര്‍ക്കും വിജയിക്കാനായില്ല. പാശ്ചാത്യലോകത്ത് മുന്നൂറിലേറെ പണ്ഡിതരും സസ്യശാസ്ത്രജ്ഞരും ഹോര്‍ത്തൂസിനെ പരിഭാഷപ്പെടുത്താനും മനസിലാക്കാനും ഈ കാലത്തിനിടെ ശ്രമിച്ചു. കാര്യമായ വിജയം ആര്‍ക്കും സാധ്യമായില്ല.

ഹോര്‍ത്തൂസിനെ പരിഭാഷപ്പെടുത്താന്‍ കഴിയാത്തതിന് ഒട്ടേറെ കാരണങ്ങളുണ്ട്. അതിന് ശ്രമിക്കുന്നയാള്‍ ലാറ്റിന്‍ അറിവുള്ളയാളാവണം, സസ്യശാസ്ത്രജ്ഞനാകണം, കേരളത്തിലെ സസ്യങ്ങളെ ആഴത്തില്‍ മനസിലാക്കിയ വ്യക്തിയാകണം, മലയാളം അറിയാമായിരിക്കണം. മാത്രമല്ല, 12 വോള്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ആ ബൃഹത്ഗ്രന്ഥം പൂര്‍ണമായി മനസിലാക്കിയെടുക്കാന്‍ പതിറ്റാണ്ടുകളുടെ കഠിനാധ്വാനവും ക്ഷമയും വേണം.

ഇതെല്ലാമുള്ള ഒരാള്‍ രംഗത്ത് വരുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ്. ഹോര്‍ത്തൂസിനെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പൂര്‍ണമായി പരിഭാഷപ്പെടുത്തുകയും, ഹോര്‍ത്തൂസില്‍ വിവരിച്ചിരിക്കുന്ന 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കി മുഴുവന്‍ എണ്ണത്തെയും വീണ്ടും തേടിപ്പിടിച്ച് ആധുനിക സസ്യശാസ്ത്ര സങ്കേതങ്ങളുപയോഗിച്ച് വിശദീകരിക്കുകയും, ഹോര്‍ത്തൂസിലുള്ള ഭാഷാപരവും ചരിത്രപരവുമായ സംഗതികള്‍ മുഴുവന്‍ വ്യാഖ്യാനിക്കുകയും ചെയ്ത ആ വ്യക്തിയുടെ പേരാണ് ഡോ.കെ.എസ്.മണിലാല്‍. ഹോര്‍ത്തൂസിന് രണ്ടാംജന്മം നല്‍കിയത് മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനാണ്. അതിനായി തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ആ ഗവേഷകന്‍ സമര്‍പ്പിച്ചു.

ഒര്‍ക്കുക - വാന്‍ റീഡ് തന്റെ ജീവിതത്തിന്റെ 25 വര്‍ഷങ്ങള്‍ ഹോര്‍ത്തൂസിനായി ചെലവിട്ടപ്പോള്‍, മണിലാല്‍ അതിന്റെ ഇരട്ടി സമയം ആ ഗ്രന്ഥത്തിന് രണ്ടാംജന്മം നല്‍കാന്‍ വേണ്ടി ചെലവഴിച്ചു. 2003 ല്‍ കേരളയൂണിവേഴ്‌സിറ്റി ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പും, 2008 ല്‍ മലയാളം പതിപ്പും പ്രസിദ്ധീകരിച്ചു.

വാന്‍ റീഡ്
ലോകത്തെ ആദ്യ ബഹുരാഷ്ട്ര കോര്‍പ്പറേഷനായ ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ ഇരുപതാം വയസില്‍ (1656 ല്‍) സൈനികനായി ചേര്‍ന്ന വ്യക്തിയാണ് ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ്. ആംസ്റ്റര്‍ഡാമിലെ ഒരു കുലീന പ്രഭുകുടുംബത്തിലെ അംഗമായി 1636 ല്‍ ജനിച്ച വാന്‍ റീഡിന് പ്രാഥമിക വിദ്യാഭ്യാസം പോലും ശരിക്ക് ലഭിച്ചിരുന്നില്ല. അഡ്മിറല്‍ റിജ്‌ലോഫ് വാന്‍ ഗൊന്‍സിന് കീഴാണ് സൈനികനായി വാന്‍ റീഡ് പ്രവര്‍ത്തിച്ചത്. 

സിലോണും മലബാറും പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള കപ്പല്‍പ്പടയെ നയിച്ചത് വാന്‍ ഗൊന്‍സ് ആയിരുന്നു. അദ്ദേഹത്തിന്റെ പ്രീതീ പിടിച്ചുപറ്റിയ വാന്‍ റീഡിന്, മലബാര്‍ ആക്രമണങ്ങളില്‍ നേതൃനിരയില്‍ സ്ഥാനംലഭിച്ചു. 1663 ല്‍ വാന്‍ ഗൊന്‍സിന്റെ നേതൃത്വത്തില്‍ ഡച്ച് സേന കൊച്ചികോട്ട പിടിച്ചെടുത്തപ്പോള്‍, മലബാര്‍ കൗണ്‍സിലറും കൊച്ചി രാജാവിന്റെ സ്റ്റേറ്റ് ഓഫീസറുമായി നിയമിക്കപ്പെട്ടത് വാന്‍ റീഡായിരുന്നു.

നാട്ടുരാജാക്കന്‍മാരുമായി ബന്ധപ്പെട്ട്, സമ്മതത്തോടെയോ ബലപ്രയോഗത്തിലൂടെയോ കുരുമുളക് വ്യാപാരത്തിന്റെ കുത്തക കൈക്കലാക്കുക എന്നതായിരുന്നു വാന്‍ റീഡില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം. അതിനായുള്ള യാത്രകള്‍ക്കിടയിലാണ് കേരളത്തിലെ സസ്യസമ്പത്ത് വാന്‍ റീഡിനെ ആകര്‍ഷിക്കാന്‍ തുടങ്ങുന്നത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം ഡച്ച് കമ്പനിക്ക് സാമ്പത്തികമായി ഗുണംചെയ്യുമെന്ന് വാന്‍ റീഡ് കണ്ടു. പ്രത്യേകിച്ചും ഡച്ച് പട്ടാളക്കാരുടെ ചികിത്സാകാര്യത്തില്‍. പ്രധാനമായും ഈ ചിന്തയാണ്, 1670 ല്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായി നിയമിക്കപ്പെട്ട ശേഷം, ഹോര്‍ത്തൂസ് തയ്യാറാക്കുന്നതിലേക്ക് വാന്‍ റീഡിനെ നയിച്ചത്.

പ്രാഥമിക വിദ്യാഭ്യാസം പോലും ശരിക്കു ലഭിക്കാത്ത ഒരാള്‍ക്ക് ഹോര്‍ത്തൂസ് പോലൊരു സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കുക സാധ്യമല്ലല്ലോ. അത്തരമൊരു സംരംഭത്തിന് പുറപ്പെടുമ്പോള്‍ വാന്‍ റീഡിന് തന്റെ പരിമിതികളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതിനാല്‍, സസ്യശാസ്ത്രത്തിലും വൈദ്യത്തിലും വിദഗ്ധനെന്ന് പേരെടുത്ത കത്തോലിക്കാ വൈദികനായ ഫാ.മാത്യു ഓഫ് സെന്റ് ജോസഫിന്റെ സഹായം വാന്‍ റീഡ് തേടി. 1674 ല്‍ തുടങ്ങിയ ഹോര്‍ത്തൂസ് പദ്ധതിയില്‍ ആ വൈദികനെ സഹായിക്കാന്‍ രംഗഭട്ട്, വിനായക പണ്ഡിറ്റ്, അപ്പു ഭട്ട് എന്നീ കൊങ്കിണി ബ്രാഹ്മണരെ വാന്‍ റീഡ് നിയോഗിക്കുകയും ചെയ്തു.

പക്ഷേ, പദ്ധതി കുറച്ച് പുരോഗമിച്ചപ്പോള്‍ ഒരുകാര്യം വാന്‍ റീഡിന് ബോധ്യമായി. അന്യനാട്ടുകാരനായ ഫാ.മാത്യുവിന് (അദ്ദേഹം ഇറ്റലിക്കാരനായിരുന്നു) കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് അത്ര അവഗാധമില്ല. മാത്രമല്ല, ഫാ.മാത്യു തയ്യാറാക്കുന്ന സസ്യചിത്രങ്ങള്‍ മിഴിവുള്ളതോ, പലപ്പോഴും സസ്യങ്ങളേതെന്ന് തിരിച്ചറിയാന്‍ പാകത്തില്‍ ഉള്ളതോ അല്ല.

ആ സമയത്ത് കൊച്ചി സന്ദര്‍ശിച്ച പ്രശസ്ത ഡച്ച് സസ്യശാസ്ത്രജ്ഞന്‍ ഹോള്‍ ഹെര്‍മാന്‍  ഉപദേശിച്ചതു പ്രകാരം, അതുവരെ ചെയ്ത കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഹോര്‍ത്തൂസ് പദ്ധതി പുതിയതായി തുടങ്ങി. ഇത്തവണ, മലബാറിലെ ഏറ്റവും പ്രസിദ്ധനായ വൈദ്യന്‍ ഇട്ടി അച്യുതനെയാണ് വാന്‍ റീഡ് മുഖ്യസഹായി ആയി നിയമിച്ചത്. കൊച്ചിയിലെ ഡച്ച് ക്യാമ്പിലുണ്ടായിരുന്ന പ്രഗത്ഭരായ ചില ചിത്രകാരന്‍മാരുടെ സഹായവും തേടി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സസ്യങ്ങള്‍ ശേഖരിക്കാന്‍ നൂറുകണക്കിനാളുകളെ വാന്‍ റീഡ് നിയോഗിച്ചു. കൊച്ചി രാജാവും തുണയ്‌ക്കെത്തി. യൂറോപ്യന്‍ മാനദണ്ഡമനുസരിച്ച് ശാസ്ത്രത്തിന്റെ സാര്‍വത്രികഭാഷയായ ലാറ്റിനില്‍ തന്നെ വേണം ഗ്രന്ഥം എന്നകാര്യത്തില്‍ വാന്‍ റീഡിന് നിര്‍ബന്ധമുണ്ടായിരുന്നു. സസ്യവിവരങ്ങളും ഔഷധഗുണങ്ങളും ഇട്ടി അച്യുതന്‍ പറഞ്ഞുകൊടുക്കുന്നത് മലയാളത്തില്‍നിന്ന് പോര്‍ച്ചുഗീസിലേക്കും, പോര്‍ച്ചുഗീസില്‍നിന്ന് ഡച്ചിലേക്കും, ഡച്ചില്‍നിന്ന് ലാറ്റിനിലേക്കും പരിഭാഷപ്പെടുത്താന്‍ വിദഗ്ധരെ വെച്ചു.

എന്നാല്‍, ഹോര്‍ത്തൂസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഡച്ച് കമ്പനിക്കുള്ളില്‍നിന്ന് വാന്‍ റീഡിന് എതിര്‍പ്പ് നേരിടേണ്ടി വന്നു. അതൊടുവില്‍ കൊച്ചി ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. 1677 ല്‍ വാന്‍ റീഡ് കൊച്ചി വിട്ടു. ഹോര്‍ത്തൂസിന്റെ ആദ്യ രണ്ടു വോള്യങ്ങള്‍ അതിനകം പ്രസിദ്ധീകരണത്തിന് ആംസ്റ്റര്‍ഡാമിലേക്ക് അയച്ചിരുന്നു. ബാക്കി പത്ത് വോള്യങ്ങള്‍ക്കുള്ള സസ്യവിവരണവും ചിത്രങ്ങളുമായാണ് വാന്‍ റീഡ് ആംസ്റ്റര്‍ഡാമിലെത്തിയത്.

വലിയ ചെലവുള്ള സംഗതിയായിരുന്നു ഹോര്‍ത്തൂസിന്റെ പ്രസിദ്ധീകരണം. അന്ന് യൂറോപ്പില്‍ ലഭ്യമായ ഏറ്റവും പ്രഗത്ഭരായ സസ്യശാസ്ത്രജ്ഞരെയാണ് ഹോര്‍ത്തൂസിന്റെ എഡിറ്റിങ് ജോലി വാന്‍ റീഡ് ഏല്‍പ്പിച്ചത്. ആധുനിക അച്ചടിവിദ്യകളൊന്നും രംഗത്തെത്തിയിട്ടില്ലാത്ത കാലം. ചിത്രങ്ങള്‍ ചെമ്പുതകിടില്‍ കൊത്തിയുണ്ടാക്കിയാണ് അച്ചടിച്ചത്. സ്വാഭാവികമായും സാമ്പത്തിക പരാധീനത മൂലം അച്ചടി ഇടയ്ക്ക് തടസ്സപ്പെട്ടു. എങ്കിലും പിന്നീട് ഒരോ വോള്യങ്ങളായി ഹോര്‍ത്തൂസ് പുറത്തു വന്നു.

എന്നാല്‍, തന്റെ സ്വപ്‌നപദ്ധതിയായ ആ ഗ്രന്ഥത്തിന്റെ എല്ലാ വോള്യങ്ങളും പുറത്തുവരുന്നതിന് സാക്ഷിയാകാന്‍ വാന്‍ റീഡിന് ഭാഗ്യമുണ്ടായില്ല. 1684 ല്‍ ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനിയുടെ വേസ്റ്റേണ്‍ ക്വാര്‍ട്ടേഴ്‌സിന്റെ കമ്മിഷണര്‍-ജനറലായി വാന്‍ റീഡ് നിയമിക്കപ്പെട്ടു. ഇന്ത്യയുള്‍പ്പടെയുള്ള മേഖലയിലെ കമ്പനി ഉദ്യോഗസ്ഥര്‍ക്കിടിയില്‍ വേരുറപ്പിച്ച അഴിമതിയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുക എന്ന സുപ്രധാന ദൗത്യമാണ് അതുവഴി വാന്‍ റീഡില്‍ ഏല്‍പ്പിക്കപ്പെട്ടത്. വിവിധ മേഖലകളില്‍ സൈനികവ്യൂഹത്തോടൊപ്പം യാത്ര ചെയ്ത് ആ ദൗത്യം നടപ്പിലാക്കുന്നതിനിടെ, 1691 ഫിബ്രവരിയില്‍ വാന്‍ റീഡ് വീണ്ടും കൊച്ചിയില്ലെത്തി.

അതിനിടെ ഉദരരോഗബാധിതനായ അദ്ദേഹം, കൊച്ചിയില്‍നിന്ന് സൂറത്തിലേക്കുള്ള കപ്പല്‍ യാത്രാമധ്യേ 1691 ഡിസംബര്‍ 15 ന് ബോംബൈ തീരത്തുവെച്ച് അന്തരിച്ചു. സൂറത്തിലെ ഡച്ച് സെമിത്തേരിയിലാണ് വാന്‍ റീഡ് അന്ത്യവിശ്രമം കൊള്ളുന്നത്. അദ്ദേഹം മരിക്കുമ്പോഴും ഹോര്‍ത്തൂസിന്റെ എല്ലാ വോള്യങ്ങളും പുറത്തു വന്നിരുന്നില്ല.

വാന്‍ റീഡ് മരിച്ച് മൂന്നുനൂറ്റാണ്ട് കഴിഞ്ഞിട്ടും, അദ്ദേഹത്തിന്റെ മരണം ചരിത്രകാരന്‍മാര്‍ക്കിടിയില്‍ തര്‍ക്കവിഷയമാണ്. വാന്‍ റീഡിനെ ശത്രുക്കള്‍ വിഷംനല്‍കി കൊന്നു എന്ന് ചില ചരിത്രകാരന്‍മാര്‍ വാദിക്കുന്നു. അതിന് സാധ്യതയുണ്ട്. ഈസ്റ്റിന്ത്യാ കമ്പനിയിലെ അഴിമതിക്കാരായ മേലാളന്‍മാര്‍ അതിനും മടിക്കുന്നവരായിരുന്നില്ല.

മണിലാല്‍
വാന്‍ റീഡ് തയ്യാറാക്കിയ ആ ബൃഹത്ഗ്രന്ഥം മൂന്നു നൂറ്റാണ്ടു കാലം സാധാരണക്കാര്‍ക്ക് ലഭ്യമായില്ല എന്ന് മുകളില്‍ സൂചിപ്പിച്ചല്ലോ. ഹോര്‍ത്തൂസില്‍ പ്രതിപാദിച്ചിരിക്കുന്ന സംഗതികള്‍ സമഗ്രമായി മനസിലാക്കാനോ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനോ ആര്‍ക്കും സാധിച്ചില്ല. ആ ചരിത്രനിയോഗം ഏറ്റെടുത്ത വ്യക്തിയാണ് കാട്ടുങ്ങല്‍ സുബ്രഹ്മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍. ആ മഹാഗ്രന്ഥത്തിന്റെ 12 വാല്യവും ലാറ്റിനില്‍ നിന്ന് ഇംഗ്ലീഷിലേക്കും, ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും പൂര്‍ണമായി വിവര്‍ത്തനം ചെയ്ത ഏകവ്യക്തിയാണ് മണിലാല്‍. മാത്രമല്ല, ആ ഗ്രന്ഥത്തില്‍ പറയുന്ന ഒന്നൊഴികെ മുഴുവന്‍ സസ്യങ്ങളെയും വീണ്ടും ശേഖരിക്കുകയും തിരിച്ചറിയുകയും, അവയെ മുഴുവന്‍ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്ത വ്യക്തിയും അദ്ദേഹം തന്നെ. അതുവഴി കേരളസംസ്‌ക്കാരത്തിന്റെ വിലപ്പെട്ട ഒരധ്യായം വീണ്ടെടുക്കുകയാണ് അദ്ദേഹം ചെയ്തത്. അരനൂറ്റാണ്ടു കാലം തന്റെ ജീവിതം മണിലാല്‍ അതിനായി സമര്‍പ്പിച്ചു. ശരിക്കും അതൊരു നിയോഗമായിരുന്നു. ആ നിയോഗത്തിന്റെ മഹത്ത്വം പക്ഷേ, കേരളീയസമൂഹം ഇനിയും വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.

കാട്ടുങ്ങല്‍ എ.സുബ്രഹ്മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയില്‍ ജനിച്ച മണിലാല്‍, കുട്ടിക്കാലത്ത് അച്ഛന്റെ പഠനമുറിയിലെ പേപ്പര്‍ക്ലിപ്പിങുകളില്‍ നിന്നാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പേര് ആദ്യം കാണുന്നത്. മലയാളം ആദ്യമച്ചടിച്ച ആ ഗ്രന്ഥം തന്റെ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് ആ കുട്ടി കരുതിയില്ല. പക്ഷേ, സംഭവിച്ചത് അങ്ങനെയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് 1957 ല്‍ സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത മണിലാല്‍, മധ്യപ്രദേശില്‍ സാഗര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും പൂര്‍ത്തിയാക്കുന്നത്. 1964 ല്‍ സസ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടിയ അദ്ദേഹം, ആ വര്‍ഷം തന്നെ കേരള സര്‍വകലാശാലയിലെ അധ്യാപകനായി ചേര്‍ന്നു. ബോട്ടണി വകുപ്പിന്റെ  കാലിക്കറ്റ് സെന്ററിലായിരുന്നു നിയമനം. പിന്നീട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിലവില്‍ വന്നപ്പോള്‍ അവിടേക്ക് മാറി. 1970 മുതല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വകുപ്പില്‍ അധ്യാപകനായിരുന്ന അദ്ദേഹം 1999 ലാണ് വിരമിച്ചത്.

സാഗര്‍ സര്‍വകലാശാലയില്‍ എം.എസ്.സിക്ക് ചേര്‍ന്ന ശേഷം 1958 ല്‍ ഡറാഡൂണില്‍ പഠനയാത്രയ്ക്ക് പോയപ്പോള്‍, അവിടെ വനഗവേഷണകേന്ദ്രത്തിലെ ലൈബ്രറിയില്‍നിന്ന് ഹോര്‍ത്തൂസ് ആദ്യമായി മണിലാല്‍ കണ്ടു. മൂന്നുദിവസം അവിടെയിരുന്ന് അതില്‍ പരാമര്‍ശിച്ചിരുന്ന മുഴുവന്‍ സസ്യനാമങ്ങളും കുറിച്ചെടുത്തുകൊണ്ടായിരുന്നു, ഹോര്‍ത്തൂസിനെ മനസിലാക്കാനുള്ള പ്രവര്‍ത്തനം മണിലാല്‍ ആരംഭിക്കുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ ഗ്രന്ഥം മനസിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഒടുവില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ അക്കാദമിക് ആയിത്തന്നെ ഹോര്‍ത്തൂസ് പഠനവിധേയമാക്കാന്‍ മണിലാല്‍ തുടങ്ങി. 1970 കളുടെ തുടക്കത്തിലായിരുന്നു അത്.

ആ ശ്രമം തുടങ്ങുമ്പോഴത്തെ ആദ്യത്തെ കടമ്പ, ഹോര്‍ത്തൂസിന്റെ കോപ്പി എവിടുന്ന് കിട്ടും എന്നതായിരുന്നു. അതിനായി വര്‍ഷങ്ങള്‍ നീണ്ട അന്വേഷണവും അലച്ചിലും വേണ്ടിവന്നു. അക്കാലത്ത് ഇന്ത്യയില്‍ തന്നെ ചുരുക്കം ചെലി ഹോര്‍ത്തൂസ് കോപ്പികളേ ഉള്ളൂ എന്ന് ആ അന്വേഷണത്തില്‍ മണിലാലിന് ബോധ്യമായി. ഒടുവില്‍ കോയമ്പത്തൂരില്‍ തമിഴ്‌നാട് കാര്‍ഷികസര്‍വകലാശാലാ ലൈബ്രറിയില്‍ ഒഴിവാക്കാനായി ഉപേക്ഷിക്കപ്പെട്ട കടലാസ് കൂമ്പാരത്തില്‍നിന്ന് മണിലാല്‍ ഹോര്‍ത്തൂസിന്റെ 12 വോള്യങ്ങളും കണ്ടെടുത്തു. പക്ഷേ, അത് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിന്റെ കോപ്പി എടുക്കാന്‍ അന്ന് അഞ്ചേക്കര്‍ സ്ഥലം വാങ്ങാന്‍ വെച്ചിരുന്ന 25,000 രൂപ അദ്ദേഹം ചെലവിട്ടു (ഫോട്ടോസ്റ്റാറ്റ് നിലവില്‍ വരാത്ത കാലം. 35 എംഎം ക്യാമറയില്‍ ഫോട്ടോയെടുത്ത് പ്രിന്റെടുക്കണം. അതിനായി ഒരു ഫോട്ടോഗ്രാഫറെ മണിലാല്‍ നിയോഗിച്ചു. 250 റോള്‍ ഫിലിം വേണ്ടിവന്നു ഹോര്‍ത്തൂസിന്റെ കോപ്പിടെയുക്കാന്‍. ആ ഫിലിമിന് മാത്രം അന്ന് വന്ന ചെലവാണിത്!)

ഹോര്‍ത്തൂസിന്റെ കോപ്പി കൈയിലെത്തിയപ്പോള്‍, ആ ലാറ്റിന്‍ വിവരണങ്ങള്‍ ആര് പരിഭാഷപ്പെടുത്തും എന്നതായി അടുത്ത കടമ്പ. ലാറ്റിന്‍ അറിയാവുന്ന ഏതെങ്കിലും വൈദികരുടെ സേവനം തേടാം എന്നായിരുന്നു മണിലാലിന്റെ ചിന്ത. 1975 മുതല്‍ അതിനായി വൈദികരെ തേടി കേരളം മുഴുവന്‍ രണ്ടുവര്‍ഷം സഞ്ചരിച്ചു. ഒടുവില്‍ അത് പ്രായോഗികമാവില്ലെന്ന് കണ്ടപ്പോള്‍, സ്വന്തമായി ലാറ്റിന്‍ പഠിക്കാന്‍ മണിലാല്‍ തീരുമാനിച്ചു. ആലുവായില്‍ മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പോന്തിഫിക്കല്‍ സെമിനാരിയിലെ ഫാ.ഡോ.ആന്റണി മുക്കത്താണ് അക്കാര്യത്തില്‍ മണിലാലിനെ സഹായിക്കുന്നത്. 1979 ല്‍ ആരംഭിച്ച ലാറ്റിന്‍ പഠന-ഹോര്‍ത്തൂസ് വിവര്‍ത്തന പ്രക്രിയ, 1988 ല്‍ ഫാ.മുക്കത്ത് ആരോഗ്യകാരണങ്ങളാല്‍ സെമിനാരി വിടുംവരെ തുടര്‍ന്നു.

 പിന്നീട് ഹോര്‍ത്തൂസിലെ സസ്യവിവരണങ്ങള്‍ മുഴുവന്‍ മണിലാല്‍ ഒറ്റയ്ക്കാണ് ഇംഗ്ലീഷിലേക്ക് മാറ്റുന്നത്. ഹോര്‍ത്തൂസിന്റെ ആമുഖം, സമര്‍പ്പണം തുടങ്ങിയ ഭാഗങ്ങള്‍ ലാറ്റിനില്‍ നിന്ന് വിവര്‍ത്തനം ചെയ്യാന്‍ കോട്ടയത്തെ ഫാ.ജോസഫ് കണ്ണമ്പുഴയും മണിലാലിനെ സഹായിച്ചു. 1999 ല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് വിരമിക്കുമ്പോഴേക്കും വിവര്‍ത്തന പ്രക്രിയ പൂര്‍ത്തിയായി. 24 വര്‍ഷമാണ് അത് പൂര്‍ത്തിയാക്കാന്‍ മണിലാല്‍ ചെലവിട്ടത്.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതപ്പെട്ട ഗ്രന്ഥമാണ് ഹോര്‍ത്തൂസ്. അതില്‍ പരാമര്‍ശിച്ചിരിക്കുന്ന നൂറുകണക്കിന് സസ്യയിനങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ എന്നറിയേണ്ടതും, അവയെ ആധുനികമായ രീതിയില്‍ വിശദീകരിക്കേണ്ടതും ഹോര്‍ത്തൂസിനെ സമഗ്രമായി മനസിലാക്കാന്‍ അത്യാവശ്യമാണ്. അത് സാധിക്കണമെങ്കില്‍ ഹോര്‍ത്തൂസിലെ സസ്യയിനങ്ങളെ മുഴുവന്‍ വീണ്ടും തേടിപ്പിടിക്കണം. അതിലുള്ള നൂറിലേറെ സസ്യങ്ങള്‍ സുപരിചിതമാണ്, ബാക്കിയുള്ളവയെ മുഴുവന്‍ കണ്ടെത്തണം. ആ പ്രവര്‍ത്തനം 1975 ല്‍ ആരംഭിച്ചു. മൂന്നുനൂറ്റാണ്ടിന് മുമ്പ് വാന്‍ റീഡിനായി സസ്യങ്ങള്‍ ശേഖരിക്കാന്‍ 200 ഓളം പേര്‍ രംഗത്തിറങ്ങിയപ്പോള്‍, മണിലാലനെ സഹായിക്കാന്‍ ആകെയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വിദ്യാര്‍ഥിയും എറണാകുളം ചെറായി സ്വദേശിയുമായ സി.ആര്‍.സുരേഷ് മാത്രമായിരുന്നു (സുരേഷിന്റെ ഗവേഷണ വിഷയം ഹോര്‍ത്തൂസ് ആയിരുന്നു. ലോകത്താദ്യമായി ഹോര്‍ത്തൂസില്‍ പി.എച്ച്.ഡി.നേടിയ വ്യക്തിയാണ് സുരേഷ്).

 വാഷിങ്ടണിലെ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷനിലെ സസ്യശാസ്ത്രവിഭാഗത്തിലാണ് സസ്യങ്ങളുടെ ഐഡന്റിഫിക്കേഷനില്‍ വലിയൊരു പങ്ക് നടന്നത്. അതിനായി സുരേഷും മണിലാലും വാഷിങ്ടണില്‍ പോയി. എങ്കിലും ഹോര്‍ത്തൂസിലെ സസ്യങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനെയും തേടിപ്പിടിച്ച് വിശദീകരിക്കാന്‍ 27 വര്‍ഷം വേണ്ടിവന്നു! 'നീറ്റിപ്പന'യാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയ സസ്യം-അത് 2002 ലായിരുന്നു.

ഇതുകൊണ്ടും തീരുന്നില്ല ഹോര്‍ത്തൂസിനായി മണിലാല്‍ നടത്തിയ പരിശ്രമങ്ങള്‍. പതിനേഴാംനൂറ്റാണ്ടിലെ മലയാളത്തിലെ വാമൊഴി നാമങ്ങളാണ് ഹോര്‍ത്തൂസിലുള്ളത്. അവയില്‍ പല വാക്കുകളും ഇപ്പോഴില്ല. ഭാഷാപരമായ അത്തരം സങ്കീര്‍ണതകളെ മനസിലാക്കിയെടുക്കാന്‍ ഇതിനിടെ വര്‍ഷങ്ങളോളം അദ്ദേഹം ശ്രമിച്ചു. ഹോര്‍ത്തൂസ് പിറന്ന ആംസ്റ്റര്‍ഡാമിലെത്തി കാര്യങ്ങള്‍ പഠിച്ചു. ഹോര്‍ത്തൂസിന്റെ കൈയെഴുത്ത് പ്രതിയും ചിത്രങ്ങളും ഇപ്പോഴും സൂക്ഷിച്ചിട്ടുള്ള ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം സന്ദര്‍ശിച്ച് അവ നേരിട്ട് പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കി. ഹോര്‍ത്തൂസിന്റെ പഠനത്തിനിടെ വാന്‍ റീഡ് ആംസ്റ്റര്‍ഡാമിലെത്തിച്ച സസ്യങ്ങളുടെ ഹെര്‍ബേറിയം ശേഖരം റഷ്യയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച്, അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ മണിലാല്‍ സ്വന്തം കാശ് മുടക്കി മോസ്‌കോയിലുമെത്തി.

ഇത്രയേറെ ത്യാഗവും സമര്‍പ്പണവും നടത്തിയ ആ വ്യക്തിയുടെ പേര് ആ ഗ്രന്ഥത്തില്‍ ചേര്‍ക്കാതിരിക്കാന്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം കുറച്ചുകാട്ടാന്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ച കേരള സര്‍വകലാശാല ശ്രമിച്ചുവെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. എന്നാല്‍, മണിലാല്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത് പ്രകാരം അങ്ങനെ സംഭവിച്ചു. അന്ന് ഡോ.ബി.ഇക്ബാലായിരുന്നു കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍. അദ്ദേഹം മുന്‍കൈ എടുത്താണ് 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. അതുകഴിഞ്ഞ് അതിന്റെ മലയാളം പതിപ്പ് തയ്യാറാക്കാനും മണിലാല്‍ തന്നെ നേതൃത്വം നല്‍കി. 2008 ല്‍ മലയാളം പതിപ്പ് കേരളസര്‍വകലാശാല പ്രസിദ്ധീകരിച്ചു.

പ്രസിദ്ധീകരണ വേളയില്‍ മണിലാലിന്റെ പ്രാധാന്യം ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടന്നത് മാത്രമല്ല, കേരളചരിത്രത്തെ സംബന്ധിച്ച് ഇത്രയേറെ പ്രാധാന്യമുള്ള ഒരു അധ്യായം വീണ്ടെടുത്തു നല്‍കാന്‍ ആയുസ്സും ധനവും ചെലവിട്ട ആ മനുഷ്യനെ കണ്ടതായി പോലും നടിക്കാന്‍ നമ്മള്‍ തയ്യാറായിട്ടില്ല.

നമുക്ക് പ്രധാനപ്പെട്ടതായി തോന്നുന്നില്ലെങ്കിലും, എല്ലാവര്‍ക്കും അങ്ങനെയല്ല. അതിന് തെളിവാണ്, ഹോര്‍ത്തൂസിനെ മനസിലാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മുന്‍നിര്‍ത്തി നെതര്‍ലന്‍ഡ്‌സ് സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്‌നാസ്സൗ' (Officer in the Order of Orange - Nassau award) 2012 മെയ് ഒന്നിന് കോഴിക്കോട്ട് വെച്ച് മണിലാലിന് സമ്മാനിക്കപ്പെട്ടത്. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന ആ ബഹുമതി നേടുന്ന ആദ്യ ഏഷ്യക്കാരനായിരുന്നു മണിലാല്‍.
(മാതൃഭൂമി ബുക്‌സ് 2002 ല്‍ പ്രസിദ്ധീകരിച്ച 'ഹരിതഭൂപടം: കെ.എസ്.മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയും' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍)

അവലംബം -
1. Manilal, K.S. 2003. Van Reede's Hortus Malabaricus. Annotated English Edition (12 Vols.). University of Kerala, Thiruvananthapuram
2. Heniger, J, 1986. HENDRIK ADRIAAN VAN REEDE TOT DRAKENSTEN (1636 - 1691) AND HORTUS MALABARICUS: A  Contribution to the History of Colonial Botany. A.A.Balkema/Rotterdam/Boston
3. Nicolson, Dan H. & Suresh, C. R.& Manilal, K. S. 1988. An Interpretaion of Van Reede's Hortus Malabaricus. Koeltz Scientific Books, Konigstein, Federal Republic of Germany
4. Fournier, Marian. 1987.  Enterprise in Botany: Van Reede and his Hortus Malabaricus - Part 1& Part 2, Archive of Natural History 14 (2)
5. ആന്റണി, ജോസഫ്. 2012. ഹരിതഭൂപടം-കെ.എസ്.മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയും. മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
6. ഡോ.കെ.എസ്. മണിലാലുമായി ലേഖകന്‍ പലപ്പോഴായി നടത്തിയ നേരിട്ടുള്ള ആശയവിനിമയം


-സംസ്‌കൃതം ഹൈസ്‌കൂള്‍ വട്ടോളിയുടെ 'ആത്മിക 2013'ല്‍ പ്രസിദ്ധീകരിച്ചത്

Friday, March 07, 2014

കാല്‍പ്പാട് നോക്കി ആളെ തിരിച്ചറിയുന്നവര്‍ (സിനിമയിലല്ല!)

ജിത്തു ജോസഫിന്റെ 'മെമ്മറീസ്' എന്ന സിനിമയില്‍, കൊലപാതകിയുടെ ഒരു കാലിന് അല്‍പ്പം നീളംകുറവാണെന്ന് നായകനും കുടിയനുമായ പോലീസ് ഓഫീസര്‍ പറയുന്ന രംഗമുണ്ട്. മണ്ണില്‍ പതിഞ്ഞ കാലടികള്‍ പരിശോധിച്ചിട്ട്, പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആ ഓഫീസര്‍ അത് പറയുമ്പോള്‍ സ്വാഭാവികമായും ഷെര്‍ലക് ഹോംസിലേക്ക് നമ്മളെത്തും.

കാല്‍പ്പാട് നോക്കി കുറ്റവാളികളുടെ പ്രത്യേകത വിവരിക്കുന്ന എത്രയോ രംഗങ്ങള്‍ ഷെര്‍ലക് ഹോംസ് കഥകളിലുണ്ട്! അതില്‍ എന്റെ ഫേവറൈറ്റ്, 'കാണാതായ കുട്ടി' ( The Priory School ) എന്ന കഥയില്‍ , സ്‌കൂളില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കാളകളുടെ ലാടമിട്ട കുതിരയെ ഉപയോഗിച്ച വില്ലന്റെ ബുദ്ധിയാണ്. ചതുപ്പിലൂടെ കുതിര പോയിട്ടുണ്ടെന്ന് ആരുമറിയില്ല. അവിടെ പതിഞ്ഞിട്ടുള്ളത് കാലികള്‍ പോയ അടയാളം മാത്രം. പക്ഷേ, കളി ഷെര്‍ലക് ഹോംസിനോടാകുമ്പോള്‍ കഥ മാറുമെന്ന് വില്ലന്‍ ഓര്‍ത്തിരിക്കില്ല!!

പറയാന്‍ വന്നത് ഡിറ്റക്ടീവ് സ്റ്റോറിയല്ല; കാല്‍പ്പാട് നോക്കി കള്ളന്‍മാരെ കുടുക്കാന്‍ പരമ്പരാഗതമായി വൈദഗ്ധ്യം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ്. രാജസ്ഥാനിലെ കച്ച് മേഖലയില്‍് അതിര്‍ത്തി ഗ്രാമമായ റാപ്പാറില്‍വെച്ച് അത്തരക്കാരെ താന്‍ പരിചയപ്പെട്ട കാര്യം, ആത്മകഥയായ 'The Fall of a Sparrow' യില്‍ വിഖ്യാത പക്ഷിനിരീക്ഷകന്‍ ഡോ.സാലിം അലി വിവരിച്ചിട്ടുണ്ട്. അത്തരക്കാര്‍ പ്രാദേശികമായി അറിയപ്പെട്ടിരുന്നത് 'puggee' എന്നാണ്.
സാലിം അലി അവരെ വിശേഷിപ്പിച്ചിട്ടുള്ളത് 'hereditary trackers' എന്നും.

മരുഭൂമിയാണ്. എല്ലാവരുടെയും കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിട്ടുണ്ടാകും. 'ഒരു ഗ്രാമത്തിലെ ഓരോരുത്തരുടെയും കാല്‍പ്പാടുകള്‍, അവരുടെ മുഖം പോലെ തന്നെ puggee കള്‍ക്ക് പരിചിതമായിരുന്നു'-സാലിം അലി എഴുതുന്നു. അതുപോലെ തന്നെ, ആ ഗ്രാമത്തിലെ ഒട്ടകങ്ങളുടെ കാലടികളും ഹൃദിസ്ഥമാണ്.

1940 കളില്‍ കച്ച് മേഖലയില്‍ പക്ഷി സര്‍വ്വേയ്ക്ക് പോയപ്പോഴാണ് 'കാല്‍പ്പാട് വിദഗ്ധ'രെ സാലിം അലി ആദ്യം കാണുന്നത്. അത്തരം ഒന്നോരണ്ടോ വിദഗ്ധരെ എല്ലാ പോലീസ് സ്‌റ്റേഷനിലും അധികൃതര്‍ നിയമിച്ചിട്ടുള്ള കാര്യവും അദ്ദേഹം ശ്രദ്ധിച്ചു. പോലീസ് സ്‌റ്റേഷനിലെ puggee കളുടെ ഏക ജോലി, രാവിലെയും വൈകുന്നേരവും ഗ്രാമത്തിലൂടെ ചുറ്റിനടന്ന് കാല്‍പ്പാടുകള്‍ നോക്കുക എന്നത് മാത്രമാണ്. അപരിചിതരാരെങ്കിലും ഗ്രാമത്തില്‍ കടക്കുകയോ, പുറത്തുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരത് കൃത്യമായി മനസിലാക്കും. അതുപോലെ തന്നെ, ഗ്രാമത്തിലെ ഒട്ടകങ്ങള്‍ പുറത്തുപോയിട്ടുണ്ടെങ്കിലും അവര്‍ കണ്ടെത്തും.

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒട്ടകങ്ങള്‍ മോഷണംപോകുന്നത് അക്കാലത്ത് പതിവായിരുന്നു. അതിനാല്‍ , കാല്‍പ്പാട് വിദഗ്ധരുടെ സേവനം പോലീസിന് വലിയ ആശ്വാസമായിരുന്നു.

മണലില്ലാത്ത സ്ഥലത്തുകൂടി പോയതിനാല്‍, ഒരു ഗ്രാമത്തില്‍നിന്ന് മോഷണം പോയ ഒട്ടകത്തെ അവിടുത്തെ puggee യ്ക്ക് പിന്തുടരാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴിക്ക് ആ ഒട്ടകത്തിന്റെ കാല്‍പ്പാട് കണ്ട്, അത് പിന്തുടര്‍ന്ന് അയാള്‍ ഒട്ടകത്തെ കണ്ടെത്തിയ കാര്യം ഒരു പോലീസ് ഓഫീസര്‍ പറഞ്ഞത് സാലിം അലി വിവരിച്ചിട്ടുണ്ട്.

പില്‍ക്കാലത്ത് പോലീസ് ആധുനിക കുറ്റാന്വേഷണമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയതോടെ puggee കളുടെ പ്രധാന്യം കുറയുകയും, ആ പരമ്പരാഗത വൈദഗ്ധ്യംതന്നെ അസ്തമിക്കാന്‍ ആരംഭിക്കുകയും ചെയ്തുവത്രേ.

Saturday, March 01, 2014

ഇന്ത്യ പോളിയോ വിമുക്തം - ചൊവ്വാദൗത്യത്തെക്കാള്‍ മഹത്തായ വിജയം

മൂന്നര വയസ്സുള്ളപ്പോഴാണ് എനിക്ക് പോളിയോ ബാധിച്ചത്. ഇടതുവശം പാടെ തളര്‍ന്നു. അന്ന് വളരെയേറെ ത്യാഗങ്ങള്‍ സഹിച്ച് എന്റെ വീട്ടുകാര്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ എന്നെ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചു. കിഴിയിടീലുമൊക്കെ കൊണ്ടാകണം, 59-ാം ദിവസം ഞാന്‍ സ്വന്തംകാലില്‍ എണീറ്റു നടന്നു. ഇന്നും നടക്കുന്നു...!

ശരിക്കു പറഞ്ഞാല്‍ പോളിയോ (അക്കാലത്ത് ഇളംപിള്ളവാതം എന്ന് നാട്ടുമൊഴി) വന്നിട്ട് എണീറ്റ് നടക്കാന്‍ പറ്റിയെന്നത് ചെറിയ കാര്യമല്ലെന്ന് പിന്നീടെനിക്ക് മനസിലായി. അക്കാലത്ത് വൈകുന്നേരം അമ്പൂരി സ്‌കൂള്‍ വിടുമ്പോള്‍ മുടന്തിയും ഇഴഞ്ഞും വടിയൂന്നിയുമൊക്കെ അരഡസനോളം ദൗര്‍ഭാഗ്യര്‍ സ്‌കൂളിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് വന്നിരുന്നത് കാണുമ്പോള്‍ പ്രത്യേകിച്ചും. കേരളത്തിലെ ഏത് സ്‌കൂളിന് മുന്നില്‍ നിന്നാലും, പോളിയോ മൂലം അംഗവൈകല്യം വന്ന കുട്ടികളെ കാണാമായിരുന്നു അക്കാലത്ത്.

ജോനാസ് സാല്‍ക്ക് എന്ന മഹാനായ ശാസ്ത്രജ്ഞന്‍ 1950 കളുടെ അവസാനം കണ്ടുപിടിച്ച പോളിയോ പ്രതിരോധ മരുന്ന് നമ്മുടെ നാട്ടില്‍ പ്രചാരത്തിലെത്തിയ ശേഷമാണ്, ദുഖപൂര്‍ണമായ ആ കാഴ്ചയ്ക്ക് ശമനമുണ്ടാകുന്നത്. ഇന്ന് കേരളത്തിലെ സ്‌കൂളുകളില്‍ ഒന്നില്‍ പോലും പോളിയോ മൂലം വികലാംഗനായ അല്ലെങ്കില്‍ വികലാംഗയായ ഒരു വിദ്യാര്‍ഥിയുമില്ല. അതിന് നമ്മള്‍ നന്ദി പറയേണ്ടത്, പോളിയോ പ്രതിരോധ പ്രവര്‍ത്തനം യാഥാര്‍ഥ്യമാക്കിയ ശാസ്ത്രത്തിനോടും, അത് പ്രാവര്‍ത്തികമാക്കിയ ആരോഗ്യപ്രവര്‍ത്തകരോടുമാണ്.

2011 ജനവരി 13 നാണ് ഇന്ത്യയില്‍ അവസാനമായി പോളിയോ ബാധ റിപ്പോര്‍ട്ട് ചെയ്തത്. (പശ്ചിമ ബംഗാളിലെ റുഷയെന്ന ആ കുട്ടിയുടെ ചിത്രമാണ് ഇതോടൊപ്പം). ഇപ്പോള്‍ ഇന്ത്യ പോളിയോ വിമുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ചരിത്രത്തില്‍ വസൂരിയോട് മനുഷ്യന്‍ നടത്തിയ പോരാട്ടത്തിന് സമമായിരുന്നു പോളിയോയുടെ കാര്യത്തിലും നടന്നത്. വസൂരിയുടെ കാര്യത്തിലെന്ന പോലെ, പല കോണുകളില്‍നിന്നും എതിര്‍പ്പുയര്‍ന്നു. മുന്‍വിധികള്‍ കൊണ്ട് ഇതിനെ എതിര്‍ത്തവരുണ്ട്, അജ്ഞതമൂലം വേറെ ചിലര്‍ എതിര്‍ത്തു...ആ എതിര്‍പ്പുകളെ മറികടന്നാണ് പോളിയോ നിര്‍മാര്‍ജന യജ്ഞം ഇന്ത്യയില്‍ വിജയിച്ചിരിക്കുന്നത്....ഒരുപക്ഷേ, ചൊവ്വാദൗത്യത്തെക്കാളും നമുക്ക് അഭിമാനിക്കാവുന്ന നേട്ടം.
(ഈ വിഷയത്തില്‍ ഡോ. എം .മുരളീധരന്‍ എഴുതിയ ലേഖനം വായിക്കുക :http://goo.gl/OpaQEX )

#ഫെയ്‌സ്ബുക്ക് കുറിപ്പുകള്‍