Friday, March 07, 2014

കാല്‍പ്പാട് നോക്കി ആളെ തിരിച്ചറിയുന്നവര്‍ (സിനിമയിലല്ല!)

ജിത്തു ജോസഫിന്റെ 'മെമ്മറീസ്' എന്ന സിനിമയില്‍, കൊലപാതകിയുടെ ഒരു കാലിന് അല്‍പ്പം നീളംകുറവാണെന്ന് നായകനും കുടിയനുമായ പോലീസ് ഓഫീസര്‍ പറയുന്ന രംഗമുണ്ട്. മണ്ണില്‍ പതിഞ്ഞ കാലടികള്‍ പരിശോധിച്ചിട്ട്, പൃഥ്വിരാജ് അവതരിപ്പിക്കുന്ന ആ ഓഫീസര്‍ അത് പറയുമ്പോള്‍ സ്വാഭാവികമായും ഷെര്‍ലക് ഹോംസിലേക്ക് നമ്മളെത്തും.

കാല്‍പ്പാട് നോക്കി കുറ്റവാളികളുടെ പ്രത്യേകത വിവരിക്കുന്ന എത്രയോ രംഗങ്ങള്‍ ഷെര്‍ലക് ഹോംസ് കഥകളിലുണ്ട്! അതില്‍ എന്റെ ഫേവറൈറ്റ്, 'കാണാതായ കുട്ടി' ( The Priory School ) എന്ന കഥയില്‍ , സ്‌കൂളില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കാളകളുടെ ലാടമിട്ട കുതിരയെ ഉപയോഗിച്ച വില്ലന്റെ ബുദ്ധിയാണ്. ചതുപ്പിലൂടെ കുതിര പോയിട്ടുണ്ടെന്ന് ആരുമറിയില്ല. അവിടെ പതിഞ്ഞിട്ടുള്ളത് കാലികള്‍ പോയ അടയാളം മാത്രം. പക്ഷേ, കളി ഷെര്‍ലക് ഹോംസിനോടാകുമ്പോള്‍ കഥ മാറുമെന്ന് വില്ലന്‍ ഓര്‍ത്തിരിക്കില്ല!!

പറയാന്‍ വന്നത് ഡിറ്റക്ടീവ് സ്റ്റോറിയല്ല; കാല്‍പ്പാട് നോക്കി കള്ളന്‍മാരെ കുടുക്കാന്‍ പരമ്പരാഗതമായി വൈദഗ്ധ്യം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ്. രാജസ്ഥാനിലെ കച്ച് മേഖലയില്‍് അതിര്‍ത്തി ഗ്രാമമായ റാപ്പാറില്‍വെച്ച് അത്തരക്കാരെ താന്‍ പരിചയപ്പെട്ട കാര്യം, ആത്മകഥയായ 'The Fall of a Sparrow' യില്‍ വിഖ്യാത പക്ഷിനിരീക്ഷകന്‍ ഡോ.സാലിം അലി വിവരിച്ചിട്ടുണ്ട്. അത്തരക്കാര്‍ പ്രാദേശികമായി അറിയപ്പെട്ടിരുന്നത് 'puggee' എന്നാണ്.
സാലിം അലി അവരെ വിശേഷിപ്പിച്ചിട്ടുള്ളത് 'hereditary trackers' എന്നും.

മരുഭൂമിയാണ്. എല്ലാവരുടെയും കാല്‍പ്പാടുകള്‍ മണലില്‍ പതിഞ്ഞിട്ടുണ്ടാകും. 'ഒരു ഗ്രാമത്തിലെ ഓരോരുത്തരുടെയും കാല്‍പ്പാടുകള്‍, അവരുടെ മുഖം പോലെ തന്നെ puggee കള്‍ക്ക് പരിചിതമായിരുന്നു'-സാലിം അലി എഴുതുന്നു. അതുപോലെ തന്നെ, ആ ഗ്രാമത്തിലെ ഒട്ടകങ്ങളുടെ കാലടികളും ഹൃദിസ്ഥമാണ്.

1940 കളില്‍ കച്ച് മേഖലയില്‍ പക്ഷി സര്‍വ്വേയ്ക്ക് പോയപ്പോഴാണ് 'കാല്‍പ്പാട് വിദഗ്ധ'രെ സാലിം അലി ആദ്യം കാണുന്നത്. അത്തരം ഒന്നോരണ്ടോ വിദഗ്ധരെ എല്ലാ പോലീസ് സ്‌റ്റേഷനിലും അധികൃതര്‍ നിയമിച്ചിട്ടുള്ള കാര്യവും അദ്ദേഹം ശ്രദ്ധിച്ചു. പോലീസ് സ്‌റ്റേഷനിലെ puggee കളുടെ ഏക ജോലി, രാവിലെയും വൈകുന്നേരവും ഗ്രാമത്തിലൂടെ ചുറ്റിനടന്ന് കാല്‍പ്പാടുകള്‍ നോക്കുക എന്നത് മാത്രമാണ്. അപരിചിതരാരെങ്കിലും ഗ്രാമത്തില്‍ കടക്കുകയോ, പുറത്തുപോവുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവരത് കൃത്യമായി മനസിലാക്കും. അതുപോലെ തന്നെ, ഗ്രാമത്തിലെ ഒട്ടകങ്ങള്‍ പുറത്തുപോയിട്ടുണ്ടെങ്കിലും അവര്‍ കണ്ടെത്തും.

അതിര്‍ത്തി ഗ്രാമങ്ങളില്‍ ഒട്ടകങ്ങള്‍ മോഷണംപോകുന്നത് അക്കാലത്ത് പതിവായിരുന്നു. അതിനാല്‍ , കാല്‍പ്പാട് വിദഗ്ധരുടെ സേവനം പോലീസിന് വലിയ ആശ്വാസമായിരുന്നു.

മണലില്ലാത്ത സ്ഥലത്തുകൂടി പോയതിനാല്‍, ഒരു ഗ്രാമത്തില്‍നിന്ന് മോഷണം പോയ ഒട്ടകത്തെ അവിടുത്തെ puggee യ്ക്ക് പിന്തുടരാന്‍ കഴിഞ്ഞില്ല. രണ്ടുവര്‍ഷം കഴിഞ്ഞ് സ്വന്തം ഗ്രാമത്തിലേക്ക് പോകുന്ന വഴിക്ക് ആ ഒട്ടകത്തിന്റെ കാല്‍പ്പാട് കണ്ട്, അത് പിന്തുടര്‍ന്ന് അയാള്‍ ഒട്ടകത്തെ കണ്ടെത്തിയ കാര്യം ഒരു പോലീസ് ഓഫീസര്‍ പറഞ്ഞത് സാലിം അലി വിവരിച്ചിട്ടുണ്ട്.

പില്‍ക്കാലത്ത് പോലീസ് ആധുനിക കുറ്റാന്വേഷണമാര്‍ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയതോടെ puggee കളുടെ പ്രധാന്യം കുറയുകയും, ആ പരമ്പരാഗത വൈദഗ്ധ്യംതന്നെ അസ്തമിക്കാന്‍ ആരംഭിക്കുകയും ചെയ്തുവത്രേ.

2 comments:

Joseph Antony said...

പറയാന്‍ വന്നത് ഡിറ്റക്ടീവ് സ്റ്റോറിയല്ല; കാല്‍പ്പാട് നോക്കി കള്ളന്‍മാരെ കുടുക്കാന്‍ പരമ്പരാഗതമായി വൈദഗ്ധ്യം ലഭിച്ചിട്ടുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ്. രാജസ്ഥാനിലെ കച്ച് മേഖലയില്‍് അതിര്‍ത്തി ഗ്രാമമായ റാപ്പാറില്‍വെച്ച് അത്തരക്കാരെ താന്‍ പരിചയപ്പെട്ട കാര്യം, ആത്മകഥയായ 'The Fall of a Sparrow' യില്‍ വിഖ്യാത പക്ഷിനിരീക്ഷകന്‍ ഡോ.സാലിം അലി വിവരിച്ചിട്ടുണ്ട്.

ajith said...

വെരി ഇന്‍ഫര്‍മേറ്റിവ് !!!