Saturday, July 01, 2017

വെള്ളം ഒഴുക്കരുത്, ഒഴുകി നഷ്ടപ്പെടാന്‍ അനുവദിക്കരുത്

നഗരവത്ക്കരണം വഴി വര്‍ഷംതോറും 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. പാടം നികത്തുമ്പോഴും മുറ്റം സിമന്റിടുമ്പോഴും കാടുംമേടും നശിപ്പിച്ച് നഗരവത്ക്കരണം നടത്തുമ്പോഴും ജലചക്രത്തെ ശോഷിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത് 

1.ചിത്രത്തിലെ വലിയ നീലത്തുള്ളിയാണ് ഭൂമിയിലുള്ള ആകെ ജലം, ചെറിയ നീലത്തുള്ള ശുദ്ധജലവും, നീലപൊട്ടുപോലെ കാണുന്നത് ജലചക്രത്തിന്റെ ഭാഗമായ ശുദ്ധജലവും. ചിത്രം കടപ്പാട്: ഹൊവാര്‍ഡ് പേള്‍മാന്‍, യു.എസ്.ജി.എസ്.

തീര്‍ത്തും കഠിനമായിരുന്നു ഇത്തവണത്തെ വേനല്‍, മിക്കയിടത്തും രൂക്ഷമായ ജലക്ഷാമം നേരിട്ടു. കോഴിക്കോട് നഗരത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ബിലാത്തിക്കുളം കേശവമേനോന്‍ നഗറിലെ കിണറുകളില്‍ പക്ഷേ, കഠിനവേനലിലും വെള്ളം വറ്റിയില്ല. ചെറിയ ചില നിയന്ത്രണങ്ങള്‍ വേണ്ടിവന്നു എങ്കിലും, മാസങ്ങള്‍ നീണ്ട വേനലില്‍ ദിവസവും മുന്നൂറോളം കുടുംബങ്ങള്‍ക്കുള്ള ജലംചുരത്താന്‍ കിണറുകള്‍ക്കായി. നാട്ടിന്‍പുറങ്ങള്‍ പോലും രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലായപ്പോള്‍, വേണമെങ്കില്‍ അസൂയാര്‍ഹമായ സ്ഥിതിയായിരുന്നു ഞങ്ങളുടേതെന്ന് പറയാം!

എന്തുകൊണ്ട് കോളനിയിലെ കിണറുകള്‍ വേനലിലും വറ്റിയില്ല എന്ന ചോദ്യത്തിന് ഉത്തരം തേടിയാല്‍, ശ്രദ്ധേയമായ ഒരു സംഗതിയിലേക്കാണ് നമ്മള്‍ എത്തുക. കോളനിയുടെ എട്ടേക്കര്‍ വരുന്ന ക്യാമ്പസില്‍ ക്വോട്ടേഴ്‌സുകള്‍ ഒഴികെയുള്ള സ്ഥലമൊന്നും സിമന്റിട്ട് ഉറപ്പിച്ചിട്ടില്ല. തെങ്ങുകളും ചെടികളും നിറഞ്ഞ ക്യാമ്പസില്‍ മഴവെള്ളം ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും. വേനലിലും കിണറുകളിലെ ഉറവകള്‍ ചുരത്തിയത് വെറുതെയല്ല. 

അമിതമായ നഗരവത്ക്കരണം മൂലം കേരളം നേരിടുന്ന വലിയൊരു പ്രശ്‌നത്തിലേക്കുള്ള ചൂണ്ടുപലകയാണിത്. ശാസ്ത്രീയമല്ലാത്ത ഭൂവിനിയോഗം മൂലം ജലത്തിന് മണ്ണിലേക്കിറങ്ങാനുള്ള സാധ്യത ഒന്നൊന്നായി നമ്മള്‍ അടച്ചുകളയുന്നു. മുറ്റം സിമിന്റിട്ട് ഉറപ്പിക്കുന്നവരും, റിയല്‍ എസ്റ്റേറ്റിനായി ചതുപ്പുകള്‍ നികത്തുന്നുവരും, നെല്‍വയലുകള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവരും, വനവും പുല്‍മേടുകളും നശിപ്പിക്കുന്നവരുമെല്ലാം നമ്മുടെ ശുദ്ധജല ലഭ്യതയ്ക്കാണ് ക്ഷതമേല്‍പ്പിക്കുന്നത്. മണ്ണില്‍ താഴാന്‍ അനുവദിക്കാതെ മഴവെള്ളത്തെ വേഗം അറബിക്കടലിലേക്ക് ഒഴുക്കിവിടാന്‍ അവസരമൊരുക്കുകയാണ് ഇതുവഴി.

2. വയലുകളും ചതുപ്പുകളും നികത്തുമ്പോള്‍ 'ജലചക്ര'ത്തെ ശോഷിപ്പിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. 

കിണറുകള്‍ വറ്റുക മാത്രമല്ല, ഇതുമൂലം സംഭവിക്കുന്നത്. കടലിലേക്ക് മഴവെവെള്ളം വേഗം ഒഴുക്കിവിടുന്ന ഏത് നടപടപടിയും ഭൂമിയുടെ 'ജലചക്ര'ത്തെ അപകടത്തിലാക്കുകയാണ്. ജൈവവ്യൂഹത്തെ നിലനിര്‍ത്തുന്നത് ജലചക്രമാണ്. മനുഷ്യരും ജൈവവ്യൂഹത്തിന്റെ ഭാഗമാണെന്നോര്‍ക്കുക. 

എന്താണ് ജലചക്രം (water cycle) എന്ന് നോക്കാം. ഭൂമിയിലാകെ ഏതാണ്ട് 139 കോടി ഘനകിലോമീറ്റര്‍ (ക്യുബിക് കിലോമീറ്റര്‍) വെള്ളമാണുള്ളത്. അതില്‍ 3.6 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ശുദ്ധജലം (ധ്രുവങ്ങളിലെയും പര്‍വതങ്ങളിലെയും ഹിമപാളികളും ഇതില്‍ ഉള്‍പ്പെടുന്നു). എന്നുവെച്ചാല്‍ ആകെ ജലത്തിന്റെ 2.6 ശതമാനം മാത്രമാണ് ശുദ്ധജലം. ഇതില്‍നിന്ന് മഞ്ഞുപാളികളും ഉപയോഗിക്കാന്‍ കഴിയാത്ത ഭൂഗര്‍ഭജലവും ഒഴിവാക്കിയാല്‍ വെറും 1.1 കോടി ഘനകിലോമീറ്റര്‍ മാത്രമാണ് ജലചക്രത്തിന്റെ ഭാഗമാകുന്നത്. ഇത് മൊത്തം ജലത്തിന്റെ 0.77 ശതമാനമേ വരൂ. മഴയിലൂടെ ലഭിക്കുന്നതാണ് ഇതില്‍ പുനചംക്രമണം ചെയ്യപ്പെടുന്ന ജലം. എന്നുവെച്ചാല്‍, മനുഷ്യന് 'ആശ്രയിക്കാവുന്ന'ത് ലോകംമുഴുക്കെ വര്‍ഷംതോറും മഴപെയ്ത് കിട്ടുന്ന 34,000 ഘനകിലോമീറ്റര്‍ ജലം മാത്രം. മനുഷ്യന്റെ സുസ്ഥിരമായ ഉപയോഗത്തിന് പ്രകൃതി അനുവദിച്ചിട്ടുള്ളത് ഇത്രയും ജലമാണ്!

നഗരവത്ക്കരണം ജലചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി സ്ലൊവാക്യന്‍ ഹൈഡ്രോളജിക്കല്‍ എഞ്ചിനിയര്‍ മൈക്കല്‍ ക്രാവ്‌സിക്കും സംഘവും പോയ നൂറ്റാണ്ടിനൊടുവില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമായ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു. നിലംനികത്തിലും പുല്‍മേടുകളും കാടുകളും നശിപ്പിച്ചും മുറ്റവും പരിസരങ്ങളും സിമന്റിട്ട് ഉറപ്പിച്ചും വെള്ളത്തിന്റെ 'സ്വാഭാവിക ആവാസവ്യവസ്ഥകളെ' ഇല്ലാതാക്കുമ്പോള്‍ മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും ജലലഭ്യത കുറയുന്നു എന്നത് മാത്രമല്ല സംഭവിക്കുന്നതെന്ന് പഠനം പറയുന്നു. ഭൂമിയില്‍ ലഭ്യമായ ഉപയോഗയോഗ്യമായ ശുദ്ധജലത്തിന്റെ അളവ് വലിയ തോതില്‍ കുറയാനും അതിടയാക്കുന്നു. 

ഇക്കാര്യം ക്രാവ്‌സിക്ക് വിശദീകരിക്കുന്നത് ഒരു തുള്ളി വെള്ളത്തിന്റെ സഞ്ചാരകഥയിലൂടെയാണ്. ഭൂമിയിലെവിടെ നിന്നെങ്കിലും ബാഷ്പീകരിക്കപ്പെടുന്ന ആ വെള്ളത്തുള്ളി, മഴയായി വീണ്ടും ഭൂമിയില്‍ പതിക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. വനത്തിലോ പുല്‍മേട്ടിലോ ചതുപ്പിലോ വയലിലോ തുറസ്സായ പറമ്പിലോ ആണ് പതിക്കുന്നതെങ്കില്‍, സ്വാഭാവികമായും അത് പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് 'ജലചക്ര'ത്തിന്റെ ഭാഗമാകും. അതേസമയം, സിമിന്റിട്ടുറപ്പിച്ച പ്രതലത്തിലോ കെട്ടിടങ്ങള്‍ക്ക് മുകളിലോ ആണ് പതിക്കുന്നതെങ്കില്‍ ആ വെള്ളത്തുള്ളി ഒഴുകി നേരെ കടലിലേക്കാണ് പോവുക. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആ വെള്ളം ജലചക്രത്തില്‍ നിന്ന് നഷ്ടപ്പെടുന്നു. 

3. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു

'ജലചക്രത്തിന്റെ സംതുലനാവസ്ഥ നിലനില്‍ക്കണമെങ്കില്‍, കരയില്‍ നിന്ന് നദികളിലൂടെ കടലിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും, കടലില്‍ നിന്ന് നീരാവിയായി ബാഷ്പീകരിച്ച് മേഘങ്ങളായി പെയ്യുന്ന വെള്ളത്തിന്റെ അളവും ഏതാണ്ട് തുല്യമായിരിക്കണം'-ക്രാവ്‌സിക്ക് വിശദീകരിക്കുന്നു. കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകി എന്നുവെച്ച് അതുമുഴുവന്‍ നീരാവിയാകില്ല. നഗരവത്ക്കരണം വഴി നമ്മള്‍ കൂടുതലായി കടലിലേക്ക് ഒഴുക്കിവിടുന്ന ഓരോ തുള്ളി വെള്ളവും ജലചക്രത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു എന്നര്‍ഥം! 

ക്രാവ്‌സിക്കും സംഘവും എത്തിയ നിഗമനം ഇതാണ്: നഗരവത്ക്കരണം വഴി പ്രതിവര്‍ഷം 1800 ബില്യണ്‍ ഘനമീറ്റര്‍ ശുദ്ധജലം വീതം ലോകത്തിന് നഷ്ടമാകുന്നു. അഞ്ച് മില്ലീമീറ്റര്‍ വീതം സമുദ്രനിരപ്പുയരാനും ഇത് കാരണമാകുന്നു. കെട്ടിടങ്ങളിലെ മഴവെള്ള സംഭരണികളുടെയും, പറമ്പുകളിലെ മഴക്കുഴികളുടെയുമൊക്കെ പ്രധാന്യം ഇവിടെയാണ്. 

കേരളത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 7000 കോടി ഘനമീറ്റര്‍ ജലം മഴയിലൂടെ ലഭിക്കുന്നു എന്നാണ് കണക്ക്. മഴക്കണക്കനുസരിച്ച് പ്രതിവര്‍ഷം ശരാശരി 3107 മില്ലിമീറ്റര്‍. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നുമടങ്ങു വരുമിത്. എന്നിട്ടും, കേരളം അനേകമാസങ്ങള്‍ നീളുന്ന കടുത്ത കുടിനീര്‍ക്ഷാമത്തിലാണ് പറയുമ്പോള്‍ ആരെയാണ് നമുക്ക് കുറ്റപ്പെടുത്താനാകുക. തറകെട്ടിയുറപ്പിച്ചും പാടങ്ങള്‍ നികത്തിയും ചതുപ്പുകള്‍ തൂര്‍ത്തും വെള്ളം മുഴുവന്‍ അറബിക്കടലിന് സംഭാവന ചെയ്യുന്ന നാട്ടില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക. 

അവലംബം-
1. Blue Gold - The Fight to Stop the Corporate Theft of the World's Water (2002), Maude Brlow and Tony Clarke. LeftWorld Books, New Delhi 
2. How much water is there on, in, and above the Earth? USGS 

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ (ജൂണ്‍ 6, 2017) പ്രസിദ്ധീകരിച്ചത്


No comments: