Saturday, July 01, 2017

വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍


സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികള്‍ നടത്തുന്ന ഇടപെടലുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ ഞാന്‍ അമ്പരന്നിരുന്നു. ഫെയ്‌സ്ബുക്കും ഓണ്‍ലൈന്‍ മാധ്യമങ്ങളും ശക്തിപ്രാപിച്ചതോടെ, ഇത്തരക്കാരുടെ ഇടപെടലുകളും സാന്നിധ്യവും വര്‍ധിച്ചു. അതുകൊണ്ട് തന്നെ മതമൗലികവാദികളുടെ നിലപാടുകള്‍ ഇപ്പോള്‍ എന്നെ അമ്പരിപ്പിക്കാറില്ല. 

സംഘികളും സുഡാപ്പികളും ക്രിസ്ത്യന്‍ മൗലികവാദികളും (ഇക്കൂട്ടര്‍ക്കുള്ള ചുരുക്കപ്പേര് എനിക്കറിയില്ല!) സോഷ്യല്‍ മീഡിയയില്‍ വിദഗ്ധമായി ഇടപെടുന്നു. മതപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ് ഇവരെല്ലാം. എങ്കിലും, അവര്‍ ഉന്നയിക്കുന്ന വാദഗതികള്‍ക്കും ചൂണ്ടിക്കാട്ടുന്ന ഉദാഹരണങ്ങള്‍ക്കും അടിസ്ഥാനപരമായി ഏറെ സാമ്യമുണ്ട് എന്നകാര്യം സൂക്ഷിച്ച് നോക്കിയാല്‍ മനസിലാകും. ഉദാഹരണത്തിന്, വടക്കേയിന്ത്യയില്‍ പശുവിനെ കടത്തി എന്നാരോപിച്ച് ഏതെങ്കിലും ഗോരക്ഷകര്‍ ഒരു ഇതര മതക്കാരനെ തല്ലിക്കൊന്നാല്‍, സംഘികള്‍ ഉടന്‍ അത് ന്യായീകരിക്കുക കശ്മീരി പണ്ഡിറ്റുകളുടെയും അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന പട്ടാളക്കാരുടെയും കാര്യം പറഞ്ഞിട്ടാകും. അതുപോലെ, ഏതെങ്കിലും പാശ്ചാത്യനഗരങ്ങളില്‍ ഇസ്ലാമിസ്റ്റുകള്‍ ചാവേര്‍ ആക്രമണം നടത്തി നിരപരാധികളെ കൂട്ടക്കൊല ചെയ്താല്‍ സുഡിപ്പികള്‍ പലസ്തീനിലും ഇറാഖിലും പാശ്ചാത്യര്‍ നിരപരാധികളായ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്നുപറഞ്ഞാകും അതിനെ ന്യായീകരിക്കുക. കൂട്ടത്തില്‍ ജൂതന്മാരെയും കുറ്റപ്പെടുത്തും. എന്നുവെച്ചാല്‍, പദാവലികളിലും പ്രമേയത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും മതമൗലികവാദികളുടെ അടിസ്ഥാന സമീപനം ഏതാണ്ട് തുല്യമാണ്. 

തന്റെ മതമൊഴികെ ലോകത്തുള്ള മറ്റ് മതങ്ങളും ആശയസംഹിതകളുമെല്ലാം വിലകുറഞ്ഞതും തെറ്റുമാണെന്ന വികല മനോഭാവമാണ് മതമൗലികവാദികള്‍ വെച്ചുപുലര്‍ത്തുന്നത്. മനുഷ്യന്‍ എന്ന സാര്‍വ്വലൈകികത്വം മതമൗലികവാദിക്ക് അന്യമാണ്. മറ്റുള്ള സര്‍വതിനെയും വെറുക്കാനാണ് അവര്‍ക്ക് ലഭിക്കുന്ന പരിശീലനം. ബഹുസ്വരത അവരെ വല്ലാതെ പ്രകോപിപ്പിക്കും. മതനിരപേക്ഷത പോലുള്ള സങ്കല്‍പ്പങ്ങളെയാണ് അവര്‍ ഏറ്റവുമാദ്യം വെറുക്കുകയും തള്ളിപ്പറയുകയും ചെയ്യുക. തന്റെ മതം, തന്റെ വിശ്വാസം-അതുമാത്രമാണ് സത്യം, ബാക്കിയെല്ലാം അന്ധവിശ്വാസം എന്ന് ഉറച്ച് വിശ്വസിക്കാന്‍ അവര്‍ മടിക്കാറില്ല. തന്റെ വാദങ്ങള്‍ സ്ഥാപിക്കാനും രാഷ്ട്രീയലക്ഷ്യങ്ങള്‍ സഫലീകരിക്കാനും വസ്തുതകളെ എങ്ങനെ വളച്ചൊടിക്കാനും പച്ചക്കള്ളങ്ങള്‍ പടച്ചുവിടാനും മതമൗലികവാദികള്‍ യാതൊരു മടിയും കാട്ടാറില്ല. ഓരോ മതങ്ങളിലുമുള്ളതായി വിലയിരുത്തപ്പെടുന്ന നന്മയുടെയും സാഹോദര്യത്തിന്റെയും ലാഞ്ചനപോലും, ആ മതങ്ങളിലെ തീവ്രവാദികളില്‍ കാണാത്തതെന്തെന്ന് പലരും അത്ഭുതപ്പെടാറുണ്ട്. യുക്തിയുടെയോ മനുഷ്യത്വത്തിന്റെയോ അംശങ്ങളെല്ലാം തലച്ചോറില്‍ നിന്ന് ഊറ്റിക്കളഞ്ഞ അവസ്ഥയാണവരുടേത്. വെറുപ്പിന്റെ കറുത്ത വസന്തം സൃഷ്ടിക്കുന്നവര്‍. 

മേല്‍സൂചിപ്പിച്ച അവസ്ഥയിലേക്ക് ഒരു മതമൗലികവാദി എങ്ങനെ പരിണമിച്ചെത്തുന്നു എന്നറിയണമെങ്കില്‍, Ed Husain രചിച്ച 'The Islamist: Why I Joined Radical Islam in Britain, What I Saw Inside and Why I Left' എന്ന ഗ്രന്ഥം വായിക്കണം. ബ്രിട്ടനിലെ ഇസ്ലാമിക മതമൗലികവാദമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. പതിനാറാം വയസ്സില്‍ തീവ്രഇസ്ലാമിക ഗ്രൂപ്പുകളുടെ പ്രവര്‍ത്തകനാവുകയും അഞ്ചുവര്‍ഷത്തിന് ശേഷം തീവ്രനിലപാടുകളോട് വിടവാങ്ങി സാധാരണ മുസ്ലീമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത വ്യക്തിയാണ് ഗ്രന്ഥകാരന്‍. ആ അനുഭവമാണ് അങ്ങേയറ്റം ഹൃദയസ്പര്‍ശിയായി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന് 288 പേജുണ്ട്. പക്ഷേ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ക്കാം. അത്രയ്ക്കും വായനാക്ഷമാണ്. 

2007ല്‍ ബ്രിട്ടനിലിറങ്ങിയ ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണെന്ന് പറയുന്നത് ശരിയാകില്ല.  ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണ് എന്നേ പറയാനാകൂ. ബ്രിട്ടനില്‍ ഇപ്പോള്‍ അടിക്കടിയുണ്ടാകുന്ന ഭീകാരാക്രമണത്തിന്റെ യഥാര്‍ഥ കാരണങ്ങളും പശ്ചാത്തലവും ഈ ഗ്രന്ഥം കാട്ടിത്തരും. ബ്രിട്ടനിലെ ഇസ്ലാമിക മൗലികവാദത്തിന്റെ വളര്‍ച്ചയാണ് ഈ ഗ്രന്ഥം വരച്ചിടുന്നതെങ്കിലും, ഇന്ത്യയില്‍ ജീവിക്കുന്ന നമുക്കും ഇത് വളരെ വിലപ്പെട്ട പാഠങ്ങള്‍ നല്‍കുന്നു. കാരണം, മതമൗലികവാദം ആത്യന്തികമായി ഒന്നാണ്...അത് മനുഷ്യവര്‍ഗ്ഗത്തിനെതിരെയുള്ള വെല്ലുവിളിയാണ്. മൗലികവാദം ഹൈന്ദവമായാലും ഇസ്ലാമികമായാലും ക്രൈസ്തവമാണെങ്കിലും, അതിന്റെയല്ലാം പ്രവര്‍ത്തനരീതി ഒന്ന് തന്നെയാണ്. രാഷ്ട്രീയലാഭത്തിനായി മതത്തെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന അപകടമാണ് ഈ ഗ്രന്ഥം വരച്ചുകാട്ടുന്നത്.

തീവ്രവാദിയുടേത് മാത്രമല്ല, തീവ്രവാദം വെടിഞ്ഞ് ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ഥ മതവിശ്വാസിയുടെ ചിത്രവും ഈ പുസ്തകം കാട്ടിത്തരുന്നു. ഒപ്പം ഇസ്ലാമിനെക്കുറിച്ചും അതിലെ വിവിധ വിഭാഗങ്ങള്‍ ആശയപരമായി എങ്ങനെ വ്യത്യസ്ത കൈവഴികളിലെത്തി എന്നും സാമാന്യമായ വിവരം നല്‍കാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. ജാമാഅത്തെ ഇസ്ലാമി, മുസ്ലീം ബ്രദര്‍ഹുഡ്, ഹിസ്ബുത് താഹിര്‍, വഹാബിസം, സൂഫിസം എന്നിങ്ങനെയുള്ള മുസ്ലീം വിഭാഗങ്ങള്‍ ആത്മീയതതലത്തിലും രാഷ്ട്രീയതലത്തിലും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. 'ഇസ്ലാമിക് സ്റ്റേറ്റ്' എന്ന സങ്കല്‍പ്പം 1990 കളില്‍ ബ്രിട്ടനിലൊക്കെ ശക്തിയാര്‍ജിച്ചതെങ്ങനെ എന്നറിയാനും ഈ ഗ്രന്ഥം വായിച്ചാല്‍ മതി. 

മതമൗലികവാദത്തിന്റെ ശക്തി ലോകത്ത് വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ശരിക്കും കണ്ണുതുറപ്പിക്കുന്ന ഒന്നാണ് ഈ ഗ്രന്ഥം.

(Muralee Thummarukdy ആണ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ ഗ്രന്ഥം എല്ലാവരും വായിക്കണമെന്ന് ശുപാര്‍ശ ചെയ്തത്, നന്ദി). 

No comments: