Tuesday, March 21, 2017

ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ; ഒരു രാജ്യത്തിന്റെയും


മുന്‍വിധികള്‍ അങ്ങനെയാണ്. നാമറിയാതെ നമ്മളെ പിടികൂടും, അബദ്ധ ധാരണയായി മനസിലുറയ്ക്കും. കുറച്ചുകാലം കഴിഞ്ഞാല്‍ അതാണ് സത്യമെന്ന് നമ്മള്‍ സ്വയം വിശ്വസിച്ചുതുടങ്ങും. 

ഒരു ഉദാഹരണം നോക്കുക. തിരുവിതാംകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ 1910ല്‍ നാടുകടത്തപ്പെട്ട പത്രപ്രവര്‍ത്തകനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാമകൃഷ്ണ പിള്ളയെ ഓസ്‌ട്രേലിയയിലേക്കോ ശ്രീലങ്കിയിലേക്കോ മറ്റോ നാടുകടത്തി എന്നായിരുന്നു ഒരു പ്രായം വരെ എന്റെ വിചാരം! പിന്നീടാണ് മനസിലാകുന്നത്, അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള മദ്രാസ് പ്രവിശ്യയിലെ തിരുനെല്‍വേലിയിലേക്കാണ് രാമകൃഷ്ണപിള്ളയെ തിരുവനന്തപുരത്തുനിന്ന് കൊണ്ടുവിട്ടതെന്ന്! അവിടെ നിന്ന് ചെന്നൈയിലെത്തി താമസമുറപ്പിച്ച അദ്ദേഹം, അവസാന വര്‍ഷങ്ങള്‍ കുടുംബസമേതം ചെലവിട്ടത് കണ്ണൂരിലും പാലക്കാട്ടുമാണ്.

പലരിലും ഇതുപോലെ ഉറച്ചുപോയ ധാരണകളുണ്ട്. ചില സാമ്പിളുകള്‍ ഇതാ-

* കേരളത്തില്‍ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വര്‍ഗ്ഗീയ വേര്‍തിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണ്. രാജഭരണകാലത്ത് ഇങ്ങനെ ഇല്ലായിരുന്നു, എല്ലാവരും ഒരുമയോടെയാണ് കഴിഞ്ഞത്. 
* മലയാളികളുടെ അമിത മദ്യപാനശീലം ആധുനിക കാലത്തുണ്ടായതാണ്, മുമ്പ് എല്ലാവരും പച്ചവെള്ളം ചവച്ചുകുടിക്കുന്ന ടീംസ് ആയിരുന്നു.
* സഭ്യത, സദാചാരം എന്നിങ്ങനെ നമ്മുടെ സാദാചാര പോലീസുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന പലതിന്റെയും വിളനിലമായിരുന്നു മുമ്പ് നമ്മുടെ നാട്. 
* പ്രജാതത്പരനായ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ മഹാമനസ്‌കതയും പുരോഗമന നിലപാടുമാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് പിന്നില്‍.
* ജനാധിപത്യത്തെക്കാളും നല്ലത് രാജഭരണമായിരുന്നു. 

സത്യമെന്ന് പലരും ഉറച്ചുവിശ്വസിക്കുന്ന ഈ ധാരണകള്‍ അബദ്ധമാണെന്ന് ചരിത്രവസ്തുതകള്‍ നിരത്തി ഒരാള്‍ തെളിയിച്ചാല്‍, തീര്‍ച്ചയായും അത് ജിജ്ഞാസയുണര്‍ത്തും. മേല്‍സൂചിപ്പിച്ചവ മാത്രമല്ല, ഇതുപോലെ തിരുവിതാംകൂറിനെയും തിരുവിതാംകൂര്‍ രാജവംശത്തെയും പറ്റിയുള്ള ഒട്ടേറെ അബദ്ധധാരണകള്‍ ആധികാരിക വിവരങ്ങളുടെ പിന്‍ബലത്തോടെ പൊളിച്ചടുക്കുന്നത് കാണണമെങ്കില്‍ ഒരു എളുപ്പമാര്‍ഗം നിര്‍ദ്ദേശിക്കാം-മനു എസ്. പിള്ള രചിച്ച 'The Ivory Throne: Chronicles of the House of Travancore' വായിക്കുക. ഓര്‍ക്കുക, സംഭവം ഏതാണ്ട് 700 പേജുണ്ട്. 555 പേജ് ടെക്സ്റ്റും, ബാക്കി കുറിപ്പുകളും. തീര്‍ക്കാന്‍ കുറച്ച് സമയം വേണ്ടിവരും. 

വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മയുടെ പേരക്കിടാവായി കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിക്കുകയും, നന്നെ ചെറുപ്രായത്തില്‍ തന്നെ തിരുവിതാംകൂര്‍ രാജകുടുംബം ആചാരപ്രകാരം ദത്തെടുക്കുകയും, ആറ് വയസ്സ് തികയും മുമ്പ് 'ആറ്റിങ്ങള്‍ റാണി'യെന്ന പാരമ്പര്യപദവിയോടെ തിരുവിതാംകൂറിന്റെ മഹാറാണിയായി കുടിയിരുത്തുകയും, ഒരു വ്യക്തിയെന്ന നിലയ്ക്ക് ബാല്യമോ കൗമാരമോ ഇല്ലാതെ വളരുകയും, ഇരുപത്തിയേഴാം വയസ്സില്‍ റീജന്റ് മഹാറാണി എന്ന നിലയ്ക്ക് തിരുവിതാംകൂറിലെ 50 ലക്ഷം പ്രജകളുടെ ഭരണം ഏറ്റെടുക്കുകയും, ഏഴ് വര്‍ഷത്തെ വിപ്ലവകരമായ ഭരണനടപടികള്‍ വഴി തിരുവിതാംകൂറിനെ ആധുനിക കാലത്തിന് ചേര്‍ന്ന രീതിയില്‍ പരിഷ്‌ക്കരിക്കുകയും, റീജന്റ് പദവി ഒഴിഞ്ഞ ശേഷം രാജകുടുംബത്തിലെ എതിര്‍ചേരിയുടെ അടിച്ചമര്‍ത്തലിന് വിധേയമായി തികഞ്ഞ അപമാനത്തിലും അസ്വസ്ഥതയിലും ഒന്നര പതിറ്റാണ്ട് കാലം കഴിയുകയും, സ്വാതന്ത്ര്യത്തിന് ശേഷം ഭൗത്യന്‍മാര്‍ യൂണിയനുണ്ടാക്കി സമരത്തിന് മുതിര്‍ന്നപ്പോള്‍ അറുപതാം വയസ്സില്‍ സ്വന്തം കൊട്ടാരത്തില്‍ നിന്ന് ഒളിച്ചുകടന്ന് 'ശ്രീപത്മനാഭനോട് മാത്രം യാത്രപറഞ്ഞ് കണ്ണീരോടെ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യുകയും, മഹാറാണിയെന്ന പദവി ഉപേക്ഷിച്ച് വെറും സാധാരണ സ്ത്രി ആയി (മഹാറാണിയായിരിക്കുമ്പോഴത്തെ 300 ഭൃത്യന്‍മാരുടെ സ്ഥാനത്ത് രണ്ട് വേലക്കാരെ മാത്രം വെച്ച്) ബാംഗ്ലൂരില്‍ ജീവിക്കുകയും, 1985 ഫെബ്രുവരി 22 ന് അന്തരിക്കുകയും ചെയ്ത തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ഭായിയുടെ സംഭവബഹുലമായ ജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

സേതു ലക്ഷ്മി ഭായിയുടെ ജീവിതം പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് ഗ്രന്ഥകാരന്‍ പറയുന്നത്. ഒപ്പം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു ഇന്ത്യന്‍ നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്ന് ഇതുവരെ ആരും സമീപിക്കാത്ത ഒരു വീക്ഷണകോണില്‍ കൂടി കാട്ടിത്തരികയും ചെയ്യുന്നു. 

ഒട്ടേറെ ഡൈമന്‍ഷനുകളുള്ള ഗ്രന്ഥമാണിത്. ചരിത്രത്തോടൊപ്പം സംഘര്‍ഷഭരിതമായ വ്യക്തിജീവിതങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ഭക്തിയോ വിഭക്തിയോ ഇല്ലാതെ, ലഭ്യമായ രേഖകളുടെയും സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ യുക്തസഹമായാണ് ഗ്രന്ഥകാരന്‍ തന്റെ വിഷയത്തെ സമീപിക്കുന്നത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് കാലാകാലങ്ങളില്‍ റസിഡന്റുമാരായി ചുമതല വഹിച്ച ബ്രിട്ടീഷ് പ്രതിനിധികള്‍ ഇന്ത്യാ സര്‍ക്കാരിനയച്ച ദ്വൈവാരറിപ്പോര്‍ട്ടുകളും, മറ്റ് അസംഖ്യം ചരിത്രരേഖകളും ഗ്രന്ഥരചനയ്ക്ക് അവലംബമാക്കിയിരിക്കുന്നു. സേതു ലക്ഷ്മി ഭായിയുടെ തായ്‌വഴിയില്‍ പെട്ട, തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന, ഡസണ്‍കണക്കിന് വ്യക്തികളുമായി നേരിട്ട് സാംസാരിച്ചും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി മൂന്ന് ഭൂഖണ്ഡങ്ങളില്‍-അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍- ആറുവര്‍ഷം നീണ്ട വിവരശേഖരണം നടന്നു!

ഇങ്ങനെ ശേഖരിച്ച വിവരങ്ങളുടെയും അവലംബരേഖകളുടെയും ഭാരം വായനക്കാരന് പക്ഷേ, തെല്ലും അനുഭവപ്പെടാത്ത തരത്തില്‍ കഥ പറയാന്‍ മനു എസ്.പിള്ളയ്ക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. പുസ്തകം വായിച്ചു തുടങ്ങിയ ശേഷം തീര്‍ക്കാതെ സ്വസ്ഥത കിട്ടിയില്ല എന്നതാണ് എന്റെ അനുഭവം. ഇത്രയും ദൈര്‍ഘ്യമേറിയ ഗ്രന്ഥമാണെന്ന കാര്യമൊക്കെ ഉള്ളിലെ വായനക്കാരന്‍ പാടെ മറന്നു! 

രാജാരവിവര്‍മയുടെ പേരക്കിടാങ്ങളായ രണ്ട് പെണ്‍കുട്ടികളെ നന്നെ ചെറുപ്രായത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ആചാരപ്രകാരം ദത്തെടുത്തു. ചേടത്തിയുടെയും അനുജത്തിയുടെയും മക്കളായിരുന്നു ഇരുവരും. കുട്ടികളില്‍ മൂത്തയാളാണ് സേതു ലക്ഷ്മി ഭായി, ഇളയ ആള്‍ സേതു പാര്‍വ്വതി ഭായി. അടുത്ത തലമുറയില്‍ രാജകുടുംബം ഈ രണ്ട് പേരുടെ തായ്‌വഴികളായാണ് വേര്‍പെടുന്നത്. സേതു ലക്ഷ്മിഭായിക്ക് ആണ്‍കുഞ്ഞുണ്ടായത് പ്രസവത്തോടെ മരിച്ചു. അതിനാല്‍ സേതു പാര്‍വ്വതി ഭായിക്കുണ്ടായ ആണ്‍കുട്ടി അടുത്ത മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ആയി. അന്നത്തെ മഹാരാജാവ് 1924 ല്‍ മരിക്കുമ്പോള്‍, ചിത്തിര തിരുന്നാളിന് പ്രായപൂര്‍ത്തിയാകാത്തിനാല്‍, ആറ്റിങ്ങല്‍ റാണിയായ സേതു ലക്ഷ്മി ഭായി രാജാവിന് വേണ്ടി റീജന്റ് മഹാറാണിയായി ഭരണം ഏറ്റെടുത്തു. 

1924 ല്‍ തിരുവിതാംകൂറിനെ പാടെ തകര്‍ത്ത, 'തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം' എന്നറിയപ്പെട്ട പ്രളയത്തിന്റെ ദുരിതവേളയിലാണ് 27 കാരിയായ സേതു ലക്ഷ്മി ഭായി രാജ്യത്തിന്റെ ചുമതല ഏല്‍ക്കുന്നത്. ആ പ്രതിസന്ധി സമര്‍ഥമായി നേരിട്ടു എന്നു മാത്രമല്ല, അന്നുവരെ തിരുവിതാംകൂര്‍ കാണാത്ത തരത്തില്‍ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് സേതു ലക്ഷ്മി ഭായിയുടെ ഭരണം അടിത്തറയിടുകയും ചെയ്തു. കൊച്ചി തുറമുഖം തിരുവിതാംകൂറിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നത്, തിരുവനന്തപുരത്ത് ആദ്യമായി വൈദ്യുതി എത്തുന്നത്, ഭാവിയില്‍ കേരളത്തിന്റെ വൈദ്യുതാവശ്യം നിര്‍വഹിക്കാനുള്ള പള്ളിവാസല്‍ പദ്ധതിക്ക് അടിത്തറയിടുന്നത്, തോട്ടങ്ങള്‍ വെള്ളക്കാര്‍ക്ക് വെറുതെ തീറെഴുതേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്, വിദ്യാഭ്യാസത്തിനായി വലിയ മുതല്‍ മുടക്ക് നടത്തുന്നത്, പൊതുമരാമത്ത് വികസിപ്പിക്കുന്നത്, തിരുവനന്തപുരത്തെ റെയില്‍വെ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് ഒക്കെ ആ ഭരണകാലത്താണ്. 

മഹാറാണിയുടെ ഏറ്റവും വലിയ സംഭവനയുണ്ടായത് പക്ഷേ, സാമൂഹ്യരംഗത്താണ്. ക്ഷേത്രപരിസരത്തെ പാതകള്‍ താഴ്ന്ന ജാതിക്കാര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ തുറന്നുകൊടുത്തത്, ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്, മരുമക്കത്തായ സമ്പ്രദായത്തിന് അന്ത്യംകുറിച്ചത്, സ്ത്രീകളും വിദ്യാഭ്യാസത്തിനും ജോലിക്കും മുന്നോട്ടുവരണം എന്ന നിലപാടെടുത്തത്, ഭരണത്തിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും മേല്‍ജാതി ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിച്ച് ഈഴവരെപ്പോലുള്ള താഴ്ന്ന ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അര്‍ഹമായ പ്രാധിനിത്യം കൊടുത്തത് ഒക്കെ ഇന്ത്യയിലെ ഒരു നാട്ടുരാജ്യവും അന്നുവരെ കാണാത്ത പരിഷ്‌ക്കാരങ്ങളായിരുന്നു. 

ഇവയില്‍ ഏറ്റവും ശ്രദ്ധേയം സ്ത്രീകള്‍ക്ക് ഭരണത്തിലും ഉദ്യോഗസ്ഥതലത്തലും ലഭിച്ച പ്രാതിനിധ്യമായിരുന്നു. 1924ല്‍ അധികാരമേറ്റ് അധികം വൈകാതെ ഇക്കാര്യത്തില്‍ സേതു ലക്ഷ്മി ഭായി ശക്തമായ നിലപാടെടുത്തു. ഡോ.മേരി പൂനന്‍ ലൂക്കോസിനെ തിരുവിതാംകൂര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായി നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. ഡോ.മേരിയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും മഹാറാണി നാമനിര്‍ദ്ദേശം ചെയ്തു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ഒരു സ്ത്രീ നിയമിക്കപ്പെടുന്നതും, ലേജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ഒരു സ്ത്രീ ചുമതലയേല്‍ക്കുന്നതും. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത 'മദ്രാസ് മെയിലി'ന്റെ ഹെഡ്ഡിങ് ഇതായിരുന്നു: 'Feminism in Travancore'. 1928ല്‍ രണ്ടാമതൊരു വനിതയെ മഹാറാണി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു, എലിസബത്ത് കുരുവിള ആയിരുന്നു അത്. വലിയ എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ അവഗണിച്ച് പെണ്‍കുട്ടികള്‍ക്കും നിയമപഠനം ആകാമെന്ന് പ്രഖ്യാപിക്കുന്നതും മഹാറാണിയാണ്, 1927ല്‍. ഇന്ത്യയിലെ ആദ്യ വനിത ജഡ്ജിയായി അന്ന ചാണ്ടിക്ക് മാറാന്‍ കഴിഞ്ഞത് ആ പ്രഖ്യാപനത്തിന്റെ പരിണിതഫലമായിട്ടാണ്. സേതു ലക്ഷ്മി ഭായി ചുമതലയേല്‍ക്കുമ്പോള്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ത്രീകള്‍ തീരെ ഇല്ലായിരുന്നു എന്നു തന്നെ പറയാം. 1931 ല്‍ റാണി സ്ഥാനമൊഴിയുമ്പോല്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 412 സ്ത്രീകള്‍ രാജ്യത്തുണ്ടായിരുന്നു! 

ആഭിജാത്യം നിറഞ്ഞ ഒതുങ്ങിയ പ്രകൃതമായിരുന്നു സേതു ലക്ഷ്മി ഭായിയുടേത്. പരന്ന വായനയും ദിവസവുമുള്ള പ്രാര്‍ഥനയുമായി കുടുംബത്തോടൊപ്പം ജിവിതം ചെലവിട്ട വ്യക്തി. അതേസമയം ഇളയറാണി സേതു പാര്‍വ്വതി ഭായി അതിന്റെ എതിര്‍ധ്രുവത്തിലായിരുന്നു. ജീവിതം അടിച്ചുപൊളിച്ച് ചെലവിടാനുള്ളതാണെന്ന് അവര്‍ വിശ്വസിച്ചു. തുടര്‍ച്ചയായി യാത്രകള്‍ ചെയ്തു, സര്‍ സി പി രാമസ്വാമി അയ്യരെ പോലുള്ള ശക്തരെ ചങ്ങാതിമാരാക്കി. സര്‍ സിപിയും ഇളയറാണിയും തമ്മിലുള്ള ബന്ധത്തിന്റെ നിജസ്ഥതി അറിയാന്‍ ബ്രിട്ടീഷ് അധികാരികള്‍ ചാരന്‍മാരെ വരെ നിയോഗിച്ചു. സ്വന്തം മകന്‍ ജൂനിയറായിരിക്കുകയും രാജ്യത്തിന്റെ അധികാരം മൂത്ത റാണി കൈയാളുകയും ചെയ്യുന്നത് സഹിക്കാന്‍ ഇളയറാണിക്ക് തീരെ പറ്റിയിരുന്നില്ല. മാത്രമല്ല, ഇളയറാണിയുടെ ധാരാളിത്തത്തിന് ഖജനാവില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കുന്നത് മൂത്തറാണി വിലക്കി. ദൂര്‍ത്ത് വെച്ചുപൊറുപ്പിക്കാന്‍ മഹാറാണി കൂട്ടാക്കിയില്ല. അതിനെ തുടര്‍ന്ന് എല്ലാ തരത്തിലുമുള്ള കുത്തിത്തിരിപ്പും ഉപജാപവും റീജന്റ് ഭരണത്തിനെതിരെ ഇളയറാണി നടത്തി. മൂത്തറാണിയെ പുറത്താക്കാന്‍ ബ്രാഹ്മണരെ കൊണ്ടുവന്ന് കവിടിയാര്‍ കൊട്ടാരത്തില്‍ ദിവസങ്ങളോളം ദുര്‍മന്ത്രവാദം വരെ നടത്തിനോക്കി. ഒന്നും ഫലിച്ചില്ല. കാരണം സേതു റീജന്റ് മഹാറാണി എന്ന നിലയ്ക്ക് ലക്ഷ്മി ഭായിയുടെ ജനസമ്മതിയും ഇന്ത്യസര്‍ക്കാരിന് അവരുടെ ഭരണത്തോടുള്ള മതിപ്പും അത്ര വലുതായിരുന്നു. 

സേതു ലക്ഷ്മി ഭായിയോട് പ്രതികാരം ചെയ്യാനുള്ള അജണ്ട ഇളയറാണിയും സര്‍ സിപിയും ചേര്‍ന്ന് തയ്യാറാക്കി. നിശ്ചയിക്കപ്പെട്ടതിന് ഒരുവര്‍ഷം മുമ്പ് റീജന്റ് ഭരണം അവസാനിപ്പിക്കാന്‍ അവര്‍ക്കായി. മഹാരാജാവായി ഇളയറാണിയുടെ മകന്‍ ശ്രീചിത്തിര തിരുന്നാള്‍ സ്ഥാനമേറ്റതോടെ, ശരിക്കുള്ള പ്രതികാരത്തിന് വേദിയൊരുങ്ങി. സര്‍ സിപിയ്ക്കും ഇളയറാണിക്കുമായി ഭരണത്തിന്റെ ചുക്കാന്‍. ഏഴുവര്‍ഷം രാജ്യം ഭരിച്ച സേതു ലക്ഷ്മി ഭായി പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെ, കവിടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള എല്ലാത്തരം അടിച്ചമര്‍ത്തലിനും കുതന്ത്രങ്ങള്‍ക്കും അപമാനത്തിനും ഇരയായി കഴിയേണ്ടി വന്നു. അവരതെല്ലാം നിശബ്ദമായി അവര്‍ സഹിച്ചു. സ്വാതന്ത്ര്യാനന്തരം, 1956 ല്‍ സ്വന്തം കൊട്ടാരത്തിലെ ഭൃത്യന്‍മാര്‍ യൂണിയനുണ്ടാക്കി റാണിയോട് സമരത്തിന് മുതിര്‍ന്നതോടെ, രാജ്യമുപേക്ഷിച്ച് അവര്‍ പലായനം ചെയ്തു! 

തിരുവിതാംകൂര്‍ രാജവംശത്തിന്റെ അസ്തമയകാലത്ത് അധികമാരും അറിയാത്തെ എത്രയെത്ത ഉപജാപങ്ങളും കുതന്ത്രങ്ങളും അരങ്ങേറിയെന്ന്, മനു എസ് പിള്ളയുടെ ഗ്രന്ഥം വായിക്കുമ്പോള്‍ അത്ഭുതത്തോടെ നമ്മള്‍ മനസിലാക്കും. ചരിത്രത്തില്‍ ഒന്നും വെറുതെ സംഭവിക്കുന്നില്ല എന്നതാണ് ഗ്രന്ഥകാരന്റെ നിലപാട്. ഓരോന്നിനും പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാം. സംഭവം മാത്രമാണ് ആളുകള്‍ കാണുക. അതിന് പിന്നിലേക്ക് അവര്‍ക്ക് കടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഉദാഹരണത്തിന് 1936ല്‍ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരം തന്നെ ഉദാഹരണം. ഒരുപക്ഷേ, ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്രയേറെ ശ്ലാഹിക്കപ്പെട്ട മറ്റൊരു ഭരണ നടപടിയുണ്ടായിട്ടില്ല. മഹാരാജാവിന്റെ മഹാമനസ്‌ക്കതയും പുരോഗമന ചിന്താഗതിയുമാണ് അതിന് പിന്നിലെന്ന് പലരും വിശ്വസിക്കുന്നു. സത്യമെന്താണ്? തെളിവുകള്‍ നിരത്തി മനു എസ് പിള്ള സമര്‍ഥിക്കുന്നത് ഇതാണ്: മേല്‍ജാതി ഹിന്ദുക്കളോട് (നായര്‍, ബ്രാഹ്മണ വിഭാഗങ്ങളോട്) മഹാരാജാവും സര്‍ സിപിയും കാണിച്ച അമിത വിധേയത്വത്തിലും പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് ഈഴവസമുദായം കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് നടത്തിയ ഭീഷണിയാണ് 1936ല്‍ തിടുക്കത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് തിരുവിതാംകൂര്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്!

തിരുവിതാംകൂറിലെ ഈഴവര്‍ക്കിടിയിലുണ്ടായ 50 വര്‍ഷത്തെ സമൂഹിക പരിഷ്‌ക്കരണത്തിന്റെ സ്വാധീനം ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദര്‍ശിക്കാം. 1930 കളില്‍ പെട്ടന്നുള്ള പ്രകോപനത്തിന് ഈഴവ സമുദായത്തെ പ്രേരിപ്പിച്ചത്, ചിത്തിര തിരുന്നാള്‍ ഭരണത്തിലുണ്ടായ മേല്‍ജാതി പ്രീണനനയമാണ്. റീജന്റ് ഭരണകാലത്ത് എല്ലാ മതങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഭരണത്തിലും മറ്റ് തുറകളിലും നല്‍കിയിരുന്നു. എന്നാല്‍ 1931 ല്‍ ചുമതലയേറ്റ ശ്രീചിത്തിര തിരുന്നാള്‍ ഇക്കാര്യത്തില്‍ വലിയ തിരിച്ചുപോക്കാണ് നടത്തിയത്. തിരുവിതാംകൂര്‍ ഒരു ഹിന്ദുരാഷ്ട്രമാണ്, മേല്‍ജാതി ഹിന്ദുക്കള്‍ കഴിഞ്ഞേ ആരുമുള്ളൂ എന്ന തീവ്രനിലപാട് രാജാവും ദിവാന്‍ സര്‍ സിപിയും സ്വീകരിച്ചു. കണക്കുകള്‍ പ്രകാരം അന്ന് തിരുവിതാംകൂറില്‍ നായന്‍മാര്‍ ഉള്‍പ്പടെയുള്ള മേല്‍ജാതി ഹിന്ദുക്കള്‍ 22.3 ശതമാനമാണ്. ഈഴവര്‍ 17 ശതമാനം, ക്രിസ്ത്യാനികള്‍ 18.9 ശതമാനം, മുസ്ലീങ്ങള്‍ 6.9 ശതമാനം. എല്ലാ ആനൂകൂല്യങ്ങളും ഇതില്‍ 22.3 ശതമാനം മാത്രം വരുന്ന മേല്‍ജാതി ഹിന്ദുക്കള്‍ക്ക് എന്ന നിലപാട് എത്ര അപകടകരവും അപക്വവുമാണെന്നോര്‍ക്കുക. 1930കള്‍ ആയപ്പോഴേക്കും ഈഴവര്‍ സാമ്പത്തികസ്വാതന്ത്ര്യമുള്ള കെട്ടുറുപ്പുള്ള സമുദായശക്തിയായി മാറിയിരുന്നു. ഭരണകൂടത്തിന്റെ പ്രീണന നയത്തിനെതിരെ ക്രിസ്താനികളും മുസ്ലീങ്ങളുമായി ചേര്‍ന്ന് ഈഴവര്‍ വിശാലമുന്നണിയുണ്ടാക്കിയത്, ഔദ്യോഗിക നയത്തിനേറ്റ കടുത്ത ആഘാതമായി. അധികാരത്തിന്റെ പരിസരങ്ങളില്‍ മാത്രമല്ല, ക്ഷേത്രങ്ങളില്‍ പോലും തങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ദുസ്ഥിതി ഈഴവരെയും താഴ്ന്ന ജാതിക്കാരെയും ക്ഷോഭിപ്പിച്ചു. ഇങ്ങനെയൊരു ഹിന്ദുമതത്തില്‍ കാര്യമല്ല, അതുകൊണ്ട് തങ്ങള്‍ ക്രിസ്തുമതത്തിലേക്ക് ചെക്കേറാന്‍ പോകുന്നു-ഈഴവര്‍ പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ പ്രഖ്യാപനമായിരുന്നു അത്. തങ്ങളുടെ ജാതിപ്രീണനം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായ കാര്യം രാജാവും ദിവാനും തിരിച്ചറിഞ്ഞു. ഭീഷണി നേരിടാനും ഈഴവരുള്‍പ്പടെയുള്ള താഴ്ന്ന സമുദായക്കാര്‍ക്ക് രാജഭരണത്തിനോട് കൂറുണ്ടാക്കാനുമുള്ള വജ്രായുധമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. 

കേരളത്തില്‍ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വര്‍ഗ്ഗീയ വേര്‍തിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവും മേല്‍വിവരിച്ച സംഗതി നല്‍കുന്നു. 

ഈ കുറിപ്പിന്റെ തുടക്കത്തില്‍ ചോദിച്ച മറ്റ് ചോദ്യങ്ങള്‍ക്കും കൂടി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന വസ്തുതകള്‍ പ്രകാരം വിശദീകരണം നല്‍കേണ്ടതുണ്ട്. മലയാളികളുടെ അമിത മദ്യപാനശീലം അടുത്തകാലത്തുണ്ടായ പ്രതിഭാസമാണോ എന്നതായിരുന്നു ഒരു ചോദ്യം. ഈ കണക്ക് നോക്കുക: 1925 ല്‍ 17,928 ഗ്യാലന്‍ മദ്യമാണ് തിരുവിതാംകൂറിലേക്ക് ഇറക്കുമതി ചെയ്തതെങ്കില്‍, 1927 ആയപ്പോഴേക്കും ഇത് 28,357 ഗ്യാലന്‍ ആയി! നാടന്‍ വാറ്റും കള്ളുമൊന്നും ഇതില്‍ പെടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഇന്ന് നമ്മള്‍ വിവക്ഷിക്കുന്ന സദാചാരം, സഭ്യത തുടങ്ങിയ സംഗതികളുടെയൊക്കെ വിളനിലമായിരുന്നു പോയകാലത്ത് നമ്മുടെ നാട് എന്നാണ് പലരും ഉറച്ചു വിശ്വസിക്കുന്നത്. 1920 കളില്‍ പോലും തിരുവിതാംകൂറിലെ മേല്‍ജാതി ഹിന്ദുക്കള്‍ക്കിടയില്‍ ദേഹം മറച്ചുനടക്കുന്ന സ്ത്രീകളെ 'പെഴ' എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് മനു എസ് പിള്ള പറയുന്നു. വേശ്യകളാണ് മാറ് മറച്ച് നടക്കുന്നത് എന്നതായിരുന്നു പൊതുവെ നിലനിന്ന കാഴ്ചപ്പാട്. 

'ദീര്‍ഘസുമംഗലീ ഭവ' എന്നാണല്ലോ നമ്മുടെ സീരിയലുകളില്‍ വിവാഹിതരാകുന്ന കുലസ്ത്രീകള്‍ക്ക് നല്‍കുന്ന ആശംസ. മരുമക്കത്തായം അവസാനിക്കുന്ന കാലം വരെ കേരളത്തില്‍ ഒരു സ്ത്രീയോട് ഇങ്ങനെ ആശംസിച്ചാല്‍ അത് വലിയ കോമഡിയാകുമായിരുന്നു. കാരണം ഭര്‍ത്താവ് എന്നത് സ്ത്രീകള്‍ക്ക് എല്ലാക്കാലത്തേക്കുമുള്ള ഒരു ചരക്കായിരുന്നില്ല. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അവരുടെ ആങ്ങളയുമായിരുന്നു അധികാരികള്‍. ഭര്‍ത്താക്കന്‍മാര്‍ വല്ലപ്പോഴും വന്ന് പോകുന്നവര്‍ മാത്രം. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ഇല്ലാതായാലും സ്ത്രീകള്‍ക്ക് അത്ര വ്യാകുലതയില്ലായിരുന്നു, പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ അവള്‍ക്ക് വലിയ പ്രശ്‌നവും ഉണ്ടായിരുന്നില്ല. സേതു ലക്ഷ്മി ഭായിയുടെ മുന്‍ഗാമികളായ ആറ്റിങ്ങള്‍ റാണിമാര്‍ക്ക് പതിനേഴാം നൂറ്റാണ്ടിലൊക്കെ എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമുള്ള സവിശേഷ അധികാരമായിരുന്നു തനിക്കിഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുക എന്നത്. തിരുവിതാംകൂറില്‍ നേരെ തിരിച്ചായിരുന്നു കാര്യങ്ങളെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അക്കാലത്തെ പ്രശസ്തയായ ഉമയമ്മ റാണി ഇക്കാര്യത്തില്‍ പ്രത്യേകം പ്രാഗത്ഭ്യം തന്നെ പുലര്‍ത്തിയിരുന്നു. കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്തുന്നവര്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കാന്‍ റാണി മടിച്ചില്ല. അങ്ങനെ റാണിയുടെ പ്രീതിക്ക് പാത്രമായ ഒരു ബ്രിട്ടീഷ് യുവാവിന് നല്‍കിയ സമ്മാനത്തിലൊന്ന്, കേരളത്തിലെ ബ്രിട്ടീഷുകാരുടെ ആദ്യ താവളങ്ങളിലൊന്നായ അഞ്ചുതെങ്ങ് കോട്ട പണിയാനുള്ള അവകാശമായിരുന്നു. 

ഇനിയുള്ള ചോദ്യം, ജനാധിപത്യമാണോ രാജഭരണമാണോ നല്ലത് എന്നതാണ്. 'തീര്‍ച്ചയായും ജനാധിപത്യം' എന്ന് ഉത്തരം നല്‍കാന്‍ മനു എസ് പിള്ളയുടെ ഈ പുസ്തകം ഒന്ന് വായിച്ചുനോക്കുകയേ വേണ്ടൂ. 

ആഖ്യായനരീതിയില്‍ സമീപനത്തിലും ഭാഷയിലുമൊക്കെ വലിയ വ്യത്യാസമുണ്ടെങ്കിലും, പി കെ ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥതിയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ പിന്‍ഗാമിയാണ് മനു എസ് പിള്ളയുടെ പുസ്തകമെന്ന് ഞാന്‍ പറയും.

രണ്ട് സംഗതികള്‍ കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആദ്യത്തേത് ഇതിന്റെ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചാണ്. ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ സംഗതി, ഇത്ര നിശിതമായ ഗവേഷണത്തിന്റെയും ആറുവര്‍ഷം നീണ്ട വിവരശേഖരണത്തിന്റെയും ഫലമായ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മനു എസ് പിള്ളയുടെ പ്രായം വെറും 24 വയസ്സായിരുന്നു എന്നതാണ്! ഈ വര്‍ഷങ്ങള്‍ മുഴുവന്‍ പുസ്തകമെഴുത്തിന് ചെലവിട്ടതുകൊണ്ട് മറ്റ് റിക്രിയേഷനുകളൊന്നും സമയമുണ്ടായിട്ടുണ്ടാവില്ല, കാമുകിമാരൊന്നും കാണില്ല അല്ലേ എന്ന് ഏഷ്യാനെറ്റിന്റെ അഭിമുഖത്തില്‍ ചോദിക്കുമ്പോള്‍ മനു പറയുന്ന മറുപടി ഇതാണ്: 'എക്‌സാറ്റ്‌ലി....സേതു ലക്ഷ്മി ഭായി ആയിരുന്നു എന്റെ ഏക ഗേള്‍ഫ്രണ്ട്, വേറെയാരുമുണ്ടായിരുന്നില്ല!'

ഇത്ര ഗംഭീരമായി എഴുതപ്പെട്ടതാണെങ്കിലും പുസ്തകത്തിന്റെ പോരായ്മയായി തോന്നിയത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ദീപസ്തംഭങ്ങളായി മാറിയ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ സ്വാധീനത്തെക്കുറിച്ച് കാര്യമായ പരാമര്‍ശം ഇതിലില്ല എന്നതാണ്. തിരുവിതാംകൂറിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥത്തില്‍ അതുകൂടി തീര്‍ച്ചയായും ഉള്‍പ്പെടുത്തണമായിരുന്നു. 

( The Ivory Throne: Chronicles of the House of Travancore (2015), by Manu S. Pillai. Harper Collins India, P.694. Rs.699). 

-  ജോസഫ് ആന്റണി 


3 comments:

സുധി അറയ്ക്കൽ said...

വൗ...വായിക്കാൻ തീർച്ചയായും ശ്രമിയ്ക്കണം.

DR.NS.MANOJ NAMBOOTHIRI said...

ഗംഭീരം

എഴുത്തപ്പൻ said...

പോരായ്മകൾ ഉണ്ടെങ്കിലും വായനാസുഖമുള്ള ചരിത്രപുസ്തകം. ജോസഫ്‌ ആന്റണിയുടെ കുറിപ്പും മികച്ചത്‌.