തിരുവനന്തപുരം ജില്ലയില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് കോട്ടുക്കോണം മാങ്ങ ജീവിതത്തിന്റെ ഭാഗമാണ്. കൊതിയൂറുന്ന മധുരവും നല്ല നാരും നിറവുമുള്ള മാങ്ങ. ഫെബ്രുവരിയോടെ പൂവിടും ഏപ്രിലില്‍ കായ്ക്കും മെയ് ആദ്യവാരം മുതല്‍ മൂത്ത മാങ്ങ കിട്ടിത്തുടങ്ങും.
കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തുനിന്ന് അമ്പൂരിക്ക് പോകുമ്പോള്‍, പതിവുപോലെ തച്ചോട്ടുകാവ്-മഞ്ചാടി-അന്തിയൂര്‍ക്കോണം എന്ന പതിവ് റൂട്ടിലൂടെയായിരുന്നു യാത്ര.
ആ കട്ട് റോഡില്‍ രണ്ട് സംഗതിയാണ് പതിവ് യാത്രക്കാരെ ആകര്‍ഷിക്കുന്നത്. നല്ല ചായയും നാടന്‍ പലഹാരങ്ങളും കിട്ടുന്ന ഏതാനും ചെറിയ ചായക്കടകള്‍. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയ്ക്കും മറ്റും പോകുന്ന പതിവ് സഞ്ചാരികള്‍ അവിടെ വണ്ടി നിര്‍ത്തി ചായകുടിച്ചേ പോകൂ. രണ്ടാമത്തേത്, ഏപ്രില്‍-മെയ് ആകുമ്പോള്‍ പരിസരത്തെ കോട്ടുക്കോണം മാവുകളില്‍ നിന്ന് പറിച്ച് വൈക്കോലും പാലയിലയും വെച്ച് പഴുപ്പിച്ച വര്‍ണാഭമായ കോട്ടുക്കോണം മാങ്ങകള്‍. അവധിക്കാലത്ത് നാട്ടില്‍നിന്ന് പോരുമ്പോള്‍ അവിടെ നിന്നാണ് കോട്ടുക്കോണം മാങ്ങാപ്പഴം വാങ്ങുക.
ഇത്തവണ അതിലേ പോകുമ്പോള്‍ പല സ്ഥലത്തും നല്ല നിറമുള്ള കോട്ടുക്കോണം മാങ്ങ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. മൂക്കാത്ത മാങ്ങയാകും പുകയിട്ട് പഴുപ്പിച്ച് നിറംവെച്ചതാകാമെന്ന് ആദ്യം സംശയിച്ചു. പക്ഷേ, ചോദിച്ചപ്പോള്‍ അവര്‍ അത് മൂത്തതാണെന്ന് ആണയിച്ച് പറഞ്ഞു. കിലോയ്ക്ക് 160 രൂപ. വില കൂടുതലാണെന്ന് തോന്നിയെങ്കിലും, ഈ സമയത്ത് നല്ല കോട്ടുക്കോണം മാങ്ങ കിട്ടാന്‍ ഇത്രയും കാശ് അധികമല്ലെന്ന് തോന്നി.
മാങ്ങയും വാങ്ങി യാത്ര തുടരുമ്പോഴാണ് അസ്വസ്ഥതയോടെ ഒരു ചിന്ത മനസില്‍ കടന്നു കൂടിയത്. എന്തുകൊണ്ട് കോട്ടുക്കോണം മാങ്ങ ഫെബ്രുവരിയില്‍ മൂക്കുന്നു? കാലംതെറ്റുന്നത് കാലവര്‍ഷത്തിന് മാത്രമല്ല....കാലാവസ്ഥാ വ്യതിയാനം മാങ്ങയുടെ രൂപത്തിലും പ്രത്യക്ഷപ്പെടാം!
No comments:
Post a Comment