ഗാര്‍സിയ മാര്‍കേസ് ഒരിക്കല്‍ ബൈബിളിനെകുറിച്ച് പറഞ്ഞു, ഒരു പ്രായം കഴിഞ്ഞാല്‍ പലരും ബൈബിള്‍ വായിക്കാന്‍ തുടങ്ങും, രസകരമായ അമ്പത് അധ്യായങ്ങളായി ബൈബിള്‍ മാറ്റിയെഴുതിയാല്‍ എത്ര നന്നായേനെ എന്ന്. ബോബി തോമസ് രചിച്ച 'ക്രിസ്ത്യാനികള്‍' വായിച്ചപ്പോള്‍ മാര്‍കേസ് പറഞ്ഞ കാര്യം ഓര്‍മ വന്നു. ഒന്നാലോചിച്ചാല്‍, മാര്‍കേസ് പറഞ്ഞത് മറ്റൊരര്‍ഥത്തില്‍ നടപ്പാക്കിയിരിക്കുകയാണ് ബോബി ഈ പുസ്തകത്തില്‍. ബൈബിളല്ല, ബൈബിളില്‍ വിശ്വാസിക്കുന്നവരുടെ -ക്രസ്ത്യാനികളുടെ -ചരിത്രം നാല് ഭാഗങ്ങളില്‍ 74 അധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുകയാണ് 384 പേജുള്ള ഈ പുസ്തകത്തില്‍.
ഇത്തരമൊരു ഗ്രന്ഥം മലയാളത്തില്‍ ഇതിനുമുമ്പ് വന്നിട്ടുണ്ടോ എന്ന് സംശയമാണ്. 'കിസ്തു ജീവിച്ചിരുന്നില്ല' എന്ന വാദംപോല, വിശ്വാസത്തെയും മതത്തെയും നിരസിച്ചുകൊണ്ടുള്ളതല്ല ക്രിസ്താനികള്‍ എന്ന ഈ പുസ്തകം. പകരം ഒരു വിശ്വാസ സമസ്യ എന്ന നിലയ്ക്ക് ക്രിസ്തുമത വിശ്വാസം രൂപപ്പെട്ടതിന്റെ ചുഴികളും ചരിത്രവഴികളും, ഏത് വായനക്കാരനും ആസ്വദിക്കാന്‍ പാകത്തില്‍ ഒരു നോവല്‍ പോലെ ഗ്രന്ഥകാരന്‍ തയ്യാറാക്കിയിരിക്കുന്നു. ചെറിയ വാക്യങ്ങളിലുള്ള ചടുലമായ അവതരണവും നാടകീയമായ കഥാകഥനരീതിയും നര്‍മബോധവും ചേരുമ്പോള്‍, സമീപകാലത്ത് മലയാളത്തിലിറങ്ങിയ ഏറ്റവും വായനാക്ഷമതയേറിയ കൃതികളിലൊന്ന് 'ക്രിസ്താനികള്‍' ആണെന്ന് തീര്‍ച്ചയായും പറയാം. സമയം അനുവദിക്കുമെങ്കില്‍ ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം.
പുസ്തകത്തിന്റെ ആദ്യഭാഗത്ത് വിവരിക്കുന്നത് പഴയനിയമത്തിന്റെ കാലത്തെ സംഗതികളാണ്. യഹൂദരുടെ ദൈവസങ്കല്‍പ്പം രൂപപ്പെട്ടതിന്റെ ചരിത്രവഴികള്‍ ബൈബിളിനെയും സ്വതന്ത്ര ബൈബില്‍ പഠനഗ്രന്ഥങ്ങളെയും മുന്‍നിര്‍ത്തി പരിശോധിക്കുകയാണ് ഇവിടെ. ക്രിസ്തുശാസ്ത്രത്തിന്റെ പരിണാമവഴികളെ പരിശോധിക്കുന്നതാണ് രണ്ടാംഭാഗം. യഹൂദ മതത്തില്‍ നിന്ന് ക്രിസ്തുവിലൂടെ ക്രിസ്തുമതം പുതിയ വഴി തേടുന്നതിന്റെ കാണാപ്പുറങ്ങളാണ് ഈ രണ്ടാംഭാഗത്ത് അനാവരണം ചെയ്യുന്നത്. തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പറഞ്ഞ, ഒരു കരണത്തടിക്കുന്നയാള്‍ക്ക് മറുകരണം കൂടി കാട്ടിക്കൊടുക്കാന്‍ പറഞ്ഞ ഒരാളുടെ അനുയായികള്‍ക്ക് ചരിത്രത്തിലെ ഏറ്റവും കര്‍ക്കശമായ മതം രൂപപ്പെടുത്താനും, പല ഘട്ടത്തിലും ക്രൂരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും പര്യായമായി മാറാനും കഴിഞ്ഞതെങ്ങനെ എന്നാണ് മൂന്നാംഭാഗം വിശദീകരിക്കുന്നത്. ഏഷ്യക്കാരനായ ക്രിസ്തു എങ്ങനെ യൂറോപ്പിന്റെ ദൈവമായി പരിണമിച്ചു എന്നും ഈ ഭാഗത്ത് എഴുത്തുകാരന്‍ പരിശോധിക്കുന്നു. 'നസ്രാണികളുടെ ലോകം' എന്ന നാലാംഭാഗമായിരിക്കും ഒരുപക്ഷേ, മലയാളികളെ കൂടുതല്‍ ആകര്‍ഷിക്കുക. കേരളത്തിലെ ക്രിസ്തുമത ചരിത്രത്തെ പിന്തുടരുന്ന ഭാഗമാണിത്.
മിത്തുകളും വിശ്വാസങ്ങളും ചരിത്രവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ഒന്നാണ് ക്രിസ്തുമതചരിത്രം. വിശ്വാസമാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. ഇക്കാര്യം പൂര്‍ണമായി അംഗീകരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ തന്റെ വിഷയത്തെ സമീപിക്കുന്നത്. മതചരിത്രം വിവരിക്കാന്‍ യുക്തിവാദികളുടെ സമീപനമല്ല ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചിട്ടുള്ളത്. പകരം വിമോചനദൈവശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന പ്രതിപാദനരീതിയാണ് അവലംബിച്ചിട്ടുള്ളത്. പുസ്തകത്തില്‍ നിന്ന് ചെറിയൊരു ഭാഗം ഉദ്ധരിക്കട്ടെ: 'ബൈബിളിലുള്ളത് മാത്രമാണോ ക്രിസ്തീയ ദൈവശാസ്ത്രത്തിലുള്ളത്? വിശുദ്ധരെയും കന്യാമറിയത്തെയും സംബന്ധിച്ച കത്തോലിക്കരുടെയും മറ്റ് സഭാവിഭാഗക്കാരുടെയും സങ്കല്‍പ്പങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളുമുണ്ടായത് ബൈബിളിന് പുറത്തുള്ള ധാരണകളുടെ അടിസ്ഥാനത്തിലല്ലേ? ആദ്യനൂറ്റാണ്ട് മുതല്‍ തന്നെ ഇത്തരം ദൈവശാസ്ത്രപരമായ കൂട്ടിച്ചേര്‍ക്കലുകള്‍ സഭാപിതാക്കന്മാര്‍ നടത്തിയിരുന്നു. അതില്‍ നാലാം നൂറ്റാണ്ടിലെ നിഖ്യാസൂനഹദോസ് തീരുമാനങ്ങള്‍ വരെയാണ് പ്രൊട്ടസ്റ്റന്റുമാര്‍ അംഗീകരിക്കുന്നത്. ഈ സൂനഹദോസിന്റെ പ്രധാന കണ്ടെത്തലായിരുന്നു പിതാവും പുത്രനും പരിശുദ്ധാത്മാവും ഒന്നായിരിക്കുന്ന ദൈവമെന്ന ത്രിത്വസങ്കല്‍പ്പം. ഈ ത്രിത്വസങ്കല്‍പ്പം ബൈബിളില്‍ എവിടെയാണുള്ളത്? ബൈബിളിലെ കാര്യങ്ങള്‍ വ്യാഖ്യാനിച്ച് കണ്ടെത്തിയ ഒരു ദൈവശാസ്ത്ര ധാരണയാണത്' (പേജ് 336).
പഴയ നിയമകാലത്തെ വിശ്വാസചരിത്രത്തില്‍ ഏറ്റവും വിപ്ലവകരായ ഒന്ന് സാത്താന്റെ കണ്ടെത്തലായിരുന്നു എന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അത്രകാലവും എല്ലാക്കാര്യങ്ങളും, അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും, യഹോവയായ ദൈവം തന്നെ ചെയ്യണമായിരുന്നു. ഒരു വശത്ത് രക്ഷകനായ ദൈവം, മറുവശത്ത് പാര പണിയുന്ന ദൈവം! ഇതില്‍ നിന്നുള്ള മോചനം ദൈവത്തിന് കിട്ടിയത് സാത്താനെ കണ്ടുപിടിച്ചതോടെയാണ്. തിന്മചെയ്യലില്‍ നിന്ന് ദൈവത്തിന് മോചനമായി. ആ പണി സാത്താനെ ഏല്‍പ്പിച്ചു!
ഇതുപോലെ പുതിയ നിയമകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ദൈവശാസ്ത്രപരമായ കണ്ടെത്തല്‍ ജന്മപാപത്തിന്റേതായിരുന്നു.
പല ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും വിശ്വാസ സംഹിതയില്‍ പ്രമുഖസ്ഥാനമാണ് കന്യകാ മറിയത്തിനുള്ളത്. യേശുവിന്റെ മാതാവായ കന്യകാമറിയം ജന്മപാപം ഇല്ലാത്തവളാണെന്നും, ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടു എന്നുമാണ് വിശ്വാസം. അങ്ങനെ കന്യകാമറിയം സ്വര്‍ഗ്ഗത്തിന്റെ രാജ്ഞിയായി. ആധുനിക കാലത്ത് ഈ വിശ്വാസം ഉറപ്പിക്കപ്പെട്ടിരിക്കുന്ന
ഒരുപക്ഷവും ചേരാതെയാണ് ഗ്രന്ഥകാരന്‍ ക്രിസ്തുചരിത്രത്തെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ, നാലംഭാഗമായ കേരളത്തിലെ നസ്രാണികളുടെ ചരിത്രത്തിലെത്തുമ്പോള്‍ ചിലയിടങ്ങളില്‍ പിടിവിട്ടുപോകുന്നില്ലേ എന്ന് വായനക്കാരന് സംശയം തോന്നാം. നസ്രാണികളുടെ പൂര്‍വ്വചരിത്രത്തെ വളരെ സമഗ്രമായി തന്നെ ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യനൂറ്റാണ്ട് മുതല്‍ നിലനിന്ന പ്രാചീനസഭയ്ക്ക് മേല്‍ പറങ്കികളുടെ വരവോടെയാണ് പാശ്ചാത്യമേല്‍ക്കോയ്മ ആരംഭിക്കുന്നത്. പാശ്ചാത്യശക്തികളുടെ വരവ് മൂലം കേരള നസ്രാണികളുടെ തനത് വിശ്വാസങ്ങളെല്ലാം തകര്‍ന്നടിഞ്ഞു. ഇത് ലോകത്ത് അധിനിവേശത്തിനിരയായ എല്ലാ നാടുകളിലും സംഭവിച്ച സംഗതിയാണ്. മുമ്പിവിടെ വളരെ കേമമായ സംഗതിയായിരുന്നു നിലനിന്നിരുന്നത്, പാശ്ചാത്യര്‍ വന്നതോടെ അതെല്ലാം നഷ്ടമായി എന്ന മട്ടിലുള്ള വിവരണം പക്ഷേ യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ല. മുമ്പിവിടെ നിലനിന്നിരുന്ന വിശ്വാസരീതികള്‍ അത്ര കേമമായിരുന്നില്ല എന്ന് ഗ്രന്ഥകര്‍ത്താവ് തന്നെ പല സ്ഥലങ്ങളിലും പറയുന്നുമുണ്ട്.
ചെറിയ ചെറിയ അധ്യായങ്ങളായാണ് വിവിധ സംഗതികളെ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിരിക്കുന്നത്. അത് ഈ പുസ്തകത്തിന്റെ ശക്തിയും അതേസമയം ദൈര്‍ബല്യവുമാണ്. ചില അധ്യായങ്ങള്‍ കുറച്ചുകൂടി വിശദാംശങ്ങളോടെ വിവരിക്കപ്പെട്ടെങ്കില്‍ എന്ന് വായനക്കാരന്‍ ആഗ്രഹിച്ചുപോകും. പുസ്തകത്തിന്റെ ഘടനയിലെ പ്രകടമായ ന്യൂനത അതിന് പദസൂചി ഇല്ല എന്നതാണ്. ചരിത്രപരവും മതപരവുമായ വൈപുല്യമേറിയ വിവരങ്ങളുടെ ശേഖരമായി കണക്കാക്കാവുന്ന ഒരു ഗ്രന്ഥത്തില്‍ പദസൂചി ഇല്ലാതെ വരുന്നത് തീര്‍ച്ചയായും പോരായ്മയാണ്. ഡിസി ബുക്‌സ് കഴിഞ്ഞ ഫിബ്രവരിയില്‍ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ഇതിനകം മൂന്ന് പതിപ്പ്്ഇറങ്ങിക്കഴിഞ്ഞു. വില: 295 രൂപ.
(പുസ്തകത്തില്‍ കൂനന്‍കുരിശ് സത്യത്തെക്കുറിച്ച് പറയുന്ന ഭാഗത്തുള്ളതാണ് ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു ചിത്രം)
#FBpost
No comments:
Post a Comment