Friday, November 25, 2016

ഫാരഡെ - സ്‌കൂള്‍വിദ്യാഭ്യാസം ലഭിക്കാത്ത ശാസ്ത്രജ്ഞന്‍


ക്ലാസിക്കല്‍ ഭൗതികത്തിന്റെ ചരിത്രം പറയുന്നവര്‍ അതിന്റെ അങ്ങേയറ്റത്ത് പ്രതിഷ്ഠിക്കുക ഗലീലിയോ, ന്യൂട്ടണ്‍ എന്നിവരെയാണ്. ഇങ്ങേയറ്റത്ത് മൈക്കല്‍ ഫാരഡെയെയും ജയിംസ് ക്ലാര്‍ക്ക് മാക്‌സ്‌വെലിനെയും. 

ഇതില്‍ മൈക്കല്‍ ഫാരഡെ (1791-1867) കൂടുതല്‍ അറിയപ്പെടുന്നത് വൈദ്യുതിയുടെ പേരിലാണ്. ആധുനിക നാഗരികതയുടെ എല്ലാ അഹങ്കാരത്തിനും മനുഷ്യനെ പ്രാപ്തനാക്കിയ മുന്നേറ്റമാണ് വൈദ്യുതിയുടെ കണ്ടുപിടുത്തം. അതിന് അടിസ്ഥാനമായ ഇലക്ട്രിക് ഡൈനാമോ വികസിപ്പിച്ചത് ഫാരഡെയാണ്. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ഉറ്റബന്ധത്തെക്കുറിച്ച് ഫാരഡെ നടത്തിയ കണ്ടെത്തലുകള്‍ ഇല്ലായിരുന്നെങ്കില്‍, വൈദ്യുതകാന്തികമണ്ഡലങ്ങളെക്കുറിച്ചുള്ള മാക്‌സ്‌വെലിന്റെ മുന്നേറ്റം ഒരുപക്ഷേ സാധ്യമാകുമായിരുന്നില്ല. 

തെക്കന്‍ ലണ്ടനില്‍ ഒരു ദരിദ്രകുടുംബത്തിലാണ് ഫാരഡെ ജനിച്ചത്. പതിനാലാം വയസ്സില്‍ ഒരു ബുക്ക് ബൈന്‍ഡിങ് ഷോപ്പില്‍ സഹായിയായി ചേര്‍ന്നു. അവിടെ ബയന്റ് ചെയ്യാന്‍ എത്തുന്ന ശാസ്ത്രപുസ്തകങ്ങള്‍ ആര്‍ത്തിയോടെ വായിക്കുകയും നോട്ടുകള്‍ കുറിച്ചെടുക്കുകയും ചെയ്യുന്ന ആ ബാലന്‍ കടയുടമയുടെ കൗതുകവും അനുതാപവും ഒരേസമയം പിടിച്ചുപറ്റി.


ബുക്കുകളുമായി വരുന്ന മാന്യന്മാരോട് ആ പയ്യന്‍ ഭയങ്കര മിടുക്കനാണെന്ന് കടയുടമ പറയുമായിരുന്നു. അതുകേട്ട ഒരാള്‍ പ്രസിദ്ധ രസതന്ത്ര ഗവേഷകനായ സര്‍ ഹംഫ്രി ഡേവിയുടെ പ്രഭാഷണത്തിനുള്ള പ്രവേശന പാസ് അവന് നല്‍കി. ആ പ്രഭാഷണം കേട്ടതാണ് ഫാരഡെയുടെ ജീവിതം മാറ്റിമറിച്ചത്. 


പ്രഭാഷണത്തിന്റെ നോട്ട് സസൂക്ഷ്മം കുറിച്ചെടുത്ത ഫാരഡെ അത് ഹംഫ്രി ഡേവിക്ക് അയച്ചുകൊടുക്കുകയും, അദ്ദേഹത്തിന്റെ ലാബില്‍ ഒരു അസിസ്റ്റന്റിന്റെ ജോലി അഭ്യര്‍ഥിക്കുകയും ചെയ്തു. അധികം വൈകാതെ ഹംഫ്രി ഡേവിയുടെ സഹായിയായ ഫാരഡെ ആ ലാബില്‍വെച്ചാണ്, ലോകത്തെ മാറ്റിമറിച്ച ശാസ്ത്രമുന്നേറ്റങ്ങള്‍ നടത്താന്‍ തുടങ്ങിയത്.
ഈ കഥ ഇപ്പോള്‍ പറയാനൊരു കാരണമുണ്ട്. ഫാരഡെ സ്‌കൂളില്‍ പോയിട്ടുള്ള ആളല്ല!


(ഫാരഡെ മാത്രമല്ല ഇത്തരം ആളുകള്‍ വേറെയുമുണ്ട്. താത്പര്യമുള്ളവര്‍ക്ക്, Abdul Rasheed ന്റെ ഈ പോസ്റ്റില്‍ ( https://goo.gl/d6jlHD) കൂടുതല്‍ ആളുകളെ പരിചയപ്പെടാം)


- FB post : പുതിയ മന്ത്രി എം എം മണി സ്‌കൂള്‍ വിദ്യാഭ്യാമില്ലാത്തായള്‍ എന്ന പേരില്‍ ആക്ഷേപത്തിനിരയായപ്പോള്‍ ഇട്ട പോസ്റ്റ്‌

No comments: