മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടില്‍ ആംസ്റ്റര്‍ഡാമില്‍നിന്ന് 12 വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗ്രന്ഥത്തിലാണ്. മലബാറിലെ (കേരളത്തിലെ) സസ്യസമ്പത്തിനെക്കുറിച്ചും സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ആ ലാറ്റിന്‍ ഗ്രന്ഥം, ഇട്ടി അച്യുതന്‍ എന്ന മഹാവൈദ്യനെ മുഖ്യസഹായിയായി വെച്ചുകൊണ്ട് അന്നത്തെ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്‍ റീഡാണ് തയ്യാറാക്കിയത്. ഏതെങ്കിലും ഒരു ഉഷ്ണമേഖലാപ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് ലോകത്താദ്യമായി പുറത്തുവരുന്ന ബൃഹത്ഗ്രന്ഥമായിരുന്നു അത്.
എണ്ണിയാലൊടുങ്ങാത്ത പ്രതിബന്ധങ്ങള്‍ തരണം ചെയ്ത്, രണ്ട് ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിനാളുകളെ സഹകരിപ്പിച്ചാണ് വാന്‍ റീഡ് ഹോര്‍ത്തൂസ് പദ്ധതി പൂര്‍ത്തിയാക്കിയത്. 1678-1693 കാലത്താണ് ആ ഗ്രന്ഥത്തിന്റെ 12 വോള്യങ്ങളും പുറത്തുവന്നത്. അവസാന വോള്യം പുറത്തുവരുന്നതിന് ഒരുവര്‍ഷം മുമ്പ് വാന്‍ റീഡ് അന്തരിച്ചതിനാല്‍, ആ ഗ്രന്ഥം പൂര്‍ണരൂപത്തില്‍ അച്ചടിച്ച് കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല.
ഹോര്‍ത്തൂസ് പുറത്തുവന്ന് 300 വര്‍ഷക്കാലം അതിനെ ലാറ്റിനില്‍നിന്ന് വിവര്‍ത്തനം ചെയ്യാനോ സമഗ്രമായി മനസിലാക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. നൂറിലേറെ പാശ്ചാത്യഗവേഷകര്‍ അതിനായി മല്ലിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ അതില്‍ വിജയംവരിച്ചത് ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനാണ്. 1958 മുതല്‍ 2008 വരെയുള്ള 50 വര്‍ഷക്കാലം അതിനായി ആ ഗവേഷകന് സമര്‍പ്പിക്കേണ്ടിവന്നു. അതിനിടെ ലാറ്റിന്‍ പഠിച്ച് ഹോര്‍ത്തൂസ് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്യുക മാത്രമല്ല, ഹോര്‍ത്തൂസില്‍ പരാമര്‍ശിക്കപ്പെടുന്ന എഴുന്നൂറോളം സസ്യങ്ങളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിനെയും കണ്ടെത്തുകയും വീണ്ടും വിശദീകരിക്കുകയും ചെയ്തു അദ്ദേഹം. അരനൂറ്റാണ്ടുകാലം തന്റെ ആയുസും സമയവും സമ്പത്തും ബുദ്ധിയും അറിവും അധ്വാനവും അദ്ദേഹം ആ ഒറ്റ ഗ്രന്ഥത്തിന്റെ പുനര്‍സൃഷ്ടിക്കായി ചെലവിട്ടു. അതിലൂടെ കേരളചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിലപ്പെട്ട ഒരു അധ്യായമാണ് മണിലാല്‍ നമുക്ക് വീണ്ടെടുത്ത് നല്‍കിയത്.
ആ സമര്‍പ്പണത്തിന്റെ കഥ അടുത്തയിടെ മാങ്ങാട് രത്‌നാകരന്‍ അദ്ദേഹത്തിന്റെ 'യാത്ര' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാട്ടി. ഹോര്‍ത്തൂസിന്റെ രണ്ടാംപിറവിയെക്കുറിച്ചും, അതിനായുള്ള ഡോ.മണിലാലിന്റെ അസാധാരണമായ ജീവിതസമര്‍പ്പണത്തെക്കുറിച്ചും, ആ സമര്‍പ്പണത്തെ ഒരു സമൂഹമെന്ന നിലയ്ക്ക് മലയാളികള്‍ ക്രൂരമായി അവഗണിച്ചതിനെക്കുറിച്ചുമുള്ള ആ പ്രോഗ്രാമിന്റെ വിഡിയോ ആണ് ഇതോടൊപ്പം
(ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ 'ഹരിതഭൂപടം' എന്ന ഗ്രന്ഥവും പരാമര്‍ശിക്കപ്പെടുന്നു ഈ പ്രോഗ്രാമില്‍).
2 comments:
ഹോര്‍ത്തൂസ് പുറത്തുവന്ന് 300 വര്‍ഷക്കാലം അതിനെ ലാറ്റിനില്‍നിന്ന് വിവര്‍ത്തനം ചെയ്യാനോ സമഗ്രമായി മനസിലാക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. നൂറിലേറെ പാശ്ചാത്യഗവേഷകര്‍ അതിനായി മല്ലിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ അതില്‍ വിജയംവരിച്ചത് ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനാണ്. 1958 മുതല്‍ 2008 വരെയുള്ള 50 വര്‍ഷക്കാലം അതിനായി ആ ഗവേഷകന് സമര്‍പ്പിക്കേണ്ടിവന്നു. ആ സമര്‍പ്പണത്തിന്റെ കഥ അടുത്തയിടെ മാങ്ങാട് രത്‌നാകരന്‍ അദ്ദേഹത്തിന്റെ 'യാത്ര' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാട്ടി.
ഒരായുഷ്ക്രൂ ക്കാലത്തിന്റെ പരിശ്രമത്തിനും കഠിനാദ്ധ്വാനത്തിനും ലഭിച്ച ക്രൂരമായ അവഗണനയെ മലയാളിയുടെ ശീലത്തോട് ചേര്ത്ത് വായിക്കുന്നില്ല. എങ്കിലും സർക്കാരുകൾക്ക് ഇതൊക്കെ അന്വേഷിച്ചറി ഞ്ഞ് ലോകത്തെ ബോധ്യപ്പെടുത്തുവാനുള്ള ചുമതലയുണ്ട്. ഓ... അതിനിപ്പം ആർക്കാ ഇത്ര മനക്ലേശം...?
Post a Comment