Saturday, May 31, 2014

'നിശബ്ദരായ' ചീവീടുകള്‍ !!

ഹാവായിയിലെ രണ്ട് ദ്വീപുകളില്‍ ചീവീടുകള്‍ ചിലപ്പ് നിര്‍ത്തി നിശബ്ദരായിരിക്കുന്നു. ഒരിനം കൊലയാളി ഈച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണത്രേ ചീവീടുകള്‍ ശബ്ദം ഉപേക്ഷിച്ചത്. 2003 മുതല്‍ 20 തലമുറ ചീവീടുകളെ നിരീക്ഷിച്ച ഗവേഷകരെത്തിയ നിഗമനമാണിത്. അതിജീവനത്തിന് ചേര്‍ന്ന വിധത്തില്‍ പരിണാമം സംഭവിക്കുന്നതിന് മികച്ച ഉദാഹരണമാണിതെന്ന് 'ജേര്‍ണല്‍ ഓഫ് കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ആണ്‍ ചീവീടുകള്‍ അവയുടെ ചിറകുകള്‍ വേഗത്തില്‍ ചലിപ്പിച്ച് ശബ്ദമുണ്ടാക്കിയാണ് ഇണകളെ ആകര്‍ഷിക്കാറ്. ഹാവായിയില്‍ 100 കിലോമീറ്റര്‍ അകലത്തിലുള്ള Kaual, Oahu എന്നീ ദ്വീപുകളില്‍ ചീവീടുകളുടെ ചിറകുകള്‍ക്ക് ശബ്ദമുണ്ടാക്കാന്‍ കഴിയാത്ത വിധം മാറ്റം സംഭവിക്കുന്നത് ഗവേഷകര്‍ നിരീക്ഷിച്ചു. (Kauai ദ്വീപില്‍ 2003 ലാണ് ആദ്യം ഇക്കാര്യം ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്).

അതിന്റെ കാരണം തേടിയപ്പോഴാണ് കൊലയാളി ഈച്ചകളുടെ സാന്നിധ്യം കണ്ടത്. ശബ്ദം തിരിച്ചറിഞ്ഞെത്താന്‍ വിരുതരാണ് ആ ഈച്ചകള്‍. ഗര്‍ഭിണിയായ ഈച്ച പറന്നെത്തി ചീവീടിന് മേല്‍ ലാര്‍വകളെ സ്‌പ്രേ ചെയ്യും. ഒരാഴ്ച കൊണ്ട് ലാര്‍വകള്‍ ചീവീടിനെ ഭക്ഷണമാക്കും! ഗുരുതരമായ ഈ ഭീഷണി നേരിടാന്‍ ചീവീടുകള്‍ക്ക് പരിണാമം വഴി മാറ്റം സംഭവിക്കുകയായിരുന്നു.

ശബ്ദമില്ലാത്ത ചീവീടുകള്‍ ഒരു ദ്വീപില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള രണ്ടാമത്തെ ദ്വീപിലേക്ക് എങ്ങനെയോ എത്തി എന്നാണ് ആദ്യം ഗവേഷകര്‍ കരുതിയത്. എന്നാല്‍, ഇരുദ്വീപിലെയും ചീവീടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ അവയുടെ ചിറകുകളിലെ മാറ്റം ഒരേ തരത്തിലല്ല എന്നുകണ്ടു. മാത്രമല്ല, ഇരുദ്വീപിലും ഏതാണ്ട് ഒരേ സമയത്താണ് മാറ്റം സംഭവിച്ചിരിക്കുന്നതും.

മാറ്റംസംഭവിച്ച (മ്യൂട്ടന്റ്) ചീവീടുകളെ ജനിതകവിശകലനത്തിന് വിധേയമാക്കിയപ്പോള്‍, ഗവേഷകര്‍ക്ക് ഒരു സംഗതി വ്യക്തമായി- അവയുടെ എക്‌സ് ക്രോമസൊമിലെ ഒരു ജീനില്‍ സംഭവിച്ച മാറ്റമാണ്, ഇരു വിഭാഗം ചീവീടുകളെയും 'നിശബ്ദരാക്കിയ'ത്!
(ചിത്രം കടപ്പാട് : David G Forbes / BBC ). ഇതെപ്പറ്റി ബിബിസി ന്യൂസിന്റെ റിപ്പോര്‍ട്ട് കാണുക :  http://goo.gl/aR2XOK

4 comments:

Joseph Antony said...

ഹാവായിയിലെ രണ്ട് ദ്വീപുകളില്‍ ചീവീടുകള്‍ ചിലപ്പ് നിര്‍ത്തി നിശബ്ദരായിരിക്കുന്നു. ഒരിനം കൊലയാളി ഈച്ചയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണത്രേ ചീവീടുകള്‍ ശബ്ദം ഉപേക്ഷിച്ചത്. അതിജീവനത്തിന് ചേര്‍ന്ന വിധത്തില്‍ പരിണാമം സംഭവിക്കുന്നതിന് മികച്ച ഉദാഹരണമാണിതെന്ന് 'ജേര്‍ണല്‍ ഓഫ് കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ajith said...

ശബ്ദമെങ്കില്‍ ശബ്ദം. പോട്ടെ പുല്ല്, ജീവിച്ചാല്‍ മതിയെന്ന് പാവം ചീവീടുകള്‍!

സുധി അറയ്ക്കൽ said...

ചീവീട്‌ കരയുന്നില്ലെങ്കിൽ പിന്നെ അതിജീവിച്ചിട്ടെന്നാ കാര്യം?

Unknown said...

Tanks