Friday, May 02, 2014

മാര്‍കേസ് - പ്രണയം, മരണം, മാന്ത്രികത

 
കോഴിക്കോട്ടുള്ള ഒരു മാര്‍കേസ് വായനക്കാരനെക്കുറിച്ച് എന്റെയൊരു സുഹൃത്താണ് പറഞ്ഞത്. മലബാര്‍ പാലസില്‍ ഇടയ്ക്ക് സ്മാളടിക്കാന്‍ പോകാറുള്ളയാളാണ്  സുഹൃത്ത്. ബാറിലെത്തി ഒരു പെഗ്ഗ് സിഗ്നേച്ചറില്‍ വെള്ളമോ സോഡയോ ചേര്‍ക്കാതെ ഐസിട്ട് അലിഞ്ഞുവരുംവരെ കാക്കുന്നതിനിടെ ഒരിക്കല്‍ സഹൃദയനായ ബാര്‍ ജീവനക്കാരനെ പരിചയപ്പെട്ടു. അത്യാവശ്യം വായനയുടെ അസുഖമുള്ള അയാളോട് മാര്‍കേസ് ആരാധകനായ സുഹൃത്ത് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളെ'ക്കുറിച്ച് സംസാരിച്ചു. അടുത്ത തവണ സുഹൃത്ത് ബാറിലെത്തുമ്പോഴേക്കും, ആ ഗ്രന്ഥത്തിന്റെ മലയാളം പതിപ്പ് ബാര്‍ജീവനക്കാരന്‍ വാങ്ങിക്കഴിഞ്ഞിരുന്നു.

അക്കാര്യമറിഞ്ഞപ്പോള്‍, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് കേമം. മാര്‍കേസ് തന്നെ പറഞ്ഞിട്ടുള്ളത്, ഗ്രിഗറി റബാസ്സയുടെ വിവര്‍ത്തനം തന്റെ സ്പാനിഷ് മൂലകൃതിയെ കടത്തിവെട്ടുമെന്നാണ്'' - സുഹൃത്ത് പറഞ്ഞു.

അക്കാര്യം പറഞ്ഞ നിമിഷം, അടുത്തൊരു സീറ്റില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം വന്നു : 'അത് ശരിയല്ല, സ്പാനിഷ് തന്നെയാണ് നല്ലത്''

അമ്പരപ്പോടെ സുഹൃത്ത് ആ പ്രതികരണത്തിന്റെ ഉടമയോട് തിരക്കി : 'സാര്‍, മാര്‍കേസിനെ സ്പാനിഷില്‍ വായിച്ചിട്ടുണ്ടോ'.

ഗ്ലാസില്‍നിന്ന് ഒരു സിപ്പ് കൂടി എടുത്തിട്ട്, ക്ഷണിക്കാതെ സംഭാഷണത്തിനെത്തിയ അദ്ദേഹം അറിയിച്ചു : 'ഞാന്‍ സ്പാനിഷ് പഠിച്ചത് മാര്‍കേസിനെ വായിക്കാനാണ്'.

കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ മനസിലായി, മധ്യവയസ്‌ക്കനായ ആ മനുഷ്യന്‍ മാര്‍കേസ് ആരാധകന്‍ മാത്രമല്ല, ഒരു എന്‍ജിനിയറിങ് പ്രൊഫസറാണ്; കര്‍ണാടക സംഗീതത്തില്‍ സാമന്യം ധാരണയുള്ള സഹൃദയനാണ്, അങ്ങനെ പലതുമാണ്!

-------

ആ മാര്‍കേസ് വായനക്കാരനെക്കുറിച്ച് കേട്ടപ്പോഴാണ്, കെണിയിലകപ്പെടുന്നതുപോലെ ഈയുള്ളവന്‍ എങ്ങനെ മാര്‍കേസിന്റെ പിടിയില്‍പെട്ടുവെന്ന് ആലോചിച്ചത്.

ഇപ്പോഴുമോര്‍ക്കുന്നു. 26 വര്‍ഷംമുമ്പായിരുന്നു അത്. തിരുവനന്തപുരം ജില്ലയില്‍ പൂഴനാട് എന്ന സ്ഥലത്തെ ഒരു പാരലല്‍ കോളേജ് മുറിയില്‍വെച്ച്, ഉച്ചച്ചൂടിന്റെ വറുതി വകവെയ്ക്കാതെ നടന്ന സംഭാഷണത്തില്‍ നിന്നായിരുന്നു തുടക്കം. വായിച്ചുകൊണ്ടിരിക്കുന്ന ഗ്രന്ഥം തന്റെ അന്ത്യവിധിയാണെന്നും, അത് വായിച്ചുതീരുന്നതോടെ താനിരിക്കുന്ന സ്ഥലവും ആ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന നഗരവും നിലംപൊത്തുമെന്നും, ആ മുറിവിട്ട് താന്‍ പുറത്തുപോകില്ലെന്നുമുള്ള ഭ്രമാത്മകമായ തിരിച്ചറിവോടെ തിടുക്കത്തില്‍ വായിച്ചുതീര്‍ക്കേണ്ടിവരുന്ന 'ഹതഭാഗ്യരാ'ണ് മാര്‍കേസിന്റെ വായനക്കാരെന്ന്, എന്നോട് അവിടെവെച്ചാണ് അനില്‍കുമാര്‍ എന്ന ചങ്ങാതി പറയുന്നത്.

എന്നോടത് പറയുമ്പോഴും, തലേന്ന് വായിച്ചുതീര്‍ത്ത 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ചുഴലിക്കാറ്റിലകപ്പെടുത്തിയ അയാളുടെ ഹൃദയത്തിന് ശാന്തത തിരിച്ചുകിട്ടിയിരുന്നില്ല. 'വീട് മുഴുവന്‍ ഒരു പെരുങ്കാറ്റിലകപ്പെട്ടതുപോലെ തോന്നി. അവസാന പേജുകളെത്തിയപ്പോള്‍ എന്റെ തന്നെ വിധിയാണതെന്ന് അനുഭവപ്പെട്ടു'-അയാള്‍ ഭീതിയോടെ സാക്ഷ്യപ്പെടുത്തി.

പ്രൊഫ.എം.കൃഷ്ണന്‍ നായരുടെ 'സാഹിത്യവാരഫല'ത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന മാര്‍കേസും, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും', അതിലെ മഞ്ഞപ്പൂക്കളുടെ മഴയും, ബെഡ്ഷീറ്റില്‍ കയറിയുള്ള റമഡിയോസ് സുന്ദരിയുടെ സ്വര്‍ഗാരോഹണവും, മഞ്ഞ ശലഭങ്ങള്‍ അകമ്പടി സേവിക്കുന്ന ഇലക്ട്രീഷ്യനും, മെല്‍ക്വിഡിയാസിന്റെ സംസകൃതത്തിലുള്ള കൈയഴുത്ത് രേഖയും അങ്ങനെയാണ് എന്നെയും പിടികൂടുന്നത്. പിന്നീട് ആഹ്ലാദത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു: എന്റെ പ്രായമാണ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കെന്ന്. ആ നോവല്‍ മാര്‍കേസ് പൂര്‍ത്തിയാക്കിയ 1966 ല്‍ തന്നെയാണ് ഞാനും പിറന്നത്.

യഥാര്‍ഥത്തില്‍ എന്ത് ആഭിചാരക്രിയകൊണ്ടാണ് മാര്‍കേസ് തന്റെ വായനക്കാരെ ഒരിക്കലും വിടാതെ പിന്തുടരുന്നത് എന്നകാര്യം 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പുറത്തുവന്ന 1967 മെയ് 30 മുതല്‍ നിരൂപകരും പുസ്തകപ്രേമികളും ഒരേപോലെ അന്വേഷിക്കുന്ന സംഗതിയാണ്. കൃത്യമായി അതിനൊരു ഉത്തരം ആര്‍ക്കും കണ്ടെത്താനായിട്ടില്ല. ഒരുകാര്യം വ്യക്തമാണ്. അദ്ദേഹം പ്രണയത്തെയും മരണത്തെയും ഏകാന്തതയെയും അധികാരത്തെയും വാര്‍ധക്യത്തെയും സ്മൃതിനാശത്തെയുമൊക്കെ കുറിച്ച് അതീവ ഹൃദ്യവും രസകരവുമായി എഴുതി. മറ്റാര്‍ക്കും കഴിയാത്ത ഒരു സവിശേഷ ഭാവുകത്വം അദ്ദേഹം വായനക്കാരന് സമ്മാനിച്ചു. മാര്‍കേസ് എഴുതിയതിലും ഭംഗിയായി എങ്ങനെ എഴുതുമെന്നത്, ഭാവി എഴുത്തുകാര്‍ക്കെല്ലാം വെല്ലുവിളിയായി.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' വായനക്കാരിലുളവാക്കിയ അമ്പരപ്പും അതിശയവും മാര്‍കേസിന്റെ കാര്യത്തില്‍ ഒരിക്കലും അവസാനിച്ചില്ല എന്നിടത്താണ് ആ മാന്ത്രികന്റെ വിജയം. അദ്ദേഹത്തിന്റെ ഓരോ ഗ്രന്ഥവും പുറത്തുവരുന്നത് ലോകമെങ്ങും ആരാധകര്‍ ആകാംക്ഷയോടെ കാത്തു. പുസ്തകത്തിന്റെ കെട്ടുകള്‍ കയറ്റിയ ലോറികള്‍ കൊളംബിയയുടെ പര്‍വ്വതമേഖലകളില്‍ കൊള്ളയടിക്കപ്പെട്ടു. പുതിയ പുസ്തകം എത്തുന്നതും കാത്ത് അമേരിക്കയിലും യൂറോപ്പിലും കടകള്‍ക്ക് മുമ്പില്‍ വായനക്കാര്‍ തലേന്നെത്തി ക്യൂ നിന്നു. മറ്റൊരു മാന്ത്രികനായ സ്റ്റീവ് ജോബ്‌സിന്റെ കാര്‍മികതത്വത്തില്‍ രൂപപ്പെടുത്തിയ ആപ്പിളിന്റെ ഐഫോണുകള്‍ സ്‌റ്റോറിലെത്തുന്നതും കാത്തായിരിക്കണം ആരാധകര്‍ പില്‍ക്കാലത്ത് ഇതുപോലെ സ്‌റ്റോറുകള്‍ക്ക് മുമ്പില്‍ ക്യൂ നിന്നിട്ടുള്ളത്.

സാധാരണഗതിയില്‍ ഒരു നോവലിസ്റ്റിന്റെ അക്കൗണ്ടില്‍ ഒരു മാസ്റ്റര്‍പീസ് മാത്രമേ കാണാറുള്ളൂ. എന്നാല്‍, മാര്‍കേസിന്റെ അക്കൗണ്ടില്‍ ഒന്നിലേറെ മാസ്റ്റര്‍പീസുകളുണ്ട്. 1982 ല്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 'കോളറാക്കാലത്തെ പ്രണയം' അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്. 1990 കളില്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ പുതിയ പതിപ്പിന്റെ കവര്‍പേജില്‍, 'കോളറാക്കാലത്തെ പ്രണയ'ത്തിന്റെ കര്‍ത്താവ് എന്ന് ഗ്രന്ഥകാരനെ പരിചയപ്പെടുത്തിയത് കണ്ട മാര്‍കേസ് പറഞ്ഞു: 'ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷം'.

സര്‍ഗാത്മകത മാത്രമല്ല, കഠിനാധ്വാനവും പൂര്‍ണമായ സര്‍മപ്പണവും കൂടിയാണ് മാര്‍കേസിന്റെ വിജയം നിശ്ചയിച്ചത്. ഓരോ ഗ്രന്ഥത്തിന്റെയും പ്രമേയത്തിന് മുകളില്‍ അദ്ദേഹം പതിറ്റാണ്ടുകളോളം അടയിരുന്നു. എഴുതാനുള്ള സമയമായി എന്ന് തോന്നിയപ്പോള്‍ മാത്രം എഴുതി. വെറുതെ എഴുതുകയായിരുന്നില്ല, കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ, അതീവഹൃദ്യമായി എഴുതി. എഴുതിയത് തൃപ്തമായി എന്ന് ബോധ്യമായപ്പോള്‍ മാത്രം പ്രസിദ്ധീകരിച്ചു. ഹെമിംങ്‌വേ ആകണം ഇക്കാര്യത്തില്‍ മാര്‍കേസിന്റെ ഗുരു.

മാര്‍കേസിന് ലോകമെങ്ങും ആരാധകരെ നേടിക്കൊടുത്ത 'ഏകാന്തതയുടെ നൂറുവര്‍ഷ'ങ്ങളുടെ കാര്യമെടുക്കാം. 'Many years later, as he faced the firing squad, Colonel Aureliano Buendia was to remember that distant afternoon when his father took him to discover ice' എന്ന സ്ഥലകാലഭ്രമം സൃഷ്ടിക്കുന്ന തുടക്കവാചകം മാര്‍കേസിന്റെ തലയിലേക്ക് ഡൗണ്‍ലോഡ് ചെയ്‌തെത്തിയത് 1965 മധ്യത്തില്‍ അകാപുല്‍കോ എന്ന മെക്‌സിക്കന്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ്. 'ദി ഹൗസ്' എന്ന പേരില്‍ ചെറുപ്പത്തില്‍ ആരംഭിച്ച ഒരു രചനാപദ്ധതിയാണ്, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു തുടക്കത്തോടെ തലയിലേക്കെത്തിയത്. 18 വര്‍ഷമായി ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കായുള്ള യാതനകളിലായിരുന്നു ആ എഴുത്തുകാരന്‍ എന്നര്‍ഥം. ആദ്യവാചകം തലയിലേക്കെത്തിയ ശേഷം തിരിച്ച് മെക്‌സിക്കോ സിറ്റിയിലെ വാടകവീട്ടിലെത്തിയ താന്‍ 18 മാസം പുറത്തിറങ്ങാതെയിരുന്ന് 'നൂറുവര്‍ഷങ്ങള്‍' പൂര്‍ത്തിയാക്കിയെന്നാണ് മാര്‍കേസ് പില്‍ക്കാലത്ത് പറഞ്ഞിട്ടുള്ളത്. എന്നാല്‍, 1965 ജൂലായില്‍ ആരംഭിച്ച നോവല്‍ രചന, 1966 ജൂലായിലോ ആഗസ്ത് ആദ്യമോ പൂര്‍ത്തിയായിയെന്ന് മാര്‍കേസിന്റെ ജീവചരിത്രകാരനായ ജെറാള്‍ഡ് മാര്‍ട്ടിന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏതായാലും ആ കാലത്ത് മാര്‍കേസ് കുടുംബം കടുത്ത വറുതിയിലായിരുന്നു. ബുവേണ്ടിയ കുടുംബത്തിന്റെ നാലുതലമുറകളുടെ അത്ഭുതകഥയിലൂടെ മക്കാണ്ടോയുടെ മാന്ത്രികചരിത്രം രേഖപ്പെടുത്താന്‍ ഗൃഹനാഥന്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുമ്പോള്‍, വീട്ടുച്ചെലവിന് പണംകണ്ടെത്താന്‍ പെടാപ്പാട് പെടുകയായിരുന്നു വീട്ടമ്മയായ മേഴ്‌സിഡസ്. നിത്യവൃത്തിക്കായി കാറടക്കം ഓരോന്നായി വില്‍ക്കേണ്ടി വന്നു. ഇറച്ചിക്കടക്കാരനോടും വാടകയുടെ കാര്യത്തില്‍ വീട്ടുടമയോടും തുടര്‍ച്ചയായി എക്‌സ്‌ക്യൂസ് പറയേണ്ടിവന്നു. 'ഗ്രന്ഥരചനയെന്നത് ആത്മഹത്യാപരമായ തൊഴിലാണെ'ന്ന്, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' പൂര്‍ത്തിയാക്കിയ ശേഷം ആദ്യമെഴുതിയ ലേഖനത്തില്‍ മാര്‍കേസ് പ്രഖ്യാപിച്ചു. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ക്കാ'യി 1300 പേജ് താനെഴുതിയെന്നും, അതില്‍ 490 പേജ് നിലനിര്‍ത്തിയെന്നും, ആ 'ആത്മഹത്യാശ്രമ'ത്തിനിടെ 30,000 സിഗരറ്റുകള്‍ വലിച്ചുതീര്‍ത്തെന്നും, 120,000 പെസോയുടെ ബാധ്യത വരുത്തിയെന്നും ഗ്രന്ഥകര്‍ത്താവ് പില്‍ക്കാലത്ത് വെളിപ്പെടുത്തി.

ബ്യൂണസ് അയേഴ്‌സിലെ Sudamericana യായിരുന്നു 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളു'ടെ പ്രസാധകര്‍. 1966 ആഗസ്തില്‍ മേഴ്‌സിഡസിനെയും കൂട്ടി മാര്‍കേസ് പോസ്‌റ്റോഫിസിലെത്തി. 'ഒരു ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രണ്ട് ആത്മാക്കളെപ്പോലെ ഇരുവരും കാണപ്പെട്ടു' (ജെറാള്‍ഡ് മാര്‍ട്ടിന്‍). ടൈപ്പ് ചെയ്ത 490 പേജാണ് നോവലിന്റെ മനുസ്‌ക്രിപ്റ്റിലുണ്ടായിരുന്നത്. ബ്യൂണസ് അയേഴ്‌സിലേക്ക് അതയയ്ക്കാന്‍ 82 പെസോ വേണമെന്ന് പോസ്‌റ്റോഫീസില്‍ നിന്നറിയിച്ചു. മെഴ്‌സിഡസിന്റെ പേഴ്‌സില്‍ അവശേഷിച്ചിരുന്നത് 50 പെസോ മാത്രം. മാര്‍കേസ് ആ കൈയെഴുത്തുപ്രതിയുടെ അവസാനത്തെ പകുതി ചീന്തിയെടുത്തു. കൈയിലുള്ള കാശിന് ആദ്യപകുതി പോസ്റ്റ് ചെയ്തു. ഇതുവരും തിരിച്ച് വീട്ടിലെത്തി ഹെയര്‍ഡ്രൈയര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വിറ്റ് ബാക്കി നോവല്‍ഭാഗം പ്രസാധകന് അയച്ചു!

പ്രസാധകരുടെ പക്കല്‍ നോവലിന്റെ കൈയെഴുത്തുപ്രതിയെത്തി എന്ന് ഉറപ്പാക്കിയപ്പോള്‍ മാര്‍കേസും മേഴ്‌സിഡസും ആദ്യം ചെയ്ത പണി, 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്കായി തയ്യാറാക്കിയ കുറിപ്പുകളും ചാര്‍ട്ടുകളും റഫറന്‍സ് നോട്ടുകളുമടങ്ങുന്ന 40 കോളേജ് നോട്ട്ബുക്കുകള്‍ മുറ്റത്തിട്ട് കത്തിച്ച്, ആ ഗ്രന്ഥത്തിന്റെ രചനാവഴികളുടെ സര്‍വ്വതെളിവും നശിപ്പിക്കുകയെന്ന കര്‍മമാണ്. കുറ്റകൃത്യം ചെയ്തിട്ട് അതിന്റെ തെളിവുകള്‍ ഇല്ലാതാക്കുന്നതുപോലൊരു സംഗതിയായിരുന്നു അത്. അതിന്റെ കാരണം മാര്‍കേസ് തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്- 'എന്റെ അണ്ടര്‍വെയറിനുള്ളില്‍ മറ്റുള്ളവര്‍ പരതുന്നത് ഇഷ്ടമുള്ള കാര്യമല്ല'.

ഒട്ടും അനായാസമായിരുന്നില്ല ആ നോവലിന്റെ രചനയെന്ന്, കത്തിച്ചുകളഞ്ഞ 40 കോളേജ് നോട്ട്ബുക്കുകള്‍ വ്യക്തമാക്കുന്നു. അത്രമാത്രം ഗൃഹപാഠം അതിന് വേണ്ടിവന്നിട്ടുണ്ട്. മാര്‍കേസിന്റെ വിജയത്തിന്റെ രഹസ്യത്തിലേക്കുള്ള താക്കോല്‍ തന്നെയാണ് ഈ സമര്‍പ്പണം.

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതാന്‍ നടത്തിയ സമര്‍പ്പണത്തിന്റെ ഫലം എന്തായിരുന്നുവെന്ന് ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ട് മൂന്നാഴ്ചയാകുമ്പോള്‍, 1967 ജൂണ്‍ 19 ന് ബ്യൂണസ് അയേഴ്‌സില്‍ എത്തിയ മാര്‍കേസും മേഴ്‌സിഡസും അനുഭവിച്ചറിഞ്ഞു. അര്‍ജന്റീനന്‍ സാംസ്‌കാരിക ജീവിതത്തിന്റെ ചാലകകേന്ദ്രമെന്ന് കരുതാവുന്ന Instituto Di Tella യിലെ തിയേറ്ററില്‍ ഇരുവരും വൈകുന്നേരം എത്തുമ്പോള്‍, താന്‍ മുന്‍കൂട്ടിയെഴുതിയ ഒരു കഥയില കഥാപാത്രമായി മാര്‍കേസ് സ്വയം മാറിയിരുന്നു. അന്നവിടെ ഉണ്ടായിരുന്ന ടോമസ് ഇലോയി മാര്‍ട്ടിനെസ് അത് വിവരിച്ചത് ജെറാള്‍ഡ് മാര്‍ട്ടിന്‍ ഉദ്ധരിച്ചിട്ടുണ്ട്. ഓഡിറ്റോറിയം മുഴുവന്‍ നിഴലിലായിരുന്നു. മാര്‍കേസും മെഴ്‌സിഡസും സ്‌റ്റേജിന് നേരെ നീങ്ങുമ്പോള്‍, എന്തോ കാരണത്താല്‍ സ്‌പോട്ട്‌ലൈറ്റ് അവര്‍ക്ക് പിന്നാലെ ചലിച്ചു. ഇരുവരും തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരിക്കാന്‍ തുടങ്ങുമ്പോള്‍, ആരോ ഉച്ചത്തില്‍ വിളിച്ചുകൂവി - 'ബ്രേവോ'. തുടര്‍ന്ന് ഉച്ചത്തിലുള്ള കൈയടി. ഒരു സ്ത്രീശബ്ദം വിളിച്ചുപറഞ്ഞു : 'നിങ്ങളുടെ നോവലിന് വേണ്ടി'. തീയേറ്ററിലെ മുഴുവന്‍ പേരും ആദരപൂര്‍വ്വം എണീറ്റുനിന്നു. 'ആ നിമിഷത്തില്‍ റമഡിയോസ് സുന്ദരിയെപ്പോലെ, ബെഡ്ഷീറ്റില്‍ ആകാശത്തുനിന്ന് പ്രശസ്തി താഴേക്കിറങ്ങി ഗബ്രിയേല്‍ മാര്‍കേസിനെ വിലയം ചെയ്യുന്നത് കാണാമായിരുന്നു' - മാര്‍ട്ടിനെസ് രേഖപ്പെടുത്തി. 40 വര്‍ഷം ഇല്ലായ്മയിലും അലച്ചിലിലും കഴിയാന്‍ വിധിക്കപ്പെട്ട ആ ദമ്പതിമാരുടെ ജീവിതം, അവര്‍ അപ്പോള്‍ മനസിലാക്കിയതിലും എത്രയോ അധികം മാറിക്കഴിഞ്ഞിരുന്നു ആ നോവല്‍ പ്രസിദ്ധീകരിച്ച് വെറും മൂന്നാഴ്ച ആകുമ്പോഴേക്കും!

എല്ലാ വിശദാംശങ്ങളും അതിന്റെ പൂര്‍ണതയില്‍, അധികമാര്‍ക്കും സാധിക്കാത്ത വിധത്തില്‍ സമ്മേളിപ്പിക്കാനുള്ള ശ്രമമാണ് മാര്‍കേസിന്റെ രചനയിലാകെ കാണാന്‍ കഴിയുക. വിശദാംശങ്ങള്‍ക്ക് വേണ്ടിയുള്ള ഈ വ്യഗ്രത മാര്‍കേസിന് സമ്മാനിച്ചത് അദ്ദേഹത്തിനുള്ളിലെ പത്രപ്രവര്‍ത്തകനാകണം. സാധാരണഗതിയില്‍ ഒരാള്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുന്നതോടെ, സര്‍ഗ്ഗരചനയ്ക്കുള്ള വഴികള്‍ അടയുന്നതായാണ് കാണാറ്. മാര്‍കേസിന്റെ കാര്യത്തില്‍ അദ്ദേഹം അവസാനം വരെയും പത്രപ്രവര്‍ത്തകനായിരുന്നു. മയക്കുമരുന്ന് മാഫിയ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയവരുടെ സാക്ഷ്യപത്രം 'News of a Kidnapping' എന്ന പേരില്‍ പുസ്തകമാക്കുമ്പോള്‍ മാര്‍ക്വേസിന്റെ പ്രായം 68 വയസ്സ്. റിപ്പോര്‍ട്ടിങിന്റെ എക്കാലത്തേക്കുമുള്ള സാക്ഷ്യപത്രമായാണ് ആ ഗ്രന്ഥം 1996 ല്‍ പുറത്തുവന്നതും വായനക്കാരെ വിസ്മയിപ്പിച്ചതും.

സാഹിത്യരചനയില്‍ പത്രപ്രവര്‍ത്തനത്തെ മാര്‍ക്വേസ് രണ്ട് തരത്തില്‍ പ്രയോജനപ്പെടുത്തി. മുകളില്‍ സൂചിപ്പിച്ച തരത്തില്‍ സൂക്ഷ്മവിശദാംശങ്ങള്‍ തേടാനും, വായനക്കാരനെ ആകര്‍ഷിക്കുന്ന സംഗതികള്‍ ഹൈലൈറ്റ് ചെയ്യാനും അത് അവസരം സൃഷ്ടിച്ചതാണ് ഒന്നാമത്തെ സംഗതി. 'ഗേറ്റ് കീപ്പിങ്' എന്ന് പത്രപ്രവര്‍ത്തനത്തില്‍ പറയാറുള്ള, ഏറെ വിവരങ്ങളില്‍നിന്ന് വായനക്കാരന്‍ അറിയേണ്ടതെന്താണെന്ന് നിശ്ചയിക്കുന്ന, ആ പ്രക്രിയ മാര്‍കേസിന്റെ രചനാതന്ത്രത്തിലുടനീളം കാണാനാകും. കുറഞ്ഞ സ്ഥലത്ത് പരമാവധി വിവരങ്ങള്‍ ആകര്‍ഷകമായി ഒരുക്കിവെയ്ക്കുകയെന്നതാണല്ലോ ജേര്‍ണലിസത്തിന്റെ ഒരു വിദ്യ. അത് മാര്‍ക്വേസിന്റെ രചനയിലുടനീളം കാണാം. ഒരുപക്ഷേ, മറ്റൊരു സാഹിത്യകാരനും കിട്ടാത്തത്ര സ്വീകാര്യതയും പ്രശസ്തിയും അദ്ദേഹത്തിന് നേടിക്കൊടുക്കുന്നതില്‍ ഈ സംഗതി ഏറെ നിര്‍ണായകമായി. മാര്‍കേസിന് ഇക്കാര്യം നല്ല ബോധ്യമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. സര്‍ഗശേഷിയുടെയും സാഹിത്യമൂല്യത്തിന്റെയും കാര്യത്തില്‍ ഏറെ ഉയരെയാണെങ്കിലും എന്തുകൊണ്ട് മിലാന്‍ കുന്ദേര മാര്‍കേസിനോളം പ്രശസ്തനാകുന്നില്ല എന്ന് ഒരിക്കല്‍ വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോള്‍ മാര്‍കേസ് നല്‍കിയ ഉത്തരം ശ്രദ്ധേയമാണ്: 'ദൈര്‍ഭാഗ്യവശാല്‍ അദ്ദേഹമൊരു പത്രപ്രവര്‍ത്തകനല്ല!'

കൊളംബിയന്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം ചില സംഭവങ്ങളാണ് പില്‍ക്കാലത്ത് തന്റെ നോവലുകളുടെ പ്രമേയമായി മാര്‍കേസ് രൂപപ്പെടുത്തിയത് എന്നതാണ് രണ്ടാമത്തെ സംഗതി. 'Chronicle of a Death Foretold' (1981), 'Of Love and Other Demons' (1994) എന്നിവ ഉദാഹരണം.

കൊളംബിയന്‍ പട്ടണമായ ബാരന്‍ക്വിയയിലെ 'എല്‍ ഹിരാള്‍ഡോ' പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് 1951 ജനവരിയിലാണ്, കായെറ്റാനോ ജെന്റില്‍ എന്ന തങ്ങളുടെ നാട്ടുകാരനായ സുഹൃത്തിനെ അവന്റെ കാമുകിയുടെ സഹോദരങ്ങള്‍ കുത്തിക്കൊന്ന വിവരം മാര്‍കേസ് അറിയുന്നത്. തന്റെ ഭാവി വധു മെഴ്‌സിഡെസ് ആണ് അക്കാര്യം കുറിപ്പുവഴി മാര്‍കേസിനെ അറിയിച്ചത്. അക്കാലത്ത് സുക്രെ എന്ന ചെറുപട്ടണത്തിലാണ് മാര്‍കേസിന്റെ കുടുംബം താമസിച്ചിരുന്നത്. സമ്പന്നനും സുഭഗനും സ്ത്രീലമ്പടനുമായ കായെറ്റാനോ ഒരു ദിവസം സുന്ദരിയായ അധ്യാപികയെ മുന്നിലിരുത്തി പട്ടണഹൃദയത്തിലൂടെ കുതിരപ്പുറത്ത് പോകുന്നത് കണ്ട മാര്‍കേസും കൂട്ടരും അപകടം മണത്തിരുന്നു. കാരണം, മറ്റൊരു സാമൂഹിക ശ്രേണിയില്‍പെട്ട കുടുംബമായിരുന്നു ആ അധ്യാപകയുടേത്.

കായെറ്റാനോയെ അവര്‍ കൊല്ലാന്‍ കത്തിയുമായി എത്തിയ ദിവസം, അക്കാര്യമറിഞ്ഞ് പരിഭ്രമിച്ച അവന്റെ അമ്മ ഡോണ ജൂലീറ്റ ചിമെന്റോ, മകന്‍ വീട്ടിനുള്ളില്‍ സുരക്ഷിതമായി എത്തിയെന്നു കരുതി തിടുക്കപ്പെട്ടെത്തി ഗേറ്റ് പൂട്ടുകയും, കായെറ്റാനോയ്ക്ക് അകത്ത് കടക്കാനാകാതെ വരികയും, കത്തിക്കിരയാവുകയും ചെയ്തു. ഈ സംഭവം മാര്‍കേസിലെ എഴുത്തുകാരനെ അസാധാരണമായി സ്പര്‍ശിച്ചു. അത് തന്റെ പത്രത്തിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം ഒരുങ്ങി. പക്ഷേ, അമ്മ ലൂയിസ സാന്റിയാഗ അതിന് മകനെ അനുവദിച്ചില്ല. മാര്‍കേസിന്റെ എട്ടാമത്തെ സഹോദരന്‍ ഹെര്‍നാന്‍ഡോയുടെ തലതൊട്ടമ്മ (ഗോഡ്മദര്‍) ആയിരുന്നു ഡോണ ജൂലീറ്റ. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ കായെറ്റാനോയെക്കുറിച്ച് എഴുതുന്നത്, ആ അമ്മയ്ക്ക് മനോവേദനയുണ്ടാക്കുമെന്നാണ് ലൂയിസ വാദിച്ചത്. ആ വാദം അവഗണിച്ച് എഴുതുന്നത്, അമ്മയെ അവമതിക്കുന്നതാകുമെന്ന് മാര്‍കേസ് മനസിലാക്കി. എഴുതാനുള്ള അഭിവാഞ്ച മനസിലൊതുക്കി. എങ്കിലും, 'ആ കഥയെഴുതാനുള്ള പ്രേരണയാല്‍ വേട്ടയാടപ്പെടാത്ത ഒരു ദിവസം പോലും പിന്നീട് ജീവിതത്തിലുണ്ടായിട്ടില്ല'-ആത്മകഥയായ 'Living to Tell the Tale' ല്‍ അദ്ദേഹം കുമ്പസാരിച്ചു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം, അപ്പോള്‍ സ്‌പെയിനിലെ ബാഴ്‌സലോണയിലുള്ള മകനെ ലൂയിസ ഫോണ്‍ ചെയ്തു. ഡോണ ജൂലീറ്റ അന്തരിച്ച സങ്കടവാര്‍ത്ത അറിയിച്ചതിനൊപ്പം അവര്‍ മാര്‍കേസിനോട് ഇങ്ങനെ പറഞ്ഞു: 'എന്റെ സ്വന്തം മകനെപ്പോലെ കായെറ്റാനോയെ പരിഗണിക്കുക!'

രണ്ടുവര്‍ഷം കഴിഞ്ഞ് പ്രസിദ്ധീകരിച്ച 'Chronicle of a Death Foretold' വായിക്കുന്ന ആര്‍ക്കും, അതില്‍ സാന്റിയാഗോ നാസര്‍ ആയി മാറിയിരിക്കുന്ന കായെറ്റാനോയെ എത്ര ആദരവോടെയാണ് മാര്‍കേസ് കൈകാര്യം ചെയ്തിരിക്കുന്നുവെന്നും, അമ്മയുടെ വാക്കിനെ അദ്ദേഹം എങ്ങനെ ശിരസ്സാവഹിച്ചുവെന്നും മനസിലാക്കാവുന്നതേയുള്ളൂ. നിലവിലുള്ള എല്ലാ കഥപറച്ചില്‍ രീതികളെയും അപ്രസക്തമാക്കുന്ന തരത്തിലായിരുന്ന ആ നോവലിന്റെ ക്രാഫ്റ്റ്. ഇതിലും നാടകീയമായി ഒരു കഥ പറയാനാകില്ലെന്ന അത്ഭുതമാണ് വായനക്കാരില്‍ മാന്ത്രികാനുഭവമായി മാറിയത്. സാന്റിയാഗോ നാസറിനെ അവര്‍ കൊല്ലാന്‍ പോകുന്ന കാര്യം ആദ്യവാചകത്തില്‍ തന്നെ എഴുത്തുകാരന്‍ പ്രഖ്യാപിക്കുന്നു. മുഴുവന്‍ പട്ടണത്തിനും, എന്തിന് അവന്റെ അമ്മയ്ക്ക് പോലുമറിയാം അക്കാര്യം. പക്ഷേ, സാന്റിയാഗോ നാസര്‍ മാത്രം അതറിഞ്ഞില്ല! സ്വന്തം കുടല്‍മാലയും കൈയിലെടുത്തുകൊണ്ട്, വീടിന് ചുറ്റും നടന്ന അവന്റെ ദയനീയത വായനക്കാരെ എക്കാലത്തേക്കും വേട്ടയാടാന്‍ പോവുകയായിരുന്നു!

ഒറ്റയടിക്ക് ഇത്രയേറെ വിറ്റുപോയ മറ്റൊരു നോവല്‍ ഒരുപക്ഷേ, ലോകസാഹിത്യത്തില്‍ തന്നെ വേറെയുണ്ടാകില്ല. സ്ഥിതിവിവരക്കണക്കുകള്‍ നോക്കുക: സ്‌പെയിന്‍, കൊളംബിയ, അര്‍ജന്റീന, മെക്‌സിക്കോ എന്നീ നാല് രാജ്യങ്ങളില്‍ 'Chronicle of a Death Foretold' ഒരേസമയം പ്രസിദ്ധീകരിച്ചു. 1981 ജനവരി 23 നായിരുന്നു അത്. ലാറ്റിനമേരിക്കന്‍ സാഹിത്യചരിത്രത്തില്‍ ആദ്യപതിപ്പില്‍ ഏറ്റവുമധികം കോപ്പികള്‍ അച്ചടിച്ച ഗ്രന്ഥമാണത്. നാല് രാജ്യങ്ങളിലും കൂടി 20 ലക്ഷം കോപ്പി! പുസ്തകത്തിന്റെ അത്രയും കോപ്പികള്‍ അച്ചടിക്കാന്‍ വേണ്ടിയിരുന്നത് 200 ടണ്‍ പേപ്പറും 1600 കിലോ മഷിയുമാണ്. 45 ബോയിങ് 7278 വിമാനങ്ങള്‍ വേണ്ടിയിരുന്നു അത് വഹിച്ചുകൊണ്ടുപോകാന്‍!

1947 ല്‍ ബാരന്‍ക്വിയയില്‍വെച്ച് പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് മാര്‍കേസ് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ്,  47 വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന 'Of Love and Other Demons' എന്ന നോവലിന് ആധാരമായത്. ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കാനായി, പില്‍ക്കാലത്ത് ആസ്പത്രിയായി പരിണമിച്ച സാന്റാ ക്ലാര കോണ്‍വെന്റും ബിഷപ്പുമാരുള്‍പ്പടെയുള്ളവരെ അടക്കിയിട്ടുള്ള പള്ളിയും പൊളിച്ചുനീക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു മാര്‍കേസ്. അവിടെ ഒരു കല്ലറയില്‍ 200 വര്‍ഷംമുമ്പ് അടക്കം ചെയ്തതെന്ന് കരുതുന്ന ഒരു 12 കാരിയുടെ, ചെമ്പിന്റെ നിറവും 22 മീറ്റര്‍ 11 സെന്റീമീറ്റര്‍ നീളവുമുള്ള അഴകാര്‍ന്ന കൂന്തലും, അത് വളര്‍ന്നുകൊണ്ടിരുന്ന തലയോട്ടിയുടെ ഭാഗവും മാര്‍കേസ് കണ്ടു. പേപ്പട്ടി കടിച്ച് രോഗബാധിതയാവുകയും പിശാചുബാധയെന്ന് കരുതി ഒരു കോണ്‍വെന്റിന്റെ തടവറയിലകപ്പെടുകയും ചെയ്യുന്ന 12 കാരിയും, അവളുടെ ബാധയൊഴിപ്പിക്കാനെത്തുന്ന ചെറുപ്പക്കാരനായ വൈദികനും തമ്മിലുള്ള അസാധാരണ പ്രണയകഥയായി മാര്‍കേസ് ആ പ്രമേയം വികസിപ്പിച്ചു. സാന്റിയാഗോ നാസര്‍ എന്ന കഥാപാത്രത്തിന് ആധാരമായ കായെറ്റാനോയുടെ പേരാണ്, ഈ നോവലില്‍ ചെറുപ്പക്കാരനായ വൈദികന് നോവലിസ്റ്റ് നല്‍കിയത്!

തന്റെ കഥാപാത്രങ്ങളുടെ പേരുകള്‍ നിശ്ചയിക്കുന്ന കാര്യത്തില്‍ ഈ കുസൃതി  മാര്‍കേസ് പലയിടത്തും ആവര്‍ത്തിച്ചിട്ടുണ്ട്. കൊളംബിയയില്‍ റിയോഹച്ചയ്ക്ക് സമീപമുള്ള തന്റെ പൂര്‍വികദേശങ്ങളില്‍ ഒരു പുസ്തക കമ്പനിയുടെ പ്രതിനിധിയായി 1950 കളുടെ അവസാനം നടത്തിയ പര്യടനം ആത്മകഥയില്‍ മാര്‍കേസ് വിവരിച്ചിട്ടുണ്ട്. അവിടെ മനോര്‍ എന്ന ചെറുപട്ടണത്തില്‍വെച്ചാണ് 'മരം പോലുള്ള' ആ ചെറുപ്പക്കാരന്‍ മാര്‍കേസിനെ പരിചയപ്പെടാനെത്തിയത്. ബെല്‍ട്ടില്‍ മിലിറ്ററി റിവോള്‍വര്‍ തൂങ്ങിയാടുന്നത് കാണാമായിരുന്നു. പട്ടണത്തിലെ ഏക ബിയര്‍ പാര്‍ലറില്‍ തണുത്ത ബിയര്‍ നുണയുകയായിരുന്നു മാര്‍കേസും സുഹൃത്തും.

വന്നപാടെ, അയാള്‍ കരംകൊടുത്തിട്ട് കൈയില്‍നിന്ന് വിടാതെ മാര്‍കേസിന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു : 'കേണല്‍ നിക്കോളാസ് മാര്‍കേസുമായി താങ്കള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ'.

'ഞാന്‍ അദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്' -മാര്‍കേസ് മറുപടി നല്‍കി.

'അപ്പോള്‍', അയാള്‍ പറഞ്ഞു, 'നിങ്ങളുടെ മുത്തച്ഛനാണ് എന്റെ മുത്തച്ഛനെ കൊന്നത്'.

ആരകാറ്റക്കയെന്ന ചെറുപട്ടണത്തിലേക്ക് മാര്‍കേസിന്റെ അമ്മയുടെ പിതാവ് കേണല്‍ നിക്കോളാസ് സംഘവും കുടിയേറുന്നത്, ദിന്ദ്വയുദ്ധത്തില്‍ ഒരാളെ വധിച്ച ശേഷമാണ്. കൊല്ലപ്പെട്ടയാളുടെ പേര് മെദാര്‍ഡോ പച്ചേക്കോ എന്നായിരുന്നു. പച്ചേക്കോയുടെ ചെറുമകന്‍ ജോസ് പ്രൂഡെന്‍ഷ്യോ അഗ്വിലാര്‍ ആയാരുന്നു മാര്‍ക്വേസിന് മുന്നിലെത്തിയ ആ ചെറുപ്പക്കാരന്‍. ഒന്ന് പരിഭ്രമിക്കാന്‍ പോലും അവസരം കൊടുക്കാതെ, ഒരു മുത്തച്ഛന്‍ മറ്റേയാളെ വധിച്ചവഴിക്ക് തങ്ങള്‍ രക്തബന്ധമുള്ളവരാണെന്ന മട്ടില്‍ പ്രുഡെന്‍ഷ്യോ മാര്‍കേസിനെ സ്വീകരിച്ചു. കള്ളക്കടത്ത് തൊഴിലാക്കിയ അയാളുടെ ട്രക്കില്‍ ബ്രാന്‍ഡി കുടിച്ച്, ആട്ടിറച്ചിയും തിന്ന് മൂന്നുദിവസം സഞ്ചരിച്ച കാര്യം ആഹ്ലാദപൂര്‍വമാണ് മാര്‍കേസ് വിവരിക്കുന്നത്. അതിനുള്ള നന്ദി സൂചനയായി പത്തുവര്‍ഷം കഴിഞ്ഞ് 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' രചിച്ച വേളയില്‍, മക്കാണ്ടോ പട്ടണത്തിന്റെ സ്ഥാപകന്‍ ജോസ് അക്കാര്‍ഡിയോ ബുവേണ്ടയ കുന്തം കഴുത്തില്‍ പ്രയോഗിച്ച് കൊല്ലുകയും, പിന്നീട് ആ മുറിവ് കഴുകിക്കൊണ്ട് ജോസ് അക്കാര്‍ഡിയോയുടെ മുന്നില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന കഥാപാത്രത്തിന് പ്രൂഡെന്‍ഷ്യോയുടെ പേര് മാര്‍കേസ് നല്‍കി!

മാര്‍കേസിന്റെ ഏറ്റവും പ്രശസ്ത കൃതി 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' ആയിരിക്കാം. ആ എഴുത്തുകാരന്റെ ഏറ്റവും മികച്ച കൃതി പക്ഷേ, അതല്ല. 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എഴുതി ഏതാണ്ട് 20 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച 'കോളറാക്കലത്തെ പ്രണയ'മാണത്. മാര്‍കേസിന് മാത്രം എഴുതാന്‍ കഴിയുന്ന നോവലെന്ന് അതിനെ വിശേഷിപ്പിച്ചാലും അതിശയോക്തിയാവില്ല. 'പ്രണയത്തിന്റെ അവസാന വാക്കെ'ന്ന് നിരൂപകര്‍ വാഴ്ത്തിയ ആ ഗ്രന്ഥം, കൗമാരം വാര്‍ധക്യം യവ്വനം എന്നിങ്ങനെ വിവിധ മനുഷ്യാവസ്ഥകളിലൂടെ പരിണമിക്കുന്ന പ്രണയത്തിന്റെ മാന്ത്രികാനുഭവമാണ് വായനക്കാരന് സമ്മാനിക്കുന്നത്. 'The Autumn of the Patriarch' പോലെ അധികാരത്തിന്റെ അവസ്ഥാന്തരങ്ങള്‍ക്ക് പകരം, പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളെക്കുറിച്ചെഴുതുന്ന പുതിയ മാര്‍കേസിനെ വായനക്കാര്‍ പുതിയ നോവലില്‍ കണ്ടു. നൊബേല്‍ പുരസ്‌കാരം ഒരു എഴുത്തുകാരന്റെ സര്‍ഗശേഷി വറ്റിയ ശേഷമാണ് നല്‍കപ്പെടാറുള്ളതെന്ന ധാരണ, 'കോളറാക്കാലത്തെ പ്രണയ'ത്തിലൂടെ തിരുത്താനും മാര്‍കേസിനായി. നൊബേല്‍ ലഭിച്ച് മുന്നുവര്‍ഷം കഴിഞ്ഞ്, 1985 ലാണ് ആ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.

 'ആരകാറ്റക്കയിലെ ദരിദ്ര ടെലഗ്രാഫ് ഓപ്പറേറ്ററുടെ 16 മക്കളിലൊരാള്‍ മാത്ര'മെന്ന് തന്നെ സ്വയം വിശേഷിപ്പിച്ചിരുന്ന മാര്‍കേസ്, തന്റെ പിതാവ് ഗബ്രിയേല്‍ എലിജിയോയുടെയും മാതാവ് ലൂയിസ് സാന്റിയാഗയുടെയും പ്രണയകഥയാണ് 'കോളറാക്കാലത്തെ പ്രണയ'ത്തിന്റെ അസംസ്‌കൃതവസ്തുവായി സ്വീകരിച്ചത്. ഡോക്ടര്‍ ജുവനല്‍ ഉര്‍ബിനോ, ഷിപ്പിങ് കമ്പനി ക്ലാര്‍ക്ക് ഫ്‌ളോറെന്റിനോ അരിസ, ഫെര്‍മിന ഡാസ എന്നിവരാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. കൗമാരത്തില്‍ തന്റെ ഹൃദയം കവര്‍ന്ന ഫെര്‍മിനയെ ഡോക്ടര്‍ ഉര്‍ബിനോ വിവാഹം കഴിച്ചെങ്കിലും, ഫെര്‍മിനയോടുള്ള പ്രണയവുമായി ജീവിതം മുഴുവന്‍ കാത്തിരിക്കുന്ന ഫ്‌ളോറെന്റിനോയാണ് കഥയിലെ നായകന്‍. ഒടുവില്‍ വാര്‍ധക്യത്തില്‍ ഡോക്ടര്‍ ഉര്‍ബിനോയുടെ മരണത്തിന് ശേഷമാണ് ആ കമിതാക്കള്‍ വീണ്ടും ഒന്നിക്കുന്നത്.

'കോളറാക്കാലത്തെ പ്രണയം' പ്രസിദ്ധീകരിക്കുന്നതിന്റെ തലേവര്‍ഷം, 1984 ലാണ് എണ്‍പത്തിനാലാ വയസ്സില്‍ മാര്‍കേസിന്റെ പിതാവ് ഗബ്രിയേല്‍ എലിജിയോ അന്തരിക്കുന്നത്. മകനെപ്പോലെ താങ്കള്‍ക്ക് ഒരു നോവലെഴുതിക്കൂടേ എന്ന്, മരിക്കുന്നതിന് കുറച്ചുനാള്‍ മുമ്പ് ഗബ്രിയേല്‍ എലിജിയോയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമായിരുന്നു. 'ഞാനൊരു നോവലിന് പദ്ധതിയിട്ടിരുന്നു. ഒരു ദിവസം മകന്‍ എന്നെ ഫോണ്‍ചെയ്ത്, പെട്ടന്ന് സന്ദേശങ്ങളെത്തിക്കാന്‍ പണ്ട് ടെലഗ്രാഫ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിച്ചിരുന്ന സൂത്രവിദ്യയ്ക്ക് പറഞ്ഞിരുന്ന പേര് എന്താണെന്ന് ചോദിച്ചു. 'പെഗ്ഗിങ്' എന്ന് ഞാനവനോട് പറഞ്ഞ നിമിഷം എനിക്കുറപ്പായി, ഞാന്‍ പദ്ധതിയിട്ട നോവല്‍ മകന്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്ന്!' പക്ഷേ, മകന്‍ ആ നോവല്‍ പുറത്തിറക്കുംമുമ്പ് ഗബ്രിയേല്‍ എലിജിയോ യാത്രയായി (ലൂയിസ് സാന്റിയാഗോയുമായി ചെറുപ്പത്തില്‍ കൊടിയ പ്രണയത്തിലായിരുന്ന സമയത്ത്, ഗബ്രിയേല്‍ എലിജിയോ ആരകാറ്റക്കയില്‍ ടെലഗ്രാഫ് ഓപ്പറേറ്ററായി പ്രവര്‍ത്തിക്കുകയാണ്. ആ പ്രണയം പൊളിക്കാന്‍ ലൂയിസിനെ വിദൂരപട്ടണങ്ങളില്‍ അവളുടെ മാതാവ് പര്യടനത്തിന് കൊണ്ടുപോയ വേളയില്‍, ഈ ടെലഗ്രാഫ് സങ്കേതമുപയോഗിച്ചാണ് ആ കാമുകന്‍ അവള്‍ക്ക് രഹസ്യസന്ദേശങ്ങള്‍ എത്തിച്ചിരുന്നത്!).

സാഹിത്യേതരമായ മറ്റൊരു സവിശേഷത കൂടി 'കോളറാക്കാലത്തെ പ്രണയ'ത്തിനുണ്ട്. 1980 കളില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വിപണിയിലെത്തിത്തുടങ്ങിയ കാലത്താണ് മാര്‍കേസ് ആ കൃതി രചിക്കുന്നത്. ആദ്യത്തെ കുറെഭാഗം പഴയതുപോലെ ടൈപ്പ്‌റൈറ്ററില്‍ തയ്യാറാക്കുകയാണുണ്ടായത്. അപ്പോഴേക്കും കമ്പ്യൂട്ടര്‍ വന്നു. അതുവരെ എഴുതിയത് മുഴുവന്‍ ഒരു കമ്പോസിറ്ററെ വെച്ച് കമ്പ്യൂട്ടറില്‍ എഴുതിച്ചേര്‍ത്തു. നോവലിന്റെ ബാക്കഭാഗം മുഴുവന്‍ കമ്പ്യൂട്ടറിലാണ് മാര്‍കേസ് എഴുതിയത്. ഒരു ചെറിയ തിരുത്തല്‍ വന്നാല്‍ പോലും എഴുതിയത് മുഴുവന്‍ ഉപേക്ഷിക്കുന്ന മാര്‍കേസിനെപ്പോലൊരു എഴുത്തുകാരന് കമ്പ്യൂട്ടര്‍ നല്‍കിയ ആശ്വാസവും ആവേശവും ചില്ലറയല്ല. മാത്രമല്ല, താന്‍ എങ്ങനെയാണ് നോവല്‍ രചിച്ചതെന്നതിന്റെ ഒരു അവശേഷിപ്പും ഉണ്ടാകാതെ നോക്കാനും കമ്പ്യൂട്ടര്‍ സഹായിക്കുമെന്നതും അദ്ദേഹത്തെ ആകര്‍ഷിച്ചു. കുറിപ്പുകള്‍ തയ്യാറാക്കാനും പിന്നീട് തീയിട്ട് നശിപ്പിക്കാനും നോട്ട്ബുക്കുകളുടെ ആവശ്യവുമില്ല! ഒരുപക്ഷേ, കമ്പ്യൂട്ടറില്‍ എഴുതപ്പെട്ട ആദ്യ പ്രമുഖ നോവലാണ് 'കോളറക്കാലത്തെ പ്രണയം'.

എഴുതിയത് തൃപ്തിയായില്ലെങ്കില്‍ അത് ഉപേക്ഷിക്കുകയായിരുന്നു മാര്‍കേസിന്റെ പതിവ്. മാര്‍കേസിന്റെ ചില പ്രശസ്തമായ കഥകള്‍, സ്വയം തൃപ്തിവരാതെ അദ്ദേഹം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവയാണ്. സുഹൃത്തുക്കള്‍ അവിടെനിന്ന് കണ്ടെടുത്ത് അവ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്തരത്തില്‍ തൃപ്തിവരാത്തതിനാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു നോവല്‍ ബാക്കിവെച്ചിട്ടാണ് മാര്‍കേസ് യാത്രയായതെന്ന സംഗതിയാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. 2014 ഏപ്രില്‍ 17 ന്, എണ്‍പത്തിഏഴാം വയസ്സില്‍ അദ്ദേഹം അന്തരിച്ചതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവന്നത്. മാത്രമല്ല, സ്‌പെയിനിലെ La Vanguardia പത്രം ആ കൈയെഴുത്തുപ്രതിയുടെ ഒരു ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഒരു കരീബിയന്‍ ദ്വീപില്‍ സ്വന്തം മാതാവിന്റെ ശവക്കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാനെത്തുന്ന അന്ന മഗ്ദലേനയെന്ന 52-കാരിയുടെ അനുഭവമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആ ഭാഗത്ത് പറയുന്നത്. ഭര്‍തൃമതിയായ ആ സ്ത്രീ കഴിഞ്ഞ 20 വര്‍ഷമായി അവിടെ ഏകയായി എത്തുന്നു. എല്ലാ ആഗസ്ത് 16 നും ഒരേ കടത്തുബോട്ടില്‍ എത്തുകയും ഒരേ ടാക്‌സിയില്‍ സഞ്ചരിക്കുകയും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയുകയും ചെയ്യുന്ന അവര്‍ക്ക്, ഇരുപതാമത്തെ വര്‍ഷം ഹോട്ടലില്‍വെച്ചുണ്ടാകുന്ന ബന്ധമാണ്, ഊഷ്മളവും പ്രണയാതുരവുമായ ഭാഷയില്‍ മാര്‍കേസ് വിവരിക്കുന്നത്. പരപുരുഷഗമനവും രതിയുമെല്ലാം വിഷയമാകുന്നതാണ് അധ്യായം. എന്നാല്‍, 'We'll See Each Other in August' (En Agosto Nos Vemos) എന്ന് താത്ക്കാലിക നാമം നല്‍കിയിട്ടുള്ള ആ ഗ്രന്ഥം പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നകാര്യം മാര്‍കേസിന്റെ കുടുംബമാണ് തീരുമാനിക്കേണ്ടത്.

ആ ഗ്രന്ഥം പ്രസിദ്ധീകരിച്ചില്ലെങ്കിലും കുഴപ്പമില്ല,. കാരണം എത്രയോ തലമുറകളിലേക്ക് പടര്‍ന്നുകയറാന്‍ പാകത്തിലുള്ള ഇന്ദ്രജാലം ഒരുക്കിവെട്ടിട്ടാണ് മാര്‍കേസ് എന്ന മാന്ത്രികന്‍ വിടവാങ്ങിയത്.

* * * * *

ചിത്രവിവരണം: The Autum of the Patriarch എന്ന നോവലിന്റെ രചനാവേളയില്‍ മാര്‍കേസ്-1970 കളില്‍ മകന്‍ റോഡ്രിഗോ പകര്‍ത്തിയത്. ചിത്രം ജെറാള്‍ഡ് മാര്‍ട്ടിന്റെ ഗ്രന്ഥത്തില്‍നിന്നുള്ളത്.

(കടപ്പാട്, അവലംബം: മാര്‍കേസിന്റെ അത്മകഥാഭാഗമായ Living To Tell the Tale (2003); ജെറാള്‍ഡ് മാര്‍ട്ടിന്‍ രചിച്ച മാര്‍കേസിന്റെ ജീവചരിത്രം Gabriel García Márquez: A Life (2008); മാര്‍കേസിന്റെ നോവലുകളായ One Hundred Years of Solitude (1970); Chronicle of a Death Foretold (1082); Of Love and Other Demons (1994) തുടങ്ങിയവയും മാര്‍കേസിനെപ്പറ്റി വായിച്ചിട്ടുള്ള ഒട്ടെറെ ലേഖനങ്ങളും ഇതെഴുതാന്‍ സഹായകമായിട്ടുണ്ട്)

by ജോസഫ് ആന്റണി 

17 comments:

Joseph Antony said...

'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് കേമം. മാര്‍കേസ് തന്നെ പറഞ്ഞിട്ടുള്ളത്, ഗ്രിഗറി റബാസ്സയുടെ വിവര്‍ത്തനം തന്റെ സ്പാനിഷ് മൂലകൃതിയെ കടത്തിവെട്ടുമെന്നാണ്'' - സുഹൃത്ത് പറഞ്ഞു.

അക്കാര്യം പറഞ്ഞ നിമിഷം, അടുത്തൊരു സീറ്റില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം വന്നു : 'അത് ശരിയല്ല, സ്പാനിഷ് തന്നെയാണ് നല്ലത്''

അമ്പരപ്പോടെ സുഹൃത്ത് ആ പ്രതികരണത്തിന്റെ ഉടമയോട് തിരക്കി : 'സാര്‍, മാര്‍കേസിനെ സ്പാനിഷില്‍ വായിച്ചിട്ടുണ്ടോ'.

ഗ്ലാസില്‍നിന്ന് ഒരു സിപ്പ് കൂടി എടുത്തിട്ട്, ക്ഷണിക്കാതെ സംഭാഷണത്തിനെത്തിയ അദ്ദേഹം അറിയിച്ചു : 'ഞാന്‍ സ്പാനിഷ് പഠിച്ചത് മാര്‍കേസിനെ വായിക്കാനാണ്'.

ponjaran said...

അടുത്ത കാലത്ത് വായിച്ച മാർകേസ് സ്മരണകളിൽ ഏറ്റവും മികച്ചത്. ഒരു പാട് നന്ദി മാഷെ, ഈ എഴുത്തിന് .

Joseph Antony said...

ponjaran, ഇവിടെയെത്തി വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി, സന്തോഷം.

KRISHNAKUMAR R said...

തികച്ചും ഹൃദയസ്പര്‍ശിയും മനോഹരവും ആയിരിക്കുന്നു ഈ വിവരണം.....താങ്കള്‍ക്കു നന്ദി.......

Joseph Antony said...

@KRISHNAKUMAR R. സന്തോഷം, സ്വാഗതം

Vaisakh Narayanan said...

എല്ലാ വസ്തുക്കൾക്കും അതിൻറേതായ ജീവനുണ്ട്. നാം അതിൻറെ ആത്മാവിനെ ഉണർത്തിയാൽ മാത്രം മതി.

സ്മരണകളും വസ്തുതകളും പങ്കുവെച്ചതിന് നന്ദി.

Saneesh said...

Valare Mannoharamaayi ezhuthiya smaranika, nandi panku vachathinu.

Joseph Antony said...

@Vaisakh Narayanan, Sneesh...Thank u

Unknown said...

good to read

Unknown said...

good to read

Unknown said...

താങ്കളുടെ ഈ അനുസ്മരണ കുറിപ്പും വ്യത്യസ്തമായിരിക്കുന്നു. നന്ദി ജോസഫ്‌ സർ ...

Unknown said...

Chetta....its a different piece..fine details make it a worth read

Unknown said...

thank you

Unknown said...

നോബൽ പ്രൈസ ഒരു കൃതിക്കല്ല കൊടുക്കുന്നത് . 1982 ല്‍ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍'ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചു എന്ന പ്രസ്താവന തെറ്റാണ് . The Nobel Prize in Literature 1982 was awarded to Gabriel García Márquez "for his novels and short stories, in which the fantastic and the realistic are combined in a richly composed world of imagination, reflecting a continent's life and conflicts". ഇതാണ് സത്യം. പലരും ഇപ്പോഴും ഇങ്ങിനെ തെറ്റായി പ്രസ്താവിക്കുന്നു , തിരുത്തുമല്ലോ

Unknown said...

അപരിചിത തീർത്ഥാടകർ മികച്ചതാണ്

Venugopal. K. C said...

ഭ്രമാത്മകകാല്പനികതയുടെ തമ്പുരാന് ഇതിലും നല്ലൊരു ചരമക്കുറിപ്പ് മലയാളത്തിൽനിന്ന് കിട്ടാനില്ല. നന്ദി മാഷേ

Anonymous said...

വായിക്കേണ്ടിയിരുന്ന (തീർച്ചയായും )ഒരു കുറിപ്പ് . ശാസ്ത്രവും സാഹിത്യവും എല്ലാം ജോസഫ് എഴുതുമ്പോൾ വായനയെ അത് enhance ചെയ്യുന്നു .നന്ദി