Saturday, June 01, 2013

തേങ്ങാക്കള്ളന്‍ !


ഉടമസ്ഥനറിയാതെ തെങ്ങില്‍ കയറുക, തേങ്ങാ പറിച്ചിടുക. കയറിയതുപോലെ താഴെയിറങ്ങി തേങ്ങാ ചകിരി പൊളിച്ച്, ചിരട്ട പൊട്ടിച്ച് ആസ്വദിച്ച് തിന്നുക. 'തേങ്ങാക്കള്ളന്‍' എന്ന് വിളിക്കാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ!

കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കക്ഷി ഒരിനം ഞണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഞണ്ടായ 'തേങ്ങാ ഞണ്ട്' അഥവാ 'കോക്കനട്ട് ക്രാബ്' ( Coconut crab ). ഇവന് വേറെയും വിളിപ്പേരുണ്ട് - 'കള്ളന്‍ ഞണ്ട്' ( Robber Crab ), 'തേങ്ങാക്കള്ളന്‍' ( Palm Theif ) എന്നിങ്ങനെ (ശാസ്ത്രീയ നാമവും കേട്ടോളൂ - Birgus latro).


അവന്‍ കൈകള്‍ വിരിച്ചുവെച്ചാല്‍ ഏതാണ്ട് ഒരു മീറ്ററിലേറെ നീളം വരും. ശരീരഭാരം നാല് കിലോഗ്രാം വരെ. കരയില്‍ കാണുന്ന ഏറ്റവും വലിയ 'ആര്‍ത്രോപോഡ്' ( arthropod ) ആണ് തേങ്ങാ ഞണ്ട്. ഈ ഞണ്ടിന് വെള്ളത്തില്‍ കഴിയാനാകില്ല (മുട്ടവിരിഞ്ഞ് ലാര്‍വ ഘട്ടത്തില്‍ കടല്‍വെള്ളത്തിലാണ് കഴിയുക എങ്കിലും).

'തെങ്ങില്‍നിന്ന് തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി ഇവന്‍ തേങ്ങയുടെ ചകിരി പൊളിക്കുന്നത് ഒരു കാഴ്ച്ചയാണ്' - തേങ്ങാ ഞണ്ടിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരിട്ട് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള പ്രശസ്ത കടലാമ വിദഗ്ധന്‍ സതീഷ് ഭാസ്‌ക്കര്‍ പറയുന്നു.


ആന്‍ഡമാനിലെ ആള്‍പ്പാര്‍പ്പില്ലാത്ത സൗത്ത് സെന്റിനല്‍ ദ്വീപ് തേങ്ങാ ഞണ്ടുകളുടെ ഒരു താവളമാണ്. അവിടെ കടലാമകളെ തേടി പോയപ്പോഴെല്ലാം സതീഷ് ഭാസ്‌ക്കര്‍ ഈ ഞണ്ടുകളെയും നിരീക്ഷിച്ചിട്ടുണ്ട്. 'തേങ്ങയുടെ തൊണ്ടിലെ ചകിരിനാരുകള്‍ ഒന്നൊന്നായി തന്റെ ബലിഷ്ഠമായ നറുക്കകാല്‍കൊണ്ട് പറിച്ചെടുക്കും, ഒടുവില്‍ ചിരട്ടയും അറുത്തു മുറിച്ച് തേങ്ങാ തിന്നും'-അദ്ദേഹം വിവരിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും ശാന്തസമുദ്രത്തിലെയും ദ്വീപുകളാണ് ഈ ഭീമന്‍ ഞണ്ടുകളുടെ വാസഗേഹം (ഇതോടൊപ്പമുള്ള മാപ്പ് കാണുക). ഒരിടത്ത് അവ കാണപ്പെടാനുള്ള പ്രധാന ഉപാധി, അവിടെ തെങ്ങുണ്ടാകണം എന്നതാണ്.

തന്റെ വിഖ്യാതമായ ബീഗിള്‍ യാത്രയ്ക്കിടെ സാക്ഷാല്‍ ചാള്‍സ് ഡാര്‍വിനെയും ഈ ഞണ്ടുകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഭാഗമായ കീലിങ് ദ്വീപില്‍ വെച്ച് ഈ ഞണ്ടുകളെ കണാനിടവന്നപ്പോള്‍ അവയെ 'ഭീകരസത്വങ്ങളെ'ന്നാണ് ഡാര്‍വിന്‍ വിശേഷിപ്പിച്ചത്.

തേങ്ങായിട്ട് തിന്നുമെങ്കിലും, തേങ്ങ മാത്രമല്ല ഈ ഞണ്ടുകളുടെ ഭക്ഷണം. കായ്കളും കനികളും ഉണങ്ങി വീഴുന്ന മരത്തിന്റെ ദ്രവിച്ച ഭാഗങ്ങളും ചത്ത ജീവികളുമൊക്കെ ഇവ ഭക്ഷണമാക്കും. കാഴ്ച്ച അത്ര മികച്ചതല്ലെങ്കിലും, തേങ്ങാ ഞണ്ടുകള്‍ക്ക് മണംപിടിക്കാനുള്ള കഴിവ് അസാധാരണമാണ്. ഭക്ഷണം കണ്ടെത്തുന്നത് മണംപിടിച്ചാണ്.


'അതിന്റെ ഇറുക്കുകാലിന്റെ ശക്തി അപാരമാണ്. ഒരിക്കല്‍ അതൊന്ന് പരീക്ഷിച്ചറിയാനുള്ള അവസരം എനിക്കുണ്ടായി'-സതീഷ് ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു.

തെക്കന്‍ നിക്കോബാര്‍ ദ്വീപുകളിലൊന്നില്‍ നിന്ന് ഒരു തേങ്ങാ ഞണ്ടിനെ പിടികൂടി, 'സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ'യുടെ പോര്‍ട്ട് ബ്ലെയറിലെ ഓഫീസിലെത്തിക്കാന്‍ സതീഷ് ഭാസ്‌ക്കര്‍ തീരുമാനിച്ചു. കപ്പലില്‍ അതിനെയുംകൊണ്ട് കയറിയപ്പോള്‍, അതിന്റെ ഇറുക്കുകാലിന്റെ ശക്തി നോക്കണമെന്നായി സഹയാത്രികര്‍. 'ഒരു അലുമിനിയം കമ്പി വെച്ചുകൊടുത്തപ്പോള്‍, ഇറുക്കുകാല്‍ കൊണ്ട് ഒറ്റ പിടിത്തമേ വേണ്ടിവന്നുള്ളൂ, കമ്പി നിഷ്പ്രയാസം മുറിഞ്ഞു.'

തേങ്ങാ ഞണ്ടിന് അതിന്റെ പെരുങ്കാല്‍കൊണ്ട് 28 കിലോഗ്രാം ഭാരം വരെ പൊക്കിയെടുക്കാന്‍ കഴിയുമെന്ന് വരുമ്പോള്‍, അതിന്റെ ശക്തി എത്രയെന്ന് ആലോചിച്ചു നോക്കുക.


സംഭവം ഗംഭീരമാണെങ്കിലും ഈ ജീവിവര്‍ഗത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. ഇത്രയും വലിപ്പമുള്ളതിനാല്‍, സ്വാദിഷ്ടമായ ഞണ്ടിറച്ചി ആഗ്രഹിക്കുന്നവര്‍ക്ക് തേങ്ങാ ഞണ്ടൊരു വിരുന്നാണ്. ഞണ്ടിറച്ചിക്കായി ഇവയെ കൊന്നൊടുക്കിയതിന് കണക്കില്ല.

ഒരു ജീവിയെ കണക്കില്ലാതെ കൊന്നൊടുക്കിയാല്‍ എന്തുസംഭവിക്കുമോ, അത് തേങ്ങാ ഞണ്ടിന്റെ കാര്യത്തിലുമുണ്ടായി. വംശനാശം നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്നിന്റെ ചുവപ്പ് പട്ടികയിലാണ് തേങ്ങാ ഞണ്ടിന്റെ ഇപ്പോഴത്തെ സ്ഥാനം. കൃത്യമായി എത്രയെണ്ണം ഭൂമുഖത്ത് അവശേഷിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും ഐ.യു.സി.എന്‍.പറയുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട് :  Environmental Graffiti Site. തേങ്ങാ ഞണ്ടുകളെപ്പറ്റി കൂടുതല്‍ അറിയാനും വീഡിയോകള്‍ കാണാനും :  ARKive Site )

2 comments:

Joseph Antony said...

കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കക്ഷി ഒരിനം ഞണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഞണ്ടായ 'തേങ്ങാ ഞണ്ട്' അഥവാ 'കോക്കനട്ട് ക്രാബ്' ( Coconut crab ). ഇവന് വേറെയും വിളിപ്പേരുണ്ട് - 'കള്ളന്‍ ഞണ്ട്' ( Robber Crab ), 'തേങ്ങാക്കള്ളന്‍' ( Palm Theif ) എന്നിങ്ങനെ...

ajith said...

ആദ്യമായിട്ടാണിത്രയും വലിയ ഞണ്ടിനെപ്പറ്റി അറിയുന്നത്.
താങ്ക്സ് ഫോര്‍ ഷെയറിംഗ്