Thursday, May 30, 2013

പ്രാക്ചരിത്ര ഭൂപടത്തില്‍ ഇന്ത്യ എത്തിയിട്ട് 150 വര്‍ഷം


മുകളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം നോക്കുക. ഒറ്റനോട്ടത്തില്‍ അത് വെറുമൊരു കല്‍ക്കഷണമെന്ന് തോന്നാം. സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ പ്രത്യേക ആകൃതി ശ്രദ്ധയില്‍ പെടും. ഒരു പുരാവസ്തു ശാസ്ത്രജ്ഞനാണ് ഈ കല്‍ക്കഷണം കാണുന്നതെങ്കില്‍, ഇതൊരു ശിലായുധമാണെന്നും പ്രാചീന മനുഷ്യന്‍ ഉപയോഗിച്ചിരുന്ന കല്‍മഴു ആണതെന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും.

ഈ ശിലായുധത്തിന്റെ പ്രത്യേകത ഇത്രയുംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയെ പ്രക്ചരിത്ര ഭൂപടത്തില്‍ എത്തിച്ച ശിലായുധമാണിത്. ചെന്നൈയ്ക്ക് സമീപം പല്ലാവരത്തുനിന്ന് ഈ കല്‍ക്കഷണം കണ്ടെത്തിയതോടെയാണ് ഇന്ത്യയില്‍ ചരിത്രാതീതകാലത്തും മനുഷ്യവാസമുണ്ടായിരുന്നു എന്ന ആദ്യ സൂചന ലഭിച്ചത്.

ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ആ കണ്ടെത്തല്‍ നടത്തിയിട്ട് 150 വര്‍ഷം തികയുന്നു. 1863 മെയ് 30 നായിരുന്നു ഇന്ത്യന്‍ പ്രാക്ചരിത്രത്തില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍ (ലിഖിതചരിത്രം തുടങ്ങും മുമ്പുള്ള കാലമാണ് പ്രാക്ചരിത്രം അഥവാ prehistory).

പല്ലവാരത്തുനിന്ന് ആ കല്‍മഴു കണ്ടെത്തിയതിനെക്കുറിച്ച് അന്ന് 29 വയസ്സ് പ്രായമുള്ള റോബര്‍ട്ട് ഫൂട്ട് ഇങ്ങനെ രേഖപ്പെടുത്തി : 

'The first implement discovered was found by me on the 30 May last year [1863] among the debris thrown out of a small gravel pit a few hundred yards north of the Cantonment at Palaveram (10 miles S.W. of Madras) and about the same distance west from the high road.' (The Hindu, 27 May 2013 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്).

വെള്ളാരംപാറ ( quartzite ) ഗണത്തില്‍പെട്ട ശില കൊണ്ടുള്ള ആയുധമായിരുന്നു അത്;  ഏതാണ്ട് 15 ലക്ഷം വര്‍ഷം പഴക്കമുള്ളത്.

നരവംശം ആദ്യമായി ആയുധങ്ങള്‍ ഉണ്ടാക്കി തുടങ്ങിയ പാലിയോലിറ്റിക് യുഗ ( Paleolithic Age ) ത്തിന്റെ സ്മാരകമാണ് ഫൂട്ട് ഒന്നര നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ ആ കല്‍മഴു. ഇന്ത്യയ്ക്ക് ഒരു പ്രാക്ചരിത്രം ( prehistoy ) ഇല്ലെന്ന് അന്നുവരെ നിലനിന്ന നിഗമനത്തിന്, ആ ഒറ്റ കണ്ടെത്തലോടെ അന്ത്യമായി.

പ്രാചീന മനുഷ്യന്‍ കിഴങ്ങുകളും വേരുകളും മണ്ണില്‍നിന്ന് തോണ്ടിയെടുക്കാനും, വേട്ടയാടിപ്പിടിച്ച മൃഗത്തെ കീറിമുറിച്ച് മാംസമെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ആ കല്‍മഴു.

'ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ' ( GSI )യിലെ ഗവേഷകനായിരുന്ന ഫൂട്ട്, തന്റെ സഹപ്രവര്‍ത്തകന്‍ വില്ല്യം കിങുമൊത്ത് മറ്റൊരു സുപ്രധാന കണ്ടെത്തല്‍ കൂടി  1863 ല്‍ തന്നെ നടത്തി. തമഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആറ്റിറംപക്കത്ത് നിന്ന് അസംഖ്യം ശിലായുധങ്ങള്‍ (കല്‍മഴു ഉള്‍പ്പടെ) കണ്ടെത്തിയതായിരുന്നു അത്.

ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ആറ്റിറംപക്കത്ത് നിന്ന് 1663 സപ്തംബര്‍ 28 നാണ് ആ കണ്ടുപിടിത്തം ഫൂട്ടും സുഹൃത്തും നടത്തിയത്. അതോടെ, ഇന്ത്യയ്ക്കും പ്രാക്ചരിത്ര ഭൂപടത്തില്‍ സ്ഥാനമുണ്ടെന്ന് അസന്നിഗ്ധമായി തെളിഞ്ഞു.

പുരാവസ്തുക്കളുടെ നൂതന കാലനിര്‍ണയ സങ്കേതങ്ങളുപയോഗിച്ച് സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ആറ്റിറംപക്കത്ത് നിന്ന് ലഭിച്ച ശിലായുധങ്ങള്‍ക്ക് 15 ലക്ഷത്തിലേറെ പഴക്കമുണ്ട് എന്നാണ്. പാലിയോലിറ്റിക് യുഗത്തിന്റെ അവശിഷ്ടങ്ങളാണ് അവ എന്ന് വ്യക്തം.

നരവംശത്തിന്റെ ചരിത്രത്തിലെ സുദീര്‍ഘമായ ഒരു കാലയളവാണ് പാലിയോലിറ്റിക് യുഗം. ഏതാണ്ട് 26 ലക്ഷം വര്‍ഷം മുമ്പ് ഏറ്റവും പ്രാകൃതമായ ആയുധങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയ ഘട്ടത്തില്‍ ആ യുഗം ആരംഭിക്കുന്നു. പതിനായിരം വര്‍ഷംമുമ്പ് മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയ സമയം വരെ അത് നീളുന്നു.

പാലിയോലിറ്റിക് യുഗത്തിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശത്ത് മാത്രമാണ് നരവംശം ഉണ്ടായിരുന്നത്.  ഏതാണ്ട് 15-20 ലക്ഷം വര്‍ഷം മുമ്പ് പ്രാചീന നരവംശത്തിലെ അംഗങ്ങള്‍ ( hominids ) കുറെയെണ്ണം ചെറുസംഘങ്ങളായി ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറി. തെക്കന്‍ യൂറോപ്പിലും ഏഷ്യന്‍ മേഖലയിലും അവര്‍ പാര്‍പ്പുറപ്പിച്ചു. അതില്‍ ചില സംഘങ്ങള്‍ ഇന്ത്യയിലുമെത്തിയെന്നാണ് ഫൂട്ടിന്റെ കണ്ടെത്തല്‍ അടിവരയിട്ടുറപ്പിച്ചത്.

ഒട്ടേറെ വിഷയങ്ങളില്‍ താത്പര്യമുള്ള ഒരു ഗവേഷകനായിരുന്നു റോബര്‍ട്ട് ഫൂട്ട്. ഭൗമശാസ്ത്രം, പുരാവസ്തുശാസ്ത്രം, പ്രാചീന ജീവശാസ്ത്രം ( palaeontology ), വംശീയശാസ്ത്രം, മ്യൂസിയം സ്ഥാപിക്കല്‍ എന്നിവയിലൊക്കെ അദ്ദേഹം അതീവ തത്പരനായിരുന്നു.

ശിലായുധങ്ങളും മറ്റും കണ്ടെത്തുക മാത്രമല്ല, വിശദീകരണങ്ങള്‍ ചേര്‍ത്ത് അവയെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച് സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഭാവിതലമുറകള്‍ക്ക് അവ ഉപയോഗപ്പെടണം എന്ന കരുതല്‍ അദ്ദേഹം എപ്പോഴുമെടുത്തു.


പല്ലാവരം, ആറ്റിറംപക്കം, സേലം, ബറോഡ, ഹൈദരാബാദ് തുടങ്ങിയ മേഖലകളില്‍നിന്ന് ഫൂട്ട് കണ്ടെത്തിയ ശിലായുഗ ഉപകരണങ്ങളുടെ ശേഖരം ഇപ്പോള്‍ എഗ്‌മോറിലുള്ള ഗവണ്‍മെന്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. 40,000 രൂപ നല്‍കി 1904 ല്‍ മദ്രാസ്സ് സര്‍ക്കാര്‍ ആ ശേഖരം സ്വന്തമാക്കുകയായിരുന്നു.

1834 സപ്തംബര്‍ 22 ന് ഇംഗ്ലണ്ടില്‍ ജനിച്ച റോബര്‍ട്ട് ഫൂട്ട് 33 വര്‍ഷം ഇന്ത്യയില്‍ പുരാവസ്തു പഠനം നടത്തി. 'ഇന്ത്യന്‍ പ്രാക്ചരിത്രത്തിന്റെ പിതാവ്' ( Father of Indian Prehistory ) എന്ന് പലരും വിശേഷിപ്പിക്കാറുള്ള അദ്ദേഹം, 78 -ാം വയസില്‍ (1912 ഡിസബര്‍ 22 ന്) കൊല്‍ക്കത്തയില്‍ അന്തരിച്ചു.

ഫൂട്ടിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ യെര്‍ക്കാട്ട് ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സെമിത്തേരിയിലാണ് സംസ്‌ക്കരിച്ചത്. അദ്ദേഹത്തിന്റെ ശവക്കല്ലറയും സ്മാരകഫലകവും ഇപ്പോഴും അവിടെയുണ്ട്. (വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : The Hindu, May 27, 2013)

1 comment:

Joseph Antony said...

ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ആ കല്‍മഴു കണ്ടെത്തിയിട്ട് 150 വര്‍ഷം തികയുന്നു. 1863 മെയ് 30 നായിരുന്നു ഇന്ത്യന്‍ പ്രാക്ചരിത്രത്തില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍.